Begin typing your search above and press return to search.
proflie-avatar
Login

കോ​​ട​​തി​​ക​​ള്‍ എ​​ന്തി​​നാ​​ണ് മ​​ല​​യാ​​ള​​ത്തെ പേ​​ടി​​ക്കു​​ന്ന​​ത്?

കോ​​ട​​തി​​ക​​ള്‍ എ​​ന്തി​​നാ​​ണ് മ​​ല​​യാ​​ള​​ത്തെ പേ​​ടി​​ക്കു​​ന്ന​​ത്?
cancel

ന​മ്മു​ടെ കോ​ട​തി​ക​ളി​ൽ എ​ന്തു​കൊ​ണ്ടാ​ണ്​ ഇ​പ്പോ​ഴും ഇം​ഗ്ലീ​ഷ്​ വ്യ​വ​ഹാ​ര​ഭാ​ഷ​യാ​യി തു​ട​രു​ന്ന​ത്​? എ​ന്തു​കൊ​ണ്ട്​ മ​ല​യാ​ളം ആ​യി​ക്കൂ​ടാ? സ്വ​ന്തം ഭാ​ഷ നി​ഷേ​ധി​ക്കു​ന്ന​ത്​ എ​ത്ര​മാ​ത്രം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണ്​? -ഗ​വേ​ഷ​ക​നാ​യ ലേ​ഖ​ക​ൻ കോ​ട​തി​ക​ളു​ടെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും നി​ര​ത്തി മ​ല​യാ​ള​ത്തി​നാ​യി ഒ​രു വ​ക്കാ​ല​ത്ത്​ ഏ​റ്റെ​ടു​ക്കു​ന്നു.2011 ഫെബ്രുവരിയിലാണെന്നാണോർമ. സ്ഥലം- കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സമ്മേളന ഹാള്‍. ജയിലില്‍ കിടക്കുന്നവരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന ചടങ്ങില്‍ സംബന്ധിക്കുന്നതിനായാണ് അവിടെ എത്തിച്ചേർന്നത്. ജയിലിലെ...

Your Subscription Supports Independent Journalism

View Plans
ന​മ്മു​ടെ കോ​ട​തി​ക​ളി​ൽ എ​ന്തു​കൊ​ണ്ടാ​ണ്​ ഇ​പ്പോ​ഴും ഇം​ഗ്ലീ​ഷ്​ വ്യ​വ​ഹാ​ര​ഭാ​ഷ​യാ​യി തു​ട​രു​ന്ന​ത്​? എ​ന്തു​കൊ​ണ്ട്​ മ​ല​യാ​ളം ആ​യി​ക്കൂ​ടാ? സ്വ​ന്തം ഭാ​ഷ നി​ഷേ​ധി​ക്കു​ന്ന​ത്​ എ​ത്ര​മാ​ത്രം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണ്​? -ഗ​വേ​ഷ​ക​നാ​യ ലേ​ഖ​ക​ൻ കോ​ട​തി​ക​ളു​ടെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും നി​ര​ത്തി മ​ല​യാ​ള​ത്തി​നാ​യി ഒ​രു വ​ക്കാ​ല​ത്ത്​ ഏ​റ്റെ​ടു​ക്കു​ന്നു.

2011 ഫെബ്രുവരിയിലാണെന്നാണോർമ. സ്ഥലം- കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സമ്മേളന ഹാള്‍. ജയിലില്‍ കിടക്കുന്നവരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന ചടങ്ങില്‍ സംബന്ധിക്കുന്നതിനായാണ് അവിടെ എത്തിച്ചേർന്നത്. ജയിലിലെ ആകെ തടവുകാരുടെ മൂന്നിലൊന്നും അവിടെയുണ്ട്, ഏകദേശം 500 പേർ. നിറമില്ലാത്ത കോറമുണ്ടുകളും കുപ്പായങ്ങളും അലസമായി ധരിച്ചവർ. ഒറ്റനോട്ടത്തിൽ ഉത്സാഹിതരാണാ മനുഷ്യർ. അരമണിക്കൂറിലധികം സംസാരിച്ചു. തുടർന്ന് സംശയനിവാരണത്തിനുള്ള സമയമായി. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിക്ക് ധനസഹായം നൽകില്ലേ എന്നതായിരുന്നു ഒരു സംശയം. മറുപടി പറയുന്നതിനിടയിൽ സദസ്സിലിരിക്കുന്ന എല്ലാവരോടുമായി ഒരു മറുചോദ്യം ചോദിച്ചു. നിങ്ങളിൽ എത്ര പേർക്ക് നിങ്ങളെ ഈ ജയിലിലേക്കയച്ച കോടതി ഉത്തരവ് വായിച്ചു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്? കഴിഞ്ഞവർ ഒന്ന് കൈ പൊക്കാമോ? ഉത്സാഹം മാഞ്ഞുപോയി. തലകൾ കുനിഞ്ഞു. ഒന്നുകൂടി നിർബന്ധിച്ചപ്പോൾ ഒന്ന് രണ്ടു പേർ പറഞ്ഞു, വക്കീല് പറഞ്ഞുതന്നിട്ടുണ്ടെന്ന്. കോടതി ഉത്തരവ് നേരിൽ വായിച്ചു മനസ്സിലാക്കിയ ഒരാളെപോലും ശിക്ഷാ തടവുകാർ മാത്രമുള്ള ആ ജയിലിൽ കാണാൻ കഴിഞ്ഞില്ല.

ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും കാവലാളായാണ് കോടതികൾ പ്രവർത്തിക്കേണ്ടത് എന്നാണ് നമ്മുടെ ഭരണഘടന വിളിച്ചോതുന്നത്. അതുതന്നെയാണ് ജനാധിപത്യവും. പക്ഷേ, വ്യക്തിക്ക് ആധുനിക സമൂഹം നൽകുന്ന എല്ലാ അവകാശങ്ങളെയും ഹനിക്കുന്ന ജയിലുകളിലേക്ക് പറഞ്ഞയക്കുമ്പോൾ സ്വന്തം ഭാഷയിൽ അക്കാര്യം പറയാൻ കഴിയാത്ത ഒരിടത്ത് ജനാധിപത്യം അനുഭവവേദ്യമാവുകയില്ല.

തമിഴ്നാട്ടില്‍ അവരുടെ ഭാഷയിലാണ് കീഴ്കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ണാടകത്തില്‍ കന്നടയും മഹാരാഷ്ട്രയില്‍ മറാത്തിയുമാണ് കീഴ്ക്കോടതി ഭാഷ. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഹിന്ദിയില്‍തന്നെ കോടതികളിലെ ഉത്തരവുകള്‍ ഇറങ്ങുന്നു. ഹൈകോടതി ഭാഷ തമിഴിലാക്കാനുള്ള പ്രപോസല്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ അഭിഭാഷകരുടെ നേതൃത്വത്തില്‍ സമരം രൂക്ഷമാവുകയാണ്. പക്ഷേ പ്രാദേശിക ഭാഷയിലാവണം വിധിന്യായങ്ങള്‍ എന്ന് നിഷ്കർഷിക്കപ്പെട്ട ഗ്രാമീണ കോടതികളില്‍ പോലും ഒരൊറ്റ ഉത്തരവും മലയാളത്തിലാവാതിരിക്കാന്‍ കേരളം അങ്ങേയറ്റം ശ്രദ്ധ ചെലുത്താറുണ്ട്. 30 ഗ്രാമീണ കോടതികള്‍ ഉള്‍പ്പെടെ 528 കീഴ്കോടതികളാണ് കേരളത്തില്‍ നിലനില്‍ക്കുന്നത് (പട്ടിക ഒന്ന് കാണുക). ജനാധിപത്യമെന്നാല്‍ കേവലം വോട്ടു ചെയ്യലും അധികാരമേല്‍ക്കലും മാത്രമായി തെറ്റിദ്ധരിക്കപ്പെടുന്ന ഒരു പ്രദേശത്ത് കൊളോണിയല്‍ ദാസ്യമനോഭാവത്തിന്റെയും ജനാധിപത്യ വിരുദ്ധതയുടെയും ഉത്തമോദാഹരണമായി സാധാരണക്കാരന്‍റെ ഭാഷയില്‍ സംസാരിക്കാത്ത കോടതി സംവിധാനം നിലനില്‍ക്കുന്നു എന്നതാണ് യാഥാർഥ്യം.

കൊളോണിയൽ പൂർവ നിയമവ്യവസ്ഥ

കൊളോണിയൽ ആധിപത്യത്തിനു മുമ്പ് വിവിധ നാട്ടുരാജ്യങ്ങളായി വിഭജിതമായിരുന്നു മലയാളനാട്. ആധുനിക പൂർവ മലയാളനാട്ടിൽ ഇന്നത്തെ മട്ടിലുള്ള കോടതികൾ ഉണ്ടായിരുന്നില്ല. ജന്മികളും നാടുവാഴികളും അവരവരുടെ അധികാരപരിധിക്കകത്ത് അവർക്ക് തോന്നിയവിധം നിയമങ്ങൾ നടപ്പാക്കി. അൽപമെങ്കിലും ഏകീകൃത സ്വഭാവം കൈവന്നത് മാർത്താണ്ഡവർമയുടെ കാലത്ത് തിരുവിതാംകൂറിലായിരുന്നു. ധർമശാസ്ത്രങ്ങളും മനുസ്മൃതിയും ഉൾപ്പെടെ ബ്രാഹ്മണിക്കലായ നിയമങ്ങളുപയോഗിച്ചാണ് നിയമസംവിധാനങ്ങൾ പ്രവർത്തിച്ചത്. കൊച്ചിയും കോഴിക്കോട്ടും ഇതിൽനിന്നും ഏറെയൊന്നും വ്യത്യസ്തമായിരുന്നില്ല. നിയതമായ ഘടനയോ സ്ഥാപനരൂപങ്ങളോ അക്കാലത്ത് നിയമവ്യവസ്ഥക്കായി വികസിച്ചുവന്നിരുന്നില്ല. വിവിധ നാട്ടുരാജ്യങ്ങളുടെയും ഇടപ്രഭുക്കളുടെയും ജന്മികളുടെയും സംഘാതം എന്നനിലക്കാണ് മലയാളനാട്ടിലെ രാജ്യങ്ങൾ നിലനിന്നിരുന്നത്. മറ്റ് മിക്ക ഇന്ത്യൻ സ്റ്റേറ്റുകളെയുമെന്നപോലെ മലയാളനാട് വമ്പൻ സാമ്രാജ്യങ്ങളുുടെ ഭാഗമായതുമില്ല. തിരുവിതാംകൂറിൽ മാർത്താണ്ഡവർമ എട്ടുവീട്ടിൽ പിള്ളമാരെയും ഇടപ്രഭുക്കളെയും അമർച്ചചെയ്ത് ഏകീകൃതമായ ഒരു രാജ്യം കെട്ടിപ്പടുത്തു. എങ്കിൽപോലും സ്വതന്ത്ര സൈന്യങ്ങളും നിയമനടത്തിപ്പിന് അനുവാദമുള്ള ജന്മികളും അക്കാലത്തും നിലനിന്നിരുന്നു.

സ്റ്റേറ്റും ജനങ്ങളും തമ്മിൽ നിലനിന്നിരുന്ന പ്രധാന ബന്ധം നികുതിപിരിവിേന്റതായിരുന്നു. അതുപോലും ക്രമബന്ധമായ രീതിയിൽ വികസിച്ചിട്ടുണ്ടായിരുന്നില്ല. 'നീതി'യെന്ന് വിളിക്കുന്ന ആധുനിക പരികൽപന 19ാം നൂറ്റാണ്ടുവരെ മലയാളി സാമൂഹിക ജീവിതത്തിൽ നിലനിന്നിരുന്നില്ല. വിലക്കുകളുടെയും അരുതായ്മകളുടെയും നിഷേധിക്കലിന്റെയും രൂപത്തിൽ ഓരോ ജാതിസമൂഹത്തെയും അവരവരുടെ അതിരുകൾ നിർണയിച്ച് അതിൽ തളച്ചിടുന്ന 'അരുതായ്മവ്യവസ്ഥ'യായിരുന്നു അത്. അരുതായ്മകളാവട്ടെ ജാതിബന്ധങ്ങളെ കേന്ദ്രീകരിച്ചതും, ജാതി ശുദ്ധിയെ മലിനപ്പെടാതെ സൂക്ഷിക്കുന്നതിനും, ലംബമായ ജാതിേശ്രണിയെ അതേപടി നിലനിർത്തുന്നതിനും സംവിധാനം ചെയ്യപ്പെട്ടതാണ്. അരുതായ്മകൾ ലംഘിക്കപ്പെടുമ്പോൾ രാജാവോ നാടുവാഴികളോ ശിക്ഷണനടപടികൾ കൈക്കൊള്ളുന്നു. 'നീതി'യും 'മനുഷ്യരും' ഇല്ലാത്ത ആധുനികപൂർവ സമൂഹത്തിലെ ജാതിശരീരങ്ങളും/സമൂഹങ്ങളുമാണ് ഇത്തരത്തിൽ ശിക്ഷകൾക്ക് വിധേയമായത;് നടപ്പാക്കിയതും. അതുകൊണ്ടുതന്നെ നീതിന്യായ സംവിധാനം /വ്യവസ്ഥ എന്ന് വിളിക്കുന്നത് അനുചിതമായിരിക്കും. കുറച്ചുകൂടി അനുയോജ്യമായത് 'അരുതായ്മ വ്യവസ്ഥ' എന്ന് വിളിക്കുന്നതാവും.

