Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടിയേറ്റക്കാരെ തിരിച്ചയക്കാൻ റുവാണ്ടയിൽ പ്രത്യേക കേന്ദ്രം; പദ്ധതിയുമായി അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ

text_fields
bookmark_border
European Union
cancel

വിയന്ന: അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനായി ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ പ്രത്യേക കേന്ദ്രം സ്ഥാപിക്കാൻ അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ. ജർമനി, ഡെന്മാർക്ക്, ഓസ്ട്രിയ, ഗ്രീസ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളാണ് ഇതിനായി കരാറിലെത്തുന്നത്. യൂറോപ്യൻ യൂനിയന് പുറത്തുള്ള ആദ്യത്തെ കുടിയേറ്റ തിരിച്ചയക്കൽ കേന്ദ്രമായിരിക്കും ഇത്.

കുടിയേറ്റക്കാരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. അഭയാർഥി അപേക്ഷകൾ തള്ളപ്പെട്ടവരെയും രാജ്യത്ത് തുടരാൻ അനുമതിയില്ലാത്തവരെയും റുവാണ്ടയിലെ കേന്ദ്രത്തിലേക്ക് മാറ്റാനാണ് നീക്കം. 2027ഓടെ കേന്ദ്രം പ്രവർത്തനസജ്ജമാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ 100 പേരെ പാർപ്പിക്കാനാണ് ആലോചന.

കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള നിലവിലെ സംവിധാനം ഫലപ്രദമല്ലെന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ വിലയിരുത്തൽ. യൂറോപ്യൻ യൂനിയൻ വിടാൻ ഉത്തരവിട്ടവരിൽ 30 ശതമാനത്തിൽ താഴെ ആളുകളെ മാത്രമാണ് യഥാർഥത്തിൽ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാൻ കഴിയുന്നത്.


ഇതിന് പരിഹാരമായി തടങ്കൽ നടപടികൾ വിപുലീകരിക്കാനും യൂനിയന് പുറത്തുള്ള രാജ്യങ്ങളിൽ തിരിച്ചയക്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാനും അനുമതി നൽകുന്ന പുതിയ കുടിയേറ്റ പരിഷ്കാരങ്ങൾക്കും യൂറോപ്യൻ യൂനിയൻ അംഗീകാരം നൽകിയിരുന്നു.

എന്നാൽ റുവാണ്ടയെ കേന്ദ്രമാക്കാനുള്ള നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി. രാഷ്ട്രീയ എതിർപ്പുകളെ അടിച്ചമർത്തൽ, അനിയന്ത്രിതമായ തടങ്കൽ, കസ്റ്റഡിയിലെ പീഡനം തുടങ്ങിയ ആരോപണങ്ങൾ റുവാണ്ടക്കെതിരെയുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടി.


കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയക്കുന്നത് അവരുടെ ദുരിതം വർധിപ്പിക്കുമെന്നും മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദിയായ സർക്കാറിന് സാമ്പത്തികവും രാഷ്ട്രീയവുമായ പിന്തുണ നൽകുന്നതിന് തുല്യമാണെന്നും സംഘടനയുടെ ആഫ്രിക്കൻ വിഭാഗം ഗവേഷക ക്ലെമന്റൈൻ ഡി മോണ്ട്ജോയ് പറഞ്ഞു.

കുടിയേറ്റക്കാർക്ക് റുവാണ്ടയിൽ താമസിക്കാനും തൊഴിൽ ചെയ്യാനും അവസരമുണ്ടാകാമെന്നതിനാൽ 'വെൽക്കം സെന്റർ' എന്ന പേരിൽ കേന്ദ്രം അറിയപ്പെടാനാണ് റുവാണ്ട താൽപര്യപ്പെടുന്നതെന്ന് നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കി. 2022ൽ അനധികൃത കുടിയേറ്റക്കാരെ അഭയാർഥി അപേക്ഷകൾ പരിഗണിക്കുന്നതിന് മുമ്പ് റുവാണ്ടയിലേക്ക് അയക്കാൻ ബ്രിട്ടൻ സമാനമായ കരാറിലെത്തിയിരുന്നു.


എന്നാൽ പിന്നീട് ബ്രിട്ടീഷ് സർക്കാർ പദ്ധതി ഉപേക്ഷിച്ചു. അമേരിക്കയും സമാനമായ രീതിയിൽ റുവാണ്ട ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ അയച്ചിട്ടുണ്ട്. യൂറോപ്പിൽ കുടിയേറ്റം രാഷ്ട്രീയ ചർച്ചകളിൽ പ്രധാന വിഷയമായി തുടരുന്നതിനിടെയാണ് പുതിയ നീക്കം. ഇന്ന് വിയന്നയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ കരാർ പ്രഖ്യാപിക്കുമെന്നാണ് വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Five European Nations Rwanda Dea
Next Story