ചൈനയിൽ സംഭവിക്കുന്നത്

മാവോ സേതുങ് വിടവാങ്ങിയിട്ട് സെപ്റ്റംബർ 9ന് 50 വർഷം. ചൈന കുറേ മാറി. വിനോദയാത്രകൾക്ക് സമാനമായ രാഷ്ട്രീയ സമ്മേളനങ്ങൾ കഴിഞ്ഞ് മടങ്ങിയെത്തുന്ന ചിലർ അലസമായി എഴുതിവിടുന്നത്ര ലളിതമല്ല ചൈനീസ് സങ്കീർണതകൾ. പ്രതിപക്ഷമോ മാധ്യമ സ്വാതന്ത്ര്യമോ അനുവദനീയമല്ലാത്ത അവിടെ ഇന്ദ്രജാലങ്ങൾക്ക് സാക്ഷിയായെന്ന മട്ടിലാണ് പല പി.ആർ ലേഖനങ്ങളും. ചൈനീസ് സന്ദർശനത്തിന്റെയും ജനങ്ങളുമായി നടത്തിയ അഭിമുഖങ്ങളുടെയും പുതിയ പഠനങ്ങളുടെയും ഉൾബലത്തിൽ ചിന്തകനും...
Your Subscription Supports Independent Journalism
View Plansമാവോ സേതുങ് വിടവാങ്ങിയിട്ട് സെപ്റ്റംബർ 9ന് 50 വർഷം. ചൈന കുറേ മാറി. വിനോദയാത്രകൾക്ക് സമാനമായ രാഷ്ട്രീയ സമ്മേളനങ്ങൾ കഴിഞ്ഞ് മടങ്ങിയെത്തുന്ന ചിലർ അലസമായി എഴുതിവിടുന്നത്ര ലളിതമല്ല ചൈനീസ് സങ്കീർണതകൾ. പ്രതിപക്ഷമോ മാധ്യമ സ്വാതന്ത്ര്യമോ അനുവദനീയമല്ലാത്ത അവിടെ ഇന്ദ്രജാലങ്ങൾക്ക് സാക്ഷിയായെന്ന മട്ടിലാണ് പല പി.ആർ ലേഖനങ്ങളും. ചൈനീസ് സന്ദർശനത്തിന്റെയും ജനങ്ങളുമായി നടത്തിയ അഭിമുഖങ്ങളുടെയും പുതിയ പഠനങ്ങളുടെയും ഉൾബലത്തിൽ ചിന്തകനും മുതിർന്ന പത്രപ്രവർത്തകനുമായ അനിൽകുമാർ എ.വി അപഗ്രഥിക്കുകയാണ് നിറംമങ്ങുന്ന ചുവപ്പുതാരകത്തിന്റെ യാഥാർഥ്യങ്ങൾ.
വിമോചന ദൈവശാസ്ത്രത്തിന്റെ മുന്നണിപ്പോരാളികളിൽ ഏറെ തലയെടുപ്പുണ്ടായിരുന്ന പൗലോസ് മാർ പൗലോസ് ആഴ്ചകൾ നീണ്ട ചൈനീസ് സന്ദർശനശേഷം മനസ്സിനെ അഗാധമായി ഉലച്ച അവിടത്തെ ചില പൊരുത്തക്കേടുകൾ സൗമ്യമായി ചൂണ്ടിക്കാണിച്ചതുപോലും കേരളത്തിലെ ചുരുക്കം കമ്യൂണിസ്റ്റുകാർക്ക് രുചിച്ചിരുന്നില്ല. ആ ഇടതുപക്ഷ സഹയാത്രികൻ കണ്ടറിഞ്ഞതിനെക്കാൾ സത്യസന്ധവും സുതാര്യവുമാണ് തങ്ങൾ കേട്ടറിഞ്ഞതും പാർട്ടി പഠിപ്പിച്ചതെന്നുമുള്ള ദുർവാശിയായിരുന്നു അവർക്ക്. വസ്തുനിഷ്ഠതയെക്കാൾ വൈകാരികതയാണ് അന്തഃസാരശൂന്യങ്ങളായ പ്രകീർത്തനങ്ങൾക്ക് പിന്നിൽ. ആയിരക്കണക്കിന് ടൺ കടലാസ് പാഴാക്കി സോവിയറ്റ് യൂനിയനും ചൈനയും അച്ചടിച്ചുവിട്ട പ്രചാരണ സാഹിത്യം കൈയിലെടുത്താൽപോലും ചൊറിയും.
രണ്ടാം ലോക യുദ്ധാനന്തരം യൂറോപ്പിന്റെ പുനർനിർമാണത്തെ സഹായിക്കാൻ 1945 നവംബർ 27ന് സ്ഥാപിതമായ കോഓപറേറ്റിവ് ഫോർ അമേരിക്കൻ റിലീഫ് എവരിവേർ (CARE) കേരളത്തിലെ സ്കൂളുകളിൽ വിതരണംചെയ്ത ഉച്ചഭക്ഷണത്തിനെങ്കിലും ഉപകാരപ്പെടുകയുണ്ടായല്ലോ. എന്നാൽ, സോവിയറ്റ് യൂനിയനും ചൈനയും ചവറ് പുസ്തകങ്ങൾ തീറ്റിക്കുകയായിരുന്നു. അതിന്റെ ബാക്കിപത്രമാണ്കേരളത്തിലെ വരണ്ട മാർക്സിസ്റ്റ് ഉദ്ബോധനങ്ങൾ.