കൈവെട്ടുക, തലവെട്ടുക, ആനയെക്കൊണ്ട് ചവിട്ടി അരയ്ക്കുക, വലിച്ച് കീറുക, വിരലുകൾ മുറിച്ചുകളയുക, മുട്ടുതല്ലിയൊടിക്കുക, തിളച്ച എണ്ണയിൽ കൈമുക്കുക, മുതലകളുള്ള നദിയിൽ നീന്തിക്കുക, കഴുവേറ്റുക, കണ്ണുകൾ ചൂഴ്ന്നെടുക്കുക തുടങ്ങി വിവരണാതീതമായ ക്രൂരതയുടെ പര്യായങ്ങളായിരുന്നു ഇവിടത്തെ ശിക്ഷാ നടപടികൾ. േശ്രണീകൃതമായ ജാതിവ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളായിരുന്നു ശിക്ഷണനടപടികൾ ഏതുവേണമെന്ന് തീരുമാനിക്കുന്ന ഘടകം. മറിച്ച് മനുഷ്യത്വമോ സമത്വമോ നീതിയോ ആയിരുന്നില്ല. ഇവ രൂപപ്പെടാത്ത സമൂഹങ്ങളായിരുന്നു അവ. അവികസിത ഫ്യൂഡൽ സമൂഹമായിരുന്നു നമ്മുടേത്. അതിലെ ഭൂവുടമ ഉൽപാദന ബന്ധങ്ങളും ഇത്തരം മൂല്യവ്യവസ്ഥയെ ഊട്ടി ഉറപ്പിക്കുന്നവയായിരുന്നു. പരസ്പരം കൈകോർത്ത് പിടിച്ചാണ് മൂല്യവ്യവസ്ഥയും ഭൂബന്ധങ്ങളും നിലനിന്നത്.

ബ്രിട്ടീഷ് കൊളോണിയലിസ്റ്റ് കാലത്തെ നീതി

ഫ്യൂഡൽ കാലഘട്ടത്തിന്റെ 'അരുതായ്മാ വ്യവസ്ഥക്ക്' വിള്ളലേൽപ്പിച്ചാണ് മലയാള നാട്ടിലേക്ക് കൊളോണിയൽ ശക്തികളുടെ ഇടപെടൽ നിയമവ്യവസ്ഥക്കുമേൽ ഉണ്ടായിട്ടുള്ളത്. 1661ൽ ചാൾസ് രണ്ടിന്റെ രാജകൽപനയുടെ ഫലമായി ബോംബെയിൽ ഇംഗ്ലീഷ് മാതൃകയിലുള്ള കോടതികൾ സ്ഥാപിച്ചു. 1686ലും 1694ലും ബംഗാൾ നവാബിന്റെ അനുമതിയോടെ ബംഗാളിലെ ചില പ്രദേശങ്ങളുടെ അവകാശം കൈവശപ്പെടുത്തിയ കമ്പനി ആ പ്രദേശങ്ങളിൽ സിവിൽ ക്രിമിനൽ അവകാശങ്ങളോടെ സെമീന്താരി കോടതികൾ സ്ഥാപിച്ചു.

പിന്നീട് ബോംബെ, െകാൽക്കത്ത, മദ്രാസ് എന്നിവിടങ്ങൾ പ്രസിഡൻസികളാക്കുകയും ഇംഗ്ലീഷ് നിയമവ്യവസ്ഥ പ്രാവർത്തികമാക്കുകയും ചെയ്തു. 1726ൽ പ്രസിഡൻസികളിൽ മേയേഴ്സ് കോടതികൾ സ്ഥാപിച്ചു. 1757ൽ പ്ലാസിയുദ്ധത്തിൽ ബ്രിട്ടീഷുകാർ വിജയിക്കുന്നതോടെ ബംഗാളിൽ അവർ അടിത്തറ ഉറപ്പിക്കുകയും1765ൽ ബംഗാൾ, ബിഹാർ, ഒഡിഷ എന്നീ പ്രദേശങ്ങളിൽ സിവിൽ കോടതികൾ സ്ഥാപിക്കുകയും ചെയ്തു. 1781, 1797 വർഷങ്ങളിൽ കമ്പനി ഭരണ പ്രദേശങ്ങളിൽ ബ്രിട്ടീഷ് മാതൃകയിൽ കോടതികൾ സ്ഥാപിതമായി. കൊൽക്കത്തയിൽ സുപ്രീംകോടതി സ്ഥാപിക്കുകയും മദ്രാസ്, ബോംബെ എന്നിവിടങ്ങളിലെ റിക്കാഡേഴ്സ് കോടതികളുടെ പരിധി വിപുലീകരിക്കുകയും ചെയ്തു.


പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിലുണ്ടായ നവോത്ഥാന മുന്നേറ്റത്തെ തുടർന്ന് യൂറോപ്പ് അതിവേഗം ആധുനികവത്കരിക്കപ്പെടുകയും സുപ്രധാനമായ ശാസ്ത്രീയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലമാണ് 18ാം നൂറ്റാണ്ട്. യൂറോപ്പ് ശാസ്ത്രീയ വിപ്ലവങ്ങളെ പ്രായോഗികവത്കരിക്കുകയും വ്യവസായിക വിപ്ലവം ആരംഭിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് ആധിപത്യം ഭരണ നീതിന്യായ സംവിധാനങ്ങളിലെ ഇംഗ്ലീഷ് ഭാഷാധിപത്യമായിക്കൂടിയാണ് പ്രവർത്തിച്ചത്. യൂറോപ്യൻ ആധുനികതയുടെ മൂല്യങ്ങളെ സ്വാംശീകരിക്കുകയും, ആധുനിക ഭരണകൂട നിയമവ്യവസ്ഥകളെ രാഷ്ട്രസംവിധാനത്തിന്റെ ഭാഗമാക്കുകയും ചെയ്ത ബ്രിട്ടീഷ്് ഭരണകൂടം, തങ്ങളുടെ ചൂഷണരീതികളെ നിലനിർത്തി ആധുനികമായ ഒരു നീതിന്യായ സംവിധാനത്തെ അവരുടെ ഭരണപ്രദേശങ്ങളിൽ പ്രയോഗിച്ചു. യൂറോപ്പിൽ ആവിർഭവിച്ച 'ആധുനിക മനുഷ്യ'നെ മുൻനിർത്തിയുള്ള 'നീതി' ബോധമാണ് ഈ കോടതികളുടെ പ്രത്യേകത. ഒപ്പം തങ്ങളുടെ കച്ചവട വ്യാപാര ഭരണ താൽപര്യങ്ങളെ സംരക്ഷിക്കുംവിധവുമാണ് അവ സംവിധാനം ചെയ്യപ്പെട്ടത്. പരമ്പരാഗതമായ ഇന്ത്യൻ നിയമസംവിധാനങ്ങളെ നിരാകരിക്കുകയും ജാതിക്കു പകരം തെളിവിന്റെ അടിസ്ഥാനത്തിൽ കുറ്റങ്ങൾ നിർണയിക്കപ്പെടുകയും ചെയ്തുതുടങ്ങി. യൂറോപ്യൻ നവോത്ഥാന മുന്നേറ്റങ്ങളുടെ മൂല്യങ്ങളാണ് ഇവയുടെ പ്രചോദനമായിരുന്നത്. അപ്പോഴും നിറത്തെ അടിസ്ഥാനപ്പെടുത്തിയ വംശീയത സജീവമായി തന്നെ പ്രവർത്തിക്കുന്നുണ്ടായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ബ്രിട്ടീഷ് ഭരണപ്രദേശങ്ങളിൽ നീതിന്യായ സംവിധാനം ക്രമീകൃതമായ സ്ഥാപനമായി മാറിക്കഴിഞ്ഞിരുന്നു. 1833ൽ മെക്കാളെ പ്രഭു അധ്യക്ഷനായി നിയമ േക്രാഡീകരണത്തിനു വേണ്ടി നിയമ കമീഷൻ നിലവിൽവന്നു. അതിനുശേഷം 1860ൽ ഇന്ത്യൻ ശിക്ഷാ നിയമവും (1862ല്‍ നടപ്പാക്കി തുടങ്ങി) 1861ൽ ക്രിമിനൽ നടപടിക്രമവും നിലവിൽ വരുകയുണ്ടായി. 1859ലെ രണ്ടാം നിയമ കമീഷൻ നിർദേശപ്രകാരം സിവിൽ നടപടിക്രമങ്ങൾ പരിഷ്കരിച്ചു. സിവിൽ കേസുകൾക്ക് മുൻസിഫ് കോടതി, സബ്കോടതി, ജില്ല കോടതി, ഹൈകോടതി എന്നിവയും ക്രിമിനൽ കേസുകൾക്ക് മജിസ്േട്രറ്റു കോടതികളും (ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ്, മൂന്നാം ക്ലാസ്), സെഷൻസ് കോടതികളും സ്ഥാപിക്കുകയുമുണ്ടായി. സിവിൽ കേസുകളിൽ ഹൈകോടതി വിധിക്കെതിരെ പ്രിവി കൗൺസിലിൽ അപ്പീൽ പോകാമായിരുന്നു. ചില കേസുകളിൽ പ്രിവി കൗൺസിലിൽ പോകാതെ നേരിട്ട് ഫെഡറൽ കോടതിയിൽ അപ്പീൽ പോകാൻ വ്യവസ്ഥയുണ്ടായിരുന്നു. ഇത്തരം സംവിധാനങ്ങളിലെ നിയമജ്ഞർ ആധുനിക നിയമപഠനം കഴിഞ്ഞ യൂറോപ്യന്മാർ തന്നെയായിരുന്നു (ഇംഗ്ലീഷ് അറിയാവുന്ന മിടുക്കരായ കോടതി ഗുമസ്തരെയും പടിപടിയായി സ്ഥാനക്കയറ്റം നൽകി ജഡ്ജിമാരായി നിയമിച്ചിരുന്നു). ഭരണകൂടത്തിന്റെ ഭാഷ ഇംഗ്ലീഷായതുകൊണ്ടുതന്നെ അവർ കെട്ടിപ്പടുത്ത നീതിന്യായസ്ഥാപനങ്ങളിലെ പ്രമുഖ ഭാഷയും ഇംഗ്ലീഷ്തന്നെയായിരുന്നു.

സൈനികശക്തി ഉപയോഗിച്ച് നാട്ടുരാജ്യങ്ങളെ കീഴ്പ്പെടുത്തി വിപുലമായ സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോൾ, പ്രാദേശിക വൈജാത്യങ്ങൾ കാരണം ഏകീകൃത രാഷ്ട്രത്തെ സാക്ഷാത്കരിക്കാൻ അവർക്ക് ബുദ്ധിമുട്ടായിരുന്നു. ബ്രിട്ടീഷ് സിവിൽ, ക്രിമിനൽ നടപടിക്രമങ്ങളുടെ ചുവടുപിടിച്ച് നിയമനിർമാണം നടത്തുന്നതോടെയാണ് ഒറ്റ ഇന്ത്യ എന്ന സങ്കൽപനം ഭൗതിക യാഥാർഥ്യമായി ഭരണകൂടത്തിന്റെയും ജനങ്ങളുടെയും മുന്നിലേക്ക് വരുന്നത്.

വ്യവസായിക മുതലാളിത്തത്തിലേക്ക് കാലെടുത്തുവെച്ച തങ്ങളുടെ മാതൃരാജ്യത്തിന്റെ നിയമവ്യവസ്ഥകൾ ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകൾക്ക് മാതൃകയായി. ഈ വമ്പിച്ച പരിവർത്തന പ്രക്രിയയുടെ നിയമനിർമാണങ്ങളുടെ ഭാഷ ഇംഗ്ലീഷായിരുന്നു. എന്നാൽ ഇംഗ്ലീഷറിയാത്ത ഒരു ജനതയെ ഭരിക്കുമ്പോൾ അവരുടെ പ്രാദേശിക ഭാഷകളിലേക്ക് അവ വിവർത്തനം ചെയ്യേണ്ടിയിരുന്നു. താഴെതട്ടിലേക്കുള്ള നിയമനടത്തിപ്പ് അതുകൊണ്ടുതന്നെ പ്രാദേശിക ഭാഷകളിലാണ് നടന്നത്. മാത്രവുമല്ല ഭരണസൗകര്യത്തിനുവേണ്ടി 'ഭാരതസംസ്കാര'ത്തെയും 'പാരമ്പര്യത്തെയും' പരിഗണിക്കാനും അവർ ശ്രമിച്ചു. ഈ സംസ്കാരവും പാരമ്പര്യവുമാകട്ടെ സവർണവും വരേണ്യവുമായിരുന്നു. ഇതരവിഭാഗങ്ങൾക്ക് പാരമ്പര്യവും സംസ്കാരവും ഉള്ളതായിപ്പോലും പരിഗണിക്കപ്പെട്ടില്ല.

ഇതിന് പ്രധാന ചാലകശക്തിയായി മാറിയത് ഇൻഡോളജിസ്റ്റുകളുടെ പ്രവർത്തനങ്ങളാണ്. ഭാരതീയ പാരമ്പര്യത്തിന്റെ 'മഹത്ത്വത്തെ' സ്ഥാനപ്പെടുത്താൻ അപ്പോഴേക്കും അവർക്ക് സാധിച്ചിരുന്നു. സർ വില്യം ജോൺസിനെപ്പോലുള്ള ആദ്യകാല ഇൻഡോളജിസ്റ്റുകൾ നിയമരംഗത്തും പ്രവർത്തനനിരതരായിരുന്നു. ഇന്ത്യയിലെ കൊളോണിയൽ ശക്തികളുടെ ആധുനികീകരണത്തിന്റെ ഭാഷ ഇംഗ്ലീഷായിരുന്നു. പക്ഷേ, ആധുനികത പ്രവർത്തിച്ചത് അങ്ങനെയല്ല. മാത്രവുമല്ല ആംഗലേയ ഭാഷയുടെ സമ്പൂർണാധിപത്യം ഇന്ത്യൻ ഭാഷകൾക്കുമേൽ സ്ഥാപിക്കാൻ ബ്രിട്ടീഷ് ഭരണത്തിന് സാധിച്ചതുമില്ല. സ്പാനിഷ് ആധിപത്യത്തിനു കീഴിൽ സ്വന്തം ഭാഷ ഉന്മൂലനംചെയ്യപ്പെട്ട ലാറ്റിനമേരിക്കക്കാരുടെ അവസ്ഥ അതുകൊണ്ടുതന്നെ നമുക്ക് നേരിടേണ്ടിവന്നില്ല. നിയമവ്യവസ്ഥയിലെ മാറ്റത്തിനൊപ്പം വ്യാപകമായ ആംഗലേയ വിദ്യാഭ്യാസ പ്രചാരണവും അതുവഴി തങ്ങളുടെ മാനസിക അടിമകളെ സൃഷ്ടിക്കാനുള്ള പദ്ധതിയും കൊളോണിയലിസ്റ്റുകൾ നടപ്പാക്കി. പൂർണമായും അവ പ്രവർത്തിച്ചത് അങ്ങനെയല്ലെങ്കിലും കൊളോണിയലിസത്തിന്റെ സാംസ്കാരിക പദ്ധതി (സിവിലൈസേഷൻ േപ്രാജക്ട്) ബഹുമുഖ സംവിധാനങ്ങളാൽ ഇവിടെ നടപ്പാക്കപ്പെടുകയായിരുന്നു.

