Begin typing your search above and press return to search.
proflie-avatar
Login

'യാത്രയിതു തുടരുന്നു '; ജോൺ പോളിന്റെ ട്രെയിൻ യാത്രാനുഭവങ്ങൾ

യാത്രയിതു തുടരുന്നു ; ജോൺ പോളിന്റെ ട്രെയിൻ യാത്രാനുഭവങ്ങൾ
cancel

'കൂ... കൂ... കൂ... തീവണ്ടി... കൂകിപ്പായും തീവണ്ടി...'

ട്രെയിൻ നേരിൽ കാണുംമുമ്പേ പാടി പഠിച്ച പാട്ട് മനസ്സിൽ വരച്ചുതന്ന ഒരു ചിത്രമുണ്ട്. അതിനൊപ്പം കുരുന്നുഭാവന ഇഴചേർന്ന ചുറ്റുവൃത്തവും... പുക തുപ്പിപ്പാഞ്ഞുവരുന്ന തീവണ്ടി. കൽക്കരി തിന്നുന്ന തീവണ്ടി. ആവി വമിപ്പിക്കുന്ന തീവണ്ടി. (നെറ്റി ചുളിക്കേണ്ട, ഇലക്ട്രിക് ട്രെയിനും ഡീസൽ ട്രെയിനും വരും മുമ്പൊരു കാലമുണ്ടായിരുന്നു. ആ കാലത്തെ കഥയാണീക്കഥ!)

കുതിച്ചുപായുന്ന തീവണ്ടി. കിതച്ചുനിൽക്കുന്ന തീവണ്ടി. പതിഞ്ഞും തെളിച്ചും കൂവിയാർക്കുന്ന തീവണ്ടി. ചുവപ്പ്, മഞ്ഞ, പച്ച വെളിച്ചങ്ങൾ പകലും ഗതിഭരിക്കുംമുമ്പ് പകലുകളിൽ ഉയരുകയും താഴുകയും ചെയ്യുന്ന കൈചൂണ്ടികളുടെ വഴിനിർദേശങ്ങൾക്കൊത്ത് പഞ്ചപുച്ഛമടക്കി കിതപ്പൊതുക്കിനിൽക്കുകയും വീർപ്പെടുത്ത് മുന്നോട്ടു കുതിക്കുകയും ചെയ്യുന്ന തീവണ്ടി. നേരിൽ കാണുമ്പോൾ പാടിപ്പതിഞ്ഞ ചിത്രത്തിനും ഇണങ്ങിച്ചേർന്ന രീതിവട്ടങ്ങൾക്കും തെല്ലുമില്ല മാറ്റം. സന്തോഷവും വിസ്​മയവും ഒരേസമയം തോന്നിച്ച ആദ്യകാഴ്ച.

തീവണ്ടിയിൽ കയറുംമുമ്പേതന്നെ, കയറിയാലുള്ള ഉദ്വേഗമത്രയും പകർന്നുതന്നു അനുയാത്ര. മൂത്ത ജ്യേഷ്ഠൻ ധർവാറിലും രണ്ടാമത്തെ ജ്യേഷ്ഠൻ ബോംബെയിലും പഠിത്തം. അവധിക്കാലം കഴിഞ്ഞുള്ള മടക്കം തീവണ്ടിയിൽ. കൊച്ചിൻ ഹാർബർ ടെർമിനസിൽനിന്നാണ് ട്രെയിനുകളുടെ തുടക്കം. അടുത്ത ബന്ധുവിൽനിന്ന് കടം വാങ്ങിയ കാറിൽ സ്​റ്റേഷനിൽകൊണ്ടു യാത്രയാക്കും. മടങ്ങുമ്പോൾ പുക തുപ്പി ട്രെയിനും ഒപ്പം പുറപ്പെടും. കായൽ നികത്തിയെടുത്ത ഐലൻഡിെൻറ ഹൃദയത്തിലൂടെ റെയിൽപ്പാളങ്ങൾക്ക് സമാന്തരമായി നീളുന്ന റോഡിൽ തീവണ്ടിയും കാറും ആരാരാദ്യം മുന്നിലെന്നവണ്ണം കുതിച്ചും മുന്നിട്ടും പിന്തള്ളിയും മത്സരിച്ചോടുമ്പോൾ ഒരുവശത്ത് ആകാശപ്പക്ഷികൾ പറന്നിറങ്ങുന്ന നേവിയുടെ വിമാത്താവളം; മറുവശത്ത് ആഴിനടുവിൽനിന്നെടുന്ന കപ്പലുകൾക്ക് ചാലൊരുക്കി വിസ്​തൃതമായ കായൽ: ഉപഗ്രഹങ്ങളായി ഫെറിബോട്ടുകളും കടത്തുവള്ളങ്ങളും ചെറുതോണികളും. തേവരപ്പാലത്തിനടുത്തെത്തുംവരെ റെയിലും റോഡും ഒപ്പത്തിനൊപ്പം. തേവര ഹാൾട്ടിൽ വഴിപിരിയും വരെ ട്രെയിനിൽനിന്നിങ്ങോട്ടും കാറിൽനിന്നങ്ങോട്ടും ഉയർന്നു വീശുന്ന കൈകളും കൈലേസുകളും. ഹാൾട്ട് കഴിഞ്ഞാൽ കാഴ്ച മറഞ്ഞു. ഇനി കാണുക അടുത്ത അവധിക്കാലത്തിന്. ആ നൊമ്പരം കനംതൂങ്ങുന്ന മനസ്സുമായി വീട്ടിലേക്ക്.


