സസ്പെൻസ് ത്രില്ലറിന്റെ ക്ലൈമാക്സ്

അധ്യായം -18 ‘‘നിങ്ങൾ തിരിച്ചുപോകണം,’’ അയാൾ പറഞ്ഞതുകേട്ട് ആദ്യം ഞെട്ടിയെങ്കിലും, അന്ന് വേറെ ഫ്ലൈറ്റ് ഒന്നുമില്ലാത്തതിനാൽ തിരിച്ചുപോകാൻ കഴിയില്ലെന്ന സത്യം എനിക്ക് ധൈര്യം നൽകി. ഞാൻ പോയില്ലെങ്കിൽ എയർപോർട്ടിൽ എനിക്ക് സൗകര്യങ്ങൾ ഒരുക്കേണ്ടി വരുന്നതുകൊണ്ട് അവർക്ക് തന്നെയാണ് തലവേദന. ഇതിനിടയിൽ റഹ്മാൻ വന്നെത്തി. എങ്ങനെ അയാൾ ഇമിഗ്രേഷൻ ഓഫിസിനുള്ളിൽ എത്തിയെന്ന് എനിക്ക് പിടികിട്ടിയില്ല. ഞാൻ അയാളോട് പ്രശ്നം പറഞ്ഞു. അയാൾ അവിടെയുള്ള ഒന്നു രണ്ട്...
Your Subscription Supports Independent Journalism
View Plansഅധ്യായം -18
‘‘നിങ്ങൾ തിരിച്ചുപോകണം,’’ അയാൾ പറഞ്ഞതുകേട്ട് ആദ്യം ഞെട്ടിയെങ്കിലും, അന്ന് വേറെ ഫ്ലൈറ്റ് ഒന്നുമില്ലാത്തതിനാൽ തിരിച്ചുപോകാൻ കഴിയില്ലെന്ന സത്യം എനിക്ക് ധൈര്യം നൽകി. ഞാൻ പോയില്ലെങ്കിൽ എയർപോർട്ടിൽ എനിക്ക് സൗകര്യങ്ങൾ ഒരുക്കേണ്ടി വരുന്നതുകൊണ്ട് അവർക്ക് തന്നെയാണ് തലവേദന. ഇതിനിടയിൽ റഹ്മാൻ വന്നെത്തി. എങ്ങനെ അയാൾ ഇമിഗ്രേഷൻ ഓഫിസിനുള്ളിൽ എത്തിയെന്ന് എനിക്ക് പിടികിട്ടിയില്ല. ഞാൻ അയാളോട് പ്രശ്നം പറഞ്ഞു. അയാൾ അവിടെയുള്ള ഒന്നു രണ്ട് പേരോട് സംസാരിച്ചു. ആകെ ദേഷ്യത്തിൽ തിരിച്ചുവന്ന് എന്നോട് പറഞ്ഞു, ‘‘ബന്ധുക്കളെ ഒറ്റയെണ്ണത്തിനെ നമ്പാൻ കൊള്ളില്ല. ഇമിഗ്രേഷനിൽ എനിക്ക് രണ്ടു ബന്ധുക്കളുണ്ട്. അവർ വിചാരിച്ചാൽ വിസ കിട്ടും. പക്ഷേ, അവർ തരുന്നില്ല.’’
റഹ്മാനെയും കൂട്ടി ഞാൻ വീണ്ടും വിസ ഓഫിസറുടെ അടുത്തു പോയി. ‘‘ഇദ്ദേഹം ഇവിടത്തുകാരനാണ്. ആ കെയർ ഓഫിൽ എന്നെ ഒന്ന് പോകാൻ അനുവദിക്കൂ,’’ എന്ന് അപേക്ഷിച്ചു. വിസ ഓഫിസർ റഹ്മാനോട് ഐഡി പ്രൂഫ് ചോദിച്ചു. നോക്കുമ്പോൾ അതിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു! ഓഫിസർ വീണ്ടും എന്നോട് ചൂടായി. കുറേ തർക്കങ്ങൾക്കൊടുവിൽ അയാൾ എങ്ങനെയോ വിസ തരാൻ സമ്മതിച്ചു.
പക്ഷേ, പാസ്പോർട്ട് തുറന്നതും അതിൽ സോമാലിലാൻഡിൽ പോയതിന്റെ രേഖകൾ അയാൾ കണ്ടു. അതോടെ, അയാളുടെ മട്ടും ഭാവവും വീണ്ടും മാറി. ‘‘നിങ്ങളോട് ആരാണ് സോമാലിലാൻഡ് എംബസിയിൽ പോയി വിസ വാങ്ങാൻ പറഞ്ഞത്? സോമാലിലാൻഡിനെ ആരും രാജ്യമായി അംഗീകരിച്ചിട്ടില്ല. നിങ്ങൾ അവിടെ പോയതുകൊണ്ട് ഒരിക്കലും ഇവിടന്ന് വിസ അടിച്ചുതരില്ല!’’
