Begin typing your search above and press return to search.
proflie-avatar
Login

മുഗളരില്ലാതെ പൂർത്തിയാകുമോ ഇന്ത്യൻ ചരിത്രം?

മുഗളരില്ലാതെ പൂർത്തിയാകുമോ ഇന്ത്യൻ ചരിത്രം?
cancel

എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്നും മുഗൾ ചരിത്രത്തെ പാടേ പുറത്താക്കിയിരിക്കുന്നു. ചരിത്രത്തിൽ നിന്നും മുഗളരെ മായ്ച്ചുകളയുകയെന്നത് ഹിന്ദുത്വവാദികളു​ടെ ദീർഘകാല പദ്ധതിയാണ്. ചരിത്രത്തിലും വർത്തമാനത്തിലും എന്തെല്ലാം പ്രതിഫലനങ്ങളാണ് ഇത് സൃഷ്ടിക്കുക?

എൻ.സി.ഇ.ആർ.ടി അടുത്ത അക്കാദമിക വർഷത്തേക്കുള്ള പരിഷ്‍കരിച്ച പാഠപുസ്തകങ്ങൾ പുറത്തിറക്കിയിരിക്കുന്നു. 12ാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽനിന്ന് മുഗൾ സാമ്രാജ്യത്തെ കുറിച്ച അധ്യായം പൂർണമായി ഒഴിവാക്കിയതാണ് ഏറ്റവും വലിയ മാറ്റം. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള സി.ബി.എസ്.ഇ പരീക്ഷ എഴുതുന്ന വിദ്യാർഥികൾ അവലംബിക്കുന്നതാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ. മൊത്തം എണ്ണം പരിഗണിച്ചാൽ രാജ്യത്തെ ഹൈസ്കൂൾ വിദ്യാർഥികളിൽ ചെറിയ ശതമാനമേ സി.ബി.എസ്.ഇയുടെ ഭാഗമാകുന്നുള്ളൂ. പക്ഷേ മറ്റു പരീക്ഷ ബോർഡുകൾ മാതൃകയായി സ്വീകരിക്കുന്നത്ര അംഗീകാരവും ആദരവും സി.ബി.എസ്.ഇക്കുണ്ട്.

സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് ഈ അധ്യായം വിട്ടുകളയുന്നത് വലിയ നഷ്ടമാണ്. ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിലെ നജഫ് ഹൈദർ എഴുതിയതാണ് 30ലേറെ പേജുള്ള ഈ ഭാഗം. സ്വന്തം ചരിത്രം നിർമിക്കുന്നതിൽ മുഗൾ ഭരണം വഹിച്ച വലിയ പങ്ക് ഹൃസ്വമായി ഈ ഭാഗം പങ്കുവെക്കുന്നു. മുഗൾ ഭരണം മാത്രമല്ല, മധ്യകാല ഇന്ത്യ കൂടിയാണ് ഈ പേജുകളിൽ അനാവരണം ചെയ്യപ്പെടുന്നത്.

ചരിത്രം ഭാഗികമാകും

മുഗളർ ചരിത്രത്തിൽ തമസ്കൃതമാകുന്നതോടെ മധ്യകാല ദക്ഷിണേഷ്യയെ, വിശിഷ്യാ ഹിന്ദി ബെൽറ്റിനെക്കുറിച്ച് വിദ്യാർഥികൾ എങ്ങനെ അടുത്തറിയുമെന്ന് മനസ്സിലാകുന്നില്ല. ഉപഭൂഖണ്ഡത്തിന്റെ സംസ്കാരവുമായി മുഗൾ ഭരണം എത്ര ആഴത്തിൽ ഇഴചേർന്നുനിന്നുവെന്നതിന് ഉദാഹരണമായി, അക്ബർ ചക്രവർത്തിയും വൈഷ്ണവ സന്യാസിയും തമ്മിലെ കൂടിക്കാഴ്ചയെ കുറിച്ച് തുളസീദാസിന്റെ ജീവചരിത്രകാരന്മാരുടെ ആഖ്യാനങ്ങൾ വായിച്ചാൽ മതി.മുഗൾ ഭരണം മേഖലയിലെ സാംസ്കാരിക- മതപരമായ ചലനങ്ങളിൽ എത്ര ​സുപ്രധാന പങ്കുവഹിച്ചുവെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.

