Begin typing your search above and press return to search.
proflie-avatar
Login

ഇ.എം.എസിന്‍റെ ബിര്‍ളാ കരാറില്‍നിന്ന് പിണറായിയുടെ വികസനരേഖ വരെ

ഇ.എം.എസിന്‍റെ ബിര്‍ളാ കരാറില്‍നിന്ന് പിണറായിയുടെ വികസനരേഖ വരെ
cancel

സി.പി.എം സംസ്ഥാന സമ്മേളനം അടുത്തിടെ 'വിജയകരമായി' സമാപിച്ചു. എറണാകുളത്ത്​ നടന്ന സമ്മേളനം പലതരത്തിൽ നിർണായകമാണ്​. സമ്മേളനത്തിൽഅവതരിപ്പിച്ച വികസനരേഖ പലതരം മാറ്റങ്ങൾക്കും കാരണമായേക്കും. ഈ വികസ​നരേഖ ഇ.എം.എസ്​ കാലത്തിന്‍റെ തുടർച്ചയാണ്​ എന്ന്​ നിരീക്ഷിക്കുന്ന ലേഖകൻ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും കുറിച്ച്​ ചില നിരീക്ഷണങ്ങളും പങ്കുവെക്കുന്നു.മൂന്നര പതിറ്റാണ്ടിന് മുമ്പ് നടന്ന സി.പി.എമ്മിന്‍റെ സംസ്ഥാന സമ്മേളനംപോലെ തന്നെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഒന്നാണ് സി.പി.എമ്മിന്‍റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ മുന്നോടിയായി എറണാകുളത്ത് നടന്നത്. 1985ലെ സമ്മേളനം എം.വി. രാഘവന്‍...

Your Subscription Supports Independent Journalism

View Plans
സി.പി.എം സംസ്ഥാന സമ്മേളനം അടുത്തിടെ 'വിജയകരമായി' സമാപിച്ചു. എറണാകുളത്ത്​ നടന്ന സമ്മേളനം പലതരത്തിൽ നിർണായകമാണ്​. സമ്മേളനത്തിൽഅവതരിപ്പിച്ച വികസനരേഖ പലതരം മാറ്റങ്ങൾക്കും കാരണമായേക്കും. ഈ വികസ​നരേഖ ഇ.എം.എസ്​ കാലത്തിന്‍റെ തുടർച്ചയാണ്​ എന്ന്​ നിരീക്ഷിക്കുന്ന ലേഖകൻ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും കുറിച്ച്​ ചില നിരീക്ഷണങ്ങളും പങ്കുവെക്കുന്നു.

മൂന്നര പതിറ്റാണ്ടിന് മുമ്പ് നടന്ന സി.പി.എമ്മിന്‍റെ സംസ്ഥാന സമ്മേളനംപോലെ തന്നെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഒന്നാണ് സി.പി.എമ്മിന്‍റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ മുന്നോടിയായി എറണാകുളത്ത് നടന്നത്. 1985ലെ സമ്മേളനം എം.വി. രാഘവന്‍ ഉയര്‍ത്തിയ വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് ചരിത്രത്തില്‍ ഇടം പിടിച്ചതെങ്കില്‍ ഇത്തവണത്തെ സമ്മേളനം തുടര്‍ച്ചയായി രണ്ടാം തവണ ഭരണം ലഭിച്ച പാര്‍ട്ടി, ഇനിയുള്ള കാലത്തും ഭരണംനിലനിര്‍ത്താൻവേണ്ടിയുള്ള സംഘടനാപരവും നയപരവുമായ കാര്യങ്ങള്‍ ഒരു അഭിപ്രായവ്യത്യാസവുമില്ലാതെ സ്വീകരിച്ചുകൊണ്ടാണ് വ്യത്യസ്തമായത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം സമ്മേളനത്തില്‍വെച്ചു തന്നെ പാര്‍ട്ടിയുടെ സംസ്ഥാന സെക്ര​േട്ടറിയറ്റിനും രൂപം നല്‍കി. അതില്‍ പതിവിനു വിരുദ്ധമായി യുവ നേതാക്കളെ കൂടുതലായി ഉള്‍പ്പെടുത്തി. തലമുറമാറ്റത്തിന് സി.പി.എം സജ്ജമായി കഴിഞ്ഞുവെന്ന് ഇതുവഴി സി.പി.എം രാഷ്ട്രീയ കേരളത്തെ അറിയിക്കുകയും ചെയ്തു. അങ്ങനെ സി.പി.എമ്മിന്‍റെ ചരിത്രത്തെ സംബന്ധിച്ച് വലിയ പ്രാധാന്യം എറണാകുളം സമ്മേളനത്തിന് ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

സാധാരണ സമ്മേളനങ്ങളില്‍നിന്ന് വ്യത്യസ്തമായി സംസ്ഥാന സെക്രട്ടറി അവതരിപ്പിക്കുന്ന രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് പുറമെ, ഇത്തവണ മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ അവതരിപ്പിച്ച കേരള വികസന സമീപന രേഖയും സമ്മേളനം ചര്‍ച്ച ചെയ്തു അംഗീകരിച്ചു. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിനെക്കാള്‍ മാധ്യമ ശ്രദ്ധയും പൊതുചര്‍ച്ചയും നടന്നത് അടുത്ത 25 വര്‍ഷത്തേക്കുള്ള കേരള വികസനവുമായി ബന്ധപ്പെട്ടുള്ള നയസമീപനങ്ങളെക്കുറിച്ചുള്ള രേഖയായിരുന്നു. ഈ നയരേഖ സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന നിർദേശങ്ങള്‍കൂടി പരിഗണിച്ചതിന് ശേഷം പുറത്തുവിടുകയും എൽ.ഡി.എഫില്‍ ചര്‍ച്ചചെയ്തതിന് ശേഷം സര്‍ക്കാറിന്‍റെ പരിപാടികളില്‍ ഉൾപ്പെടുത്തുമെന്നുമാണ് പ്രതീക്ഷിക്കേണ്ടത്.