ചില അപകടകരമായ സാഹചര്യങ്ങളിൽനിന്ന് ഊരിപ്പോരാൻ ഏറ്റവും നല്ലത് ‘പൊട്ടൻ കളിക്കുന്നതാണ്’ എന്ന് എനിക്ക് തോന്നി. ‘‘രണ്ടു രാജ്യങ്ങളും തമ്മിൽ പ്രശ്നമാണോ? എനിക്കതിനെ പറ്റി ഒന്നും അറിയില്ല. ഞാൻ വെറുമൊരു ടൂറിസ്റ്റ് അല്ലേ. നിങ്ങൾ എന്നോട് ക്ഷമിക്കണം. അബദ്ധം പറ്റിയതാണ്,’’ ഞാൻ താണുകേണു പറഞ്ഞു. അയാൾ ഒരുരീതിയിലും അടുക്കുന്നില്ല. ഒടുവിൽ എന്റെ കൈയിലുള്ള അവസാനത്തെ തുറുപ്പുചീട്ട് ഞാൻ ഇറക്കി; ഞാൻ ഒരു ഡോക്ടർ ആണെന്ന സത്യം. അതിൽ അയാൾ കൊത്തി.
‘‘നിങ്ങൾ ഡോക്ടർ ആണോ? ഞാൻ അടുത്തമാസം എന്റെ അമ്മാവനെയുംകൊണ്ട് ചികിത്സക്കായി മുംബൈയിലേക്ക് പോകുന്നുണ്ട്. എനിക്ക് എന്തെങ്കിലും ആവശ്യം വന്നാൽ നിങ്ങൾക്ക് സഹായിക്കാൻ പറ്റുമോ?’’ ഞാൻ സഹായം വാഗ്ദാനം ചെയ്തു. ഒടുവിൽ ഒരു മണിക്കൂറിനുശേഷം എന്റെ പാസ്പോർട്ടിൽ മൊഗാദിശുവിന്റെ വിസ പതിഞ്ഞുകിട്ടി.
ബന്ധുവിന്റെ ഹോട്ടലിൽ മുറി പറഞ്ഞുവെച്ചിട്ടുണ്ടെന്ന് റഹ്മാൻ പറഞ്ഞു. ഞാൻ അയാൾക്കൊപ്പം ടാക്സിയിൽ ഹോട്ടലിലേക്ക് പോയി. എയർപോർട്ട് ചുറ്റുമായി ഒരു കോട്ടമതിൽപോലെയാണ് പണിതുവെച്ചിരിക്കുന്നത്. അതിനു പുറമേ മണൽ ചാക്കുകൾ അടുക്കിവെച്ചിരിക്കുന്നു. എങ്ങോട്ട് നോക്കിയാലും തോക്കും പിടിച്ച് നിൽക്കുന്ന സൈനികർ! സോമാലിയൻ ഫെഡറൽ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന അൽശബാബ് തീവ്രവാദികളുടെ ആക്രമണത്തെ ഭയന്നാണ് ഈ സുരക്ഷാക്രമീകരണങ്ങൾ. 2012ൽ അൽഖാഇദയോട് പരസ്യമായി കൂറ് പ്രഖ്യാപിച്ച സുന്നി ഇസ്ലാമിക ഭീകര സംഘടനയാണ് അൽശബാബ്.
ചാവേർ ബോംബാക്രമണം, കാർ ബോംബിങ്, ഗ്രനേഡ് എറിയൽ തുടങ്ങിയവ കൃത്യമായ ഇടവേളകളിൽ അവിടെ നടക്കാറുണ്ട്. അതുകൊണ്ട് തന്നെ തലസ്ഥാന നഗരമായ മൊഗാദിശുപോലും സുരക്ഷിതമായിരുന്നില്ല. ആ അനിശ്ചിതത്വത്തിലേക്കാണ് ഞാൻ ടാക്സിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. 70 കൊല്ലം മുമ്പ് ആഫ്രിക്കയിലെ ഏറ്റവും വലിയ പുരോഗതി കൈവരിച്ച രാജ്യമായിരുന്നു സോമാലിയ. ‘സ്വിറ്റ്സർലൻഡ് ഓഫ് ആഫ്രിക്ക’ എന്നുപോലും അക്കാലത്ത് ഇതിനെ വിശേഷിപ്പിച്ചിരുന്നു. കൊളോണിയൽ ഭരണത്തിന് കീഴിൽ അഞ്ചുഭാഗങ്ങളായിരുന്ന സോമാലിയയുടെ ചരിത്രം സങ്കീർണമാണ്. ഫ്രഞ്ച് സോമാലിലാൻഡ് പിന്നീട് ജിബൂതി എന്ന രാജ്യമായി മാറി. ഇറ്റാലിയൻ, ബ്രിട്ടീഷ് ഭാഗങ്ങൾ ചേർന്ന് 1961ൽ ഇന്നത്തെ സോമാലിയ രൂപപ്പെട്ടു.
1969-1991 വരെ കമ്യൂണിസ്റ്റ് ഭരണാധികാരിയായ മുഹമദ് സിയാദ് ബാരെയാണ് കാര്യങ്ങൾ ഏകപക്ഷീയമായി നിയന്ത്രിച്ചിരുന്നത്. സിയാദ് ബാരെയുടെ സർക്കാർ അട്ടിമറിക്കപ്പെട്ടതോടെയാണ് ആഭ്യന്തരയുദ്ധം ആരംഭിക്കുന്നത്. വരൾച്ചയും പട്ടിണിയും കലാപങ്ങളും തുടർക്കഥകളായപ്പോൾ ലക്ഷക്കണക്കിനാളുകൾ രാജ്യം വിട്ടു. പലപ്പോഴും പട്ടിണിയുടെ പര്യായമായി നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന പദമാണല്ലോ ‘സോമാലിയ’. എന്നാൽ, കഴിഞ്ഞ കുറച്ചുവർഷങ്ങളായി സ്ഥിതിഗതികൾ അൽപം മെച്ചപ്പെട്ടിട്ടുണ്ട്. ആഴ്ചയിൽ രണ്ടും മൂന്നും തവണ അരങ്ങേറിയിരുന്ന ഭീകരാക്രമണങ്ങൾ ഇപ്പോൾ വർഷത്തിൽ മൂന്നോ നാലോ തവണ എന്ന തോതിലേക്ക് ചുരുങ്ങിയിട്ടുണ്ടെന്ന് റഹ്മാൻ പറഞ്ഞുതന്നു.
