Begin typing your search above and press return to search.
proflie-avatar
Login

സഞ്ചാരികളേ വരൂ, ഇവിടെയുണ്ട് ഭൂതകാലത്തിന്റെ വലിയ നീക്കിയിരിപ്പുകൾ

സഞ്ചാരികളേ വരൂ,   ഇവിടെയുണ്ട് ഭൂതകാലത്തിന്റെ   വലിയ നീക്കിയിരിപ്പുകൾ
cancel

ഗ്രീസിലെ പുരാതന സ്ഥലങ്ങളിലൂടെയുള്ള സഞ്ചാരം തുടരുന്നു. അവിടത്തെ ചരിത്രശേഷിപ്പുകളും ഇപ്പോഴത്തെ അവസ്ഥകളും പറയുന്നു. ഗ്രീസിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്താൻ ഈ ചരിത്രശേഷിപ്പുകൾ എത്രമാത്രം ഗുണകരമാണെന്നും വ്യക്തമാക്കുന്നു. ആതൻസ് യാത്രയുടെ അവസാന ഭാഗം. സൂസന്നയോട് വിടപറഞ്ഞിറങ്ങുമ്പോൾ, ഒരു കടലാസ് കഷണത്തിൽ ഞാനവൾക്കിങ്ങനെ എഴുതിക്കൊടുത്തു: Koottukare, mattu Kadakalil ithilum vila Kurachu Kittunnilenkil Ividekku thanne Varane. രണ്ടു തവണ വായിച്ചുകൊടുത്തപ്പോഴേക്കും അവൾക്കതിന്റെ ശബ്ദസംവിധാനവും താളവും പിടികിട്ടി. mattu എന്നത് മറ്റു എന്നുതന്നെ വായിക്കാമെന്നായി. varane എന്നത് വാരണേ എന്നു തെറ്റാതായി. രണ്ടുതവണ കൃത്യമായി തിരിച്ചുച്ചരിച്ച് ഞങ്ങളെ...

Your Subscription Supports Independent Journalism

View Plans
ഗ്രീസിലെ പുരാതന സ്ഥലങ്ങളിലൂടെയുള്ള സഞ്ചാരം തുടരുന്നു. അവിടത്തെ ചരിത്രശേഷിപ്പുകളും ഇപ്പോഴത്തെ അവസ്ഥകളും പറയുന്നു. ഗ്രീസിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്താൻ ഈ ചരിത്രശേഷിപ്പുകൾ എത്രമാത്രം ഗുണകരമാണെന്നും വ്യക്തമാക്കുന്നു. ആതൻസ് യാത്രയുടെ അവസാന ഭാഗം.

സൂസന്നയോട് വിടപറഞ്ഞിറങ്ങുമ്പോൾ, ഒരു കടലാസ് കഷണത്തിൽ ഞാനവൾക്കിങ്ങനെ എഴുതിക്കൊടുത്തു: Koottukare, mattu Kadakalil ithilum vila Kurachu Kittunnilenkil Ividekku thanne Varane. രണ്ടു തവണ വായിച്ചുകൊടുത്തപ്പോഴേക്കും അവൾക്കതിന്റെ ശബ്ദസംവിധാനവും താളവും പിടികിട്ടി. mattu എന്നത് മറ്റു എന്നുതന്നെ വായിക്കാമെന്നായി. varane എന്നത് വാരണേ എന്നു തെറ്റാതായി. രണ്ടുതവണ കൃത്യമായി തിരിച്ചുച്ചരിച്ച് ഞങ്ങളെ അത്ഭുതപ്പെടുത്തി അവൾ. ഇന്ത്യയിൽ കേരളം എന്നൊരു സ്ഥലമുണ്ട്. അവിടെ നിന്ന് വരുന്നവരോട് ഇത് കാച്ചിക്കോളാൻ പറഞ്ഞിറങ്ങുകയായിരുന്നു ഞങ്ങൾ. അപ്പോൾ സുന്ദരിയുടെ സ്പെഷൽ റിക്വസ്റ്റ്.

Can you write this in Tamil? Please, if you can.

Tamil? Why Tamil?

We have lot of Tamil Tourists here. They have lot of money with them and they buy things.

ദുഷ്ടേ, സൂസന്നേ, നിനക്ക് മലയാളികളെ വേണ്ടല്ലേ. നീയിപ്പോ തമിഴ് പറഞ്ഞങ്ങനെ വിൽക്കണ്ട. മനസ്സിൽ പറഞ്ഞത് സുന്ദരിയോട് പറഞ്ഞില്ല. ഒന്നു ശ്രമിച്ചാൽ ഒരു അരത്തമിഴിൽ അവൾക്ക് വേണ്ടത് ഒപ്പിക്കാമായിരുന്നു. വേണ്ടെന്നു വെച്ചു. രണ്ടു കടകൾക്കപ്പുറത്ത് സൂസന്നയുടെ സുഹൃത്തിന്റെ കടയുണ്ട്. അവിടെ അമ്മു ആഗ്രഹിക്കുന്ന ഡയോജനസ് തൂക്കുവിളക്കുണ്ട്. സൂസന്ന ഫോൺ ചെയ്ത് വിലയുറപ്പിച്ചിട്ടുണ്ട്. അവൾക്ക് താങ്ക് യൂ പറഞ്ഞ് കടയുടെ വീതിയേറിയ മൂന്ന് കൽപ്പടികൾ അമ്മയെയുംകൊണ്ട് ആയാസപ്പെട്ടിറങ്ങുമ്പോഴാണ് സൂസന്ന അവസാന വെടിപൊട്ടിച്ചത്.