സി.പി.എം വികസനത്തെക്കുറിച്ച് പറയുമ്പോഴൊക്കെ വിവാദം കേരളത്തില്‍ പതിവാണ്. ഇത്തവണയും അതിന് കുറവുണ്ടായില്ല. രണ്ട് രീതിയിലാണ് വികസനവുമായി ബന്ധപ്പെട്ടുള്ള സി.പി.എം കാഴ്ചപ്പാടിനോടുള്ള വിമര്‍ശനങ്ങള്‍ ഉണ്ടാകാറുള്ളത്. ഈ വിമര്‍ശനങ്ങള്‍ക്കും പൊതുസ്വഭാവവുമുണ്ടാകാറുണ്ട്. ഒന്നുകില്‍ സി.പി.എം അതിന്‍റെ അടിസ്ഥാനപരമായ ആശയങ്ങള്‍ കൈയൊഴിഞ്ഞ് മുതലാളിത്ത പാതയിലേക്ക് മാറുന്നുവെന്ന് ഒരു വിഭാഗം പറയും. ഈ പറയുന്ന കൂട്ടത്തില്‍ കോണ്‍ഗ്രസുകാരും വലതുപക്ഷ രാഷ്ട്രീയക്കാരും കാണും. സി.പി.എം ഇടതു സ്വഭാവം കൈയൊഴിഞ്ഞെന്ന് പറഞ്ഞ് വലതുപക്ഷം തന്നെ ദുഃഖിക്കുന്ന സവിശേഷ കാഴ്ച ഇത്തരക്കാരുടെ വിമര്‍ശനത്തില്‍ കാണാം. ഇതേ വിമര്‍ശനം മറ്റൊരു രീതിയില്‍ ഉന്നയിക്കുന്നവരുണ്ട്. ഇടതുപക്ഷത്തുനിന്നാണ് ഇവര്‍ വിമര്‍ശനം ഉന്നയിക്കാറുള്ളത്. അവരും പറയുക സി.പി.എം മുന്‍കാലങ്ങളില്‍ ഇങ്ങനെയായിരുന്നില്ലെന്നും, മുഖ്യധാര വികസനത്തിന്‍റെ വക്താക്കളായി പാര്‍ട്ടി മാറിയത് ഇടതുരാഷ്ട്രീയം കൈയൊഴിയുന്നതുകൊണ്ടാണെന്നുമാണ്. സമീപകാലത്തെ മാറ്റങ്ങളില്‍ പ്രതിഫലിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയം കൈയൊഴിയലാണെന്ന് ഇവര്‍ ഖേദിക്കും. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്‍റെ ഭാവി വികസനത്തെ സംബന്ധിച്ച വികസന രേഖ അവതരിപ്പിച്ചപ്പോഴും അതിനോടുള്ള സമീപനം മേല്‍സൂചിപ്പിച്ച മാതൃകയിലായിരുന്നു.

സി.പി.എം സംസ്ഥാന സമ്മേളന വേദിയിൽ പിണറായി വിജയൻ, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ എന്നിവർ

സി.പി.എം സംസ്ഥാന സമ്മേളന വേദിയിൽ പിണറായി വിജയൻ, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ എന്നിവർ

പുതിയ വികസനരേഖയുടെ പൂര്‍ണരൂപം ലഭ്യമല്ലെങ്കിലും സി.പി.എം നേതാക്കള്‍ നല്‍കുന്ന വിശദീകരണം അനുസരിച്ച് സ്വകാര്യ വിദേശ മൂലധനം ആകര്‍ഷിക്കാനും പൊതു-സ്വകാര്യ പങ്കാളിത്തം വ്യാപിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സര്‍വകലാശാലകളടക്കം കൊണ്ടുവരുന്നതുമടക്കമുള്ള കാര്യങ്ങളിലാണ് സി.പി.എം നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇക്കാലമത്രയും സി.പി.എം സ്വീകരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും വിദേശ സ്വകാര്യ സര്‍വകലാശാലകളുടെ വരവിനെതിരെ സമരം ചെയ്ത എസ്.എഫ്.ഐ നേതാക്കള്‍ സെക്ര​േട്ടറിയറ്റില്‍ ഇരിക്കുമ്പോഴാണ് ഈ 'വ്യതിയാനം' സംഭവിച്ചിരിക്കുന്നതെന്നും പറഞ്ഞ് ഈ പഴയ സി.പി.എമ്മുകാര്‍ തങ്ങളുടെ രാഷ്ട്രീയ വിമര്‍ശനം കടുപ്പിക്കും. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പാര്‍ട്ടിയുടെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നതില്‍ ഭിന്നമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ട രേഖയിലെ നിലപാടുകളെന്നും പറഞ്ഞ് 'ആശയക്കുഴപ്പം' ഉണ്ടാക്കാനും വിമര്‍ശകരില്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളൊന്നും സി.പി.എമ്മിനെ ബാധിക്കാറില്ല.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ പറഞ്ഞത് ഭരണപക്ഷത്ത് എത്തുമ്പോള്‍ ചെയ്യേണ്ടെ എന്നത് ഒരു ധാർമിക ചോദ്യമാണ്. അധികാര രാഷ്ട്രീയത്തില്‍ അതിന് വലിയ സ്ഥാനമില്ലാത്തതിനാല്‍ അതവിടെ നില്‍ക്കട്ടെ. പിന്നെ ഉള്ളത് നയംമാറ്റത്തിന്‍റെ കാര്യമാണ്. സി.പി.എമ്മിന്‍റെ സമീപനത്തില്‍ അങ്ങനെ എന്തെങ്കിലും യഥാർഥത്തില്‍ ഉണ്ടോ? നയത്തിലോ സമീപനത്തിലോ കാര്യമായ എന്തെങ്കിലും മാറ്റങ്ങള്‍ ഇപ്പോള്‍ പൊടുന്നനെ സംഭവിക്കുന്നുണ്ടോ?

