അമേരിക്കയുടെ വെടിതീർന്നു; തൽക്കാല യുദ്ധവിരാമത്തിന് പിന്നിൽ ആയുധക്ഷാമമെന്ന് റിപ്പോർട്ട്
text_fieldsവാഷിങ്ടൺ/തെഹ്‌റാൻ: ഇറാനെതിരായ സൈനിക നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കം തൽക്കാലത്തേക്ക് നിർത്തിവെച്ചത് ആയുധ ശേഖരത്തിലെ കുറവുകൊണ്ടാണെന്ന് റിപ്പോർട്ടുകൾ. യു.എസ് വ്യോമപ്രതിരോധ സംവിധാനങ്ങളിലെ മിസൈൽ ശേഖരം വളരെ കുറച്ച് മാത്രമാണ് യു.എസിന്റെ പക്കലിലുള്ളതെന്നാണ് വിദേശ മാധ്യമങ്ങൾ പറയുന്നത്. ഇറാനുമായുള്ള സംഘർഷത്തിൽ പെന്റഗൺ ഇതുവരെ 1,200-ലധികം പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിച്ചു കഴിഞ്ഞു.
ഇത് യു.എസിന്റെ മിസൈൽ ശേഖരത്തിൽ വലിയ കുറവുണ്ടാക്കിയിട്ടുണ്ട്. ജോർഡൻ, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ എന്നിവിടങ്ങളിലെ യു.എസ് സൈനികരെയും താവളങ്ങളെയും സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമായ പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളും മറ്റ് വെടിമരുന്നുകളും അതിവേഗം തീർന്നു കൊണ്ടിരിക്കുകയാണെന്ന് യു.എസ് സൈനിക ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
അമേരിക്ക ആക്രമണം കടുപ്പിച്ചാൽ ഗൾഫ് രാജ്യങ്ങളിലെ പങ്കാളികൾക്ക് നേരെ ഇറാൻ വ്യാപക തിരിച്ചടി നൽകാൻ സാധ്യതയുണ്ടെന്നും ട്രംപ് ഭരണകൂടം ഭയപ്പെടുന്നു. ഇത്തരമൊരു ഘട്ടം ഉണ്ടായാൽ അത് ഹർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെ കൂടുതൽ തടസ്സപ്പെടുത്തുകയും ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യും.
അതേസമയം, പൂർണ തോതിലുള്ള യുദ്ധം ഒഴിവാക്കാൻ നയതന്ത്ര ശ്രമങ്ങൾക്ക് മുൻഗണന നൽകുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഈ ചൊവ്വാഴ്ചയോടെ സംഘർഷം അഞ്ച് മാസം പൂർത്തിയാകാനിരിക്കെ, നിലവിലെ വെടിനിർത്തൽ പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവാകുമോ എന്ന് കണ്ടറിയണം.
ഇറാൻ സൈന്യം നിർദേശിച്ച പാത തെറ്റിച്ച് സഞ്ചരിച്ചു എന്ന് ആരോപിച്ച് ഹുർമൂസ് കടലിടുക്കിലൂടെ നീങ്ങിയ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് കഴിഞ്ഞ രണ്ടാഴ്ചയായി ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക രാത്രികാല ആക്രമണങ്ങൾ ശക്തമാക്കിയത്. തുടർന്ന് ബഹ്റൈൻ, കുവൈത്ത്, ജോർഡൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ ശക്തമായ തിരിച്ചടി നൽകി.
നേരത്തെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന ട്രംപ്, നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി. വരാനിരിക്കുന്ന നവംബറിലെ മിഡ്‌ടേം തിരഞ്ഞെടുപ്പിൽ സംഘർഷം മൂലമുണ്ടാകുന്ന ഇന്ധനവില വർധനവ് റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്കകൾക്കിടയിലാണ് ട്രംപ് ഭരണകൂടം വ്യാപകമായ പോരാട്ട പദ്ധതികൾ മാറ്റിവെച്ച് നയതന്ത്രത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അതേസമയം, തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിൽ മൈനിൽ തട്ടി എണ്ണക്കപ്പൽ തകർന്നതായി ഇറാൻ വാർത്ത ഏജൻസിയായ ‘തസ്നീം’ റിപ്പോർട്ട് ചെയ്തു . തെഹ്റാൻ അംഗീകരിച്ച പാതയിൽ നിന്ന് മാറി സഞ്ചരിച്ചതിനെ തുടർന്ന് കപ്പൽ മൈനിൽ തട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംഭവത്തിൽ ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹുർമുസ് കടലിടുക്കിലെ സമുദ്ര ഗതാഗതം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ ചർച്ചകൾക്കും തുടക്കം കുറിച്ചിട്ടണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ പലഘട്ടങ്ങളിലായി നടന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായിൽ ബഖാഈ അറിയിച്ചു. ഇരുരാജ്യങ്ങളുടെയും പരമാധികാരത്തെ മാനിച്ചുകൊണ്ട് കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനും ഭാവി ഭരണസംവിധാനങ്ങൾക്കുമായി നിർദ്ദേശങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ഇറാനും ഒമാനും തമ്മിൽ മാത്രമുള്ള ഒരു സംവിധാനമാണ് ഉണ്ടാകുന്നതെങ്കിൽ, മേഖലയിലെ മറ്റ് തീരദേശ രാജ്യങ്ങളും അമേരിക്കയും ഇത് പൂർണ്മയും നിരസിക്കും.
ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം ആർക്ക് എന്ന കാര്യത്തിലും അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. കപ്പൽ ഗതാഗതം കൈകാര്യം ചെയ്യുന്നതിനേക്കാൾ, ഹുർമുസിന്റെ നിയന്ത്രണം ആരുടെ കൈകളിലായിരിക്കും എന്നതാണ് പ്രധാന തർക്കവിഷയം. ഹുർമുസ് കടലിടുക്കിന്മേൽ തങ്ങൾക്ക് പരമാധികാരമുണ്ടെന്ന് ഇറാൻ അവകാശപ്പെടുമ്പോൾ, ഇറാന്റെ നിയന്ത്രണത്തിന് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് അമേരിക്കയും മേഖലയിലെ മറ്റ് രാജ്യങ്ങളും.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് അയവു വന്നെങ്കിലും പശ്ചിമേഷ്യയിൽ പൂർണമായി സമാധാനം വന്നിട്ടില്ല. സൗദി അറേബ്യക്ക് നേരെ ഹൂതികളുടെ ആക്രമണം തുടരുന്നതായി റിപ്പോർട്ടുണ്ട്. ചെങ്കടലിലെ ഗതാഗതവും താറുമാറായിരിക്കുകയാണ്. ഇത് സമാധാനത്തിലേക്ക് തിരികെവരാൻ അമേരിക്കക്കുമേൽ സമ്മർദ്ദം ഏൽപ്പിക്കുന്നുണ്ട്. ഇറാനെതിരെ വൻ യുദ്ധത്തിനുള്ള ഒരുക്കത്തിലാണ് അമേരിക്കൻ സേനയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

