Begin typing your search above and press return to search.
proflie-avatar
Login

അട്ടപ്പാടിയിലെ രാം രാജിന് ആര് നീതി നൽകും?

അട്ടപ്പാടിയിലെ രാം രാജിന്   ആര് നീതി നൽകും?
cancel

അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി അന്യായമായ വിധത്തിൽ കൈയേറുന്നത്​ തുടരുകയാണ്​. അതി​ന്റെ പ്രത്യക്ഷമായ തെളിവാണ്​ രാം രാജി​ന്റെ അപേക്ഷകൾ. എന്തുകൊണ്ടാണ്​ അട്ടപ്പാടിയിലെ ഭൂ കൈയേറ്റങ്ങൾ പൊതുസമൂഹത്തിന്​ വിഷയമല്ലാതായി മാറുന്നത്​? -അന്വേഷണം.തനിക്ക് എന്ന്, ആര് നീതി നൽകും? അട്ടപ്പാടിയിലെ ആദിവാസിയായ രാം രാജ് എന്ന 25കാരന്റെ ചോദ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയന് രാം രാജ് എഴുതിയ കത്തിന്റെ ഉള്ളടക്കവും അതാണ്. രാം രാജി​ന്റെ മുത്തശ്ശിയിൽനിന്ന് അരനൂറ്റാണ്ട് മുമ്പ് ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത മൂന്നേക്കർ ഭൂമിതിരിച്ചുനൽകണമെന്ന് ഒറ്റപ്പാലം സബ് കലക്ടർ ഉത്തരവിട്ടത് 1987ലാണ്. മൂന്നര പതിറ്റാണ്ട്...

Your Subscription Supports Independent Journalism

View Plans
അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി അന്യായമായ വിധത്തിൽ കൈയേറുന്നത്​ തുടരുകയാണ്​. അതി​ന്റെ പ്രത്യക്ഷമായ തെളിവാണ്​ രാം രാജി​ന്റെ അപേക്ഷകൾ. എന്തുകൊണ്ടാണ്​ അട്ടപ്പാടിയിലെ ഭൂ കൈയേറ്റങ്ങൾ പൊതുസമൂഹത്തിന്​ വിഷയമല്ലാതായി മാറുന്നത്​? -അന്വേഷണം.

തനിക്ക് എന്ന്, ആര് നീതി നൽകും? അട്ടപ്പാടിയിലെ ആദിവാസിയായ രാം രാജ് എന്ന 25കാരന്റെ ചോദ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയന് രാം രാജ് എഴുതിയ കത്തിന്റെ ഉള്ളടക്കവും അതാണ്.

രാം രാജി​ന്റെ മുത്തശ്ശിയിൽനിന്ന് അരനൂറ്റാണ്ട് മുമ്പ് ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത മൂന്നേക്കർ ഭൂമിതിരിച്ചുനൽകണമെന്ന് ഒറ്റപ്പാലം സബ് കലക്ടർ ഉത്തരവിട്ടത് 1987ലാണ്. മൂന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഉത്തരവ് ചുവപ്പുനാടയിലാണ്. ടി.എൽ.എ (ട്രൈബൽ ഭൂമി അന്യാധീനപ്പെട്ടത്) കേസിൽ സുപ്രീംകോടതിയുടെ അന്തിമവിധി വന്നത് 2011ൽ. ഇതുവരെയും കോടതിവിധി നടപ്പാക്കാൻ മാറിവന്ന സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ല. ആദിവാസികൾക്ക് അനുകൂലമായ സുപ്രീംകോടതി വിധി നടപ്പാക്കാത്തതിന്റെ കാരണം എന്തെന്ന് മണ്ണാർക്കാട് എം.എൽ.എ എൻ. ഷംസുദ്ദീൻ ഉൾപ്പെടെ ഒരാളും നിയമസഭയിൽ ഉന്നയിച്ചില്ല.

സർക്കാർ കണക്ക് പ്രകാരം അട്ടപ്പാടിയിലെ 995 ആദിവാസി കുടുംബങ്ങളാണ് അന്യാധീനപ്പെട്ട ഭൂമിക്ക് (ടി.എൽ.എ കേസ്) വേണ്ടി ഇങ്ങനെ തലമുറകളായി യാചിക്കുന്നത്. ടി.എൽ.എ കേസിൽ കൈയേറ്റക്കാർക്ക് അനുകൂലമായി ഉത്തരവ് ധാരാളമുണ്ടായി. ആ ഭൂമികളെല്ലാം പലതവണ വിൽപന നടത്തി. പലയിടത്തും റിസോർട്ടുകളടക്കം നിർമിച്ചുകഴിഞ്ഞു.

അട്ടപ്പാടി ഭൂതിവഴി ഊരിലെ പൊന്നിക്ക് രണ്ടു മക്കളാണുണ്ടായിരുന്നത്. രാമിയും രങ്കനും –രാമിക്ക് മൂന്ന് മക്കൾ. മൂത്തയാൾ മരിച്ചു. ആണ്ടിയും ശിവയുമാണ് മറ്റു രണ്ടുപേർ. ആണ്ടിക്ക് മൂന്നു മക്കൾ ഉണ്ട് –ധർമരാജ്, ജ്യോതി, രാം രാജ്. പൊന്നിയുടെ മരണത്തിനുശേഷം രങ്കനാണ് ഭൂമിക്കുവേണ്ടി അപേക്ഷ നൽകി റവന്യൂ ഓഫിസുകൾ കയറിയത്. ഒടുവിൽ രങ്കനും ലോകത്തോട് വിടപറഞ്ഞു. പൊന്നിയുടെ മകൾ രാമിയുടെ മകനായ ആണ്ടിയുടെ മകനാണ് രാം രാജ്. ആ ആദിവാസി കുടുംബത്തിലെ നാലാം തലമുറയിലെ അംഗമാണ് രാം രാജ്. രാം രാജ് ജനിക്കുന്നത് 1998ലാണ്. സമ്പാർകോട് ഊരിലാണ് താമസം. അമ്മയും അച്ഛനും മുത്തച്ഛനും എല്ലാം ചേർന്ന കൂട്ടുകുടുംബം 450 സ്ക്വയർ ഫീറ്റിലെ ചെറുവീടിനുള്ളിലാണ് കഴിയുന്നത്.

