‘പേര് അറിയില്ലെങ്കിൽ ‘മുഹമ്മദ്’ എന്ന് വിളിക്കൂ’; മിഡിലീസ്റ്റിനെ കുറിച്ച ട്രംപിന്റെ തമാശക്ക് കയ്യടിക്കാതെ സദസ്സ്
text_fieldsഡോണാൾഡ് ട്രംപ്
വാഷിങ്ടൺ: മിഡിൽ ഈസ്റ്റിൽ നിന്നുള്ള ആളുകളുടെ പേരുകളെയും ഇറാന്റെ പ്രസിഡന്റ് പദവിയെയും പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജോർജിയയിലെ ഡാൽട്ടണിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച മിഡ്ടേം തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു ട്രംപിന്റെ വിവാദ പരാമർശങ്ങൾ.
മുസ്ലിം ലോകത്ത് ഏറ്റവും പ്രചാരമുള്ള 'മുഹമ്മദ്' എന്ന പേരിനെ പരാമർശിച്ച് ട്രംപ് നടത്തിയ തമാശയോട് പക്ഷേ റാലിയിലുണ്ടായിരുന്ന ജനക്കൂട്ടം തണുപ്പൻ പ്രതികരണമാണ് നൽകിയത്. ഡാൽട്ടൺ മുൻസിപ്പൽ എയർപോർട്ടിലെ ഹാംഗറിൽ നടന്ന റാലിയിൽ വെച്ചാണ് ട്രംപ് ഇറാന് നേരെ വിമർശനം ഉന്നയിച്ചത്. ‘മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഒരാളുടെ പേര് നിങ്ങൾക്ക് സംശയമാണെങ്കിൽ 'മുഹമ്മദ്' എന്ന് വിളിച്ചാൽ മതി. 65 ശതമാനം അത് ശരിയാകാൻ സാധ്യതയുണ്ട്. ‘ഹലോ, മുഹമ്മദ് എന്ന് ഞാൻ വർഷങ്ങളായി പ്രയോഗിക്കാറുണ്ട്, ഇതുവരെ തെറ്റിയിട്ടില്ല’ എന്ന് റാലിയിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു.
തുടർന്ന് ഇറാന്റെ രാഷ്ട്രീയ സാഹചര്യത്തെ പരിഹസിച്ച ട്രംപ്, പ്രസിഡന്റാകാൻ ആരും ആഗ്രഹിക്കാത്ത ഏക രാജ്യം ഇറാനാണ് എന്ന് അവകാശപ്പെടുകയും മുഹമ്മദ് എന്ന് പേരുള്ള പലരോടും അവർക്ക് ആ പദവി വേണമെന്നുണ്ടോ എന്ന് ചോദിക്കുന്നത് പോലെ അഭിനയിച്ച് കാണിക്കുകയും ചെയ്തു.
മുസ്ലിം പ്രവാചകനായ മുഹമ്മദ് നബിയുടെ പേരിൽ നിന്നാണ് ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾ തങ്ങളുടെ ആൺമക്കൾക്ക് 'മുഹമ്മദ്' എന്ന് പേരിടാറുള്ളത്. ഇതിനെ ഒരു പരിഹാസപാത്രമാക്കിയ ട്രംപിന്റെ നടപടിയെ മനുഷ്യാവകാശ പ്രവർത്തകരും മുസ്ലീം അവകാശ സംഘടനകളും കടുത്ത ഭാഷയിൽ വിമർശിച്ചു. മുസ്ലിങ്ങളേയും കുടിയേറ്റക്കാരെയും ന്യൂനപക്ഷങ്ങളെയും അധിക്ഷേപിക്കുന്നതും പരിഹസിക്കുന്നതുമായ പ്രസ്താവനകൾ ട്രംപ് നിരന്തരം നടത്തുന്നുണ്ടെന്ന് അവർ ആരോപിച്ചു.
മിഡ്ടേം തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുസ്ലിം-സൊമാലി വംശജരായ അമേരിക്കക്കാർക്കെതിരെ ട്രംപ് വാക്പോരുകൾ ശക്തമാക്കിയിട്ടുണ്ട്. ഡെമോക്രാറ്റിക് യു.എസ് സെനറ്റ് സ്ഥാനാർഥി അബ്ദുൾ എൽ-സയീദ്, സൊമാലിയൻ അഭയാർത്ഥിയായി യു.എസിലെത്തിയ മിനസോട്ട പ്രതിനിധി ഇൽഹാൻ ഉമർ തുടങ്ങിയ നേതാക്കളെ ട്രംപ് നേരത്തെയും ലക്ഷ്യമിട്ടിരുന്നു. പ്രസംഗത്തിനിടെ ഇറാൻ ഒരിക്കലും ആണവായുധം നിർമിക്കില്ലെന്ന തന്റെ മുൻ നിലപാട് ട്രംപ് ആവർത്തിച്ചു.
ഇറാന്റെ ആണവ ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇസ്രായേലും തെഹ്റാനെതിരെ സൈനിക നടപടികൾ ആരംഭിച്ചിട്ട് ഏഴ് മാസത്തോളമാകുന്നു. അതേസമയം, കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് ഈ വർഷം ആദ്യം പുറത്തുവിട്ട വാർഷിക റിപ്പോർട്ട് പ്രകാരം, ട്രംപിന്റെ രണ്ടാം ഭരണകാലത്ത് കുടിയേറ്റക്കാർക്കും ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുമെതിരെ കൈക്കൊണ്ട കടുത്ത നടപടികളാണ് യു.എസിൽ ഇസ്ലാമോഫോബിയ വർധിക്കാൻ പ്രധാന കാരണമായതെന്ന് ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

