Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇറാന്റെ പരമോന്നത നേതാവാകാൻ അവർ എന്നെ ക്ഷണിച്ചു, പക്ഷേ എനിക്കത് വേണ്ട’; വിചിത്ര വാദവുമായി ട്രംപ്

text_fields
bookmark_border
‘ഇറാന്റെ പരമോന്നത നേതാവാകാൻ അവർ എന്നെ ക്ഷണിച്ചു, പക്ഷേ എനിക്കത് വേണ്ട’; വിചിത്ര വാദവുമായി ട്രംപ്
cancel
camera_alt

ഡോണാൾഡ് ട്രംപ്

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാനെതിരെ രൂക്ഷമായ പരിഹാസവും അവകാശവാദങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാൻ ഭരണകൂടം ഇപ്പോൾ മുട്ടുമടക്കിയ അവസ്ഥയിലാണെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായി അവർക്ക് വലിയ ആഗ്രഹമുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാൽ സ്വന്തം ജനതയുടെ ഭാഗത്തുനിന്നോ അമേരിക്കയുടെ ഭാഗത്തുനിന്നോ വധിക്കപ്പെട്ടേക്കാം എന്ന ഭയത്താലാണ് അവർ ഇത് പരസ്യമായി പറയാത്തതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാൻ രഹസ്യമായി ചർച്ചകൾക്ക് തയാറെടുക്കുകയാണെന്ന് ട്രംപ് വെളിപ്പെടുത്തി. ‘സത്യത്തിൽ അവർ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അവർക്ക് എങ്ങനെയെങ്കിലും ഒരു കരാറിൽ എത്തണം എന്നുണ്ട്. പക്ഷേ അത് പുറത്തുപറയാൻ അവർക്ക് ഭയമാണ്. കരാറിന് തയാറാണെന്ന് പറഞ്ഞാൽ സ്വന്തം ജനത തങ്ങളെ വധിക്കുമെന്ന് അവർ ഭയപ്പെടുന്നു. അതുപോലെ തന്നെ ഞങ്ങളെയും അവർക്ക് ഭയമാണ്’ ട്രംപ് പറഞ്ഞു. അമേരിക്ക നടത്തിയ സൈനിക നീക്കങ്ങൾ ഇറാന്റെ കരുത്ത് ചോർത്തിക്കളഞ്ഞതായും ട്രംപ് അവകാശപ്പെട്ടു.

പ്രസംഗത്തിനിടെ തികച്ചും അപ്രതീക്ഷിതമായ മറ്റൊരു അവകാശവാദം കൂടി ട്രംപ് ഉന്നയിച്ചു. ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ അവിടുത്തെ നേതൃത്വം അനൗദ്യോഗികമായി തന്നെ ക്ഷണിച്ചു എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ‘അടുത്ത പരമോന്നത നേതാവാകാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു എന്ന് അവർ പറഞ്ഞു. എന്നാൽ എനിക്ക് ആ പദവി വേണ്ടെന്ന് ഞാൻ മറുപടി നൽകി. ഇറാന്റെ തലവനാകാൻ എന്നേക്കാൾ കുറഞ്ഞ താല്പര്യമുള്ള മറ്റൊരു ഭരണാധികാരിയും ലോകത്തുണ്ടാകില്ല’ പരിഹാസരൂപേണ ട്രംപ് പറഞ്ഞു.

കഴിഞ്ഞ മാസം ഇറാൻ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ രാഷ്ട്രീയത്തിൽ വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ഖൊമേനിയുടെ മകൻ മൊജ്തബ ഖൊമേനിയെ പുതിയ പരമോന്നത നേതാവായി ഉയർത്തിക്കാട്ടിയെങ്കിലും യുദ്ധം തുടങ്ങിയ ശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആക്രമണങ്ങളിൽ അദ്ദേഹത്തിന് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യം മുതലെടുത്താണ് ഇറാന്റെ സൈനിക ശക്തി തകർന്നടിഞ്ഞുവെന്ന് ട്രംപ് ആവർത്തിക്കുന്നത്.

അതേസമയം, ട്രംപിന്റെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് ഇറാൻ രംഗത്തെത്തി. യുദ്ധം അവസാനിപ്പിക്കാനോ സമാധാന കരാറിനോ വേണ്ടി യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ ബാക്ക് ചാനൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇറാൻ വെടിനിർത്തലിനായി കാത്തിരിക്കുകയാണെന്നും ട്രംപ് ഉറപ്പിച്ചു പറയുന്നു. ഇറാനെതിരെ അമേരിക്ക നടത്തിയത് സൈനികമായ വൻവിജയമാണെന്നും ട്രംപ് അവകാശപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trump Claims Iran Wants Him As Supreme Leader
Next Story