ആദ്യമായൊരു ട്രെയിൻയാത്ര ചാലക്കുടിക്ക്. അതുമൊരവധിക്കാലത്ത്. കൊച്ചമ്മയുടെ വീട് പരിയാരത്തായിരുന്നു. കയറിയിരുന്നു കൊതിമാറുംമുമ്പേ അങ്ങെത്തിപ്പോകുന്ന ഹ്രസ്വയാത്ര. പരിയാരത്തെ വിസ്​തൃതമായ പുരയിടത്തിന്റെ മുന്നിലൂടെ പോകുന്ന േട്രാളി ട്രാക്കിനും അതിലൂടെ വല്ലപ്പോഴും പോകുന്ന പല്ലുചക്രം പിടിപ്പിച്ച റോപ്വേ കാബിനുകൾക്കും ഒരർധ ട്രെയിൻ ഇഫക്ട്!

ദീർഘയാത്ര തരമാകുന്നത് മൂന്നാം ക്ലാസ്​ കഴിഞ്ഞുനിൽക്കുമ്പോൾ. പാലക്കാടിനടുത്ത് ചിറ്റൂരിലായിരുന്നു അപ്പന് സ്​ഥലംമാറ്റമായതോടെ പിന്നീടൊരു കൊല്ലം പഠനം. രാത്രി വണ്ടി. ടെർമിനസിൽനിന്ന് പുറപ്പെട്ടാൽ ഒലവക്കോട്ടെത്താൻ പുലർച്ചയാകും (ഇന്ന് ഒലവക്കോടില്ല, പാലക്കാടു മാത്രം!) രാത്രി മുഴുവൻ യാത്ര. പകൽ കാഴ്ചകളേക്കാൾ സുന്ദരം രാത്രികാഴ്ചകൾ. കാറ്റുവീശുന്നതൊഴിവാക്കി ഷട്ടറിട്ടപ്പോൾ നിരാശ. വണ്ടിയുടെ മൂളക്കത്തിനും ആടിയുലഞ്ഞുള്ള തുടിതാളത്തിനുമൊപ്പം തുളുമ്പി ബെർത്തിൽ കിടന്നപ്പോൾ മറ്റു വിളക്കുകളണഞ്ഞ് മുകളിലൊരു നീലവെളിച്ചം മാത്രം. സ്വപ്നങ്ങളെ വിളിച്ചുവരുത്തുന്ന നീലിമ; രാത്രിയെ സുന്ദരിയാക്കുന്ന നീലകമ്പളം. (ബഷീറിന്റെ 'നീലവെളിച്ചം' വായിക്കുന്നത് എത്രയോ പിന്നീട്!) അന്നുതൊട്ടിന്നിപ്പോഴും അരണ്ട നീലവെളിച്ചം മാത്രമായാൽ സ്വിച്ചിട്ടതുപോലെ സ്വപ്നങ്ങൾ ഉണരും. ഛക്ഛക് ഭേരിയിൽ മേഘത്തുണ്ടുകൾപോലെ അമൂർ ബിംബങ്ങൾ ചാഞ്ചാടി നിഴൽനൃത്തം. മനസ്സ് ഈയലാടി നിവർത്തിക്കുന്ന സ്വൈരസഞ്ചാരം. എവിടെനിന്നോ കാതിലൊഴുകിയെത്തുന്ന അലൗകിക സംഗീതം. അതൊരു സൈക്കഡലിക് ട്രാൻസിന്റെ വിഭ്രാത്മക പരിവൃത്തം!) വല്ലപ്പോഴുമൊരിക്കൽ പാലക്കാട്ടെത്തുമ്പോൾ കാണാവുന്ന മീറ്റർഗേജ് വണ്ടികൾ. മനുഷ്യരേക്കാളേറെ മൃഗങ്ങളെയും അതിലേറെ ലഗേജും കുത്തിനിറച്ച വണ്ടികളുടെ ഗമ്യകേന്ദ്രം പൊള്ളാച്ചിയോ മറ്റോ! ഒരുവർഷത്തിലേറെ ചിറ്റൂരുണ്ടായിരുന്നിട്ടും ട്രെയിൻയാത്ര ആദ്യവട്ടം മാത്രം. പിന്നെ· യാത്രകൾ കുതിരാൻ മല കയറിയിറങ്ങി ബസിൽ!