1857ൽ ​ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ശിപായിമാർ സമരവുമായി ഇറങ്ങിയപ്പോൾ ആദ്യം എത്തിയത് മുഗൾ ഭരണകൂടത്തിന്റെ അംഗീകാരം തേടിയാണ്. പക്ഷേ അപ്പോഴേക്കും മുഗൾ ചക്രവർത്തിക്ക് അധികാരം നഷ്ടപ്പെട്ടിരുന്നു.

ബ്രിട്ടീഷ് വിരുദ്ധരായ ഇന്ത്യൻ ശിപായിമാർ അവസാനത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ സഫറിനൊപ്പം (സാങ്കൽപിക ചിത്രം). Source: London Printing and Publishing Co., Ltd., Public domain, via Wikimedia Commons

ഈ അധ്യായം മായ്ച്ചുകളയുമ്പോൾ ആഘാതം ചെന്നുതൊടുന്നത് വിദ്യാർഥികളിൽ മാത്രമായി ചുരുങ്ങില്ല. നിലവിൽ രാജ്യത്ത് ഭരണം കൈയാളുന്ന ഹിന്ദുത്വയുടെ പ്രധാന കാമ്പയിനുകളിലൊന്നാണ് മുഗളന്മാർക്ക് ഭീകര മുദ്ര നൽകൽ. ഇന്ത്യൻ ദേശീയതയോളം രാജ്യത്ത് പടർന്നുകഴിഞ്ഞതാണ് നിലവിൽ ഹിന്ദുത്വയെന്നും ചേർത്തുവായിക്കണം. ഹിന്ദുത്വയുടെ മുഖ്യസൈദ്ധാന്തികൻ വിനായക് സവർകർ അടിവരയിട്ടുപറഞ്ഞത്, മുസ്‍ലിംകളും ക്രിസ്ത്യാനികളും ഇന്ത്യക്ക് എക്കാലത്തും വിദേശികളാണെന്നാണ്. രാജ്യത്ത് മഹാഭൂരിപക്ഷമായിട്ടും ഹിന്ദുക്കൾ ഇരകളാകുന്നുവെന്ന പ്രചാരണത്തിൽ അവർ മുന്നിൽ എഴുന്നള്ളിക്കുന്നതാണ് മുഗളന്മാ​ർക്കെതിരായ ആക്രമണം.

മുഖ്യധാരാ ചരിത്രകാരന്മാർ ബ്രിട്ടീഷ് ഭരണം കോളനി വാഴ്ചയായി തിരിച്ചറിയുമ്പോൾ ഹിന്ദുത്വ പ്രചാരകർ അതിനുമുമ്പേ കോളനിവൽക്കരണമുണ്ടെന്ന് പറയുന്നു. ഉദാഹരണത്തിന്, 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ കുറിച്ച് പറഞ്ഞുതുടങ്ങിയത് ‘1200 വർഷത്തെ അടിമത്തം’ എന്നു പറഞ്ഞാണ്. ആധുനിക പാകിസ്താന്റെ ഭാഗമായ സിന്ധിൽ എട്ടാം നൂറ്റാണ്ടിൽ അറബ് കടന്നുവരവ് മുതൽ തുടങ്ങിയതാണ് ഇവിടെ പരാമർശം. ഇന്ത്യയുടെ കോളനി അനുഭവം ലോകത്തെ ഏറ്റവും പഴക്കമുള്ളതായി മുദ്രകുത്തുന്നത്, തങ്ങളുടെ ഇരവാദം കൂടുതൽ ശക്തമായി അവതരിപ്പിക്കാൻ ഹിന്ദുത്വ ശക്തികൾക്ക് ആയുധമൊരുക്കുന്നു.

