അനധികൃത കുടിയേറ്റം: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ അടുത്ത ബന്ധു അറസ്റ്റിൽ
text_fieldsവാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലൈൻ ലീവിറ്റിന്റെ അടുത്ത ബന്ധു അനധികൃത കുടിയേറ്റത്തിന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ(ഐ.സി.ഇ) പിടിയിൽ. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളെ ന്യായീകരിച്ച വ്യക്തിയാണ് കരോലൈൻ ലീവിറ്റ്. കരോലിൻ ലീവിറ്റിന്റെ സഹോദരൻ മൈക്കിൾ ലീവിറ്റിന്റെ മുൻ പങ്കാളിയായ ബ്രൂണ കരോലിൻ ഫെരേരയാണ് അധികൃതരുടെ പിടിയിലായത്.
വിസ കാലാവധി കഴിഞ്ഞിട്ടും യു.എസിൽ തുടർന്നതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മൈക്കിൾ ലീവിറ്റിനും ബ്രൂണ കരോലിനിനും 11 വയസുള്ള മകനുണ്ട്.
ബ്രൂണയുടെ വിസ കാലാവധി 1999 ജൂണിൽ തീർന്നിരുന്നു. ഇവർ ഇപ്പോൾ ലൂസിയാനയിലെ ഐ.സി.ഇ കേന്ദ്രത്തിൽ തടവിൽ കഴിയുകയാണ്. ഈ മാസാദ്യം മസാചുസെറ്റ്സിലെ റെവറിൽ വെച്ചാണ് ബ്രൂണയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ബ്രസീലിലേക്ക് നാടുകടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ബ്രസീൽ സ്വദേശിയായ ബ്രൂണ ബി2 ടൂറിസ്റ്റ് വിസയിലാണ് യു.എസിലെത്തിയത്. ബ്രൂണയുടെ വിസ കാലാവധി കഴിഞ്ഞുവെന്നും ഇപ്പോഴവർ അനധികൃത കുടിയേറ്റക്കാരിയാണെന്നും ആഭ്യന്തര സുരക്ഷ ഡിപാർട്മെന്റ് സുരക്ഷാ വക്താവ് പറഞ്ഞു.
അതേസമയം, വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അവരുടെ സഹോദരനും പ്രതികരിച്ചിട്ടില്ല. മകനാണ് തന്റെ പരിഗണനയെന്നും കുട്ടി ജനിച്ചതുമുതൽ ന്യൂ ഹാംഷെയറിൽ തന്നോടൊപ്പമാണ് താമസിക്കുന്നതെന്നും അമ്മയോടൊപ്പം കഴിഞ്ഞിട്ടേയില്ലെന്നും മൈക്കിൾ വ്യക്തമാക്കി.
അതേസമയം, ഡെഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് അറൈവൽസ്(ഡി.എ.സി.എ)പ്രോഗ്രാമിന് കീഴിൽ നിയമപരമായി യു.എസിൽ എത്തിയതാണെന്നും ഗ്രീൻ കാർഡിനായുള്ള നടപടികളിലായിരുന്നുവെന്നും ബ്രൂണയുടെ അഭിഭാഷകൻ വാദിച്ചു. ഡി.എ.സി.എ പ്രകാരം കുട്ടികളായിരിക്കെ യു.എസിത്തിയ കുടിയേറ്റക്കാർക്ക് നാടുകടത്തലിൽ നിന്ന് സംരക്ഷണം ലഭിക്കും. നാടുകടത്തുന്നതിനെതിരായ നടപടികൾക്കെതിരെ പോരാടാൻ 30,000 ഡോളർ സമാഹരിക്കാൻ ബ്രൂണയുടെ സഹോദരി ഫണ്ട് സമാഹരണം തുടങ്ങിയിട്ടുണ്ട്. നിലവിൽ 14,000 ഡോളറിലേറെ സമാഹരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