കോടതിഭാഷയെക്കുറിച്ചുള്ള നമ്മുടെ ചർച്ചകൾ അതുകൊണ്ടുതന്നെ വിപുലമായ ചരിത്രപ്രക്രിയയുടെ ഭാഗമായി വിശകലനംചെയ്തുകൊണ്ടേ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളൂ. സ്വാഭാവികമായി രൂപപ്പെട്ട ഭാഷ എന്നമട്ടിൽ അതിനെ സമീപിക്കുന്നതോ പഠനവിധേയമാക്കുന്നതോ അതുകൊണ്ടുതന്നെ ശരിയായിരിക്കുകയുമില്ല.

മലയാളനാട്ടിലെ ആദ്യകാല കോടതികൾ–മലബാർ

മലയാളനാട്ടിൽ ആദ്യമായി ആധുനിക കോടതി രൂപപ്പെടുന്നത് 1792ൽ ടിപ്പുവിൽനിന്ന് മലബാർ ബ്രിട്ടീഷ് അധീനതയിലാകുന്നതോടെയാണ്. 1793 മാർച്ച് 18ന് കോഴിക്കോട് പ്രവിശ്യയായി പ്രഖ്യാപിക്കപ്പെട്ടു. ബോംബെ ഗവർണറായിരുന്ന മേജർ ജനറൽ 'റോബർട്ട് അംബർ േക്രാമ്പിയുടെ കീഴിൽ വില്യം ഗാമുൾഫാർമർ' മലബാർ പ്രവിശ്യയുടെ സൂപ്പർവൈസറും ചീഫ് മജിസ്േട്രറ്റുമായി നിയമിതനായി.

ടിപ്പുവില്‍നിന്ന് മലബാര്‍ ഏറ്റെടുത്ത വർഷം തന്നെ തലശ്ശേരിയിലും കോഴിക്കോടും ചെര്‍പ്പുളശ്ശേരിയിലും ബ്രിട്ടീഷ്‌ രീതിയിലുള്ള കോടതികള്‍ ആരംഭിച്ചു. തൊട്ടടുത്ത വർഷം 'ദരോഗ'ഗള്‍ എന്ന പേരിൽ കൊയിലാണ്ടി, കണ്ണൂര്‍, താനൂര്‍, തിരൂരങ്ങാടി, പൊന്നാനി, ചേറ്റുവ, പാലക്കാട് എന്നീ ഏഴ് സ്ഥലങ്ങളില്‍ കൂടി പ്രാദേശിക കോടതികള്‍ ആരംഭിച്ചു. പ്രാദേശിക കോടതികളിലെല്ലാം മലയാളത്തിലായിരുന്നു നടപടിക്രമങ്ങള്‍ എന്നാണ് രേഖകളില്‍നിന്നും മനസ്സിലാവുന്നത്. 1802ലെ കോൺവാലീസ് കോഡുപ്രകാരം നീതിന്യായ, നിർവഹണ വകുപ്പുകളുടെ പ്രവർത്തനം വേർതിരിച്ചു. താഴ്ന്ന കോടതികളിൽനിന്നുള്ള അപ്പീൽ ഉയർന്ന കോടതികൾ കേൾക്കാൻ തുടങ്ങി. തുടർന്ന് തലശ്ശേരിയിൽ ഒരു െപ്രാവിൻഷ്യൽ കോടതിയും കോഴിക്കോട്ടും തലശ്ശേരിയിലും ഓരോ ജില്ലാ കോടതിയും സ്ഥാപിച്ചു. ഏറ്റവും ഉയർന്ന സിവിൽകോടതി സദർ അദാലത്തും ക്രിമിനൽ കോടതി ഫൗജ്ദാരീ അദാലത്തും ആയിരുന്നു. െപ്രാവിൻഷ്യൽ കോടതികൾ സിവിൽ കേസുകളും സർക്യൂട്ട് കോടതികൾ ക്രിമിനൽ കേസുകളുമാണ് കൈകാര്യം ചെയ്തത്. ജില്ല കോടതികൾ രണ്ടിനം കേസുകളും പരിഗണിച്ചു. മുസ്‍ലിംകളുമായി ബന്ധപ്പെട്ട കേസുകൾ ഖാദിമാരുടെ സഹായത്തോടെയും ഹിന്ദുക്കളുമായി ബന്ധപ്പെട്ട കേസുകൾ നമ്പൂതിരിമാരുടെ സഹായത്തോടെയും പരിഹരിച്ചു. 1827ൽ മൺറോ റിപ്പോർട്ടിൻപ്രകാരം കോൺവാലീസ് രീതി മാറി. ക്രിമിനൽ കേസുകളിൽ ജൂറികളെ നിയമിച്ചു. പ്രാദേശിക ഭാഷയിലായിരുന്ന കോടതി നടപടികൾ പലപ്പോഴും ഇംഗ്ലീഷിലേക്ക് തർജമചെയ്താണ് വിദേശ ജഡ്ജിമാർ മനസ്സിലാക്കിയത്. 1843ൽ സർക്യൂട്ട് കോടതികൾ നിർത്തലാക്കി പകരം ജില്ല കോടതികൾ സ്ഥാപിച്ചു.

1862 ബ്രിട്ടീഷ് റോയൽ ചാർട്ടറിന്റെ അടിസ്ഥാനത്തിലുള്ള 1861ലെ ഇന്ത്യ ഹൈകോർട്ട് ആക്ട് പ്രകാരം, വിക്ടോറിയ രാജ്ഞിയുടെ ഉത്തരവനുസരിച്ച് മദ്രാസ്, ബോംബെ, കൊൽക്കത്ത ഹൈകോടതികൾ സ്ഥാപിച്ചു. മദ്രാസ് ഹൈകോടതി പരിധിയിലാണ് മലബാർ ഉൾപ്പെട്ടിരുന്നത്.

തിരുവിതാംകൂറിലെ കോടതി

തിരുവിതാംകൂറില്‍ 'വ്യവഹാരമാല' എന്ന പ്രാചീന സംസ്കൃത ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ ജാതി ഹിന്ദുക്കളുടെയും, മുഹമ്മദീയ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാപ്പിളമാരുടെയും, പഴയനിയമത്തിന്റെ അടിസ്ഥാനത്തില്‍ ക്രിസ്തുമത വിശ്വാസികളുടെയും കുറ്റവും ശിക്ഷയും തീരുമാനിച്ചിരുന്നതായാണ് ചരിത്രരേഖകളില്‍നിന്ന് പൊതുവെ മനസ്സിലാക്കാന്‍ കഴിയുന്നത്‌. അവര്‍ണനും സവര്‍ണനും തമ്മില്‍ വ്യവഹാരം രൂപപ്പെട്ടാല്‍ എല്ലായ്പോഴും സവര്‍ണനനുകൂലമായിരുന്നു നിയമം. ജാതി ഹിന്ദുക്കള്‍ നീതിയും ന്യായവും തീരുമാനിക്കാനായി ഉപയോഗിച്ച 'വ്യവഹാരമാല' വര്‍ണാശ്രമ ധർമത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റവും ശിക്ഷയും തീരുമാനിച്ചത്. ഇതിന്‍റെ കര്‍ത്താവിനെ കുറിച്ച് വ്യക്തമായ ധാരണയില്ല. തിരുവിതാംകൂറില്‍ വ്യവഹാരമാലയെ പരിഷ്കരിച്ചെഴുതാന്‍ ഗൗരി പാര്‍വതീഭായിയുടെ കാലത്ത് (1815-29) സുബ്രഹ്മണ്യ ശാസ്ത്രികളെയും ചോളദേശം അനന്തരാമശാസ്ത്രികളെയും തീരുമാനിച്ചതായിക്കാണുന്നുവെങ്കിലും അവരത് പരിഷ്കരിച്ചതിന് തെളിവൊന്നുമില്ല.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ നാളുകളിലാണ് തിരുവിതാംകൂറിലും നീതിന്യായരംഗം ആധുനികവത്കരിക്കപ്പെടാൻ തുടങ്ങിയത്. നാട്ടാചാരങ്ങളെയും ധർമശാസ്ത്രങ്ങളെയും മനുസ്മൃതിയെയും അടിസ്ഥാനപ്പെടുത്തി 34 ഭാഗങ്ങളുള്ള 'ചട്ടവരിയോല' പ്രസിദ്ധീകരിച്ചു. ഹിന്ദുജനങ്ങള്‍ക്കായി മൺേട്രാ സായിപ്പ് രൂപവത്കരിച്ച പ്രസ്തുത നിയമരേഖ 'മൺട്രോയുടെ ചട്ടവര്യോല' എന്ന് തുടര്‍ചരിത്രത്തില്‍ അറിയപ്പെട്ടു. ഇതിന്റെ ഭാഗമായാണ് രാജാവ് നീതിന്യായ തലവനായുള്ള ആദ്യ കോടതികൾ തിരുവിതാംകൂറിൽ നിലവിൽ വന്നത്. (തി. ചരിത്രം,). പത്മനാഭപുരം, തിരുവനന്തപുരം, മാവേലിക്കര, വൈക്കം, ആലുവ തുടങ്ങിയ സ്ഥലങ്ങളിൽ കോടതികൾ സ്ഥാപിച്ചു. കുറ്റത്തിന്റെ സ്വഭാവം, തെളിവുകൾ, സാക്ഷി വിവരങ്ങൾ, രേഖകൾ തുടങ്ങിയവ രേഖപ്പെടുത്തി സൂക്ഷിക്കാൻ തുടങ്ങിയത് ഇതോടുകൂടിയാണ്. എല്ലാ കേസുകളുടെയും വിധിപ്പകർപ്പ് ഇരുകക്ഷികൾക്കും കൊടുക്കാൻ തുടങ്ങിയതും ഇക്കാലത്താണ്. ചെറിയ കേസുകൾ കേൾക്കുന്ന മുൻസിഫ് കോടതികൾ സ്ഥാപിക്കുകയും ആദ്യം സ്ഥാപിച്ച ഹുസൂർ കോടതി (അപ്പീൽ കോടതി) വേണ്ടെന്നുവെച്ച് ജില്ല കോടതികൾ രൂപവത്കരിച്ചു.

മലബാറിൽ തഹസിൽദാറായിരുന്ന ഇട്ടിരാരിയച്ചൻ കണ്ടപ്പൻ (കണ്ടൻ മേനോൻ) എന്നയാളെയായിരുന്നു ഹുസൂർ കച്ചേരിയിൽ ദിവാൻ പേഷ്കാർ പദവിയിൽ നിയമിച്ചത്. ഇദ്ദേഹമാണ് അന്ന്‍ നിലവിലുള്ള നിയമങ്ങൾ ക്രമീകരിച്ച് പുതിയ വ്യവസ്ഥകളുടെ കരട് പകർപ്പ് തയാറാക്കിയത്. അദ്ദേഹത്തിന് ഇംഗ്ലീഷ് അറിയില്ലായിരുന്നു. പകർപ്പ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് കോട്ടയം മിഷൻ പ്രസിൽ അച്ചടിപ്പിച്ചു. 1839ൽ അത് വിളംബരത്തിലൂടെ നിയമമായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇതോടെയാണ് തിരുവിതാംകൂറിന്റെ നിയമവ്യവസ്ഥ കൊളോണിയൽ ഭാഷയിലേക്ക് മാറ്റപ്പെടുന്നത്. ചട്ടവരിയോലയുടെ ആധികാരിക പകർപ്പ് ഇംഗ്ലീഷിലേക്ക് തർജമ ചെയ്തതിലൂടെ തിരുവിതാംകൂറിലെ നിയമവ്യവസ്ഥയെ നിയന്ത്രിക്കാൻ ബ്രിട്ടീഷ് ഭരണകൂടത്തിന് വഴിതെളിഞ്ഞു കിട്ടി.

1861ൽ ഇംഗ്ലീഷ് സിവിൽ ക്രിമിനൽ കോഡുകൾ ചില മാറ്റങ്ങളോടെ മാധവറാവുവിന്റെ കാലത്ത് തിരുവിതാംകൂറിലും നടപ്പാക്കി. ഇദ്ദേഹത്തിന്റെ കാലത്ത് ചെറു കേസുകൾ തീർപ്പാക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ കോടതികൾ സ്ഥാപിക്കുകയുണ്ടായി. 1887ൽ തിരുവിതാംകൂർ ഹൈകോടതി സ്ഥാപിക്കപ്പെട്ടു. തിരുവിതാംകൂറിലെ കോടതികളില്‍ മലയാളമായിരുന്നു ഉപയോഗിച്ചത് എന്നതിന് നിരവധി തെളിവുകളുണ്ട്. ഇംഗ്ലീഷുകാരുടെ ഇംഗിതത്തിനൊത്താണ് ഭരണം നടന്നതെങ്കിലും തിരുവിതാംകൂര്‍ കോടതിയിലെ മിക്ക അഭിഭാഷകരും ചില ന്യായാധിപരും ഇംഗ്ലീഷ് അറിഞ്ഞുകൂടാത്തവരായിരുന്നു എന്ന് മള്ളൂര്‍ ഗോവിന്ദപ്പിള്ള ഓര്‍ക്കുന്നു (1952ലെ ആകാശവാണി പ്രഭാഷണം). നിയമങ്ങളെല്ലാം മലയാളത്തില്‍ എഴുതപ്പെട്ടിരുന്നതായും ഉത്തരവുകളും നടപടിക്രമങ്ങളും മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നതായും പഴയ രേഖകളില്‍നിന്ന് വ്യക്തവുമാണ്.


