ചെക്കിങ് മഹാമഹവും വജാലെ അതിർത്തിയും

അധ്യായം -16 ഒമർ രാവിലെ ഓട്ടോയുമായി വന്ന് എന്നെ ബസ് സ്റ്റാൻഡിലാക്കി. ‘താമരാക്ഷൻ പിള്ള’ ബസിനോട് സദൃശമായ ഒന്നിലായിരുന്നു എന്റെ യാത്ര. ഇടക്ക് അത് കിതക്കുകയും നിൽക്കുകയും ചെയ്തു. ഇതിനിടയിൽ വണ്ടിയിലെ കിളിയും യാത്രക്കാരിയായ സ്ത്രീയും തമ്മിൽ പൊരിഞ്ഞ അടി. രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും പൈസ എറിഞ്ഞു കളിക്കുന്നു. കാര്യം അറിഞ്ഞുകൂടെങ്കിലും ഞാൻ സ്ത്രീപക്ഷത്തു നിലയുറപ്പിച്ചു. കൈയാങ്കളിയുടെ വക്കിൽ എത്തിയപ്പോൾ ഡ്രൈവർ വണ്ടി നിർത്തി ഇറങ്ങിവന്ന് രണ്ടിനെയും വെളിയിലിറക്കി ഉച്ചത്തിൽ ദേഷ്യപ്പെട്ടു. അതോടെ, കാര്യങ്ങൾ തീരുമാനമായി. രണ്ടാളും മുഖവും വീർപ്പിച്ചുകെട്ടി അകത്തേക്ക് വന്നു. ഡ്രൈവർ തിരിച്ചുകയറി...
Your Subscription Supports Independent Journalism
View Plansഅധ്യായം -16
ഒമർ രാവിലെ ഓട്ടോയുമായി വന്ന് എന്നെ ബസ് സ്റ്റാൻഡിലാക്കി. ‘താമരാക്ഷൻ പിള്ള’ ബസിനോട് സദൃശമായ ഒന്നിലായിരുന്നു എന്റെ യാത്ര. ഇടക്ക് അത് കിതക്കുകയും നിൽക്കുകയും ചെയ്തു. ഇതിനിടയിൽ വണ്ടിയിലെ കിളിയും യാത്രക്കാരിയായ സ്ത്രീയും തമ്മിൽ പൊരിഞ്ഞ അടി. രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും പൈസ എറിഞ്ഞു കളിക്കുന്നു. കാര്യം അറിഞ്ഞുകൂടെങ്കിലും ഞാൻ സ്ത്രീപക്ഷത്തു നിലയുറപ്പിച്ചു. കൈയാങ്കളിയുടെ വക്കിൽ എത്തിയപ്പോൾ ഡ്രൈവർ വണ്ടി നിർത്തി ഇറങ്ങിവന്ന് രണ്ടിനെയും വെളിയിലിറക്കി ഉച്ചത്തിൽ ദേഷ്യപ്പെട്ടു. അതോടെ, കാര്യങ്ങൾ തീരുമാനമായി.
രണ്ടാളും മുഖവും വീർപ്പിച്ചുകെട്ടി അകത്തേക്ക് വന്നു. ഡ്രൈവർ തിരിച്ചുകയറി വണ്ടി സ്റ്റാർട്ട് ആക്കാൻ നോക്കിയപ്പോൾ വണ്ടിക്ക് അനക്കമില്ല. തുടർന്ന് ഞങ്ങളെ എല്ലാവരെയും ഇറക്കി. അതോടെ ബാക്കി യാത്രക്കാർ കിളിയെയും സ്ത്രീയെയും ചീത്തവിളിച്ചു. അര മണിക്കൂർ എടുത്തു വണ്ടി അനങ്ങിക്കിട്ടാൻ. കുറച്ചു വണ്ടികൾ പാർക്ക് ചെയ്ത സ്ഥലത്തു ഞങ്ങളുടെ ബസും നിർത്തി. ജിഗ്ജിഗ എന്ന സ്ഥലത്തുനിന്നും വജാലെ ബോർഡറിലേക്ക് മറ്റൊരു വണ്ടിയിൽ വേണം പോകാൻ. ജിഗ്ജിഗയിലേക്കുള്ള വണ്ടി ഏതാണെന്നു ചോദിച്ചപ്പോൾ കിളി ദൂരെയുള്ള കെട്ടിടം കാണിച്ചു തന്നു. വണ്ടിയിലുള്ള എല്ലാവരും അങ്ങോട്ടേക്ക് പോകുന്നുണ്ട്. കെട്ടിടത്തിനടുത്തെത്തിയപ്പോഴാണ് കസ്റ്റംസ് ചെക്കിങ്ങാണെന്ന് മനസ്സിലായത്.