ഒരു ഫെഡറല്‍ സംവിധാനത്തിനുള്ളില്‍നിന്ന് ഇടതുപക്ഷ സര്‍ക്കാറുകള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ സി.പി.എം കാലാകാലം കൈക്കൊണ്ട സമീപനങ്ങളില്‍നിന്ന് സംസ്ഥാന സമ്മേളന രേഖയിൽ അടിസ്ഥാനപരമായി എന്തെങ്കിലും മാറ്റമുണ്ടോ? മുഖ്യമന്ത്രി അവതരിപ്പിച്ച് സമ്മേളനം അംഗീകരിച്ച രേഖ സി.പി.എം ഭരണസമയത്ത് പാര്‍ട്ടി എടുത്ത നിലപാടുകളെ കൈയൊഴിയുന്നുണ്ടോ? പഴയകാല സി.പി.എമ്മിന്‍റെ ആരാധകരായ ഇപ്പോഴത്തെ നേതൃത്വത്തിന്‍റെ വിമര്‍ശകര്‍ പറയുന്നതുപോലെ എന്തെങ്കിലും രാഷ്ട്രീയ നിലപാട് കൈയൊഴിയല്‍ ഇക്കാര്യത്തിലുണ്ടായിട്ടുണ്ടോ?

ഒരു ഫെഡറല്‍ സംവിധാനത്തിനുള്ളില്‍ ഒരു സംസ്ഥാനത്ത് അധികാരത്തില്‍ വരുന്ന ഇടതു സര്‍ക്കാറിന് എന്താണ് ചെയ്യാന്‍ കഴിയുകയെന്ന വസ്തുത തുടക്കംമുതല്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി ചര്‍ച്ച ചെയ്യുകയോ, അധികാര രാഷ്ട്രീയത്തില്‍ പ്രായോഗികമായ, പ്രത്യയശാസ്ത്ര നിരപേക്ഷമായ നിലപാട് തുടക്കം മുതല്‍ തന്നെ കൈകൊള്ളുകയും ചെയ്തിരുന്നു. അതാണ് ഇ.എം.എസ്​. നമ്പൂതിരിപ്പാടിന്‍റെ സര്‍ക്കാര്‍ ചെയ്തത്. ആ സമീപനത്തിന്‍റെ വികസിത രൂപം തന്നെയാണ് ഇപ്പോള്‍ പിണറായി വിജയന്‍ സ്വീകരിക്കുന്നതും.

അല്ലാതെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സമീപകാലത്ത് എന്തോ വലിയ രാഷ്ട്രീയ പ്രത്യയശാസ്ത്ര ശോഷണം സംഭവിച്ചുവെന്ന് പറയുന്ന സങ്കല്‍പ ഭൂതകാല സ്മരണകളില്‍ സി.പി.എമ്മിനെ പിടിച്ചുകെട്ടി ആ പാര്‍ട്ടിയെ വിമര്‍ശിക്കുന്നവര്‍ കഴിഞ്ഞ ആറു പതിറ്റാണ്ടിലേ​െറക്കാലം സി.പി.എം സ്വീകരിച്ച നിലപാടുകള്‍ ബോധപൂര്‍വം അറിയില്ലെന്ന് നടിക്കുകയാണ്. രാഷ്ട്രീയവിമര്‍ശനത്തിന് വ്യക്തികളെ മുന്‍നിര്‍ത്തിയുള്ള ആക്രമണമാക്കുന്നവര്‍ക്ക് അതു കൂടുതല്‍ സഹായിക്കുമെന്നതുകൊണ്ടാവും അങ്ങനെ ചെയ്യുന്നത്. വികസനവുമായി ബന്ധപ്പെട്ട് ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ എന്തായിരുന്നു? അന്ന് മാവൂരില്‍ ബിര്‍ളയെ കൊണ്ടുവന്നപ്പോള്‍ ഇ.എം.എസ്​ പറഞ്ഞതില്‍നിന്നും എന്തെങ്കിലും കാര്യം പുതുതായി സി.പി.എമ്മിന്‍റെ ഇപ്പോഴത്തെ നേതൃത്വം പറയുന്നുണ്ടോ?

സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട  കോടിയേരി ബാലകൃഷ്ണൻ പ്രവർത്തകരെ അഭിവാദ്യം​െചയ്യുന്നു

സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണൻ പ്രവർത്തകരെ അഭിവാദ്യം​െചയ്യുന്നു

കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യം ഇ.എം.എസ്​ വിശദമാക്കുന്നുണ്ട്. ഇന്ത്യന്‍ കുത്തക മുതലാളി വര്‍ഗത്തിന്‍റെ പ്രധാനിയായ ജി.ഡി. ബിര്‍ളയുടെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള ഗ്വാളി​യോര്‍ റയോണ്‍സുമായി കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കരാറുണ്ടാക്കിയത് ചിലരില്‍ അത്ഭുതമുണ്ടാക്കിയെങ്കില്‍ ചിലര്‍ അതിനെ വിമര്‍ശിച്ചുവെന്ന് പറഞ്ഞുകൊണ്ട് എന്തിനാണ് ഇത്തരത്തില്‍ ഒരു കരാര്‍ ഉണ്ടാക്കിയതെന്ന് ഇ.എം.എസ്​ വിശദീകരിക്കുന്നുണ്ട്.

''മുതലാളിത്തത്തിനെതിരായി ജനങ്ങളെയാകെ അണിനിരത്തി സോഷ്യലിസ്റ്റ് സമൂഹം നിലവില്‍ വരുത്താന്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന കാര്യത്തില്‍ സംശയമില്ല. ബിര്‍ളയെയും ടാറ്റയെയും പോലുള്ള കുത്തക മുതലാളിമാരെ തടിപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റിന്‍റെ നയത്തിന് പാര്‍ട്ടി തീര്‍ത്തും എതിരാണുതാനും. അപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ബിര്‍ളയുമായി കരാറുണ്ടാക്കുകയോ എന്നതാണ് ചോദ്യം.'' വിമര്‍ശകര്‍ ഉന്നയിക്കുന്ന ചോദ്യം എഴുതിയതിന് ശേഷം ഇ.എം.എസ്​ തന്നെ അതിന് മറുപടി പറയുകയും ചെയ്യുന്നു.

