Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അവസാന കാർഡും തീർന്നു, ഇനി ചർച്ച മാത്രം വഴി’; ഇറാനെ വിടാതെ പിടിച്ച് ട്രംപ്

text_fields
bookmark_border
‘അവസാന കാർഡും തീർന്നു, ഇനി ചർച്ച മാത്രം വഴി’; ഇറാനെ വിടാതെ പിടിച്ച് ട്രംപ്
cancel

വാഷിങ്ടൺ: ഇറാനെതിരെ രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാന്റെ പക്കൽ ഇനി തന്ത്രപരമായ നീക്കങ്ങളൊന്നും ബാക്കിയില്ലെന്നും, അന്താരാഷ്ട്ര കപ്പൽപ്പാതകൾ തടഞ്ഞുവെച്ചുള്ള താൽക്കാലിക ഭീഷണി മാത്രമാണ് അവർ നടത്തുന്നതെന്നും ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പോസ്റ്റിൽ കുറിച്ചു. ‘ലോകത്തെ ഭീഷണിപ്പെടുത്താൻ അന്താരാഷ്ട്ര ജലപാതകൾ ഉപയോഗിക്കുക എന്നതല്ലാതെ ഇറാന്റെ പക്കൽ മറ്റ് കാർഡുകളൊന്നുമില്ലെന്ന് അവർക്ക് മനസ്സിലാകുന്നില്ല. അവർ ഇപ്പോൾ നിലനിൽക്കുന്നത് തന്നെ ചർച്ചകൾക്ക് തയാറാകാൻ വേണ്ടിയാണ്’ എന്നാണ് ട്രംപ് കുറിച്ചത്.

പാകിസ്താനിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ കടുത്ത സൈനിക നീക്കം ഉണ്ടാകുമെന്ന സൂചനയും ട്രംപ് നൽകി. യു.എസ് യുദ്ധക്കപ്പലുകളിൽ അത്യാധുനിക വെടിക്കോപ്പുകൾ നിറച്ചുകഴിഞ്ഞെന്നും ഏതു നിമിഷവും ആക്രമണം പുനരാരംഭിക്കാൻ തയാറാണെന്നും അദ്ദേഹം ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലുള്ള യു.എസ് പ്രതിനിധി സംഘം ചർച്ചകൾക്കായി പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്ക് തിരിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാവുമാണ് ഇറാനെ പ്രതിനിധീകരിക്കുന്നത്.

ഭൂഗർഭ നിലവറകളിൽ സൂക്ഷിച്ചിട്ടുള്ള 1,000 പൗണ്ട് യുറേനിയം ഇറാൻ കൈമാറണം, ഹുർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി പൂർണ്ണമായും തുറന്നുനൽകണം, പ്രാദേശിക സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണ ഇറാൻ അവസാനിപ്പിക്കണം, ബാലിസ്റ്റിക് മിസൈൽ പദ്ധതികളിൽ നിയന്ത്രണം ഏർപ്പെടുത്തണം ഇതൊക്കെയാണ് അമേരിക്കയുടെ പ്രധാന ആവശ്യങ്ങൾ.

അതേസമയം, ചർച്ചകൾക്ക് മുമ്പായി തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാബ് വ്യക്തമാക്കി. ലബനനിൽ വെടിനിർത്തൽ നടപ്പിലാക്കുക, വിവിധ വിദേശ ബാങ്കുകളിൽ തടഞ്ഞുവെച്ചിരിക്കുന്ന ഇറാന്റെ കോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ വിട്ടുനൽകുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ. ഇവ നടപ്പിലാക്കാതെ ചർച്ചകളുമായി സഹകരിക്കില്ലെന്നാണ് ഇറാന്റെ നിലപാട്.

ചർച്ചകളിൽ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വൈറ്റ് ഹൗസ്. ജെ.ഡി വാൻസിനൊപ്പം സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നർ എന്നിവരും ചർച്ചകളിൽ സജീവമായി പങ്കുചേരുന്നുണ്ട്. പശ്ചിമേഷ്യയിൽ സുസ്ഥിരമായ സമാധാനം കൊണ്ടുവരാൻ ഈ ചർച്ചകൾ സഹായിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറഞ്ഞു. ഇറാന്റെ ആണവ വാഗ്ദാനങ്ങളിൽ തനിക്ക് വിശ്വാസമില്ലെന്ന് പറഞ്ഞ ട്രംപ്, ‘അവർ നേരിട്ട് പറയുന്നത് ഒന്നാകാം, മാധ്യമങ്ങളോട് പറയുന്നത് മറ്റൊന്നാകാം. എന്തായാലും അടുത്ത 24 മണിക്കൂറിനുള്ളിൽ കാര്യങ്ങൾ വ്യക്തമാകും’ എന്നും കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trump issues warning, says Iran alive only to negotiate as talks loom
Next Story