പർദയും ഹിജാബും ധരിച്ച രണ്ടു സ്ത്രീകളായിരുന്നു ചെക്കിങ് നടത്തിയത്. ഞാൻ മാത്രമേ ഒരു വിദേശിയുള്ളൂ. പോരെങ്കിൽ തട്ടം ഇട്ടിട്ടുമില്ല. അവർക്കെന്നെ അത്ര പിടിച്ചില്ല. എന്നെ മാറ്റിനിർത്തി. വലിയൊരു പാറക്കല്ല് അവിടെയുണ്ടായിരുന്നു. അതിന്റെ പുറത്ത് എന്റെ ബാഗ് വെക്കാൻ പറഞ്ഞു. ഒരു സ്ത്രീ വടിയുമായി എത്തി. എന്നോട് ബാഗ് തുറക്കാൻ പറഞ്ഞു. അവർ വടികൊണ്ട് തോണ്ടി എന്റെ ഓരോ വസ്ത്രവും പുറത്തേക്കിട്ടു. ബാഗിന്റെ ഏറ്റവും അടിയിൽ വെച്ചിരുന്ന അടിവസ്ത്രങ്ങളാണ് അവസാനം തോണ്ടിയിട്ടത്. അത്തപ്പൂക്കളംപോലെ എനിക്ക് ചുറ്റും വസ്ത്രങ്ങൾ നിരന്നു. അവർ എല്ലാം തിരിച്ചിട്ടുകൊള്ളാൻ ആംഗ്യം കാണിച്ച് സ്ഥലംവിട്ടു. എനിക്ക് സങ്കടവും ദേഷ്യവും വന്നു. ആളുകൾ എല്ലാവരും എന്നെയാണ് ശ്രദ്ധിക്കുന്നത്.
തുണി മടക്കിയടുക്കാൻ നിൽക്കാതെ എല്ലാം ബാഗിൽ കുത്തിനിറച്ചു വണ്ടിയിൽ പോയി ഇരുന്നു. ജിഗ്ജിഗയിലെ ബസ് സ്റ്റാൻഡിൽ ഒരുപാടു ബസുകളും വാനുകളും നിർത്തിയിരുന്നു. കിളി എനിക്ക് വജാലെയിലേക്ക് പോകുന്ന വാൻ കാണിച്ചുതന്നു. അവസാനത്തെ സീറ്റാണ് ലഭിച്ചത്. പുരുഷന്മാരുടെ തലയിൽ തൊപ്പിയും സ്ത്രീകളുടെ തലയിൽ ഹിജാബുമുണ്ട്. ഞാൻ ‘ഓഡ് മാൻ ഔട്ട്’ ആയതുകൊണ്ട് എല്ലാവരും എന്നെ ശ്രദ്ധിച്ചു. ഒരു പയ്യൻ കപ്പലണ്ടിയുമായി വന്നു. ഞാൻ അത് വാങ്ങി കൊറിക്കാൻ ആരംഭിച്ചു. തൊട്ടപ്പുറത്തിരുന്ന അപ്പാപ്പൻ കുറച്ചു തരുമോ എന്ന് ചോദിച്ചു. എന്റെ പൊതി നീട്ടി. അയാൾ അതിന്റെ മുക്കാലും അയാളുടെ ഉടുപ്പിൽ തട്ടിയിട്ടിട്ട് ബാക്കി തന്നു!
