Begin typing your search above and press return to search.
proflie-avatar
Login

അഹിംസയെന്ന വിപ്ലവം, ഗാന്ധിയെന്ന വിപ്ലവകാരി

അഹിംസയെന്ന വിപ്ലവം,   ഗാന്ധിയെന്ന വിപ്ലവകാരി
cancel

ലണ്ടൻ നഗരത്തിലേക്ക് എഴുത്തുകാരി നടത്തിയ യാത്രയുടെ അനുഭവം വിവരിക്കുന്നു. പാർലമെന്റ് സ്ക്വയറിന് സമീപത്തെ പ്രതിമകളെ കുറിച്ചും വ്യക്തമാക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച. ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽതന്നെ നിൽക്കുമ്പോൾ ഞാൻ ആദ്യമായി കണ്ട ഗാന്ധിപ്രതിമ ഏതാണെന്ന് വെറുതെയൊന്ന് ഓർത്തു നോക്കി. അതൊരു പഴയ പഞ്ചായത്ത് കിണറിന് അരികിലായിരുന്നു. സ്കൂളിലേക്കുള്ള യാത്രക്കിടയിൽ അലസമായി കണ്ണിലുടക്കുന്ന, പഞ്ചായത്ത് കിണറിന് സമീപത്തുള്ള സിമന്റിലോ മറ്റോ തീർത്ത, വെള്ള പെയിന്റടിച്ച ഗാന്ധിപ്രതിമ. ബ്രിട്ടീഷുകാർ ഗാന്ധിയെ ഏറ്റവുമധികം എതിർത്തവരാണ്. അദ്ദേഹത്തെ തുറുങ്കിലടച്ചവരാണ്. എന്നാൽ, ഇന്ന് അതേ ലണ്ടൻ നഗരം...

Your Subscription Supports Independent Journalism

View Plans
ലണ്ടൻ നഗരത്തിലേക്ക് എഴുത്തുകാരി നടത്തിയ യാത്രയുടെ അനുഭവം വിവരിക്കുന്നു. പാർലമെന്റ് സ്ക്വയറിന് സമീപത്തെ പ്രതിമകളെ കുറിച്ചും വ്യക്തമാക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച.

ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽതന്നെ നിൽക്കുമ്പോൾ ഞാൻ ആദ്യമായി കണ്ട ഗാന്ധിപ്രതിമ ഏതാണെന്ന് വെറുതെയൊന്ന് ഓർത്തു നോക്കി. അതൊരു പഴയ പഞ്ചായത്ത് കിണറിന് അരികിലായിരുന്നു. സ്കൂളിലേക്കുള്ള യാത്രക്കിടയിൽ അലസമായി കണ്ണിലുടക്കുന്ന, പഞ്ചായത്ത് കിണറിന് സമീപത്തുള്ള സിമന്റിലോ മറ്റോ തീർത്ത, വെള്ള പെയിന്റടിച്ച ഗാന്ധിപ്രതിമ.