''പാര്‍ട്ടി ഇന്ന് പ്രവര്‍ത്തിക്കുന്നത് ബൂര്‍ഷ്വാചട്ടക്കൂടിന് അകത്തുനിന്നാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടര്‍ന്നുപോരുന്ന നയസമീപനങ്ങള്‍ക്ക് വിധേയമായിട്ടാണ്. അങ്ങനെ പ്രവര്‍ത്തിക്കാനേ കഴിയൂ. ബൂർഷ്വാ വര്‍ഗസ്വഭാവത്തോടെ രൂപപ്പെടുത്തിയ ഭരണഘടനയുടെ ചട്ടകൂടിനകത്തും കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നയസമീപനങ്ങള്‍ക്ക് കീഴ്പെട്ടു പ്രവര്‍ത്തിക്കാനും ബാധ്യതപ്പെട്ട ഒരു സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ മേല്‍നോട്ടമാണ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നത്'' ( കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍- പേജ്: 562).

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൗലികമായ സമീപനങ്ങളും സാഹചര്യങ്ങള്‍കൊണ്ട് ചെയ്യേണ്ടിവരുന്ന നയങ്ങളും രണ്ടാണെന്നും ഇതില്‍ പാര്‍ട്ടിയുടെ അന്തിമ ലക്ഷ്യം വിടാതെയും അതിലേക്ക് എത്താന്‍ കഴിയുംവിധത്തിലും പ്രായോഗികമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് പാര്‍ട്ടിയുടെ സമീപനമെന്നും ഇ.എം.എസ്​ വിശദീകരിക്കുന്നുണ്ട്.

കോണ്‍ഗ്രസ് ഗവണ്‍മെന്‍റിതര വ്യവസായവത്കരണ നയങ്ങളുടെ ഭാഗമെന്ന നിലക്ക് കേരളത്തിലും പുതിയ വ്യവസായങ്ങള്‍ തുടങ്ങണമോ അതോ കേരളത്തില്‍ മാത്രമായി കുത്തക മുതലാളിമാരുടെ വളര്‍ച്ച തടയാന്‍ നോക്കണോ എന്നതായിരുന്നു പാര്‍ട്ടി നേരിട്ട പ്രശ്നമെന്നാണ് ഇ.എം.എസ്​ പറയുന്നത്. കേരളത്തില്‍ മാത്രമായി സ്വകാര്യ സര്‍വകലാശാലയും വിദ്യാഭ്യാസ രംഗത്തും വിദേശ നിക്ഷേപവും തടയാന്‍ കഴിയില്ലെന്ന ഇപ്പോള്‍ സി.പി.എം നേതൃത്വം പറയുന്നതും നേരത്തേ ഇ.എം.എസ് പറയുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടെന്ന് പറയുക വയ്യ.

ബിര്‍ളയുമായുണ്ടാക്കിയ കരാര്‍ പക്ഷേ വളരെ സ്വാഭാവികമായി അന്നത്തെ പാര്‍ട്ടി സ്വീകരിച്ചില്ലെന്നതാണ് സത്യം. പാര്‍ട്ടിക്ക് അതില്‍ വിമര്‍ശനങ്ങളുണ്ടായി. ഈ കരാറിനെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പലതും കാര്യമായി ചര്‍ച്ചയായത് ഗ്രോ വാസുവും മോയിൻ ബാപ്പുവും നയിച്ച ഐതിഹാസികമായ മാവൂര്‍ സമരത്തിന്‍റെ കാലത്താണെന്നത് മറ്റൊരു യാഥാർഥ്യം.

പഴയകാലത്ത് എല്ലാം വിപ്ലവകരമായിരുന്നുവെന്നും സോവിയറ്റ് യൂനിയന്‍റെ പതനത്തിന് ശേഷം പാര്‍ട്ടി പരിപാടിയില്‍ മാറ്റം വരുത്തിയതോടെയും പിന്നീട് കേരള സി.പി.എമ്മില്‍ പിണറായി വിജയന്‍ ശക്തനായതോടെയും എല്ലാം മാറിയെന്നാണ് ചിലര്‍ ഉന്നയിക്കുന്ന വിമര്‍ശനം. എന്നാല്‍ വാസ്തവം എന്താണ്? ഇന്ത്യന്‍ ഭരണസംവിധാനത്തില്‍, അത്രയൊന്നും അധികാരമില്ലാത്ത സംസ്ഥാനങ്ങളില്‍ അധികാരത്തില്‍വന്നാല്‍ കേന്ദ്ര നയങ്ങള്‍ക്ക് കീഴ്പെട്ട്, അതിനുള്ളില്‍നിന്നുള്ള ചില പരിഷ്കാരങ്ങള്‍ മാത്രമെ സാധ്യമാകൂവെന്നും പറഞ്ഞത് പാര്‍ട്ടിയുടെ ഉന്നതരായ നേതാക്കള്‍ തന്നെയാണ്. അതാണ് ഇ.എം.എസ് എഴുതിയതും ചെയ്തതും, ഇപ്പോഴത്തെ നേതൃത്വവും ചെയ്യുന്നതും.


എന്നാല്‍ ഇതിനായി നടപ്പിലാക്കുന്ന സമീപനങ്ങളില്‍ പാര്‍ട്ടിക്ക് മൊത്തത്തില്‍ യോജിപ്പുണ്ടോ എന്ന് ചോദിച്ചാല്‍ അക്കാര്യത്തില്‍ പലപ്പോഴും സംശയങ്ങള്‍ പല കേന്ദ്രങ്ങളില്‍നിന്നും ഉന്നയിക്കപ്പെട്ടിരുന്നു എന്നതാണ് യാഥാർഥ്യം. നേരത്തേ സൂചിപ്പിച്ച മാവൂരിലെ കരാറുമായി ബന്ധപ്പെട്ട് സി.പി.ഐ കേന്ദ്ര നേതൃത്വത്തിനുണ്ടായ വിമര്‍ശനങ്ങള്‍, അതുപോലെ ബംഗാളില്‍ ബുദ്ധദേവ് ഭട്ടാചാര്യയുടെ വ്യവസായവത്കരണ നയത്തിനെതിരെ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് തന്നെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഇതിന്‍റെ ഉദാഹരണങ്ങളാണ്.

