കുൽഗാമിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു; സിആർപിഎഫ് ക്യാമ്പ് ആക്രമണവുമായി ബന്ധമുള്ളവരെന്ന് റിപ്പോർട്ട്
text_fieldsജമ്മു കശ്മീലെ കുല്‍ഗ്രാമില്‍ ഏർപ്പെടുത്തിയ സുരക്ഷ
ശ്രീനഗര്‍: ജമ്മു കശ്മീലെ കുല്‍ഗാമില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. കുൽഗാമിൽ സി.ആർ.പി.എഫ് ക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുഹമ്മദ് ലത്തീഫ് ഭട്ടും ഇദ്ദേഹത്തിന്റെ സഹായിയുമാണ് കൊല്ലപ്പെട്ടത്. സി.ആർ.പി.എഫ് ബൂത്തിന് നേരെ വെടിവെച്ചവർ ഇവരെന്നാണ് റിപ്പോർട്ടുണ്ട്.
കഴിഞ്ഞ 11ന് കുല്‍ഗാമിലെ മിർ ബസാറിന് സമീപമുള്ള സെൻട്രൽ റിസർവ് പൊലീസ് സേനയുടെ പോസ്റ്റിന് നേരെ അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തില്‍ മൂന്ന് സി.ആർ.പി.എഫ് ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ബൈക്കിലെത്തിയ സംഘം നാക്കയില്‍ വിന്യസിച്ചിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പരിക്കേറ്റ ജവാന്മാരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഓടിരക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗുലാം ജീലാനി റേഷി എന്നയാളെ സംശയാസ്പദമായ രീതിയില്‍ പിടികൂടി.
തംഗ്മാര്ഗിലെ ബദര്‍കോട്ട് വനമേഖലയില്‍ പൊലീസും മറ്റ് സുരക്ഷാ സേനകളും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. രണ്ട് ഹാന്‍ഡ് ഗ്രനേഡ് സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്.
കുൽഗാം ആക്രമണം നടന്ന് 24 മണിക്കൂറിനുള്ളിൽ കിഷ്ത്വാർ ജില്ലയിലും ഭീകരാക്രമണം നടന്നിരുന്നു. ഇവിടെയുണ്ടായ ആക്രമണത്തിൽ സ്പെഷൽ പൊലിസ് ഓഫിസർമാരായ ബാബി ചന്ദ്, യാശ്പാൽ കുമാർ എന്നിവർ വീരമൃത്യു വരിച്ചിരുന്നു.