പൊന്നിയുടെ പരാതിയും ആദ്യ ഉത്തരവും

അഗളി-കോടത്തറ റോഡിനും ശിരുവാണി പുഴക്കും മധ്യത്തിലുള്ള മൂന്നേക്കർ ഭൂമിയുടെ ഉടമസ്ഥയായിരുന്നു പൊന്നി (രാം രാജി​ന്റെ അമ്മൂമ്മ). 1985 നവംബർ 16നാണ് അട്ടപ്പാടി അഗളി ഭൂതിവഴി ഊരിലെ പൊന്നി ഒറ്റപ്പാലം ആർ.ഡി.ഒക്ക് ആദ്യ പരാതി നൽകുന്നത്. അതോടെ അവരുടെ കേസ് സർക്കാറിന്റേതായി. കാരണം, 1975ലെ നിയമപ്രകാരം സർക്കാറാണ് ഇരകളുടെ പക്ഷത്തുനിന്ന് നിയമം നടപ്പാക്കേണ്ടത്. അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്ത് ആദിവാസികൾക്ക് നൽകാനാണ് നിയമസഭ നിയമം പാസാക്കിയത്.

പൊന്നിയുടെ പരാതി ഇതാണ്​: അഗളി ഭൂതിവഴിയിൽ മണ്ണാർക്കാട് മൂപ്പിൽ നായരോട് പാട്ടത്തിന് ഏറ്റുവാങ്ങി കൈവശം വെച്ചിരുന്ന സ്ഥലം ഭൂതിവഴിയിൽ താമസിക്കുന്ന ചെന്നിമല ചെട്ടിയാർ എന്നയാൾക്ക് ഒരു വർഷത്തെ പാട്ടത്തിന് കൊടുത്തിരുന്നു. പിന്നീട് ചെട്ടിയാർ നിർബന്ധിച്ച് തീറാധാരത്തിൽ ഒപ്പിടീച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ സ്ഥലം ഒഴിഞ്ഞുതരണമെന്ന് പൊന്നി ആവശ്യപ്പെട്ടു. ആ സമയത്ത് ചെട്ടിയാർ ദേഹോപദ്രവം ഏൽപിക്കുകയും കന്നു പൂട്ടുന്ന കലപ്പയിൽ കെട്ടിവലിക്കുകയും ചെയ്തുവത്രെ. ഒരു പൈസപോലും പ്രതിഫലം തരാതെ വളരെ തന്ത്രപൂർവം ത​ന്റെ ഭൂമി ചെട്ടിയാർ തട്ടിയെടുത്തുവെന്നും അന്യാധീനപ്പെട്ട ത​ന്റെ ഭൂമി തിരിച്ചുകിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നായിരുന്നു പൊന്നിയുടെ ആവശ്യം.

ഒറ്റപ്പാലം ആർ.ഡി.ഒ ഓഫിസിൽ പൊന്നിയുടെ ടി.എൽ.എ കേസിലെ ഫയലുകൾ ആരംഭിക്കുന്നത് 1987ലാണ്. ടി.എൽ.എ കേസിൽ സബ് കലക്ടർ അഗളി വില്ലേജ് ഓഫിസറോട് റിപ്പോർട്ട് തേടി. അഗളി വില്ലേജിലെ സർവേ നമ്പർ 465/3ൽ മൂന്നേക്കർ അല്ലെങ്കിൽ 1.2 56 ഭൂമി പൊന്നിയുടെ പേരിൽ ഉണ്ടായിരുന്നുവെന്നും ആ ഭൂമി നിലവിൽ രാജലക്ഷ്മിയുടെ കൈവശമാണെന്നും ചെന്നിമല ചെട്ടിയാർ കൃഷി നടത്തുകയാണെന്നും വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകി.

ഒറ്റപ്പാലത്തെ അന്നത്തെ സബ് കലക്‌ടർ എസ്. സുബ്ബയൻ പൊന്നിയുടെ ടി.എൽ.എ കേസിൽ നിയമപരമായ ഇടപെടലാണ് നടത്തിയത്. 1975ലെ നിയമത്തിലെ വകുപ്പ് ആറ് (രണ്ട്) പ്രകാരം അപേക്ഷയിന്മേൽ നടപടി സ്വീകരിച്ചു. ഇരുവിഭാഗത്തിനും നോട്ടീസ് അയച്ചു. ഈ നോട്ടീസിന് മറുപടി നൽകാൻ ഹരജിക്കാരനും പ്രതിഭാഗവും 1987 ജൂലൈ ഒമ്പതിന് ഹാജരായി. ഭൂമിയുടെ മേലുള്ള അവകാശം തെളിയിക്കാൻ രേഖകളൊന്നും ഭൂമി കൈവശംവെച്ചിരിക്കുന്ന രാജലക്ഷ്മി ഹാജരാക്കിയില്ല. അതേസമയം, ടി.എൽ കേസിൽ പരാമർശിച്ച അഗളി വില്ലേജിലെ സർവേ നമ്പർ 545/3ൽ ഉൾപ്പെട്ട 1.25 ഹെക്ടർ ഭൂമി നിലവിൽ രാജലക്ഷ്മിയുടെ കൈവശമാണെന്ന് ഈ വിഷയത്തിൽ അന്വേഷണം നടത്തിയ വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകി.

കൈവശം രേഖകളൊന്നുമില്ലാത്തതിനാൽ രാജലക്ഷ്മി കൈവശംവെച്ചിരിക്കുന്ന ഭൂമി പുനഃസ്ഥാപിക്കാൻ അപേക്ഷകയായ പൊന്നിക്ക് നിയമപരമായ അർഹതയുണ്ടെന്ന് ഹിയറിങ്ങിൽ വ്യക്തമായി. രാജലക്ഷ്മി കൈവശംവെച്ചനുഭവിക്കുന്ന ഭൂമിയുടെ കൈവശാവകാശം ആദിവാസി കുടുംബത്തിന് പുനഃസ്ഥാപിക്കാൻ സബ് കലക്ടർ 1987 സെപ്റ്റംബർ ഏഴിന് ഉത്തരവിട്ടു. അട്ടപ്പാടിയെ സംബന്ധിച്ചിടത്തോളം ഇത്തരം കേസിലെ നിർണായക വഴിത്തിരിവായി സുബ്ബയന്റെ ഉത്തരവ്. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിപോലും ഈ ഉത്തരവ് അംഗീകരിച്ചു. എന്നിട്ടും പൊന്നിക്ക് നീതി കിട്ടിയില്ല.

നിയമസഭ പാസാക്കിയ 1975ലെ കേരള പട്ടികവർഗ (ഭൂമി കൈമാറ്റത്തിനുള്ള നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി പുനഃസ്ഥാപിക്കലും) നിയമവും 1999ലെ പട്ടികവർഗ ഭൂമികൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാനവും നിയമവും പൊന്നിക്ക് അനുകൂലമായിരുന്നു. സുപ്രീംകോടതി വരെയുള്ള നീതിപീഠങ്ങൾ പൊന്നിയുടെ വാദം അംഗീകരിച്ചു. എന്നിട്ടും ഈ കുടുംബത്തിന് ഇതുവരെ നീതി ലഭിച്ചില്ല. കാരണം, അവർ അട്ടപ്പാടിയിലെ ആദിവാസികളാണ്. അട്ടപ്പാടിയിലെ ആദിവാസികൾക്ക് നിയമസഭ പാസാക്കിയ നിയമങ്ങൾ ബാധകമല്ല എന്നാണ് ഭരണസംവിധാനത്തിന്റെ നിലപാട്.