മൂന്ന് കിലോമീറ്റർ ദൂരെയുള്ള ഹോട്ടലിൽ എത്താൻ എനിക്ക് ഒരു മണിക്കൂർ എടുത്തു! ട്രാഫിക് ബ്ലോക്ക് ആയിരുന്നില്ല വില്ലൻ; 200 മീറ്റർ കൂടുമ്പോൾ നിർബന്ധിത സെക്യൂരിറ്റി ചെക്കിങ്ങുകൾ ഉണ്ടായിരുന്നു. ദാരിദ്ര്യം പിടിച്ച ഒരു നഗരമായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്, എന്നാൽ മൊഗാദിശു എന്നെ അത്ഭുതപ്പെടുത്തി. കാറുകൾ തിങ്ങിനിറഞ്ഞ വീതിയുള്ള റോഡുകൾ, ഇരുവശങ്ങളിലും വലിയ ഷോറൂമുകളും മാളുകളും. ഏതൊരു വലിയ നഗരത്തെയുംപോലെ തോന്നിച്ചെങ്കിലും ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന സൈനികവാനങ്ങൾ പതിയിരിക്കുന്ന അപകടങ്ങളെ ഓർമിപ്പിച്ചുകൊണ്ടിരുന്നു.
ഹോട്ടലിനു മുന്നിൽ ടാക്സി നിർത്തി. വഴിനീളെ റഹ്മാൻ എനിക്കുവേണ്ടി ബുക്ക്ചെയ്ത ഹോട്ടലിനെപ്പറ്റിയാണ് സംസാരിച്ചത്. അലി പറഞ്ഞേൽപ്പിച്ചതുകൊണ്ട് ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് എനിക്കായി കണ്ടെത്തിയത്. അവരുടെ ബന്ധുവാണ് ഉടമസ്ഥൻ. റിസപ്ഷനിൽ പോയി പറഞ്ഞപ്പോൾ അവർ കൈ മലർത്തി. റൂം ഒന്നും ഒഴിവില്ല. അലിയെയും റഹ്മാനെയും വിശ്വസിച്ചിറങ്ങിയ ഞാൻ മണ്ടിയായി. റഹ്മാൻ അവിടെനിന്ന് അയാളുടെ ബന്ധുക്കളെയും റിസപ്ഷനിൽ ഉണ്ടായിരുന്നവരെയും ഉച്ചത്തിൽ ചീത്ത പറഞ്ഞു. ഞാൻ അയാളെ സമാധാനിപ്പിച്ചു. നടന്നത് നടന്നു. അടുത്ത ഹോട്ടൽ നോക്കാം. മൂന്നാല് ഹോട്ടൽ കയറിയിറങ്ങിയാണ് അവസാനം ഒരു ഹോട്ടൽ കണ്ടെത്തിയത്.
ഹോട്ടലിനു മുന്നിലുള്ള ഇരുമ്പുഗേറ്റിന് ഇരുപത്തിയഞ്ചടിയോളം പൊക്കമുണ്ട്. അകത്ത് കടന്നപ്പോൾ കനത്ത പരിശോധനകളായിരുന്നു. ‘‘ചാവേർ ബോംബർമാരുടെ ഇഷ്ടപ്പെട്ട ലക്ഷ്യമാണ് ഹോട്ടലുകൾ. അതുകൊണ്ട് എല്ലാ ഹോട്ടലിലും കർശനമായ സെക്യൂരിറ്റി ചെക്കുകൾ നിലവിലുണ്ട്,’’ റഹ്മാൻ വിശദീകരിച്ചു.
ഇതിനോടകം റഹ്മാനുമായുള്ള ‘വൈബ്’ അത്ര ശരിയാകില്ലെന്ന് എനിക്ക് ബോധ്യമായിക്കഴിഞ്ഞിരുന്നു. എങ്കിലും ഈ നാട്ടിൽ ഒറ്റക്ക് കറങ്ങുന്നതിനേക്കാൾ ഭേദം അയാളെ കൂടെക്കൂട്ടുന്നതാണല്ലോ എന്ന് ഞാൻ കരുതി. എന്നാൽ, പിറ്റേന്നത്തെ പരിപാടികളെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ വലിയ താൽപര്യം കാണിച്ചില്ല. മാർക്കറ്റ് കാണാൻ വരാമോ എന്ന് ചോദിച്ചപ്പോൾ അവിടെ നാറ്റമാണെന്നും ബീച്ചിൽ പോകാം എന്ന് പറഞ്ഞപ്പോൾ അവിടെ തിരക്കാണെന്നും പറഞ്ഞ് അയാൾ ഒഴിഞ്ഞുമാറി. ചുരുക്കത്തിൽ, എന്നെ സഹായിക്കാൻ അയാൾക്ക് വലിയ മനസ്സില്ല. അയാളെ എങ്ങനെയെങ്കിലും പറഞ്ഞുവിട്ട് ഞാൻ മുറിയിലേക്ക് മടങ്ങി. അപരിചിതമായ ഇടങ്ങളിൽ നാം ആരെയാണ് വിശ്വസിക്കേണ്ടത്? സഹായവാഗ്ദാനങ്ങൾ നൽകുന്നവരുടെ പൊള്ളത്തരം തിരിച്ചറിയുമ്പോൾ തോന്നുന്ന ആ ഒറ്റപ്പെടൽ വലുതാണ്. പക്ഷേ, അത്തരം പ്രതിസന്ധികളാണല്ലോ ഒരു സഞ്ചാരിയെ യഥാർഥത്തിൽ പരുവപ്പെടുത്തുന്നത്.