മോസ്കോയിലും ബെയ്ജിങ്ങിലും മഴപെയ്യുമ്പോൾ ഇവിടെ കുടപിടിക്കുക മാത്രമല്ല, വാനം ഇരുളാൻ തുടങ്ങുമ്പോഴേ കുട ഫാക്ടറി പടുത്തുയർത്തുകയുമായിരുന്നു. ഇതരരാജ്യങ്ങളിലെ നേതാക്കൾ കൂടിയാലോചനയെന്ന് അണികളെ ബോധ്യപ്പെടുത്തി നടത്തുന്ന ചൈനായാത്രകൾ വിനോദ സഞ്ചാരം മാത്രവും. പാർട്ടിയിലെയും ഭരണത്തിലെയും പ്രധാനികളെ കാണാൻപോലും അവസരം ലഭിക്കാത്തവർ ദ്വിഭാഷികളുമായി ആംഗ്യത്തിൽ ഇടപെട്ട് സായൂജ്യമടയും. മടങ്ങിവന്ന് അവിടെനിന്ന് എല്ലാവർക്കും വിതരണം ചെയ്യുന്ന ബ്രോഷറുകൾ അവലംബിച്ച് അതിരൂപകാത്മക ഉപന്യാസങ്ങൾ കാച്ചുന്നത് കൊടിയ അപരാധമാണ്. ടൂറിസ്റ്റ് സൈറ്റുകൾക്കാവും അതിൽ പ്രാമുഖ്യം. യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ ഒരുവഴിയും ആ രാജ്യങ്ങളിൽ അനുവദനീയമല്ല.
യെച്ചൂരിയുടെ സന്ദർശനവും ചൗഷെസ്കുവിന്റെ വധവും
1989 നവംബർ 20 മുതൽ 24 വരെ ബുക്കാറസ്റ്റിൽ നടന്ന റുമേനിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ 14ാമത്തേതും അവസാനത്തേതുമായ കോൺഗ്രസിൽ സി.പി.എമ്മിനെ പ്രതിനിധാനം ചെയ്ത സീതാറാം യെച്ചൂരിക്കുപോലും അടിയൊഴുക്കുകൾ ഗ്രഹിക്കാനായില്ലെന്നത് പിന്നെങ്ങനെയാണ് തിരിച്ചറിയേണ്ടത്. ജനറൽ സെക്രട്ടറിയായി വീണ്ടും അവരോധിക്കപ്പെട്ടെങ്കിലും നിക്കോളായ് ചൗഷെസ്കു ഡിസംബർ 25ന് അട്ടിമറിക്കപ്പെടുകയും വധിക്കപ്പെടുകയുമായിരുന്നു.
ബുക്കാറസ്റ്റിൽനിന്ന് മടങ്ങി 14ാം പാർട്ടി കോൺഗ്രസിന്റെ ഉപലബ്ധികളിൽ പുളകംകൊണ്ട് യെച്ചൂരി എഴുതിയ വിശകലനത്തിന്റെ മഷിയുണങ്ങും മുമ്പായിരുന്നു എല്ലാം. രാഷ്ട്രീയ അടിച്ചമർത്തൽ, സാമ്പത്തിക ദുരുപയോഗം, കൊടിയ അഴിമതി എന്നിവ നിറഞ്ഞ ചൗഷെസ്കു ഭരണത്തിൽ സാധാരണക്കാർ കഠിനമായ കഷ്ടപ്പാടുകൾ അനുഭവിച്ചപ്പോൾ അദ്ദേഹവും കുടുംബവും പഞ്ചനക്ഷത്ര ജീവിതശൈലി ആസ്വദിക്കുകയായിരുന്നു. ഭരണഘടനാ യോഗ്യതകളൊന്നുമില്ലാതിരുന്നിട്ടും ഭാര്യ എലീന രാജ്യത്തെ ഏറ്റവും ശക്തയായ രണ്ടാമത്തെ വ്യക്തിയായി ഉയർന്നുവന്നു.
അവരുടെ ആഡംബര വസ്ത്രധാരണവും ആഭരണഭ്രമവും വ്യാപക വെറുപ്പ് ക്ഷണിച്ചുവരുത്തി. ചൗഷെസ്കു കുടുംബം ബന്ധുക്കളെ ഉപയോഗിച്ച് ഒട്ടേറെ പ്രധാന സർക്കാർ സംവിധാനങ്ങൾ കൈപ്പിടിയിലൊതുക്കുകയും അഴിമതിയുടെ ശൃംഖല തീർക്കുകയും ചെയ്തു. റുേമനിയയിലെ കാർഷികോൽപന്നങ്ങളിൽ ഭൂരിഭാഗവും കയറ്റുമതി ചെയ്തത് കടുത്ത റേഷനിങ്ങിനും റൊട്ടി, പാൽ, മാംസം തുടങ്ങിയ അടിസ്ഥാന വസ്തുക്കളുടെ വിട്ടുമാറാത്ത ക്ഷാമത്തിനും കാരണമായി. രാജ്യം പട്ടിണി കിടക്കുമ്പോൾ പാർലമെന്റ് കൊട്ടാര നിർമാണത്തിന് ശതകോടികൾ നീക്കിവെച്ചതും വിമർശന വിധേയമായി. ക്രിസ്മസ് ദിനത്തിലെ ഒരു മണിക്കൂർ നീണ്ട സൈനിക വിചാരണക്കു ശേഷമായിരുന്നു ചൗഷെസ്കുവിന്റെയും ഭാര്യയുടെയും വധശിക്ഷ. ടാർഗോവിസ്റ്റെയിൽനിന്നുള്ള മിലിട്ടറി യൂനിറ്റിലെ ഫയറിങ് സ്ക്വാഡിലെ മൂന്ന് സൈനികരാണ് അത് നടപ്പാക്കിയത്.

