Begin typing your search above and press return to search.
proflie-avatar
Login

''ഈ ചിത്രം നോക്കൂ, എത്ര മനോഹരമാണിത്; ഇതുപോലുള്ള മനുഷ്യരാൽ ലോകം നിറയട്ടെ''

ഈ ചിത്രം നോക്കൂ, എത്ര മനോഹരമാണിത്; ഇതുപോലുള്ള മനുഷ്യരാൽ ലോകം നിറയട്ടെ
cancel

നിച്ചു വളര്‍ന്ന ദേശവും, തെരുവും, വീടും ഒരു നോക്ക് കാണാന്‍ വേണ്ടി പൂനെയില്‍ നിന്നും പാകിസ്താനിലെ റാവല്‍പിണ്ടി വരെ യാത്ര ചെയ്ത് എത്തിയതാണ് 90 റീന വര്‍മ എന്ന മുത്തശ്ശി. വെട്ടിമുറിക്കപ്പെട്ട രണ്ടു രാഷ്ട്രങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് തന്റെതല്ലാതായി പോയ പഴയ ഓർമകളെ തിരിച്ചുപിടിക്കാൻ അവര്‍ ലാഹോര്‍ വഴി റോഡ്‌ മാര്‍ഗം യാത്ര ചെയ്ത് ജന്മനാട്ടില്‍ എത്തുന്നത്. 'ദേശാന്തരഗമനത്തിന്റെ പ്രവാഹവേഗങ്ങള്‍' എന്ന് ഡൊമിനിക് ലാപിയറും ലാറി കൊളിന്‍സും വിശേഷിപ്പിച്ച ലോകചരിത്രത്തിലെ ഏറ്റവും വലിയ പലായനത്തിന്റെ നാളുകളില്‍ ആണ് അവരുടെ കുടുംബം റാവല്‍പിണ്ടിയിലെ വീടുപേക്ഷിച്ച് ഇന്ത്യയില്‍ എത്തിയത്. ഉടന്‍ തിരികെ പോകാം എന്നാണു ആ പതിനഞ്ചുകാരി കരുതിയതെങ്കിലും, അപ്പോഴേക്കും ഒരിക്കലും തിരികെ പോകാന്‍ കഴിയാത്ത വിധത്തില്‍ ഭൂപടങ്ങളും അതിര്‍ത്തികളും മാറിക്കഴിഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹസാഫല്യത്തിനായി ജന്മനാട്ടില്‍ എത്തിയ റീനാവര്‍മ്മയെ, മുസ്ലിംകളായ നാട്ടുകാര്‍ റോസാപൂക്കള്‍ വിതറിയും നൃത്തം ചെയ്തുമാണ് സ്വീകരിച്ചത്. 'വിഭജന ഭയാനകതയുടെ മുറിവുകള്‍' മനസ്സില്‍ സൂക്ഷിക്കാത്ത സാധുക്കളായ പുതിയ തലമുറ പാകിസ്താനി സഹോദരന്മാര്‍ ഇടുങ്ങിയ തെരുവിലൂടെ കൈപിടിച്ച് നടത്തിച്ചുകൊണ്ട് റീന വര്‍മയെ അവരുടെ പഴയ വീട്ടില്‍ എത്തിക്കുന്ന കാഴ്ച മാനവികതയിലും, മതാതീതമായ പാരസ്പര്യത്തിലും വിശ്വസിക്കുന്ന ആരുടെ ഹൃദയത്തെയാണ് ആര്‍ദ്രമാക്കാത്തത്!