വീണ്ടും ചെക്കിങ്ങിനായി വണ്ടി നിർത്തി. ഇത്തവണ അവിടത്തെ സ്ത്രീക്ക് എന്റെ ദേഹമായിരുന്നു പരിശോധിക്കേണ്ടത്. എന്നെ മാറ്റി നിർത്തി ശരീരം മൊത്തം തടവിനോക്കി. ആദ്യമായിട്ടാണ് ഗുഹ്യഭാഗത്തൊക്കെ തടവി പരിശോധിക്കുന്നത്. എന്താണ് അവർ തപ്പി കണ്ടുപിടിക്കാൻ ശ്രമിക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. ഷൂ അഴിപ്പിച്ചു, ഷാൾ പുറത്തെടുപ്പിച്ചു പരിശോധിച്ചു. ഒന്നും കിട്ടിയില്ലെന്ന് കണ്ട് നിരാശപ്പെട്ട് എനിക്ക് ഒരു തള്ളും വെച്ചുതന്നു. അടുത്തതായി ഒരു പുരുഷന്റെ അടുത്താണ് പരിശോധന. അയാൾ ഹാൻഡ്ബാഗിലെ സാധനങ്ങൾ വലിച്ചു പുറത്തിട്ടു. അതിൽ ഒരു പാക്കറ്റ് ബദാം ഉണ്ടായിരുന്നു. അയാൾക്ക് അതെന്താണെന്നു മനസ്സിലായില്ല. അത് എടുത്തു മണപ്പിച്ചു നോക്കി. കൈയിലുണ്ടായിരുന്ന തോക്കിന്റെ അറ്റം വെച്ച് ചതച്ചു നോക്കിയപ്പോഴാണ് സമാധാനമായത്. അവർ തപ്പിയത് ഡോളറാണെന്ന് തിരികെ വണ്ടിയിൽ കയറിയപ്പോൾ അടുത്തിരുന്ന പയ്യൻ പറഞ്ഞുതന്നു. നൂറു ഡോളറിൽ കൂടുതൽ കണ്ടെത്തിയാൽ അവർക്ക് അതെടുക്കാംപോലും. ഞാൻ പാന്റിന്റെ പോക്കറ്റിൽ തടവി നോക്കി. ആയിരം ഡോളർ സുരക്ഷിതമായി അവിടെ തന്നെയുണ്ട്. എന്റെ പോക്കറ്റ് പരിശോധിച്ചിരുന്നെങ്കിൽ അവർക്ക് ഡോളർ കിട്ടിയേനെ. അവർ ‘കടന്നുചിന്തിച്ചതു’കൊണ്ട് ഞാൻ രക്ഷപ്പെട്ടു.
വജാലെ ബോർഡറിന് കുറച്ച് ഇപ്പുറം മാറി വണ്ടി നിർത്തി. ഓട്ടോയിൽവേണം ബോർഡറിൽ എത്താൻ എന്ന് വായിച്ചിരുന്നു. ഞാനിറങ്ങി. കുറെ ഓട്ടോക്കാർ എന്നേ വന്നുപൊതിഞ്ഞു. അവർ തമ്മിൽ പിടിവലി ആരംഭിച്ചു. ആർക്കൊപ്പം പോകണം എന്നറിയാതെ ഞാൻ വിഷമിച്ചു. വാനിന്റെ കിളി രക്ഷക്കായി എത്തി. എന്നോട് തിരിച്ചു വാനിൽ കയറാൻ പറഞ്ഞു. അകത്തു രണ്ടു മൂന്നു സ്ത്രീകൾ ഇറങ്ങാതെ ഇരിപ്പുണ്ട്. ഞാൻ അവർക്കൊപ്പം ഇരുന്നു. ഓട്ടോക്കാരെല്ലാംകൂടി കിളിയുടെ നേരെ തിരിഞ്ഞു. അവനെ പിടിച്ചു ഉന്താനും തള്ളാനും തുടങ്ങി. പ്രശ്‌നം ഞാനാണെന്ന് എനിക്ക് മനസ്സിലായി. പുറത്തോട്ട് ഇറങ്ങാൻ നോക്കിയെങ്കിലും ഒപ്പമുള്ള സ്ത്രീകൾ എന്നെ സമ്മതിച്ചില്ല. ഇതിനിടയിൽ തോക്കും പിടിച്ച് പൊലീസുകാരൻ വന്നെത്തി. അയാൾ കിളിയെ പിടിച്ചുനിർത്തി. ഡ്രൈവറോട് വണ്ടി എടുത്തോളാൻ പറഞ്ഞു. ഡ്രൈവർ വണ്ടിയുമായി പാഞ്ഞു. കൊച്ചു വഴികളിൽകൂടി സഞ്ചരിച്ച് ചന്തപോലുള്ള സ്ഥലത്തെത്തിച്ചേർന്നു. പത്തു മിനിറ്റ് അവിടെ കാത്തിരുന്നു. എന്റെ ‘ഹീറോ’ കിളി എങ്ങനെയോ അവിടെ എത്തി. ശേഷം ഡ്രൈവറും കിളിയുംകൂടി എന്നെ ബോർഡർവരെ അനുഗമിച്ചു. പൈസ കൊടുക്കാൻ ശ്രമിച്ചെങ്കിലും അവർ നിരസിച്ചു. ഞാൻ കൈയിലുണ്ടായിരുന്ന ഈന്തപ്പഴത്തിന്റെ പാക്കറ്റ് അവർക്ക് കൊടുത്തു.