അണ്ണേയ്, രൊമ്പം നന്ട്രി സാർ. പൊന്നു സൂസന്നേ. നീ മിടുമിടുക്കി. കച്ചവടത്തിൽ നീ കൊടി പാറിക്കും. പ്രലോഭനശാസ്ത്രത്തിൽ നീ അതിപ്രഗല്ഭ. സൂസന്നയെ വാനോളം പുകഴ്ത്തിയാണ് ഞങ്ങൾ അടുത്ത കടയിൽ അവളുടെ കൂട്ടുകാരിയെ സമീപിച്ചത്. അര യൂറോ കുറയുമെങ്കിൽ കുറയട്ടെ. ഡയോജനസ് റാന്തൽ ഭംഗിയും ആഢ്യത്വവുമുള്ളതായിരുന്നു. മറ്റ് കടകളിൽ പേശി താഴെയെത്തിയ വിലയേക്കാൾ ഇരുനൂറ് സെന്റ് കുറവും അൽപം വലുപ്പക്കൂടുതലും ഉണ്ട്. നല്ല പഴക്കവും തോന്നിക്കും. ഇപ്പോഴും ഒന്നുയർത്തി മുഖത്തോട് ചേർത്തുവെച്ചാൽ മനുഷ്യനെ കണ്ടെത്താമെന്ന് അമ്മു. അവൾ വളരെ വളരെ ഹാപ്പിയാണ്.

അമ്മുവിന്റെ തൂക്കുവിളക്കും കൊണ്ടാണ് ഞങ്ങളിപ്പോൾ മൊണാസ്ടിറാക്കി മെട്രോക്ക് മുന്നിലെ പൊക്കംകുറഞ്ഞ നീളൻ തിണ്ണയിലിരിക്കുന്നത്. ഇടക്കിടക്ക് സഞ്ചിയിൽനിന്ന് അമ്മു വിളക്കെടുത്ത് പൊക്കിപ്പിടിക്കും. അപ്പോൾ കാൽനടക്കാരുടെ ശ്രദ്ധ അവളിലേക്ക് തിരിയും. അവരിൽനിന്ന് ഒന്നോ രണ്ടോ മനുഷ്യരെ കണ്ടെത്തിയതായി അവൾ പ്രഖ്യാപിക്കും. ‘‘ഹായ് ബ്യൂട്ടിഫുൾ ലേഡി’’ എന്നവളോട് അലറിവിളിച്ച് കടന്നുപോയ ഒരു ജിപ്സിച്ചെക്കനും ‘റഷ്യൻ റഷ്യൻ’ എന്ന് ആവർത്തിച്ച് പരിചയപ്പെടുത്തുകയും അമ്മയുടെ കൈത്തലം കൈയിലെടുത്ത് ചുംബിക്കുകയും അമ്മുവിന്റെ തലയിൽത്തലോടി ഗ്രാനീസ് ക്യൂട്ട് ഗേൾ എന്നു അരുമയോടെ പുഞ്ചിരിക്കുകയും ചെയ്ത സുന്ദരിയും അതിൽപെടും.

വിലപേശിക്കച്ചവടത്തിന്റെ അഥീനിയൻ അരങ്ങാണ് മൊണാസ്ടിറാക്കി ചത്വരത്തിൽനിന്നും പിരിയുന്ന ചെറുപാതകൾ. പ്രത്യേകിച്ചും പോണ്ടോറോസൗ, അഡ്രിയോനു തെരുവുകൾ. മിക്കവയും സ്ഥിരം കടകളാണ്. ‘നിശ്ചിത വില’ എന്ന വലിയ എഴുത്തുകൾ കടയ്ക്കു പുറത്തും ഉള്ളിലും ഇരുന്ന് കണ്ണുരുട്ടും. വീണുപോകരുത്. വിലപേശുക, വീണ്ടും വീണ്ടും പേശുക.

ആഭരണങ്ങൾ, സുവനീറുകൾ, കരകൗശലങ്ങൾ, പഴയവസ്തുക്കൾ, പുതുമയുള്ള പാഴ്വസ്തുക്കൾ, തുണികൾ അങ്ങനെ എന്തും ഇവിടെ സുലഭം. വ്യാജ-നിർവ്യാജ നിർമിതിക​ളെ കടക്കാർതന്നെ പരിചയപ്പെടുത്തും. വ്യാജവസ്തുക്കൾ വാങ്ങുകയാണ് സുരക്ഷിതം. ഗ്രീക് നിർമിതമെന്ന് ചൈനയിൽ വെച്ചേ എഴുതപ്പെട്ടത്. ഒറിജിനലിന്റെ കാര്യത്തിൽ അത്ര തീർച്ചയില്ല. വല്ലപ്പോഴും വിറ്റുപോകുന്ന ഒറിജിനലിനേക്കാളും കച്ചവടക്കാർക്കും ഇഷ്ടം വിറ്റുപോവുന്ന വ്യാജന്മാരെയാണ്.