മൊഗാദിശു കടപ്പുറത്ത് മുക്കുവൻമാർക്ക് ചായയും പലഹാരങ്ങളും വിൽപന നടത്തുന്ന സ്ത്രീ
കുറച്ചു കഴിഞ്ഞപ്പോൾ യൂനിസെഫിലെ അബ്ദി എന്നെ കാണാൻ ഹോട്ടലിൽ വന്നു. കുശലാന്വേഷണത്തിനുശേഷം അദ്ദേഹം ചോദിച്ചു, ‘‘എന്താണ് രണ്ടുദിവസത്തെ നിങ്ങളുടെ പരിപാടി?’’
‘‘ഒരു നിശ്ചയവുമില്ല. ഒറ്റക്ക് പുറത്തേക്ക് പോകാൻ ഭയം തോന്നുന്നു,’’ എന്ന് ഞാൻ സത്യസന്ധമായി മറുപടി നൽകി.
‘‘മുറിയിലിരിക്കാനാണോ ഇത്ര കഷ്ടപ്പെട്ട് ഇവിടെ വരെ വന്നത്? വേഗം റെഡിയാകൂ. നമുക്ക് ബീച്ചിൽ നടക്കുന്ന സംഗീത പരിപാടിക്കു പോകാം,’’ അബ്ദി നിർബന്ധിച്ചു. പൊതുവെ യാത്രകൾക്കിടയിൽ രാത്രി കറങ്ങാൻ പോകാറില്ലെങ്കിലും സോമാലിയയിൽ എനിക്ക് ആകെ രണ്ടു ദിവസമാണുള്ളത്. അബ്ദിക്ക് പിറ്റേദിവസം ജോലിയുള്ളതുകൊണ്ട് പകൽ എന്റെയൊപ്പം വരാൻ സാധിക്കില്ല. കിട്ടിയ അവസരം കളയണ്ട എന്ന് കരുതി ഞാൻ രണ്ടും കൽപിച്ച് അബ്ദിക്കൊപ്പം ഇറങ്ങി.
അദ്ദേഹത്തിന്റെ സുഹൃത്ത് അലി കാറുമായി എത്തി. ആദ്യം അവരുടെ തനതു ഭക്ഷണം കിട്ടുന്ന ഒരു ചെറിയ കടയിലേക്കാണ് പോയത്. അവിടെ ‘കംബൂലോ’ രുചിച്ചു. ചോറും വൻപയറും ഒന്നിച്ചു വേവിച്ചു വറ്റിച്ചെടുക്കുന്ന വിഭവമാണിത്. അതിന്റെ പുറത്ത് നല്ലെണ്ണ ഒഴിച്ചാണ് വിളമ്പിയത്. കട്ടൻചായയും റോബസ്റ്റ പഴവും ഭക്ഷണത്തിനൊപ്പം ഫ്രീയായി ലഭിക്കും. ബിൽ കൊടുക്കാൻ നേരം ഡോളറാണ് നൽകിയത്. തിരികെ കിട്ടിയ സോമാലിയൻ ഷില്ലിങ് നോട്ടുകൾ കണ്ടപ്പോൾ എനിക്ക് സഹതാപം തോന്നി; അവ അത്രത്തോളം ദ്രവിച്ചിരുന്നു!
‘‘മുപ്പതുകൊല്ലം മുമ്പാണ് അവസാനമായി നോട്ട് അടിച്ചത്. എവിടെ പോയാലും ഇതേ കിട്ടുകയുള്ളൂ. ഇവിടെ എല്ലാവരും പേമെന്റ് ഡിജിറ്റൽ ആയിട്ടാണ് ചെയ്യുന്നത്,’’ അബ്ദി വിശദീകരിച്ചു.
ശേഷം സംഗീതപരിപാടി നടക്കുന്ന എലൈറ്റ് ഹോട്ടലിലേക്ക് പോയി. രാത്രിയിൽ റോഡ് സൈഡിൽ കസേരയിലിരുന്ന് ബെഞ്ചിൽ നിരത്തിയ പാൽക്കവറുകൾ വിൽക്കുന്ന സ്ത്രീകളെ അവിടെ കണ്ടു. വഴിനീളെ ചെക്കിങ് ഉണ്ടായിരുന്നു. കാറിന്റെ ലൈറ്റ് ഓൺ ചെയ്യുക, ഓഫ് ചെയ്യുക, ഓരോ ഡോറും തുറന്നടക്കുക തുടങ്ങിയ പരീക്ഷണങ്ങൾ എല്ലായിടത്തും ചെയ്യിപ്പിച്ചു. കാർ ബോംബ് ആണെങ്കിൽ ഇങ്ങനെ ചെയ്യുമ്പോൾ പൊട്ടിത്തെറിക്കുമത്രെ! ആ ചിന്ത ഉള്ളിൽ ഒരു ഭയം നിറച്ചു.