ബംഗാളില്‍ വ്യവസായ വികസനമാകണം പ്രധാന അജണ്ട എന്ന മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടചാര്യക്ക് തോന്നിയ സമയത്ത് അദ്ദേഹം വിദേശ മൂലധനത്തിനും പ്രത്യേക സാമ്പത്തിക മേഖലക്കും അനുകൂലമായി പറഞ്ഞ കാര്യങ്ങളുണ്ട്‌. ''എതിര്‍ക്കുന്നവര്‍ പറയുന്നത് വിദേശ മൂലധനം വരാന്‍ ശ്രമിക്കുന്നത് നമ്മളെ ചൂഷണം ചെയ്യാനാണെന്നാണ്. എന്നാല്‍ യഥാർഥ വസ്തുത മറിച്ചാണ്. മത്സരം വളരെ കടുത്തതാണ്. നമുക്ക്‌ നിക്ഷേപം വേണ്ടെന്ന് വെക്കാന്‍ കഴിയില്ല. ഇപ്പോഴത്തേതിന് എന്തെങ്കിലും ബദല്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് തെരഞ്ഞെടുക്കാമായിരുന്നു.''( On Industrialisation- Budhadeb Bhattacharjee) അങ്ങനെയൊരു ബദല്‍ കണ്ടെത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. പാര്‍ട്ടിയുടെ ചില ബുദ്ധികേന്ദ്രങ്ങള്‍ നല്‍കിയ നിർദേശങ്ങള്‍ കാര്യമായ ചര്‍ച്ചയുമായില്ല. ഇതിന് മുമ്പാണ് പശ്ചിമ ബംഗാളിന്‍റെ ചരിത്രത്തില്‍ പിന്നീട് നിര്‍ണായകമായ വ്യവസായ നയം 1994ല്‍ അംഗീകരിച്ചത്. അത്​ ഉദാരീകരണ നയം നടപ്പിലാക്കി തുടങ്ങിയ ഉടനെ ആയിരുന്നു. കമ്പനികള്‍ക്കും ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ വിദേശ നിക്ഷേപവും സാങ്കേതിക വിദ്യയും സ്വാഗതം ചെയ്യും; പൊതുമേഖല നിര്‍ണായക സ്ഥാനത്ത് തുടരും; ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഊന്നല്‍ നല്‍കും എന്നിങ്ങനെ ആയിരുന്നു പിന്നീട് ഏറെ ചര്‍ച്ചചെയ്ത ഈ നയത്തിലെ പ്രധാന സവിശേഷതകള്‍.

സി.പി.എമ്മിന്‍റെ കമ്മിറ്റികളില്‍പോലും ചര്‍ച്ചചെയ്യാതെയാണ് നയം അംഗീകരിച്ചതെന്ന് പിന്നീട് വിമര്‍ശനം ഉണ്ടായി. 1995ല്‍ ചണ്ഡിഗഢില്‍ നടന്ന സി.പി.എമ്മിന്‍റെ പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം വിമര്‍ശനം ആവര്‍ത്തിച്ചു. പിന്നീട് കേന്ദ്ര കമ്മിറ്റി പുറപ്പെടുവിച്ച പ്രമേയത്തില്‍ നയം നടപ്പിലാക്കുമ്പോള്‍ പാര്‍ട്ടി നേതാക്കളും മന്ത്രിമാരും ഉദാരീകരണ നയങ്ങളെ പ്രകീര്‍ത്തിച്ച് സംസാരിക്കരുതെന്ന്‌ ആവശ്യപ്പെട്ടു. (വിജയ് പ്രഷാദിന്‍റെ No Free Left: The futures of Indian Communism എന്ന പുസ്തകത്തില്‍നിന്ന്). ഈ വിമര്‍ശനങ്ങളും നിർദേശങ്ങളുമൊക്കെ ഉണ്ടായെങ്കിലും അതിന് ശേഷമാണ് തൊഴിലാളി സമരങ്ങള്‍ക്കും ഹര്‍ത്താലുകള്‍ക്കുമെതിരെ ബുദ്ധദേബ് ഭട്ടാചാര്യ പരസ്യമായി നിലപാടെടുത്തത്. അതായത് പാര്‍ലമെന്‍ററി അടവ് നയത്തിന്‍റെ ഭാഗമായുള്ള നിലപാടുകളെ പാര്‍ട്ടി പരിപാടിയുടെ അടിസ്ഥാനത്തില്‍ തിരുത്താനുള്ള ശ്രമങ്ങളൊന്നും കാര്യമായി സി.പി.എമ്മില്‍ നടന്നിട്ടില്ല, ചെറുതായി നടന്നപ്പോള്‍ അതൊന്നും വിജയിച്ചിട്ടുമില്ല.

പാര്‍ട്ടിയുടെ അടിസ്ഥാന നിലപാടില്‍ ഉറച്ചുനിന്നാല്‍ വികസനത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുമെന്ന ആശങ്ക, ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായതല്ല. അത് കമ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ പങ്കാളികളാവാന്‍ തുടങ്ങിയതുമുതലുള്ള വിഷയമാണ്.

ബുദ്ധദേബ് ഭട്ടചാര്യ

ബുദ്ധദേബ് ഭട്ടചാര്യ

എന്നാല്‍ സംസ്‌ഥാനഭരണത്തില്‍ ഇത്തരം തന്ത്രപരമായ വിട്ടുവീഴ്ചകള്‍ ചെയ്യുമ്പോഴും, പാര്‍ട്ടിയുടെ നയനിലപാടില്‍ മാറ്റമില്ലെന്ന് കാണിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റേതായ സംശയം ഉന്നയിക്കലും കരുതല്‍ മുന്നറിയിപ്പ് നല്‍കലുമെല്ലാം തുടര്‍ന്നിരുന്നുവെന്ന് മാത്രം. അത് ഇ.എം.എസിന്‍റെ കാലത്തും ബംഗാളിലെ ഭരണകാലത്തും ഒക്കെ ഉണ്ടായിരുന്നു. ഇനിയുള്ള കാലത്ത് അതിനുള്ള പ്രായോഗികമായ കരുത്ത് കേന്ദ്രനേതൃത്വത്തിന് ഉണ്ടാവുമോ എന്ന് സംശയിക്കാമെന്ന് മാത്രം.