ഞങ്ങളിരിക്കുന്നതിന്റെ എതിർവശത്ത്, ഹാഡ്രിയാന്റെ ലൈബ്രറിയോട് ചേർന്ന് ഒരു മോസ്ക് ഉണ്ട്. ഒട്ടോമൻ ശൈലിയുടെ സവിശേഷതകളൊക്കെ ചേർത്തുവെച്ചൊരു കൊച്ചുപള്ളി. ഉയർന്ന തൂണുകളും വലിയ കുംഭഗോപുരവുമൊക്കെയായി ഈ ഒട്ടോമൻ പള്ളി തന്റെ ചെറിയ വലുപ്പത്തേക്കാൾ ഗരിമ ആർജിക്കുന്നുണ്ട്.

1759ൽ ആതൻസിലെ ഒട്ടോമൻ ഗവർണരായിരുന്ന സിസ്റ്റാറാകിസ് (Tzistarakis) ആണ് ഈ മോസ്ക് നിർമിച്ചത്. പള്ളി നിർമാണത്തിനായി അദ്ദേഹം അക്രൊപൊളിസിനപ്പുറത്തെ സിയൂസ് ദേവ ക്ഷേത്രത്തിൽനിന്ന് ഒരു വൻ തൂണു പൊക്കിക്കൊണ്ടുവന്നു. ഒട്ടോമൻ തുർക്കികളത് വലിയ ദൈവനിന്ദയായി കരുതി. അവരുടെ വിശ്വാസം ഉറപ്പിച്ച് ഒളിമ്പ്യൻ ദൈവങ്ങൾ കോപിച്ചു. ആതൻസിൽ പ്ലേഗ് പടർന്നുപിടിച്ചു. ജനം ഗവർണറെ ആതൻസിൽനിന്ന് ഓടിച്ചു. (തൊട്ടപ്പുറത്തെ ഹാഡ്രിയാൻ ലൈബ്രറിയിൽ ഇഷ്ടംപോലെ തൂണുകളുള്ളപ്പോൾ ഇയാളെന്തിനാണാവോ സിയൂസിന്റെ തൂണെടുത്ത് ദൈവകോപം വരുത്തിയത്)

ഗ്രീക് സ്വാതന്ത്ര്യ സമരകാലത്ത് പട്ടണ പിതാക്കന്മാരുടെ ഒത്തുചേരലിടം ആയിരുന്നു ഈ പള്ളി. പിന്നീട് പട്ടാള ബാരക്കായും വെയർഹൗസായും ഒക്കെ വേഷം മാറിയിട്ടുണ്ട്. ഇപ്പോളത് ഗ്രീക് നാടൻകലകളുടെ കുഞ്ഞൻകൂടാരമാണ്. 1966ൽ സൗദി അറേബ്യയിൽനിന്നും പുറത്താക്കപ്പെട്ട രാജാവിനായി പള്ളിയായിത്തന്നെ ഇതിനെ മോടിപിടിപ്പിക്കപ്പെട്ടിരുന്നു. ഇന്നിപ്പോൾ മുഖപ്പുകളിൽനിന്ന് കെട്ടിയിറക്കിയ ടാർപോളിൻ പന്തലുകൾക്കടിയിൽ കച്ചവടം വിലപേശിത്തകർക്കുകയാണ്.

ആതൻസിന്‍റെ മാപ്പ് നിവർത്തിവെച്ച് കവിയുടെ ചെരിപ്പുകടയിലേക്ക് വഴിവെട്ടുകയാണ് അപ്പു. യാത്രകളിൽ വഴിയുറപ്പിക്കൽ ചുമതല അപ്പുവിനാണ്. ഞങ്ങൾ കോമ്പസ് എന്നുവിളിക്കുന്ന അപ്പു. മൊണാസ്ടിറാക്കി സ്ക്വയർ മുറിച്ചുകടന്ന്, അപ്പുറത്തെ റോഡും മുറിച്ചുകടന്നാൽ പിന്നെ അഞ്ചു മിനിറ്റ് നടത്തം എന്നാണ് കോമ്പസ് വിശദീകരിക്കുന്നത്. സ്റ്റാവറോസ് മെലിസിനോസിന്‍റേതാണ് വിഖ്യാതമായ ചെരുപ്പ് കട. ആതൻസിന്റെ ആസ്ഥാന കവിയെന്ന ഖ്യാതികൂടിയുണ്ട് മെലിസിനോസിന്.

സ്റ്റാവറോസിന്റെ അപ്പൻ ഗെർഗിയോസ് ആണ് മെലിസിനോസ് തറവാട്ടിൽ ചെരിപ്പ്, ഷൂസ്, തുകൽ കച്ചവടം തുടങ്ങുന്നത്. അന്ന് പോണ്ടോറോസൗ സ്ട്രീറ്റിലായിരുന്നു കട. ഗ്രീസിലെ രാജ്ഞി ഇവിടെ വന്ന് പാദരക്ഷകൾ തെരഞ്ഞെടുക്കാറുണ്ടത്രേ. അപ്പന്റെ മരണശേഷം സ്റ്റാവറോസ് കച്ചവടം ഏറ്റെടുത്തു. ആതൻസിലെ ഒളിമ്പിക്സ് കാലത്ത് കച്ചവടത്തെരുവുകളിൽനിന്ന് പഴയ വാടകക്കാർ കുടിയൊഴിക്കപ്പെട്ടു. ഉയർന്ന വാടകക്ക് പുതിയ കക്ഷികളെ നേടാനുള്ള അടവായിരുന്നു അതിൽ. അക്കൂട്ടത്തിൽ കവിയുടെ കട അഗ്യാസ് തെക്ലാസ് സ്ട്രീറ്റിലേക്ക് മൊണാസ്ടിറാക്കി ചത്വരം കടന്നുപോയി. മെലിസിനോസിനെ മൊബൈൽ വലയിൽ തപ്പിക്കൊണ്ടിരുന്ന അപ്പു അദ്ദേഹത്തിന്റെ കുറച്ചു വരികളുമായി എഴുന്നേറ്റു.

