കാനഡയിൽ വെടിവെപ്പ്; പഞ്ചാബ് സ്വദേശിയുൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു
text_fieldsസറേ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ വാൾമാർട്ട് സ്റ്റോറിന്റെ പാർക്കിങ് ഏരിയയിലുണ്ടായ വെടിവെപ്പിൽ പഞ്ചാബ് സ്വദേശിയായ 24കാരനും 23കാരിയും കൊല്ലപ്പെട്ടു. 15ന് രാത്രി വടക്കുപടിഞ്ഞാറൻ സറേയിലെ 88-ാം അവന്യൂവിനും 124-ാം സ്ട്രീറ്റിനും സമീപമായിരുന്നു സംഭവം. ആസൂത്രിത ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആയുധങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ യുവാവ് നേരത്തെയും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് അന്വേഷണസംഘം അറിയിച്ചു.
ഇരുവരെയും പ്രത്യേകം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നതെന്ന് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം (ഐ.എച്ച്.ഐ.ടി) സർജന്റ് ഫ്രെഡ ഫാങ് പറഞ്ഞു. സംഭവത്തിന് സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടാകാമെന്നും അവർ വ്യക്തമാക്കി.
വെടിവെപ്പിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ വെടിവെപ്പ് നടന്ന സ്ഥലത്തുനിന്ന് അഞ്ച് മിനിറ്റ് യാത്രാദൂരത്തിലുള്ള പ്രിൻസസ് ഡ്രൈവിൽ ഒരു കാർ കത്തിയ നിലയിൽ കണ്ടെത്തി.
അക്രമികൾ ഉപയോഗിച്ച വെളുത്ത സെഡാൻ കാറാണിതെന്നാണ് പൊലീസിന്റെ സംശയം. വെടിയുണ്ടകളുടെ അടയാളങ്ങളുള്ള ചുവന്ന ഫോർഡ് മുസ്താങും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
വാൾമാർട്ട് പാർക്കിങ് ഏരിയയിൽ പൊലിസ് പരിശോധന തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചശേഷം പേരുകൾ പുറത്തുവിടുമെന്ന് അന്വേഷണസംഘം അറിയിച്ചു.