ഇത്യോപ്യയിൽനിന്ന് എക്‌സിറ്റ് സ്റ്റാമ്പ് അടിച്ച് സോമാലിലാൻഡിൽ പ്രവേശിച്ചു. അവിടത്തെ ഇമിഗ്രേഷൻ ഓഫിസിലേക്ക് കയറിച്ചെന്നു. ചെറിയൊരു മുറി. അകത്തു ചില്ലുകൂട്ടിനു പുറകിൽ രണ്ടാളുകൾ. പുറത്ത് തോക്കും പിടിച്ചു നിന്ന സെക്യൂരിറ്റി എന്റെ അടുത്തുവന്ന് കാര്യങ്ങൾ ചോദിച്ചു. എൻട്രി സ്റ്റാമ്പ് ചെയ്യണേൽ 5000 രൂപ ഉദ്യോഗസ്ഥന് കൊടുക്കണമെന്ന് പറഞ്ഞു. എംബസിയിൽ 10,000 കൊടുത്താണ് വിസ അടിച്ചുതന്നത്. എൻട്രിക്ക് എവിടെയും പൈസ കൊടുക്കേണ്ട കാര്യമില്ല. ഞാൻ നിരസിച്ചു. എങ്കിൽ എൻട്രി അടിച്ചുകിട്ടില്ല എന്നയാൾ തീർത്തുപറഞ്ഞു. എനിക്ക് യാത്രയിലുടനീളം ഉണ്ടായ ദുരനുഭവങ്ങൾ എല്ലാം കൂടി തികട്ടിവന്നു. ഞാൻ മുറിയുടെ ഒത്ത നടുക്ക് ബാഗ് ഇറക്കി വെച്ചു. എന്നിട്ട് വൃത്തിക്ക് ചമ്രം പടിഞ്ഞിരുന്നു.
എൻട്രി കിട്ടാതെ ഞാൻ അവിടന്ന് മാറില്ല എന്ന് സെക്യൂരിറ്റിയോട് വിളിച്ചുപറഞ്ഞു. ഏതോ വട്ടു കേസ് ആണെന്ന് അവർ തിരിച്ചറിഞ്ഞെന്നു തോന്നുന്നു. ചില്ലിന്റെ പിന്നിലിരുന്ന ഉദ്യോഗസ്ഥൻ എന്നോട് അകത്തോട്ട് ചെല്ലാൻ പറഞ്ഞു. കൂടുതലൊന്നും ചോദിക്കാതെ എൻട്രി അടിച്ചു തന്നു. ഞാൻ ഇറങ്ങാൻ നേരം സെക്യൂരിറ്റിയോട് പറഞ്ഞു -ചായ കുടിക്കാൻ വല്ല നൂറോ അഞ്ഞൂറോ ചോദിച്ചെങ്കിൽ ഞാൻ തരുമായിരുന്നല്ലോ. അയ്യായിരം ഇച്ചിരി കടന്നുപോയി. അയാളുടെ മറുപടി ഭീകരമായിരുന്നു, ‘‘ചായയും വേണ്ട കാപ്പിയും വേണ്ട നിങ്ങളൊന്നു പോയി തന്നാൽ മതി’’. വരാനിരിക്കുന്ന പൂരത്തിന്റെ തുടക്കമാണോ എന്ന് മനസ്സിൽ ഒരു തോന്നലുണ്ടായി.
നേരത്തേ നിലത്തിരിക്കുന്നതിനിടയിൽ തുണികീറുന്നപോലെ ഒരു ശബ്ദം കേട്ടിരുന്നു. എഴുന്നേറ്റു നോക്കുമ്പോൾ ജീൻസ് മനോഹരമായി കീറിയിരിക്കുന്നു. ആഫ്രിക്കയിലെ യാത്രക്ക് വളരെ പഴയ ജീൻസാണ് കൈയിലെടുത്തത്. ഇങ്ങനെയൊരു പണി കിട്ടുമെന്ന് കരുതിയില്ല. ഞാൻ ധരിച്ചിരുന്ന ജാക്കറ്റ് ഊരി അരയിൽ കെട്ടി. അടുത്തുതന്നെ ഹർഗീസക്ക് പോകാനുള്ള വാനുകൾ കിടന്നിരുന്നു. അതിലൊന്നിൽ കയറിപ്പറ്റി. തൊട്ടടുത്തിരുന്നത് പർദ ധരിച്ച ആസ്യ എന്ന പെൺകുട്ടിയായിരുന്നു.