Take away the Glories and the Honours

The granite palaces of this vain world

And only give me the smile of Pain the tear of Joy

And I will erect

a thousand palaces in me in which to live.

സ്റ്റാവറോസിന്റെ ഏറ്റവും പ്രശസ്ത കൃതിയായ അഥീനിയൻ റുബയ്യാതിൽ നിന്നാണ് ഈ വരികൾ.

കവിയുടെ കടയിലേക്ക് നടക്കുന്നതിനുമുമ്പ് എറിഡനോസ് അരുവിയെയും ചത്വരത്തിന് പേരു നൽകിയ (ചെറിയ) ആശ്രമത്തെയും കാണേണ്ടതുണ്ട്. ആതൻസ് വൻ നഗരമായി വളർന്നപ്പോൾ ഭൂമിക്കടിയിൽ പെട്ടുപോയ നദിയാണ് എറിഡനോസ്. ആതൻസിന്റെ സരസ്വതി. ലൈക്കാബെറ്റോസ് മലയിൽനിന്നൂർന്നിറങ്ങി കെരാമിക്കോസിൽ അവസാനിക്കുന്നു ഈ കൊച്ചരുവി.

മൊണാസ്ടിറാക്കിയിൽ മെട്രോ പണിക്കിടയിലാണ് അവളെ ആതൻസുകാർ കണ്ടെത്തുന്നത്. മൊണാസ്ടിറാക്കി സ്ക്വയർ ഭാഗത്ത് അവൾ സംരക്ഷിക്കപ്പെടുന്നുണ്ട്. ചത്വരത്തിന് നടുവിൽ അവളെക്കാണാനായി സംവിധാനമൊരുക്കിയിട്ടുണ്ട്. താഴേക്ക് നോക്കാൻ ബാൽക്കണിപോലൊരു സംവിധാനം. അരുവിയുടെ പൊട്ടുംപൊടിയും ഇഷ്ടികക്കെട്ടുകളും ഞങ്ങൾ അവിടെനിന്ന് നോക്കിക്കണ്ടു. മഴക്കാലത്ത് പഴയ പുഴയോർമയിൽ എറിഡനോസ് ഇപ്പോഴും കുറച്ചൊക്കെ നനയാറുണ്ടത്രേ! അപ്പോൾ എവിടെനിന്നൊക്കെയോ ക്രോം ക്രോം ആരവങ്ങളുമായി തവളകൾ ചാടിയെത്തും.

എറിഡനോസിന്റെ ബാൽക്കണിക്കാഴ്ചക്ക് തൊട്ടപ്പുറം വലത്തായിട്ട്, ചത്വരത്തിന് മൊണാസ്ടിറാക്കിപ്പേര് നൽകിയ ആശ്രമപ്പള്ളി. പണ്ടിത് വലിയൊരു കൂട്ടം കന്യാസ്ത്രീകളുടെ ആശ്രമവും കന്യാമേരിയുടെ പള്ളിയുമായിരുന്നു. പുരാവസ്തു ഖനനങ്ങളും മെട്രോ നിർമാണവും പഴയ വലിയ ആശ്രമത്തിന്റെ കുറേ ഭാഗങ്ങൾ അപഹരിക്കുകയും അതിനെ ചെറിയ മൊണാസ്ട്രിയാക്കുകയും ചെയ്തു.

പള്ളിമണി ഗോപുരമൊഴിവാക്കിയാൽ മൊണാസ്ടിറാക്കി മോസ്കുമായി സഹോദരതുല്യ സാമ്യമുണ്ട് ഈ കുഞ്ഞ് ആശ്രമത്തിന്. പ്രധാന ദീർഘവൃത്താകൃതിയിലുള്ള ഗോപുരം ഒരുപോലെ വളയൻ ഓടുകൾ മേഞ്ഞതാണ്. ജാലകങ്ങളും കമാനങ്ങളും ഒരുപോലെ. പഴയ റോമാ സാമ്രാജ്യത്തിൽ പഗാൻ ക്ഷേത്രമായും മോസ്ക് ആയും ക്രിസ്ത്യൻ പള്ളിയായും വീണ്ടും ഒട്ടോമൻ ദേവാലയമായും ഒക്കെ മന്ദിരങ്ങൾ വേഷം മാറുന്നത് സാധാരണമാണ്. വിശുദ്ധ മേരിയുടെ പേരിലാണ് ഇന്നത്തെ ദേവാലയം. ഗ്രീക്കിൽ അറിയപ്പെടുന്നത് Pantanassa Panagia എന്നും.

മൊണാസ്ടിറാക്കിയിലെ ചരിത്രം തപ്പലും മെട്രോ നിർമാണവും താഴെ കുടുങ്ങിയ എറിഡനോസിന്റെ സംരക്ഷണവുമൊക്കെയായി ചത്വരത്തറ പൊന്തിയപ്പോൾ പള്ളിക്കെട്ടിടം മാമോദീസത്തൊട്ടിയിലേക്കിറക്കിവെച്ച പൊൻകുരിശു പോലെയായി. പള്ളിയുടെ കതകുകളും ജാലകങ്ങളും എത്തിവലിഞ്ഞാണ് ചത്വരത്തിലേക്ക് എത്തിനോക്കുന്നത്. അഞ്ചോ ആറോ പടികളിറങ്ങിയാണ് ഞങ്ങൾ പള്ളിവാതിൽക്കലെത്തിയത്. പ്രധാന കവാടം അടഞ്ഞുകിടക്കുന്നു.

