Begin typing your search above and press return to search.
proflie-avatar
Login

സാമ്പത്തിക മാന്ദ്യവും പുകയുന്ന പ്രതിഷേധങ്ങളും; വന്മതിലിനുള്ളിൽ ചൈന മറച്ചുപിടിക്കുന്നതെന്ത്?

ചൈനയിൽ നിന്നും കേൾക്കുന്ന വാർത്തകൾ ഒട്ടും ശുഭകരമല്ല. കമ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്നും പിന്തിരിഞ്ഞു നടക്കുന്ന പ്രക്രിയ ഇന്ന് ലോകത്തിന്റെയാകെ നിർമാണ ഫാക്ടറി എന്ന് ആഘോഷപൂർവ്വം വിളിക്കപ്പെടുന്ന ചൈനയെ പൂർണമായും 'കമ്പോള സോഷ്യലിസ'ത്തിന്റെ സ്വാഭാവിക പതനത്തിലേക്ക് നയിക്കുകയാണ്. ചൈനീസ് ഭരണകൂടമാകട്ടെ, അതിനെ മറികടക്കാൻ തീവ്രദേശീയത ആയുധമാക്കുകയും ചെയ്യുന്നു.

സാമ്പത്തിക മാന്ദ്യവും പുകയുന്ന പ്രതിഷേധങ്ങളും; വന്മതിലിനുള്ളിൽ ചൈന മറച്ചുപിടിക്കുന്നതെന്ത്?
cancel

1976-ല്‍ മാവോ സേതൂങിന്റെ വിയോഗത്തിനു ശേഷം പാർട്ടി നേതൃത്വം വന്നെത്തിയത് ഡെങ് സിയാവോ പിങ്ങിന്റെ കൈകളിലേക്കാണ്. പ്രതിവിപ്ലവ-പരിഷ്‌കരണവാദ-മുതലാളിത്തപാതയിലായിരുന്നു ഡെങ് സിയാവോ പിങ്ങിന്റെ ആദ്യം മുതലുള്ള പ്രയാണം. കമ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്നും പിന്തിരിഞ്ഞു നടക്കുന്ന പ്രക്രിയ ഇന്ന് ലോകത്തിന്റെയാകെ നിർമാണ ഫാക്ടറി (Manufacturing workshop of the world) എന്ന് ആഘോഷപൂർവ്വം വിളിക്കപ്പെടുന്ന ചൈനയെ പൂർണമായും 'കമ്പോള സോഷ്യലിസ'ത്തിന്റെ സ്വാഭാവിക പതനത്തിലേക്ക് നയിക്കുകയാണ്.

ജനങ്ങളുടെ രാഷ്ട്രീയ അവബോധത്തിന്റെ നിലവാരം താഴുന്നതനുസരിച്ച്, മുതലാളിത്ത അനുകൂലികളുടെ വഞ്ചനയും ഗൂഢാലോചനയും ബഹുജനങ്ങള്‍ക്കു മുന്നില്‍ മറച്ചു പിടിക്കപ്പെടുന്നു. ഒപ്പം സംഘര്‍ഷങ്ങള്‍, സാംസ്‌കാരിക അധഃപതനം, മൂല്യച്യുതി എന്നിങ്ങനെ മരണാസന്നമായി ദുഷിച്ച മുതലാളിത്തത്തിന്റെ ലക്ഷണങ്ങളെല്ലാം തന്നെ ചൈനീസ് സമൂഹത്തിലും ഉയര്‍ന്നു വന്നു തുടങ്ങിയിരിക്കുന്നു. 150 ദശലക്ഷത്തോളം ദരിദ്രജനം ദിവസം കഷ്ടിച്ച് ഒരു ഡോളര്‍ കൊണ്ടാണ് അവിടെ ജീവിക്കുന്നത്. ദാരിദ്ര്യം വർധിക്കുന്നതോടൊപ്പം ആഭ്യന്തര ഉപഭോക്തൃ കമ്പോളം ക്ഷയിച്ചുകൊണ്ടിരിക്കുന്നു.