വഴിയിൽ നാലുതവണ ചെക്കിങ്ങിനായി നിർത്തി. ആസ്യ ഉള്ളത് സഹായമായി. എനിക്കൊപ്പംനിന്ന് അവൾ സെക്യൂരിറ്റിക്കാരോട് സംസാരിക്കുകയും വലിയ പരിശോധനകൾ ഒന്നുമില്ലാതെ കടന്നുപോരുകയും ചെയ്തു. അവൾക്ക് 17 വയസ്സേയുള്ളൂ. എട്ടാം ക്ലാസിൽ പഠനം നിർത്തി. ഇപ്പോൾ ജോലി അന്വേഷിച്ചു ഹർഗീസക്ക് പോകുകയാണ്. അവിടെ ബന്ധുക്കളും സുഹൃത്തുക്കളും ആരുമില്ല. എവിടെ താമസിക്കുമെന്നും അവൾക്കറിയില്ല. ‘‘അല്ലാഹു എനിക്കെന്തെങ്കിലും വഴികാണിച്ചുതരും.’’ അവൾ പറഞ്ഞു. ഈ ചെറുപ്രായത്തിൽ തനിച്ചൊരു നഗരത്തിൽ അവൾ വല്ല ആപത്തിലും പെടുമോ എന്ന് ഞാൻ ഭയന്നു. രണ്ടുദിവസം വേണമെങ്കിൽ എനിക്കൊപ്പം ഹോട്ടൽമുറിയിൽ താമസിക്കാവുന്നതേയുള്ളൂ. പക്ഷേ, രാജ്യത്തെ നിയമങ്ങൾ അറിയില്ല.
മുസ്ലിം നിയമങ്ങൾ കർശനമായി പിന്തുടരുന്ന രാജ്യമാണ്. കൈയിലുള്ള ഡോളറിൽനിന്ന് കുറച്ചെടുത്ത് അവൾക്ക് കൊടുത്തു. ഒരാഴ്ച അവളുടെ ഭക്ഷണത്തിനും താമസത്തിനും ആ പൈസ തികയും. അതിനുള്ളിൽ അവൾക്ക് എന്തെങ്കിലും ജോലി കിട്ടുമായിരിക്കുമെന്ന് ആശ്വസിക്കാൻ ശ്രമിച്ചു. വേറെ ഒന്നും എനിക്ക് ചെയ്യാൻ സാധിക്കില്ലല്ലോ.
മൂന്നു മണിക്കൂർ യാത്രചെയ്തു. നാലുമണി അടുപ്പിച്ചാണ് ഹർഗീസയിൽ എത്തിച്ചേർന്നത്. രാജ്യതലസ്ഥാനമാണെങ്കിലും ചെറിയൊരു പട്ടണമാണ് ഹർഗീസ. സോമാലിയയുടെ പടിഞ്ഞാറൻ ഭാഗമായിരുന്നു സോമാലിലാൻഡ്. 1991ൽ അവർ സ്വയം രാജ്യമായി പ്രഖ്യാപിച്ചു. സോമാലിയ ഇതുവരെ അത് അംഗീകരിച്ചിട്ടില്ല. ഇത്യോപ്യയും തായ് വാനും മാത്രമേ രാജ്യത്തിനെ അംഗീകരിച്ചിട്ടുള്ളൂ. സോമാലിയയെക്കാൾ സുരക്ഷിതമാണ് സോമാലിലാൻഡ് എന്നാണ് സഞ്ചാരികൾ പറയുന്നത്. ഒരു ഇന്നോവ കാറിലാണ് ഷാദിയ എന്നെ വിളിക്കാൻ വന്നത്. എന്നെപ്പോലെ വണ്ണമുള്ള പ്രകൃതം. പർദയും ഹിജാബും ധരിച്ചിട്ടുണ്ട്. തലയിൽ ഇടാനുള്ള തട്ടം അവൾ സമ്മാനിച്ചു. കൂടാതെ, നമ്മുടെ സ്വന്തം ഹൽവയും. കോഴിക്കോടൻ ഹൽവയുമായി നല്ല സാമ്യമുണ്ട്. ഞാൻ അവൾ തന്ന തട്ടമിട്ടു. ഞങ്ങൾ ഭക്ഷണം കഴിക്കാൻ നേരെ ഹോട്ടലിൽ പോയി. ഹർഗീസയിലുള്ള രണ്ടു ദിവസവും ഷാദിയ എന്നെ അവളുടെ കാറിൽ കറക്കാമെന്നേറ്റു. പകരം അവൾക്ക് ഭക്ഷണം വാങ്ങിക്കൊടുക്കണം. വണ്ടിയിൽ പെട്രോളും അടിക്കണം. എനിക്ക് പൂർണ സമ്മതമായിരുന്നു.