കൊച്ചിയിലെ കോടതികൾ

കൊച്ചിയിലും നീതിന്യായ പരിഷ്കരണം ആരംഭിക്കുന്നത് മൺട്രോയുടെ കാലത്താണ്. 1812ൽ കാര്യക്കാരുടെ അവകാശം എടുത്തുകളയുകയും പകരം ശമ്പളത്തോടുകൂടി ജഡ്ജിമാരെ നിയമിക്കുകയും ചെയ്തു. തൃശൂരും തൃപ്പൂണിത്തുറയുമായിരുന്നു കോടതിയുടെ കേന്ദ്രങ്ങൾ, മേൽനോട്ട അധികാരങ്ങളോടെ ഒരു കോടതി എറണാകുളത്തും സ്ഥാപിച്ചു. 1817ൽ അന്നത്തെ അസിസ്റ്റന്റ് റസിഡന്റ് ആയിരുന്ന 'ലീയെറ്റ് ബ്ലാക്ക്' പുറപ്പെടുവിച്ച വിളംബരം കൊച്ചിയിലെ നീതിന്യായ വ്യവസ്ഥയിൽ വമ്പിച്ച മാറ്റങ്ങൾ വരുത്തി. കോടതി ഫീസ് കൊണ്ടുവരുന്നതും കക്ഷികൾക്ക് വേണ്ടി വക്കീലിനെ ഏർപ്പെടുത്താനുള്ള അവകാശം വരുന്നതും ഈ നിയമത്തിലൂടെയാണ്. 1819ൽ ദിവാൻ നഞ്ചപ്പയുടെ കാലത്ത് ഉപകോടതികൾ ജില്ല കോടതികളാക്കി മാറ്റി. നിർണായകമായ മറ്റൊരു മാറ്റം കക്ഷികളുടെ ജാതിനോക്കാതെ സിവിൽ ക്രിമിനൽ കേസുകളിൽ തീരുമാനമെടുക്കാനുള്ള അധികാരം ജില്ല കോടതികൾക്ക് ലഭിച്ചതാണ് (കേ. ചരിത്രം പേജ്: 665).

1860-79ൽ ദിവാൻ ശങ്കുണ്ണിമേനോന്റെ കാലത്തും നിയമവ്യവസ്ഥ വൻമാറ്റങ്ങൾക്ക് വിധേയമായി. സർക്യൂട്ട് കോടതികൾ നിർത്തലാക്കി. ജില്ല ക്രിമിനൽ കോടതികൾ സ്ഥാപിച്ചു. 1861ൽ സദർകോടതി അപ്പീൽ കോടതിയാക്കി. സദർകോടതിക്ക് ഇന്നത്തെ ഹൈകാടതിയുടെ പദവിയുണ്ടായിരുന്നു. 1882ൽ രാജാവിന്റെ കോടതി എന്ന പേരിൽ സുപ്രീംകോടതി സ്ഥാപിച്ചു. 1884ൽ ബ്രിട്ടീഷ് ഇന്ത്യയുടേതിനു സമാനമായി പീനൽകോഡും ക്രിമിനൽ െപ്രാസീജിയർകോഡും കൊണ്ടുവന്നു. ജില്ല ജഡ്ജിമാർ സെഷൻസ് ജഡ്ജിമാരായി. 1900ൽ അപ്പീൽ കോടതിയും താലൂക്ക് കോടതികളും യഥാക്രമം ഹൈകോടതിയും ജില്ല കോടതിയുമാക്കി. രാജാവിന്റെ കോടതി 1938ല്‍ കൊച്ചി ഹൈകോടതി ആയും 1949ല്‍ തിരു-കൊച്ചി ഹൈകോടതി ആയും അവസാനം കേരള ഹൈകോടതി ആയും മാറി.

കൊച്ചിയിലും കോടതി ഭാഷയായി ഉപയോഗിച്ചിരുന്നത് പ്രധാനമായും മലയാളമായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം രൂപപ്പെട്ട തിരു-കൊച്ചി ഹൈകോടതി നടപടികള്‍ക്കുള്ള ഭാഷ മലയാളമാക്കാന്‍ ട്രാവൻകൂര്‍ -കൊച്ചിന്‍ അഡ്വക്കറ്റ്സ് അസോസിയേഷന്‍ 1950 ഫെബ്രുവരി 28ന് ഒരു പ്രമേയം പാസാക്കി. തുടര്‍ന്ന് ചീഫ് സെക്രട്ടറി കെ.ജി. മേനോന്‍ തിരു-കൊച്ചി ഹൈകോടതി നടപടികള്‍ക്കു മലയാളം ഉപയോഗിക്കാം എന്ന് 02.09.1950ന് ഉത്തരവിറക്കി. അങ്ങനെ തിരു-കൊച്ചി ഹൈകോടതിയില്‍പോലും മലയാളമായിരുന്നു ഭരണഭാഷ.

കോടതികളും സാമൂഹികമാറ്റവും

ഭാഷാ സംസ്ഥാന രൂപവത്കരണത്തിന്റെ ഭാഗമായി തിരു-കൊച്ചി-മലബാർ ഏകീകരണത്തോടെ 1956 നവംബർ 1ന് കേരള ഹൈകോടതി എറണാകുളത്ത് പ്രവർത്തനം ആരംഭിച്ചു. 1950 ജനുവരി 26ന് ഫെഡറൽ കോടതി പ്രവർത്തനം അവസാനിപ്പിച്ച് ഭരണഘടനാ പ്രകാരം സുപ്രീംകോടതി നിലവിൽ വന്നിരുന്നു.

പ്രാദേശിക കോടതികളിൽ മലയാളം ഉപയോഗിക്കുമ്പോഴും അധികാരത്തിന്റെ ഭാഷ എന്ന നിലയിൽ ഇംഗ്ലീഷ് അതിന്റെ വരേണ്യ സ്വഭാവം ഈ വ്യവഹാരങ്ങളിലും സാമൂഹിക മാറ്റങ്ങളിലും ഉടനീളം നിലനിർത്തി. മലയാളം മാത്രം അറിയാവുന്ന വാദിക്കും പ്രതിക്കും ജഡ്ജിക്കുമൊക്കെ ഭാവനാത്മകതലത്തിൽ മോഹിപ്പിക്കുന്ന അധികാര ഭാഷയായി ഇംഗ്ലീഷ് പ്രവർത്തിച്ചു. അതിന്റെ തുടർച്ച പദവികളും സ്റ്റാറ്റസുകളുമൊക്കെയായി നമ്മുടെ കോടതികളെയും പൊതുമണ്ഡലത്തെയും കീഴടക്കി.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് ഇംഗ്ലീഷ് നിയമ വിദ്യാഭ്യാസം ഇന്ത്യയിൽ ആരംഭിച്ചത്. 1857ൽ മൂന്ന് യൂനിവേഴ്സിറ്റികളിൽ നിയമപഠനം ആരംഭിച്ചു. അതിലൊന്ന് മദ്രാസ് യൂനിവേഴ്സിറ്റിയാണ്. 1875ൽ തിരുവനന്തപുരം ലോ കോളജും 1891ൽ മദ്രാസ് ലോ കോളജും നിലവിൽ വന്നു. 1837ൽ മദ്രാസ് ക്രിസ്ത്യൻ കോളജും 1840ൽ പ്രസിഡൻസി കോളജും (മദ്രാസ്) സ്ഥാപിക്കപ്പെട്ടു. തിരുവനന്തപുരത്ത് ആരംഭിച്ച മഹാരാജാസ് ഫ്രീ സ്കൂൾ (1834) 1866ൽ ആയില്യം തിരുനാളിന്റെ ഭരണകാലത്ത് മദ്രാസ് യൂനിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത്, യൂനിവേഴ്സിറ്റി കോളജ് നിലവിൽ വന്ന അന്നാരംഭിച്ചതും പിന്നീട് നിലവില്‍ വന്നതുമായ ലോ കോളജുകള്‍ക്കും നിയമ സര്‍വകലാശാലകള്‍ക്കും രൂപത്തിലും ഭാവത്തിലും ഇന്നും ഗൗരവമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്നാണ് മനസ്സിലാവുന്നത്.

ഇംഗ്ലീഷ് വിദ്യാഭ്യാസം വ്യാപകമാവുകയും സമൂഹത്തിലെ ഉന്നതജാതികളിലെ പുതിയ തലമുറ വിദ്യാഭ്യാസം നേടാൻ ആരംഭിക്കുകയും ചെയ്തു. പുതിയ തൊഴിൽമേഖലകൾ ആവിർഭവിച്ചു. തറവാടുകളെ കേന്ദ്രീകരിച്ചുള്ള ഉപജീവനമാർഗം ഉപേക്ഷിച്ചുകൊണ്ട് ഗുമസ്തപ്പണിയും വക്കീൽ പണിയും ഉപജീവനമാർഗമാവുന്ന പുതിയ തൊഴിൽ മേഖലകൾ ഉയർന്നുവന്നു. ഇതിലേക്ക് ആകർഷിക്കപ്പെട്ടത് പ്രധാനമായും സമ്പന്ന നായർ ജന്മി കുടുംബങ്ങളിലെ പുതുതലമുറയാണ്. ഇവരിൽനിന്ന് ധാരാളംപേർ നിയമപഠനത്തിനായി മദ്രാസിലേക്കും മൈസൂരുവിലേക്കും ബോംബെയിലേക്കും മറ്റും പോവുകയുണ്ടായി. നിയമപഠനം കഴിഞ്ഞ് തിരിച്ചത്തിയ ഇവരെ കാത്തിരുന്നത് പുതിയ തൊഴിൽമേഖലയും പരമ്പരാഗത തറവാടിത്ത ജന്മി അധികാരങ്ങളെക്കാൾ ശക്തമായ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അധികാര ബന്ധവുമാണ്. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാമെന്നതുതന്നെ നേരിട്ട് വൈദേശിക ഭരണവുമായി ഐക്യപ്പെടാനും അതുവഴി അധികാരത്തെ സ്വാംശീകരിക്കാനുമുള്ള വഴിയായിരുന്നു. കോടതികളിൽ ജഡ്ജിയാവുക, വക്കീലാവുക, ഗുമസ്തനാവുക തുടങ്ങിയവ ജന്മിത്ത അധികാരത്തോട് ഇടയാനോ, ചേർന്നുനിന്ന് പുതിയതരം അധികാര ശക്തിയെ നേടാനോ ഉള്ള മാധ്യമമായിരുന്നു. ഇതവർക്ക് പ്രതീകാത്മക മൂലധനം നൽകി.

ബ്രിട്ടീഷ് ഭരണകൂടത്തിനാകട്ടെ തങ്ങളുടെ അധികാര ശക്തിയെ പരമാവധി താഴെ തട്ടിലെത്തിക്കാൻ തദ്ദേശീയ മനുഷ്യവിഭവശേഷി ആവശ്യമുണ്ടായിരുന്നു. ഇങ്ങനെ ഉയർന്നുവന്ന വിദ്യാസമ്പന്നരായ സവർണ മധ്യവർഗത്തെ ഭരണകൂടം വേണ്ടത്ര സ്വാംശീകരിച്ചു. ഇവരുടെ സഹായത്തോടുകൂടിയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി മലയാളനാട്ടിലെ നിയമ സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും ക്രമീകരിക്കാനും വ്യവസ്ഥപ്പെടുത്താനും വൈദേശികാധിപധ്യത്തിന് കഴിഞ്ഞത്. കൊളോണിയൽ കർതൃത്വങ്ങളെ വ്യാപകമായി സൃഷ്ടിക്കാൻ കൊളോണിയൽ വിദ്യാഭ്യാസ പദ്ധതിക്ക് സാധിച്ചു എന്നതിന്‍റെ തെളിവുകള്‍ ആദ്യകാല നോവലുകളായ 'ഇന്ദുലേഖ', 'ശാരദ', 'മീനാക്ഷി', 'സുകുമാരി' തുടങ്ങിയവയിൽ കാണാവുന്നതാണ്. നിയമപഠനം ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാവുകയും അതിനായി പ്രത്യേക കോളജുകളും മറ്റും ആരംഭിക്കുകയും ചെയ്തതോടെയാണ് താഴെത്തട്ടിലെ കോടതികളിലും കൊളോണിയൽ നിയമ വ്യവസ്ഥ പഠിച്ചിട്ടുള്ള ന്യായാധിപന്മാർ ഉണ്ടായി തുടങ്ങിയത്. ഈ പ്രക്രിയ പൂർത്തിയായതോടെ നീതിന്യായ സംവിധാനം ക്രമീകൃതമായ സ്ഥാപനമായി മാറി. ഒപ്പം ഇംഗ്ലീഷ് ഭാഷയിലേക്കുകൂടി വ്യാപിച്ചു. അത് ഭരിക്കുന്നവരും ഭരണീയരും തമ്മിലുള്ള അന്തരത്തെ ഉറപ്പിച്ചെടുത്തു. ഭരണകൂടത്തിന്റെ ഭാഷയും പൊതുജനങ്ങളുടെ ഭാഷയും രണ്ടായി മാറി. പൊതുജനങ്ങൾ ഭാഷാപരമായി നീതിന്യായ സംവിധാനങ്ങളിൽനിന്ന് അന്യവത്കരിക്കപ്പെട്ടു. ഈ അന്യവത്കരണം സാധാരണ ജനങ്ങൾക്കുമേൽ കോടതിയെ അതാര്യമായ അധികാരകേന്ദ്രമായി പ്രതിഷ്ഠിച്ചു.