1965 മുതല്‍ റീനാ വര്‍മ്മ പാകിസ്താൻ വിസ കിട്ടാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍, സോഷ്യല്‍ മീഡിയയിലൂടെ ആഗ്രഹം അറിയിച്ച അവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത് ഇന്ത്യാ-പാകിസ്താന്‍ ഹെറിറ്റേജ് ക്ലബ്ബിന്റെ പ്രവര്‍ത്തകരായ ഇമ്രാന്‍ വില്യവും, സജ്ജാദ് ഹൈദറും ആയിരുന്നു. രണ്ടു രാജ്യങ്ങളുടെയും പൊതുവായ സാംസ്കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കാനും വിഭജനകാലത്ത് വേര്‍പിരിഞ്ഞു പോയ മനുഷ്യരെ സഹായിക്കാനും വേണ്ടി രൂപീകരിച്ച സംഘടനയാണ് ഇന്ത്യാ-പാകിസ്താന്‍ ഹെറിറ്റേജ് ക്ലബ്. രാജ്യങ്ങൾ തമ്മിലുള്ള വിടവ് കൂടിവരുന്നതും, മതത്തിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ നടക്കുന്നതും ഒന്നും അവരെ ബാധിക്കുന്നേയില്ല. റീനാ വര്‍മ്മയെപ്പോലെയുള്ള നിരവധി മനുഷ്യരെ അവരവരുടെ വേരുകള്‍ കണ്ടെത്താന്‍ സഹായിക്കുകയാണ് ആ മനുഷ്യര്‍! വിഭജനത്തിന്റെ ഇരകളായ എത്രയോ മനുഷ്യര്‍ ഇങ്ങനെ ഇന്ത്യയിലും പാകിസ്താനിലും അഫ്ഗാനിസ്താനിലും ബംഗ്ലദേശിലമെല്ലാം ഉണ്ട്.. ആരുമറിയാതെ വേദനകൾ ഉള്ളിൽ ഒതുക്കി!

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, എനിക്കും ഉണ്ടായിട്ടുണ്ട് കണ്ണ് നനയിക്കുന്ന ഒരനുഭവം. സിന്ധിലെ ബദീന്‍ എന്ന ഒരു കടലോരഗ്രാമത്തില്‍ വെച്ചായിരുന്നു അത്. സൈറ എന്ന തൊഴിലാളി സുഹൃത്തിന്റെ വീട്ടിൽ ആയിരുന്നു ഞാൻ. കർഷക തൊഴിലാളികളും മുക്കുവരും ധാരാളമുള്ള ഒരു ദരിദ്രഗ്രാമമാണ് ബദീന്‍. ഒരു വശത്ത് സിന്ധു നദി. അപ്പുറത്ത് അറബിക്കടല്‍. ഗ്രാമത്തില്‍ നിന്നും നോക്കിയാല്‍ ദൂരെയായി പൊട്ടു പോലെ ഗുജറാത്തിലെ കച്ച് കാണാം. സൈറയുടെ കുടിലിനു മുന്നില്‍ ഒരു വലിയ പുളി മരമുണ്ട്. അതിന്റെ തണലില്‍ ഒരു പഴഞ്ചന്‍ കട്ടിലില്‍ ഇരുന്നു ഇഞ്ചിയും, പുതിനയിലയും ഇട്ട ചൂട് ചായയും കനലില്‍ ചുട്ട ചോളവും കഴിക്കുമ്പോഴാണ് സൈറയുടെ ഉമ്മ പുറത്തേക്ക് വന്നത്. നിരാശയും, മടുപ്പും, ദുരിതവും സ്ത്രീരൂപമെടുത്താല്‍ എങ്ങനെയുണ്ടാകും എന്ന് ചോദിച്ചാല്‍ അതിനു കിട്ടുന്ന ഉത്തരമായിരുന്നു അവര്‍. എഴുപത്തി അഞ്ചു വയസുള്ള നന്നേ മെലിഞ്ഞ ഒരു സാധു സ്ത്രീ. ഞാന്‍ ഇന്ത്യയില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍, അവരുടെ കണ്ണുകള്‍ തിളങ്ങി. വാക്കുകളില്‍ കുറിക്കാനാവാത്ത ഏതോ ഒരു വികാരവായ്പ്പിൽ അവര്‍ അടുത്തു വന്നു എന്റെ കൈകള്‍ കവര്‍ന്നു. എന്റെ മുഖത്തേക്ക് ഉറ്റുനോക്കി, കുറെ നേരം... നഷ്ടപ്പെട്ടതെന്തോ തിരയുംപോലെ. പിന്നെ അവര്‍ വെറും നിലത്തിരുന്നു തേങ്ങിക്കരയാന്‍ തുടങ്ങി. ഞാന്‍ അമ്പരന്നു നോക്കവേ, സൈറ പറഞ്ഞു, ഇന്ത്യ എന്ന് കേട്ടാല്‍ എപ്പോഴും അവര്‍ക്ക് കരച്ചില്‍ വരുമെന്ന്. സൈറയും സഹോദരങ്ങളും കുട്ടികളായിരിക്കുമ്പോള്‍ അവര്‍ എപ്പോഴും ഇന്ത്യയെക്കുറിച്ച് പറയുമായിരുന്നുവത്രേ. ഇന്നും, ഇന്ത്യയാണ്, കിഴക്കന്‍ യു.പിയിലെ ആ സ്വന്തം ഗ്രാമമാണ് അവര്‍ക്ക് നാട്.