കൊച്ചിയുടെ മടിയിൽ തിരിച്ചെത്തി; താമസം കതൃക്കടവിലായപ്പോൾ പഠനം ലിസി ഹോസ്​പിറ്റലിനടുത്ത് സെൻറ് അഗസ്​റ്റിൻസ്​ സ്​കൂളിൽ. രാവിലെയും ഉച്ചക്കും വൈകീട്ടും വരുന്നതും പോകുന്നതും റെയിൽപ്പാളങ്ങളുടെ ഓരത്തുകൂടി. ക്ലാസിലിരുന്നാൽ അമ്പതടി ദൂരത്തിലൂടെ തലങ്ങും വിലങ്ങും പായുന്ന തീവണ്ടികളുടെ ഭേരി. ഓരോ പീരിയഡിലും ആ വഴിപോകുന്ന ട്രെയിനുകൾ ഹൃദിസ്​ഥമായതോടെ ഞങ്ങൾക്ക് സ്വന്തമായൊരു റെയിൽവേ ടൈംടേബിളുണ്ടായി.

പിന്നപ്പിന്നെ ജീവിതവഴിയിൽ ഒരുപാടൊരുപാട് ട്രെയിനുകൾ. സമയം പാലിച്ചും തെറ്റിച്ചും അവ ഓട്ടം തുടർന്നു. കൂടെ ഞാനും. അതിനകം കൽക്കത്തയിലായിരുന്ന വല്യേട്ടെൻറയടുത്തേക്കൊരു ദീർഘയാത്ര, മദിരാശി വഴി. സെൻട്രൽ സ്​റ്റേഷൻ കണ്ടപ്പോൾ വിസ്​മയം! അതെത്ര നിസ്സാരമെന്ന് തോന്നി ഹൗറയിലെത്തിയപ്പോൾ! മൂന്ന് പകലും രാത്രിയും നീളുന്ന യാത്ര. മൺകപ്പിൽ കിട്ടുന്ന ചായയും ഭക്ഷണവും. ട്രെയിനിൽനിന്ന് ഗംഗയുടെ കൈവഴിയിൽ വഴിപാടായി നാണയങ്ങൾ എറിഞ്ഞിടുന്ന ഭക്തരുടെ ചിത്രം. വീണ്ടുമൊരു കൽക്കത്ത യാത്ര വർഷങ്ങൾ കഴിഞ്ഞു. മദിരാശിയിൽ കൂട്ടുപിരിഞ്ഞ ചേട്ടത്തിയും മകളും ഒരു ട്രെയിനിലും പിറകെ മറ്റൊരു ട്രെയിനിൽ റിസർവേഷനില്ലാതെ തിങ്ങിനിറഞ്ഞ ബഹുഭാഷക്കാർക്കിടയിൽ പരുങ്ങി ഞാനും!

യാത്ര എന്നും ലഹരിയായിരുന്നു. ബസ്​യാത്രയും ട്രെയിൻയാത്രയും ഒരു പോലെ. ദിവസങ്ങൾ നീളുന്ന യാത്രകൾക്ക് എപ്പോഴും ട്രെയിനിനോടായിരുന്നു കമ്പം. സിനിമ നിയോഗമായപ്പോൾ വിമാനത്തിലാകാം യാത്രയെന്നായി. അപ്പോഴും ട്രെയിനിനെ കൈവിട്ടില്ല. ഇടക്കൊരു യാത്ര മനസ്സിൽ ഇരുണ്ടുനിൽക്കുന്നു. മുമ്പേപോയ ട്രെയിൻ വാണിയമ്പാടിയിൽ അപകടത്തിൽപ്പെട്ട് ദുരന്തം വിതച്ചപ്പോൾ കുടിവെള്ളവും വെളിച്ചവുമില്ലാതെ ദൂരെ പിറകെ ഒരു വെളിമ്പ്രദേശത്ത് ഒരു പകുതി പകലും അത്രതന്നെ രാത്രിയും നരകിച്ചു കഴിയേണ്ടിവന്ന ഓർമ.


