ആഫ്രിക്കൻ ഭീമൻ ഒച്ച്: പ്രതിരോധ മാർഗങ്ങളുമായി കേന്ദ്രസംഘം നന്നംമുക്കിൽ
text_fieldsനന്നംമുക്കിൽ ഒച്ചുകളുടെ ശല്യം രൂക്ഷമായതിനെത്തുടർന്ന് കേന്ദ്ര വിദഗ്ധ സംഘം പരിശോധന നടത്തുന്നു
ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഭീമൻ ഒച്ചുകളുടെ ശല്യം രൂക്ഷമായതിനെത്തുടർന്ന് കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രത്തിൽനിന്നുള്ള വിദഗ്ധ സംഘം ഫീൽഡ് പരിശോധനയും ബോധവൽകരണവും നടത്തി. നന്നംമുക്ക് സ്വദേശിയായ വിനീത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. എറണാകുളം കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രത്തിലെ പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫിസർ ഡോ. പ്രെസ്റ്റി ജോൺ, പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫിസർ, ഡോ. ആർ. രഞ്ജുമോൾ, അസി. പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫിസർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ, വാർഡ് മെംബർ സുധീഷ്, നന്നംമുക്ക് കൃഷിഭവൻ അഗ്രികൾച്ചറൽ അസിസ്റ്റന്റ് സി.പി. ദേവി, കൃഷിഭവനിലെ മറ്റ് ജീവനക്കാർ എന്നിവരും വിദഗ്ധ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന്, ബാധിത കൃഷിയിടങ്ങളിലും പരിസരങ്ങളിലും സന്ദർശനം നടത്തിയ ഉദ്യോഗസ്ഥർ വിനീതിന്റെ മാതാപിതാക്കൾ ഉൾപ്പെടെ നിരവധി നാട്ടുകാരുമായി നേരിട്ട് സംവദിച്ചു.
ഭീമൻ ഒച്ചുകളുടെ ജീവിതചക്രം, കൃഷിവിളകൾക്കെതിരെയുള്ള ആക്രമണ രീതി, ഉയർന്ന പ്രജനന ശേഷി എന്നിവയെക്കുറിച്ച് കൃഷിക്കാർക്കും നാട്ടുകാർക്കും സംഘം വ്യക്തമായ വിശദീകരണം നൽകി. പരിപാടിക്കിടെ, കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രം തയാറാക്കിയ ഭീമൻ ഒച്ചുകളുടെ നിയന്ത്രണ രീതികൾ അടങ്ങിയ ലഘുലേഖകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രധാന പ്രതിരോധ മാർഗങ്ങൾ
- തോടുകളും കൃഷിയിടങ്ങളും വൃത്തിയായി സൂക്ഷിക്കുക: ഒച്ചുകൾക്ക് ഒളിച്ചിരിക്കാൻ സാഹചര്യമൊരുക്കുന്ന കാടുകളും കളകളും നീക്കം ചെയ്യുക.
- ഉപ്പുവെള്ളത്തിൽ നശിപ്പിക്കുക: പറമ്പുകളിൽനിന്ന് ശേഖരിക്കുന്ന ഒച്ചുകളെ 25 ശതമാനം വീര്യമുള്ള ഉപ്പുവെള്ളത്തിലിട്ട് കൊന്നൊടുക്കുക.
- ആകർഷിച്ച് പിടികൂടുക: കാബേജ്, പപ്പായ, മുരിങ്ങ എന്നിവയുടെ ഇലകൾ വച്ചോ, ആട്ടപ്പൊടി, ശർക്കര, ഈസ്റ്റ് എന്നിവയുടെ മിശ്രിതം ഉപയോഗിച്ചോ ഒച്ചുകളെ ആകർഷിച്ച് ഒരിടത്ത് വരുത്തി നശിപ്പിക്കുക.
- കീടനാശിനി തളിക്കൽ: ഒരു ലിറ്റർ വെള്ളത്തിൽ 60 ഗ്രാം കോപ്പർ സൾഫേറ്റും 30 ഗ്രാം പുകയില കഷായവും ചേർത്ത മിശ്രിതം തളിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