കിഴക്കന്‍ യുപിയിലെ ഗൊരരഖ്പൂരില്‍ നിന്നും വിഭജനകാലത്ത് പാകിസ്താനിലേക്ക് അഭയാര്‍ഥിയായി എത്തിയതാണ് സൈറയുടെ ഉമ്മ. അവര്‍ക്ക് സിന്ധിയും ഉര്‍ദുവും ഹിന്ദിയും അറിയാം. ഇപ്പോഴും അവരുടെ ബന്ധുക്കള്‍ യുപിയില്‍ ഉണ്ട്. സൈറ അടക്കം എട്ടു മക്കള്‍. കിഴക്കന്‍ യു.പിയില്‍ ഹിന്ദുക്കളും മുസ്‍ലിങ്ങളും ഗ്രാമത്തിനു തീയിടുകയും പരസ്പരം കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തപ്പോളാണ് അവര്‍ പാകിസ്താനിലേക്ക് രക്ഷപ്പെട്ടത്. അന്ന് അവര്‍ക്ക് എട്ടു വയസ്സായിരുന്നു. ട്രക്കുകളിലും, തോണിയിലും, ബസ്സിലും ഒക്കെയായി എങ്ങനെയൊക്കെയോ രക്ഷപ്പെട്ടതിന്റെ നേരിയ ഓര്‍മ മാത്രമേ അവര്‍ക്ക് ഇപ്പോഴുള്ളൂ. പലരും വഴിയില്‍ മരിച്ചുവീണിരുന്നു. പലപ്പോഴും തിരികെ പോകാൻ ആഗ്രഹിച്ചുവെങ്കിലും ദരിദ്രരായ അവരുടെ സ്വപ്നങ്ങൾക്കും അപ്പുറമായിരുന്നു ഇന്ത്യ. ഒടുവിൽ, സൈറയുടെ ഉമ്മ ഗൊരഖ്പൂർ കാണാതെ മരിച്ചു. റീനാ വർമയുടെ ഈ ഫോട്ടോ കണ്ടപ്പോൾ എന്റെ മനസിൽ കടന്നു വന്നത് ആ ഉമ്മയുടെ ചുട്ടുപൊള്ളിക്കുന്ന നോട്ടമാണ്. രാഷ്ട്രവും, മതവും, നിയമങ്ങളും ഒക്കെ പകച്ചു പോകുന്ന നിസ്സഹായമായ നോട്ടം...

രണ്ടു രാജ്യങ്ങളിലും, പരസ്പരസ്നേഹത്തിന്റെ ഇത്തരം കാഴ്ച്ചകൾ ഇനിയും ഉണ്ടാകട്ടെ. വിഭജനത്തിന്റെ ഇരകൾ ആയ എല്ലാ മനുഷ്യർക്കും മരിക്കും മുമ്പ് ഒരിക്കലെങ്കിലും അവരുടെ ആഗ്രഹം സാധിക്കാൻ കഴിയട്ടെ.. കൊലവിളിക്കുന്ന ജിംഗോയിസ്റ്റുകൾക്കും മതഭ്രാന്തന്മാർക്കും പകരം ഇതുപോലുള്ള മനുഷ്യരാൽ ലോകം നിറയട്ടെ!

Show More expand_more
News Summary - 90-year-old Pune grandma Reena Varma returns to her Pakistan home after 75 years