Begin typing your search above and press return to search.
proflie-avatar
Login

ശിലായുഗത്തിന്റെ നിഴൽ വീണ വഴികൾ

ശിലായുഗത്തിന്റെ നിഴൽ വീണ വഴികൾ
cancel
ന​വീ​ന ശി​ലാ​യു​ഗ​ത്തി​ലേ​തെ​ന്ന് ച​രി​ത്ര​പ​ണ്ഡി​ത​ര്‍ അം​ഗീ​ക​രി​ച്ച ലി​ഖി​ത​ങ്ങ​ളാ​ണ് ഇ​വി​ട​ത്തെ ര​ണ്ട് ഗു​ഹ​യി​ലു​ള്ള​ത്. പാ​റ​ക​ൾ​ക്കി​ട​യി​ൽ സ്വാ​ഭാ​വി​ക​മാ​യി രൂ​പ​പ്പെ​ട്ട ഒ​രു വി​ട​വാ​ണ് ഈ ​ഗു​ഹ

കോഴിക്കോടിന്റെ നഗരത്തിരക്കുകളിൽനിന്ന് വയനാടിന്റെ തണുപ്പിലേക്ക് ചുരം കയറുമ്പോൾ വല്ലാത്തൊരു കുളിരുണ്ട്. അത് കേവലം കാലാവസ്ഥയുടേതല്ല, മറിച്ച് ചരിത്രത്താളിൽ എന്നോ ഇടംപിടിച്ച ഗംഭീര വിസ്മയം കാണുന്നതിനുള്ള ആവേശം കൂടിയാണ്. ശിലായുഗ മനുഷ്യൻ തന്റെ സ്വപ്നങ്ങളും അടയാളങ്ങളും കൊത്തിവെച്ച, മനുഷ്യ നിർമിതമല്ലാത്ത, പ്രകൃതിതന്നെ ഒരുക്കിയ എടക്കൽ ഗുഹ ലക്ഷ്യമാക്കിയ യാത്രയാണ് കൊടും വേനലിൽ സഫലമായത്. സ്‌കൂളിലെ ചരിത്ര പാഠപുസ്‌തകങ്ങളിൽ നിന്ന് പണ്ടുമുതലേ കേട്ടയിടത്തേക്കുള്ള ‘റിയൽ’ യാത്രക്ക് അതുകൊണ്ടുതന്നെ ഒരു ത്രില്ലുണ്ടായിരുന്നു.

ചുരം കടന്ന്...

കോഴിക്കോടുനിന്ന് യാത്ര തുടങ്ങുമ്പോൾ ആദ്യം നമ്മെ സ്വീകരിക്കുന്നത് താമരശ്ശേരി ചുരമാണ്. ഒമ്പത് ഹെയർപിൻ വളവുകൾ കടന്നുള്ള ഈ യാത്ര എന്നും ഒരു ലഹരിയാണ്. ചുരം കയറുമ്പോൾ താഴെ കാണുന്ന കാഴ്ചകൾ ഏതൊരു യാത്രികനെയും മോഹിപ്പിക്കും. ലക്കിടിയിലെ ചങ്ങലമരം കാണുമ്പോൾ പഴയൊരു ഐതിഹ്യത്തിന്റെ കഥ നാം ഓർത്തെടുക്കും. അവിടുന്ന് വൈത്തിരിയും ചുരത്തിന് മുകളിലെ മൂടൽമഞ്ഞും ആസ്വദിച്ച് മുന്നോട്ട് കൽപറ്റ കഴിഞ്ഞാൽ മീനങ്ങാടി വഴി അമ്പലവയലായി.