തകരുന്ന സാമ്പത്തിക മേഖലകൾ

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനെന്ന പേരിൽ പാർട്ടിയിലെ ഷീ ജിൻ പിങിന്റെ നേതൃത്വത്തിലുള്ള മുതലാളിത്തവാദികള്‍ ചൈനയില്‍ കെട്ടിയുയര്‍ത്തിയ 700 ഓളം പ്രത്യേക സാമ്പത്തികമേഖലകളുടെ അവസ്ഥ അതിദാരുണവും ഭയാനകവുമാണ്. ഈ മേഖലയിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും ഗ്രാമീണമേഖലകളില്‍ നിന്നുള്ളവരും, കൂടുതലും അവിവാഹിതരായ യുവതികളുമാണ്. പാതിരാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, അവധി ദിനങ്ങളില്ലാതെ എല്ലാ ദിവസവും പത്ത് മുതൽ പന്ത്രണ്ടുമണിക്കൂർ വരെ കഠിനമായി ജോലി ചെയ്യുന്ന സാഹചര്യമാണ് ഈ പ്രത്യേക സാമ്പത്തിക മേഖലകളിൽ. രാജ്യത്തെ മൊത്തം സ്വത്തിന്റെ 41.4% കേവലം 0.1% കുടുംബങ്ങളുടെ കൈകളിലാണ്. "ധനികനാവുകയെന്നത് മഹത്തരമാണ്" എന്ന് ഡെങ് സിയാവോ പിങ് തന്നെ ഒരിക്കല്‍ പറയുകയുണ്ടായി. മുതലാളിത്തത്തിന്റെ ഈ 'മഹത്വം' വെറും 5% വരുന്ന സമ്പന്നര്‍ക്കു മാത്രവും, 95 ശതമാനത്തിനും കടുത്ത ദാരിദ്ര്യവും പീഡനവും യാതനകളും മാത്രമാണെന്നും ഇപ്പോള്‍ ചൈനീസ് ജനത തിരിച്ചറിയുന്നു.

ഷാങ്ഹായ്, ബെയ്ജിങ്, കാന്റണ്‍ തുടങ്ങിയ വിപുലമായ ആധുനിക നഗരങ്ങളുടെ പ്രതാപവും രമണീയതയും വിനാശകരമായ മുതലാളിത്തം ഏൽപ്പിക്കുന്ന ആഴമേറിയ മുറിവുകളെ മറച്ചു പിടിക്കാൻ പര്യാപ്തമല്ല. രാഷ്ട്രീയം സാമ്പത്തികഘടനക്കു മേലേയാണെന്നും സോഷ്യലിസത്തിലെ ഓരോ ദിനത്തിലും പാര്‍ട്ടിയുടേയും, പൊതുജനങ്ങളുടേയും രാഷ്ട്രീയ അവബോധവും സാംസ്‌കാരിക നിലവാരവും ഉയര്‍ത്തിയില്ലെങ്കില്‍, സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അടിത്തറ തന്നെ അപകടത്തിലാകുമെന്നുമുള്ള ലെനിനിന്റെ പാഠത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാൻ ഇന്നത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറല്ല.

ഷാങ്ഹായ് നഗരം

കോവിഡ് മഹാമാരിയോടെ അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യം നേരിടുന്ന ചൈനയുടെ ഉൽപാദന രംഗവും റിയൽ എസ്റ്റേറ്റ് മേഖലയും വൻസ്തംഭനം നേരിടുകയാണ്. സമ്പൂർണ്ണ കോവിഡ് മുക്ത ("dynamic zero COVID") പ്രചരണങ്ങളും കോലാഹലങ്ങളും അതിനുവേണ്ടി ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ച അശാസ്ത്രീയ ലോക് ഡൗണും കാരണമാണ് ചൈന കൂടുതൽ ഗുരുതര സാമ്പത്തിക പതനത്തിലേക്ക് നടന്നിറങ്ങിയത്. ലോകത്തിന്റെ രണ്ടാമത്തെ സാമ്പത്തിക ശക്തിയെന്നൊക്കെ മുതലാളിത്ത ഏകകം അനുസരിച്ച് നിർവചിക്കപ്പെട്ട ചൈനയിൽ ഇന്ന് അടിമ ജീവിതവും, അസമത്വവും, ആഭ്യന്തര അധിനിവേശങ്ങളും നടമാടുകയാണ്. റിയൽ എസ്റ്റേറ്റ് ഊർജ്ജിതമാക്കാൻവീടും കെട്ടിടങ്ങളും വാങ്ങാൻ പാർട്ടി കേഡർമാരെ ആഹ്വാനം ചെയ്യുന്നുവെന്നാണ് ചൈനയിൽ നിന്നുള്ള വാർത്തകൾ. ഇന്ന് പ്രവചനാതീതമായിക്കഴിഞ്ഞ സാമ്പത്തിക തകർച്ചയും ഭയാനക ആന്തരിക സംഘർഷങ്ങളും മറച്ചുവെക്കുവാനും ശക്തമാകുന്ന ജനകീയ പ്രതിഷേധങ്ങളെ തിരിച്ചുവിടുവാനും 'തീവ്രദേശീയ വാദം' എന്ന കോർപ്പറേറ്റ് ഫാസിസത്തിന്റെ അടവും ബലതന്ത്രങ്ങളും ഏകാധിപതിയായ ഷീ ജിൻപിങ്ങിന്റെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു.