ബീച്ചിനെ അഭിമുഖീകരിച്ചാണ് ഹോട്ടൽ. അകത്തേക്ക് കടക്കാൻ ഹോട്ടലിന്റെ അഞ്ച് സെക്യൂരിറ്റി പോയന്റുകളിൽ പരിശോധനക്ക് വിധേയമാകേണ്ടി വന്നു. ലിഫ്റ്റിൽ കയറാൻ നേരവും അവർ ഞങ്ങളെ വിട്ടില്ല. മൂന്നാം നിലയിലെ വലിയ തുറസ്സായ സ്ഥലത്തായിരുന്നു പരിപാടി. സ്ത്രീകൾ കല്ലുകൾ പിടിപ്പിച്ച വിലകൂടിയ പർദകളണിഞ്ഞ് കാണികളായി ഇരിപ്പുണ്ടായിരുന്നു.
‘‘കടുത്ത അരക്ഷിതാവസ്ഥക്കിടയിലും ഞങ്ങൾ ജീവിതം ആസ്വദിക്കാൻ ശ്രമിക്കുന്നു. മരണത്തെ ഭയന്ന് വീട്ടിലിരിക്കാൻ പറ്റില്ലല്ലോ. കവികളുടെ രാഷ്ട്രമായാണ് സോമാലിയ അറിയപ്പെടുന്നത്. സോമാലിയയുടെ സമ്പന്നമായ വാമൊഴി സംസ്കാരം കവിതയെ എക്കാലവും പരിപോഷിപ്പിച്ചു,’’ അബ്ദി അഭിമാനത്തോടെ പറഞ്ഞു. ആണുങ്ങൾ ഗായകനൊപ്പം കൈകളും ശരീരവും പതിയെ ചലിപ്പിച്ച് നൃത്തംചെയ്യുന്നത് കൗതുകകരമായ കാഴ്ചയായിരുന്നു.
പരിപാടിയുടെ ഇടക്കുവെച്ച് സ്യൂട്ട് അണിഞ്ഞ ഒരാൾ കടന്നുവന്നു. അദ്ദേഹം സോമാലിയയിലെ വിദ്യാഭ്യാസ മന്ത്രിയാണെന്നും അതിനാൽ പരിപാടി റെക്കോഡ് ചെയ്യരുതെന്നും അബ്ദി എന്റെ ചെവിയിൽ രഹസ്യമായി പറഞ്ഞു. ഇതിനിടയിൽ അബ്ദി ഗായകനോട് ഞാൻ ഇന്ത്യയിൽ നിന്നാണെന്ന് സൂചിപ്പിച്ചു. അതോടെ അദ്ദേഹം ഓർമയിൽനിന്ന് പഴയ ബോളിവുഡ് ഗാനങ്ങൾ ആലപിക്കാൻ തുടങ്ങി. ‘‘മേരി സപ്നോം കി റാണി...’’, ‘‘ദിൽ ചാഹ്താ ഹേയ്...’’ തുടങ്ങിയ പാട്ടുകൾ സോമാലിയയുടെ മണ്ണിൽ കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. ആഫ്രിക്കക്കാർ ബോളിവുഡ് സിനിമകളുടെ എത്ര വലിയ ആരാധകരാണെന്ന് ഞാൻ ഒരിക്കൽകൂടി തിരിച്ചറിഞ്ഞു. പത്തരയോടെ അത്താഴം കഴിഞ്ഞ് ആ പാട്ടുകളുടെ ഈണം മനസ്സിലേറ്റിക്കൊണ്ട് ഞങ്ങൾ പിരിഞ്ഞു.
ഹോട്ടലിൽനിന്ന് ചെറിയൊരു ഇടനാഴിയിൽക്കൂടി നടന്നു ഞങ്ങൾ ബീച്ചിൽ എത്തിച്ചേർന്നു. ഇടനാഴിയുടെ അറ്റത്ത് അഞ്ചാറു സെക്യൂരിറ്റിക്കാർ കാവൽ നിൽപുണ്ടായിരുന്നു. ബീച്ചിൽനിന്ന് ആർക്കും ഈ കവാടത്തിലൂടെ ഹോട്ടലിലേക്ക് പ്രവേശനമില്ല. സോമാലിയക്ക് ഏകദേശം മൂവായിരം കിലോമീറ്റർ കടൽതീരമുണ്ട്. പട്രോളിങ് കാര്യക്ഷമമല്ലാത്തതുകൊണ്ടാണ് കടൽക്കൊള്ളക്കാർ പെരുകുന്നത്.