മലമുകളിലെ അത്ഭുതം

അമ്പലവയലിൽനിന്ന് അധികം ദൂരമില്ല അമ്പുകുത്തി മലയിലേക്ക്. എടക്കൽ എന്നാൽ ‘ഇടയിൽ കല്ല്’ എന്നാണ് അർഥം. 1895ലാണ് ഗുഹ കണ്ടെത്തുന്നത്. നവീന ശിലായുഗത്തിലേതെന്ന് ചരിത്രപണ്ഡിതര്‍ അംഗീകരിച്ച ലിഖിതങ്ങളാണ് ഇവിടത്തെ രണ്ട് ഗുഹയിലുള്ളത്. പാറകൾക്കിടയിൽ സ്വാഭാവികമായി രൂപപ്പെട്ട ഒരു വിടവാണ് ഈ ഗുഹ. താഴെനിന്ന് പാർക്കിങ് ഫീസ് (50 രൂപ) അടച്ച് അനുവദിച്ച സ്ലോട്ടിൽ വാഹനം പാർക്ക് ചെയ്യുക. മുകളിലേക്ക് കയറുന്ന പാത അൽപം കുത്തനെയുള്ളതാണ്.

സത്യത്തിലിത് ഗുഹയല്ല!

ഗുഹയെന്ന് പറയുമെങ്കിലും ഇതൊരു ഗുഹയല്ല സത്യത്തിൽ. മലയിലെ പാറകളിലെ 96 അടി നീളവും 22 അടി വീതിയുമുള്ള ഒരു വിടവാണ് ഇത്. മുകളിൽ നിന്ന് വലിയൊരു പാറ വന്നുവീണ് ഒരു മേൽക്കൂര തീർത്ത് ഗുഹയുടെ പ്രതീതി ജനിപ്പിക്കുകയാണ്.

കല്ലിൽ കൊത്തിയാണ് ചിത്രങ്ങൾ നിർമിച്ചിരിക്കുന്നത്. അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലാണ് ഈ ഗുഹകൾ. ഏകദേശം ഒരു കിലോമീറ്റർ കാൽനടയായി മല കയറിയാലേ മുഴുവൻ കാഴ്ചയും ആസ്വദിക്കാനാകൂ. 12 ഡി തിയറ്റർ ഷോയും സംഭാരവും കുടിവെള്ളവും തേയിലപ്പൊടിയും മുതൽ കൗതുക വസ്തുക്കൾ ഉൾപ്പെടെ വാങ്ങാവുന്ന നിരവധി താൽക്കാലിക കടകൾ ഇരുവശങ്ങളിലും കാണാം.

പടിക്കെട്ടുകൾ കയറി ഗുഹയുടെ പ്രവേശന കവാടത്തിലെത്തുമ്പോൾതന്നെ നാം പഴയ കാലഘട്ടത്തിലേക്ക് ചുവടുവെച്ചതുപോലെ തോന്നും. ഗുഹക്കുള്ളിലെ ഇരുട്ടും വെളിച്ചവും ഇടകലർന്ന അന്തരീക്ഷം നിഗൂഢമാണ്. മുകളിൽനിന്ന് ഒരു ഭീമൻ പാറക്കല്ല് രണ്ട് കൂറ്റൻ പാറകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതുകാണാം. ഈ സ്ഥലത്തിന് എടക്കൽ എന്ന പേരുവന്നത് അങ്ങനെയാണ്.

കല്ലിൽ കൊത്തിയിട്ട നിഗൂഢ ചിത്രകഥകൾ

ഗുഹയുടെ ചുമരുകളിലേക്ക് കണ്ണോടിച്ചാൽ അത്ഭുതപ്പെട്ടുപോകും. ബി.സി 6000 വർഷങ്ങൾക്ക് മുമ്പുള്ള ശിലായുഗ മനുഷ്യർ വരച്ച മനുഷ്യരൂപങ്ങൾ, മൃഗങ്ങൾ, ചിഹ്നങ്ങൾ, ചക്രങ്ങൾ എന്നിങ്ങനെ നീളുന്ന ആ കൊത്തുപണികൾ കാണുമ്പോൾ ചരിത്രം ജീവൻ വെക്കുന്നതായി തോന്നും. ആധുനിക ഉപകരണങ്ങളില്ലാത്ത കാലത്ത് എങ്ങനെയാണ് അവർ ഈ കഠിന ശിലകളിൽ ഇത്രയും വ്യക്തമായി കാര്യങ്ങൾ രേഖപ്പെടുത്തിയത് എന്നത് വിസ്മയകരമാണ്.