'ദേശീയത' കത്തിച്ചുനിർത്തുന്നത് ആർക്കുവേണ്ടി?

വർധിച്ചുവരുന്ന ദേശീയ വികാരങ്ങൾ ആളിക്കത്തിച്ച് പാർട്ടിക്ക് മുതൽക്കൂട്ടാക്കുകയെന്നതാണ് പുതിയ പദ്ധതി. രാജ്യം ഗുരുതര സാമ്പത്തിക മാന്ദ്യം നേരിടുമ്പോൾ, ചൈനീസ് ​പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുമായ ഷി ജിൻ പിങ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (PLA) ആസ്ഥാനത്തോട് ചേർന്നുനിൽക്കുന്ന സോവിയറ്റ് ശൈലിയിലുള്ള ബൃഹത്തായ സൈനിക മ്യൂസിയം സന്ദർശിച്ച് വാർത്ത സൃഷ്ടിക്കുകയും 'ഇരട്ട വാർഷികങ്ങൾ' ആഘോഷിക്കുകയും ചെയ്യുമ്പോൾ നരേന്ദ്ര മോദിയുടെ പ്രകടനപരതകൾ നമുക്കും ഓർമവരും. തീവ്രദേശീയതയും സൈന്യവുമാണ് ഒരു രാജ്യത്തിന്റെ കരുത്ത് നിർണയിക്കുന്നത് എന്ന സാമ്രാജ്യത്വ ഫാഷിസ്റ്റ് സന്ദേശമാണ് ചൈന ഇതിലൂടെ തങ്ങളുടെ ജനങ്ങൾക്ക് തന്നെ നൽകുന്നത്. "ആരാണ് തോക്ക് നിയന്ത്രിച്ചത് " എന്ന മാവോ സേതൂങിന്റെ വാക്കുകൾ പ്രത്യധിനിവേശപ്പോരാട്ടത്തിന്റെ ഭാഗമായിരുന്നുവെങ്കിൽ, ഇന്നത് പാർട്ടിയും അതിന്റെ ഏകാധിപതിയായ ഷീ ജിൻ പിങുമാണെന്ന് കൃത്യമായി സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞിരിക്കുന്നു.

ചൈനീസ് രാഷ്ട്രത്തിന്റെ മഹത്തായ പുനരുജ്ജീവനത്തിന് തന്ത്രപരമായ പിന്തുണ നൽകുന്നതിന് നിരന്തര ശ്രമങ്ങൾ ഉണ്ടാകണമെന്ന് ഷീ ജിൻ പിങ് സൈന്യത്തോട് ആഹ്വാനം ചെയ്യുന്നു. നരേന്ദ്രമോദിയെ വിശേഷിപ്പിക്കുന്നത് പോലെ ചൈനയുടെ സ്വപ്നം (zhongguo Meng) സാക്ഷാത്ക്കരിക്കുന്ന നേതാവ്, 'പുതുയുഗം' ആരംഭിച്ചു കഴിഞ്ഞു എന്നെല്ലാമാണ് ഔദ്യോഗിക മാധ്യമങ്ങളും പാർട്ടിയും വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. നിയോലിബറൽ വികസനത്തിന്റെ ആഘാതത്തിൽ തൊഴിലാളികളെ കൈമാറ്റം ചെയ്യുന്ന 'തൊഴിലാളിച്ചന്തകൾ' രൂപംകൊണ്ടിട്ടുള്ള ചൈനയിൽ പാർട്ടിക്കും ജനങ്ങൾക്കും ഇടയിലുണ്ടായ വലിയ പിളർപ്പിനെ ഒട്ടിച്ചെടുക്കാൻ തീവ്ര ദേശീയതയുടെ പുതിയ പ്രത്യയശാസ്ത്ര പശ (ideological gum) തേടുകയാണ് ഷിയും പാർട്ടിയും. വിദേശ ശക്തികളുടെ നിരന്തര ആക്രമണത്തിൽ നിന്ന് രാജ്യത്തെ സംരക്ഷിച്ചെടുക്കുന്ന പാർട്ടിയെന്ന പ്രചാരണമാണ് മറ്റൊരു ദേശീയതാ പ്രമേയം