മൊഗാദിശു പട്ടണം,പഴയ പട്ടണത്തിലെ തെരുവിലൂടെ നടക്കുന്ന സ്ത്രീകൾ
‘‘ഈ ബീച്ച് ബോംബിങ്ങിന്റെ സ്ഥിരം സ്ഥലമാണ്.’’ അബ്ദിയുടെ വാക്കുകൾ എന്നിൽ ആശങ്കയുണർത്തി. എന്നാൽ, ബീച്ചിൽ ധാരാളം സാധാരണക്കാർ കാഴ്ചകൾ ആസ്വദിച്ചു നിൽക്കുന്നത് കണ്ടു. പർദയണിഞ്ഞ സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു. ‘‘ഇവിടെ ബോംബിങ്ങും വെടിവെപ്പുമൊക്കെ സർവസാധാരണമാണ്. ബോംബ് പൊട്ടിത്തെറിച്ചെന്നിരിക്കട്ടെ, മണിക്കൂറുകൾക്കുള്ളിൽ അവിടം വൃത്തിയാക്കുകയും ആളുകൾ അവരുടെ ജോലികളിൽ ഏർപ്പെടുകയും ചെയ്യും. ബോംബും ഗ്രനേഡും കാണിച്ച് തീവ്രവാദികൾക്ക് ഞങ്ങളെ ഭയപ്പെടുത്താൻ സാധിക്കില്ല. ഞങ്ങൾ രാജ്യത്തിനുവേണ്ടി പ്രവർത്തിച്ചു കൊണ്ടേയിരിക്കും.’’
ആൾക്കൂട്ടത്തിൽ പർദ ധരിച്ച കൊച്ചു പെൺകുട്ടികളുമുണ്ടായിരുന്നു. ‘‘നിങ്ങൾക്കറിയുമോ... ഇവിടെ കല്യാണത്തിന് ഏറ്റവും കുറഞ്ഞ പ്രായം എന്നൊന്നില്ല. ശൈശവ വിവാഹം സർവസാധാരണമാണ്. മിക്കവാറും ആ പെൺകുട്ടികൾ ആ നിൽക്കുന്ന മനുഷ്യന്റെ ഭാര്യമാരായിരിക്കും. സർക്കാർ സ്ഥിരപ്പെട്ടാലല്ലേ നിയമ നിർമാണം സാധ്യമാകൂ.’’ ബീച്ചിൽനിന്ന് റോഡിലേക്ക് കടക്കാൻ ഒരു ഗേറ്റ് മാത്രമാണുള്ളത്. ബാക്കി ഭാഗങ്ങൾ എല്ലാം സുരക്ഷാകാരണങ്ങളാൽ അടച്ചിട്ടിരിക്കയാണ്. സോമാലി കടൽവഴിയാണ് തീവ്രവാദികൾ മൊഗാദിശുവിൽ എത്തിച്ചേരുന്നത്. രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ ദൂരെ എവിടെയോ വെടിയുതിർക്കുന്ന ശബ്ദങ്ങൾ കേൾക്കാമായിരുന്നു.
അബ്ദിക്ക് ഒമ്പതുമണിക്ക് ജോലിക്ക് പോകണമെന്നതിനാൽ രാവിലെ ആറരക്ക് ‘ബജാജ’യുമായി ഹോട്ടലിൽ എന്നെ കൂട്ടാൻ വന്നു. ഓട്ടോറിക്ഷയെ സോമാലിയക്കാർ വിളിക്കുന്നത് ബജാജ എന്നാണ്. അതെ... നമ്മുടെ നാട്ടിൽനിന്ന് ഇറക്കുമതി ചെയ്ത ബജാജ് ഓട്ടോകളാണ് നിരത്തുകളിൽ യാത്രക്കാരുടെ സഹായി.
സോമാലിലാൻഡിൽനിന്ന് പോരാൻനേരം ഷാദിയ തന്ന പഴയ പർദയും കണ്ണ് മറക്കാനുള്ള നികാബും ഞാൻ അണിഞ്ഞിരുന്നു. വിദേശികളെ മോചനദ്രവ്യത്തിനായി തീവ്രവാദികൾ പിടിച്ചുകൊണ്ടു പോകാറുണ്ടെന്നതിനാൽ പർദ എനിക്ക് ഒരു സുരക്ഷാകവചമായിരുന്നു.
പോകുന്നവഴിക്ക് ബാരിക്കേഡുകൾ മാറ്റാൻ ഞങ്ങൾക്ക് കാത്തുനിൽക്കേണ്ടി വന്നു. രാത്രി പന്ത്രണ്ടു മുതൽ രാവിലെ ഏഴു മണിവരെ റോഡുകൾ അടച്ചിടും. ഓട്ടോ ഡ്രൈവർ അസ്വസ്ഥനായിരുന്നു. അയാൾ സൈനികർ കേൾക്കാതെ അവരെ ചീത്ത വിളിച്ചു. സൈനികർ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നതുകൊണ്ട് പൊതുവെ എല്ലാവർക്കും അവരോടു ദേഷ്യമാണെന്നു അബ്ദി പറഞ്ഞു.
ഞങ്ങൾ ആദ്യം പോയത് ലീഡോ ബീച്ചിലേക്കാണ്. തലേന്നത്തേക്കാൾ തിരക്കായിരുന്നു ബീച്ചിൽ. മത്സ്യക്കച്ചവടക്കാർ പൂർണമായും ആധിപത്യം സ്ഥാപിച്ചിരുന്നു. എല്ലാവരുടെയും മുന്നിൽ നാലോ അഞ്ചോ വലിയ മീനുകൾ. അത് വാങ്ങാൻ തിക്കും തിരക്കും കൂട്ടുന്ന സാധാരണക്കാർ. വിൽക്കാനിരിക്കുന്നതും വാങ്ങാൻ വന്നിട്ടുള്ളതും പുരുഷന്മാർ മാത്രം. കച്ചവടം ഉറപ്പിച്ചാൽ മീൻ റോഡിലേക്ക് എത്തിക്കാൻ മറ്റൊരു കൂട്ടം ആളുകൾ തയാറായിരുന്നു. അതിനിടയിൽക്കൂടി നടന്ന എന്നെ എല്ലാവരും രൂക്ഷമായിട്ടായിരുന്നു നോക്കിയത്.