ഷാദിയക്ക് 25 വയസ്സാണ്. ഏഴു വയസ്സുകാരി മകളുണ്ട്. 17ാം വയസ്സിൽ 19കാരനെ കെട്ടി. കല്യാണം കഴിഞ്ഞു ആറുമാസം കഴിഞ്ഞ് ഭർത്താവ് തലാഖ് ചൊല്ലി. ഗർഭിണിയായിട്ടാണ് ഭർത്താവിന്റെ വീടുവിട്ടിറങ്ങിയത്. കുഞ്ഞിനെ കാണാൻ ഇതേവരെ ഭർത്താവ് വന്നിട്ടില്ല. അവളുടെ അച്ഛന് 14 കുട്ടികളുണ്ട്. അവളുടെ അമ്മയിൽ പത്തും മറ്റൊരു ഭാര്യയിൽ നാലും. അവൾക്ക് താഴെ രണ്ട് അനിയത്തിമാർ കൂടിയുണ്ട്. ദുബൈയിൽനിന്ന് ഉപയോഗിച്ച കാർ വാങ്ങി സോമാലിലാൻഡിൽ വിൽപന നടത്തുന്ന ബിസിനസാണ് അവളുടെ പിതാവിന്. സ്ത്രീകളെ ബിസിനസിൽനിന്ന് മാറ്റിനിർത്തുന്നതാണ് അവരുടെ സംസ്‌കാരം. കുട്ടികളെ നോക്കി വീട്ടിലിരിക്കണം. ഷാദിയക്ക് കുറെ സ്വപ്നങ്ങളുണ്ട്.
അവൾക്ക് ഒരുപാടു രാജ്യങ്ങൾ സന്ദർശിക്കണം. അതിനു വേണ്ടിയാണ് അവൾ യാത്രാഗ്രൂപ്പിന്റെ ഭാഗമായത്. അവളുടെ അച്ഛന് അതിനെപ്പറ്റി അറിയില്ല. പുതിയ കൂട്ടുകാരിയെ പരിചയപ്പെട്ട ആവേശത്തിൽ ജീൻസ് കീറിയതൊക്കെ മറന്നു ജാക്കറ്റ് ഊരി കൈയിൽ പിടിച്ചു. തിരിച്ച് കാറിലേക്ക് നടക്കുമ്പോൾ ജീൻസ് കീറിയെന്ന് ഷാദിയ ചൂണ്ടിക്കാട്ടി. ഞാൻ ചമ്മലോടെ ജാക്കറ്റ് വീണ്ടും അരയിൽ കെട്ടി. ഞങ്ങൾ നേരെ അവളുടെ വീട്ടിലേക്കാണ് പോയത്. ഷാദിയ എനിക്കൊരു സോമാലി വസ്ത്രം സമ്മാനിച്ചു. നൈറ്റിപോലെയുള്ള ഒന്ന്. ഞാൻ കുളിച്ച് ആ വസ്ത്രം ധരിച്ചു. തലയിൽ തട്ടവും പിടിപ്പിച്ചു. ഞങ്ങൾ അവളുടെ കൂട്ടുകാരി ഫിർദൗസിനെ വിളിച്ച് അൽപം അകലെയുള്ള ഒട്ടകഫാം കാണാനായി തിരിച്ചു.
വൈകീട്ട് ഫാമിൽ ഡാൻസും പാട്ടുമൊക്കെയുണ്ട്. പക്ഷേ, അന്ന് ഷാദിയയുടെ വാപ്പ ദുബൈയിൽനിന്ന് വരുന്ന ദിവസമായതുകൊണ്ട് അധികം വൈകി വീട്ടിലേക്ക് പോകാൻ സാധിക്കില്ല. പത്തിരുപതു ഒട്ടകങ്ങളും അഞ്ചു കുഞ്ഞുങ്ങളും അവിടെയുണ്ട്. ഒട്ടകത്തെ കറക്കുന്ന സമയത്താണ് ഞങ്ങൾ എത്തിയത്. ചൂടു പാല് ഒരു മൺ കൂജയിൽ ഞങ്ങൾക്ക് തന്നു. വയറു പ്രശ്നമായാലോ എന്ന് പേടിച്ചു ഞാൻ അൽപം മാത്രമാണ് നുണഞ്ഞത്. ഫിർദൗസ് ടിക് ടോക് പ്രേമിയായിരുന്നു. അവൾ ഒട്ടകത്തിനൊപ്പം പാട്ടുപാടി റീൽസ് പിടിച്ചു. അതിനുശേഷം മലമുകളിലുള്ള ഒരു കഫേയിൽ ഞങ്ങൾ പോയിരുന്നു. അവിടെ ഇരുന്നാൽ പട്ടണം മൊത്തം കാണാം. ഇരുട്ടിത്തുടങ്ങിയതോടെ എല്ലായിടത്തും വെളിച്ചം തെളിഞ്ഞു. രാഷ്ട്രീയത്തിലാണ് ഞങ്ങളുടെ ചർച്ച ആരംഭിച്ചത്.
