Begin typing your search above and press return to search.
proflie-avatar
Login

ഗസ്സയിലെ ഇസ്രായേൽ ആക്രമണവും പാശ്ചാത്യമാധ്യമങ്ങളുടെ വെളുപ്പിക്കൽ രീതികളും

ഫലസ്തീനികളെ മനുഷ്യരായിപ്പോലും പരിഗണിക്കാത്ത ലോകമാധ്യമങ്ങളുടെ നിലപാടുകളെ തുറന്നുകാണിക്കുന്നു. കാനഡയിലെ മൗണ്ട് റോയൽ യൂണിവേഴ്സിറ്റി സോഷ്യോളജി അസോസിയേറ്റ് പ്രൊഫസറാണ് ലേഖകൻ. വിവർത്തനം: കെ.പി. മൻസൂർ അലി.

ഗസ്സയിലെ ഇസ്രായേൽ ആക്രമണവും പാശ്ചാത്യമാധ്യമങ്ങളുടെ വെളുപ്പിക്കൽ രീതികളും
cancel
camera_alt

ഇസ്രായേൽ ആക്രമണത്തിൽ തകർന്ന വീടുകൾ

യൂറോപിലെയും വടക്കേ അമേരിക്കയിലെയും മാധ്യമങ്ങൾ ഗസ്സ തുരുത്തിനുമേൽ ഏറ്റവുമൊടുവിൽ നടന്ന ആക്രമണങ്ങളെ 'അതിർത്തികൾ', 'ഇസ്രായേലിന്റെ സ്വയം പ്രതിരോധം', 'നിരപരാധികൾ ഇരകളാകാത്ത ആക്രമണം', 'ഫല്സ്തീനി ഭീകരത' എന്നിങ്ങനെയുള്ള കാഴ്ചക്കൂടിലൂടെയാണ് കാണാനും കാണിക്കാനും ശ്രമിച്ചത്. അപൂർവം ചില മാധ്യമങ്ങൾ അപവാദമായുണ്ട്.

യൂറോപിലെയും അമേരിക്കയിലെയും ശ്രോതാക്കൾക്കു പാകമായി ഫലസ്തീനി ഭീകരതയെ പെരുപ്പിക്കാൻ മാധ്യമങ്ങൾ മത്സരിച്ചു. ഇസ്രായേലിനെ ഗസ്സയുമായി വേർതിരിച്ചുനിർത്തിയ അതിരുകൾ ഫലസ്തീനികൾ അംഗീകരിച്ചുകഴിഞ്ഞതാണെന്നും ഭീകരതയും സംഹാരവും മാത്രം അറിയുന്നവരാണ് ഇക്കൂട്ടരെന്നും പ്രചരിപ്പിച്ചു. ഇവരെ മുന്നോട്ട് നയിക്കുന്നത് പ്രാകൃതമായ ഇസ്‍ലാമിസ്റ്റ് ചിന്തയാണെന്നും എഴുതി. എല്ലായിടത്തുമുണ്ട് ഈ അസംബന്ധജൽപനം. വ്യത്യസ്ത രൂപങ്ങളിലും സ്വരങ്ങളിലുമൊക്കെയായി രാഷ്ട്രീയ ചക്രവാളത്തിലുടനീളം ഇത് ദൃശ്യമാണ്. എല്ലാതരം രാഷ്ട്രീയ വകഭേദങ്ങളിലും ദർശനങ്ങളിലും സർവവ്യാപിയായതിനാൽ പൊതുവായ ലോകകാഴ്ചയും അങ്ങനെതന്നെയായിരിക്കുന്നു.

നിർഭാഗ്യവശാൽ, യാഥാർഥ്യവുമായി പുലബന്ധമില്ലാത്ത പൊതുധാരണകൾ പൊതുവായി സ്വീകരിക്കപ്പെട്ട് 'വസ്തുതപരമായ അറിവി'െൻറ പരിവേഷമണിയാറുണ്ട്. ആകസ്മികമായി സംഭവിച്ചുപോകുന്നതല്ല ഇത്. വസ്തുതകൾ മൂടിവെക്കുന്നതിെൻറ പ്രയോജനം ലഭിക്കുന്ന, അധികാരം നിലനിർത്താനും വ്യാപിപ്പിക്കാനും വേണ്ടി എന്തും ചെയ്യുന്നവരുടെ നടപടികളാണിത്.

