Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹൂതികളുടെ...

ഹൂതികളുടെ നിയന്ത്രണത്തിലുള്ള സൻആ വിമാനത്താവളത്തിൽ വ്യോമാക്രമണം; ഇറാൻ വിമാനം ഇറങ്ങുന്നത് തടയാൻ റൺവേ തകർത്തു

text_fields
bookmark_border
ഹൂതികളുടെ നിയന്ത്രണത്തിലുള്ള സൻആ വിമാനത്താവളത്തിൽ വ്യോമാക്രമണം; ഇറാൻ വിമാനം ഇറങ്ങുന്നത് തടയാൻ റൺവേ തകർത്തു
cancel

സൻആ: മേഖലയിൽ സംഘർഷ ഭീതി കനക്കുന്നതിനിടെ, ഹൂതികളുടെ നിയന്ത്രണത്തിലുള്ള സൻആ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ യമൻ സർക്കാർ സേന വ്യോമാക്രമണം നടത്തി. ഇറാനിൽനിന്നുള്ള വിമാനം ഇറങ്ങുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് യമൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യമന്റെ ദേശീയ വിമാനക്കമ്പനിയുടെ വിമാനം ഇറങ്ങുന്നതിൽനിന്ന് ഹൂതികൾ തടഞ്ഞതായും, എന്നാൽ യമന്റെ പരമാധികാരം ലംഘിച്ച് ഇറാനിയൻ വിമാനത്തെ ലാൻഡ് ചെയ്യാൻ അനുവദിച്ചതായും ഔദ്യോഗിക വാർത്താ ഏജൻസിയായ സബ വഴി പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി. ഇതിന്റെ തുടർച്ചയായാണ് വിമാനത്താവളത്തിലെ റൺവേ ലക്ഷ്യമാക്കി ആക്രമണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.

ആക്രമണത്തിന് തൊട്ടുമുമ്പ് തന്നെ, വിമാനത്താവളത്തിൽനിന്നും പരിസരപ്രദേശങ്ങളിൽനിന്നും സാധാരണക്കാർ മാറിനിൽക്കണമെന്ന് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. യമൻ വ്യോമാതിർത്തി ലംഘിക്കുന്ന ഏത് നീക്കത്തിനും ശക്തമായ മറുപടി നൽകുമെന്ന് സായുധ സേന മുന്നറിയിപ്പ് നൽകിയിരുന്നു. രാഷ്ട്രീയവും നയതന്ത്രപരവുമായ എല്ലാ മാർഗങ്ങളും പരാജയപ്പെട്ടതിനെത്തുടർന്നാണ് സൈനിക നടപടിയിലേക്ക് നീങ്ങിയതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

തെഹ്‌റാനിൽനിന്ന് സൻആയിലേക്ക് തിരിച്ച ഇറാൻ വിമാനക്കമ്പനിയായ ‘മഹാൻ എയറിന്റെ’ എയർബസ് എ340 വിമാനം സഞ്ചരിക്കുന്നതായി ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങളിൽ വ്യക്തമായിരുന്നു. യമൻ സർക്കാർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഈ നീക്കം വലിയ ശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു.

ഹൂതികളുടെ ഭാഗത്തുനിന്നാണ് സംഘർഷങ്ങൾ ഉണ്ടായതെന്ന് പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ റഷാദ് അൽ അലിമി കുറ്റപ്പെടുത്തി. യമന്റെ ദേശീയ വിമാനക്കമ്പനി വഴി വിമാന സർവിസുകൾ ക്രമീകരിക്കാനുള്ള സർക്കാർ നിർദ്ദേശങ്ങളെയും രാജ്യത്തിന്റെ പരമാധികാരത്തെയും ഹൂതികൾ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലകളെ ലക്ഷ്യമിട്ട് യമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മേഖലയിലെ ജനങ്ങളുടെ സുരക്ഷ പൂർണമായും ഉറപ്പാക്കി, മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പുതന്നെ വ്യോമപ്രതിരോധ സംവിധാനം ഇവയെ ആകാശത്തുവെച്ച് തകർക്കുകയായിരുന്നു. ഹൂതികളുടെ ആക്രമണ നീക്കത്തെ വ്യോമപ്രതിരോധ സേന ശക്തമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി. രാജ്യത്തിന്റെ അതിർത്തി സുരക്ഷയും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ സൗദി അറേബ്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സദാ സജ്ജമാണെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

മിസൈലാക്രമണ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി അബഹ, നജ്‌റാൻ, ജീസാൻ എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iranyemen govtsana airportHouthis
News Summary - Yemen Government Forces Bomb Sanaa Airport Runway To Block Iranian Plane
Next Story