താഴെ ആളുകളൊന്നുമില്ല. മുകളിലെ ഒരടി മാത്രം പൊക്കമുള്ള ചുറ്റുമതിലിൽ ചിലർ ഇരുന്ന് സൊറ പറയുന്നുണ്ട്. ഞങ്ങൾ ചുറ്റുമൊന്ന് കറങ്ങിവന്നു. എല്ലാ വാതിലുകളും അടഞ്ഞുകിടക്കുകയാണ്. സന്ദർശന സമയം കഴിഞ്ഞിരിക്കുന്നു. കൊച്ചുപള്ളിക്കുള്ളിലെ ചുമരിലും മേൽക്കൂരയിലും നിറയുന്ന മൊസൈക് വർണചിത്രങ്ങൾ ഞങ്ങൾക്ക് നഷ്ടപ്പെടുന്നു എന്നർഥം. ഉത്തരത്തിൽനിന്ന് തൂങ്ങിയാടുന്ന ചന്തമുള്ള ഷാൻഡ് ലിയർ വിളക്കുകൾ നഷ്ടപ്പെടുന്നു. കൊത്തുപണികളുള്ള മെഴുകുതിരിക്കാലുകൾ, അൽത്താരയിലെ പ്രശസ്തിയും പഴക്കവുമേറിയ അപൂർവ വിശുദ്ധരൂപങ്ങൾ. എല്ലാം ഞങ്ങൾക്ക് നഷ്ടപ്പെടുന്നു.

യാത്രകൾ അങ്ങനെയാണ്, എത്ര മോഹിച്ചാലും എത്ര തയാറെടുപ്പുകളുണ്ടെങ്കിലും ചില കാഴ്ചകൾ ചോർന്നുപോവും. സമയമായിട്ടില്ലടോ കാണാൻ എന്ന് മൗനംപൂണ്ട് ആർഭാടങ്ങളില്ലാത്ത മരവാതിലുകൾ കൊട്ടിയടക്കും. സാരമില്ല. ദേഷ്യപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യരുത്. ഓ, ശരി, പിന്നെ വരാം എന്ന് പറഞ്ഞ് ചിരിയോടെ മടങ്ങുക. ആ ഗ്രീസ് യാത്രയിൽ എത്ര ശ്രമിച്ചിട്ടും ഈ കൊച്ചുപള്ളിയിലേക്കൊന്ന് ഓടിയെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഒരുപക്ഷേ അടുത്ത തലമുറയോടൊപ്പം ഞങ്ങൾ ഇവിടെ തിരിച്ചെത്തും.

 

പള്ളിമണി ഗോപുരം അടുത്തകാലത്തെ നിർമിതിയാണ്. സിമന്‍റിട്ട് മിനുസപ്പെടുത്തി കടുപ്പത്തിൽ ക്രീം നിറം പൂശി ഇരുമ്പു ഗ്രില്ലിട്ട് നിൽക്കുന്ന മണിഗോപുരം, പരുപരുത്ത ശരീരമുള്ള പള്ളിയുമായി ചങ്ങാത്തത്തിലല്ല. എ.ഡിയും ബി.സിയും തമ്മിലെന്നപോലെ അവർ മുഖം തിരിച്ചുനിൽക്കുന്നു. മൊണാസ്ടിറാക്കി ചത്വരത്തിന്റെ ആനച്ചന്തത്തിന് അതൊരു കുറവുതന്നെ.

ഞങ്ങൾ പള്ളിയുടെ കൽമതിലിൽ അമർന്നിരുന്നു. സ്ക്വയറിന്റെ എതിർഭാഗത്ത് യുവാക്കൾ തെരുവു പരിപാടിക്ക് തയാറെടുക്കുകയാണ്. നിലത്ത് വലിയ കാർപറ്റ് വിരിച്ചിട്ടുണ്ട്. പലതരം ഡ്രംസും ഗിത്താറുകളും റെഡി. പിരിവിനായി ബക്കറ്റുകളും റെഡി. കോളജ് കുട്ടികളാണെന്ന് തോന്നുന്നു. അവരിൽ ആണും പെണ്ണും ഉണ്ട്. കറുമ്പന്മാരും വെളുമ്പന്മാരും ഇടനിറമ്പന്മാരുമുണ്ട്.

അട്ടഹാസങ്ങളും വാദ്യങ്ങളുടെ അലർച്ചകളും ഒക്കെച്ചേർന്നൊരു സംഘഗാനം തെരുവ് കലാകരന്മാർ അവതരിപ്പിച്ചു കഴിഞ്ഞു. അവർ വിശ്രമത്തിലേക്കും പാട്ടപ്പിരിവിലേക്കും പിരിഞ്ഞിരിക്കുന്നു. അവരുടെ അടുത്ത പ്രകടനത്തിനു മുമ്പേ ഞങ്ങൾ എമൗ റോഡ് മുറിച്ചുകടന്ന് മെലിസിനോസിന്‍റെ ചെരിപ്പുകടയിലേക്ക് നടന്നു. അഞ്ചു മിനിറ്റിലേക്കൊതുങ്ങുന്ന ചുവടുകളേ വേണ്ടിവന്നുള്ളൂ ആ കടയിലേക്ക്.