കേരളത്തിൽപോലും അച്ചടക്ക നടപടി
ജനാധിപത്യാവകാശം മുൻനിർത്തി 1989 ഏപ്രിൽ 15ന് ചൈനയിൽ ആരംഭിച്ച് ജൂൺ നാലുവരെ നീണ്ട യുവജന പ്രക്ഷോഭത്തിനുനേരെ ടാങ്കുകൾ പായിച്ചത് സോഷ്യലിസ്റ്റ് ചരിത്രത്തിലെ കറുത്ത ഏടാണ്. ആ പ്രതിഷേധങ്ങളെകുറിച്ചുള്ള വാർത്തകൾക്കും ഫോട്ടോകൾക്കും അയവില്ലാത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 1989ലെ വിദ്യാർഥി സമരത്തിൽ വെടിയേറ്റ ഒരാളെ മുച്ചക്രവാഹനത്തിന് പിന്നിലിരുത്തി കൊണ്ടുപോകുന്ന ചിത്രം 2008 ജൂലൈ 23ന് പ്രസിദ്ധീകരിച്ച ‘ബെയ്ജിങ് ന്യൂസ്’ പത്രത്തിനെതിരെ കടുത്ത നടപടിയെടുത്തു. കലാപശ്രമത്തിന് പിന്നിലെ പാശ്ചാത്യപ്രേരണ വസ്തുതയാണെങ്കിലും മൗലികപ്രശ്നങ്ങൾ ശേഷിക്കുന്നതായുള്ള തിരിച്ചറിവിനാൽ ആ രാജ്യത്ത് യാത്രചെയ്ത ഒരാളെന്ന നിലയിൽ ഞാനും ഖിന്നനായി.
അന്നത്തെ ഔദ്യോഗിക പ്രസ്താവനയെക്കാൾ കൂറുള്ളതായിരുന്നു പുറത്തുള്ള ചിലരുടെ വ്യാഖ്യാനം. കൂട്ടക്കൊല ഒഴിവാക്കാമായിരുന്നെന്ന് സൂചിപ്പിച്ചതിനാൽ കേരളത്തിൽ പി. ഗോവിന്ദപിള്ളക്കെതിരെ അച്ചടക്ക നടപടിയുണ്ടായി. ടിയാനൻമെൻ സ്ക്വയറിലെ ജനാധിപത്യാനുകൂല പ്രതിഷേധകർക്കെതിരെ ബലപ്രയോഗം നടത്താനുള്ള ഉത്തരവുകൾ പീപ്ൾസ് ലിബറേഷൻ ആർമിയുടെ 38ാമത് മേജർ ജനറൽ കമാൻഡറായ ഷു ക്വിൻസിയാൻ നിരസിച്ചു. രേഖാമൂലമുള്ള ഉത്തരവുകളുടെ അഭാവവും സിവിലിയന്മാർക്കെതിരെ സൈന്യത്തെ ഉപയോഗിക്കുന്നതിനെ എതിർത്തുമായിരുന്നു അത്.
38ാം ആർമിയിലെ ഓഫിസർമാരുടെ കൂട്ടരാജിയെക്കുറിച്ചുള്ള കിംവദന്തികൾ പരന്നതോടെ നിയന്ത്രണം പുനഃസ്ഥാപിക്കാൻ നേതൃത്വം വേഗത്തിൽ നീങ്ങി. മണിക്കൂറുകൾക്കുള്ളിൽ ക്വിൻസിയാനെ സ്ഥാനത്തുനിന്ന് നീക്കി തടവിലാക്കി. പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. രഹസ്യവിചാരണയുടെ ചോർന്ന ദൃശ്യങ്ങളിൽ എല്ലാം വ്യക്തം. ആയിരക്കണക്കിന് സൈനികരുടെ ഉത്തരവാദിത്തമുള്ള താൻ രേഖാമൂലമുള്ള ഉത്തരവില്ലാതെ സൈന്യത്തെ ബെയ്ജിങ്ങിലേക്ക് മാറ്റില്ലെന്ന് പ്രസ്താവിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് 1990 മാർച്ചിൽ കോടതി വിചാരണ നേരിടേണ്ടിവന്നു; തുടർന്ന് ജയിൽശിക്ഷയും നാടുകടത്തലും.

മാവോ സേതുങ്ങിന്റെ മുന്നറിയിപ്പ്
‘ശരിയായ സിദ്ധാന്തമുണ്ടെന്ന് വാചാലമാവുകയും അതിനെ കുഴിച്ചിടുകയും പ്രയോഗത്തിൽ വരുത്താതിരിക്കുകയും ചെയ്താൽ എത്ര നല്ലതാണെങ്കിലും ഒരു പ്രാധാന്യവുമില്ല’ എന്ന മാവോ സേതുങ്ങിന്റെ മുന്നറിയിപ്പാണ് മനസ്സിലെത്തിയത്. പടുകൂറ്റൻ അമേരിക്കൻ നഗരങ്ങളെ വെല്ലുന്ന ഷെൻഷൻ പോലുള്ള ഇടങ്ങൾ എന്നിൽ അത്ഭുതം മുളപ്പിച്ചെങ്കിലും ഗ്രാമങ്ങളിൽ ആനുപാതിക വികസനമില്ല. ജനാധിപത്യ ശീലങ്ങൾ അത്രയേറെ സഫലമായിട്ടില്ലെന്നും ബോധ്യമായി. സോവിയറ്റ് യൂനിയൻ ശിഥിലമായത് ഭക്ഷണ ദൗർലഭ്യത്താലല്ല; അഭിപ്രായ സ്വാതന്ത്ര്യ നിഷേധത്താലാണ്. ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത ഏകകക്ഷി സംവിധാനവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടുത്ത അഭാവവും, വിയോജിപ്പിനെയും നവീകരണത്തെയും ഞെരുക്കി.