ഗുഹക്കുള്ളിൽ തങ്ങിനിൽക്കുന്ന തണുത്ത കാറ്റും പാറക്കെട്ടുകളിലെ ഈർപ്പവും നമ്മെ ആയിരക്കണക്കിന് വർഷം പിന്നിലേക്ക് കൊണ്ടുപോകും. മുകളിലെ പാറക്കൂട്ടങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശം ആ ശിലാലിഖിതങ്ങളിൽ തട്ടുമ്പോൾ ഉണ്ടാകുന്ന ഒരു തിളക്കമുണ്ട്. അത് ഈ യാത്രയിലെ ഏറ്റവും മനോഹര കാഴ്ചയാണ്. എത്ര മഴ പെയ്താലും വെള്ളം കെട്ടിക്കിടക്കാതെ താഴേക്ക് അരിച്ചുപോകുംവിധമാണ് പാറയുടെ ഘടനയെന്ന് ഗൈഡ് പറഞ്ഞതുകേട്ടപ്പോൾ കണ്ണ് മിഴിച്ചുപോയി. ‘അനേകം പുലികളെ കൊന്നൊരു ഗോത്ര രാജാവ് അക്കാലത്തീ മലമേഖലയിൽ ജീവിച്ചിരുന്നു’-പാറയിൽ കൊത്തിവെച്ച പ്രാചീന ഭാഷകളിലൊന്നിന്റെ അർഥം ഏതാണ്ടിങ്ങനെ വായിച്ചെടുക്കാം. ചിലയിടങ്ങളിൽ പാറക്കൂട്ടത്തിനിടയിലൂടെ പിടിച്ചുകയറണം, ചിലയിടങ്ങളിൽ കുത്തനെയുള്ള സ്റ്റെപ്പുകൾ കയറിയും വേണം ഗുഹയിലെ കാഴ്ചകൾ കാണാൻ. ഏതാണ്ട് 300 ഓളം സ്റ്റെപ്പുകൾ കാണും. ചരിത്രത്തിന്റെ ഏടുകൾ താലോലിച്ച് പടികൾ ഇറങ്ങുമ്പോൾ കാലുകൾ കൂട്ടിയിടിച്ച് നേരിയ കിതപ്പും ക്ഷീണവും തോന്നിയതുപോലും ആസ്വദിക്കാൻ കഴിയുംവിധമാണ് ഇവിടത്തെ യാത്ര. മറക്കണ്ട, എടക്കൽ ഒരു ഗുഹയല്ല എന്ന സത്യം. പ്രകൃതി ഒരുക്കിയ മ്യൂസിയമാണത്.

