വെടിനിർത്തൽ; ഹുർമുസ് കടലിടുക്കിലെ കപ്പലുകളെയും ജീവനക്കാരെയും അടിയന്തരമായി കടത്തിവിടണം -അന്താരാഷ്ട്ര സമുദ്ര സംഘടന
text_fieldsന്യൂഡൽഹി: യു.എസ്-ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ, ഹുർമുസ് കടലിടുക്കിന് സമീപം കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും ജീവനക്കാരെയും അടിയന്തരമായി കടത്തിവിടണമെന്ന് അന്താരാഷ്ട്ര സമുദ്ര സംഘടന (ഐ.എം.ഒ). മേഖലയിൽ 16 ഇന്ത്യൻ കപ്പലുകളിലായി 370 നാവികർ ഇപ്പോഴും തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. സംഘർഷാവസ്ഥ അയഞ്ഞെങ്കിലും സമുദ്രപാതയിലെ അപകടസാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഐ.എം.ഒയുടെ ഇടപെടൽ.
ഹുർമുസ് കടലിടുക്കിനും പേർഷ്യൻ ഗൾഫിനും സമീപത്തായി 16 ഇന്ത്യൻ കപ്പലുകളാണ് നിലവിലുള്ളത്. ഇതിൽ ജോലി ചെയ്യുന്ന 370 ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഗൾഫ് മേഖലയിൽ നിന്ന് ഇതുവരെ 1,754 ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കഴിഞ്ഞതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 63 പേരെ തിരിച്ചെത്തിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ, കപ്പൽ ഉടമകൾ, റിക്രൂട്ട്‌മെന്റ് ഏജൻസികൾ എന്നിവരുമായി ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ഇറാനിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ തെഹ്‌റാനിലെ ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്. വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും സാഹചര്യം ഇപ്പോഴും സങ്കീർണമായി തുടരുന്നതിനാലാണിത്. ഏകദേശം 7,500 ഇന്ത്യക്കാർ ഇപ്പോഴും ഇറാനിലുണ്ടെന്നാണ് കണക്ക്. ഇതിനകം 1,864 ഇന്ത്യക്കാരെ അർമേനിയ, അസർബൈജാൻ അതിർത്തികൾ വഴി ഒഴിപ്പിച്ചിട്ടുണ്ട്. ഇതിൽ 935 വിദ്യാർഥികളും 472 മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്നു.
വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി ഐ.എം.ഒ സെക്രട്ടറി ജനറൽ ആഴ്സനിയോ ഡൊമിങസ് പറഞ്ഞു. നാവികരുടെ ആരോഗ്യത്തിനും ആഗോള കപ്പൽ വ്യവസായത്തിനും വെടിനിർത്തൽ ആശ്വാസകരമാണ്. ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ വിവിധ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ഞങ്ങൾ. നാവികരുടെ സുരക്ഷ മുൻനിർത്തിയുള്ള ഒഴിപ്പിക്കലിനാണ് ഇപ്പോൾ മുൻഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. വെടിനിർത്തൽ നടപ്പായെങ്കിലും സംഘർഷത്തിന്റെ ഭാഗമായുള്ള മറ്റ് അപകടങ്ങൾ നിലനിൽക്കുന്നതിനാൽ ഷിപ്പിങ് മേഖല അതീവ ജാഗ്രതയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