ബ്രിട്ടീഷുകാർ ഗാന്ധിയെ ഏറ്റവുമധികം എതിർത്തവരാണ്. അദ്ദേഹത്തെ തുറുങ്കിലടച്ചവരാണ്. എന്നാൽ, ഇന്ന് അതേ ലണ്ടൻ നഗരം തങ്ങളുടെ ഭരണസിരാകേന്ദ്രത്തിന്റെ ഹൃദയഭാഗത്ത് ഗാന്ധിയെ നെഞ്ചേറ്റുന്നു. എതിർത്തവർ പോലും ആ ആശയത്തിന് മുന്നിൽ തലകുനിക്കുന്നു. പലപ്പോഴും ഗാന്ധി പ്രതിമകൾ അനാദരിക്കപ്പെടുന്ന വാർത്തകൾ കേൾക്കാറുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തിന്റെയോ അന്ധമായ വിദ്വേഷത്തിന്റെയോ പേരിൽ ഗാന്ധി പ്രതിമകളെ തകർക്കാനും അപമാനിക്കാനും ശ്രമിക്കുന്നവർ അറിയുന്നില്ല, അവർ തകർക്കാൻ ശ്രമിക്കുന്നത് ഒരു ശിലയെയല്ല, മറിച്ച് ഈ ലോകം മുഴുവൻ മാതൃകയാക്കുന്ന ഒരു വലിയ മൂല്യത്തെയാണെന്ന്. ലോകം സത്യത്തെയും അഹിംസയെയും തിരിച്ചറിഞ്ഞ ദീർഘമായൊരു യാത്രയുടെ അടയാളമെന്നോണം പാർലമെന്‍റ് സ്ക്വയറിൽ നിൽക്കുന്ന ഗാന്ധിയെ കണ്ടപ്പോൾ കണ്ണു നനഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ വെച്ച്, 1893ലെ ഒരു ട്രെയിൻയാത്രക്കിടെ ഒരു വെള്ളക്കാരൻ, ഫസ്റ്റ് ക്ലാസ് കമ്പാർട്മെന്റിൽനിന്ന് ഗാന്ധിയെ പുറത്താക്കിയ അതേ സ്ഥലത്ത് കൃത്യം 100 വർഷത്തിനിപ്പുറം ചരിത്രത്തിന്‍റെ പ്രായശ്ചിത്തമെന്നോണം ഗാന്ധിപ്രതിമ സ്ഥാപിച്ചിട്ടുള്ളത് വായിച്ചറിയാം. ലോകത്തിന്‍റെ പലയിടങ്ങളിലായി 70 ലധികം ഗാന്ധിപ്രതിമകൾ അങ്ങനെ സ്ഥാപിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ട്. അതിലൊന്നാണ് ലണ്ടനിലെ പാർലമെന്‍റ് സ്ക്വയറിലെ ഗാന്ധിപ്രതിമ.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സിരാകേന്ദ്രത്തിൽ, ലളിതമായ വസ്ത്രധാരണത്തോടെ സമാധാനത്തിന്റെയും അഹിംസയുടെയും പ്രതീകമായി നിൽക്കുന്ന ഗാന്ധിപ്രതിമയുടെ ശിൽപി ഫിലിപ് ജാക്സണാണ്. അവിടെ ഗാന്ധിയെ നോക്കി നിൽക്കവേ തൊട്ടപ്പുറത്തൊരു മനുഷ്യൻ തന്നോടൊപ്പം വന്ന വിനോദസഞ്ചാരികളുടെ മുന്നിൽ ശാന്തനായിനിന്ന് ഗാന്ധിയെ വർണിക്കുന്നു. അത്ഭുതാദരത്തോടെ കുറേ മനുഷ്യർ അതുകേട്ട് ഗാന്ധിക്കു മുന്നിൽ നിൽക്കുന്നു. ഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങളെക്കുറിച്ച് അയാൾ കൂടെയുള്ളവർക്ക് വിശദീകരിച്ചു കൊടുക്കുന്നത് കാണുമ്പോൾ നമുക്ക് ബോധ്യപ്പെടും -കരുത്ത് എന്നത് തോക്കിലല്ല, മറിച്ച് സത്യത്തിലും അഹിംസയിലുമാണെന്ന്.

​ഗാന്ധിയോടൊപ്പമൊരു ചിത്രത്തിനായി പലരും തിരക്കു കൂട്ടുമ്പോൾ തെല്ലകലെ, പാർലമെന്‍റ് സ്ക്വയറിൽ സ്ഥാപിച്ച പ്രതിമകളിൽ വെച്ച് ഏറ്റവും ഭീമാകാരനായ വിൻസ്റ്റൻ ചർച്ചിൽ, ലോകം കഠിനസമരങ്ങളാൽ ചിതയിലേക്ക് വലിച്ചെറിഞ്ഞ സാമ്രാജ്യത്വത്തിന്‍റെ ദുഷിച്ച അവശേഷിപ്പെന്നോണം മുഖം ചുളിച്ചുനിൽക്കുന്നു. ഗാന്ധിസത്തിന്റെ എല്ലാ കാര്യങ്ങളെയും അടിച്ചമർത്തണമെന്ന് പ്രഖ്യാപിക്കുകയും ഗാന്ധിയെ കൈയും കാലും കൂട്ടിക്കെട്ടി വൈസ്രോയ് കയറിയ ആനയെക്കൊണ്ട് ചവിട്ടിക്കൂട്ടണമെന്നും പുലമ്പിയ അതേ ചർച്ചിലിനെ നോക്കിക്കൊണ്ട് ഗാന്ധി അക്ഷോഭ്യനായി ഇപ്പുറം നിൽക്കുന്നു. ലോകം കീഴടക്കിയ പോരാളികളുടെയും ചക്രവർത്തിമാരുടെയും പ്രതിമകൾക്കിടയിൽ ‘അർധനഗ്നനായ ഫക്കീർ’ തലയുയർത്തി നിൽക്കുന്നു.