ചരിത്രവസ്തുതകളോട് കലഹിക്കുന്നതാകുമ്പോഴും ഭാരതീയ ജനത പാർട്ടിക്ക് ഇവ നൽകിയ ഊർജവും ഇന്ധനവും ചെറുതല്ല. മധ്യകാല ഇന്ത്യയെ കുറിച്ച നിരന്തരമായ സൈദ്ധാന്തിക പോരാട്ടങ്ങളാണ് ബി.ജെ.പിയെ ഇത്ര ആഴത്തിൽ വേരു പടർത്താൻ സഹായിച്ചത്. ഈ ആയുധത്തിനു മുന്നിൽ നോക്കി നിൽക്കാനേ മറ്റു കക്ഷികൾക്കായിട്ടുള്ളൂ. ചരിത്രത്തെ കുറിച്ച ഈ ദേശീയത സംവാദം കാലാനുഗതികമായ, സാമ്പത്തിക- സാമൂഹിക തലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും അതുവഴി അത്ര ​പ്രത്യയശാസ്ത്ര ബാധ്യതകളില്ലാത്ത യു.പി.എ പോലുള്ള സർക്കാറുകളെ അധികാരത്തിനു പുറത്തുനിർത്താനും ബി.ജെ.പിയെ സഹായിച്ചിട്ടുണ്ട്.

ചരിത്രം ചുരുങ്ങുംവിധം

യഥാർഥത്തിൽ, ചരിത്രം തങ്ങളുടെതാക്കിയുള്ള ഈ പോരാട്ടത്തിന്റെ അനന്തരഫലങ്ങൾ കുറെ തെരഞ്ഞെടുപ്പുകളിൽ മാത്രമായി തീർന്നുപോകുന്നതല്ല. ഒന്നാമതായി, മുഗളന്മാർക്കെതിരായ ഈ ആക്രമണം ഇന്ത്യയെ തന്നെയാണ് പുനർനിർമിക്കുന്നത്. അതിനെ ഒരു ഹിന്ദു രാജ്യമാക്കി മാറ്റുകയാണ്. ഒരു പരമാധികാര രാജ്യത്ത് ഹിന്ദുത്വ അനുയായികൾക്ക് ശരിയായ ഭരണാധികാരി ഹിന്ദുവായിരിക്കണം. ഇതോടെ മുഗളന്മാർ പുറത്താകും. ബംഗാൾ മുതൽ ഡെക്കാൻ വരെ ദക്ഷിണേഷ്യയെ അടയാളപ്പെടുത്തിയ മറ്റു നിരവധി മുസ്‍ലിം ഭരണാധികാരികളും പുറത്താകും. കുറെ കൂടി വിപുലമാകുമ്പോൾ, ബുദ്ധനായ അശോകനെയും മാറ്റിനിർത്തും. മോദി സർക്കാറിന്റെ പ്രധാന സൈദ്ധാന്തികരിലൊരാളായ സഞ്ജീവ് സന്യാൽ അശോകനെതിരെ ‘‘വ്യാപക മത പീഡനം’’ നടത്തിയെന്ന പേരുപറഞ്ഞ് കടുത്ത വിമർശനം ഉന്നയിച്ചത് ചേർത്തുവായിക്കണം.

കിഴക്കൻ ഡൽഹിയിലുള്ള ഹുമയൂണിന്റെ ശവകുടീരം. മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂണിന്റെ സ്മരണാർഥം 565-70 കാലഘട്ടത്തിൽ ഭാര്യ ഹമീദ ബാനു ബേഗമാണ് നിർമാണത്തിന് ഉത്തരവിട്ടത്.

കുറെ കൂടി മൗലികമായി പറഞ്ഞാൽ, ഈ​ മാറ്റിനിർത്തൽ ഇന്ത്യ രാജ്യ​ത്തിന്റെ അടിത്തറയുടെ പുനഃസംരചന കൂടിയാണ് പൂർത്തിയാക്കുന്നത്. ആധുനിക ദേശരാഷ്ട്രങ്ങളെന്നാൽ ബെനഡിക്ട് ആൻഡേഴ്സ​ന്റെ വാക്കുകളിൽ പൊതുഭാഷയോ ചിലയിടങ്ങളിൽ പൊതുവായ മത​മോ പങ്കുവെക്കുന്ന ‘സാ​ങ്കൽപിക സമൂഹങ്ങളെ’ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയെല്ലാം മിക്കവാറും സ്വയം ന്യായം കണ്ടെത്താനായി ചരിത്രത്തെ ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതാകും.