കൊച്ചുകടയിലെ കച്ചവടം ചെരുപ്പുതന്നെയാണോ എന്ന് സംശയമായി ഞങ്ങള്‍ക്ക്. ഒരു ചെരുപ്പുകടയുടെ സാധാരണ കാഴ്ചയല്ല മുന്നില്‍. ‘മെലിസിനോ പോയറ്റ്‌ സാൻഡല്‍ മേക്കർ’ എന്നാണ്‌ മുന്നിലെ ബോര്‍ഡ്. കടയുടെ ചില്ല് ചുമരിലാകെ മെലിസിനോമാരുടെയും ഇവിടെനിന്നും ചെരുപ്പ് വാങ്ങുന്ന, വാങ്ങിയ പ്രമുഖരുടെ ചിത്രങ്ങളാണ്.

കടയിൽ സാമാന്യം തിരക്കുണ്ട്. എങ്കിലും ആരും തിരക്കുകൂട്ടുന്നില്ല. തിരക്ക് മുഴുവൻ ചുമരുകളിലാണ്. അവിടെ ചെരുപ്പുകടയെക്കുറിച്ചും മെലിസിനോസിനെക്കുറിച്ചും വിവിധ ഭാഷകളിലെ പത്രങ്ങളും മാസികകളും എഴുതിയ കുറിപ്പുകൾ ചില്ലിട്ടു തൂക്കിയിട്ടുണ്ട്.

പ്രമുഖ റോക്ക് മ്യൂസിക് സംഘമായ ബീറ്റ്ൽസിലെ നാലുപേർ വന്നിരുന്ന നാലു കസേരകൾ ചുമരും ചാരി വിശ്രമിക്കുന്നുണ്ട്. വെബ്സൈറ്റുകളിൽ ഞാൻ കണ്ടു പരിചയപ്പെട്ട ചെരുപ്പുകുത്തികവിയെ കാണാനില്ല. അമ്പതോളം പ്രായം വരുന്നൊരാൾ ചെറിയൊരു സ്റ്റൂളിലിരുന്ന് ഒരു ഫിലിപ്പിനോ സുന്ദരിക്കുട്ടിയുടെ കാലളവുകൾ കൈക്കലാക്കുന്നു. അവളുടെ അളവുക​െളല്ലാം ഒന്നാന്തരം തന്നെ. അവളുടെ പിന്നിലായി അവളേക്കാൾ സ്ത്രൈണതയുള്ള കൂട്ടുകാരൻ നിൽക്കുന്നുണ്ട്. അവന്റെ കൈയിലാകട്ടെ അഞ്ചാറ് കടലാസുകളിൽ കുറേ പാദരൂപരേഖകൾ. ഒരു കെട്ട് ചെരുപ്പുകൾക്കുള്ള ഓർഡറാണത്.

അളവെടുപ്പുകാരൻ അമ്പതുകാരൻ സുന്ദരിയുടെ കാലടികൾ അളന്നുവെച്ച് ഓരോ ജോടി ഒനാസിസ്, നൈക്ക് സ്റ്റൈലുകൾക്ക് ഓർഡർ കുറിച്ചുവെച്ച് ആദ്യം എന്റെ കാലുകളിലേക്കും പിന്നെ മുഖത്തേക്കും ചിരിച്ച് അഭിവാദ്യം ചെയ്തു.

‘‘ഗുഡ് ഈവ്നിങ്”

“ഗുഡ് ഈവ്നിങ്. ഞങ്ങൾ ഇന്ത്യയിൽനിന്നാണ്. സ്റ്റാവ്റോസ് മെലിസിനോസ്? പോയറ്റ് സാൻഡൽ മേക്കർ?”

അമ്പതുകാരൻ സൗമ്യമായി ചിരിച്ചു. “ഞാൻ പാന്തെലിസ്. സ്റ്റാവ്റോസിന്റെ മകനാണ്. അപ്പൻ ഇപ്പോൾ വരാറില്ല. വയ്യ. വയസ്സായി.”

(ആതൻസിൽ ഒരു ചെരുപ്പുകട നടത്താനുള്ള യോഗ്യതയൊക്കെ പാന്തെലിസിനുണ്ടെന്ന് പിന്നീട് ഞങ്ങൾ നെറ്റിൽനിന്നറിഞ്ഞു. ഇയാളും കവിയാണ്. ചിത്രകാരനാണ്. നാടകവും സംഗീതവുമുണ്ട്. The Artist, Poet and sandal maker of Athens എന്നാണ് ഇപ്പോഴത്തെ നടത്തിപ്പുകാരനുള്ള വിശേഷണം.)

ചെരുപ്പുകുത്തികവിയുടെ അസാന്നിധ്യം വലിയ നിരാശയായി. അതുവരെ ഞാൻ മനസ്സിൽ കരുതിവെച്ച ചോദ്യം ഇനിയെങ്ങോട്ട് എന്നറിയാതെ ഇറങ്ങിപ്പോയി.

താങ്കൾ ഒന്നാമതായി കവിയാണോ ചെരുപ്പുകുത്തിയാണോ? (Are you poet the sandal maker or sandalmaker the poet?) സ്റ്റാവ് റോസ് മെലിസിനോസ് ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ ഇങ്ങനെ ഉത്തരം തന്നേനെ. ‘‘കവിതയെഴുത്തു തന്നെ; ചിലപ്പോൾ കടലാസിൽ, ചിലപ്പോൾ തുകലിൽ.’’