ഇസ്രായേലി കുടിയേറ്റ കോളനി പദ്ധതികൾ പ്രകാരം, ഗസ്സ തുരുത്തെന്നാൽ മനുഷ്യരായി പരിഗണിക്കപ്പെടാൻ യോഗ്യതയില്ലാത്ത ഒരു വിഭാഗം വസിക്കുന്ന വേറിട്ട ഇടമാണ്. ഇവിടെ താമസിക്കുന്ന ഫലസ്തീനികൾ ഇസ്രായേലിനെ ആക്രമിക്കുന്ന ഭീകരജന്തുക്കളാണ്. സംഹാരവും ഹിംസയും ഭീകരതയും മാത്രമറിയുന്നവർ. അതിനാൽ, ഈ ജന്തുക്കൾക്കുനേരെ ഇസ്രായേലിന് എന്തും ചെയ്യാം. ഈ ജന്തുക്കളുടെ ഭീകരതക്കെതിരെ ചെയ്യുന്നതെന്തിനും ഇസ്രായേലിന് ന്യായമുണ്ട്. അത് ചിലപ്പോൾ ധാർമികമായ അരിശമാകാം. ചിലപ്പോൾ വന്യമൃഗ സമാനമായ അതിക്രമമാകാം. പല തലങ്ങളിൽ ഇതിനെ നിരീക്ഷിക്കപ്പെടാം. അവയിൽ ഹിതമായത്, ഫലസ്തീനിൽ ഏറ്റവുമൊടുവിലെ ഇസ്രായേലി കുരുതിയെ ഒട്ടും തീവ്രമല്ലാത്തതായി അവതരിപ്പിച്ച രീതി തന്നെയാണ്.

ഫലസ്തീനി കുരുതിയെ മൂന്ന് പ്രമുഖ മാധ്യമങ്ങൾ അവതരിപ്പിച്ചത് നോക്കാം. ഏറ്റവും ശ്രദ്ധേയമായത് ഈ മൂന്നു മാധ്യമങ്ങളും ഉപയോഗിക്കുന്ന ഒരുപോലുള്ള പദാവലികളാണ്. അഞ്ചു വയസ്സുകാരിയായ അലാ ഖദ്ദൂമിനെ മൃഗീയമായി അരുംകൊല നടത്തിയത് പറഞ്ഞയുടൻ, അതേ ആക്രമണത്തിൽ തീവ്രവാദികളെയും കൊലപ്പെടുത്തിയിട്ടുണ്ടെന്ന ഇസ്രായേൽ അവകാശവാദം ചേർത്തുപറയുന്നു. കുഞ്ഞിെൻറ ദാരുണ മരണം കണ്ട് വായനക്കാരന്റെ നെഞ്ചു തകർന്നുപോകുമെന്ന് മനസ്സിലാക്കിയിട്ടാകണം, ഫലസ്തീനികളാണ് ഭീകരർ എന്നും അവർ കൊല്ലപ്പെടണമെന്നും ഓർമപ്പെടുത്തുന്നത്. ഭീകര ജന്തുക്കളെ ശരിപ്പെടുത്തുകയായതിനാൽ ഇസ്രായേലി ഭീകരത മനസ്സിലാക്കാവുന്നതാണ് എന്നു സാരം.

ബി.ബി.സി റിപ്പോർട്ട് ഇങ്ങനെ:

''ആക്രമണം ആരംഭിച്ച ശേഷം നാല് (ഫലസ്തീനി ഇസ്ലാമിക് ജിഹാദ്) ഭീകരരും- തയ്സീർ ജബരി ഉൾപ്പെടെ- ഒരു അഞ്ചു വയസ്സുകാരിയും കൊല്ലപ്പെട്ടിട്ടുണ്ട്. 55 പേർക്ക് പരിക്കേറ്റതായും അവർ പറയുന്നു. ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞത്, സൈനികർ 'അനുമാനിക്കുന്നത് 15 ഓളം ഭീകരരെ വധിച്ചിട്ടുണ്ടെന്നാണ്'.

സി.എൻ.എൻ റിപ്പോർട്ട്:

''ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചത് അഞ്ചുവയസ്സുകാരി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്. 75 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രായേൽ ഉറപ്പുപറയുന്നത്, കൊല്ലപ്പെട്ടതിലേറെയും ഭീകരരാണെന്നാണ്''.