'ശക്തമായ ഒരു രാജ്യം കെട്ടിപ്പടുക്കാനുള്ള പഠനം'(Xuexi qiangguo) എന്ന ഒരു ആപ്പ് ('ഷീ യിൽ നിന്ന് പഠിക്കുക, ശക്തമായ രാജ്യം കെട്ടിപ്പടുക്കുക' എന്ന് പകരം വായിക്കാവുന്നതാണ് ) ചെറുപ്പക്കാർക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത് തീവ്രദേശീയതയുടെ ഉദാഹരണമാണ്. ഷീ ജിൻ പിങിന്റെ രാഷ്ട്രീയ പ്രബോധനങ്ങൾ, അനുശാസനങ്ങൾ, അതുമായി ബന്ധപ്പെട്ട വൃത്താന്തങ്ങൾ എന്നിവയാണ് ഈ ആപ്പിന്റെ ഉള്ളടക്കം. പാർട്ടി അംഗങ്ങൾ നിർബന്ധമായും ഈ ആപ്പ് ഉപയോഗിക്കണം. ഈ ആപ്പിൽ എത്ര സമയം ചെലവഴിച്ചു, അതിലെ പ്രശ്നോത്തരിയിൽ എത്ര സമയം പങ്കാളികളായി തുടങ്ങിയവ അനുസരിച്ച് ഉപഭോക്താവിന് ചില ആനുകൂല്യങ്ങൾക്കുള്ള പോയിന്റുകൾ നേടാം.

ചൈനയിൽ ഇപ്പോൾ സർക്കാർ സ്പോൺസേർഡ് തീവ്രദേശീയത ആളിപ്പടരുകയാണ്. ചൈനയുടെ ശത്രു രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് ഗുരുതരമായ സാമ്പത്തിക സാമൂഹ്യ സംഘർഷങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഈ ദേശീയവാദത്തെ ഉപയോഗിക്കുന്നത്. ജാപ്പനീസ് അധീനതയിലുള്ള തർക്കസ്ഥലമായ സെൻഗാംഗൂ (Senkaku) ദേശസൽക്കരിക്കാനുള്ള ജപ്പാൻ തീരുമാനത്തിനെതിരെ ചൈനയിൽ ഉണ്ടായ വൻ പ്രക്ഷോഭം ആദ്യം ഭരണകൂടത്തിന്റെ ആശിർവാദത്തോടെയാണ് നടന്നതെങ്കിലും, പിന്നീടത് കൈവിട്ടു പോവുകയും ജപ്പാൻ കാർ ഷോറൂമുകൾ നശിപ്പിക്കുന്ന വിധ്വംസക പ്രവർത്തനത്തിലേക്ക് വ്യാപിക്കുകയും ചെയ്തു. ജാപ്പനീസ് എംബസിക്ക് മുമ്പിൽ മാവോയുടെ ഛായാചിത്രം വഹിച്ച് പ്രക്ഷോഭകർ പ്രകടനങ്ങൾ നടത്തി.തുടർന്ന് ഹൂ ജിൻ താവൊയുടെ മുൻ ഭരണകൂടത്തിന്റെ ദൗർബല്യം വിളിച്ചുപറഞ്ഞു. അമേരിക്കൻ ഥാഡ് മിസൈൽ ഡിഫൻസ് (THAAD Missile Defence) പ്രതിരോധ സംവിധാനം അംഗീകരിച്ചതിന് ചൈനയിലെ ലോട്ടി (Lotte) പോലെയുള്ള സൗത്ത് കൊറിയൻ സ്ഥാപനങ്ങൾ ബഹിഷ്കരിച്ചു. നിരവധി ഗോത്രവർഗ്ഗ ന്യൂനപക്ഷങ്ങളും, ഉയ്ഗുർ മുസ്‍ലിംകളും വസിക്കുന്ന ഷിൻജിയാങ് പ്രവിശ്യയിൽ അടിമവേലയും നിർബന്ധിത കൂലിവേലയും നിലനിൽക്കുന്നുവെന്ന ആരോപണത്തെത്തുടർന്ന് വസ്ത്ര നിർമാണ കമ്പനിയായ H&M ഷിൻജിയാങിൽ നിന്ന് പരുത്തി വാങ്ങില്ല എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ചൈനയുടെ ഇന്റർനെറ്റിൽ നിന്ന് H&M അപ്രത്യക്ഷമായി. മാത്രമല്ല, അതിന്റെ സ്റ്റോറുകളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്താൻ വാടകയ്ക്ക് കാർ വിളിക്കുന്ന (car hailing) ആപ്പും, അലിബാബ (Alibaba) പോലുള്ള ഇ കോമേഴ്സ് സൈറ്റുകളും ചൈനീസ് ഇന്റർനെറ്റിൽ നിന്ന് പൂർണമായും ഒഴിവാക്കി. ചൈനയുടെ ചെറുകിട വ്യാപാരികൾ പോലും ഈ തീവ്രദേശീയതയുടെ ഇരകളായിക്കഴിഞ്ഞു. ചൈനയുടെ പരമ്പരാഗത വസ്ത്രം ധരിച്ച ഒരു പാവയെ ജാപ്പനീസ് ജൈഷ ഡോൾ (Japanese geisha doll) എന്ന രീതിയിൽ അവതരിപ്പിച്ചതിന് മിനിസോ ഗ്രൂപ്പ് (Miniso Group) എന്ന കമ്പനിക്കെതിരെ അതി രൂക്ഷമായ സൈബർ ആക്രമണവും ഓൺലൈൻ വിദ്വേഷ പ്രചരണവുമാണ് ഉണ്ടായത്. തുടർന്ന് കമ്പനിക്ഷമാപണം നടത്തുകയും, തങ്ങൾ ചെയ്ത 'അപരാധ' ത്തിന്റെ പേരിൽ എല്ലാ ജാപ്പനീസ് അടയാളങ്ങളും, വസ്തുക്കളും നീക്കം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത് തടിയൂരുകയായിരുന്നു.

