ഇറാൻ വിമാന വിലക്കിൽ ഇളവ് വരുത്താനൊരുങ്ങി യു.എസ്; ഇറാഖിലെ തീർത്ഥാടക സർവീസുകൾക്ക് താൽക്കാലിക ആശ്വാസം
text_fieldsബാഗ്ദാദ്: ഇറാനും ഇറാഖിലെ നജഫ് നഗരത്തിനുമിടയിൽ സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് ഉപരോധത്തിൽ നിന്ന് താൽക്കാലിക ഇളവ് അനുവദിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭരണകൂടം തയാറെടുക്കുന്നതായി റിപ്പോർട്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഇറാനുമേൽ യു.എസ് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിന്റെ ഭാഗമായി ഇറാഖ് കഴിഞ്ഞ വെള്ളിയാഴ്ച ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചിരുന്നു.
ഇറാഖ് സർക്കാരിന്റെ മേലുള്ള സമ്മർദം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് യു.എസ് ട്രഷറി വകുപ്പ് ഈ ഒരുമാസത്തെ പ്രത്യേക ഇളവ് അനുവദിക്കുന്നത്. ഇറാനുമായി ശക്തമായ ബന്ധം പുലർത്തുന്നതിനൊപ്പം വാഷിങ്ടണുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ഇറാഖ് പ്രധാനമന്ത്രി അലി അൽ സൈദിയുടെ സർക്കാരിന് ഈ തീരുമാനം വലിയ ആശ്വാസമാകും. നജഫിലെ ഇമാം അലി പുണ്യകേന്ദ്രത്തിലേക്ക് വർഷം തോറും ലക്ഷക്കണക്കിന് തീർഥാടകരാണ് ഇറാനിൽ നിന്ന് എത്തിച്ചേരുന്നത്. വിമാന സർവീസുകൾ പൂർണമായി നിർത്തിവക്കുന്നത് ഇറാഖ് സർക്കാരിനെതിരെ ജനരോഷത്തിന് കാരണമായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
യു.എസിന്റെ ഉപരോധ നടപടികളെ തുടർന്ന് തുർക്കിയ, യു.എ.ഇ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾ ഇറാനിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ അടുത്തിടെ റദാക്കിയിരുന്നു. എന്നാൽ നജഫിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാഖ് സർക്കാർ അമേരിക്കയുമായി ചർച്ചകൾ നടത്തിവരികയാണെന്നും, അടുത്ത 48 മണിക്കൂറിനുള്ളിൽ സർവീസുകൾ സാധാരണ നിലയിലാകുമെന്നും ഇറാഖി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിമാനങ്ങളിൽ ആയുധങ്ങളോ ഉപരോധിക്കപ്പെട്ട വ്യക്തികളോ അനധികൃത പണമോ കടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന പരിശോധനകളും വിവരങ്ങൾ കൈമാറുന്നതുൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാമെന്ന് ഇറാഖ് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.
ഇറാനിയൻ എയർലൈനുകളെ ആഗോളതലത്തിൽ പൂർണമായി ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റാണ് നിർണായക ഉപരോധ പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബർ 23-ഓടെ എല്ലാ ഇറാനിയൻ എയർലൈനുകളുടെയും പ്രവർത്തനം ആഗോളതലത്തിൽ നിലക്കുമെന്നും, ഇറാനിയൻ വിമാനങ്ങൾക്ക് ലാൻഡിങ് സൗകര്യമോ ഇന്ധനമോ നൽകുന്ന വിമാനത്താവളങ്ങൾക്കും ദാതാക്കൾക്കും എതിരെ ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ആയുധങ്ങളും ഉദ്യോഗസ്ഥരെയും രഹസ്യമായി കടത്താൻ ഐ.ആർ.ജി.സി ഈ പ്രൈവറ്റ് എയർലൈനുകളെ ഉപയോഗിക്കുന്നുവെന്നാരോപിച്ചാണ് യു.എസ് ഈ കടുത്ത നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