കോടതിഭാഷയും ഭരണഘടനയും

വിവിധ ഭാഷകളും ഉപദേശീയതകളുമായി പിരിഞ്ഞിരിക്കുന്ന രാജ്യത്തെ ഒന്നിപ്പിച്ചുനിർത്തുന്നതിൽ ഭരണഘടന നിർണായക പങ്കുവഹിക്കുന്നുണ്ട്. ഭാഷാ സംസ്കാരങ്ങളെ ഉൾക്കൊള്ളാനും അവയെ വേണ്ടുംവിധം പരിഗണിക്കാനും ഇതിന് സാധിക്കുകയും ചെയ്യുന്നുണ്ട്. ഭരണഘടനയുടെ 343 മുതൽ 351 വരെയുള്ള അനുച്ഛേദങ്ങളിലാണ് ഭരണ ഭാഷയെക്കുറിച്ച് പ്രതിപാദിക്കുന്നത്. അനുച്ഛേദം 348ലാണ് സുപ്രീംകോടതി, ഹൈേകാടതി തുടങ്ങിയവയിലെ ഭാഷയെക്കുറിച്ച് പറയുന്നത്. സുപ്രീംകോടതിയിലും ഹൈകോടതിയിലും ആക്ടുകൾ, ബില്ലുകൾ മുതലായവക്കും ഉപയോഗിക്കേണ്ട ഭാഷ ഇംഗ്ലീഷ് ആയിരിക്കണമെന്ന് ഭരണഘടന നിഷ്കർഷിക്കുന്നു. ഇതാകട്ടെ പതിനഞ്ചു വർഷം കഴിഞ്ഞ് പാർലമെന്റ് നിയമംമൂലം മറ്റുവിധത്തിൽ വ്യവസ്ഥചെയ്യുന്നതുവരെ തുടരേണ്ടതുമാണ്. എന്നാൽ പാർലമെന്റിന് ബോധ്യപ്പെടുകയാണെങ്കിൽ പതിനഞ്ചുവർഷത്തിനുശേഷം ഇംഗ്ലീഷ് ഉപയോഗിക്കുന്നത് നിർത്തലാക്കാനും ഹിന്ദിയോ മറ്റ് പ്രാദേശിക ഭാഷകളോ ഉപയോഗിക്കാനോ ഭരണഘടന അധികാരം നൽകുന്നുണ്ട്.

ഇവിടെ ഒരു കാര്യം വ്യക്തമാണ്. സുപ്രീം കോടതിയും ഹൈകോടതികളും ഒഴികെയുള്ളവ പ്രാദേശിക ഭാഷകളില്‍തന്നെ ആവണം എന്നാണ് ഭരണഘനാ ശിൽപികളും ഭരണഘടനാ നിർമാണ സഭയും വിവക്ഷിച്ചത്‌. ഇന്ത്യയിലെ സിവില്‍ നടപടി ക്രമങ്ങള്‍ വകുപ്പ് 137, 1963ലെ ഔദ്യോഗിക ഭാഷാ നിയമം വകുപ്പ് 7 എന്നിവയും ഇക്കാര്യം അരക്കിട്ടുറപ്പിക്കുന്നവയാണ്. ഇന്ത്യന്‍ യൂനിയനിലെ മിക്ക സംസ്ഥാനങ്ങളും ആ പാത പിന്തുടരുകയും ഹൈകോടതികള്‍കൂടി പ്രാദേശിക ഭാഷയിലാക്കാനുള്ള നിര്‍ദേശങ്ങള്‍ ഗവര്‍ണര്‍മാര്‍ വഴി രാഷ്ട്രപതിക്കു മുന്നില്‍ എത്തിക്കുകയും ചെയ്തു. പക്ഷേ കേരളത്തില്‍ ഒരു സബ് കോടതി പോലും ഇപ്പോഴും മലയാളീകരിക്കപ്പെട്ടിട്ടില്ല. വ്യക്തിപരമായ താൽപര്യം ഉപയോഗിച്ചുകൊണ്ട് വളരെ ചുരുക്കം ന്യായാധിപര്‍ കുറച്ചുകാലം മുമ്പുവരെ മലയാളത്തിൽ വിധി പ്രസ്താവനകൾ നടത്തിയിരുന്നു. പക്ഷേ ഇപ്പോള്‍ അതും കുറ്റിയറ്റുപോയതായാണ് മനസ്സിലാക്കുന്നത്.

നമ്മുടെ ഭരണഘടനാ നിർമാതാക്കൾ ഫെഡറൽ രാഷ്ട്ര സംവിധാനവുമായി ബന്ധപ്പെട്ട ബഹുഭാഷാദേശീയതകളുടെ ജനാധിപത്യത്തിന്റെ പ്രശ്നമായി ഭാഷാവിഷയത്തെ കൈകാര്യം ചെയ്തിട്ടുണ്ട്. ആത്യന്തികമായി ജനാധിപത്യസംവിധാനത്തിന്റെ ഉള്ളടക്കത്തെ ശക്തിപ്പെടുത്തുന്ന ഘടകമായി ഭാഷയെ പരിഗണിച്ചതുകൊണ്ടാണ് പതിനഞ്ച് വർഷത്തിനുശേഷം സുപ്രീംകോടതിയിലും ഹൈകോടതിയിലും ഉള്‍പ്പെടെ ഭാഷാമാറ്റത്തെ അവർ അംഗീകരിച്ചത്. കൊളോണിയൽ ഭരണത്തിന്റെ തുടർച്ചയിൽനിന്ന് ആരോഗ്യകരമായി ഭാഷയെ മുക്തമാക്കുന്നതിനുള്ള തയാറെടുപ്പിന്റെ കാലമായിവേണം പതിനഞ്ചുവർഷത്തെ കണക്കാക്കാൻ. അതാവട്ടെ പൊടുന്നനെയുണ്ടാവുന്ന മാറ്റം സൃഷ്ടിക്കാൻ സാധ്യതയുള്ള ക്രമരാഹിത്യത്തെ തടയുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതുമാണ്. എന്നാൽ നമ്മുടെ ഭരണകർത്താക്കളും ഉദ്യോഗസ്ഥ സംവിധാനങ്ങളും കൊളോണിയൽ ഗൃഹാതുരതയിൽ തുടരുകയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ പൂർത്തീകരിക്കാൻ ഭാഷാമാറ്റം അനിവാര്യമാണെന്ന് തിരിച്ചറിയാതെപോയി. പടിഞ്ഞാറൻ വിദ്യാഭ്യാസം ലഭിച്ചവരും ആംഗലേയത്തോടും അതിന്റെ കൊളോണിയൽ സംസ്കാരത്തോടും ആഭിമുഖ്യം പുലർത്തിയതു കാരണമാണ് ഇങ്ങനെ സംഭവിച്ചത്. ഇംഗ്ലീഷ് ഭാഷയെ നമ്മുടെ ഭാഷക്കൊപ്പം നിർത്തുന്ന സാഹോദര്യമായിരുന്നില്ല, മറിച്ച് പ്രാദേശിക ഭാഷകൾക്കുമേൽ േശ്രഷ്ഠപദവിയാണ് പലപ്പോഴും ഇംഗ്ലീഷിനു നൽകപ്പെട്ടത് എന്നതാണ് പ്രശ്നം.

കൊളോണിയൽ രാജ്യങ്ങളിലൊഴികെ എല്ലായിടത്തും അവരവരുടെ മാതൃഭാഷയിലാണ് കോടതിവ്യവഹാരങ്ങൾ നടക്കുന്നത്. കോടതി നടപടിയും ഉത്തരവുകളും മാതൃഭാഷയില്‍ പൗരര്‍ക്ക് ലഭിക്കുമ്പോേഴ ജനാധിപത്യം സാർഥകമാവുകയുള്ളൂ.

ഭാഷാമാറ്റ ശ്രമങ്ങൾ

കോടതിനടപടികൾ മലയാളത്തിലാക്കുന്നതിൽ കേരള രൂപവത്കരണം മുതൽ ചില പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. 1969ൽ ഭരണഭാഷ മലയാളമാക്കുന്നതിനുള്ള പ്രഖ്യാപനം നടന്നു. വിവിധ വകുപ്പുകളിൽ ഭരണം മലയാളത്തിലാക്കുന്നതിനുള്ള ഉത്തരവിനൊപ്പം ഹൈകോടതിക്ക് കീഴിലെ സിവിൽ ക്രിമിനൽ കോടതി നടപടികൾക്ക് മലയാളം ഉപയോഗിക്കാവുന്നതാണെന്ന് സർക്കാർ നിർദേശിച്ചു. 1973 മേയ് 11ന്റെ ഉത്തരവിലെ പ്രത്യേകത നോട്ടിഫിക്കേഷൻ പ്രകാരം കേരളഹൈകോടതിക്ക് കീഴിൽ വരുന്ന എല്ലാ സിവിൽ ക്രിമിനൽ കോടതികളിലും ഇംഗ്ലീഷോ അല്ലെങ്കിൽ മലയാളമോ ഉപയോഗിക്കാമെന്ന് പറയുന്നതാണ്.

1975ലെ കേരള സർക്കാറിന്റെ ഔദ്യോഗിക ഭാഷാവകുപ്പിന്റെ ഉത്തരവി(56025 / ഔ.ഭാ. വ/75/പ.വ.1975 ജൂൺ 20)ൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക തലത്തിലുള്ള ചർച്ചയുടെ നടപടിക്കുറിപ്പുകളെ മുൻനിർത്തി ഇങ്ങനെ പറയുന്നു: ''7.6.1973ലെ യോഗത്തിൽ കീഴ്കോടതികളിലെ ഉത്തരവുകളും വിധിന്യായങ്ങളും കഴിയുന്നിടത്തോളം മലയാളത്തിൽ പുറപ്പെടുവിക്കേണ്ടതിന് ആവശ്യമായ ഉത്തരവുകൾ ചീഫ് ജസ്റ്റിസ് നൽകണമെന്ന് അദ്ദേഹത്തോട് അഭ്യർഥിക്കുകയുണ്ടായി. ഇത് എത്രത്തോളം ഫലവത്തായി നടപ്പാക്കുന്നുവെന്നുള്ള വിവരം ഹോം ഡിപ്പാർട്മെന്റ് ശേഖരിക്കേണ്ടതാണെന്ന് തീരുമാനിച്ചു.'' യോഗങ്ങളും തീരുമാനങ്ങളും മുറപോലെ നടക്കുകയല്ലാതെ അത് പ്രായോഗികവത്കരിക്കാൻ ഇതുവരെയും കഴിഞ്ഞില്ല.

1978 മുതൽ 82 വരെ അഞ്ചുവർഷക്കാലയളവിൽ ഭരണഭാഷയും കോടതിഭാഷയും മലയാളമാക്കാനുള്ള പ്രവർത്തനപദ്ധതികൾ നിർദേശിക്കപ്പെട്ടു. ഇതിൻപ്രകാരം 1978 - 79ൽ വില്ലേജ്തലം മുതൽ താലൂക്ക് തലംവരെ എല്ലാ ഓഫിസുകളിലും സ്ഥാപനങ്ങളിലും ഔദ്യോഗികഭാഷ മലയാളമാകണമെന്ന് തീരുമാനിച്ചു. 1974-80ൽ താലൂക്ക് തലം വരെ എല്ലാ കോടതികളും ഔദ്യോഗികഭാഷ മലയാളത്തിലാണെന്ന് ഉറപ്പുവരുത്തുക. 1980-81ൽ ഇത് ജില്ലാതലത്തിലേക്കും, 1981-82ൽ സംസ്ഥാന തലത്തിൽ കോടതികൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും ഔദ്യോഗിക ഭാഷ മലയാളമായിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിക്കുന്നുണ്ട്. എന്നാൽ അവയും ഫലവത്തായില്ല. ഇതേത്തുടർന്ന് കോടതി ഭാഷ മലയാളമാക്കുന്നതിനെക്കുറിച്ച് പഠിച്ച് ശിപാർശകൾ സമർപ്പിക്കാൻ 1985ൽ സർക്കാർ ജസ്റ്റിസ് കെ.കെ. നരേന്ദ്രൻ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. 1987ൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. അതിൽ ഇങ്ങനെ പറയുന്നു: ''സാധാരണക്കാരനായ വ്യവഹാരിക്കും കോടതി നടപടികൾക്കും മധ്യേ നിലകൊള്ളുന്ന ഇംഗ്ലീഷ് ഭാഷയാകുന്ന ഇരുമ്പുമറ മാറ്റിയാലല്ലാതെ സാധാരണക്കാർക്ക് നമ്മുടെ കോടതി നടപടികളിൽ കൂടുതൽ സജീവമായി സഹകരിക്കാൻ സാധിക്കില്ല. അതുകൊണ്ട് എന്തെല്ലാം തടസ്സങ്ങളുണ്ടെങ്കിലും അതൊക്കെ തരണംചെയ്ത് കോടതിഭാഷ മലയാളമാക്കുന്ന പ്രക്രിയ മുഴുമിപ്പിക്കാതെ നിവൃത്തിയില്ല.

കോടതിഭാഷ മലയാളമാക്കേണ്ടതുണ്ടോ? അതോ ഇംഗ്ലീഷ് തന്നെ മതിയോ? എന്ന് ഇന്ന് പങ്കിടുന്ന മധ്യവർഗ ആശങ്കപോലും ഇല്ലാതെയാണ് കമ്മിറ്റി അതിന്റെ റിപ്പോർട്ടിൽ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. കോടതിഭാഷ മലയാളമാക്കുന്നതിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഉന്നയിച്ച (ഇന്നും ഉന്നയിക്കുന്ന) ആശങ്കകൾക്ക് വ്യക്തമായ പരിഹാരങ്ങൾ സമിതി നിർദേശിക്കുകയുണ്ടായി.

നിയമങ്ങളുടെ മലയാള പരിഭാഷകളുടെ അഭാവമാണ് മുഖ്യമായും ആളുകൾ ചൂണ്ടിക്കാട്ടിയത്. ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന നിയമപദങ്ങൾക്ക് തത്തുല്യമായ മലയാള പദങ്ങളില്ലാത്തതും പലരും ചൂണ്ടിക്കാണിച്ചു. (ഇവ രണ്ടും തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്ന പ്രധാനമായ എതിർ വാദഗതിയും.) ഇതുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങൾ ഇവയായിരുന്നു.

1. ലോ കോളജുകൾ നിയമസംബന്ധവും വിധിസംബന്ധവുമായ കാര്യങ്ങൾ വിശദീകരിക്കുന്ന പ്രസിദ്ധീകരണമെന്ന നിലയിൽ മലയാളത്തിൽ ലോ ജേണലുകൾ ആരംഭിക്കുക.