ഗുരുതര സാമ്പത്തിക മാന്ദ്യത്തെ തുടർന്നുള്ള കാലുഷ്യത്തിൽ നിന്നും, ആഭ്യന്തര സംഘർഷങ്ങളിൽ നിന്നും ഉടലെടുക്കുന്ന തീവ്രദേശീയ വികാരങ്ങൾ,അതിന്റെ അക്രമണോത്സുക മുന്നേറ്റങ്ങൾ എന്നിവയിൽ നിന്ന് ജനശ്രദ്ധ വ്യതിചലിപ്പിക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി തീവ്രദേശീയ പ്രവർത്തനങ്ങളെ പരിപാലിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഈ തീവ്രവികാരങ്ങൾ ചൈനീസ് ഭരണകൂടത്തിന് ബാധ്യതയും തിരിച്ചടിയുമായി മാറുകയാണ്.

ബാധ്യതയാകുന്ന തീവ്ര ദേശീയവാദികൾ

യു.എസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയെ ഓഗസ്റ്റ് രണ്ടിലെ തയ് വാൻ സന്ദർശനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയാതിരുന്നത് ചൈനീസ് ഭരണകൂടത്തിന്റെ പിടിപ്പുകേടായി സാമൂഹ്യ മാധ്യമങ്ങളിൽ ആക്ഷേപമുയർത്തിയത് തീവ്രദേശീയവാദികൾ ഭരണകൂടത്തിന് വലിയ ബാധ്യതയായി തീരുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ദേശീയ പത്രമായ തീപ്പൊരി ആശയക്കാരനായ ഗ്ലോബൽ ടൈംസിന്റെ (Global Times) മുൻ എഡിറ്റർ ഹു സിൻജിൻ ആണ് പെലോസിയുടെ തായ് വാൻ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നവരിൽ പ്രധാനി. ഗ്ലോബൽ ടൈംസ് ഇപ്പോൾ ചൈനയുടെ നയതന്ത്രജ്ഞർക്ക് പോലും തലവേദനയായി മാറിക്കഴിഞ്ഞിരിക്കുന്നു. നയതന്ത്രപരമായി അസാധ്യ പ്രതീക്ഷകൾ സൃഷ്ടിക്കുകയും, അവ പ്രചരിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ചൈനയുടെ നയതന്ത്ര വിഭാഗം വലിയ ആക്ഷേപങ്ങൾ നേരിടാൻ തുടങ്ങിയിരിക്കുന്നു. പത്രത്തിന്റെ വായനക്കാരിൽ നിന്ന് "നട്ടെല്ല് വളർത്താൻ" എന്ന അടിക്കുറിപ്പോടെ കാത്സ്യം ഗുളികകൾ തപാൽ വഴി വിദേശകാര്യമന്ത്രാലയത്തിൽ എത്തുന്നുണ്ടത്രേ.

ഹു സിൻജിൻ

"യുഎസ് യുദ്ധവിമാനങ്ങൾ പെലോസിയുടെ വിമാനത്തെ തായ്‌വാനിലേക്ക് നയിക്കുകയാണെങ്കിൽ അത് അധിനിവേശമാണ് "എന്നാണ് ഹു സിൻജിൻ പറഞ്ഞത്. തുടർന്ന് പെലോസിയുടെ വിമാനത്തെയും അമേരിക്കൻ യുദ്ധവിമാനങ്ങളെയും മുന്നറിയിപ്പ് വെടികൾ വെച്ച് ബലമായി തുരത്തിയോടിക്കാനുള്ള എല്ലാ അവകാശവും ചൈനീസ് സൈന്യത്തിനുണ്ടെന്നും അത് ഫലപ്രദമായില്ലെങ്കിൽ വെടിവെച്ചു വീഴ്ത്തണമെന്നും അദ്ദേഹം പറയുകയുണ്ടായി. തീർച്ചയായും ചൈനീസ് സൈന്യത്തിന് അങ്ങനെ ചെയ്യാൻ കഴിയില്ല. പക്ഷെഇതുമായി ബന്ധപ്പെട്ട് ചൈനയുടെ ദുർബലതയെ ഉയർത്തിക്കാട്ടുന്ന രീതിയിൽ അസ്വസ്ഥമായ ചോദ്യങ്ങളാണ് ഭരണകൂടം നേരിട്ടത്. പിന്നീട് ഹു സിൻജിൻ ആ പോസ്റ്റ് എടുത്തു കളഞ്ഞു.

