Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇറാന്റെ ആദ്യ പദ്ധതി ട്രംപ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു’; വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ചില കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ല

text_fields
bookmark_border
നയതന്ത്ര ചർച്ചകൾ ശനിയാഴ്ച
‘ഇറാന്റെ ആദ്യ പദ്ധതി ട്രംപ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു’; വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ചില കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ല
cancel
camera_alt

 കരോലിൻ ലവിറ്റ്

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിന് പിന്നാലെ, ആദ്യഘട്ട നയതന്ത്ര ചർച്ചകൾ ശനിയാഴ്ച പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ നടക്കും. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നർ എന്നിവരടങ്ങിയ ഉന്നതതല സംഘമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഇറാൻ ആദ്യം മുന്നോട്ടുവെച്ച 10 ഇന നിർദേശങ്ങൾ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പൂർണ്ണമായും തള്ളിക്കളഞ്ഞതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലവിറ്റ് വ്യക്തമാക്കി.

‘ഇറാന്റെ ആദ്യ പദ്ധതി തികച്ചും ഗൗരവമില്ലാത്തതും അംഗീകരിക്കാൻ കഴിയാത്തതുമായിരുന്നു. ട്രംപും സംഘവും അത് അക്ഷരാർത്ഥത്തിൽ ചവറ്റുകുട്ടയിൽ എറിഞ്ഞു’ ലവിറ്റ് പറഞ്ഞു. ഇറാൻ പിന്നീട് സമർപ്പിച്ച പരിഷ്കരിച്ച നിർദേശങ്ങൾ ചർച്ചകൾക്ക് അനുയോജ്യമാണെന്ന് അമേരിക്ക വിലയിരുത്തി. യു.എസ് മുന്നോട്ടുവെച്ച 15 ഇന നിബന്ധനകളുമായി യോജിച്ചുപോകുന്ന തരത്തിലായിരിക്കും ചർച്ചകൾ.

വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ചില കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഇറാനിൽ യുറേനിയം സമ്പുഷ്ടീകരണം അനുവദിക്കില്ല എന്ന അമേരിക്കയുടെ നിലപാടിൽ മാറ്റമില്ല. ഇറാന്റെ ആണവ ശേഷി പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ് യു.എസ് ലക്ഷ്യം. ഇറാന്റെ മേലുള്ള ഉപരോധങ്ങൾ നീക്കുന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

ഹുർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് ബാരലിന് 1 ഡോളർ വരെ ടോൾ ഈടാക്കാൻ ഇറാൻ നീക്കം നടത്തുന്നുണ്ട്. വലിയ കപ്പലുകൾക്ക് 30 ലക്ഷം ഡോളർ വരെ നൽകേണ്ടി വരും. എന്നാൽ ഇതിനെ അമേരിക്ക ശക്തമായി എതിർക്കുന്നു. ബുധനാഴ്ച കേവലം 11 കപ്പലുകൾ മാത്രമാണ് ഈ പാതയിലൂടെ കടന്നുപോയത്.

38 ദിവസത്തെ കടുത്ത പോരാട്ടത്തിന് ശേഷം രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ലെബനനിലെ സാഹചര്യം ആശങ്കാജനകമാണ്. ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ബുധനാഴ്ച മാത്രം 182 പേർ കൊല്ലപ്പെട്ടു. ഇത് വെടിനിർത്തൽ കരാറിനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. വെടിനിർത്തലിൽ ലെബനനും ഉൾപ്പെടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അവകാശപ്പെടുമ്പോഴും, ട്രംപും നെതന്യാഹുവും ഇത് അംഗീകരിക്കുന്നില്ല. ലെബനൻ കരാറിന്റെ ഭാഗമല്ലെന്നാണ് ഇവരുടെ നിലപാട്.

ഇസ്‌ലാമാബാദിൽ ശനിയാഴ്ച നടക്കുന്ന ചർച്ചകൾ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണായകമാകും. വെടിനിർത്തൽ കരാർ ഉണ്ടായെങ്കിലും തങ്ങളാണ് വിജയിച്ചതെന്ന അവകാശവാദവുമായി അമേരിക്കയും ഇറാനും രംഗത്തുണ്ട്. പാകിസ്താൻ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിനെ ഇസ്രായേൽ രൂക്ഷമായി വിമർശിച്ചു. പാകിസ്താന്റെ വിശ്വാസ്യതയെയാണ് ഇസ്രായേൽ ചോദ്യം ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran’s original peace proposal was ‘literally thrown in garbage' by Trump: White House
Next Story