നിയമത്തിലെ വകുപ്പ് 11 പ്രകാരം, കൈവശംവെക്കുന്ന വ്യക്തിക്ക് നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ചും ഉത്തരവിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ഭൂമി കൈമാറ്റംചെയ്ത സമയത്ത് ട്രാൻസ്ഫർ ചെയ്യുന്നയാൾക്ക് ലഭിച്ച നഷ്ടപരിഹാരത്തിന്റെ യഥാർഥ തുകയുടെ മൊത്തം തുകക്ക് തുല്യമായ തുകയാണ് നൽകേണ്ടത്. എന്നാൽ, ഈകേസിൽ ഭൂമിയുടെ ആദ്യ കൈവശക്കാരായ ആദിവാസി കുടുംബത്തിന് രാജലക്ഷ്മി എന്തെങ്കിലും പണം നൽകിയതായി തെളിവില്ല. അങ്ങനെയൊരു അവകാശം മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിൽ പരിഗണിക്കുന്നതിന് രേഖകളോ തെളിവുകളോ ലഭ്യമല്ല. അതിനാൽ തിരിച്ചെടുക്കാൻ ഉത്തരവിട്ട ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാൻ നിയമപരമായി അർഹതയില്ല. നിശ്ചിത സമയത്തിനുള്ളിൽ ഭൂമി ഹരജിക്കാരന് കൈവശം നൽകാൻ പ്രതിഭാഗം വീഴ്ച വരുത്തിയാൽ, മണ്ണാർക്കാട് തഹൽസിൽദാർക്ക് ഭൂമി ഏറ്റെടുക്കാമെന്ന് സബ് കലക്ടർ ഉത്തരവിൽ വ്യക്തമാക്കി.

 

രാം രാജ്, ധർമരാജ്, ജ്യോതി, രേശി, ശിവ, രാമി തുടങ്ങിയവർ

ആദിവാസിക്കെതിരെ അപ്പീലുകളുടെ പെരുമഴ

സബ് കലക്ടറുടെ ഉത്തരവിനെതിരെ രാജലക്ഷ്മി 1987 നവംബർ 11ന് പാലക്കാട് കലക്ടർക്ക് അപ്പീൽ നൽകി. പുതിയ വാദങ്ങളൊന്നും അപ്പീൽ അപേക്ഷയിൽ അവതരിപ്പിച്ചില്ല. സബ് കലക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന് മാത്രമായിരുന്നു ആവശ്യം. അന്നത്തെ കലക്ടർ ജിജി തോംസൺ ഈ ടി.എൽ.എ കേസ് സംബന്ധിച്ച് ഒറ്റപ്പാലം സബ് കലക്ടറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.

1988 ഫെബ്രുവരി 25ന് സബ് കലക്ടർ റിപ്പോർട്ട് സമർപ്പിച്ചു. ചട്ടപ്രകാരം ഇരു കക്ഷികൾക്കും ഹിയറിങ്ങിന് നോട്ടീസ് അയച്ചു. അപ്പീൽ അപേക്ഷയിൽ വ്യക്തമായ വിവരങ്ങളില്ലെന്ന് കലക്ടർ രേഖപ്പെടുത്തി. ഭൂരേഖ ഹാജരാക്കാമെന്ന് രാജലക്ഷ്മി ഉറപ്പ് നൽകിയെങ്കിലും അത് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് കലക്ടർ രേഖപ്പെടുത്തിയത്. ഭൂമി കൈമാറ്റം നടത്തിയതിന്റെ വ്യക്തമായ തെളിവ് ഹാജരാക്കേണ്ടത് രാജലക്ഷ്മിയുടെ ഉത്തരവാദിത്തമാണ്. രാജലക്ഷ്മി നൽകിയ അപ്പീൽ കലക്ടർ ജിജി തോംസൺ 1989 ജൂൺ 28ന് തള്ളി. രാജലക്ഷ്മി ഹൈകോടതിയെ സമീപിച്ചു.

നിയമസഭ പാസാക്കിയ നിയമം എന്ന നിലയിൽ പൊന്നിയല്ല കേസ് നടത്തിയത്. സർക്കാറും രാജലക്ഷ്മിയും തമ്മിലാണ് കേസിൽ വാദം നടന്നത്. കേസ് ജസ്റ്റിസ് കെ. ശ്രീധരന് മുന്നിൽ എത്തിയപ്പോൾ പൊന്നി ഒറ്റക്കായിരുന്നില്ല. സംസ്ഥാന സർക്കാറിനുവേണ്ടി ചീഫ് സെക്രട്ടറി, പാലക്കാട് കലക്ടർ, ഒറ്റപ്പാലം സബ് കലക്ടർ എന്നിവർക്കൊപ്പം നാലാമത്തെയാളായിരുന്നു പൊന്നി.

1975ലെ നിയമത്തിന്റെ വകുപ്പ് ആറി(അഞ്ച്)ൽ പറയുന്നത് റവന്യൂ ഡിവിഷനൽ ഓഫിസറുടെ (സബ് കലക്ടറുടെ) ഉത്തരവിനെതിരെ 30 ദിവസത്തിനകം തക്ക അധികാരസ്ഥന് (കലക്ടർക്ക്) അപ്പീൽ നൽകാം. ഈ അപ്പീലിലെ തീരുമാനം അന്തിമമായിരിക്കും. ഒരു നീതിന്യായ കോടതിയിലും ചോദ്യംചെയ്യാൻ പാടില്ലാത്തതാണ് ഉത്തരവെന്ന കാര്യം സത്യവാങ്മൂലത്തിൽ സർക്കാർ (പൊന്നിയുടെ) വക്കീൽ ചൂണ്ടിക്കാട്ടി.

ഹൈകോടതിയിലെ ഹരജിയിലെ വാദം കേട്ടശേഷം 1993 ജൂലൈ 26ന് ജസ്റ്റിസ് മാത്യു പി. മാത്യു പൊന്നിക്ക് ഭൂമി പുനഃസ്ഥാപിച്ചു നൽകാൻ വിധിച്ചു. ഹൈകോടതി പ്രധാന കാര്യങ്ങളിലെല്ലാം പരിശോധന നടത്തി. ആദ്യ പരാതിയെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ രാജലക്ഷ്മി ഉന്നയിച്ച കാര്യങ്ങൾ നിലനിൽക്കില്ലെന്ന് കണ്ടെത്തി. പ്രാദേശികമായി നടത്തിയ അന്വേഷണത്തിന്റെയും കേസിൽ ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ ആദിവാസി ഭൂമി കൈയേറിയതായും കണ്ടെത്തി.

 ഹരജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകന് നിയമത്തിൽ നിർവചിച്ചിരിക്കുന്ന കൈമാറ്റവുമായി ബന്ധപ്പെട്ട് മാത്രമേ നിയമത്തിലെ വ്യവസ്ഥകൾ വ്യാഖ്യാനിക്കാൻ കഴിയൂവെന്ന് ഹൈകോടതി നിരീക്ഷിച്ചു. നിയമത്തിലെ വകുപ്പ് നാലി (ജി)ൽ ‘കൈമാറ്റം’ എന്നതിന്റെ നിർവചനം വ്യക്തമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. കേസിൽ അമിക്കസ് ക്യൂറിയായി കെ. അരവിന്ദാക്ഷ മേനോനെ (സെക്രട്ടറി ദി പീപ്ൾസ് ജസ്റ്റിസ് ഫോർ സോഷ്യൽ ജസ്റ്റിസ്) നിയോഗിച്ചിരുന്നു. വാദത്തിൽ ആദിവാസികൾക്കുവേണ്ടി പ്രശ്നങ്ങൾ കോടതിയെ ധരിപ്പിക്കാൻ സഹായിച്ചത് അരവിന്ദാക്ഷ മേനോനാണ്.

ഭൂമി ഏറ്റെടുക്കൽ നാടകം

1993 ഒക്ടോബർ 13ന് പൊന്നിയുടെ മകൻ രങ്കൻ ഭൂമിക്കായി അപേക്ഷ നൽകി. ഭൂമി അതിർത്തി തിരിച്ച് തന്നെ ഏൽപിക്കാൻ സബ് കലക്ടർ ഓഫിസിൽനിന്ന് വില്ലേജ് അധികാരികളെ ചുമതലപ്പെടുത്തിയിട്ടുള്ളതായി മനസ്സിലാക്കുന്നുവെന്നും എന്നാൽ, ഇക്കാര്യത്തിൽ ഒരു അധികാരിയും തന്നെയോ കുടുംബാംഗങ്ങളെയോ സമീപിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു അ​േപക്ഷയിൽ പറഞ്ഞത്. തന്റെ ഭൂമി അളന്ന് തിരിച്ചുതരുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിച്ചു.

ഹൈകോടതി വിധി വന്നതോടെ റവന്യൂ വകുപ്പ് ഇടപെട്ട് ഭൂമി രാജലക്ഷ്മിയിൽനിന്ന് ഏറ്റെടുത്ത് പൊന്നിയുടെ അവകാശികൾക്ക് നൽകാൻ നടപടി തുടങ്ങിയെന്നാണ് സബ് കലക്ടർ ഓഫിസിലെ ഫയൽ വ്യക്തമാക്കുന്നത്. റവന്യൂ വകുപ്പിന്റെ പൊറാട്ടുനാടകമായിരുന്നു ഭൂമി ഏറ്റെടുക്കൽ. പൊന്നിയുടെ അവകാശികൾക്ക് ഭൂമി തിരിച്ചുകൊടുക്കുന്നത് സംബന്ധിച്ച് ഒറ്റപ്പാലം സബ് കലക്ടർ 1993 സെപ്റ്റംബർ 24ന് മണ്ണാർക്കാട് തഹസിൽദാർക്ക് ഈ കേസിൽ തുടർനടപടി സ്വീകരിക്കാൻ നിർദേശം നൽകി.

രാജലക്ഷ്മിയുടെ കൗണ്ടർ പെറ്റീഷൻ ഹൈകോടതി തള്ളിയതിനാൽ ഈ കേസിൽ നടപടി സ്വീകരിക്കാൻ ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വേണമെങ്കിൽ പൊലീസ് സഹായം തേടണമെന്നും കത്തിൽ രേഖപ്പെടുത്തി. അഗളി സർക്കിൾ ഇൻസ്പെക്ടർക്കും വില്ലേജ് ഓഫിസർക്കും കൂടി കത്തിന്റെ പകർപ്പ് അയച്ചു.

ഇതിൽ നടപടി സ്വീകരിക്കാൻ മണ്ണാർക്കാട് തഹസിൽദാർ ഒക്ടോബർ എട്ടിന് റവന്യൂ ഇൻസ്പെക്ടർക്ക് നിർദേശം കൈമാറി. അട്ടപ്പാടിയിലെ റവന്യൂ ഇൻസ്പെക്ടർ മണ്ണാർക്കാട് തഹസിൽദാർക്ക് 1993 ഒക്ടോബർ 28ന് നൽകിയ മറുപടി കത്തിൽ ഭൂമി ഏറ്റെടുത്തുവെന്നാണ് രേഖപ്പെടുത്തിയത്. പൊന്നിയുടെ ഭൂമി അഗളിയിലെ വില്ലേജ് അസിസ്റ്റന്റ് വാസുവുമൊത്ത് അഗളി വില്ലേജ് ഓഫിസിന്റെ സംരക്ഷണയിൽ ഏറ്റെടുത്തു. നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരെത്തുമ്പോൾ സ്വന്തം മണ്ണിനുവേണ്ടി നിയമപോരാട്ടം നടത്തിയ പൊന്നി ഒന്നര വർഷം മുമ്പ് ഈ ലോകത്തോട് യാത്ര പറഞ്ഞിരുന്നു. 1993 സെപ്റ്റംബർ 28ന് ഉച്ചക്ക് മൂന്നിന് പൊന്നിയുടെ മക്കൾക്ക് സാക്ഷികളുടെ സാന്നിധ്യത്തിൽ ഭൂമി ഏൽപിച്ചുകൊടുത്തു.