കാലത്തിന്റെ മധുരപ്രതികാരം!

​ഈ 12 പ്രതിമകൾക്ക് മുന്നിലൂടെ നടക്കുമ്പോൾ ഓരോ കാലഘട്ടവും നമുക്ക് മുന്നിൽ തെളിയും. സാമ്രാജ്യത്വത്തിന്റെ പ്രതാപകാലത്ത് തുടങ്ങിയ ഈ പ്രതിമാ നിര, ഇന്ന് ഗാന്ധിജിയെയും മണ്ടേലയെയും പോലെ സാമ്രാജ്യത്വത്തിന് എതിരെ പോരാടിയവരെക്കൂടി ഉൾക്കൊള്ളുന്നു എന്നത് ചരിത്രത്തിന്റെ വലിയൊരു മാറ്റത്തെത്തന്നെയാണ് കാണിക്കുന്നത്.

​പല ദേശങ്ങളിൽനിന്നും പല കാലങ്ങളിൽനിന്നും വന്ന ഈ നേതാക്കൾ ഇപ്പോൾ പാർലമെന്റ് സ്ക്വയറിൽ സമാധാനത്തോടെ ഒരുമിച്ചുനിൽക്കുന്നു. രാഷ്ട്രീയത്തിന് അപ്പുറം, മനുഷ്യന്റെ ഇച്ഛാശക്തിയുടെയും നീതിക്കായുള്ള പോരാട്ടത്തിന്റെയും വെങ്കലരൂപങ്ങളാണ് ഈ പ്രതിമകൾ.

ഗാന്ധിജി എന്ന ലോക നേതാവിനെ രൂപപ്പെടുത്തിയ പണിശാലയായിരുന്നു ലണ്ടൻ നഗരം. 1888ൽ ഒരു 18 വയസ്സുകാരനായി ലണ്ടനിലെത്തിയ മോഹൻദാസ് കരംചന്ദ് ഗാന്ധിയിൽനിന്നും 1931ൽ വട്ടമേശ സമ്മേളനത്തിന് എത്തിയ മഹാത്മാഗാന്ധിയിലേക്കുള്ള മാറ്റം ലണ്ടന്റെ ചരിത്രത്തിലെ തന്നെ കൗതുകകരമായ അധ്യായമാണ്.

ഗാന്ധിജിയുടെ ലണ്ടൻ ജീവിതത്തിലെ ​ഒന്നാം ഘട്ടം ഒരു ‘ഇംഗ്ലീഷ് ജെന്റിൽമാൻ’ ആകാനുള്ള ശ്രമമായിരുന്നു. 1888 മുതൽ 1891 വരെയുള്ള ആ കാലഘട്ടത്തിൽ ലണ്ടൻ ജീവിതരീതികളിൽ ആകൃഷ്ടനായിരുന്ന ഗാന്ധിയെ കാണാം. ഇന്നത്തെ ഗാന്ധിയെ ഓർക്കുമ്പോൾ നമുക്ക് ചിന്തിക്കാൻപോലും കഴിയാത്ത രീതിയിൽ, ബോണ്ട് സ്ട്രീറ്റിലെ വിലകൂടിയ കടകളിൽനിന്ന് തുന്നിച്ച വസ്ത്രങ്ങളും സിൽക്ക് തൊപ്പിയും ധരിച്ചാണ് അദ്ദേഹം അന്ന് നടന്നിരുന്നത്.