മുളപൊട്ടുന്ന പ്രതിഷേധങ്ങൾ

ബാങ്കുകൾക്ക് ചൈനയുടെ കേന്ദ്ര ബാങ്ക് നൽകുന്ന വായ്പകളുടെ പലിശ നിരക്കും ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്ന വായ്പാ നിരക്കും ചൈന വെട്ടിച്ചുരുക്കി. 2022 ജൂണിൽ ചൈനയുടെ ആഭ്യന്തര ഉല്പാദനം (ജി.ഡി.പി) വെറും 0.4 ശതമാനമാണ്. കോവിഡിനു ശേഷമുള്ള കാലയളവിലെ ഏറ്റവും താഴ്ന്ന വളർച്ചയാണിത്. ഇത്തരത്തിൽ വളർച്ച താഴോട്ട് പോകുമ്പോൾ പലിശനിരക്ക് കുറച്ച് ഡിമാൻഡ് വർധിപ്പിക്കുക എന്ന മുതലാളിത്ത സാമ്പത്തിക തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ചൈന പലിശ നിരക്ക് കുറച്ചത്. ചൈനയുടെ മൊത്തം ആഭ്യന്തര ഉല്പാദന വളർച്ചയുടെ 25 ശതമാനവും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നായിരുന്നു. ഈ മേഖലയിലെ പ്രധാന കമ്പനി 'എവെർ ഗ്രാൻഡെ' (Evergrande Group)യാണ്. കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങളും റിയൽ എസ്റ്റേറ്റ് തകർച്ചയും കാരണം ചൈനീസ് കേന്ദ്ര ബാങ്കിന് ഈ സ്ഥാപനത്തിനുമേൽ കടമെടുപ്പുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടിവന്നു.


ഒരുഭാഗത്ത് വിനാശകരമായ നവലിബറൽ സാമ്പത്തിക നയങ്ങളിലൂടെ വിപണിയെ അതിന്റെ പാരമ്യത്തിൽ എത്തിക്കാൻ ശ്രമിക്കുമ്പോൾ മറുഭാഗത്ത് 'ത്രീ റെഡ് ലൈൻസ്' എന്ന് പരക്കെ വിളിക്കപ്പെടുന്ന കടമെടുപ്പ് നിയന്ത്രണങ്ങൾ ഭീമൻ റിയൽ എസ്റ്റേറ്റ് കമ്പനികളെ ഒന്നൊന്നായി തകർച്ചയിലേക്ക് നയിക്കുന്നു. ഇതിന്റെ ഫലമായി വീടുകൾ കൃത്യസമയത്ത് പണിതീർത്ത് ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനികൾക്ക് കഴിയാതെ വന്നതോടെ വലിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഇതിനെ ചെറുക്കാനായി ഭരണകൂടം പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന രീതിയിലേക്ക് വന്നു. ചൈനയില്‍ പൊതുമേഖലക്ക് നിലവിലും ശക്തമായി നിലനില്‍ക്കാൻ കഴിയുന്നതുകൊണ്ട് സമ്പദ്ഘടന തകരില്ല എന്ന ചില ലിബറൽ ഇടതുപക്ഷ വാദവും അസ്ഥാനത്താവുകയാണ്. അത്തരമൊരു ചിന്തതന്നെ തെറ്റാണെന്ന് ചൈനയുടെ റിയൽ എസ്റ്റേറ്റ് രംഗത്തെ തകർച്ച സൂചിപ്പിക്കുന്നു. പൊതുമേഖലയിൽ പ്രാമുഖ്യം നിലനിർത്തിയതു കൊണ്ട് മാത്രം സമ്പദ്ഘടനയുടെ പ്രകൃതം നിർണയിക്കാൻ കഴിയില്ല, മറിച്ച് രാഷ്ട്രത്തിന്റെ പ്രവര്‍ത്തനത്തേയും ഘടനയെയും സംബന്ധിച്ച അടിസ്ഥാന നയങ്ങളും നിയമങ്ങളും വിലയിരുത്തി മാത്രമേ സമ്പദ്ഘടനയുടെ സ്വഭാവത്തെ നിർണയിക്കാൻ കഴിയൂ എന്ന് ചൈനയുടെ അനുഭവം വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിക്കുന്നുണ്ട്.