എന്നും കൂടുതൽ ആകാംക്ഷ കാട്ടുന്ന സി.ബി.സി ഇത്തിരി കടന്നാണ് റിപ്പോർട്ട് ചെയ്തത്:

''ഒരു അഞ്ചു വയസ്സുകാരിയും 23 വയസ്സുള്ള സ്ത്രീയും കൊല്ലപ്പെട്ടതായും 55 പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പറയുന്നു. സാധാരണക്കാരുടെയും തീവ്രവാദികളുടെയും കണക്ക് അതിലില്ല. ഇസ്രായേൽ സൈന്യം പറയുന്നത് 15 പോരാളികൾ കൊല്ലപ്പെട്ടുവെന്നാണ്''.

അഞ്ചു വയസ്സുകാരി തീവ്രവാദിയല്ലെന്നും സാധാരണക്കാരിയാണെന്നും സി.ബി.സിയോട് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പറയേണ്ടതുണ്ടാകണം. ഒന്നുകൂടി പറഞ്ഞാൽ, പരിക്കേറ്റോ കൊല്ലപ്പെട്ടോ ഒരാളെ കൊണ്ടുവന്നാൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കുടുംബത്തോട് ആദ്യം ചോദിച്ച് ഉറപ്പുവരുത്തേണ്ടത് ഇയാൾ ഭീകരനാണോ അല്ലയോ എന്നാണ്. അതും ഇസ്രായേൽ-കാനഡ പദ വ്യവഹാരങ്ങൾ പ്രകാരം.

മൂന്നു റിപ്പോർട്ടുകളിലും കൊല്ലപ്പെട്ടവരുടെ കണക്ക് അവതരിപ്പിച്ചത് എത്ര 'ഫലസ്തീനി ഭീകരർ' എന്നതുവെച്ചാണ്. ഈ റിപ്പോർട്ടുകളിലൊന്നും അഞ്ചുവയസ്സുകാരിക്ക് പേരില്ല. കൊല്ലപ്പെട്ട മറ്റുള്ളവർക്കുമില്ല. സായുധധാരിയായ തയ്സീർ അൽജബരിക്ക് ​പക്ഷേ കൃത്യമായ പേരുണ്ട്. അയാളുടെ പേരും വിശേഷണവും മറ്റുള്ളവരുടെത് കൂടിയായി ഭവിക്കുക സ്വാഭാവികം. അവിടെയാണ് മെനഞ്ഞെടുക്കലിെൻറ സത്തയും സാധ്യതയും. ഇസ്രായേലി അധിനിവേശത്തിന് അതത് രാജ്യങ്ങൾ നൽകുന്ന സാമ്രാജ്യത്വ പിന്തുണയുടെ ഭാഗമല്ല ആകസ്മികമായ ഈ സമാനതകൾ എന്ന് എനിക്കുറപ്പാണ്.

ഇതോടൊപ്പം അൽജസീറ റിപ്പോർട്ട് കൂടി ചേർത്തുവായിക്കണം:

''തയ്സീർ അൽജബരിയും അഞ്ചു വയസ്സുകാരിയുമുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ ആക്രമണങ്ങളിൽ ചുരുങ്ങിയത് 55 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അവർ ആശുപത്രികളിൽ ചികിത്സയിലാണ്. അഞ്ചു വയസ്സുകാരിയായ അല ഖദ്ദൂം പിതാവിനൊപ്പം സാധനം വാങ്ങാൻ മോട്ടോർ ബൈക്കിൽ ഗ്രേസറിയിൽ പോകവെ മിസൈൽ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പിതാവും കൊല്ലപ്പെട്ടു. 'അവളുടെ മാതാവ് റശ കടുത്ത ആഘാതത്തിലാണ്. ഒരു നിമിഷത്തിനിടെ മകളെയും ഭർത്താവിനെയുമാണ് അവർക്ക് നഷട്മായത്. മൂന്നുമക്കളും അവരും മാത്രമാണ് അവശേഷിക്കുന്നത്. ഇതുപോലെ കൊല ചെയ്യപ്പെടാൻ ആ അഞ്ചു വയസ്സുകാരി എന്തുപിഴച്ചു?'-' ബന്ധുവായ മുഹമ്മദ് അബൂ ജബൽ അൽജസീറയോട് ചോദിച്ചു.

ഫലസ്തീനികളെ ഭീകരജന്തുക്കളായി കാണുന്ന ആഗോളവീക്ഷണവും അവരെ മനുഷ്യരായി കാണുന്ന മറ്റൊന്നും തമ്മിലെ അകലം പറയാതെ വയ്യ. വിലമതിക്കാനാവാത്ത അലയുടെ ജീവൻ, അവളുടെ പിതാവിെൻറ ജീവൻ, ബാക്കിയാകുന്നവരുടെ ജീവൻ- അവക്കൊക്കെയും പേരുകേട്ട ഈ മാധ്യമ സ്ഥാപനങ്ങളിൽ ഊതിവീർപിച്ച ശമ്പളം പറ്റുന്ന, മാധ്യമ പ്രവർത്തകരെന്ന് സ്വയം വിശേഷിപ്പിക്കുന്നവരെക്കാൾ വിലയുണ്ട് തീർച്ച.