സ്ത്രീകളാരും കച്ചവടസ്ഥലത്തേക്ക് പോകാറില്ല. കുറച്ചുമാറി ചായയും കടിയും വിൽക്കുന്ന ചെറിയ കടകൾ കണ്ടു. അവിടെ മാത്രമായിരുന്നു സ്ത്രീകളെ കണ്ടത്. കടികളുടെ കൂട്ടത്തിൽ നമ്മുടെ സമോസയുമുണ്ടായിരുന്നു. ഇറങ്ങാൻനേരം ബജാജയിൽ മീൻ അടുക്കിവെച്ചിരിക്കുന്നത് കണ്ടു. അടുത്തുള്ള പഴയ മാർക്കറ്റിലേക്ക് കൊണ്ടുപോകാനാണ്. മത്സ്യം മുറിച്ചുവിൽക്കുന്നത് ഈ മാർക്കറ്റിലാണ്.
അവിടന്ന് നേരെ സോമാലിയ പോർട്ടിന്റെ അടുത്തുള്ള പഴയ ഹമർവെയ്ൻ മീൻ മാർക്കറ്റിൽ എത്തി. ആയിരം വർഷങ്ങളായി മാർക്കറ്റ് നിലനിൽക്കുന്നു എന്നാണ് പറയപ്പെടുന്നത്. കടലിനു സമാന്തരമായി പണിത പഴയ ഒറ്റനില കെട്ടിടമായിരുന്നു മാർക്കറ്റ്. അബ്ദിയുടെ പരിചയക്കാരനായ ഒമറിനെ തേടിപ്പിടിച്ചു. ഒമർ ഞങ്ങളെ മാർക്കറ്റ് മൊത്തം ചുറ്റിനടന്നു കാണിച്ചു. ചൂരയും നെയ്മീനും തിരണ്ടിയും സ്രാവുമെല്ലാം വിൽപനക്കു വെച്ചിരുന്നു. അദ്ദേഹം കൂടെയുള്ളതുകൊണ്ട് ഫോട്ടോ എടുക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. വലിയ കടലാമകളെ മുറിച്ചു വെച്ചിരുന്നത് കാണിച്ചു. ചെറിയ കുപ്പികളിൽ ഓറഞ്ച് നിറത്തിലെ ദ്രാവകം വിൽപനക്ക് വെച്ചിരുന്നത് ആമയുടെ കൊഴുപ്പിൽനിന്നുള്ള എണ്ണയാണെന്ന് ഒമർ പറഞ്ഞു. പുരുഷന്റെ ഉത്തേജനത്തിന് ആ എണ്ണ നല്ലതാണത്രേ.
അവിടന്ന് വരുന്നവഴിക്ക് ചെറിയ ചില സ്മാരകങ്ങൾ ഉണ്ടായിരുന്നു. എല്ലാംതന്നെ അവിടെ നടന്ന ബോംബിങ്ങിൽ പൊലിഞ്ഞ സാധാരണക്കാർക്ക് വേണ്ടിയുള്ളതായിരുന്നു. മറ്റൊരുകാര്യം ശ്രദ്ധയിൽപെട്ടത് ഭൂരിഭാഗം കെട്ടിടങ്ങളും വലിയ പഴക്കമില്ലാത്തവയായിരുന്നു. ബോംബിങ്ങിൽ മിക്ക കെട്ടിടങ്ങളും തകർന്നു. അതിനു ശേഷം ഉണ്ടാക്കിയതാണ് പുതിയവ. സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതി മരിച്ചവർക്കു വേണ്ടിയുള്ള സ്മാരകം. അബ്ദി എനിക്ക് പൊട്ടിപ്പൊളിഞ്ഞ ഒരു കെട്ടിടം കാണിച്ചുതന്നു. അതായിരുന്നു അവരുടെ പഴയ പാർലമെന്റ്. ബോംബിങ്ങിൽ പാടെ നശിച്ച കെട്ടിടം ഒരു ഭൂതത്താൻ കോട്ടപോലെ തോന്നിച്ചു.
തിരിച്ചു ഹോട്ടലിലേക്കു പോകാൻ നേരം കരളലിയിക്കുന്ന ഒരു കാഴ്ച കണ്ടു. പാന്റും ഷർട്ടുമൊക്കെയിട്ട ഒരു സാധാരണക്കാരൻ റോഡിൽ കിടന്നുപിടയുന്നു. ഞങ്ങളുടെ ഓട്ടോ അടുത്തെത്തിയപ്പോഴാണ് അയാളുടെ തലയിൽ വെടിയുണ്ടയേറ്റ പാട് കണ്ടത്. അതിൽനിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. രണ്ടു മൂന്നു പട്ടാളക്കാർ അങ്ങോട്ടേക്ക് ഓടിവരുന്നത് കണ്ടു. ‘‘സൈനികർക്ക് സംശയം തോന്നുന്ന ആരെയും വെടി വെക്കാം. വല്ലാത്ത ദുരിതമാണ്’’ അബ്ദി മുറുമുറുത്തു. എന്റെ ഹൃദയം നുറുങ്ങി. റോഡിൽക്കൂടി നടന്നുപോകുമ്പോൾ വെടിയേറ്റ് മരിക്കാമെന്ന സ്ഥിതി ആശങ്കജനകംതന്നെ.