മി​സ്സാക്കരുത്, ഈ ഇടങ്ങളും

വ​യ​നാ​ടി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ​യോ​ടെ​യ​ല്ല പ​ല​രും വ​യ​നാ​ട് കാ​ണാ​ൻ വ​രു​ന്ന​ത്. ചു​ര​വും പൂ​ക്കോ​ട് ത​ടാ​ക​വും സൂ​ചി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​വും ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ പി​ന്നെ ആ​കെ ത​പ്പ​ലാ​ണ് എ​ങ്ങോ​ട്ടു​പോ​കു​മെ​ന്ന്. ഗൂ​ഗ്ൾ സേ​ർ​ച്ചും ചാ​യ​ക്ക​ട​യി​ലും ഓ​ട്ടോ​ച്ചേ​ട്ട​നോ​ടും വ​ഴി ചോ​ദി​ച്ച്, എ​ങ്ങ​നെ​യൊ​ക്കെ​യോ വി​യ​ർ​ത്ത് കു​ളി​ച്ചും കി​ത​പ്പ് മാ​റാ​തെ​യും തി​രു​നെ​ല്ലി​യും ബാ​ണാ​സു​ര​സാ​ഗ​ർ ഡാ​മും ചെ​മ്പ്ര മ​ല​യും കു​റു​വ​ദ്വീ​പും ക​ണ്ടെ​ത്തി​യാ​ലും ഇ​തൊ​ക്കെ വെ​വ്വേ​റെ ദി​ശ​യി​ലാ​യ​തി​നാ​ൽ ഏ​തെ​ങ്കി​ലു​മൊ​ന്നു​ക​ണ്ട് തി​രി​ച്ചു​പോ​രു​ക​യാ​ണ് മി​ക്ക​വ​രും ചെ​യ്യു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ നേ​രെ മു​ത്ത​ങ്ങ-​ഗു​ണ്ട​ൽ​പേ​ട്ട് വ​ഴി മൈ​സൂ​രു​വി​ലേ​ക്ക്. ഇ​താ​ണ് വ​യ​നാ​ട് കാ​ണാ​ൻ പോ​കു​ന്ന ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും അ​വ​സ്ഥ. വ​യ​നാ​ട്ടി​ലേ​ക്ക് എ​ത്താ​ൻ വേ​റെ​യും വ​ഴി​യു​ണ്ടെ​ങ്കി​ലും താ​മ​ര​ശ്ശേ​രി ചു​രം വ​ഴി പോ​യാ​ലേ ഒ​രു ഗു​മ്മു​ള്ളൂ.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ടി​വാ​ര​ത്തു​നി​ന്ന് തു​ട​ങ്ങു​ന്ന ചു​രം വ​യ​നാ​ട്ടി​ലെ ല​ക്കി​ടി​യി​ൽ അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്കും ഏ​ക​ദേ​ശം 12 കി.​മീ പൂ​ർ​ത്തി​യാ​കും. അ​തി​നി​ട​ക്ക് ഒ​മ്പ​ത് കൊ​ടും വ​ള​വു​ക​ളു​ണ്ട്. ഒ​മ്പ​താ​മ​ത്തെ വ​ള​വ് ക​ഴി​ഞ്ഞാ​ണ് ല​ക്കി​ടി വ്യൂ ​പോ​യ​ന്റ്. അ​വി​ടെ​നി​ന്ന് നോ​ക്കി​യാ​ൽ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ 56 കി. ​മീ​റ്റ​ർ അ​പ്പു​റ​ത്തു​ള്ള കോ​ഴി​ക്കോ​ട് ബീ​ച്ച് വ​രെ കാ​ണാം. ല​ക്കി​ടി ക​ഴി​ഞ്ഞ് ഒ​രു കി. ​മീ​റ്റ​ർ ആ​കു​മ്പോ​ൾ ച​ങ്ങ​ല​മ​രം എ​ത്തും. ല​ക്കി​ടി വ്യൂ ​പോ​യ​ന്റി​ൽ നി​ന്ന് 4.2 കി. ​മീ​റ്റ​ർ മു​ന്നോ​ട്ടു​പോ​യാ​ൽ പൂ​ക്കോ​ട് ത​ടാ​ക​ത്തി​ലെ​ത്താം. പെ​ഡ​ൽ ബോ​ട്ട് സ​ഫാ​രി​യു​ള്ള ത​ടാ​ക​ത്തി​ന്റെ വി​സ്തീ​ർ​ണം 13 ഏ​ക്ക​റാ​ണ്. പൂ​ക്കോ​ട് ത​ടാ​ക​ത്തി​ൽ​നി​ന്ന് 2.3 കി.​മീ ദൂ​ര​ത്താ​ണ് വൈ​ത്തി​രി. ആ​റാ​ട്ടു​പാ​റ​യി​ൽ​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ മാ​ത്ര​മേ ദൂ​ര​മു​ള്ളൂ ഫാ​ന്റം റോ​ക്കി​ലേ​ക്ക്. അ​മ്പ​ല​വ​യ​ലി​ൽ നി​ന്ന് 2.7ഉം. ​ത​ല​യോ​ട്ടി​യു​ടെ ആ​കൃ​തി​യി​ലു​ള്ള പാ​റ​ക്കൂ​ട്ട​മാ​ണി​ത്. ചി​ങ്കേ​രി മ​ല എ​ന്നും ഇ​തി​നെ വി​ളി​ക്കാ​റു​ണ്ട്. എ​ട​ക്ക​ല്‍ ഗു​ഹ​യി​ലേ​ക്ക് ഇ​വി​ടെ നി​ന്ന് ആ​റ് കി. ​മീ​റ്റ​ർ മാ​ത്ര​മേ​യു​ള്ളൂ. എ​ട​ക്ക​ൽ ഗു​ഹ ക​ണ്ടി​റ​ങ്ങി​യാ​ൽ അ​ടു​ത്തു​ത​ന്നെ​യു​ള്ള വ​യ​നാ​ട് ഹെ​റി​റ്റേ​ജ് മ്യൂ​സി​യം (അ​മ്പ​ല​വ​യ​ൽ) കൂ​ടി സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്. വ​യ​നാ​ടി​ന്റെ ഗോ​ത്ര​സം​സ്കാ​ര​വും ച​രി​ത്ര​വും അ​വി​ടെ കാ​ണാം.