പണിതീർന്ന ചെരുപ്പുകളും പണി കാത്തുകിടക്കുന്ന തുകലും വിഖ്യാതരായ ‘ചെരുപ്പുവാങ്ങി’കൾക്കൊപ്പം മെലിസിനോസുമാർ ചിരിക്കുന്ന ചിത്രങ്ങളും ചുമരിൽ തൂങ്ങാനിടത്തിന് മത്സരിക്കുന്നു. അതിൽ സോഫിയാ ലോറൻ, ജാക്വലിൻ ഒനാസിസ്, ജെസിക്കാ പാർക്കർ, അന്തൊണി ക്വിൻ, ബീറ്റിൽസ് ബാൻഡിലെ ലെനൻ മുതലുള്ള അംഗങ്ങൾ വരെയുണ്ട്.

1958ലാണ് ബീറ്റ്ൽസുകാർ സ്റ്റാവ്റോസിന്റെ കടയിലെത്തുന്നത്. ജഗപൊകയായി ആ വരവ്. അവരിരുന്ന കസേരകൾ കടയിൽ ഇന്നും പ്രദർശിപ്പിക്കുന്നുണ്ട്. അന്ന് ബീറ്റ്ലുകളുടെ ഓട്ടോഗ്രാഫ് വാങ്ങാത്തതിന് മെലിസിനോസ് കിടാങ്ങൾ അപ്പനോട് പരിഭവിച്ചു. അവരെന്റെ ഓട്ടോഗ്രാഫ് അല്ലേ വാങ്ങേണ്ടത്? ബീറ്റ്ൽസിന്റെ പ്രതാപം തീർന്നാലും മെലിസിനോസിന്‍റെ ചെരുപ്പുകൾ തേടി ആളുകൾ ആതൻസിലേക്ക് വരും. അതായിരുന്നു സ്റ്റാവ്റോസിന്റെ മറുപടി. കാലം സ്റ്റാവ് റോസിന്റെ വാക്കുകൾക്കൊപ്പം നിന്നു. ബീറ്റ്ൽസ് വിസ്മൃതിയിലായി. കവി പണിത പാദരക്ഷകൾ ആതൻസിലും ഗ്രീസിലും പുറത്തും മുദ്രകൾ തീർത്തു. ഷേക്സ്പിയറിന്റെ കഥാപാത്രങ്ങൾ ആ ചെരുപ്പുകൾ അണിഞ്ഞു സ്റ്റേജിലെത്തി. ആതൻസിലെത്തിയ സഞ്ചാരികൾ ക്ലിയോപാട്ര, ഒനാസിസ്, സോക്രട്ടീസ്, അരിസ്റ്റോട്ടിൽ എന്നൊക്കെ പേരുകളുള്ള ചെരുപ്പുകൾ ജോടിക്കണക്കിന് വാങ്ങി തിരിച്ചുപോയി.

15 യൂറോക്ക് ഒരു ജോടി കിട്ടുമായിരുന്നിട്ടും ചെരിപ്പൊന്നും വാങ്ങാൻ ഉദ്ദേശിച്ചിട്ടില്ലാത്ത ഞങ്ങൾ അഞ്ചുപേർ ഈ ചെറുകടക്ക് അധികപ്പറ്റാവുന്നുണ്ട്, പാന്തെലിസ് മെലിസിനോസോ ജോലിക്കാരോ ഒരു നീരസവും കാണിക്കുന്നില്ലെങ്കിലും.

ഒരാൾ ഞങ്ങളെ മൂലയിലൊരു പീഠത്തിലെ പുസ്തകക്കെട്ടിലേക്ക് ക്ഷണിച്ചു. മെലിസിനോസുമാരുടെ അഞ്ചാറ് പുസ്തകങ്ങൾ. ഗ്രീക്കിലും ഇംഗ്ലീഷിലും. പുസ്തകങ്ങളോട് ചേർന്ന ചുമരിൽ ചെരുപ്പുകുത്തികവിയുടെ പുസ്തകങ്ങളിൽനിന്നുള്ള ചില ഭാഗങ്ങൾ ചില്ലിട്ട് തൂക്കിയിട്ടുണ്ട്.

I'm not just Cretan, Spartan, Athenian, Macedonian

All Greek, the whole of Greece in my chest I have enclosed

And whoever the Greeks divide 'tis my ancestral duty

To strike them back with the lance of Eternal truth

I'm European; I'm Asian; I'm African

American; Australian; Oceanian, son of the Pole

I'm all the people sheltered under the same sky

A child of Heaven and Earth: Man, the measure of all things

And finally, Christian or Jew, Brahmin or Buddhist

Muslim or you who owe allegiance only to your own meditation

Just think the everpure butterfly of instinct

That flies in time and space in gardens without boundaries.

 

ലേഖകൻ ആതൻസ് യാത്രക്കിടെ

നൂറ്റാണ്ടുകൾക്കുമുമ്പ് ഒരു ബി.സി കാല സായാഹ്നത്തിൽ, അഗോറയുടെ തെക്കു പടിഞ്ഞാറെ മൂലയിലെ തന്റെ ചെരുപ്പു നിർമാണശാലയുടെ തിണ്ണയിലിരുന്ന് സൈമണെന്ന ചെരുപ്പുകുത്തിയെഴുതുകയാണ് -ഞാൻ അഥീനിയനല്ല, ഞാൻ ഗ്രീക്കുകാരനല്ല. ഞാൻ വിശ്വപൗരനാണ്.