ഭൂമി കൈവശംവെച്ചിരിക്കുന്ന രാജലക്ഷ്മി സ്വദേശമായ കോയമ്പത്തൂരിൽ താമസമാണെന്നും അന്വേഷണത്തിൽ മനസ്സിലായെന്ന് ഉദ്യോഗസ്ഥർ ഫയലിൽ രേഖപ്പെടുത്തി. രാജലക്ഷ്മിയുടെ ഭർത്താവ് ചെന്നിമല ചെട്ടിയാർ സ്ഥലത്തുണ്ടായിരുന്നു. അദ്ദേഹം റവന്യൂ ഇൻസ്പെക്ടർ തയാറാക്കിയ മഹസറിൽ ഒപ്പുവെക്കാൻ വിസമ്മതിച്ചു. പൊന്നിയുടെ ഭൂമി തിരിച്ചു ലഭിച്ചതായി മക്കളായ സമ്പാർക്കോട് ഊരിലെ രാമിയും ഭൂതിവഴി ഊരിലെ രങ്കനും ഒപ്പുവെച്ചു. ഭൂതിവഴിയിലെ സോമനും ഹരിദാസും ഇൗ സംഭവത്തിന് സാക്ഷികളായി. അവരുടെയും ഒപ്പ് വാങ്ങിയതോടെ റവന്യൂ വകുപ്പിന്റെ നാടകത്തിലെ ആദ്യ രംഗത്തിന് തിരശ്ശീല വീണു. ഏതായാലും, റവന്യൂ ഉദ്യോഗസ്ഥർ ഭൂമി ഒഴിപ്പിച്ച് ഏറ്റെടുത്ത് പൊന്നിയുടെ മകൻ രങ്കനെ ഏൽപിച്ചു.

രാജലക്ഷ്മി സ്ഥലത്തില്ലാത്തതിനാൽ ഭർത്താവായ ചെന്നിമല ചെട്ടിയാരുടെ സാന്നിധ്യത്തിലാണ് ഭൂമി ഏറ്റെടുത്തതെന്ന് റവന്യൂ ഇൻസ്പെക്ടർ പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ഇത് അട്ടപ്പാടിയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട തിരക്കഥയാണ്. അതേസമയം ഒറ്റപ്പാലം റവന്യൂ ഡിവിഷനൽ ഓഫിസിൽനിന്ന് ഇരു കക്ഷികൾക്കും ഡിസംബർ നാലിന് നോട്ടീസ് അയച്ചു. ഡിസംബർ 15ന് അഗളി വില്ലേജ് ഓഫിസിൽ സബ് കലക്ടർക്ക് മുമ്പാകെ ഹാജരാകണമെന്നായിരുന്നു നോട്ടീസ്.

 

രാം രാജിന്റെ കോളനി

ഇൗ സമയത്താണ്​ രാജലക്ഷ്മി ഹൈകോടതി സിംഗിൾ ​െബഞ്ചിന്റെ വിധിക്കെതിരെ ഡിവിഷൻ ​െബഞ്ചിനെ സമീപിച്ചത്. ഈ കേസിൽ ഡിവിഷൻ ​െബഞ്ച് വിശദമായ പരിശോധന നടത്തി. തുടർന്ന് വ്യക്തമായൊരു വിധിയാണ് ഡിവിഷൻ ​െബഞ്ചിൽനിന്ന് ഉണ്ടായത്. 2011 ആഗസ്റ്റ് 30ന് സുപ്രീംകോടതിയും രാജലക്ഷ്മിയുടെ അപ്പീൽ തള്ളി. പിന്നീട് ഒറ്റപ്പാലം സബ് കലക്ടറുടെ ഉത്തരവ് നടപ്പാക്കുകയാണ് റവന്യൂവകുപ്പിന്റെ മുന്നിലുള്ള ഏകമാർഗം.

സുപ്രീംകോടതി വിധിക്കുശേഷം ഉത്തരവ് നടപ്പാക്കുന്നതിന് മണ്ണാർക്കാട് തഹസിൽദാർക്ക് നിർദേശം നൽകാവുന്നതാണെന്നും സമയവും നിശ്ചയിക്കണമെന്നും 2014 ജനുവരി 16ന് ഫയലിൽ കുറിച്ചു. വേൽമുരുകൻ വെങ്കിടാചലം 60 സെൽവി തുടങ്ങിയവർ അപ്പോൾതന്നെ അപേക്ഷ സമർപ്പിച്ചു. റിവ്യൂ പെറ്റിഷൻ നൽകാൻ ഒരു മാസത്തെ സമയം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഉത്തരവാദി അപേക്ഷ പരിഗണിക്കാൻ കഴിയില്ലെന്ന് മറുപടി നൽകാവുന്നതാണെന്ന് കുറിച്ചു. പൊലീസ് സഹായത്തോടെ ഫെബ്രുവരി 21ന് ഭൂമി പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. ജില്ല പൊലീസ് മേധാവിക്ക് കത്ത് നൽകി. എന്നാൽ, പൊലീസ് മേധാവി 21, 22 തീയതികളിൽ ജില്ലയിൽ കാണില്ല എന്നാണ് അറിയിച്ചത്. എ.ഡി.ജി.പി ആയിരുന്ന സന്ധ്യയെയും അറിയിച്ചു.

2014 ഫെബ്രുവരി രണ്ടിന് ഒറ്റപ്പാലം സബ് കലക്ടർ അന്നത്തെ അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഡോ. ബി. സന്ധ്യക്ക് എഴുതിയ കത്ത് അട്ടപ്പാടിയിലെ ഭൂമി കൈയേറ്റ ചരിത്രത്തിലെ രജതരേഖയാണ്. പൊന്നിക്ക് നിയമപ്രകാരം സ്ഥലം വിട്ട് നൽകാൻ സുപ്രീംകോടതി ഉത്തരവായിരുന്നു. ഈ കേസിൽ കലക്ടർ മുതൽ സുപ്രീംകോടതി വരെ ഫയൽ ചെയ്ത അപ്പീലുകൾ നിരസിച്ച് ഉത്തരവായി. സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചു. പൊന്നിയുടെ മകൻ രങ്കൻ ഈ വിധിയുടെ അടിസ്ഥാനത്തിൽ സ്ഥലം പുനഃസ്ഥാപിച്ച് ലഭിക്കാൻ അപേക്ഷ സമർപ്പിച്ചു.

എതിർകക്ഷികൾക്ക് പറയാനുള്ളത് കേട്ടതിൽ ഈ സുപ്രീംകോടതി വിധിപ്രകാരം സ്വമേധയാ ഭൂമി വിട്ടുനൽകാൻ തയാറല്ല എന്ന് സ്റ്റേറ്റ്മെന്റ് നൽകി. ഈ സാഹചര്യത്തിൽ ഈ ഭൂമി ഫെബ്രുവരി 21ന് നിർബന്ധപൂർവം അപേക്ഷകന് പുനഃസ്ഥാപിച്ച് നൽകാൻ ഉദ്ദേശിക്കുന്നു. ഇതിന് മുൻകാലങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ സ്ഥലം വിട്ട് നൽകേണ്ടതാണെന്നും അല്ലാത്തപക്ഷം ബലമായി ഭൂമി പിടിച്ചെടുത്ത് നൽകുന്നതാണെന്നും കാണിച്ച് നോട്ടീസുകൾ നൽകിയിരുന്നു. അതിനെതിരെ തമിഴ് ന്യൂനപക്ഷങ്ങളെ സംഘടിപ്പിച്ച് പ്രതിരോധപ്രവർത്തനങ്ങൾ നടത്തിവരുന്നതായി ശ്രദ്ധയിൽപെട്ടു.

