ശ്വാസകോശത്തിൽ മുഴ; ലിയോ പതിനാലാമൻ മാർപാപ്പക്ക് ശസ്ത്രക്രിയ
text_fieldsലിയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ സിറ്റി: ലിയോ മാർപാപ്പയുടെ ശ്വാസകോശത്തിൽ ചെറിയ മുഴ (nodule) കണ്ടെത്തിയതായുള്ള റിപ്പോർട്ടിനെ തുടർന്ന് ഈ ആഴ്ച ശസ്ത്രക്രിയക്ക് വിധേയനാകുമെന്ന് വത്തിക്കാൻ അറിയിച്ചു. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുകൂടിയ തീർഥാടകരെ അഭിസംബോധന ചെയ്ത് നടത്തിയ ഞായറാഴ്ച പ്രാർത്ഥനക്കിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 71 കാരനായ മാർപാപ്പയുടെ സ്ഥാനാരോഹണത്തിനു ശേഷമുള്ള ആദ്യത്തെ ആരോഗ്യപ്രശ്നമാണിത്.
ശ്വാസകോശത്തിൽ കണ്ടെത്തിയ മുഴ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞതാണെന്ന് മാർപാപ്പ വ്യക്തമാക്കി. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വരുന്ന ദിവസങ്ങളിൽ തന്നെ ശസ്ത്രക്രിയ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം ഏകദേശം ഒരാഴ്ചത്തെ വിശ്രമം ആവശ്യമായി വരുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചിട്ടുണ്ട്. ശ്വാസകോശത്തിലെ മുഴ കാൻസർ ആകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് അമേരിക്കൻ തൊറാസിക് സൊസൈറ്റിയുടെ വിലയിരുത്തൽ. പ്രായവും വലിപ്പവും ഉൾപ്പെടെയുള്ള ഘടകങ്ങളെ ആശ്രയിച്ചാണ് ഇതിന്റെ റിസ്ക് കണക്കാക്കുന്നത്.
2025 മേയിലാണ് ലിയോ മാർപാപ്പ സഭാമേധവിയായി തെരഞ്ഞെടുക്കപ്പെട്ടത്. സഭാതലവന്മാരെ അപേക്ഷിച്ച് താരതമ്യേന പ്രായം കുറഞ്ഞ ആളാണ് അദ്ദേഹം. മുൻകാലങ്ങളിൽ അദ്ദേഹത്തിന് വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ വാർദ്ധക്യസഹജമായ അവശതകളെ തുടർന്ന് 88-ാം വയസ്സിലാണ് അന്തരിച്ചത്.
വരുന്ന നവംബർ 6 മുതൽ 17 വരെ ഉറുഗ്വായ്, അർജന്റീന, പെറു എന്നീ രാജ്യങ്ങളിൽ 11 ദിവസത്തെ പര്യടനം നടത്താൻ ലിയോ മാർപാപ്പ നിശ്ചയിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളും ശസ്ത്രക്രിയയും പര്യടനത്തെ ബാധിക്കുമോ എന്ന കാര്യത്തിൽ വത്തിക്കാൻ ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തന്റെ സന്ദർശനത്തിനായി വിശ്വാസികൾ പ്രാർഥിക്കണമെന്ന് പ്രസംഗവേളയിൽ മാർപാപ്പ അഭ്യർഥിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

