Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനെ ആക്രമിക്കാനുള്ള...

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയെ ട്രംപ് അനുകൂലികൾ അടക്കം ഭൂരിഭാഗം അമേരിക്കക്കാരും എതിർക്കുന്നുവെന്ന് സർവെകൾ

text_fields
bookmark_border
ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയെ ട്രംപ് അനുകൂലികൾ അടക്കം ഭൂരിഭാഗം അമേരിക്കക്കാരും എതിർക്കുന്നുവെന്ന് സർവെകൾ
cancel

വാഷിങ്ടൺ: ഡോണൾഡ് ട്രംപിനെ പിന്തുണക്കുന്നവരിൽ നിന്നടക്കം ഭൂരിഭാഗം അമേരിക്കക്കാരും ഇറാനുമായുള്ള ഇസ്രായേലിന്റെ സംഘർഷത്തിൽ യു.എസ് സൈനിക ഇടപെടലിനെ എതിർക്കുന്നുവെന്ന് വിവിധ സർവേകളുടെ കണ്ടെത്തൽ.

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണച്ച വോട്ടർമാരിൽ 53 ശതമാനം പേർ രാജ്യം ഇസ്രായേലിന്റെ ആക്രമണങ്ങളിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇക്കണോമിസ്റ്റ്/ യുഗോവ് സർവേ വെളിപ്പെടുത്തി. ‘അമേരിക്കൻ പവർ’ ഉപയോഗിക്കുമെന്ന പ്രസിഡന്റിന്റെ ഭീഷണികളോടുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ വർധിച്ചുവരുന്ന എതിർപ്പിനെ ഇത് ഉയർത്തിക്കാണിക്കുന്നു.

ഇറാനെ ആക്രമിക്കാനുള്ള അമേരിക്കന്‍ പദ്ധതിയെ അമേരിക്കയിലെ വലിയൊരു വിഭാഗം ജനങ്ങളും എതിര്‍ക്കുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് സർവെയും പുറത്തുവിട്ടു. തങ്ങൾ 1,000ത്തിലധികം ആളുകൾക്ക് ഇതിനായി മെസേജ് അയച്ചുവെന്നും 45ശതമാനം പേര്‍ എതിരഭിപ്രായം വ്യക്തമാക്കിയപ്പോള്‍ 30 പേര്‍ അഭിപ്രായമില്ലെന്ന് പ്രതികരിച്ചതായും വാഷിങ്ടൺ പോസ്റ്റ് പറഞ്ഞു. 25 ശതമാനം മാത്രമാണ് ട്രംപിന്റെ യുദ്ധോത്സുകതക്ക് അനുകൂലമായി നിലപാടെടുത്തത്‌.

ആണവായുധങ്ങൾ സ്വന്തമാക്കാനുള്ള ഇറാന്റെ അഭിലാഷങ്ങൾ ഉപേക്ഷിക്കാൻ നിർബന്ധിതമാക്കുക എന്ന ലക്ഷ്യത്തിന് ‘സമാധാനപരമായ പരിഹാരത്തിനായുള്ള’ പൊതുജനാഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സർവെ ഫലങ്ങൾ.

ഏപ്രിലിൽ നടന്ന ‘ചിക്കാഗോ കൗൺസിൽ ഓൺ ഗ്ലോബൽ അഫയേഴ്‌സ്-ഇപ്‌സോസ്’ സർവേയിൽ പത്തിൽ എട്ട് അമേരിക്കക്കാരും ഇറാന്റെ കൂടുതൽ ആണവ സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുന്നതിന് നയതന്ത്ര നടപടികൾ സ്വീകരിക്കുന്നതിനെയോ സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കുന്നതിനെയോ അനുകൂലിക്കുന്നതായി കണ്ടെത്തിയിരുന്നു.

ബുധനാഴ്ച പ്രസിദ്ധീകരിച്ച, വിദേശ നയ ചിന്തകരായ ‘റെസ്പോൺസിബിൾ സ്റ്റേറ്റ്ക്രാഫ്റ്റ്’ റിപ്പോർട്ട് ചെയ്ത സർവെ ഫലവും സമാന സ്വഭാവത്തിലുള്ളതാണ്. റിപ്പബ്ലിക്കൻ രാഷ്ട്രീയക്കാരിൽനിന്നും ട്രംപ് സഖ്യകക്ഷികളിൽനിന്നും കോൺഗ്രസിന്റെ അംഗീകാരമില്ലാതെ യു.എസ് സേനയെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള എതിർപ്പ് വർധിച്ചുവരുന്നുവെന്നതായി അതിൽ പറയുന്നു. ‘ഇത് ഞങ്ങളുടെ യുദ്ധമല്ല. ഇനി അങ്ങനെയാണെങ്കിൽതന്നെ യു.എസ് കോൺഗ്രസ് നമ്മുടെ ഭരണഘടനയനുസരിച്ച് അത്തരം കാര്യങ്ങൾ തീരുമാനിക്കണം’ -കെന്റക്കി റിപ്പബ്ലിക്കൻ പ്രതിനിധിയായ തോമസ് മാസി ‘എക്‌സി’ൽ എഴുതി.

വർധിച്ചുവരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിൽ ‘വളരെ കുറച്ച്’ യു.എസ് പങ്കാളിത്തം കാണാൻ ആഗ്രഹിക്കുന്നുവെന്ന് ടെന്നസിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധിയായ ടിം ബർച്ചെറ്റ് പറഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.

‘മിഡിൽ ഈസ്റ്റിൽ നമുക്ക് മറ്റൊരു അനന്തമായ യുദ്ധം ആവശ്യമില്ല. വയസ്സായവർ തീരുമാനങ്ങൾ എടുക്കുകയും യുവാക്കൾ മരിക്കുകയും ചെയ്യുന്നു. അതാണ് യുദ്ധത്തിന്റെ ചരിത്രം. നമ്മൾ ഒരു ദീർഘനിശ്വാസം എടുത്ത് ഈ കാര്യം മന്ദഗതിയിലാക്കണം. ഇസ്രായേലികളെ അവരുടെ കാര്യം ചെയ്യാൻ അനുവദിക്കണ’മെന്നും അദ്ദേഹം പറഞ്ഞു.

ഇക്കണോമിസ്റ്റ് പോളിൽ നടത്തിയ സർവേയിൽ 19ശതമാനം പേർ മാത്രമേ യു.എസ് സൈനികമായി ഇടപെടുന്നതിനെ അനുകൂലിക്കുന്നുള്ളൂ. 63ശതമാനം പേർ ഭരണകൂടം ‘ഇറാൻ ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകളിൽ ഏർപ്പെടണമെന്ന്’ താൽപ്പര്യപ്പെടുന്നുവെന്നും വെളിപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IransurveyIran USTrump SupportersAttack on IranIsrael Iran War
News Summary - Most Trump supporters want to keep US military out of Israel-Iran conflict, poll finds
Next Story