റഷ്യൻ ആധിപത്യം മറ്റ് റിപ്പബ്ലിക്കുകളുടെ താൽപര്യങ്ങൾ അവഗണിക്കുന്നതിലേക്ക് നയിച്ചു. അതാവട്ടെ സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹത്തിന് ആക്കംകൂട്ടി. സോവിയറ്റ് യൂനിയന്റെ രാഷ്ട്രീയ, സാമ്പത്തിക, വംശീയ വിഘടനം ശിഥിലീകരണത്തിലേക്ക് നയിച്ചു. കേന്ദ്ര സംവിധാനം ദുർബലമായതോടെ വംശീയവും ദേശീയവുമായ സംഘർഷങ്ങൾ വളർന്നു, അത് നിരവധി റിപ്പബ്ലിക്കുകളുടെ വേർപിരിയലിലാണ് കലാശിച്ചതും. ആഫ്രിക്കൻ-സോവിയറ്റ് ചരിത്രവിദഗ്ദൻ റോബർട്ട് ഡബ്ല്യു സ്ട്രെയർ എഴുതി 1998 ഏപ്രിലിൽ പുറത്തിറങ്ങിയ ‘വൈ ഡിഡ് ദി സോവിയറ്റ് യൂനിയൻ കൊളാപ്സ്ഡ്: അണ്ടർസ്റ്റാൻഡിങ് ഹിസ്റ്റോറിക്കൽ ചെയ്ഞ്ച്’ (സോവിയറ്റ് യൂനിയൻ തകർന്നത് എന്തുകൊണ്ട്: ചരിത്രപരമായ മാറ്റം മനസ്സിലാക്കൽ) വിപ്ലവം, അധികാരം, വംശീയ സംഘർഷം, കൊളോണിയലിസം, സാമ്പത്തിക വികസനം, ഏകാധിപത്യ പ്രത്യയശാസ്ത്രം, ജനാധിപത്യത്തിലേക്കുള്ള മാറ്റം തുടങ്ങിയ ആശയങ്ങൾ ചട്ടക്കൂടുകളായി അവതരിപ്പിച്ചതാണ്.
സോവിയറ്റ് യൂനിയൻ മുങ്ങിച്ചത്തത് മറ്റാരുടെയും രക്തത്തിലല്ല
സോവിയറ്റ് യൂനിയൻ തകർക്കപ്പെടുന്നത് ഉള്ളിൽനിന്നാണ്, പുറത്തുവെച്ചല്ല അത് നിർവഹിച്ചതും അതിന് കൂട്ടുനിന്നതും വിരുദ്ധരല്ല, കമ്യൂണിസ്റ്റുകാരാണ്. തൊഴിലാളിവർഗ ശത്രുക്കളായിരുന്നില്ല, മിത്രങ്ങളായിരുന്നു. കമ്യൂണിസ്റ്റുകാരാൽ ഇല്ലാതാക്കപ്പെട്ട ലോകത്തെ ഏറ്റവും വലിയ പാർട്ടിയും ലോകത്തെ ആദ്യ തൊഴിലാളിവർഗ ഭരണ സംവിധാനവുമായിരുന്നു സോവിയറ്റ് പാർട്ടിയും യൂനിയൻ ഓഫ് സോവിയറ്റ് റിപ്പബ്ലിക്കും. പാർട്ടിയുടെയും ഭരണത്തിന്റെയും നേതാവായി ഒരേസമയം ഒരാൾ അവരോധിക്കപ്പെടുകയും സൈദ്ധാന്തിക ആധികാരികതയുടെ അവസാന വാക്ക് എന്നതുൾപ്പെടെ പാർട്ടിയുടെയും സ്റ്റേറ്റിന്റെയും സർവാധികാരങ്ങളും ആ വ്യക്തിയിൽ കേന്ദ്രീകരിക്കപ്പെടുകയും ചെയ്തതിന്റെ അനിവാര്യമായ ദുരന്തഫലം.
നേതാവ് ജീർണിക്കുമ്പോൾ വ്യവസ്ഥ അഴുകിത്തുടങ്ങും. പാർട്ടിയും ഭരണകൂടവും തമ്മിലെ ഐക്യപ്പെടലും ഉപജാപക സംഘത്തിന്റെ അമിതാധികാരമായി രൂപപ്പെട്ടു. പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും കാഴ്ചക്കാർമാത്രമായി. സോവിയറ്റ് യൂനിയൻ മുങ്ങിച്ചത്തത് മറ്റാരുടെയും രക്തത്തിലല്ല; സ്വന്തം ചോരയിലാണ്.
മിലോവൻ ജിലാസിന്റെ പുത്തൻ വർഗസങ്കൽപം
1957 ഒക്ടോബറിൽ ഇറങ്ങിയ ‘ദി ന്യൂ ക്ലാസ്: ആൻ അനാലിസിസ് ഓഫ് കമ്യൂണിസ്റ്റ് സിസ്റ്റം’ എന്ന കൃതിയിൽ യൂഗോസ്ലാവിയൻ കമ്യൂണിസ്റ്റ് ഗവൺമെന്റിൽ പ്രധാനിയായിരുന്ന മിലോവൻ ജിലാസ് അടിവരയിട്ട പുത്തൻവർഗം എന്ന സങ്കൽപം പ്രതിലോമകരമാണെന്ന് എഴുതിത്തള്ളുമ്പോഴും അനുഭവം അത് പൂർണമായും റദ്ദാക്കുന്നില്ല. സ്വന്തം രാജ്യത്ത് ആ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നില്ല, ബെൽഗ്രേഡിൽനിന്നുള്ള നരോദ്ന ക്നിഗ ഒടുവിൽ പുറത്തിറക്കി. സെർബിയൻ കൈയെഴുത്തുപ്രതിയും ഇംഗ്ലീഷ് പതിപ്പും രഹസ്യമായാണ് ആളുകളുടെ കൈകളിലെത്തിയതും.