ഉദാഹരണത്തിന്, ഹാൻ വംശീയത ഭൂരിപക്ഷ സത്തയായുള്ളതാണ് ആധുനിക ചൈന. അപ്പോഴും, ഹാൻ വംശങ്ങളല്ലാത്തവരെ കൂടി അതിന്റെ ഭാഗമാക്കി നിർത്തുന്നതിൽ വലിയ ജാഗ്രത ആ രാജ്യം പുലർത്തുന്നു. അവസാന ചൈനീസ് രാജവംശമായിരുന്നു ക്വിങ്ങുകൾ ഹാൻ വംശത്തിൽനിന്നായിരുന്നില്ല. ന്യൂനപക്ഷമായ മഞ്ചു വംശമായിരുന്നു. എന്നിട്ടും, അവരെ കൂടി നിയമപ്രകാരമുള്ള ഭരണകൂടമായി ആധുനിക ചൈന ഉൾച്ചേർക്കുന്നു. മംഗോളുകാരായ യുവാൻ വംശത്തെയും അവർ യഥാർഥ ഭരണാധികാരികളായി തന്നെ കണക്കാക്കുന്നു.

ഇത് വിശാല മനസ്കതയുടെ മാത്രം വിഷയമല്ല, രാഷ്ട്ര രൂപവത്കരണത്തിലെ ബുദ്ധിപരമായ വശംകൂടിയാണ്. ആയിരക്കണക്കിന് വർഷങ്ങളുടെ മുറിയാത്ത ചരിത്രവും പൈതൃകവുമാണ് അത് ചൈനക്ക് തിരിച്ചുനൽകുന്നത്. രാജ്യാന്തര വിഷയങ്ങളിൽ ബെയ്ജിങ്ങിനെ മുന്നിൽനിർത്തുന്ന വലിയൊരു ആയുധമാണിത്. ടിബറ്റിനു മേലുള്ള അവകാശവാദമാണ് ഇതിലൊന്ന്. ഹാൻ രാജാവല്ല മംഗോളുകളാണ് ടിബറ്റിനെ ചൈനയുടെ ഭാഗമാക്കിയിരുന്നത്. ഇന്ത്യൻ ഭൂപ്രദേശങ്ങൾക്കുമേൽ കടന്നുകയറാനും ചൈന ഇത് ആയുധമാക്കുന്നുണ്ട്.

ദുർബലമായി പോകുന്ന രാജ്യം

മറുവശത്ത്, ഇന്ത്യയി​ന്ന് ഒരു വലിയ പ്രതിസന്ധിക്ക് മുന്നിലാണ്. കോളനി ഭരണമെന്ന് ലോകം മുദ്രകുത്തിയ ബ്രിട്ടീഷ് ഭരണത്തിൽനിന്ന് നിയമാനുസൃതമായി അധികാരം തിരിച്ചുകിട്ടിയ യഥാർഥ അവകാശിയാണ് ആധുനിക ഇന്ത്യ. ബ്രിട്ടീഷ് ഭരണത്തിനും ചില ന്യായങ്ങൾ മുന്നിൽ വെക്കാമെങ്കിലും, ബ്രിട്ടീഷ് ഭരണം ഒരു പ്രചോദനമായി ആധുനിക ഇന്ത്യ ഒരിക്കലും കാണുന്നില്ല. ഇവിടെ ദേശീയവാദികൾ മുഗൾ സാമ്രാജ്യത്തെയായിരുന്നു മുന്നിൽനിർത്തിയിരുന്നത്. നിലവിൽ ഇന്ത്യാ രാജ്യം ഉൾക്കൊള്ളുന്ന ഏകദേശം ഭാഗങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു ഈ ശക്തമായ മധ്യകാല സാമ്രാജ്യം. മുഗളന്മാരെ കൂടി കോളനിവാഴ്ചക്കാരാക്കുന്നതോടെ മധ്യകാല മാതൃകയായി ഒന്നും ബാക്കിയാകുന്നില്ലെന്ന് വരുന്നു. ടിബറ്റ് പിടിച്ച മംഗോളുകളെ മുന്നിൽ നിർത്താൻ ചൈനക്കാകുന്നതിൽനിന്ന് ഭിന്നമായി, 17ാം നൂറ്റാണ്ടിൽ മുഗളന്മാർ ഇന്ത്യയോടു ചേർത്ത ലഡാക്ക് ഇന്ത്യയുടെതാണെന്ന് പറയാൻ നമുക്ക് മറ്റു ന്യായങ്ങൾ തേടേണ്ടിവരുന്നു.