കാ​ണാ​ത്ത കാ​ഴ്ച​ക​ളും അ​റി​യാ​ത്ത ക​ഥ​ക​ളും തേ​ടി​യു​ള്ള ഈ ​യാ​ത്ര അ​വ​സാ​നി​ക്കാ​റാ​യ​പ്പോ​ൾ കു​ളി​ര് മാ​റി വേ​ന​ൽ​ച്ചൂ​ട് അ​രി​ച്ചി​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​തോ​ടെ നി​രാ​ശ​യാ​യി. ത​ല​ക്കു​മു​ക​ളി​ൽ ആ​കാ​ശം മ​റ​ച്ച്, ശ്വാ​സം മു​ട്ടി​ക്കു​ന്ന നി​ശ്ശ​ബ്ദ​ത​യി​ൽ ഇ​പ്പോ​ൾ താ​ഴേ​ക്ക് പ​തി​ക്കു​മെ​ന്ന് തോ​ന്നി​പ്പി​ക്കും​വി​ധം അ​ള്ളി​പ്പി​ടി​ച്ചു നി​ൽ​ക്കു​ന്ന ഭീ​മ​ൻ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ; ചി​ല​യി​ട​ങ്ങ​ളി​ൽ സൂ​ര്യ​ൻ പ​മ്മി നോ​ക്കു​ന്ന​ത് കാ​ണാ​ൻ പ്ര​ത്യേ​ക ഭം​ഗി​യാ​ണ്. പ്ര​കൃ​തി​യൊ​രു​ക്കി​യ ആ ‘​ക​രി​ങ്ക​ൽ​ക്കെ​ണി’​ക്ക് താ​ഴെ നി​ൽ​ക്കു​മ്പോ​ൾ മ​നു​ഷ്യ​ൻ വെ​റും നി​സ്സാ​ര​നാ​ണെ​ന്ന തി​രി​ച്ച​റി​വ് ന​മ്മെ വി​റ​കൊ​ള്ളി​ക്കും.

  • റൂ​ട്ട്: കോ​ഴി​ക്കോ​ട് - താ​മ​ര​ശ്ശേ​രി -വൈ​ത്തി​രി - ക​ൽ​പ​റ്റ - മീ​ന​ങ്ങാ​ടി -അ​മ്പ​ല​വ​യ​ൽ - എ​ട​ക്ക​ൽ.
  • ദൂ​രം: ഏ​ക​ദേ​ശം 95 കി.​മീ​റ്റ​ർ. ജി​ല്ല ആ​സ്ഥാ​ന​മാ​യ ക​ൽ​പ​റ്റ​യി​ല്‍നി​ന്ന് 25 കി​ലോ​മീ​റ്റ​ര്‍ അ​ക​ല​മു​ണ്ട്.
  • സ​മ​യം: രാ​വി​ലെ 9.00 മു​ത​ൽ വൈ​കീ​ട്ട് 4.00 വ​രെ (തി​ങ്ക​ളാ​ഴ്ച​ക​ളി​ലും പ്ര​ധാ​ന പൊ​തു അ​വ​ധി​ക​ളി​ലും പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കി​ല്ല). പ്ലാ​സ്റ്റി​ക്കു​പ്പി​ക​ൾ കൊ​ണ്ടു​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
  • എ​ൻ​ട്രി ഫീ -നി​ല​വി​ലെ നി​ര​ക്ക് : 50 രൂ​പ, 12 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്: 30 രൂ​പ.
Show More expand_more
News Summary - The shadowy paths of the Stone Age