Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്യൂമർ പടർന്നിട്ടില്ല; ലിയോ പതിനാലാമൻ മാർപാപ്പക്ക് ഇനി കാൻസർ ചികിത്സ ആവശ്യമില്ലെന്ന് ഡോക്ടർമാർ

text_fields
bookmark_border
ട്യൂമർ പടർന്നിട്ടില്ല; ലിയോ പതിനാലാമൻ മാർപാപ്പക്ക് ഇനി കാൻസർ ചികിത്സ ആവശ്യമില്ലെന്ന് ഡോക്ടർമാർ
cancel

വത്തിക്കാൻ സിറ്റി: കഴിഞ്ഞ ആഴ്ച ശ്വാസകോശ അർബുദത്തിന് ശസ്ത്രക്രിയക്ക് വിധേയനായ ലിയോ പതിനാലാമൻ മാർപാപ്പക്ക് ഇനി കൂടുതൽ ചികിത്സയുടെ ആവശ്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ട്യൂമർ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നിട്ടില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്.

71 കാരനായ പോപ്പിന്റെ വലത് ശ്വാസകോശത്തിലെ താഴത്തെ ഭാഗം ഒക്ടോബർ 13 നാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ശ്വാസകോശ അർബുദത്തിന്റെ ഏറ്റവും സാധാരണമായ രൂപമായ ലംഗ് അഡിനോകാർസിനോമയാണ് പോപ്പിന് സ്ഥിരീകരിച്ചത്.

നീക്കം ചെയ്ത കലകളുടെ അവസാന ഹിസ്റ്റോളജിക്കൽ പരിശോധനകളും മോളിക്യുലാർ ബയോളജി വിശകലനങ്ങളും രോഗനിർണയം സ്ഥിരീകരിച്ചു. രോഗം പ്രാദേശികമായി മാത്രം ഒതുങ്ങി നിൽക്കുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ‘തുടർന്നുള്ള ഓങ്കോളജിക്കൽ വിലയിരുത്തൽ കൂടുതൽ ചികിത്സ ആവശ്യമില്ലെന്ന് സ്ഥിരീകരിച്ചു’ പോപ്പിന്റെ പ്രധാന സർജൻ സ്റ്റെഫാനോ മാർഗരിറ്റോറയും വ്യക്തിഗത ഫിസിഷ്യൻ ലുയിജി കാർബോണും പറഞ്ഞു.

എന്നിരുന്നാലും, നവംബർ 6 മുതൽ 17 വരെ ഉറുഗ്വേ, അർജന്റീന, പെറു എന്നിവിടങ്ങളിലേക്ക് പോപ്പ് നടത്താൻ നിശ്ചയിച്ചിരുന്ന യാത്ര നടക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ശനിയാഴ്ചയാണ് പോപ്പിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. അദ്ദേഹം ക്രമേണ സാധാരണ ജോലികളിലേക്ക് മടങ്ങുകയാണ്. ബുധനാഴ്ച, തീർത്ഥാടകരുമായുള്ള പ്രതിവാര കൂടിക്കാഴ്ചക്കായി അദ്ദേഹം സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തിരിച്ചെത്തിയിരുന്നു.

ആശുപത്രിയിൽ കഴിയുമ്പോഴും പോപ്പ് ജോലി ചെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ ഫോണിൽ വിളിച്ച് റഷ്യൻ അധിനിവേശത്തിലുള്ള ഉക്രേനിയൻ നഗരമായ ഒലെഷ്കിയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച, സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തോട് താൻ ക്രമേണ തന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് പോപ്പ് പറഞ്ഞിരുന്നു.

തനിക്കായി പ്രാർത്ഥിച്ചവർക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ഈ അനുഭവം "രോഗത്തിലൂടെയോ അവശതയിലൂടെയോ കടന്നുപോകുന്ന എല്ലാവരോടും" തന്നെ കൂടുതൽ അടുപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെക്കേ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമാകുന്ന ക്ലിനിക്കൽ കാരണങ്ങളൊന്നുമില്ലെന്ന് മാർഗരിറ്റോറ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാൽ സുഖം പ്രാപിക്കാൻ സഹായിക്കുന്നതിന് പോപ്പ് തന്റെ ഷെഡ്യൂളിന്റെ വേഗത ക്രമീകരിക്കേണ്ടി വന്നേക്കാമെന്ന് വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറി സൂചിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - doctors says Pope will not need further cancer treatment
Next Story