ഇംഗ്ലീഷ് സംസ്കാരത്തിന്റെ ഭാഗമാകാൻ അദ്ദേഹം നൃത്തം പഠിക്കാൻ ശ്രമിച്ചു. എന്നാൽ, താളം പിഴച്ചപ്പോൾ അത് നിർത്തി. വയലിൻ പഠിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് പാതിവഴിയിൽ ഉപേക്ഷിച്ചു. വാക്ചാതുര്യം വളർത്താൻ പ്രസംഗ പരിശീലന ക്ലാസുകളിലും അദ്ദേഹം ചേർന്നു. 18ാം വയസ്സിൽ നിയമപഠനത്തിനായി ലണ്ടനിലെത്തിയ മോഹൻദാസ് കരംചന്ദ് ഗാന്ധി, തുടക്കത്തിൽ ഒരു പക്കാ ഇംഗ്ലീഷ് പരിഷ്കാരിയാകാൻ ശ്രമിച്ചിരുന്നതായി വായിച്ചിട്ടുണ്ട്. എന്നാൽ, കുറച്ചുകാലത്തിനു ശേഷം, താൻ ചെയ്യുന്നത് അർഥശൂന്യമാണെന്ന് തിരിച്ചറിഞ്ഞ ഗാന്ധി ആഡംബരങ്ങൾ ഉപേക്ഷിക്കുകയും ലളിതജീവിതം തിരഞ്ഞെടുക്കുകയും ചെയ്തു.

ഗാന്ധിയുടെ ആത്മീയാന്വേഷണങ്ങളുടെ തുടക്കവും ലണ്ടനിലായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ലണ്ടനിൽവെച്ചാണ് ഗാന്ധിജി ആദ്യമായി ഭഗവദ്ഗീത വായിക്കുന്നത്. എഡ്വിന്‍ ആര്‍നോള്‍ഡ് തയാറാക്കിയ ഗീതയുടെ ഇംഗ്ലീഷ് വിവര്‍ത്തനം വായിക്കുന്നതിനുമുമ്പേ അദ്ദേഹം ബൈബിള്‍ വായിച്ചിരുന്നു. അതിന്‍റെ കൂടി വെളിച്ചത്തിലാണ് ഗാന്ധി ഗീതയെ മനസ്സിലാക്കിയത്. ഗീതാവായന ഗാന്ധിയുടെ ചിന്താഗതിയിൽ വലിയ മാറ്റമുണ്ടാക്കി. ലണ്ടൻ നഗരം ഗാന്ധിജിക്ക് നിയമവിദ്യ മാത്രമല്ല നൽകിയത്, മറിച്ച് ലോകത്തെ മാറ്റിമറിക്കാൻ ആവശ്യമായ സത്യഗ്രഹം, അഹിംസ എന്നീ തത്ത്വങ്ങളിലേക്കുള്ള ആത്മീയമായ വഴിത്തിരിവുകൂടിയായിരുന്നു.

സസ്യാഹാരിയായി തുടരുമെന്ന് അമ്മക്ക് നൽകിയ വാക്കുപാലിക്കാൻ ഗാന്ധി ലണ്ടനിൽ ഒരുപാട് കഷ്ടപ്പെട്ടുവെന്ന് അക്കാലത്തെ ഗാന്ധിസ്മരണകളിൽ കാണാം. അന്ന് ലണ്ടനിൽ നല്ല സസ്യാഹാരശാലകൾ കുറവായിരുന്നുവത്രേ. ഒടുവിൽ ഫാറിങ്ഡൺ സ്ട്രീറ്റിലെ ഒരു വെജിറ്റേറിയൻ ഹോട്ടൽ കണ്ടെത്തിയതും അവിടെനിന്ന് കിട്ടിയ ‘A Plea for Vegetarianism’ എന്ന പുസ്തകം വായിച്ചതുമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഭക്ഷണകാര്യത്തിൽ വലിയ സ്വാധീനം ചെലുത്തിയത്. അവിടെനിന്നാണ് ഗാന്ധി ലണ്ടൻ വെജിറ്റേറിയൻ സൊസൈറ്റിയിൽ അംഗമാകുന്നത്.

അവരുടെ മാസികയിലാണ് ഗാന്ധി ആദ്യമായി ലേഖനം എഴുതിയതും. പില്‍ക്കാലത്ത് നൂറു വാല്യങ്ങളായി സമാഹരിക്കപ്പെട്ട രചനകളുടെ, ഒരുപക്ഷേ ഇന്ത്യയിലെ എക്കാലത്തെയും വലിയ രചനാജീവിതത്തിന്‍റെ, പ്രാരംഭസ്ഥാനം അതായിരുന്നു.