അറസ്റ്റിലാവുന്നതിന് മുമ്പാണ് ജിലാസ് കൈയെഴുത്തുപ്രതി പൂർത്തിയായത്. 22 മാസത്തെ ഏകാന്ത തടവ് ഉൾപ്പെടെ ഒമ്പത് വർഷം കാരാഗൃഹത്തിലായിരുന്നു. ‘ദി ന്യൂ ക്ലാസ്’ പ്രസിദ്ധീകരിച്ചശേഷം വീണ്ടും അറസ്റ്റിലായ അദ്ദേഹം 1961ലാണ് മോചിതനായത്. അടുത്ത വർഷം പടിഞ്ഞാറൻ യൂറോപ്പിൽ പ്രസിദ്ധീകരിച്ചതിന് വീണ്ടും ജയിലിലടക്കപ്പെട്ടു. ചെ ഗുവേരയും മാവോ സേതുങ്ങും അത് വായിച്ചിരുന്നത്രെ. അധികാരം കൈവശംവെച്ച് ദേശസാത്കൃത സ്വത്ത് ഉപയോഗിക്കുകയും ആസ്വദിക്കുകയും വിനിയോഗിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പുതിയ പാർട്ടി ഉദ്യോഗസ്ഥ വിഭാഗത്തെ മുന്നിൽകണ്ട ജിലാസ് വിപ്ലവ കാലഘട്ടത്തിന് ജീവിതം ഹോമിച്ച വീരനായകരായി അവതരിക്കുന്ന കമ്യൂണിസ്റ്റുകാർ അധികാരലബ്ധിക്കുശേഷം ബോധപൂർവം നുണപറയുന്നവരും പാദസേവകരും അപഖ്യാതി പടർത്തുന്നവരും പ്രകോപനം സൃഷ്ടിക്കുന്നവരും പുത്തൻ വർഗത്തിന്റെ അനിവാര്യ പരിചാരകരുമായിത്തീരുമെന്നും പ്രവാചക തുല്യമായി നിരീക്ഷിച്ചു.
കരിയറിസ്റ്റ് ഭ്രമം, അതിരുവിടുന്ന ആർഭാടം, പ്രത്യേക രൂപത്തിലുള്ള അഴിമതി, സാധാരണ പാർട്ടിയംഗങ്ങളോടുള്ള നിസ്സാര മനോഭാവം എന്നിവയൊക്കെ ആ വർഗത്തിന്റെ ലക്ഷണമാണെന്നും ഊന്നി. അത് സമകാലിക ചൈനയുടെയും ദുരന്തമാണ്. കമ്യൂണിസ്റ്റ് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ സോവിയറ്റ് യൂനിയന്റെ ഉപഗ്രഹങ്ങളായി മാറിയത് പ്രയോജനം ലഭിച്ചതുകൊണ്ടല്ല, മറിച്ച് അത് തടയാൻ ശേഷിയില്ലാത്തതിനാലാണ്. കൂടുതൽ ശക്തരാകുമ്പോഴോ അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുമ്പോഴോ സ്വാതന്ത്ര്യത്തിനും സോവിയറ്റ് മേധാവിത്വത്തിൽനിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള ആഗ്രഹം അവരിൽ ഉടലെടുക്കുമെന്ന നിഗമനവും പ്രസക്തം. കിഴക്കൻ യൂറോപ്പിൽ ഭരണം നടത്തിയ കമ്യൂണിസ്റ്റുകാർ അവർ മാറ്റിസ്ഥാപിച്ച മുതലാളിമാരിൽനിന്നും ഭൂവുടമകളിൽനിന്നും വളരെ വ്യത്യസ്തരല്ലെന്നും അദ്ദേഹം വാദിച്ചു.
സോവിയറ്റ് സമഗ്രാധിപത്യത്തിന്റെ കാർബൺ പതിപ്പുകളായതിനാലാണ് അവയും ചീട്ടുകൊട്ടാരം കണക്ക് ശിഥിലമായതെന്ന് കാലം തെളിയിച്ചല്ലോ. ചൈനീസ് പാർട്ടിയിലെ ഉദ്യോഗസ്ഥവൃന്ദത്തിന്റെയും മുതലാളിത്ത വഴികാട്ടികളുടെയും ഉയർച്ചയെക്കുറിച്ച് ആശങ്കാകുലനായിരുന്ന മാവോ ആ ദുഷ്പ്രവണതകൾ ചെറുക്കുന്നതിന് 1960കളുടെ തുടക്കത്തിൽ സോഷ്യലിസ്റ്റ് വിദ്യാഭ്യാസ പ്രസ്ഥാനത്തിന് തുടക്കമിട്ടു. വ്യത്യസ്ത പ്രത്യയശാസ്ത്ര നിലപാടുകളിൽനിന്ന് വന്നതാണെങ്കിലും സവിശേഷാധികാരമുള്ള പാർട്ടിയിലെ വരേണ്യ വർഗം സംബന്ധിച്ച ജിലാസിന്റെ വിമർശനം സ്വന്തം രാഷ്ട്രീയ പോരാട്ടങ്ങൾക്കും സിദ്ധാന്തങ്ങൾക്കും പ്രസക്തമായി കരുതി.
ശതകോടീശ്വര ബിസിനസുകാർ
2025 ജൂലൈ ഒന്നിന്റെ സ്ഥാപക ദിനാഘോഷത്തിലെ കണക്കനുസരിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സി.സി.പി) അംഗസംഖ്യ 10 കോടി കവിഞ്ഞു. 1921ൽ സ്ഥാപിതമായ സി.പി.സിയിൽ ഒട്ടേറെ ശതകോടീശ്വര ബിസിനസുകാർ അംഗങ്ങളാണ്. സ്വാധീനമുറപ്പിക്കൽ, സ്ഥിരതനേടൽ, അവസരങ്ങൾ വിസ്തൃതമാക്കൽ എന്നിവയിലേക്കുള്ള മാർഗമായാണ് അംഗത്വത്തെ അവർ ദുരുപയോഗിക്കുന്നത്. സ്വകാര്യ സംരംഭകരെ പാർട്ടിയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തതോടെയായിരുന്നു നയംമാറ്റം. 2002 നവംബർ എട്ടു മുതൽ 14 വരെ ബെയ്ജിങ്ങിൽ നടന്ന 16ാം കോൺഗ്രസ് സ്വകാര്യ ബിസിനസ് ഉടമകളെ അംഗങ്ങളാക്കുന്നതിന് ഭരണഘടന ഭേദഗതിചെയ്തു.