വേറെയുമുണ്ട് ഭീതിപ്പെടുത്തുന്ന മറ്റൊരോർമ. ഭരതനും പവിത്രനുമൊത്ത് മദിരാശിയിൽനിന്ന് മടങ്ങുകയായിരുന്നു. ഫസ്​റ്റ് ക്ലാസിൽ ഞങ്ങൾക്കെതിരെയുള്ള സീറ്റിൽ ഇരുന്നിരുന്ന പുരുഷന് പെട്ടെന്ന് ദേഹാസ്വാസ്​ഥ്യം. പ്രഥമ ശുശ്രൂഷ എടുക്കും മുമ്പേ ഹൃദയസ്​തംഭനം. ട്രെയിൻ ആർക്കോണം കഴിഞ്ഞിട്ടേയുള്ളൂ. കാട്പാടിയാണ് അടുത്ത സ്​റ്റേഷൻ. മരിച്ച ആളോടൊപ്പം സാധുവായ ഭാര്യ മാത്രം. അപ്രതീക്ഷിതമായ ആഘാതത്തിൽനിന്നപ്പോഴും മോചിതയാകാത്ത· അവരുടെ മുന്നിൽ റെയിൽവേ അധികൃതർ കർക്കശമായി നിയമം പറഞ്ഞു: 'ബോഡി കാട്പാടിയിലിറക്കണം' (പാസഞ്ചർ എത്ര പെട്ടെന്നാണ് 'ബോഡി'യായത്). അശരണയായ സ്​ത്രീ. ഇടിത്തീപോലെ വന്നുപതിച്ച വൈധവ്യം. ഭാഷയറിയില്ല. കൈയിൽ പണവും കുറവ്. പരിചയക്കാരാരുമില്ലാതെ ഭർത്താവിന്റെ മൃതശരീരവുമായി കാട്പാടിയിൽ എത്തിയിട്ട് അവരെന്തു ചെയ്യും? എല്ലാം വേണ്ടതുപോലെ ചെയ്യുമെന്ന് അധികൃതർ ഉറപ്പു നൽകിയെങ്കിലും അനിശ്ചിതമായ അങ്ങനെയൊരു സന്ധിയിലേക്ക് ആ സന്ദർഭത്തിൽ അവരെ ഉപേക്ഷിച്ചിറക്കാൻ മനസ്സു വന്നില്ല. ഭരതനും പവിത്രനും സൗമ്യമായി അപേക്ഷിച്ചുനോക്കി. രക്ഷയില്ല. കയർത്ത് സംസാരിച്ചുനോക്കി. നിയമം നിയമംതന്നെ. അങ്ങനെ വിട്ടുകൊടുക്കാനാവില്ലെന്ന് ഞങ്ങൾക്കും തോന്നി. ഞങ്ങളോടൊപ്പം ചേരാൻ യാത്രക്കാരിൽ ഒരുപാട് പേരുണ്ടായിരുന്നു. കാട്പാടിയിലെത്തിയപ്പോൾ ഞങ്ങൾ സംഘമായി റെയിൽപ്പാളത്തിൽ എൻജിനു മുന്നിൽ കുത്തിയിരുന്നു. ബോഡിയുമായി യാത്ര തുടരാൻ ആ സ്​ത്രീയെ അനുവദിക്കാമെന്ന് തീരുമാനമാകുംവരെ സമരം തുടർന്നു. അവരുടെ ബന്ധുക്കളെ വിവരമറിയിച്ചിരുന്നു. അവർ പാലക്കാട്ടെത്തും. അതുവരെ ഫസ്​റ്റ് ക്ലാസ്​ ബേ അവർക്കൊഴിഞ്ഞു കൊടുത്ത് ഞങ്ങൾ അവർക്ക് കൂട്ടിരുന്നു. കരഞ്ഞുവറ്റിയ കണ്ണുകളുമായി പാലക്കാട്ട് ബന്ധുക്കൾ വന്ന് ബോഡി ഇറക്കുമ്പോൾ തല താഴ്ത്തി പിറകെയിറങ്ങിയ ആ സ്​ത്രീ ഡോറിനരികിൽ ചെന്നപ്പോൾ തിരിഞ്ഞുനിന്ന് കൈകൾ കൂപ്പി. ആ മുഖം, അതിപ്പോഴും മനസ്സിലുണ്ട്. പിന്നീട് ആ ബെർത്തിൽ ആരും കിടന്നില്ല. ഒരാന്തലോടെ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു, ആ ബേയിലെ നീലവെളിച്ചം കത്തിയിരുന്നില്ല. സ്വപ്നങ്ങൾ തെളിയാതെ മറഞ്ഞുനിൽക്കുകയായിരുന്നു. സ്വപ്നങ്ങൾക്കും മരണത്തെ ഭയമായിരുന്നു.