പെരുകുന്ന കടം, തകരുന്ന ജനജീവിതം

ഏറ്റവും മലിനീകരിക്കപ്പെട്ട ചൈനീസ് നഗരങ്ങളിലെ, കുടിയേറ്റത്തൊഴിലാളികൾ പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ദരിദ്രമായ ജീവിതം നയിക്കുന്നു. അടിമത്തത്തിന്റെയും, യാചനയുടേയും വേശ്യാവൃത്തിയുടേയും മനുഷ്യക്കടത്തിന്റെയും, കൊടും കുറ്റവാളികളുടെയും കേന്ദ്രമായി ഈ നഗരങ്ങൾ മാറിയിരിക്കുന്നു. സാമ്രാജ്യത്വത്തിന്റെ ഹീനമായ സംസ്‌കാരം ചൈനീസ് ജീവിതങ്ങളിലേക്ക് പടർന്നു കയറുന്നത് മുതലാളിത്ത ചൈനയിലെ ഭരണകൂടങ്ങളെ ആകുലപ്പെടുത്തുന്നില്ല. വളരെ ചെലവേറിയ ആതുരശുശ്രൂഷാ മേഖല ഏകദേശം പൂർണമായും സ്വകാര്യ ഉടമസ്ഥതയിലാണ്. പൊതു വിദ്യാഭ്യാസ രംഗവും ക്രമാനുഗതമായി തകരുകയാണ്. പൊതുമേഖലയുടെ മേൽക്കൈയ്യാണ് സോഷ്യലിസം എന്ന തെറ്റിദ്ധാരണയാണ് ചൈനയെ കുറിച്ച് ഒരു വിഭാഗം വെച്ച് പുലർത്തുന്നത്. കോർപ്പറേറ്റ് മുതലാളിത്ത പാത പിന്തുടരുന്ന ഇന്ത്യയിലെ ഭരണകൂടങ്ങൾ ഇന്ത്യയുടേത് ഒരു മിശ്ര സമ്പദ് വ്യവസ്ഥ (mixed economy)യാണെന്നു പറഞ്ഞ് ജനത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നത് ഇവിടെ ഓർക്കാവുന്നതാണ്.

ഷി ജിൻപിങ് 'സിൽക്ക് റോഡ് ' എന്ന ഓമനപ്പേരിട്ട് വിളിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (BRI) ഇന്ന് ഗുരുതര പ്രതിസന്ധി നേരിടുകയാണ്. പാക് നഗരമായ ഗ്വാദറിൽ നിന്ന് ചൈനീസ് നഗരമായ കാഷ്ഗറിലേക്കുള്ള സാമ്പത്തിക ഇടനാഴി (China–Pakistan Economic Corridor -CPEC) പദ്ധതി ഏറെക്കുറെ പൂർണമായും നിശ്ചലമാണ്. ഗ്വാദറിൽ എയർപോർട്ട്, 300 മെഗാ വാട്ട് പവർ പ്ലാന്റ്, വാട്ടർ ഡീസാലിനേഷൻ പ്ലാൻറ് തുടങ്ങിയ വൻ പ്രഖ്യാപനങ്ങളിൽ ഒന്നുപോലും നടപ്പാക്കാൻ ഈ പദ്ധതി കൊണ്ട് സാധിച്ചില്ല. എന്നു മാത്രമല്ല വലിയ വൈദ്യുതിക്ഷാമവും ജലക്ഷാമവും നേരിടുന്നതിനാൽ അവിടെ ജനങ്ങളിൽ പ്രതിഷേധവും അശാന്തിയും പടരുന്നു. നേപ്പാൾ അഞ്ചുവർഷം മുമ്പ് തന്നെ ഈ പദ്ധതിയിൽ നിന്ന് ഏറെക്കുറെ പിന്മാറി.സാങ്കേതിക സർവ്വകലാശാല, ടണൽ നിർമ്മാണം, ഹൈഡ്രോ ഇലക്ട്രിസിറ്റി ഡാം തുടങ്ങിയ നിരവധി മോഹന വാഗ്ദാനങ്ങൾ ചൈന മുന്നോട്ടുവെച്ചെങ്കിലും ഒന്നുപോലും നേപ്പാളിൽ യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ല. മലേഷ്യ നേപ്പാൾ പാകിസ്താൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ പദ്ധതിയിൽ നിന്ന് പടിപടിയായി പിൻവാങ്ങുകയാണ്. കമ്യൂണിസത്തിന്റെ പൊയ്മുഖത്തിൽ മൈത്രി മുതലാളിത്തത്തിന്റെ ചിറകിലേറി ടെക് മുതലാളിത്തത്തിൽ അഭിരമിക്കുന്ന ചൈന കുമിഞ്ഞുകൂടിയ ധനമൂലധനം ചെറു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ലോകബാങ്ക്, അന്തർദേശീയ നാണ്യനിധി (ഐ.എം.എഫ്), ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എ.ഡി.ബി) തുടങ്ങിയ പരമ്പരാഗത വായ്പാ ഏജൻസികൾ മൂന്നാം ലോക രാജ്യങ്ങളിലെ സമ്പദ്ഘടനയിൽ സൃഷ്ടിക്കുന്ന വിപത്തിനേക്കാൾ മാരകമായ ദുരന്തങ്ങൾ ചൈനീസ് സംരംഭകത്വ മൂലധനം (Venture Capital) ഉണ്ടാക്കുന്നു. ഈ വായ്പാകെണി നയതന്ത്രത്തെ (Debt Trap Diplomacy) ചൂണ്ടയിട്ട് ഇരപിടിക്കുന്ന രീതിശാസ്ത്രമായാണ് ഡെറ്റ് - ‌ട്രാപ് ഡിപ്ലോമസിയെന്ന ആശയത്തിന്റെ ഉപജ്ഞാതാവും ഇന്ത്യൻ ഭൗമ- രാഷ്ട്രീയ തന്ത്രജ്ഞനും എഴുത്തുകാരനുമായ ബ്രഹ്മ ചെല്ലാനി (Brahma Chellaney) വിശേഷിപ്പിക്കുന്നത്.