2. മലയാളത്തിൽ ചുരുക്കെഴുത്ത് എഴുതുന്നതിനുള്ള ആളുകളെയും മലയാളം ടൈപ്പിങ് അറിയാവുന്ന ടൈപ്പിസ്റ്റുകളെയും നിയമിക്കുക.

3. നിയമവിദ്യാഭ്യാസം മലയാളത്തിലാക്കുക. ഉത്തർപ്രദേശിൽ 1960 മുതൽ നിയമവിദ്യാഭ്യാസം ഹിന്ദിയിലാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും നിയമവിദ്യാഭ്യാസം പ്രാദേശിക ഭാഷകളിലാണ്.

4. വിധിന്യായം മലയാളത്തിലെഴുതുന്നതിന് ന്യായാധിപൻമാർക്ക് പരിശീലനം നൽകുക. ഡയറക്ടറേറ്റ് ഓഫ് െട്രയിനിങ് എന്ന സ്ഥാപനത്തിന് ഈ ചുമതല ഏറ്റെടുക്കാവുന്നതാണ്.

5. കോടതിഭാഷ മലയാളത്തിലാക്കാൻ നിയമ വിദ്യാഭ്യാസം മലയാളത്തിലാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല.

6. മുൻസിഫ്, മജിസ്േട്രറ്റ് തസ്തികകളിലേക്ക് നിയമനം നടത്തുമ്പോൾ മലയാളത്തിൽ വിധിന്യായങ്ങളും മറ്റും എഴുതുന്നതിനുള്ള കഴിവുകൂടി പരിശോധിക്കാവുന്നതാണ്.

7. കീഴ്കോടതി നടപടികൾ മലയാളത്തിലെഴുതാം എന്ന നിർദേശം ഇപ്പോൾതന്നെയുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾതന്നെ മലയാളത്തിൽ വിധി പ്രസ്താവിച്ചു തുടങ്ങാവുന്നതാണ്.

8. മലയാളത്തിൽ നല്ല വിധിന്യായങ്ങളും കൂടുതൽ വിധിന്യായങ്ങളും എഴുതുന്ന ന്യായാധിപർക്ക് േപ്രാത്സാഹനമായി പ്രതിഫലം നൽകുന്നത് നന്നായിരിക്കും. ഇതിന്റെ ചുമതല ഹൈകോടതിക്കായിരിക്കണം.

9. നിയമ പദകോശം നിർമിക്കുക.

ഹൈകോടതിയുടെ ജഡ്ജസ് കമ്മിറ്റി

നരേന്ദ്രന്‍ കമ്മിറ്റി റിപ്പോർട്ടില്‍ അഭിപ്രായം അറിയിക്കാന്‍ സര്‍ക്കാര്‍ ഹൈകോടതിക്ക് കത്തെഴുതി. ഹൈകോടതി 3 അംഗ ജഡ്ജസ് കമ്മിറ്റിയെ പരിശോധനക്കായി നിയോഗിച്ചു. ജസ്റ്റിസ് കെ.പി. മേനോന്‍ ആയിരുന്നു കമ്മിറ്റി അധ്യക്ഷന്‍. ജസ്റ്റിസ് നരേന്ദ്രനും സമിതി അംഗങ്ങളും അതിഭീകരമായ എന്തോ അപരാധം നീതിന്യായ സംവിധാനത്തോടു ചെയ്തു എന്ന് തോന്നുംവിധമാണ് ആ റിപ്പോർട്ടിലെ ഓരോ വരിയും എഴുതപ്പെട്ടത്. എല്ലാ നിയമങ്ങളുടെയും വിവര്‍ത്തനം, പ്രത്യേക നിയമ ജേണല്‍, ഒരു ഗ്ലോസറി, ആവശ്യമായ മലയാളം ടൈപ് റൈറ്ററുകളും ടൈപിസ്റ്റുകളുടെ തസ്തികകളും, ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്ക് പരിശീലനം എന്നിവ കൂടാതെ ലോ കോളജുകളിലെ അധ്യയനം മലയാളത്തിലായാലേ കോടതി ഭാഷ മലയാളമാക്കാന്‍ കഴിയൂ എന്നുകൂടി അവര്‍ അഭിപ്രായപ്പെട്ടുകളഞ്ഞു. ഇതെല്ലാം ചെയ്യാന്‍ 10 വർഷ കാലയളവായിരിക്കും പ്രായോഗികം എന്നുകൂടി ജഡ്ജസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഹൈകോടതി തലത്തില്‍ ഒരു മേല്‍നോട്ട സെല്‍ രൂപവത്കരിക്കണമെന്നും, കീഴ് കോടതികളുടെ ഉത്തരവുകള്‍ വിവര്‍ത്തനം ചെയ്യേണ്ടി വരുന്നത് ജോലികള്‍ ഇരട്ടിപ്പിക്കുന്നതിന് ഇടയാക്കുമെന്നും കമ്മിറ്റി ഓര്‍മിപ്പിക്കുന്നു. ചുരുക്കത്തില്‍ മലയാളമാക്കുന്നതില്‍ കമ്മിറ്റിക്ക് ഒരു താൽപര്യവുമില്ല എന്ന് ധ്വനിപ്പിക്കുന്നതായിരുന്നു കമ്മിറ്റി റിപ്പോര്‍ട്ട്‌ എന്ന് സാരം. 21.08.1987നാണ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത്. 23.03.1988നു പ്രസ്തുത റിപ്പോര്‍ട്ട് നടപ്പാക്കാനായി ആമുഖ കത്ത് സഹിതം ഹൈകോടതി സര്‍ക്കാറിലേക്ക് അയച്ചു. ജഡ്ജസ് കമ്മിറ്റി നിര്‍ദേശിച്ച 10 വര്‍ഷ കാലയളവ്‌ 5 മുതല്‍ 7 വരെ ആക്കാന്‍ ആമുഖ കത്തില്‍ ഹൈകോടതി തയാറായി. ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരത്തില്‍ വന്ന സമയമായിരുന്നു അത്. സാക്ഷരതാ യജ്ഞം കേരളത്തിലലയടിക്കുന്ന കാലം. പക്ഷേ മലയാളത്തെ കോടതിയിലേക്ക് കയറ്റാനുള്ള യജ്ഞത്തെ മുന്നോട്ടു കൊണ്ടുപോവാന്‍ അന്നും സാധിച്ചില്ല.

മന്ത്രിമാരുടെ ഉന്നതതല സമിതി

1988 മാർച്ച് 23ന്‍റെ ജഡ്ജസ് കമ്മിറ്റി ശിപാര്‍ശയിന്മേല്‍ കൂടുതല്‍ കാര്യങ്ങള്‍ ആലോചിക്കാനായി 2007 മാർച്ച 17ന് ഹൈകോടതിയുടെ കമ്മിറ്റി മുറിയില്‍ ഉന്നതതല സമിതി യോഗം ചേര്‍ന്നു. സര്‍ക്കാറിനെ പ്രതിനിധാനംചെയ്ത് ഔദ്യോഗിക ഭാഷാ സെക്രട്ടറിയും ഭാഷാവിദഗ്ധനും പങ്കെടുത്തു. ഹൈകോടതിയിലെ രണ്ട് രജിസ്ട്രാര്‍മാരും യോഗത്തില്‍ എത്തി. എന്നാല്‍ മുഖ്യമന്ത്രി അധ്യക്ഷനായി ഒരു കമ്മിറ്റി ഉണ്ടാവണം എന്നല്ലാതെ പ്രായോഗികതലത്തില്‍ ചെറിയ തീരുമാനംപോലും കൈക്കൊള്ളാന്‍ തയാറായില്ല. അങ്ങനെ മുഖ്യമന്ത്രി അധ്യക്ഷനും ആഭ്യന്തരമന്ത്രി, നിയമമന്ത്രി എന്നിവര്‍ അംഗങ്ങളുമായി വീണ്ടും ഒരു ഉന്നതതല സമിതി ജഡ്ജസ് കമ്മിറ്റി നിര്‍ദേശം നടപ്പാക്കാനായി 21 വര്‍ഷത്തിനു ശേഷം (24.01.2009) നിലവില്‍ വന്നു. നിയമവകുപ്പിലെ പരിഭാഷാ വിഭാഗം അഡീ. സെക്രട്ടറിയെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. 2002 ജൂലൈ 17നു തന്നെ കോടതിഭാഷ മലയാളമാക്കുന്നതിനായി ഒരു േലാ ജേണല്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പക്ഷേ, വഞ്ചി സെക്രേട്ടറിയറ്റില്‍നിന്ന് അനങ്ങിയില്ല.

2012ല്‍ ഒരു പ്രസിദ്ധീകരണ സെല്‍ സെക്രേട്ടറിയറ്റില്‍ തുടങ്ങുകയും അഞ്ച് പ്രധാന തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. 'നിയമധ്വനി' എന്ന പേരില്‍ ഒരു ജേണല്‍ ഏതാനും ലക്കങ്ങള്‍ ഇറക്കിയതൊഴിച്ചാല്‍ ഗൗരവമായ പണിയൊന്നും കോടതിഭാഷാ കാര്യത്തില്‍ നടത്താന്‍ സെല്ലിനും കഴിഞ്ഞില്ല.

എതിർവാദങ്ങൾ

കോടതിനടപടികൾ മലയാളത്തിലാക്കുന്നതിനെതിരെ ഉയരുന്ന പ്രധാന വാദഗതികൾ ഇവയാണ്:

1. നിയമങ്ങളും ചട്ടങ്ങളും മലയാളത്തിൽ ലഭ്യമല്ല.

2. ഇംഗ്ലീഷിലെ നിയമപദാവലികൾക്ക് അനുയോജ്യമായ മലയാളപദങ്ങളില്ല.

3. നിയമപദങ്ങൾ സങ്കീർണമായ സാങ്കേതികഭാഷയിലാണ്. അതിനാവശ്യമായ പദസമ്പത്ത് നമുക്കില്ല.

4. സുപ്രീംകോടതിയിലേക്കും മറ്റും പോകുന്ന കേസുകൾ കൈകാര്യം ചെയ്യാൻ മലയാളമായാൽ ബുദ്ധിമുട്ടാകും/വൈകും.

5. ഹൈകോടതി ജഡ്ജിമാർക്ക് പ്രാദേശിക ഭാഷ അറിയില്ല.

6. നിയമപഠനം ഇംഗ്ലീഷിലാണ്. അതുകൊണ്ടുതന്നെ കോടതിനടപടികൾ ഇംഗ്ലീഷിലായിരിക്കണം.

ഇവയിൽ മിക്കതിനും 1987ൽ നരേന്ദ്രൻ കമീഷന്റെ റിപ്പോർട്ടിൽതന്നെ വ്യക്തമായ മറുപടിയും നിർദേശിക്കുന്നുണ്ട്. അവ നമ്മൾ നേരത്തേ കണ്ടു കഴിഞ്ഞതാണ്. ഈ വാദഗതികളുടെ അടിത്തറ കോടതി സംവിധാനങ്ങൾ നിലനിൽക്കുന്നതും പ്രവർത്തിക്കുന്നതും കോടതി എന്ന സ്ഥാപനത്തിലെ ആളുകൾക്ക് വേണ്ടിയാണ് എന്നതേത്ര. കോടതി നടപടികൾ ജഡ്ജിമാരുടെയും വക്കീലന്മാരുടെയും ഗുമസ്തന്മാരുടെയും സൗകര്യങ്ങൾക്ക് വേണ്ടിയാണോ പ്രവർത്തിക്കുന്നത്? പ്രവർത്തിക്കേണ്ടത്? തീർച്ചയായും അല്ല. സാധാരണക്കാരായ ജനസഞ്ചയത്തിനെ സാമാന്യനീതി ലഭിക്കുന്നതിനും ഭരണകൂടത്തിന് ജനങ്ങളെ നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനമാണ്. നീതി തേടിചെല്ലുന്നവർക്ക് വേണ്ടിയാണ് കോടതികൾ പ്രവർത്തിക്കേണ്ടത്. അതുകൊണ്ടുതന്നെ തങ്ങളെ സംബന്ധിച്ച് എന്താണ് കോടതിക്കകത്ത് നടക്കുന്നതെന്നറിയാൻ അവർക്ക് അവകാശമുണ്ട്. അത് മനസ്സിലാകണമെങ്കിൽ ജനങ്ങളുടെ മാതൃഭാഷയിലായിരിക്കണം കോടതി നടപടികൾ. ജനങ്ങളുടെ ആവശ്യവും സൗകര്യവുമാണ് പ്രധാനം. അല്ലാതെ പത്തു ശതമാനംപോലും വരാത്ത ഒരുവിഭാഗത്തിന്‍റെ ഭാഷയിലാവരുത് അത്.

ജനപക്ഷത്തുനിന്ന് ആലോചിക്കുമ്പോൾ മേൽപറഞ്ഞ പ്രധാന എതിർവാദങ്ങൾ ഇല്ലാതാകുന്നു. അത് പരിഹരിക്കാവുന്നതേയുള്ളൂ. അതിനുള്ള നിർദേശങ്ങൾ 87ൽ നരേന്ദ്രൻ കമ്മിറ്റി മുന്നോട്ടുവെച്ചിട്ടുണ്ട്. എല്ലാ നടപടികൾക്കുംശേഷം മതി കോടതി നടപടികൾ മലയാളത്തിലാക്കുന്നത് എന്നു വാദിക്കുന്നത്, ഇംഗ്ലീഷിൽ മതി നീതിന്യായം എന്നു പറയുന്നതിന് തുല്യമാണ്. നീന്തൽ പഠിച്ചതിന് ശേഷം വെള്ളത്തിലിറങ്ങിയാൽ മതിയെന്ന് പറയുമ്പോഴുണ്ടാകുന്ന അസംബന്ധംതന്നെയാണ് ഇതും. നിയമനടപടികൾ മലയാളത്തിലാക്കുന്ന പ്രക്രിയ ആരംഭിച്ചെങ്കിലേ പുതിയ പദങ്ങളും പദസമ്പത്തും ഉണ്ടാവുകയുള്ളൂ. അവക്കു വേണ്ടി കാത്തിരുന്നാൽ ഒരിക്കലും നീന്താനാവാതെ കരയിൽ ഇരിക്കുകയേ ചെയ്യൂ. നിയമവും മലയാളവും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെയേ നിയമഭാഷയായി മലയാളം വികസിക്കുകയുള്ളൂ.