അന്നൊരു കാര്യം ഉറപ്പായി– മരിച്ചുകഴിഞ്ഞാൽപിന്നെ സ്വപ്നങ്ങളില്ലെന്ന്! അതോ മറിച്ചാണോ പറയേണ്ടത്? മരിക്കുന്നതേ ഒരു സ്വപ്നമായി വിലയം പ്രാപിച്ചുകൊണ്ടാണെന്നും പിന്നെയില്ലാതാകുന്നത് ഈ പ്രജ്ഞയാണെന്നും? അറിയില്ല... മരിക്കട്ടെ... മരിക്കുമ്പോഴറിയാമല്ലോ...

പലപ്പോഴായി വിദേശങ്ങളിൽ പോയിട്ടുള്ളപ്പോഴൊക്കെ തരംകിട്ടിയാൽ ട്രെയിനിലാക്കി തുടർയാത്രകൾ. ഭൂമിക്കടിയിലെ റെയിൽവേ സഞ്ചാരങ്ങളും ഭൂമിനിരപ്പിൽനിന്നുയർന്ന പാളങ്ങളിലൂടെയുള്ള സഞ്ചാരങ്ങളും മാത്രമല്ല, കടലിനടിയിലൂടെയുള്ള ട്രെയിൻയാത്രയും അങ്ങനെ രുചിയറിഞ്ഞു.

കഴിഞ്ഞ ആറുവർഷമായി ആരോഗ്യ കാരണങ്ങളാൽ ട്രെയിൻയാത്ര കഴിയുന്നില്ല. ട്രെയിൻ കടന്നുപോകുമ്പോഴൊക്കെ വല്ലാത്ത നഷ്​ടബോധം. ചികിത്സ കുറച്ചുകൂടി പുരോഗമിച്ചാൽ ഭാഗ്യമുണ്ടെങ്കിൽ അടുത്തവർഷം ട്രെയിനിൽ കയറാനാകും വീണ്ടും. അതൊരു പ്രതീക്ഷയായി പ്രത്യാശ നൽകുന്നു. നീലവെളിച്ചത്തിൽ സ്വപ്നങ്ങൾ കണ്ട് കാതിലൊഴുകിയെത്തുന്ന മന്ത്രസംഗീതത്തിൽ ലയിച്ച് ആ സൈക്കഡലിക് ട്രാൻസിൽ ഭാരമില്ലാത്ത ഒരു പഞ്ഞിത്തുണ്ടുപോലെ അമൂർത്ത ബിംബങ്ങൾക്കിടയിൽ ഒഴുകിനടക്കാൻ ഞാനിന്ന് ഏറ്റവും കൊതിക്കുന്നു.


എന്തിന്? മനസ്സിന്റെ പാളങ്ങളിൽ ഛക്ഛക് ഭേരിയിൽ ആടിയുലഞ്ഞ് ആ തുടിയിൽ സ്വയം രമിച്ച് സ്വപ്നങ്ങളിൽ പറന്നുതന്നെയാണല്ലോ, അല്ലെങ്കിലിപ്പോഴും ഞാൻ സഞ്ചരിക്കുന്നത്. കൂ... കൂ... കൂകിപ്പാഞ്ഞു പച്ച മഞ്ഞ ചുവപ്പുവെട്ട വൃ·ങ്ങളുടെ ആജ്ഞകൾ അനുസരിച്ചും തെറ്റിച്ചും സമയത്തിന് വഴങ്ങിയും വിഘടിച്ചും കുതിച്ചും കിതച്ചും യാത്രയിതു തുടരുകയല്ലേ... ടെർമിനസ്​ എവിടെയെന്ന്, എപ്പോഴെന്ന് ആരറിയുന്നു!

വാരാദ്യമാധ്യമം ലക്കം 1173 പ്രസിദ്ധീകരിച്ചത്

Show More expand_more
News Summary - John Paul train travel travel memories