ഇന്ത്യക്കുപുറത്ത് എവിടെയെങ്കിലും താമസിക്കാന്‍ താന്‍ തീരുമാനിച്ചാല്‍ അത് ലണ്ടനിലായിരിക്കുമെന്ന് ഗാന്ധി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അവിടെവെച്ചാണ് ഗാന്ധി പടിഞ്ഞാറന്‍ നാഗരികതയെ മുഖാമുഖം കണ്ടത്. അതിനെതിരെ പൊരുതാനുള്ള ആയുധങ്ങള്‍ ശേഖരിച്ചതും!

78 വര്‍ഷം നീണ്ട ജീവിതത്തിനിടയില്‍ ഗാന്ധി അഞ്ചുതവണയാണ് ലണ്ടനിലെത്തിയത്. 20 വയസ്സ് തികയാന്‍ ഒരുമാസത്തില്‍ താഴെ മാത്രമുള്ളപ്പോഴായിരുന്നു ഗാന്ധിയുടെ ആദ്യ ലണ്ടന്‍ യാത്ര. 1888 സെപ്റ്റംബര്‍ നാലിന് അദ്ദേഹം ബോംബെയില്‍നിന്ന് ലണ്ടനിലേക്ക് കപ്പല്‍ കയറി. ലണ്ടനിലെ പ്രശസ്തമായ നിയമപഠന കേന്ദ്രത്തില്‍ ഗാന്ധി ചേര്‍ന്നു. 1888 ഒക്ടോബര്‍ മുതല്‍ 1891 വരെ അദ്ദേഹം ലണ്ടനില്‍ ഉണ്ടായിരുന്നു.

ഒരർഥത്തില്‍ ഗാന്ധിയുടെ പില്‍ക്കാല ജീവിതത്തിന്‍റെ ഗതിനിര്‍ണയിച്ചത് ഈ ലണ്ടന്‍ ജീവിതമാണ്. കടല്‍കടന്ന് യാത്രചെയ്തതിന് അദ്ദേഹത്തിന് സമുദായം ഭ്രഷ്ട് കൽപിച്ചിരുന്നു. ഗാന്ധിയുടെ ജീവിതത്തില്‍ അതിന് വലിയ സ്വാധീനമുണ്ട്. പിന്നീട് ആചാരങ്ങളെ അദ്ദേഹം ഒരിക്കലും മാനിച്ചില്ല. ഇവിടെവെച്ച് അദ്ദേഹം എഴുത്തുകാരനായി, പ്രഭാഷകനായി, പ്രചാരകനായി, ബാരിസ്റ്ററായി. പില്‍ക്കാലത്തെ പൊതുജീവിതത്തിലേക്കുള്ള ഗാന്ധിയുടെ പരിശീലനക്കളരിയായിരുന്നു അത്.

​വർഷങ്ങൾക്കുശേഷം 1931ൽ വട്ടമേശ സമ്മേളനത്തിനായി ലണ്ടനിലെത്തിയ ഗാന്ധിജി പഴയ ലണ്ടൻ മോഹിയായ യുവാവായിരുന്നില്ല. വലിയ ഹോട്ടലുകൾ ഉപേക്ഷിച്ച് ഈസ്റ്റ് ലണ്ടനിലെ ദരിദ്രരായ തൊഴിലാളികൾ താമസിക്കുന്ന കിങ്‌സ്‌ലി ഹാൾ അദ്ദേഹം തിരഞ്ഞെടുത്തു. അവിടെയുള്ള പാവപ്പെട്ടവർക്കൊപ്പം താമസിച്ച് അവരുടെ പ്രശ്നങ്ങൾ അദ്ദേഹം മനസ്സിലാക്കി. ബ്രിട്ടീഷ് മാധ്യമങ്ങ ളും ഭരണാധികാരികളും അദ്ദേഹത്തെ പരിഹസിച്ചപ്പോഴും ലണ്ടനിലെ സാധാരണ ജനങ്ങൾ ഗാന്ധിയെ സ്നേഹിച്ചു. അതിരാവിലെ ലണ്ടനിലെ ചേരിപ്രദേശങ്ങളിലൂടെ ഗാന്ധി നടക്കാനിറങ്ങുമായിരുന്നുവത്രേ. അവിടത്തെ കുട്ടികൾ ഗാന്ധിജിയെ സ്നേഹത്തോടെ ‘അങ്കിൾ ഗാന്ധി’ എന്ന് വിളിച്ചുവെന്നും ചരിത്രസ്മരണകളിൽ കാണാം.

