ഫോൺപേയെ കൈവെടിഞ്ഞ് മൈക്രോസോഫ്റ്റ്; 4.59 കോടി ഓഹരി വിൽക്കാൻ വാൾമാർട്ട്
text_fieldsമുംബൈ: രാജ്യത്തെ മുൻനിര ഡിജിറ്റൽ പെയ്മെന്റ് കമ്പനിയായ ഫോൺപേയിലെ നിക്ഷേപം മൈക്രോസോഫ്റ്റും ടൈഗർ ഗ്ലോബലും വിറ്റൊഴിവാക്കുന്നു. പ്രഥമ ഓഹരി വിൽപനയിലൂടെയായിരിക്കും (ഐ.പി.ഒ) നിക്ഷേപം ഒഴിവാക്കുക. ഐ.പി.ഒക്ക് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ച ശേഷം സമർപ്പിച്ച പുതുക്കിയ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസിലാണ് ഇക്കാര്യം പറയുന്നത്. ഫോൺപേയുടെ ഐ.പി.ഒയിൽ പൂർണമായും നിക്ഷേപകരുടെ 5.06 കോടി ഓഹരികളാണ് (ഓഫർ ഫോൺ സെയ്ൽ) വിൽപ്പനക്ക് വെക്കുക.
രാജ്യത്ത് ഡിജിറ്റൽ പെയ്മെന്റ് രംഗത്ത് വൻ മുന്നേറ്റമുണ്ടായ ശേഷം ആദ്യമായാണ് വിദേശ നിക്ഷേപകർ ഓഹരികൾ വിൽപന നടത്തുന്നത്. നിലവിൽ ഉടമയായ യു.എസിലെ ബഹുരാഷ്ട്ര കമ്പനി വാൾമാർട്ട് ഇന്റർനാഷനൽ ഹോൾഡിങ്സ് 4.59 കോടി ഓഹരികൾ വിൽക്കും. 9.06 ശതമാനം ഓഹരി വിൽപനയാണ് നടത്തുന്നതെങ്കിലും വാൾമാർട്ട് പ്രമോട്ടറായി തുടരും. ഡബ്ല്യു.എം ഡിജിറ്റൽ കോമേഴ്സ് ഹോൾഡിങ്സ് എന്ന കമ്പനിയിലൂടെയാണ് വാൾമാർട്ട് നിക്ഷേപം നടത്തിയിരിക്കുന്നത്. ടൈഗർ ഗ്ലോബലും മൈക്രോസോഫ്റ്റ് ഗ്ലോബൽ ഫിനാൻസ് അൺലിമിറ്റഡും ചേർന്ന് 47.17 ലക്ഷം ഓഹരികൾ വിൽപന നടത്തി കമ്പനിയിൽനിന്ന് പിൻമാറും.
2015ൽ സമീർ നിഗം, രാഹുൽ ചാരി, ബർസിൻ എൻജിനിയർ തുടങ്ങിയവർ ചേർന്നാണ് ഫോൺപേ സ്ഥാപിച്ചത്. കഴിഞ്ഞ വർഷം ഫ്ലിപ്കാർട്ട് ഏറ്റെടുത്തതോടെ രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായി വളരുകയായിരുന്നു. ഡിസംബറിൽ മാത്രം 13.60 ലക്ഷം കോടി രൂപയുടെ ഇടപാടാണ് ഫോൺപേയിൽ നടന്നത്. ഗൂഗിൾപേയിൽ 9.60 ലക്ഷം കോടി രൂപയുടെ ഇടപാട് നടന്നു. 15 ബില്ല്യൻ ഡോളർ മൂല്യമുള്ള കമ്പനി, ഐ.പി.ഒയിലൂടെ 1.6 ബില്ല്യൻ ഡോളർ സമാഹരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