‘‘നിങ്ങൾ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ട് 30 കൊല്ലമായല്ലോ. ഇതുവരെ രണ്ടു രാഷ്ട്രങ്ങൾ മാത്രമല്ലേ നിങ്ങളെ അംഗീകരിക്കുന്നുള്ളൂ. എത്രകാലം ഒറ്റക്ക് പിടിച്ചുനിൽക്കാൻ സാധിക്കും?’’ ഞാൻ ചോദിച്ചു.
‘‘മുപ്പതല്ല. മുപ്പത്തിനാലായി. ഇത്രയും നാൾ ഞങ്ങൾ ഒറ്റക്ക് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയില്ലേ. ഞങ്ങൾ ഇനിയും അത് തുടരും. ഇത്യോപ്യയും സൗദിയും ഞങ്ങളുടെ തുറമുഖം ഉപയോഗിക്കുന്നുണ്ട്. പതുക്കെ ഓരോ രാജ്യങ്ങൾ മുന്നോട്ടുവരും. എനിക്കിപ്പോഴും പിടികിട്ടാത്ത കാര്യമാണ് എന്തുകൊണ്ട് മറ്റുള്ളവർ ഞങ്ങളെ അംഗീകരിക്കുന്നില്ല എന്നത്. ഞങ്ങൾ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ നടത്തുന്നു, സ്വന്തമായി കറൻസിയും സുരക്ഷാ സേനയും ഉണ്ട്, സ്വന്തമായി പാസ്പോർട്ടുകൾ നൽകുന്നു. കൊളോണിയൽ കാലഘട്ടത്തിലെ അതിർത്തികൾ നിലനിർത്തണമെന്നാണ് ആഫ്രിക്കൻ യൂനിയൻ പറയുന്നത്. ഞങ്ങൾ ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായിരുന്നു. സോമാലിയ ഇറ്റാലിയൻ ഭരണത്തിന് കീഴിലും. സോമാലിയക്കാർ പ്രധാനമായും ഇസാഖ് വംശത്തിൽനിന്നുള്ളവരാണ്. അതിനാൽ, മറ്റ് സോമാലിയക്കാരിൽനിന്ന് വംശീയമായിപോലും ഞങ്ങൾ വ്യത്യസ്തരാണ്.’’
‘‘നിങ്ങൾ എന്തിനാണ് വേർപിരിഞ്ഞത് ?’’
‘‘കൊളോണിയൽ വ്യവസ്ഥ മാറിയപ്പോൾ ഞങ്ങളെ സോമാലിയയുമായി ലയിപ്പിച്ചു. സോമാലിയക്കാരുടെ ഭരണ രീതികളോടൊന്നും ഞങ്ങൾക്ക് യോജിക്കാനാകില്ല. അതുകൊണ്ട് ഞങ്ങൾ പിരിയാൻ തീരുമാനിച്ചു. സോമാലിയയെ അപേക്ഷിച്ച് ജീവിതം ഇവിടെ എത്ര സമാധാനപരമാണ്. സോമാലിയയിൽ നിന്നനിൽപിൽ ബോംബ് പൊട്ടും. തീവ്രവാദികളുടെ അരാജകത്വമാണ് അവിടെ. ഞങ്ങൾക്ക് സോമാലിയയിൽ ലയിക്കണ്ട. ഇവിടെ ജനാധിപത്യപരമായാണ് കാര്യങ്ങൾ നടത്തുന്നത്. മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലെപോലെ ഇലക്ഷൻ സമയത്ത് അടിയും ബഹളവുമൊന്നുമില്ല. 2024 നടന്ന ഇലക്ഷനിൽ പ്രതിപക്ഷപാർട്ടിയാണ് വിജയിച്ചത്.’’

‘‘സാമ്പത്തികമായി ഒറ്റപ്പെട്ടു കിടക്കുന്ന നിങ്ങളുടെ വരുമാനം എവിടന്നാണ്?’’
‘‘കാലിയെ കയറ്റിയയക്കുന്നതിൽ നിന്നാണ് പ്രധാന വരുമാനം. ആടുകളെയും ഒട്ടകത്തെയും ഞങ്ങൾ കയറ്റി അയക്കും. ചില വമ്പൻ പദ്ധതികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. ദുബൈയിലെ ഡി.പി വേൾഡുമായി ചേർന്ന് ബെർബെറ തുറമുഖം വികസിപ്പിക്കാനുള്ള പദ്ധതി നടന്നു വരുന്നു. സോമാലിലാൻഡിന് പ്രതിവർഷം ദശലക്ഷക്കണക്കിന് ഡോളർ വരുമാനം ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ. 2024ൽ ഞങ്ങളുടെ 32 കിലോമീറ്റർ തീരദേശം 50 വർഷത്തേക്ക് ഇത്യോപ്യക്ക് പാട്ടത്തിനു നൽകി. പകരം അവർ ഞങ്ങളെ രാജ്യമായി അംഗീകരിക്കുകയും ഇത്യോപ്യ എയർലൈൻസിന്റെ ഭാഗിക ഉടമസ്ഥാവകാശം നൽകുകയും ചെയ്തു.’’