ഒരു ഡസനോളം രാഷ്ട്രങ്ങൾ പൂർണമായും ചൈനയുടെ കടക്കെണിയിലാണ്. ജിബൂട്ടി, ടോംഗ, മാലിദ്വീപ്, റിപ്പബ്ലിക് ഓഫ് കോംഗോ, കിർഗിസ്ഥാൻ, കംബോഡിയ, നൈഗർ, ലാവോസ്, സാംബിയ, സമോവ, വാനുവാടു, മംഗോളിയ എന്നീ രാഷ്ട്രങ്ങൾ അവരുടെ ജിഡിപിയുടെ 20 ശതമാനവും ചൈനയുടെആഗോള രാഷ്ടീയ-സാമ്പത്തിക താല്പര്യങ്ങൾക്ക് കടപ്പെട്ട് തകരുന്ന അവസ്ഥയിലാണ്. ഒപ്പം ഇത് ചൈനയുടെ ആഗോള തന്ത്രപ്രധാന വ്യാമോഹങ്ങളെ പ്രതിസന്ധിയിലാക്കുന്നു. രാഷ്ട്രത്തിന്റെ ജി.ഡി.പിയെ പോലും കാർന്നുതിന്നുന്നതാണ് ചൈനീസ് ധനമൂലധനത്തിനുമേൽ ചുമത്തുന്ന പലിശ നിരക്ക്. ഇതിന്റെ ഏറ്റവും വലിയ ഇരയാണ് ആഫ്രിക്കൻ ദ്വീപസമൂഹ രാഷ്ട്രമായ ടോംഗ. ദക്ഷിണ ശാന്തസമുദ്ര മേഖലയിലെ ഗുരുതര സാമ്പത്തിക തകർച്ച നേരിടുന്ന ഈ രാജ്യത്തിന്റെ ജി.ഡി.പിയുടെ 44ശതമാനവും ചൈനയുടെ കടക്കെണിയിലാണ്. മൂഡീസ്, സ്റ്റാൻഡേർഡ് ആൻഡ് പുവേഴ്‌സ് തുടങ്ങി രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജൻസികളാണ് ഇത്തരം വിവര ശേഖരണം നടത്തുന്നവർ. എന്നാൽ ഇവരുടെയൊന്നും പക്കൽ ചൈനയുടെ യഥാർഥ വായ്പാ കെണിയുടെ വലുപ്പം സംബന്ധിച്ച കൂടുതൽ വിവരങ്ങളില്ല. മൂന്നു പതിറ്റാണ്ടിലധികമായി മൂലധന പെരുക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാർക്സിസവും ലെനിനിസവും മാവോയുടെ രാഷ്ട്രീയ ക്രാന്തദർശനങ്ങളും ഒരു ബാധ്യതയായി മാറിയിരിക്കുന്നു.


Show More expand_more
News Summary - China Is Suffering A Major Financial Crisis