അതിനാൽ ഭൂമി പുനഃസ്ഥാപിക്കുന്നതിൽ വൻ പ്രതിരോധം പ്രതീക്ഷിക്കുന്നു. കൂടാതെ ഒരിക്കൽ ഈ ഉദ്യമം പരാജയപ്പെടുന്നത് ഇത്തരത്തിൽ ഭൂമി വിട്ടുനൽകാൻ ബാധ്യസ്ഥരായവർക്ക് പ്രചോദനമാകുന്നതും ഭൂമി പുനഃസ്ഥാപനം ദുർഘടമാകുന്നതുമാണ്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 2014 ഫെബ്രുവരി 21 വെള്ളിയാഴ്ച പരാതിക്കാർക്ക് ഭൂമി പുനഃസ്ഥാപിച്ചുനൽകുന്നതിന് ചുരുങ്ങിയത് രണ്ട് കമ്പനി പൊലീസ് സേന തർക്കസ്ഥലത്ത് ആവശ്യമായി വരുന്നതും. രണ്ട് കമ്പനി റിസർവ് ആയി ഏത് നിമിഷവും എത്തിച്ചേരാവുന്ന അകലത്തിൽ നിലനിർത്തേണ്ടതും ആവശ്യമാണ്.

ഇക്കാര്യത്തിൽ സ്പെഷൽ ബ്രാഞ്ച് വിവരങ്ങൾകൂടി കണക്കിലെടുത്ത് അന്നേദിവസം ആവശ്യമായ സായുധ പൊലീസ് സേനയെ അനുവദിച്ചുതരണമെന്നാണ് അപേക്ഷിച്ചത്. അനുയോജ്യമായ തീയതിയും ജില്ല പൊലീസ് മേധാവിയുമായി ആലോചിച്ചു നിശ്ചയിക്കാം എന്നാണ് 24ന് ഫയലിൽ കുറിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള റവന്യൂ വകുപ്പിന്റെ തുടർനടപടിക്കെതിരെ രാജലക്ഷ്മിയുടെ അവകാശികൾ ഹൈകോടതിയെ സമീപിച്ചു.

സുശീല ആർ. ഭട്ടിന്റെ ഇടപെടൽ

2014ൽ ഹൈകോടതിയിൽ നൽകിയ റിട്ട് പെറ്റീഷനിൽ ഷൺമുഖൻ തുടങ്ങിയവരായിരുന്നു ഹരജിക്കാർ. മറുവശത്ത് സംസ്ഥാന സർക്കാറും. ഒറ്റപ്പാലം, റവന്യൂ ഡിവിഷനൽ ഓഫിസിലെ സ്‌പെഷൽ ഡെപ്യൂട്ടി തഹസിൽദാർ ഐ.വി. കുമാരനാണ് ഗവ. പ്ലീഡറെ കാര്യങ്ങൾ അറിയിച്ചത്. റവന്യൂ സ്പെഷൽ ഗവ. പ്ലീഡറായ സുശീല ആർ. ഭട്ടാണ് കേസിൽ ഹൈകോടതിയിൽ ഹാജരായത്. റിട്ട് പെറ്റീഷനിൽ അടങ്ങിയിരിക്കുന്ന ആരോപണങ്ങളെല്ലാം നിരാകരിക്കണമെന്ന് ചൂണ്ടിക്കാണിച്ചാണ് സുശീല ആർ. ഭട്ട് സത്യവാങ്മൂലം സമർപ്പിച്ചത്.

അഗളി വില്ലേജിലെ സർവേ നമ്പർ 645/3ലെ ഭൂമിയാണ് അന്യാധീനപ്പെട്ടത്. അത് തട്ടിയെടുത്തത് രാജലക്ഷ്മിയുടെ പേരിലാണ്. 1987ൽ ഒറ്റപ്പാലം സബ് കലക്ടർ അന്യാധീനപ്പെട്ട ഭൂമി സംബന്ധിച്ച് അന്വേഷണം നടത്തി. ഭൂമി തട്ടിയെടുത്ത കേസിലെ പ്രതികൾ ഭൂമിയുടെ പൂർണമായ അവകാശം തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കിയിരുന്നില്ലെന്നാണ് സബ് കലക്ടർ സുബ്ബയ്യൻ ഉത്തരവിൽ രേഖപ്പെടുത്തിയത്.

1975ലെ നിയമത്തിന്റെ വകുപ്പ് ആറ് (3) പ്രകാരം പട്ടികവർഗക്കാർക്ക് (പൊന്നി) ഭൂമിയുടെ മുഴുവൻ വിസ്തൃതിയും പുനഃസ്ഥാപിക്കണമെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെയുള്ള അപ്പീൽ കലക്ടർ തള്ളി. ഹരജി ഹൈകോടതി സിംഗിൾ ​െബഞ്ച് തള്ളി. ഈ കേസിൽ ഡിവിഷൻ ബെഞ്ച് വിശദമായ പരിശോധന നടത്തി. തുടർന്ന് വ്യക്തമായൊരു വിധിയാണ് ഉണ്ടായത്. നിയമലംഘനത്തിന്റെ ഫലമായി പട്ടികജാതിക്കാർ സ്വത്ത് ഉപേക്ഷിക്കുന്നത് സെക്ഷൻ രണ്ട് (ജി) (അതായത് കൈമാറ്റം)യുടെ നിർവചനത്തിൽ വരും. 2000 ജൂലൈ 25 ലെ ഉത്തരവ് പ്രകാരം ഹരജി നിരസിക്കപ്പെട്ടു.

ഇതിനിടയിൽ 1975ലെ നിയമം റദ്ദാക്കപ്പെടുകയും, പട്ടികവർഗക്കാർക്ക് ഭൂമി കൈമാറ്റം ചെയ്യുന്നതിനും പുനഃസ്ഥാപിക്കുന്നതിനും വേണ്ടിയുള്ള 1999ലെ പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമം 1986 ജനുവരി 24 മുതൽ പ്രാബല്യത്തിൽ വരുകയും ചെയ്തു. ഒടുവിൽ, ഈ ഉത്തരവിനെതിരെ ഹരജിക്കാരൻ സുപ്രീംകോടതിയെ സമീപിക്കുകയും കീഴ് കോടതി ഉത്തരവ് ശരിവെച്ചു തീയതി 2012 ഒക്ടോബർ ഒന്നിന് കേസ് (സി.എ 8254/2001) തീർപ്പാക്കുകയും ചെയ്തു. പൊന്നി ഇപ്പോൾ ജീവിച്ചിരിപ്പില്ല. സബ് കലക്ടറുടെ ഉത്തരവ് ശരിവെക്കാൻ അന്തിമ കോടതി തീരുമാനിച്ചതിനാൽ, ഭൂമിയുടെ നിയമപരമായ അവകാശികൾ ഉത്തരവ് നടപ്പാക്കുന്നതിനായി പൊന്നി (മകൻ രങ്കൻ) സബ് കലക്ടർക്ക് അപേക്ഷ നൽകി.