സംസ്ഥാനങ്ങളുടെ സാമ്പത്തിക രാഷ്ട്രീയ അധികാരങ്ങളുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഒരു പരിധിവരെ വികസനനയവുമായി ചേര്‍ത്ത് ഉന്നയിക്കുന്നത്. എന്നാല്‍ സംസ്ഥാനങ്ങളുടെ സ്വതന്ത്ര വിഭവസമാഹരണശേഷിയെ വലിയ രീതിയില്‍ പ്രതികൂലമായി ബാധിക്കുന്ന ജി.എസ്.ടി നിലവില്‍ വന്നപ്പോള്‍ സി.പി.എം എന്തു ചെയ്തുവെന്ന ചോദ്യം പ്രസക്തമാണ്. ഉപഭോഗ സംസ്ഥാനമായതുകൊണ്ട് കേരളത്തിന് വലിയ രീതിയില്‍ പ്രയോജനംചെയ്യുമെന്നുള്ള കേരള നേതാക്കളുടെ നിലപാടിന് പൊതുവില്‍ കീഴ്പ്പെടുകയാണ് കേന്ദ്ര നേതൃത്വം ചെയ്തത്. അതും ഇന്ത്യയിലെ മാർക്സിസ്റ്റ് സാമ്പത്തിക വിദഗ്ധര്‍ ജി.എസ്.ടിയുടെ അപകടം വ്യക്തമായി ചൂണ്ടിക്കാണിച്ചുകഴിഞ്ഞിട്ടും. പാര്‍ട്ടി പരിപാടിയെ തന്നെ ദുര്‍ബലമാക്കുന്ന അടവ് നയങ്ങളെടുത്താലും അ​തൊന്നും പാര്‍ട്ടി നേതൃത്വത്താല്‍ കാര്യമായി തിരുത്തപ്പെട്ടിട്ടൊന്നുമില്ല. ഇതൊന്നും ഇപ്പോള്‍ പുതുതായി സംഭവിക്കുന്നതല്ലെന്ന യാഥാര്‍ഥ്യത്തെ മറച്ചുപിടിച്ചിട്ട് കാര്യമില്ല.

കേന്ദ്ര സര്‍ക്കാറിന് കീഴില്‍ പരിമിതമായ അധികാരമുള്ള സംസ്ഥാന സര്‍ക്കാറുകള്‍ എന്ത് സ്വതന്ത്രമായ വികസനമാണ് നടപ്പിലാക്കാന്‍ കഴിയുകയെന്ന അന്വേഷണം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തുകയൊക്കെ ചെയ്തു. ഭൂപരിഷ്കരണംപോലുള്ള നടപടികള്‍ അങ്ങനെയാണ് ഉണ്ടാവുന്നത്. അതിന്‍റെ പരിമിതികള്‍ ബോധ്യപ്പെടുകയും അടിസ്ഥാന വിഭാഗത്തില്‍പ്പെട്ടവര്‍ ഭൂപരിഷ്കരണത്തിന്‍റെ പരിധിയില്‍നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യുകയും, ഭൂ സമരങ്ങള്‍ വ്യാപകമാകുകയും ചെയ്തപ്പോള്‍, ഇനിയെന്ത് ഭൂപരിഷ്കരണം എന്ന നിലപാടിലേക്ക് സി.പി.എം നേതൃത്വം മാറിയെന്നത് മറ്റൊരു കാര്യം.

വികസനത്തിന് വികേന്ദ്രീകരണത്തിന്‍റെ കല്യാശ്ശേരി മോഡലും വികേന്ദ്രീകരണ ആസൂത്രണവും അന്വേഷിച്ചവരും ആവിഷ്കരിച്ചവരും തന്നെയാണ് ഇപ്പോള്‍ മൂലധന കേന്ദ്രീകൃതമായ വന്‍കിട പദ്ധതികള്‍ക്ക് വേണ്ടിയുള്ള വാദങ്ങള്‍ മുന്നോട്ടുവെക്കുന്നതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. വികസനത്തെക്കുറിച്ചുള്ള യാഥാസ്ഥിതികമായ സങ്കല്‍പങ്ങളിലേക്ക് ഇടതുപക്ഷം സമീപകാലത്ത് പൂര്‍ണമായി വഴങ്ങിയെന്നതിന്‍റെ ഉദാഹരണമാണ് കെ- റെയില്‍ പോലുള്ള പദ്ധതികള്‍ക്കു വേണ്ടി ഉന്നയിക്കുന്ന വാദങ്ങളില്‍നിന്ന് തെളിയുന്നത്. കിഫ്ബിയുടെ വന്‍കിട പദ്ധതികളും കടമെടുപ്പും കേരളത്തിന്‍റെ പരിസ്ഥിതിയെയും സാമ്പത്തിക രംഗത്തെയും ഏതൊക്കെ രീതികളിലാണ് ബാധിക്കാന്‍ പോകുന്നതെന്ന് വിശദമാക്കിയുള്ള നിരവധി പഠനങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. എങ്കിലും നിയോ ലിബറല്‍ വികസന പാതയില്‍ കുതിക്കാനാണ് സി.പി.എം തീരുമാനിച്ചിട്ടുള്ളത്. അതല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന ഉദാരീകരണ അനുകൂലികളുടെ വാദത്തിന്‍റെ- ടിന(There Is No Alternative)-യുടെ 'ഇടതു എഡിഷനി'ലൂടെ പാര്‍ട്ടി നേതൃത്വം പറയുന്നു. നേരത്തേ ഇടതു സര്‍ക്കാറുകളാണ് ഒരു സമീപനം എന്ന നിലയില്‍ ഇത് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ അധികാരത്തിലുള്ളപ്പോള്‍ പാര്‍ട്ടി നേതൃത്വവും പലരീതിയില്‍ ഇതുതന്നെ പറയുന്നുവെന്ന് മാത്രം.