നിയമ പദാവലികൾ വേണ്ടത്ര മലയാളത്തിലില്ലെന്ന് വാദിക്കുന്നവർ, പല മലയാള നിയമ പദങ്ങൾക്കും ഇംഗ്ലീഷില്ല എന്ന കാര്യം മറന്നുപോകുന്നു. ശ്രീപണ്ടാരവക, ഈടുകൂർ, കുഴികൂർ, കോൽ, അംഗുലം, ഞാറ്റടി, പുതുവൻ, തേർച്ച, കുഴിക്കാണം, കെട്ടിമേച്ചിൽ, വട്ടം തികയ്ക്കൽ... തുടങ്ങി പല പദങ്ങളും അതേപടി ഉപയോഗിച്ച് വികൃതമായ ഇംഗ്ലീഷിലാണ് അഭിഭാഷകർ വാദിക്കുന്നതെന്ന് മുൻ ഹൈകോടതി ജഡ്ജി ഹരിഹരൻ നായരെപോലുള്ളവർ പറയുന്നു (കാവൽ കൈരളി). ഒരു ഘട്ടത്തിൽവെച്ച് ഇംഗ്ലീഷ് ഭാഷയിലേക്ക് നിയമ നടപടിക്രമങ്ങൾ മാറിയതോടെ സംഭവിച്ച നിയമ പദാവലി വളർച്ചയിലെ നിശ്ചലാവസ്ഥ കോടതി നടപടി മലയാളത്തിലാക്കുന്നതോടെ നമുക്ക് മറികടക്കാൻ പറ്റും.

ഹൈകോടതി ജഡ്ജിമാരിൽ പലർക്കും മലയാളമറിയില്ല എന്ന പോരായ്മയുമുണ്ട്. അത് വിവർത്തകരുടെ സഹായത്തോടെ പരിഹരിക്കാവുന്നതേയുള്ളൂ. ഇപ്പോൾതന്നെ സാക്ഷികളെയും പ്രതികളെയും വിസ്തരിക്കുന്നത് മലയാളത്തിലാണ്. അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയാണ് പതിവ്. കേരളത്തിലെ കോടതികളില്‍ കേസുമായെത്തുന്നത് 99 ശതമാനവും മലയാളികളാണെന്നിരിക്കെ അവരുടെ ഭാഷയിലാണ് കോടതി നടപടി കൈകാര്യം ചെയ്യപ്പെടേണ്ടത്. വിരലിലെണ്ണാവുന്നവർക്ക് മലയാളം അറിയില്ല എന്നതുകൊണ്ട്, അവർക്ക് അറിയാവുന്ന ഇംഗ്ലീഷിൽ കേസുകൾ കൈകാര്യം ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇംഗ്ലീഷിലേക്ക് നടപടികൾ വിവർത്തനം ചെയ്യാൻ സംവിധാനങ്ങൾ ഉണ്ടാക്കുകയാണ് വേണ്ടത്. ഇപ്പോൾതന്നെ പ്രമാണങ്ങളും മൊഴികളും തെളിവുകളുമൊക്കെ വിവർത്തനം ചെയ്താണ് സുപ്രീംകോടതിയിൽ അവതരിപ്പിക്കുന്നത്. അതിൽ വിധിന്യായംകൂടി ഉൾപ്പെടുത്തുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല.

സുപ്രീംകോടതിയിൽ അപ്പീൽ പോകുന്നതിന് പ്രാദേശികഭാഷ തടസ്സമാകും എന്ന് കരുതുന്നത് ശരിയല്ല. കാരണം വളരെ ചെറിയ ശതമാനം കേസുകളിൽ മാത്രമാണ് സുപ്രീംകോടതിയിൽ അപ്പീൽ പോകുന്നത്. അവക്കു വേണ്ടി മുഴുവൻ കേസുകളും ഇംഗ്ലീഷിൽ കൈകാര്യം ചെയ്യുന്നതിൽ ന്യായീകരണമില്ല. അപ്പീൽ പോകുന്നവയെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാനുള്ള സംവിധാനം സർക്കാർതന്നെ ഏർപ്പെടുത്തുകയാണ് വേണ്ടത്.

കോടതിയിൽ നമുക്ക് അവതരിപ്പിക്കാനുള്ളത് എഴുതിനൽകുന്നതും എതിർകക്ഷിയുടെ മറുപടികളും മലയാളത്തിലാണ് സാധാരണയായി നൽകാറുള്ളത്. മാത്രവുമല്ല കോടതിയിൽ തെളിവായി നൽകുന്ന പ്രമാണങ്ങളും രേഖകളും മിക്കതും തന്നെ മലയാളത്തിലായിരിക്കും. ഓഫിസർമാർ കോടതിയിൽ നൽകുന്ന റിപ്പോർട്ടോ തുടർന്ന് കക്ഷികളും സാക്ഷികളും നൽകുന്ന മൊഴികളും മലയാളത്തിൽതന്നെയാണ്. കേസുകളിൽ പൊലീസ് സ്റ്റേഷനിൽ ആളുകൾ പരാതിനൽകുന്നതും പൊലീസ് മൊഴി രേഖപ്പെടുത്തുന്നതും, പ്രഥമവിവര റിപ്പോർട്ട് മുതൽ കുറ്റപത്രം വരെ തയാറാക്കുന്നതും മലയാളത്തിലാണ്. അതായത് കേസുകളുമായി ബന്ധപ്പെട്ട വലിയൊരു ഭാഗവും മലയാളത്തിലാണ് നടക്കുന്നത്. എന്നാൽ ഇവയുടെ അടിസ്ഥാനത്തിൽ കോടതിയിൽ നടക്കുന്ന വാദം, ഇതിനോടുള്ള ന്യായാധിപന്റെ ചോദ്യങ്ങൾ, സംശയങ്ങൾ, അതിന് അഭിഭാഷകർ നൽകുന്ന മറുപടികൾ, കോടതിയിൽനിന്നു നൽകുന്ന വിധിന്യായം എന്നിവ ഇംഗ്ലീഷിലാവുന്നു. അതായത് നീതിനിർവഹണത്തിന്റെ സുപ്രധാനഘട്ടത്തിൽവെച്ച് ഭാഷാമാറ്റം സംഭവിക്കുന്നു. ഇത് കൊളോണിയൽ രീതിയുടെ തുടർച്ചയാണെന്ന് കാണാൻ പ്രയാസമില്ല. വാദിക്കും പ്രതിക്കും മനസ്സിലാകാത്ത ഭാഷയിൽ നടക്കുന്ന തർക്കവിതർക്കങ്ങൾ നിസ്സഹായരായി കേട്ടുനിൽക്കാനേ കക്ഷികൾക്ക് സാധിക്കുന്നുള്ളൂ. തങ്ങൾക്കുവേണ്ടി അഭിഭാഷകർ ഉന്നയിക്കുന്ന വാദഗതികളെന്താണെന്നും, അവ എത്രമാത്രം നന്നായി അവർ അവതരിപ്പിക്കുന്നു എന്ന് മനസ്സിലാക്കാനും കക്ഷികൾക്ക് ഇതുവഴി കഴിയാതെ പോകുന്നു.


ഓംബുഡ്സ്മാനിലെ അനുഭവം

2009ൽ ജസ്റ്റിസ് ഹരിഹരൻ നായർ കേരളത്തിലെ തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാനായിരിക്കെ അവിടത്തെ മുഴുവൻ നടപടിക്രമങ്ങളും മലയാളത്തിലാക്കുകയുണ്ടായി. കോടതിനടപടികൾ മലയാളത്തിലാക്കണമെന്ന് ശക്തമായി വാദിക്കുന്ന മുൻ ഹൈകോടതി ജഡ്ജിയാണദ്ദേഹം. അദ്ദേഹം പറയുന്നു: ''2009 നവംബർ ഒന്നുമുതൽ ഓംബുഡ്സ്മാന്റെ കോടതിഭാഷയും ഭരണഭാഷയും പൂർണമായും മലയാളമാക്കി എന്നുപറയാൻ എനിക്ക് അഭിമാനമുണ്ട്. ഇക്കഴിഞ്ഞ രണ്ടുവർഷത്തെ അനുഭവത്തിൽനിന്നും എനിക്ക് പറയാൻ കഴിയുന്നത് നമ്മുടെ ഭാഷയിൽ നിയമകാര്യങ്ങൾ കൈകാര്യംചെയ്യാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല എന്നാണ്. കക്ഷികൾക്കാകട്ടെ വളരെ സൗകര്യപ്രദവുമായിരുന്നതായാണ് അനുഭവം...'' (കാവൽ കൈരളി -ഏപ്രിൽ 2011).

ഈ അനുഭവസാക്ഷ്യം കേരളത്തിലെ കോടതിനടപടികൾ മലയാളത്തിലാക്കാൻ നമുക്ക് മാർഗദർശനമാക്കേണ്ടതാണ്.

കോടതിഭാഷയും സാമൂഹികനീതിയും

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ കഴിഞ്ഞ സെപ്റ്റംബര്‍ 18ന് കര്‍ണാടകത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ ഇന്ത്യയിലെ കോടതികള്‍ കോളനി പാരമ്പര്യം വെടിയേണ്ടതുണ്ടെന്നും ഇംഗ്ലീഷിന്റെ ആധിപത്യമുള്ള കോടതികളിലേക്ക് ഗ്രാമീണ ജനങ്ങള്‍ കയറിവരാന്‍ മടിക്കുന്നതായും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഏപ്രിലില്‍ ഡല്‍ഹിയില്‍ നടത്തിയ പ്രഭാഷണത്തിലും പ്രവേശനപരീക്ഷ, നിയമവിദ്യാഭ്യാസം, കോടതി എന്നിവിടങ്ങളിലെ ഭാഷാപ്രശ്നം എടുത്തു പറയുന്നു. പ്രവേശനപരീക്ഷ മുതലുള്ള നിയമവിദ്യാഭ്യാസവും കോടതിനടപടികളും മാതൃഭാഷകളില്‍ വേണമെന്ന ആവശ്യം സാമൂഹികനീതിയുമായി ബന്ധപ്പെട്ട വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്. ഒരു രാഷ്ട്രത്തിലെ നീതിന്യായ സംവിധാനങ്ങൾ ആ രാജ്യത്തിലെ ഏറ്റവും ദരിദ്രർക്ക് വരെ ലഭ്യമാകേണ്ടതുണ്ട്. നിയമങ്ങളും നിയമസ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നത് ഭൂരിപക്ഷംപേർക്കും മനസ്സിലാകുന്ന ഭാഷയിലല്ലെങ്കിൽ അത് സാമൂഹികനീതിക്കെതിരാണ്. ആധുനിക ജനാധിപത്യ സംവിധാനത്തിലെ പൗരന്റെ അവകാശമാണ് നീതി ലഭിക്കുക എന്നത്. എന്നാൽ സുതാര്യമായ നീതിസംവിധാനങ്ങൾ താഴെ തട്ടിലേക്ക് എത്തണമെങ്കിൽ അത് പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിലാകേണ്ടതുണ്ട്.

2010ലെ നാഷനൽ ൈക്രം റെക്കോഡ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയിലെ ജയിലുകളിൽ 3,68,998 പേർ തടവുകാരായുണ്ട്. അതിൽ 1,25,789 പേർ (34.1) ശിക്ഷാതടവുകാരും, ബാക്കിവരുന്ന 2,40,098 (65.9) പേർ വിചാരണ തടവുകാരുമാണ്. ശിക്ഷാതടവുകാരിൽ 37,994 (30.2) പേർ നിരക്ഷരരാണ്. 56,264 (44.7) പേർക്ക് പത്താംക്ലാസിൽ താഴെ മാത്രമേ വിദ്യാഭ്യാസമുള്ളൂ. അതായത് 74.9 പേർക്കും ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള ശേഷിയില്ല എന്ന് മനസ്സിലാക്കാം. ശേഷിക്കുന്നവരിലും ഇംഗ്ലീഷ് ഭാഷാപ്രാവീണ്യമുള്ളവർ നാമമാത്രമായിരിക്കും. വിചാരണ തടവുകാരിൽ 78,836 (33.8) പേർ നിരക്ഷരരും, 1,02,098 പേർ (42.5) പത്താം ക്ലാസ് വരെ വിദ്യാഭ്യാസമുള്ളവരുമാണ്. അതായത് 76.3 പേരും മാതൃഭാഷാ പരിജ്ഞാനം മാത്രമുള്ളവരാണെന്നർഥം. കേരളത്തിലെ അവസ്ഥയും ഇതിൽനിന്ന് വ്യത്യസ്തമല്ല. 6692 തടവുകാരുള്ളതിൽ ശിക്ഷിക്കപ്പെട്ടവരിൽ 66.34 (1847) പേരും വിചാരണ തടവുകാരിൽ 69.14 (2696) പേരും പത്താംക്ലാസിൽ താഴെമാത്രം വിദ്യാഭ്യാസമുള്ളവരാണ്.

ഈ വസ്തുതാവിവരങ്ങളിൽനിന്ന് നമുക്ക് മനസ്സിലാവുന്നത് കുറ്റവാളികളും വിചാരണ തടവുകാരുമായ മഹാഭൂരിപക്ഷവും തങ്ങൾ ജയിലിലെത്താനിടയായ കോടതിവിധി നേരിട്ട് മാതൃഭാഷയിൽ വായിച്ച് മനസ്സിലാക്കുകയോ കേട്ടു മനസ്സിലാക്കുകയോ ചെയ്തിട്ടില്ല എന്നാണ്. അവർ അഭിഭാഷകരുടെ സഹായത്തോടെയോ നിയമവിദഗ്ധരുടെ സഹായത്തോടെയോ തങ്ങളുടെ മാതൃഭാഷയിൽ പറഞ്ഞ് കേട്ട് മനസ്സിലാക്കിയിട്ടുണ്ടായേക്കാം. പക്ഷേ അവർക്ക് മനസ്സിലാവുന്ന മാതൃഭാഷയിലായിരുന്നു കോടതി നടപടികളെങ്കിൽ നീതിന്യായനടപടികൾ കുറച്ചുകൂടി സുതാര്യമായേനെ.