ഗസ്സയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 16 കുഞ്ഞുങ്ങളുടെ ചിത്രം

കുടിയേറ്റ, സാമ്രാജ്യത്വ, മൃഗീയ യാഥാർഥ്യം ഗസ്സ മുനമ്പുൾപ്പെടുന്ന ഫലസ്തീനിലെ ചരിത്ര ഭൂമിക്കു മേൽ ഇസ്രായേലി കുടിയേറ്റ, സാമ്രാജ്യത്വ പരമാധികാരത്തിെൻറ സർവാധിപത്യവും അധികാരപ്രയോഗവും ഈ യൂറോ-അമേരിക്കൻ വ്യവഹാരങ്ങൾ കാണാതെ പോകുന്നുവെന്നതാണ് യാഥാർഥ്യം.

ഫലസ്തീനി പണ്ഡിതനായ താരിഖ് ബാകൂനി കഴിഞ്ഞ വർഷം വ്യക്തമാക്കിയപോലെ ഗസ്സ മുനമ്പ് വേറിട്ട അധ്യായമൊന്നുമല്ല. ഇസ്രായേലി കൊളോണിയലിസത്തിനു പുറത്തുമല്ല. 2005ൽ അന്നത്തെ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ ആരംഭിച്ച 'വേർപെടുത്തൽ പദ്ധതി'യുടെ ഭാഗമാണ്. ''ഭൂമി കൂട്ടിച്ചേർക്കലും ഒരു ജനവിഭാഗത്തെ ഒറ്റപ്പെടുത്തലുമടങ്ങുന്ന പ്രക്രിയകളുടെ തുടർച്ചയാണ് ഗസ്സ തുരുത്ത്. ഫലസ്തീനിന്റെ ചരിത്രമണ്ണിൽ അത് നിത്യേന അവർ തുടരുകയും ചെയ്യുന്നു''.

ബാകോനി ചൂണ്ടിക്കാട്ടുന്നത്, മറ്റു കുടിയേറ്റ അധിനിവേശകർ ചെയ്യുംപോലെ തദ്ദേശീയ ജനതയെ (ഇവിടെ ഫലസ്തീനികൾ) ആട്ടിപ്പായിച്ച് പകരം കുടിയേറ്റക്കാരെ (ഇവിടെ ജൂതർ) പാർപ്പിക്കുന്നതാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇസ്രായേൽ നയങ്ങൾ, അതിക്രമം, പദ്ധതികൾ, നടപടികൾ തുടങ്ങി എല്ലാറ്റിലും ഭൂമിയും ജനസംഖ്യയും പരമപ്രധാനമാണ്.

1948ലെ സാമ്രാജ്യത്വ അധിനിവേശത്തിലൂടെ പുറന്തള്ളപ്പെട്ട ഫലസ്തീനികളെ ഒരു കൊച്ചുസ്ഥലത്ത് കൂട്ടമായി പാർപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. യഥാർഥത്തിൽ ഗസ്സയിലെ ജനങ്ങൾക്കുമേൽ അല്ല ഉപരോധം. പകരം, തകർക്കപ്പെടുകയോ തുടച്ചുനീക്കപ്പെടുകയോ ചെയ്ത എല്ലാ ഫലസ്തീൻ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ജനങ്ങൾക്കുമേലാണ്. ഒരു ഒത്തുതീർപിൽ എല്ലാം അവസാനിക്കുന്ന സാധാരണമായ ആധുനിക ഉപരോധമല്ല ഇത്.

ദുർബലമാക്കുകയല്ല, ഫലസ്തീൻ ഭൂമി പൂർണമായി ഫലസ്തീനികൾക്ക് വേണമെന്നു പറയുന്ന, എല്ലാതരം ചെറുത്തുനിൽപിനെയും തുടച്ചുനീക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ഉപരോധം. കഴിഞ്ഞ 100 വർഷമായി നിലനിന്ന, ഇനിയൊരു 100 വർഷം കൂടി ഉറപ്പായും തുടരുന്ന ഈ സമരം അവസാനിക്കില്ലെന്നതിനാൽ ഗസ്സക്കുമേലുള്ള ഇസ്രായേൽ ഉപരോധം ഉടനൊന്നും അവസാനിക്കാൻ പോകുന്നില്ല. ഉന്മൂലനം ചെയ്യാനാകാത്ത ഒന്നിനെ ഇല്ലാതാക്കലാണ് ലക്ഷ്യമെന്നതുതന്നെ വിഷയം.