വികസനപരിപാടികളില്‍ അടിസ്ഥാനപരമായി വ്യത്യസ്തമായ സമീപനം സാധ്യമല്ലെന്നും കേന്ദ്രനയത്തിനോട് ചേര്‍ന്നുപോകുകയാണ് വേണ്ടതെന്നുമുള്ള സി.പി.എം നിലപാട് ചില വിമര്‍ശകര്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നതുപോലെ പുതിയ കാര്യമല്ലെന്ന് മാത്രം. ബംഗാളില്‍ ഉദാരീകരണ വ്യവസായിക വികസനം ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ചില കരുതല്‍ മുന്നറിയിപ്പുകള്‍ സി.പി.എമ്മിന്‍റെ കേന്ദ്ര നേതൃത്വം നല്‍കിയിരുന്നു. കേരളത്തില്‍ കെ-റെയിലും കിഫ്ബി പദ്ധതികളുമായി മുന്നോട്ടുപോകുമ്പോള്‍, ബംഗാളിന്‍റെ കാര്യത്തില്‍ ഉണ്ടായതുപോലുള്ള മുന്നറിയിപ്പുകള്‍ നല്‍കാനെങ്കിലും പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരെങ്കിലും തയാറാകുമെന്ന് തോന്നുന്നില്ല. അതിന് കാരണം സംഘടനാ തലത്തിലുണ്ടായ മാറ്റങ്ങള്‍ മാത്രമാണ്. എന്നാല്‍ പുതിയ വികസന സമീപനം, സി.പി.എമ്മിന് വന്ന മാറ്റമാണെന്നൊക്കെ പറയുന്നത് തങ്ങളുടേതായ ബോധ്യങ്ങളില്‍ കഴിയുന്നവരുടെ കാല്‍പനിക വാദങ്ങളാണ്.

ആറര പതിറ്റാണ്ടായുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി ഭരണ അനുഭവങ്ങള്‍ വ്യക്തമാക്കുന്നതെന്താണ് എന്ന് പരിശോധിക്കുകയാണ് കേരളത്തിലെ സി.പി.എമ്മിനെക്കുറിച്ച് വെപ്രാളപ്പെടുന്ന വിമര്‍ശകര്‍ തയാറാവേണ്ടത്. ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം അംഗീകരിച്ച നയരേഖ പാര്‍ട്ടി ഇതുവരെ പിന്തുടര്‍ന്നുവന്ന പാതയില്‍നിന്നുള്ള വിച്ഛേദനമല്ല, അതിന്‍റെ തുടര്‍ച്ച തന്നെയാണ്. നേരത്തേയും പാര്‍ട്ടി ശ്രമിച്ചത് കേന്ദ്ര നയത്തിന് അനുസരിച്ച് ഇവിടെ കാര്യങ്ങള്‍ ക്രമീകരിക്കാനായിരുന്നു. അതെന്ത് എന്ന് ഇ.എം.എസ്​ വിശദീകരിച്ചിട്ടുണ്ട്. ഒരു സംസ്ഥാനത്തിന് മാത്രമായി ബദല്‍ വികസനം ഉണ്ടാക്കിയെടുക്കാന്‍ പറ്റില്ലെന്നായിരുന്നു ആ നിലപാട്. ആ നിലപാടുമായി കൂടുതല്‍ ശക്തമായി മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടി. ഇതിന്‍റെ ഭാഗമാണ് തൊഴിലാളി യൂനിയനുകളുടെ പ്രവര്‍ത്തനരീതിക്കെതിരായ അതിശക്തമായ വിമര്‍ശനങ്ങള്‍ മുഖ്യമന്ത്രിയും നേതാക്കളും ഉന്നയിക്കുന്നത്. ഇതാണ് നേരത്തേ ബംഗാളില്‍ ഹര്‍ത്താലിനെതിരായ പ്രസംഗങ്ങളിലൂടെ ബുദ്ധദേവും ചെയ്തത്.