വികസനത്തിൽ സ്വകാര്യ സമ്പദ്വ്യവസ്ഥയുടെ പ്രാധാന്യം ഔപചാരികമായി അംഗീകരിക്കുകയായിരുന്നു അതിലൂടെ. തുടർന്ന് നിർമാണ വ്യവസായി ലിയാങ് വെൻഗെൻ കേന്ദ്ര കമ്മിറ്റിയിലേക്ക് ഉയർത്തപ്പെട്ടു. ഹാങ്ചോ ആസ്ഥാനമായ ഇ-കോമേഴ്സ് ഭീമൻ ആലിബാബയുടെ ജാക്ക് മാ 2018ൽ സി.സി.പിയിലെത്തി. റിയൽ എസ്റ്റേറ്റ്, വിനോദ കമ്പനിയായ ഡാലിയൻ വാണ്ട ഗ്രൂപ് തലവൻ വാങ് ജിയാൻലിനും എവർഗ്രാൻഡെ ഗ്രൂപ് സ്ഥാപകനും പ്രോപ്പർട്ടി ഡെവലപ്പറുമായ സു ജിയായിനും ദീർഘകാലമായി പാർട്ടിയിലുണ്ട്. സോവിയറ്റ് നേതാവ് ആൻഡ്രി ഗ്രോമികോയുടെ ‘മെമ്വാസ്’ (Memoirs) ആത്മകഥയിൽ ഒരു സംഭവം വിവരിച്ചിട്ടുണ്ട്. അമേരിക്കൻ നയതന്ത്രജ്ഞനായിരുന്ന ഹെൻറി കിസിഞ്ജറുമായുള്ള കൂടിക്കാഴ്ചയിൽ ധനകാര്യ വിദഗ്ധൻ ബെർണാഡ് എം. ബറൂച്ചിനെ കണ്ടുമുട്ടിയതിനെക്കുറിച്ചാണത്.
‘ഞാൻ എങ്ങനെ കോടീശ്വരനായി’ എന്ന തന്റെ കൃതി വായിച്ചിട്ടുണ്ടോയെന്ന് അദ്ദേഹം ആരാഞ്ഞത് ഓർമിപ്പിച്ചാണ് പ്രതികരണം. പുസ്തകം ഏറെ താൽപര്യത്തോടെയാണ് വായിച്ചത്, എന്നാൽ അദ്ദേഹത്തിന്റെ ഉപദേശം പാലിച്ചില്ല എന്നായിരുന്നു മറുപടി. കേരളത്തിലടക്കം ധനാഢ്യർ പാർട്ടിയുടെ ഭാഗമാവുന്നതിൽ അപാകതയില്ല. എന്നാൽ മൂലധനത്തിന്റെ പെരുപ്പിക്കൽ മാത്രം തലയിലേറ്റിയാൽ കാര്യങ്ങൾ അവതാളത്തിലാവും. അതിസമ്പന്നനായിരിക്കുകയും തൊഴിലാളിവർഗ വീക്ഷണങ്ങൾ പുലർത്തുകയും കഠിനമാണെന്നാണ് ഫെഡറിക് എംഗൽസ് കാൾ മാർക്സിന് എഴുതിയത്. സോവിയറ്റ്-ചൈനീസ് പാർട്ടികൾ തമ്മിൽ ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങൾക്ക് തൊട്ടുമുമ്പ് ക്രൂഷ്ചേവ്, ചൗ എൻലായുമായി ഏറെ പിരിമുറുക്കമുള്ള കൂടിക്കാഴ്ച നടത്തിയതായി ക്രിസ്റ്റഫർ ഹിച്ചൻസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഞാൻ തൊഴിലാളിവർഗത്തിൽ നിന്നാണ് വരുന്നതെന്ന് താങ്കൾ സമ്മതിക്കണം. പക്ഷേ താങ്കളുടെ ജനനം ബൂർഷ്വാ കുടുംബത്തിലാണ് എന്നായിരുന്നു സോവിയറ്റ് നേതാവിന്റെ അവകാശവാദം. അതോടുള്ള ചൗവിന്റെ പ്രതികരണം മൂർച്ചയുള്ളതായി. ഞാൻ കൽക്കരി ഖനിത്തൊഴിലാളികളുടെ മകനാണ്, താങ്കൾ ഫ്യൂഡൽ മാൻഡാരിൻമാരുടെ പിൻഗാമിയും. തീർച്ചയായും ഞാൻ പ്രിവിലേജ്ഡ് വർഗത്തിന്റെ ഭാഗമായിരുന്നു, താങ്കൾ താഴ്ന്ന വിഭാഗത്തിൽനിന്നാണ്. പൊതുവായുള്ളത് രണ്ടുപേരും സ്വന്തം വർഗങ്ങളെ വഞ്ചിച്ചുവെന്നതാണ്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ ക്രൂഷ്ചേവ് ബൂർഷ്വാസിക്കുവേണ്ടി തൊഴിലാളി വർഗത്തെ ഒറ്റുകൊടുത്തു. തൊഴിലാളിവർഗത്തിന്റെ താൽപര്യങ്ങൾക്കനുസൃതമായ നയം രൂപവത്കരിച്ച് ചൗ ബൂർഷ്വാസിയെ വഞ്ചിച്ചു. അവകാശവാദങ്ങളല്ല, മറിച്ച് ദിശയാണ് ഏത് പ്രസ്ഥാനത്തിന്റെയും സ്വഭാവം നിർണയിക്കുന്നത്. ദരിദ്രകുടുംബ പശ്ചാത്തലം ചൂണ്ടി വിപ്ലവ വ്യക്തിത്വത്തിന്റെ പ്രഭാവലയം സ്വയം ചമയ്ക്കുന്നത് നിരർഥകമാണെന്നർഥം.

