എസ്.ഐ.ആർ വിവാദത്തിൽ മൗനം; മാസങ്ങൾക്കുശേഷം വിവാഹച്ചടങ്ങിൽ പ്രത്യക്ഷപ്പെട്ട് ഗ്യാനേഷ് കുമാർ
text_fieldsഭോപ്പാലിൽ നടന്ന സ്വകാര്യ വിവാഹസൽക്കാരത്തിൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ പങ്കെടുത്തപ്പോൾ.ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽനിന്ന്
ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണമായ (എസ്.ഐ.ആർ) നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമായിട്ടും പ്രതികരിക്കാതിരുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ മാസങ്ങൾക്കുശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന സ്വകാര്യ വിവാഹസൽക്കാരത്തിലാണ് അദ്ദേഹം പങ്കെടുത്തത്.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉപേന്ദ്ര ജെയിനിന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ കോൺഗ്രസ് നേതാവ് അജയ് സിങ്, മധ്യപ്രദേശ് നിയമസഭാ സ്പീക്കർ നരേന്ദ്ര സിങ് തോമർ എന്നിവർക്കൊപ്പം നിൽക്കുന്ന കുമാറിന്റെ ചിത്രം പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്.
എസ്.ഐ.ആർ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷണർമാരായ വിവേക് ജോഷിയും സുഖ്ബീർ സിങ് സന്ധുവും 14 എതിർപ്പുകൾ ഉന്നയിച്ചതായി സെപ്റ്റംബർ 23ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. തുടർന്നാണ് വിവാദം ശക്തമായത്.
കഴിഞ്ഞ മൂന്ന് മാസമായി പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിലാണ്. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികളും അറസ്റ്റുകളും റിപ്പോർട്ട് ചെയ്തിരുന്നു.
എസ്.ഐ.ആർ നടപടികളിൽ മാറ്റങ്ങൾ വരുത്തിയും വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്കായി പ്രത്യേക ക്യാംപുകൾ പ്രഖ്യാപിച്ചും തെരഞ്ഞെടുപ്പ് കമീഷൻ വാർത്താക്കുറിപ്പുകൾ ഇറക്കിയെങ്കിലും കുമാർ നേരിട്ട് പ്രതികരിച്ചിട്ടില്ല. സെപ്റ്റംബറിലെ മീററ്റ്, വാരാണസി സന്ദർശനങ്ങളും ഒക്ടോബറിലെ ഛത്തീസ്ഗഡ് സന്ദർശനവും മാറ്റിവെച്ചിരുന്നു.
വിവാഹച്ചടങ്ങിൽ കുമാറുമായി സംസാരിച്ചിട്ടില്ലെന്ന് അജയ് സിങ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ സാന്നിധ്യം അറിയാതെയാണ് ചടങ്ങിനെത്തിയതെന്നും കുമാറിന്റെ രാജി ആവശ്യപ്പെട്ട നിലപാടിൽ മാറ്റമില്ലെന്നും സിങ് പറഞ്ഞു.
അതേസമയം, ഗ്യാനേഷ് കുമാറിനെതിരെ ഭോപ്പാലിൽ കോൺഗ്രസ് പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു. അദ്ദേഹം മടങ്ങിയശേഷം ഹോട്ടലിലും വിമാനത്താവളത്തിലും പ്രതിഷേധക്കാർ എത്തിയെങ്കിലും കാണാനായില്ല. പിന്നീട് സംസ്ഥാന കോൺഗ്രസ് ഓഫീസിന് മുന്നിൽ കോലം കത്തിച്ചു.