മില്ലുകളിൽ ജോലിചെയ്തിരുന്ന തൊഴിലാളികൾക്കിടയിൽ ഗാന്ധി വലിയ സ്വീകാര്യത നേടി. ​​ഗാന്ധിജി ലണ്ടനിൽ വന്നപ്പോൾ അദ്ദേഹത്തിന്‍റെ ലളിതമായ വസ്ത്രം വലിയ ചർച്ചയായി. വിൻസ്റ്റൺ ചർച്ചിലിന് ഇത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഗാന്ധിജിയെ ‘അർധനഗ്നനായ ഫക്കീർ’ (Half-naked Fakir) എന്ന് പരിഹസിച്ചു. ജോർജ് അഞ്ചാമൻ രാജാവിനെ കാണാൻ ബക്കിങ് ഹാം കൊട്ടാരത്തിൽ പോയപ്പോൾ ഗാന്ധിജി തന്റെ പതിവ് ലളിതവസ്ത്രമാണ് ധരിച്ചിരുന്നത്.

‘‘രാജാവിനെ കാണാൻ പോകുമ്പോൾ കുറച്ചുകൂടി വസ്ത്രം ധരിക്കാമായിരുന്നില്ലേ?’’ എന്ന് ഒരാൾ ചോദിച്ചപ്പോൾ ഗാന്ധിജി ചിരിച്ചുകൊണ്ട് മറുപടി നൽകിയത് ‘‘അതിനെന്താ, ഞങ്ങൾക്ക് രണ്ടു പേർക്കും കൂടിയുള്ള വസ്ത്രം രാജാവ് ഒറ്റക്ക് ധരിച്ചിട്ടുണ്ടായിരുന്നല്ലോ!’’ എന്നായിരുന്നുവത്രേ.

​സാധാരണയായി പാർലമെന്റ് സ്ക്വയറിലെ പ്രതിമകൾ വളരെ ഉയർന്ന പീഠങ്ങളിലാണ് (Plinth) സ്ഥാപിക്കാറുള്ളത്. എന്നാൽ, ഗാന്ധിജിയുടെ പ്രതിമ താഴ്ന്ന പീഠത്തിലാണ്. സന്ദർശകർക്ക് അദ്ദേഹത്തിന്റെ അരികിൽ നിൽക്കുന്നതായി അനുഭവപ്പെടണം എന്ന ശിൽപിയുടെ താൽപര്യപ്രകാരമാണിത്. ഈ പ്രതിമയുടെ നിർമാണവേളയിൽ ശിൽപി ഫിലിപ് ജാക്സൺ പറഞ്ഞത്, ‘‘ഗാന്ധിജി തന്റെ ആത്മീയമായ കരുത്തുകൊണ്ട് ലോകത്തെ മാറ്റിമറിച്ച ആളാണ്, ആ കരുത്ത് അദ്ദേഹത്തിന്റെ വെങ്കലരൂപത്തിലും പ്രതിഫലിക്കണം’’ എന്നാണ്. തന്റെ ലളിതമായ വസ്ത്രത്തിലും ആഴത്തിലുള്ള നോട്ടത്തിലും ആ ശാന്തതയും ദൃഢനിശ്ചയവും കൊണ്ടുവരാൻ ശിൽപിക്ക് സാധിച്ചു.

​പാർലമെന്റ് സ്ക്വയറിലെ ഗാന്ധി പ്രതിമയുടെ നിർമാണവും അതിന്റെ സ്ഥാപനവും ഒട്ടേറെ പ്രത്യേകതകളുള്ള ഒന്നാണ്. ബ്രിട്ടീഷ് ഭരണസിരാകേന്ദ്രത്തിന്റെ ഹൃദയഭാഗത്ത് ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ പ്രതിമ ഉയരുന്നത് ചരിത്രപരമായ ഒരു വലിയ മാറ്റത്തിന്റെ അടയാളമായിരുന്നു. ഈ പ്രതിമ നിർമിക്കാനുള്ള പണം പൂർണമായും പൊതുജനങ്ങളിൽനിന്നാണ് കണ്ടെത്തിയത്. ‘ഗാന്ധി സ്റ്റാച്യൂ മെമ്മോറിയൽ ട്രസ്റ്റ്’ രൂപവത്കരിച്ച് വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും സംഭാവനകൾ സ്വീകരിച്ചു. ലണ്ടനിലെ സാധാരണക്കാർ മുതൽ വലിയ വ്യവസായികൾ വരെ ഇതിൽ പങ്കാളികളായി. 2015 മാർച്ച് 14നാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. അന്നത്തെ ഇന്ത്യൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, ഗാന്ധിജിയുടെ ചെറുമകൻ ഗോപാലകൃഷ്ണ ഗാന്ധി, ബോളിവുഡ് താരം അമിതാഭ് ബച്ചൻ എന്നിവർ ആ ചടങ്ങിൽ സന്നിഹിതരായിരുന്നു.