ഈ പശ്ചാത്തലത്തിൽ വേണം ഈ സൈനിക അതിക്രമങ്ങളെ വായിക്കാൻ. ഫലസ്തീനിയുടെ അവസാനിക്കാത്ത ചെറുത്തുനിൽപ് വീര്യത്തെ പൊട്ടിക്കാനാണ് ഈ ആക്രമണം. ഫലസ്തീനികളുടെ ജീവിതമാകട്ടെ, മരണമാകട്ടെ രണ്ടിലും അന്തിമ വാക്ക് തങ്ങളുടെതാണെന്ന് ആണയിടുകയാണ് തുടർച്ചയായി ഇസ്രായേൽ ചെയ്തുകൊണ്ടിരിക്കുന്നത്. ഇസ്രായേലാണ് പരമാധികാരി. മണ്ണിെൻറ ഉടമയും. ഇനിയെന്നെങ്കിലും മോചനത്തിലേക്ക് ഉണരാമെന്ന ഫലസ്തീനിയുടെ സ്വപ്നങ്ങൾ അവർക്ക് തച്ചുടക്കണം.

പിന്തുണ അരക്കിട്ടുറപ്പിച്ച് ബൈഡന്റെ ഒടുവിലെ സന്ദർശനവും ആസന്നമായ ഇസ്രായേൽ തെരഞ്ഞെടുപ്പും തുടങ്ങി ഏറ്റവും പുതിയ കാരണങ്ങൾ ചിലത് ആക്രമണത്തിനു പിന്നിലുണ്ടെന്ന വിലയിരുത്തലുകളെ ഞാൻ തള്ളുന്നില്ല. എന്നാൽ അവപോലും, തദ്ദേശീയരായ ഫലസ്തീനികളെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിടുന്ന സാമ്രാജ്യത്വ അധിനിവേശമെന്ന അടിസ്ഥാന വിഷയത്തിന്റെ ഭാഗമാണെന്നതാണ് വസ്തുത. ഫലസ്തീനികളുടെ സ്വാതന്ത്ര്യത്തിന് യൂറോ-അമേരിക്കൻ സാമ്രാജ്യത്വ അധീശ മനസ്സ് അംഗീകാരം നൽകിയിട്ടുണ്ടാകില്ല. എന്നാൽ, നിയമ സാധുത അവകാശപ്പെടുന്ന ഏതുതരം സ്വാതന്ത്ര്യത്തേക്കാളും പ്രാമാണികത നിലനിൽക്കുന്നതാണ് അവരുടെ പരമാധികാരം. ഫലസ്തീൻ മണ്ണ് യാഥാർഥ്യമാണെന്ന പോലെ യാഥാർഥ്യമാണ് ഫലസ്തീനികളും.

അതുപോലൊരു സ്വാതന്ത്ര്യം ഇസ്രായേലിനും അവകാശമുള്ളതാണ്. അതുപക്ഷേ, ഇസ്രായേലിനെ അടിസ്ഥാനപരമായി മാറ്റിയെടുത്താകണം. നിലവിലെ സയണിസ്റ്റ് കുടിയേറ്റ പദ്ധതിയിലൂടെയാകരുത്.

പൊതു സംവാദങ്ങളിൽ ഇസ്രായേലി സാമ്രാജ്യത്വം സാധുവായി നിലനിൽക്കുന്നിടത്തോളം 15 വർഷമായുള്ള ഉപരോധവും നിലനിൽക്കും. അരുംകൊലകളും തുടരും. 100 വർഷമായുള്ള ഫലസ്തീനി പലായനവും അതേ പടി നിലനിൽക്കും, ഒപ്പം ഫലസ്തീനി ചെറുത്തുനിൽപും. ഈ അടിസ്ഥാന സത്യം ഇസ്രായേലും സഖ്യകക്ഷികളും എത്ര വേഗത്തിൽ മനസ്സിലാക്കുന്നോ അത്രയൂം വേഗത്തിൽ, ഇസ്രായേലി കുടിയേറ്റ പ്രചാരവേലകൾക്കു പകരം കോളനി മുക്ത ബദൽ നമുക്ക് പടുത്തുയർത്താം.

Show More expand_more
News Summary - When will the settler colonial siege of the Gaza Strip end?