കുറച്ചു മുമ്പാണ് ഒരുകൂട്ടം തലതിരിഞ്ഞ യുവാക്കളോട് ദേശത്തെക്കുറിച്ചും ദേശഭക്തിയെക്കുറിച്ചും സംസാരിച്ച് സോക്രട്ടീസ് എഴുന്നേറ്റ് പോയത്. കടയിൽ സഞ്ചാരികളുടെയും ഓർഡറുകളുടെയും തിരക്കുകൂടിയിട്ടുണ്ട്. മുറിവേറ്റ തുകലിന്റെയും മുറിവുണക്കുന്ന പശയുടെയും മണം. എവിടെനിന്നോ അഗോറയിലെ പഴമണ്ണിന്റെ മണം.

 

പുറത്ത് വെയിലിന്റെ യൗവനം അഞ്ചു മണിക്കും തിളങ്ങുന്നുണ്ട്. മുൻവശത്തെ ഗ്ലാസ് ചുവരിനപ്പുറത്ത് നിൽക്കുകയാണ് അവർ. വള്ളിപ്പൊട്ടിത്തുലഞ്ഞ ചെരിപ്പുമായി ‘അയ്യപ്പൻ’. റോഡിലെ ചൂടിനെ നഗ്നപാദങ്ങളിലേക്കാവാഹിച്ച് വലതു കൈയിലെ കാലൻകുട നിലത്ത് കുത്തിപ്പിടിച്ചിട്ടുണ്ട്. കാലുകളിൽ മന്തിന്റെ കനവുമായി നാറാണത്ത് ഭ്രാന്തൻ ഓർമകളിലേക്ക് കല്ലുകളുരുട്ടിക്കയറ്റുന്നുണ്ട്. അവരിങ്ങനെ പുറത്തു കാത്തുനിൽക്കുമ്പോൾ ഞാനിങ്ങനെ! മെലിസിനോസിന്‍റെ ചെരുപ്പുകടയുടെ ആർഭാടത്തിൽനിന്നും സമൃദ്ധിയിൽനിന്നും തുകൽഗന്ധത്തിൽനിന്നും സോഫിയ ലോറന്റെയും ജാക്വിലിന്റെയും ‘കാൽച്ചിരി’യിൽനിന്നും ബദ്ധപ്പെട്ടിറങ്ങി അവരോടൊപ്പം ചേർന്നു. കല്ലും കവിതയും മണ്ണും മഷിയും മണക്കുന്ന അവരോടൊപ്പം.

മൊണാസ്ടിറാക്കി സ്ക്വയറിലേക്ക് തിരിച്ചുനടക്കുമ്പോൾ അക്രൊപൊളിസിന്റെ കിഴക്കേ തുഞ്ചത്ത് ഗ്രീസിന്റെ പതാക വല്ലാതെ ഇളകിപ്പറക്കുന്നുണ്ട്. നീലയുടെയും വെള്ളയുടെയും അവ്യക്തസങ്കലനം ഇവിടെനിന്നു കാണാം. ആതൻസിലെ കാറ്റും സഞ്ചാരികൾക്കൊപ്പം പാർത്തെനോണിലേക്ക് മലകയറിയെന്ന് തോന്നുന്നു.

1941 ഏപ്രിൽ മാസത്തിൽ നാസിപ്പട കുന്നുകയറി ഈ കൊടിമരത്തിലെത്തി. പതാകയുടെ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന കൗക്കുദിസിനോട് ഗ്രീക് പതാക താഴെയിറക്കാനും സ്വസ്തികപ്പതാക ഉയർത്താനും ആജ്ഞാപിച്ചു. അദ്ദേഹം ആചാരപൂർവം കൊടിയിറക്കി. അതിനെ ചുംബിച്ചു. പിന്നെ ശരീരത്തിൽ ചുറ്റിക്കെട്ടി, അക്രൊപൊളിസിൽനിന്ന് താഴേക്ക് ചാടി. ഭാരത് മാതാ കീ ജയ് എന്നപോലെ എന്തെങ്കിലും അയാളപ്പോൾ വിളിച്ചുപറഞ്ഞിരിക്കണം.

സൂര്യൻ പിണങ്ങിപ്പിരിഞ്ഞു പോയെങ്കിലും ഉപേക്ഷിച്ചുപോയ ചൂടും വെളിച്ചവും ബാക്കിനിൽക്കുന്നുണ്ട്. ചരിത്രം ഉപേക്ഷിച്ചുപോയ ക്ഷേത്രങ്ങളും അഗോറകളും ശിൽപങ്ങളും മറ്റു മന്ദിരങ്ങളും ഗ്രീസിലെമ്പാടുമുണ്ട്. പതറിനിൽക്കുന്ന സമ്പദ് വ്യവസ്ഥയെ ഒട്ടൊക്കെ സമാധാനിപ്പിക്കുന്നത് ഈ ടൂറിസം സാധ്യതകളാണ്. ഭൂതകാലത്തിന്റെ ഈ നീക്കിയിരിപ്പില്ലായിരുന്നെങ്കിൽ ഗ്രീസ് പട്ടിണി കിടന്നേനെ. ചരിത്രം തീറ്റകൊടുക്കുന്ന സുന്ദരൻ പക്ഷിയാണ് ഗ്രീസ്.

(അവസാനിച്ചു)

News Summary - Whispers of the Past and the Pulse of Athens