നരേന്ദ്ര മോദി ചെങ്കോട്ടയിൽ. മുഗൾ ചക്രവർത്തി ഷാജഹാന്റെ കാലത്താണ് ചെങ്കോട്ട പണി കഴിപ്പിച്ചത്. ദീർഘകാലം മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ചെങ്കോട്ട.

ഈ ചരിത്രം എത്രകണ്ട് ശക്തമാണെന്നറിയാൻ ഒന്നുകൂടി അറിയണം. ഒരു പതിറ്റാണ്ടോളമായി മുഗളന്മാർ പണിത ചെ​ങ്കോട്ടയാണ് മോദി ഇപ്പോഴും സ്വാതന്ത്ര്യദിനംപോലുള്ള ദേശീയ ചടങ്ങുകൾക്ക് ഉപയോഗിക്കുന്നത്. പണ്ട് സിഖുകാർ മുഗൾ ഡൽഹിക്കു നേരെ നടത്തിയ നീക്കങ്ങളുടെ ഓർമയുണർത്തി 2021ൽ കർഷക പ്രക്ഷോഭകർ ചെങ്കോട്ട വളഞ്ഞപ്പോൾ ഹിന്ദുത്വ കേന്ദ്രങ്ങളിൽ അരിശം പ്രകടമായിരുന്നു. ചെങ്കോട്ട ഇന്ത്യയുടെ ചിഹ്നമായാണ് അവരും കണ്ടതെന്ന് വ്യക്തം.

ഡൽഹിക്കു പുറത്തൊരു ചരിത്രം

ഇന്ത്യക്ക് ചരിത്രവും പൈതൃകവും നൽകുന്നതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിനൊപ്പം അപ്രതീക്ഷിതമായ മറ്റൊരു പ്രതിസന്ധിയും അവിടെ ഉയർന്നേക്കും. ഉപഭൂഖണ്ഡത്തിന്റെ വൈവിധ്യമാർന്ന രാഷ്ട്രീയ പഴമകൾ എങ്ങനെ ശരിയായി അവതരിപ്പിക്കുമെന്നതാണത്. മധ്യകാല ഉ​ത്തരേന്ത്യൻ ചരിത്രമേറെയും മുഗൾ ചരിത്രവുമായി ഇഴചേർന്നുനിൽക്കുന്നുവെന്നത് എന്നാൽ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് ഡൽഹിയിൽനിന്നു വ്യത്യസ്തമായ മറ്റു ചരിത്രങ്ങളുമുണ്ട്. മുഗളന്മാരെയും അവർ പ്രതിനിധാനം ചെയ്ത ഉപഭൂഖണ്ഡ ചരിത്രത്തെയും മായ്ച്ചുകളഞ്ഞാൽ പിന്നെ രാജ്യത്തെ പല സംസ്ഥാനങ്ങൾക്കും സമൃദ്ധമായ സ്വന്തം ചരിത്രങ്ങൾ മുന്നിൽ നിർത്താനുള്ള അവസരം കുടിയാകും തുറക്കപ്പെടുക.

കടപ്പാട്: scroll.in
വിവർത്തനം: മൻസൂർ അലി കെ.പി

Show More expand_more
News Summary - impact of erasing the Mughals from Indian history?