യാത്രക്കിടെ കണ്ടുമുട്ടിയ അബ്ദി, അലി തുടങ്ങിയവർക്കൊപ്പം ലേഖിക,മൊഗാദിശു മാർക്കറ്റിൽനിന്നുള്ള കാഴ്ച
അബ്ദിക്ക് ജോലിക്കു പോകാൻ സമയമായതുകൊണ്ട് എന്നെ തിരികെ ഹോട്ടലിൽ വിട്ടു. ഞാൻ പർദ ധരിച്ചു പകൽ മുഴുവൻ തെരുവുകളിൽക്കൂടി നടന്നു. തലസ്ഥാന നഗരമായതിനാലാകണം കടുത്ത ദാരിദ്ര്യം എവിടെയും കണ്ടില്ല. കരുണയില്ലാത്ത തീവ്രവാദികളും സൈനികരും ഉയർത്തുന്ന വെല്ലുവിളികളിൽ തളരാതെ ചെറുതെങ്കിലും സുന്ദരമായ ജീവിതം കെട്ടിപ്പടുക്കാൻ കഠിനമായി അധ്വാനിക്കുന്ന ജനങ്ങളെയായിരുന്നു ആ തെരുവുകളിൽ കണ്ടെത്തിയത്. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറി.
സ്ത്രീകൾ ആരുമില്ലായിരുന്നു. സ്ത്രീകൾ ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കാറില്ല. എല്ലാവരും എന്നെ തുറിച്ചുനോക്കുന്നതു കണ്ട്, ഉടമ എന്നെ തൊട്ടടുത്തുള്ള ചെറിയ മുറിയിൽ പ്രത്യേകം ഇരുത്തി. ഭക്ഷണം കഴിഞ്ഞിറങ്ങിയപ്പോൾ റോഡ് സൈഡിൽ ‘ചാത്’ വിൽക്കുന്നത് കണ്ടു. സോമാലിയയിൽ മദ്യത്തിനും പുകവലിക്കും നിരോധനമുണ്ട്. ആകെ ഉപയോഗിക്കാൻ അനുമതിയുള്ളത് ചെറിയ ഉത്തേജകസ്വഭാവമുള്ള ചാത് ഇലയാണ്. ഉച്ചയൂണ് കഴിഞ്ഞാൽ ആളുകൾ ഇതും ചവച്ചിരിക്കും.
ഠഠഠ
തിരികെ ഹോട്ടലിലേക്ക് നടക്കുമ്പോൾ വലിയ അനിഷ്ടസംഭവങ്ങൾ ഒന്നും അരങ്ങേറാത്തതിൽ ഞാൻ സമാധാനിച്ചു. സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും വില ശരിക്കും മനസ്സിലായ നിമിഷങ്ങൾ! പിറ്റേന്ന് രാവിലെ അബ്ദി എന്നെ എയർപോർട്ടിൽ കൊണ്ടാക്കി. വിമാനം പറന്നുയർന്നപ്പോൾ വലിയ ആശ്വാസമാണ് അനുഭവപ്പെട്ടത്. ഇതുവരെ നടത്തിയതിൽവെച്ച് ഏറ്റവും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഇത്യോപ്യയിലെയും സോമാലിയയിലെയും ഈ യാത്രകള്‍.
എന്തിനാണ് സുഖദമായ കാഴ്ചകള്‍വിട്ട് സഞ്ചാരത്തിന്റെ ഒടുവില്‍ ഈ അപായഭൂമികളിലൂടെ ഞാന്‍ ഏകയായി സഞ്ചരിച്ചത്? എനിക്കറിയില്ല. പക്ഷെ ഈ യാത്ര നല്കിയ ഭീതിദമായ ജീവിതസന്ദര്‍ഭങ്ങള്‍ എന്റെ ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. മരണം ഏതു നിമിഷവും സംഭവിക്കാവുന്ന ജീവിതം സാധാരണത്തത്തോടെ അനുഭവിക്കുന്ന ഈ മനുഷ്യരെ ഞാന്‍ കാണാതിരുന്നെങ്കില്‍ അതായിരുന്നേനെ വലിയ നഷ്ടം എന്നെനിക്കു അപ്പോള്‍ തോന്നി.
മറിയ റില്‍ക്കെയുടെ (Maria Rilke) ‘Go to the Limits of Your Longing’ എന്നൊരു കവിതയുണ്ട്. അതിലെ വരികള്‍ ഞാന്‍ ഓര്‍ത്തു: ‘‘Let everything happen to you: beauty and terror. Just keep going. No feeling is final.’’ സത്യവും ശിവവും സുന്ദരവും ഭീകരവും ആയതെല്ലാം സംഭവിക്കട്ടെ. നാം പോയ്ക്കൊണ്ടേ ഇരിക്കുക. ഒരു വൈകാരിക മുഹൂര്‍ത്തവും അന്തിമമല്ല. ഒരു യാത്രയും പൂർണവുമല്ല. അപകടം പതിയിരിക്കുന്ന സാഹചര്യങ്ങള്‍ കടന്ന് സുരക്ഷിതമായി നാട്ടിലേക്ക് തിരിക്കാൻ പറ്റിയതിൽ ആശ്വസിച്ചുകൊണ്ട് ഞാൻ സീറ്റിൽ ചാരിയിരുന്ന് കണ്ണുകളടച്ചു.