​പ്രതിമക്ക് മുന്നിൽ നിൽക്കുമ്പോൾ ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള സഞ്ചാരികൾ അദ്ദേഹത്തെ നോക്കി ബഹുമാനത്തോടെ സംസാരിക്കുന്നത് കേൾക്കാം. ‘‘അഹിംസയിലൂടെ ഒരു സാമ്രാജ്യത്തെ വിറപ്പിച്ച മനുഷ്യൻ’’ എന്ന് വിദേശികൾ പരസ്പരം പറയുന്നത് കേട്ടപ്പോൾ അഭിമാനംകൊണ്ട് കണ്ണുകൾ പിന്നെയും പിന്നെയും നിറഞ്ഞു. തോക്കുകളും വാളുകളുമല്ല, മറിച്ച് ആത്മബലമാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് ആ പ്രതിമ നിശ്ശബ്ദമായി ലോകത്തോട് വിളിച്ചുപറയുന്നതുപോലെ തോന്നി.

​ഗാന്ധിജിയുടെ ആശയങ്ങൾ ഏതെങ്കിലും ഒരു രാജ്യത്തിന്റേതല്ല, മറിച്ച് ലോകത്തിന്റേതുകൂടിയാണെന്ന അംഗീകാരംകൂടിയാണ് പാർലമെന്‍റ് സ്ക്വയറിലെ ഗാന്ധിപ്രതിമ. ആ ചതുരത്തിൽ ലണ്ടനിലെ മഴയിലും തണുപ്പിലും മങ്ങാതെ നിൽക്കുന്ന ആ പ്രതിമ, നമ്മോട് ഓർമിപ്പിക്കുന്നത് ഒന്നുമാത്രം: സത്യവും സ്നേഹവും എന്നും അന്തിമവിജയം നേടുകതന്നെ ചെയ്യും.

​‘‘The man who led a revolution without bullets!’’

ഗൈഡ് കൂടെയുള്ളവർക്ക് വിശദീകരിച്ചു കൊടുക്കുന്നു. ലോകത്തെ വിറപ്പിച്ച സാമ്രാജ്യത്വശക്തികൾക്കു മുന്നിൽ തോക്കില്ലാതെ പോരാടിയ ഒരു മനുഷ്യനോടുള്ള ബഹുമാനം ആ വാക്കുകൾ കേട്ടുനിൽക്കുന്ന ഓരോ വിദേശിയുടെയും മുഖത്ത് കാണാമായിരുന്നു.

വെടിയുണ്ടകളില്ലാതെ വിപ്ലവം നയിച്ച മനുഷ്യൻ..!

പ്രതിഷേധങ്ങളുടെ വേദികൂടിയാണ് പാർലമെന്‍റ് സ്ക്വയർ. ചരിത്രപ്രസിദ്ധമായ പ്രതിമകൾക്ക് നടുവിൽ പലപ്പോഴും ആളുകൾ പ്ലക്കാർഡുകളുമായി പ്രതിഷേധിക്കുന്നത് കാണാം. അധികാരികളുടെ മൂക്കിന് താഴെ ജനാധിപത്യപരമായ പ്രതിഷേധങ്ങൾ നടത്താനുള്ള ഈ സ്വാതന്ത്ര്യം പാർലമെന്റ് സ്ക്വയറിനെ ജീവസ്സുറ്റതാക്കുന്നു.