‘‘നിന്റെ രാജ്യത്തിനെ മറ്റു രാജ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിനക്ക് വിസ എങ്ങനെ ലഭിക്കും?’’
‘‘എനിക്ക് രണ്ടു പാസ്‌പോർട്ട് ഉണ്ട്. സോമാലിയയുടെ പാസ്‌പോർട്ട് ആണ് വിസ കിട്ടാനായി കൊടുക്കുക.’’
ഞങ്ങളുടെ ചർച്ചയിൽ ഫിർദൗസ് പങ്കാളിയായിരുന്നില്ല. കുറച്ചു കഴിഞ്ഞു അവൾ ചിണുങ്ങാൻ തുടങ്ങി.
‘‘എന്നെ ബോറടിപ്പിക്കാനാണോ നിങ്ങൾക്കൊപ്പം കൂട്ടിയത്.’’
‘‘രാഷ്ട്രീയം വിടുന്നു. നിന്റെ വിശേഷങ്ങൾ പറ... കേൾക്കട്ടെ. ഷാദിയയെ എങ്ങനെയാണ് പരിചയം?’’
‘‘ഞങ്ങൾ ഒന്നിച്ചു പഠിച്ചതാണ്. ഇവൾ പക്ഷേ കല്യാണം കഴിഞ്ഞ് പഠിത്തം നിർത്തി. ഞാൻ തുടർന്നു. ഫാർമസി കോഴ്‌സ് ഡിഗ്രി പൂർത്തിയായി, ഫാർമസിസ്റ്റ് ആയി ജോലിചെയ്യുന്നു.’’
‘‘മിടുക്കി. സ്വന്തം കാലിൽ നിൽക്കുന്നല്ലോ.’’
‘‘ഏയ്... എനിക്ക് ജോലിക്ക് പോകാൻ താൽപര്യമില്ല. റമദാൻ മാസം കഴിഞ്ഞാൽ എന്റെ കല്യാണമാണ്.’’
‘‘ജോലിക്കല്ലെങ്കിൽ നീ എന്തിനാണ് മെനക്കെട്ട് പഠിച്ചത്?’’
‘‘കോൺവൊക്കേഷൻ ഗൗൺ ഇടണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. അതിനുവേണ്ടി പഠിച്ചു. എന്റെ ഇക്കാക്ക് 15 കുട്ടികൾ വേണമെന്നാണ് ആഗ്രഹം. എന്റെ അടുത്തലക്ഷ്യം അതാണ്.’’
‘‘15 കുട്ടികളെ പെറണമെന്നോ? നിനക്ക് അതിൽ എതിർപ്പില്ലേ?’’
‘‘ഞാൻ സമ്മതിച്ചില്ലെങ്കിൽ ഇക്ക വേറെ കല്യാണം കഴിക്കും. ഇവിടെ പുരുഷന്മാർക്ക് നാലു ഭാര്യമാരെ വരെ വെക്കാം.’’
ഞാൻ ഷാദിയയോട് അവളുടെ ഭാവി പരിപാടികൾ ചോദിച്ചു. ‘‘എനിക്ക് ഒരു പണക്കാരനെ കെട്ടണം. പത്തു കുട്ടികളാണ് എന്റെ ടാർഗറ്റ്.’’
ഓരോ നാട്ടിലെയും പെൺകുട്ടികളുടെ സ്വപ്നങ്ങളെ അവരുടെ സമൂഹം എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു എന്റെ മുന്നിലുണ്ടായിരുന്ന ആ രണ്ട് പെൺകുട്ടികൾ. അവരോട് തർക്കിച്ചിട്ടോ ഉപദേശിച്ചിട്ടോ കാര്യമില്ലെന്ന് എനിക്ക് തോന്നി. അവരുടെ ലോകം ആ അറിവുകളിൽ ഒതുങ്ങുന്നു. രാത്രിയിൽ എന്നെ ഹോട്ടലിലാക്കി അവർ മടങ്ങി. ഹർഗീസയിലെ ആ തണുത്ത രാത്രിയിൽ, പിറ്റേന്ന് മൊഗാദിശുവിലേക്ക് പോകേണ്ടതിനെക്കുറിച്ചുള്ള ആവലാതികളുമായി ഞാൻ കിടന്നു.