കാർലോസ് ക്വിജാനോക്ക് ചെഗുവേര നൽകിയ കത്തിന്റെ രൂപത്തിലുള്ള ലേഖനം
ഉറുഗ്വായ് യിലെ മോണ്ടവിഡിയോയിൽനിന്ന് പ്രസിദ്ധീകരിച്ച ‘മാർച്ച’ വാരിക പത്രാധിപർ കാർലോസ് ക്വിജാനോക്ക് 1965 മാർച്ചിൽ ചെ ഗുവേര നൽകിയ കത്തിന്റെ രൂപത്തിലുള്ള ലേഖനം പ്രശസ്തമാണ്. നമുക്ക് എൽമ് മരം പിയർ കായ്ക്കുന്ന തരത്തിൽ ഒട്ടിക്കാൻ ശ്രമിക്കാം, അതേസമയം പിയർ മരങ്ങൾ നടണം. ഇന്നത്തെ സാഹചര്യത്തിൽ അപകടങ്ങളുണ്ട്; പിടിവാശി മാത്രമല്ല വലിയ ദൗത്യത്തിന്റെ മധ്യത്തിൽ ബഹുജന ബന്ധം മരവിപ്പിക്കുന്നതിന്റേതടക്കം.
വിപ്ലവത്തിന് ജീവിതം മുഴുവൻ സമർപ്പിക്കുന്നത് അർഥമാക്കുന്നത്, തന്റെ കുട്ടിക്ക് ചില കാര്യങ്ങൾ ഇല്ലെന്നോ, കുട്ടികളുടെ ഷൂസ് തേഞ്ഞുപോയെന്നോ, കുടുംബത്തിന് ചില ആവശ്യകതകൾ ഇല്ലെന്നോപോലുള്ള ആശങ്കകളാൽ ശ്രദ്ധതിരിക്കരുതെന്ന് ഒരാൾ കരുതുന്നെങ്കിൽ ഭാവിയിലെ അഴിമതിയുടെ അണുക്കളാൽ ബാധിക്കപ്പെടാനുള്ള വഴി തുറന്നിരിക്കുമെന്നാണ് അതിലെ ഒരു ഭാഗം. ഒരാൾക്ക് എത്ര പ്രാവശ്യം ബീച്ചിൽ പോകാൻ കഴിയും. വേതനം ഉപയോഗിച്ച് വിദേശത്തുനിന്ന് മനോഹരങ്ങളായ എത്ര വസ്തുക്കൾ വാങ്ങാൻ സാധിക്കും തുടങ്ങിയവയെക്കുറിച്ചല്ല വിപ്ലവം എന്നും കത്തിൽ ഓർമിപ്പിച്ചു.
‘ആരാച്ചാരുടെ കുരുക്ക്’ എന്ന വിശേഷണമുള്ള ചൈനയിലെ അഴിമതിവിരുദ്ധ നീക്കങ്ങൾ സമീപ മാസങ്ങളിൽ ഞെട്ടിപ്പിക്കുന്ന വാർത്തകളായി. 42. 10 കോടി ഡോളറിന്റെ തട്ടിപ്പിൽ സി.സി.പിയിലെ പ്രധാനിയായിരുന്ന ലി ജിയാൻപിങ്ങിനെ തൂക്കിലേറ്റി, 110 കോടി യുവാൻ കൈക്കൂലി വാങ്ങിയ ഹുവാറോങ് ഇന്റർനാഷനൽ ഹോൾഡിങ്സ് ജനറൽ മാനേജരായിരുന്ന ബായ് ടിയാൻഹുയിക്കും അതേ വിധി. അദ്ദേഹത്തിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടുകയും ചെയ്തു.
സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ചൈനയുടെ മുൻ ചെയർമാൻ ലിയു ലിയാങ്കെയെ അഴിമതിക്കേസിൽ വധശിക്ഷക്ക് വിധിച്ച് മാസത്തിനുശേഷമാണ് ഇരു സംഭവങ്ങളും. വൻ കൈക്കൂലി പിടുങ്ങിയതിന് മുൻ കൃഷി-ഗ്രാമകാര്യ മന്ത്രി ടാങ് റെൻജിയാന് രണ്ട് വർഷത്തെ സാവകാശത്തോടെ വധശിക്ഷ വിധിച്ചതായി ‘സിൻഹുവ’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 26. 80 കോടി യുവാനും 3. 75 കോടിയുടെ ആഡംബര സമ്മാനങ്ങളും സ്വീകരിച്ചുവെന്നാണ് കുറ്റപത്രത്തിൽ. സി.പി.സി ഉന്നത നയരൂപവത്കരണ സമിതിയംഗവും സെൻട്രൽ മിലിട്ടറി കമീഷന്റെ വൈസ് ചെയർമാനുമായ ഹെ വീഡോങ്ങിനെ പാർട്ടിയിൽനിന്നും സൈന്യത്തിൽനിന്നും പുറത്താക്കുകയുമുണ്ടായി.