​അൽപനേരം പാർലമെന്റ് സ്ക്വയറിലെ ആ പുൽത്തകിടിയിൽ ഇരുന്നു. മഴയേറ്റ് നനഞ്ഞ പുല്ലിൽ, മനസ്സിൽ വിവിധ വികാരങ്ങൾ അലയടിച്ചു. ഒരു വശത്ത് സ്വേച്ഛാധിപത്യംകൊണ്ട് ലോകത്തെ അടക്കിഭരിച്ച കുറേ മനുഷ്യർ, മറുവശത്ത് അവരെ സമാധാനംകൊണ്ടും ധീരതകൊണ്ടും നേരിട്ട ഗാന്ധിജിയും മണ്ടേലയും എബ്രഹാം ലിങ്കണും. അധികാരം, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവയുടെ ഒരു വലിയ സംഗമഭൂമിയിലാണ് ഞാനിരിക്കുന്നത്!

അധികാരത്തിന്റെ ദംഷ്ട്രകൾകൊണ്ട് ഭൂപടങ്ങളെ കീറിമുറിച്ചവരും, സ്നേഹത്തിന്റെ ലളിതയുക്തികൊണ്ട് ലോകത്തെ അതിശയിപ്പിച്ചവരും ഇവിടെ തോളോടുതോൾ ചേർന്നുനിൽക്കുന്നു.

ഒരു വിദേശി അഞ്ചോ ആറോ വയസ്സുള്ള തന്റെ മകന് ഗാന്ധിയെ പരിചയപ്പെടുത്തിക്കൊടുക്കുന്നത് ശ്രദ്ധിച്ചു:

‘‘He is the man who taught the world that peace is more powerful than any empire.’’

ലോകത്തിലെ ഏതൊരു സാമ്രാജ്യത്തേക്കാളും ശക്തി സമാധാനത്തിനാണെന്ന് പഠിപ്പിച്ച മനുഷ്യനാണീ നിൽക്കുന്നതെന്ന വാക്കുകൾ കേട്ടപ്പോൾ ഉറക്കെ വിളിച്ചുപറയാൻ തോന്നി...

‘‘നോക്കൂ... ആ മനുഷ്യന്‍റെ നാട്ടിൽ നിന്നാണ് ഞാൻ വരുന്നത്...’’

എഴുന്നേറ്റ് വീണ്ടും ഗാന്ധിക്കടുത്തേക്ക് ചെന്നു. ഗാന്ധിയെ പതിയെ ഞാനൊന്നു തൊട്ടു. ആ പ്രതിമയിൽ എന്റെ വിരലുകൾ അമർന്നപ്പോൾ, കാലം ഒരു നിമിഷം നിശ്ചലമായതുപോലെ തോന്നി. കല്ലിലല്ല, മറിച്ച് ഒരു യുഗത്തിന്റെ ചൈതന്യത്തിലാണ് ഞാൻ സ്പർശിച്ചതെന്ന് ഉള്ളം മന്ത്രിച്ചു. പണ്ട് ബഷീർ ഗാന്ധിയെ നേരിട്ട് തൊട്ടപ്പോൾ അനുഭവിച്ചിരിക്കാവുന്ന വിദ്യുത് തരംഗങ്ങൾ എന്തായിരിക്കുമെന്ന ചിന്ത ഉള്ളിൽ നിറഞ്ഞപ്പോൾ ഹൃദയമിടിപ്പിന്റെ താളമെന്നോണം അൻവർ അലിയുടെ ‘ഗാന്ധിത്തൊടൽമാല’യിലെ വരികൾ ഉള്ളിൽ ഇരമ്പിക്കയറി...

‘‘തൊട്ടു ഞാനുമ്മാ! ഗാന്ധിയെ

തൊട്ടു ഞാനുമ്മാ!

പട്ടുപോലെ നനുത്ത തോളിൽ

തൊട്ടു ഞാനുമ്മാ!’’

‘ബിഗ് ബെന്നി’ലെ മണിമുഴക്കങ്ങളേക്കാളും ഉച്ചത്തിൽ പാർലമെന്റ് സ്ക്വയറിലെ ആ ഗാന്ധിപ്രതിമ നിശ്ശബ്ദമായ ഒരു സന്ദേശം ഏതൊരു കോലാഹലത്തേക്കാളും ഉച്ചത്തിൽ ലോകത്തോട് വിളിച്ചുപറയുന്നതുപോലെ.

‘‘അഹിംസയാണ് ലോകത്തിലെ ഏറ്റവും വലിയ വിപ്ലവം!’’

(അവസാനിച്ചു)

News Summary - London travalogue