1999ലെ കെ.എസ്.ടി നിയമം വകുപ്പ് (ആറ്) (ബി) പ്രകാരം, ഒരു അപ്പീൽ നിരസിക്കപ്പെട്ടാൽ, റവന്യൂ ഡിവിഷനൽ ഓഫിസർ/ സബ് കലക്ടർ ഉത്തരവുമായി ബന്ധപ്പെട്ട ഭൂമി അവകാശിക്ക് കൈമാറണം. ആവശ്യമെങ്കിൽ ആ ഭൂമി കൈവശപ്പെടുത്തി അനുഭവിക്കുന്നവർ അത് ഒഴിയാൻ വിസമ്മതിക്കുന്നുവെങ്കിൽ ആ വ്യക്തിയെ പുറത്താക്കുന്നതിന് 1999ലെ നിയമത്തിൽ വകുപ്പ് അഞ്ച് (ഒന്നിൽ) വ്യക്തമായി പറയുന്നുണ്ട്.

ഈ കേസിൽ ഒറ്റപ്പാലം സബ് കലക്ടറുടെ ഉത്തരവിനെതിരെ പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചു. ഉത്തരവ് സുപ്രീംകോടതിയും ശരി​െവച്ചു. കെ.എസ്.ടി നിയമമല്ലാതെ ഈ കേസിൽ മറ്റൊരു സിവിൽ നിയമപ്രകാരമുള്ള ഭൂമി തർക്കം സുപ്രീംകോടതി പരിഗണിച്ചിട്ടില്ല. അതും 1999ലെ നിയമം നിലനിൽക്കുമെന്ന് സുപ്രീംകോടതി (CA 2027/2001) 2009 ജൂലൈ 21ന് വിധിച്ചു. അതിനാൽ 1999ലെ നിയമം അനുസരിച്ച് കേസ് വീണ്ടും പുനഃപരിശോധിക്കേണ്ടതില്ല, ഭൂമി കൈയേറിയതായി WP(C)ൽ അവർതന്നെ സമ്മതിച്ചതിനാൽ ടി.എൽ.എ കേസിലെ പ്രതികൾ നിയമത്തിന്റെ അഞ്ച് (ഒന്ന്) പ്രകാരം സംരക്ഷണത്തിന് അർഹരല്ല.

ഒറ്റപ്പാലം സബ് കലക്ടറുടെ ടി.എൽ.എ 8/87 നമ്പർ ഉത്തരവിനെതിരെ സമർപ്പിച്ച (CA 8254/2001) സുപ്രീംകോടതി തള്ളിയതിനാൽ, തർക്കഭൂമി പുനഃസ്ഥാപിക്കുമെന്ന് കാണിച്ച് നോട്ടീസ് നൽകി. ഇരു കക്ഷികളെയും ഹിയറിങ്ങിന് വിളിച്ചു. രാജലക്ഷ്മിയുടെ അവകാശികളായ ഷൺമുഖൻ, വേൽമുരുകൻ, വെങ്കിടാചലം എന്നിവർ ഹാജരായി. രാജലക്ഷ്മിയുടെ അവകാശികൾ 2014 ജനുവരി 14ന് ഭൂമി പുനഃസ്ഥാപിക്കാൻ തയാറല്ലെന്ന് മൊഴി നൽകി. പുനഃപരിശോധനക്കായി ഹൈകോടതിയെ സമീപിച്ചതിനാൽ അവർ നടപടികൾ നിർത്തിവെക്കാൻ അപേക്ഷയും നൽകിയിരുന്നു.

2014 ഫെബ്രുവരി ഏഴിലെ ടി.എൽ.എ 8/87 പ്രകാരം സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ നടപടികൾ നിർത്തിവെക്കാൻ കഴിയില്ലെന്ന് മറുപടി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ, തർക്കഭൂമിയിൽനിന്ന് പട്ടികവർഗ വിഭാഗങ്ങളല്ലാത്തവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു. 1999ലെ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷമാണ് സുപ്രീംകോടതി പൊന്നിയുടെ കേസിൽ വിധി പ്രസ്താവിച്ചത്. സുപ്രീംകോടതിയുടെ തീരുമാനത്തിൽ ആദിവാസികളല്ലാത്തവർ ആദിവാസി ഭൂമിയിലേക്ക് അതിക്രമിച്ച് കടന്നുവെന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി അർഥശങ്കക്ക് ഇടയില്ലാതെ വ്യക്തമാക്കിയിരുന്നു.

ഹരജിക്കാരുടെ വാദങ്ങൾ നേരത്തേതന്നെ ഹൈകോടതിയും സുപ്രീംകോടതിയും തള്ളിക്കളഞ്ഞിരുന്നു. നാമമാത്ര കർഷകരും കെ.എസ്.ടി നിയമം നിലവിൽ വരുന്നതിന് മുമ്പ് ഭൂമി വാങ്ങിയവർക്കും അത് വാദിക്കാം. പക്ഷേ, ആദിവാസി ഭൂമിയിലെ നിയമവിരുദ്ധമായ കടന്നുകയറ്റമോ കൈയേറ്റമോ സാധൂകരിക്കാൻ പാടില്ല. അതിനാൽ, അപേക്ഷകർക്ക് കെ.എസ്.ടി നിയമപ്രകാരമുള്ള സംരക്ഷണത്തിന് അർഹതയില്ല. 1975 അല്ലെങ്കിൽ കെ.എസ്.ടി നിയമവും 1999ലെ നിയമവും അനധികൃത കടന്നുകയറ്റത്തിന് സംരക്ഷണം നൽകുന്നില്ല.

1975ലെ നിയമം റദ്ദാക്കി, 1999ലെ കെ.എസ്.ടി പ്രാബല്യത്തിൽ വന്നത് 1986 ജനുവരി 24 മുതലാണ്. പട്ടികവർഗക്കാരെയും ചെറുകിട നാമമാത്ര കർഷകരെയും സംരക്ഷിക്കുക എന്നതായിരുന്നു നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം. അതിക്രമിച്ചുകയറിയവർക്ക് സംരക്ഷണം ആവശ്യപ്പെട്ടാണ് ഹരജി. നിയമലംഘനം അല്ലെങ്കിൽ കൈയേറ്റം സാധൂകരിക്കാൻ നിയമത്തിൽ ഉദ്ദേശിക്കുന്നില്ല.

നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുമ്പോൾ അതിക്രമിച്ചുകടക്കുന്നവരെന്ന് അവകാശപ്പെടുന്ന വ്യക്തികളെ സഹായിക്കാൻ കോടതിക്ക് അതിന്റെ വിവേചനാധികാരം വിനിയോഗിക്കാനാവില്ലെന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സുശീല ഭട്ട് ചൂണ്ടിക്കാട്ടി.

അതിക്രമിച്ചുകടക്കുന്ന സ്വത്തിന് സംരക്ഷണം നൽകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയശേഷവും രണ്ട് ഹെക്‌ടറിന് അകത്തുള്ള ഭൂമി (1.25 ഹെക്‌ടർ) മാത്രമാണെന്നാണ് സാങ്കേതികത ചൂണ്ടിക്കാണിക്കുന്നത്. ഹൈകോടതി വിധിന്യായങ്ങളിൽ രേഖപ്പെടുത്തിയതുപോലെ, ദുർബല വിഭാഗത്തെ സംരക്ഷിക്കാൻ ഉദ്ദേശിക്കുന്ന നിയമം സാങ്കേതിക കാരണങ്ങളാൽ നിയമവിരുദ്ധമായ കടന്നുകയറ്റത്തെ സാധൂകരിക്കാൻ കഴിയില്ല.

ഈ കേസിൽ ആദിവാസി ഇതര ഹരജിക്കാരൻ ഭൂമി കൈയേറിയാണ് നേടിയതെന്നും എസ്.ടി ഒരു കൈമാറ്റവും നടത്തിയിട്ടില്ലെന്നും സമ്മതിക്കുന്ന വസ്തുതയാണ്. 1999ലെ നിയമത്തിൽ ഭേദഗതിയിലും കൈമാറ്റത്തിന്റെ നിർവചനം അനുസരിച്ച് അതിക്രമിച്ചുകടക്കലോ കൈയേറ്റമോ പരിരക്ഷയിൽ വരുന്നില്ല. അതിനാൽ ഹരജിക്കാരുടെ വാദങ്ങൾ സാധൂകരിക്കപ്പെടുന്നില്ല.

1999ലെ കെ.എസ്.ടി നിയമപ്രകാരം ഭൂമി കൈമാറ്റം രണ്ട് ഹെക്ടർ വരെ (വകുപ്പ് അഞ്ച് (ഒന്ന്, രണ്ട്) അംഗീകരിക്കുന്നുണ്ട്. ഈ കേസിൽ ഉൾപ്പെട്ട ഭൂമിയുടെ വിസ്തീർണം 1.25 ഹെക്ടർ ആണെങ്കിലും, അത് രാജലക്ഷ്മിക്ക് അനധികൃതമായി ലഭിച്ചതാണ്. അനധികൃത കൈയേറ്റക്കാരെയും ഭൂമി തട്ടിയെടുക്കുന്നവരെയും നിയമം സംരക്ഷിക്കുകയല്ല, മറിച്ച് പട്ടികവർഗക്കാരിൽനിന്ന് ശരിയായ രീതിയിൽ ഭൂമി നേടിയ ചെറുകിട നാമമാത്ര കർഷകരെ സംരക്ഷിക്കാനാണ് നിയമം ഉദ്ദേശിക്കുന്നത്.

ഭൂമി കൈമാറ്റംചെയ്ത് നിലനിർത്താൻ ഉത്തരവിട്ടാൽ, ഗവ. നിയമത്തിലെ വകുപ്പ് ആറ് പ്രകാരം ആദിവാസിക്ക് തുല്യമായ പകരം ഭൂമി അനുവദിക്കും. പൊന്നിയുടെ കേസിൽ സാധുവായ കൈമാറ്റം നടന്നിട്ടില്ല. നിയമപ്രകാരം വ്യക്തമായ നിയമലംഘനം സാധൂകരിക്കാൻ കഴിയില്ല. അതിനാൽ മുഴുവൻ ഭൂമിയും അതിന്റെ വ്യാപ്തി പരിഗണിക്കാതെ ആദിവാസിയായ പൊന്നിയുടെ അവകാശികൾക്ക് പുനഃസ്ഥാപിച്ചു നൽകേണ്ടത് റവന്യൂ വകുപ്പിന്റെ ഉത്തരവാദിത്വമാണ്.

ഹരജിക്കാർക്കെതിരെ ഹൈകോടതി ഇതിനകം നിരത്തിയ വസ്തുതകളും കണ്ടെത്തലുകളും സുപ്രീംകോടതിയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേ കാര്യം വീണ്ടും അവതരിപ്പിക്കുന്നത് ഈ കേസിന് ബാധകമല്ല. ഈ സാഹചര്യങ്ങളിൽ, റിട്ട് പെറ്റീഷൻ ഒരു മെറിറ്റും ഇല്ലാത്തതാണ്. അത് നിയമപരമായി നിലനിൽക്കുന്നതല്ല. അതിനാൽ റിട്ട് പെറ്റീഷൻ തള്ളിക്കളയണമെന്നാണ് സുശീല ഭട്ട് ആവശ്യപ്പെട്ടത്. പിന്നീട് റവന്യൂ വകുപ്പ് ഒന്നും ചെയ്തില്ലെന്ന് ഫയലുകൾ കഥ പറയുന്നു. സർക്കാർ മാറി. സുശീല ഭട്ട് പടിയിറങ്ങി. ഇടതു സർക്കാർ വന്നു. രാംരാജിന്റെ കേസ് ഫയലിൽ ഉറങ്ങി.

1975ൽ നിയമസഭ പാസാക്കിയ നിയമം അട്ടപ്പാടിയിലെ ആദിവാസികളുടെ ഏതാണ്ട് നാല് തലമുറയുടെ ജീവിതമാണ് തകർത്തത്. പൊന്നിയുടെ മകൻ രങ്കന്റെ കുടുംബം ജീവിക്കാനായി സമൂഹത്തിന് മുന്നിൽ യാചിക്കുകയാണെന്ന് അട്ടപ്പാടിക്കാർ പറയുന്നു. അട്ടപ്പാടിയിലെ ആദിവാസികൾക്ക് എന്നെങ്കിലും നീതി നൽകാൻ ഭരണകൂടത്തിന് കഴിയുമോ? ഈ ചോദ്യത്തിന് ആരാണ് ഉത്തരം നൽകുക.

News Summary - weekly web exclusive