ഇന്ത്യയിലെ ഇടതുഭരണത്തിന് ഏതെങ്കിലും തരത്തില്‍ മുതലാളിത്ത രീതികളെ മറികടക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന അന്വേഷണം ബംഗാളിലെ തിരിച്ചടിയുടെ സമയത്ത് ചില മാര്‍ക്സിസ്റ്റ് ചിന്തകര്‍ ഉന്നയിച്ചിരുന്നു. മുതലാളിത്തത്തെ മറികടക്കാനുള്ള പദ്ധതികളാണ് (transcending capitalism) സി.പി.എമ്മിനെ മറ്റ് പാര്‍ട്ടികളില്‍നിന്ന് സവിശേഷമായി വേര്‍തിരിച്ചുനിർത്തുന്നതെന്നായിരുന്നു പാർട്ടിയോട് ചേര്‍ന്നുനിന്നിരുന്ന ചില ചിന്തകര്‍ അന്ന് ഉന്നയിച്ച പ്രധാന കാര്യം. എന്നാല്‍ ആ പദ്ധതി പ്രായോഗികതലത്തില്‍ കൈയൊഴിഞ്ഞതാണ് തിരിച്ചടികള്‍ക്ക് കാരണമെന്നും ഇവരില്‍ ചിലര്‍ ഉന്നയിച്ചു (പ്രഭാത് പട്നായിക്കിനെപോലുള്ളവര്‍). പശ്ചിമ ബംഗാളിലെ തിരിച്ചടിയുടെ കാരണം അന്വേഷിച്ചുകൊണ്ട് എഴുതിയ ഒരു ലേഖനത്തില്‍ പ്രഭാത് പട്നായിക്ക് പറയുന്നത്, അവിടെ വ്യവസായവത്കരണ ശ്രമങ്ങള്‍ നടത്തിയത് തന്നെ മധ്യവര്‍ഗത്തിന്റെ പിന്തുണ വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ്. രാജ്യത്ത് മറ്റിടങ്ങളില്‍ പാര്‍ട്ടിയുടെ വളര്‍ച്ച നിലച്ച സാഹചര്യത്തില്‍ ഇത് പ്രധാനമാണെന്ന് പാര്‍ട്ടി കരുതിയെന്നും അദ്ദേഹം എഴുതുന്നു. എന്നാല്‍ ഉദാരീകരണനയങ്ങള്‍ക്കനുസൃതമായുള്ള വ്യവസായവത്കരണം ബംഗാളില്‍ നടപ്പിലാക്കിയത് പിന്നീട് മറ്റിടങ്ങളില്‍ ഭൂമിക്ക് വേണ്ടിയും മറ്റുമുള്ള സമരങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടിക്ക് പരിമിതികള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറയുന്നു. കേരളത്തില്‍ മധ്യവര്‍ഗത്തെ തങ്ങളോടൊപ്പം നിലനിര്‍ത്താനും അവര്‍ക്കിടയിലെ സ്വാധീനം വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിന്‍റെകൂടെ ഭാഗമാണ് സി.പി.എം സ്വീകരിക്കുന്ന നയസമീപനങ്ങള്‍. അത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പൊതുവില്‍ സ്വീകരിക്കുന്ന നിലപാടുകളെ ദുര്‍ബലപ്പെടുത്തുമോ എന്നത് കണ്ടറിയേണ്ടതാണ്. ബോംബെയിലെ ഹൈ സ്പീഡ് ട്രെയിന്‍ സർവിസിനെതിരെ സി.പി.എം പ്രക്ഷോഭത്തിലിറങ്ങിയത്‌ ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം കുറവാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഇവിടെ പറയുമ്പോള്‍, അതുമാത്രമല്ല, ആ വികസന സമീപനത്തിനെതിരെയാണ് പ്രക്ഷോഭം എന്ന് കിസാന്‍സഭ നേതാവുകൂടിയായ അശോക് ധാവ് ലെ പറയുന്നത് ഈ വൈരുധ്യം ഉണ്ടായേക്കുമെന്നതിന്‍റെ സൂചന മാത്രമാണ്. എന്നാലും, എന്തൊക്കെ സംശയങ്ങള്‍ ആരെങ്കിലും ഉന്നയിച്ചാലും, കേരളത്തിലെ മധ്യവര്‍ഗ പിന്തുണയാവും, മറ്റിടങ്ങളിലെ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെയും ദരിദ്ര കര്‍ഷകരുടെയും തൊഴിലാളികളുടെയും താല്‍പര്യങ്ങളെക്കാള്‍ പാര്‍ട്ടി പ്രധാനമായി കാണുകയെന്ന കാര്യത്തില്‍ സംശയമില്ല. അതൊരു അതിജീവനത്തിന്‍റെ അടവുനയമാണ്. പാര്‍ട്ടി പരിപാടിക്ക് അവിടെ വലിയ റോള്‍ ഉണ്ടാവാനിടയില്ല.


ശീതസമരകാലത്ത്, 1968ല്‍ ചെക്കോ സ്ലോവാക്യയിലെ പ്രാഗ് വസന്തത്തിന്‍റെ സമയത്ത്, അലക്സാണ്ടര്‍ ഡ്യുബ് ചെക്കിന്‍റെ ആളുകള്‍ സോവിയറ്റ് യൂനിയന്‍റെ പ്രതിനിധികളുമായി സംസാരിച്ചതുമായ ബന്ധപ്പെട്ട 'കഥ' ഇവിടെയും പ്രസക്തമാണെന്ന് തോന്നുന്നു. പ്രാഗ് വസന്തത്തെ അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്നും അങ്ങനെ ചെയ്താല്‍ അത് പശ്ചിമ യൂറോപ്പില്‍ മാര്‍ക്സിസത്തിന്‍റെ വളര്‍ച്ചയെ ബാധിക്കുമെന്ന നിലപാട് ഡ്യൂബ് ചെക്കിന്‍റെ ആളുകള്‍ സ്വീകരിച്ചു. ''വിഡ്ഢിത്തം പറയാതിരിക്കൂ, പശ്ചിമ യൂറോപ്പില്‍ മാര്‍ക്സിസ്റ്റ് വികാസത്തിന് സാധ്യതയൊന്നുമില്ല'' എന്നായിരുന്നുവത്രെ സോവിയറ്റ് പ്രതിനിധികള്‍ ചെക്കോവിന്‍റെ ആളുകളോട് പ്രതികരിച്ചത്. (Prabhat Patnaik- Left in Decline-Challenges of Indian Left- Murzban Jal -Edit). അതുകൊണ്ട് ഇവിടെ പിടിച്ചുനില്‍ക്കണം, അതിന് പ്രാഗ് വസന്തത്തെ നേരിടണം. അതായിരുന്നു സോവിയറ്റ് പ്രതിനിധികള്‍ പറഞ്ഞതിന്‍റെ അർഥം. ബംഗാളിലെ അവസ്ഥ വിശദമാക്കാനാണ് പ്രഭാത് പട്നായിക്ക് ഈ കഥ ഉദ്ധരിച്ചത്. പിന്നീട് ബംഗാളില്‍ എന്താണ് സംഭവിച്ചതെന്നത് ചരിത്രമാണ്.

എന്നാല്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ചെക്കോ​േസ്ലാവാക്യയിലും ബംഗാളിലും നടന്നത് കേരളത്തില്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയില്ല. ഇവിടെ മധ്യവര്‍ഗത്തിന്‍റെ പരിലാളനയില്‍, പാര്‍ട്ടി കരുത്തോടെ മുന്നോട്ട് പോകുകതന്നെ ചെയ്യുമെന്നാണ് കരുതേണ്ടത്. പരാജയത്തെപോലെ വിജയത്തിനുള്ള കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയ സ്വയം വിമര്‍ശനത്തിന് കാര്യമായ റോളില്ല. അതുകൊണ്ട് മറ്റ് ചോദ്യങ്ങള്‍ അപ്രസക്തവുമാണ്.

News Summary - NK Bhoopesh article about cpim