കേരളത്തില്‍ നീതി തേടി കോടതിയിലെത്തുന്ന മഹാഭൂരിപക്ഷത്തിനും ഇംഗ്ലീഷ് അറിയില്ല. അവരുടെ പരാതികളും കോടതിവിധികളും നിയമങ്ങളും വക്കീലന്മാരുടെ വാദവും എന്താണെന്ന് നേരിട്ട് അറിയാനുള്ള ജനങ്ങളുടെ അവകാശം ഹനിക്കപ്പെടുകയും അവർ നീതിന്യായ പ്രക്രിയയിൽനിന്ന് അന്യവത്കരിക്കപ്പെട്ട ഭാഷയിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. കോടതി വഴി നീതിലഭിക്കുന്നതിന് ആവശ്യമായി വരുന്ന വമ്പിച്ച സാമ്പത്തിക ചെലവ് ജനങ്ങളെ നീതിന്യായ സംവിധാനങ്ങളിൽനിന്ന് ആദ്യമേ അകറ്റിനിർത്തുന്നു. ഒപ്പം ഭാഷാപരമായ അന്യവത്കരണംകൂടിയാകുമ്പോൾ അറിയാനുള്ള പൗരാവകാശം നിഷേധിക്കപ്പെടുന്നു.

ലോകത്തിലെ കൊളോണിയൽ രാജ്യങ്ങളിലൊഴികെ ഒരിടത്തും ഇത്രയും നഗ്നമായ ജനാധിപത്യവിരുദ്ധത, നീതിനിർവഹണ പ്രക്രിയയിൽ നിലനിൽക്കുന്നുണ്ടാവില്ല. നീതിതേടി കോടതിയിലെത്തുന്നയാൾക്കും പ്രതിക്കും അറിയില്ല തങ്ങൾക്ക് വേണ്ടി എന്താണ് അഭിഭാഷകർ വാദിക്കുന്നതെന്ന്. ഇത് നീതിതേടുന്നവരെ ചൂഷണംചെയ്യാനുള്ള എളുപ്പവഴിയും മറയുമായി മാറുകയാണ്. അഭിഭാഷകർ തമ്മിലുള്ള ഒത്തുകളിയിലൂടെയും തങ്ങളുടെ വാദം ശക്തമായി അവതരിപ്പിക്കാതെ തോറ്റുകൊടുത്തും മറ്റും നടക്കുന്ന ചൂഷണങ്ങൾ നിരവധിയാണ്. നിരക്ഷരരായ മനുഷ്യർക്കുപോലും മനസ്സിലാകുന്ന വിധത്തിൽ പ്രാദേശികമായ ഭാഷയിൽ നിയമനടപടികൾ നടക്കേണ്ടത് അനിവാര്യമാകുന്നത് അതുകൊണ്ടാണ്.

എ​​ൽഎ​​ല്‍.​ബി ​പ​​രീ​​ക്ഷ​​ക​​ളും മ​​ല​​യാ​​ള​​വും

ഒ​​രു വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ല്‍ ന​​ട്ടെ​​ല്ലി​​ന് ക്ഷ​​ത​​മേ​​റ്റ് ച​​ക്ര​​ക​​സേ​​ര​​യി​​ലാ​​യി​​പ്പോ​​യ ബി​​ജു പോ​​ള്‍ നാ​​ൽ​പ​​ത്തി​യ​​ഞ്ചാം വ​​യ​​സ്സി​​ല്‍ തൃ​​ശൂ​​ര്‍ ലോ ​​കോ​​ള​​ജി​​ല്‍ എ​​ൽഎ​​ല്‍.​ബി ​പ​​ഠി​​ക്കാ​​ന്‍ ചേ​​ര്‍ന്നു. മ​​ല​​യാ​​ള​​ത്തി​​ലാ​​ണ് ത​​നി​​ക്കു കാ​​ര്യ​​ങ്ങ​​ള്‍ ആ​​വി​​ഷ്ക​​രി​​ക്കാ​​ന്‍ ക​​ഴി​​യു​​ക എ​​ന്ന​​തി​​നാ​​ല്‍ ത​​ന്നെ മ​​ല​​യാ​​ള​​ത്തി​​ല്‍ പ​​രീ​​ക്ഷ എ​​ഴു​​താ​​ന്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് കാ​​ണി​​ച്ച് ബി​​ജു ഒ​​രു അ​​പേ​​ക്ഷ കോ​​ഴി​​ക്കോ​​ട് സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ 2019ല്‍ ​​സ‍മ​​ര്‍പ്പി​​ച്ചു. പ​​ക്ഷേ സ​​ര്‍വ​​ക​​ലാ​​ശാ​​ല ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര​​നാ​​യ ആ ​​ബി​​രു​​ദ​ വി​​ദ്യാ​ർ​ഥി​യു​​ടെ അ​​പേ​​ക്ഷ നി​​ഷ്ക​​രു​​ണം ത​​ള്ളി. മി​​ക്ക ബി​​രു​​ദ​പ​​രീ​​ക്ഷ​​ക​​ളും സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ മ​​ല​​യാ​​ള​​ത്തി​​ല്‍ എ​​ഴു​​താം. പ​​ക്ഷേ എ​​ൽഎ​​ല്‍.​ബി​​യു​​ടെ കാ​​ര്യ​​ത്തി​​ല്‍ അ​​തി​​ല്ല. എ​​ൽഎ​​ല്‍.​ബി​​ക്ക് ക്ലാ​​സു​​ക​​ള്‍ എ​​ല്ലാം ന​​ട​​ക്കു​​ന്ന​​ത് മ​​ല​​യാ​​ള​​ത്തി​​ല്‍ ത​​ന്നെ. അ​​വ​​സാ​​നം പ​​രീ​​ക്ഷ വ​​രു​​മ്പോ​​ള്‍ ഇം​​ഗ്ലീ​​ഷി​​ല്‍ പ​​രീ​​ക്ഷ എ​​ഴു​​താ​​നാ​​യി ഗൈ​​ഡ് പു​​സ്ത​​ക​​ങ്ങ​​ളു​​ടെ പി​​ന്നാ​​ലെ പോ​​വാ​​ന്‍ നി​​ര്‍ബ​​ന്ധി​​ത​​രാ​​വു​​ക​​യാ​​ണ് മി​​ക്ക വി​ദ്യാ​ർ​ഥി​ക​ളും എ​​ന്ന​​താ​​ണ് വാ​​സ്ത​​വം. 2019-22 ബാ​​ച്ചി​​ലെ വി​​ദ്യാ​​ര്‍ഥി​​യാ​​യ ബി​​ജു​​വി​​നെപോ​​ലെ പി​​ന്നാ​​ക്ക സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍നി​​ന്നും വ​​രു​​ന്ന നി​​ര​​വ​​ധി കു​​ട്ടി​​ക​​ള്‍ അ​​വ​​രു​​ടെ ആ​​ശ​​യ​​ങ്ങ​​ള്‍ സ​​ത്യ​​സ​​ന്ധ​​മാ​​യി ആ​​വി​​ഷ്ക​​രി​​ക്കാ​​ന്‍ പ​​രീ​​ക്ഷ മ​​ല​​യാ​​ള​​ത്തി​​ലാ​​ക്ക​​ണം എ​​ന്ന് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​രാ​​ണ്. കോ​​ട​​തി​ഭാ​​ഷ മ​​ല​​യാ​​ള​​മാ​​ക്കു​​ന്ന​​തി​​നാ​​യി ഹൈ​​കോ​​ട​​തി ജ​​ഡ്ജ​​സ് ക​​മ്മ​ി​റ്റി മു​​ന്നോ​​ട്ടു​​വെ​​ച്ച പ്ര​​ധാ​​ന ആ​​ശ​​യ​​ങ്ങ​​ളി​​ല്‍ ഒ​​ന്നാ​​യി​​രു​​ന്നു നി​​യ​​മ കോ​​ള​​ജു​​ക​​ളി​​ലെ അ​​ധ്യ​​യ​​നം മ​​ല​​യാ​​ള​​ത്തി​​ലാ​​ക്ക​​ല്‍ എ​​ന്ന​​ത് ഇ​​തു​​മാ​​യി ചേ​​ര്‍ത്തുവാ​​യി​​ക്കേ​​ണ്ട​​താ​​ണ്. 

നി​​യ​​മ​​മു​​ണ്ടാ​​യി​​ട്ടും മാ​​റാ​​ത്ത ഗ്രാ​​മീ​​ണ കോ​​ട​​തി​​ക​​ള്‍

2008ലാ​​ണ് ഗ്രാ​​മീ​​ണ്‍ ന്യാ​​യാ​​ല​​യ ആ​​ക്ട് ഇ​​ന്ത്യ​​യി​​ല്‍ നി​​ല​​വി​​ല്‍ വ​​ന്ന​​ത്. സാ​​ധാ​​ര​​ണ​​ക്കാ​​ർ​ക്ക് അ​​വ​​രു​​ടെ വീ​​ട്ടു​​പ​​ടി​​ക്ക​​ല്‍ നീ​​തി എ​​ത്തി​​ക്കാ​​ന്‍ വേ​​ണ്ടി​​യാ​​ണ് ഗ്രാ​​മീ​​ണ കോ​​ട​​തി​​ക​​ള്‍ എ​​ന്ന് നി​​യ​​മം അ​​നു​​ശാ​​സി​​ക്കു​​ന്നു. സാ​​മൂ​​ഹി​ക​​വും സാ​​മ്പ​​ത്തി​​ക​​വു​​മാ​​യ എ​​ല്ലാ വൈ​​ത​​ര​​ണി​​ക​​ളെ​​യും മ​​റി​​ക​​ട​​ന്ന് ഭ​​ര​​ണ​​ഘ​​ട​​ന മു​​ന്നോ​​ട്ടു​​വെ​​ക്കു​​ന്ന നീ​​തി​​ന്യാ​​യ സം​​വി​​ധാ​​നം അ​​ടി​​ത്ത​​ട്ടി​​ല്‍ ഉ​​റ​​പ്പാ​​ക്കാ​​ന്‍ ഗ്രാ​​മീ​​ണ കോ​​ട​​തി​​ക​​ള്‍ ഉ​​പ​​ക​​രി​​ക്കു​​മെ​​ന്ന് നി​​യ​​മം ഊ​​ന്നി​പ്പ​​റ​​യു​​ന്നു​​മു​​ണ്ട്. ഗൗ​​ര​​വ​​ത​​ര​​മ​​ല്ലാ​​ത്ത സി​​വി​​ല്‍-​​ക്രി​​മി​​ന​​ല്‍ കാ​​ര്യ​​ങ്ങ​​ളാ​​ണ് കോ​​ട​​തി​​ക​​ളി​​ല്‍ കൈ​​കാ​​ര്യം ചെ​​യ്യു​​ക. ഒ​​രു പ​​ഞ്ചാ​​യ​​ത്തി​​നാ​​യോ ഒ​​രു​​കൂ​​ട്ടം പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ​ക്കോ ഒ​​രു ​​ഗ്രാമ ന്യാ​​യാ​​ല​​യ സ്ഥാ​​പി​​ക്കാ​​ന്‍ ക​​ഴി​​യും. മേ​​ല്‍ രീ​​തി​​യി​​ല്‍ 30 കോ​​ട​​തി​​ക​​ളാ​​ണ് കേ​​ര​​ള​​ത്തി​​ല്‍ രൂ​​പ​വ​ത്​​ക​​രി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ള്ള​​ത്. ഗ്രാ​​മീ​​ണ കോ​​ട​​തി​​ക​​ളു​​ടെ ഭാ​​ഷ സം​​ബ​​ന്ധി​​ച്ച് വ​​ള​​രെ വ്യ​​ക്ത​​മാ​​യി ത​​ന്നെ നി​​യ​​മ​​ത്തി​​ന്റെ​ വ​​കു​​പ്പ് 29ല്‍ ​​പ​​റ​​യു​​ന്നു. അ​​ത​​ത് സം​​സ്ഥാ​​ന​​ത്തെ ഇം​​ഗ്ലീ​​ഷ​​ല്ലാ​​ത്ത ഔ​​ദ്യോ​​ഗി​​ക​ഭാ​​ഷ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ​ക്കാ​​യും വി​​ധി​​ന്യാ​​യ​​ങ്ങ​​ൾ​ക്കാ​യും ഉ​​പ​​യോ​​ഗി​​ക്ക​​ണ​​മെ​​ന്ന് എ​​ടു​​ത്തു​പ​​റ​​ഞ്ഞ നി​​യ​​മ​​മാ​​ണ​​ത്. കേ​​ര​​ള​​ത്തി​​ന്റെ​ ഔ​​ദ്യോ​​ഗി​​ക​ഭാ​​ഷ മ​​ല​​യാ​​ള​​മാ​​ണ്. പ​​ക്ഷേ കേ​​ര​​ള​​ത്തി​​ലെ നി​​യ​​മ​​വ​​കു​​പ്പോ ബ​​ന്ധ​​പ്പെ​​ട്ട സം​​വി​​ധാ​​ന​​ങ്ങ​​ളോ ഇ​​തു ക​​ണ്ട​​താ​​യി ഭാ​​വി​​ച്ചി​​ട്ടി​​ല്ല. 30 ഗ്രാമ ​​ന്യാ​​യാ​​ല​​യ​​ങ്ങ​​ളി​​ലും സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന് മ​​ന​​സ്സി​​ലാ​​വാ​​ത്ത വൈ​​ദേ​​ശി​​ക ഭാ​​ഷ​​യി​​ല്‍ ത​​ന്നെ​​യാ​​ണ് ഉ​​ത്ത​​ര​​വു​​ക​​ള്‍ ഇ​​പ്പോ​​ഴും ഇ​​റ​​ങ്ങി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.