Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയിട്ടില്ല; സൗദിയുടെ വാദം നുണയെന്ന് ഹൂതികൾ

text_fields
bookmark_border
മക്കക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയിട്ടില്ല; സൗദിയുടെ വാദം നുണയെന്ന് ഹൂതികൾ
cancel

സൻആ: മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന സൗദി ആരോപണത്തെ തള്ളി യമനിലെ ഹൂതികൾ. സൗദിയുടെ വാദം തികഞ്ഞ 'നുണ'യാണെന്നും വിശുദ്ധ നഗരത്തിനോ മറ്റ് ഇസ്‍ലാമിക പുണ്യസ്ഥലങ്ങൾക്കോ യമനിൽ നിന്ന് യാതൊരു ഭീഷണിയുമില്ലെന്ന് ഹൂതികൾ വ്യക്തമാക്കി. സൗദിയുടെ ആരോപണത്തെ ഹൂതി സൈനിക വക്താവ് യഹ്‌യ സരിയ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് തള്ളിക്കളഞ്ഞത്. തങ്ങളുടെ സൈനിക നടപടികളിലൂടെ ലക്ഷ്യമിട്ടത് സൗദിയുടെ സൈനിക-എണ്ണ കേന്ദ്രങ്ങളെയാണ്, യമനിൽ നിന്ന് പുണ്യസ്ഥലങ്ങൾക്ക് യാതൊരു ഭീഷണിയുമില്ലെന്നും യഹ്‌യ സരിയ പറഞ്ഞു. കഴിഞ്ഞ ആഴ്ച സൗദി വിമാനങ്ങൾ 450ലേറെ ആക്രമണങ്ങൾ നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിനിടെ, മാരിബ് ഗവർണറേറ്റിൽ വെച്ച് സൗദിയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികൾ അവകാശപ്പെട്ടു. തദ്ദേശീയമായി നിർമിച്ച ഉപരിതലത്തിൽനിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈൽ ഉപയോഗിച്ചാണ് വിമാനം വെടിവെച്ചിട്ടത്. അതുപോലെതന്നെ സൗദി എഫ്-15, ടൈഫൂൺ യുദ്ധവിമാന വ്യൂഹങ്ങളെ പ്രതിരോധിച്ചതായും അവർ പറഞ്ഞു. സൗദിയുടെ ആരോപണത്തെ ‘ഓക്കാനം വരുന്ന നുണ’യെന്നാണ് ഹൂതി പൊളിറ്റിക്കൽ ബ്യൂറോ അംഗം ഹിശാം അൽ അസദ് വിശേഷിപ്പിച്ചത്.

ചൊവ്വാഴ്ച മക്കയുടെ തെക്ക് ഭാഗത്തായി സംശയാസ്പദമായ രീതിയിൽ ബൂബി ട്രാപ്പ്ഡ് ഡ്രോണിനെ കണ്ടെത്തിയിരുന്നു. ഇതിനെ തടഞ്ഞ് നശിപ്പിക്കുകയായിരുന്നുവെന്ന് സൗദി വ്യക്തമാക്കി. മക്ക നഗരത്തിന്റെ നിയന്ത്രിത വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപായിരുന്നു ഇത്. ഇതേത്തുടർന്നാണ് മക്കയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

അതേസമയം, മക്കക്കും മദീനക്കും എതിരെ ഹൂതികൾ നടത്തിയെന്ന് പറയപ്പെടുന്ന ആക്രമണങ്ങളെ ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. ശക്തമായി അപലപിച്ചു. സൗദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച സംഘടന, പുണ്യസ്ഥലങ്ങളുടെ പവിത്രതയും മുസ്‍ലിംകളുടെ സുരക്ഷയും ഉറപ്പാക്കാൻ അടിയന്തര നടപടികൾ വേണമെന്നും ആവശ്യപ്പെട്ടു.

ആക്രമണത്തെ അപലപിച്ച് പാകിസ്താനും രംഗത്തെത്തിയിട്ടുണ്ട്. ഇത് സൗദിയുടെ പരമാധികാരത്തിൻ മേലുള്ള കടന്നുകയറ്റമാണെന്നും പ്രാദേശിക സമാധാനത്തിന് ഭീഷണിയുമാണെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദർ വ്യക്തമാക്കി. വിശുദ്ധ പള്ളികളുടെയും തീർഥാടകരുടെയും പൗരൻമാരുടെയും സുരക്ഷക്കായി സൗദിക്കൊപ്പം നിൽക്കുമെന്നും പാകിസ്താൻ ആവർത്തിച്ചു.

അമേരിക്ക സ്വന്തം പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകി. മേഖലയിലെ സുരക്ഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഭീകരവാദ ഭീഷണികൾ, രാജ്യത്തെ കർശനമായ സോഷ്യൽ മീഡിയ നിയമങ്ങൾ, ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണ സാധ്യതകൾ എന്നിവ ചൂണ്ടിക്കാട്ടി ലെവൽ-3 യാത്രാ മുന്നറിയിപ്പാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ ദിവസം നൽകിയിരിക്കുന്നത്. യമൻ അതിർത്തി പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും നിർദേശമുണ്ട്. രാജ്യത്തെ വാണിജ്യ വിമാന സർവീസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ തടസ്സങ്ങൾ നേരിടുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Houthis deny Makkah attack charge
Next Story