നാല് ദിശകളിലുള്ള ചൈനയിലെ അഴിമതി
ചൈനയിലെ അഴിമതി പ്രധാനമായും നാല് ദിശകളിലുള്ളതാണ് –ചെറിയ മോഷണം, കൂറ്റൻ കവർച്ച, സ്പീഡ് മണി, ആക്സസ് മണി എന്നിങ്ങനെ. ചെറിയ മോഷണം (ചെറിയ സർക്കാർ തുകകൾ മോഷ്ടിക്കലും തുച്ഛമായ കൈക്കൂലിയും), കൂറ്റൻ കവർച്ച (പൊതുജനങ്ങളുടെ വലിയ തുകകൾ ദുരുപയോഗം ചെയ്യുകയോ പണം നൽകുന്നവരെ ഉദ്യോഗസ്ഥ പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കലോ), സ്പീഡ് മണി (പണം നൽകുന്നവരെ വരിചാടാൻ അനുവദിക്കൽ). സർക്കാർ സംരംഭങ്ങളുമായി ബന്ധപ്പെട്ട കൊടിയ അഴിമതിയാണ് ആക്സസ് മണി. റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് ഭൂമിയും സ്വകാര്യ സംരംഭകർക്ക് ഖനികളും അനുവദിക്കുന്നതിൽ അമ്പരപ്പിക്കുന്ന പണക്കൈമാറ്റങ്ങളാണ്. ‘റെഡ് സ്റ്റാർ ഓവർ ചൈന’ എന്ന എഡ്ഗാർ സ്നോയുടെ കൃതി മാവോ സേതുങ്ങുമായുള്ള അഭിമുഖങ്ങളാൽ നിബിഡമാണ്. ചുവരുകൾ മൂടിയ ഭൂപടമുള്ള ഗുഹാവാസ സ്ഥലത്താണ് അദ്ദേഹത്തെ ആദ്യം കണ്ടുമുട്ടിയത്.
അവിടത്തെ പ്രധാന ആഡംബരം കൊതുകുവല മാത്രം. ചരിത്ര സംഭവങ്ങളെയും പുരാതന ഗ്രീക്കുകാരെയും മാത്രമല്ല ബറൂച് സ്പിനോസ, ഇമ്മാനുവേൽ കാന്റ്, ജൊഹാൻ വുൾഫ്ഗാങ് വോൺ ഗോയ്ഥെ, ജോർജ് വിൽഹെം ഫ്രീഡ്രിക് ഹെഗൽ, ഴാങ്-ജാക്വസ് റൂസ്സോ തുടങ്ങിയവരെയും ലോക സമകാലിക സംഭവങ്ങളെയും അദ്ദേഹത്തിന്റെ വായന സ്വാംശീകരിച്ചതായും സ്നോ മനസ്സിലാക്കി. ബാവോണിന് സമീപം പ്രചാരണാത്മക നാടകാവതരണത്തിന് സാക്ഷിയായപ്പോൾ അഭിപ്രായപ്പെട്ടത്, ഇതിലും ജനാധിപത്യപരമായ ഒത്തുചേരൽ സങ്കൽപിക്കാൻ പ്രയാസമാണെന്നാണ്. ‘റെഡ് സ്റ്റാർ ഓവർ ചൈന’യിൽ വിവിധ സന്ദർഭങ്ങളിൽ ആവർത്തിച്ച് പരാമർശിക്കപ്പെട്ടത് സി.സി.പി ജനാധിപത്യം തേടുന്നു എന്നതായിരുന്നു. ആ പ്രയാണം ഇപ്പോഴും അർഥവത്തായിട്ടില്ല.
2025ലെ ഇന്റർനാഷനൽ പ്രസ് ഫ്രീഡം അവാർഡ് മുതിർന്ന ചൈനീസ് പത്രപ്രവർത്തകൻ ഡോങ് യുയുവിന് സമ്മാനിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (സി.പി.ജെ) പ്രസ്താവനയിറക്കിയത് ഏറെ പ്രാധാന്യമുള്ളതാണ്. 2022ൽ ജാപ്പനീസ് നയതന്ത്രജ്ഞനോടൊപ്പം ഉച്ചഭക്ഷണം കഴിക്കവെ ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായതിനെ തുടർന്ന് അദ്ദേഹം ഏഴ് വർഷത്തെ തടവ് അനുഭവിക്കുകയാണ്. 2024 നവംബറിൽ ബെയ്ജിങ് കോടതിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അടുത്തമാസം അപ്പീൽ നൽകി. അത് ഇപ്പോഴും ഹൈകോടതിയുടെ പരിഗണനയിലാണ്; അസാധാരണമാംവിധമുള്ള കാലവിളംബം. ചൈനയിലും പുറത്തും ഏറെ അറിയപ്പെടുന്ന ദീർഘകാല എഡിറ്ററും പംക്തികാരനുമായ ഡോങ് 1987ൽ സർക്കാർ ഉടമസ്ഥതയിലുള്ള ‘ഗുവാങ്മിങ് ഡെയ്ലി’യിൽ കോളമിസ്റ്റായി ജോലിചെയ്യാൻ തുടങ്ങി.
നിയമവാഴ്ചക്കും ഭരണഘടനാ ജനാധിപത്യത്തിനും പിന്തുണ നൽകിയതുൾപ്പെടെ പുരോഗമന പരിഷ്കാരങ്ങൾക്കുവേണ്ടി വാദിച്ചതാണ് വിനയായത്. ചൈനയിലെ മാധ്യമപ്രവർത്തകരെ ലക്ഷ്യംെവക്കാൻ ചാരവൃത്തിയും ദേശീയ സുരക്ഷാ കുറ്റങ്ങളും ഉപയോഗിക്കുന്ന പ്രവണത ഏറിവരുന്നതായി ഡോങ്ങിന്റെ തടവ് അടിവരയിടുന്നു. വിദേശ നയതന്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ചകൾ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിനെതിരായ കുറ്റപത്രം മാധ്യമ സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ്. ജനങ്ങൾ തമ്മിലുള്ള നയതന്ത്രം പ്രോത്സാഹിപ്പിക്കുക എന്ന ചൈനയുടെ പ്രഖ്യാപിത ലക്ഷ്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. സി.പി.ജെയുടെ ഏറ്റവും പുതിയ ജയിൽ സെൻസസിൽ 50 പേരെങ്കിലും ജയിലിലുണ്ട്,
