ആഫ്രിക്കൻ മക്കയിലെ ചരിത്രവീഥികൾ

അധ്യായം -15 ഹോട്ടൽ നടത്തിപ്പുകാരൻ ഏർപ്പാടാക്കിയ ഉമർ എന്ന ഗൈഡുമായി ഞാൻ നഗരം ചുറ്റാനിറങ്ങി. ഹരാറിലെ കോട്ടക്ക് അഞ്ചു കവാടങ്ങളുണ്ട്. ‘ബുധ ബാരി’ എന്ന കവാടത്തിനരികിലാണ് ഞങ്ങളാദ്യം എത്തിയത്.‘‘നിങ്ങളീ കാണുന്ന കോട്ടമതിൽ പുതുക്കിപ്പണിതതാണ്. പൈതൃകപദവി ലഭിച്ചശേഷം യുനെസ്‌കോ ആണ് അതിന് മുൻകൈയെടുത്തത്. ആളുകൾ കോട്ടക്കകത്തെ വീടുകളെല്ലാം ചായമടിക്കുന്ന തിരക്കിലാണ്. റമദാൻ മാസമല്ലേ വരാൻപോകുന്നത്. മദീനയിൽ ആളുകൾ ഇസ്ലാം സ്വീകരിക്കുന്നതിന് എട്ടു വർഷം മുമ്പുതന്നെ ഹരാറിൽ അത് അംഗീകരിക്കപ്പെട്ടു എന്നാണ് ഇവിടുള്ള പഴമക്കാർ പറയുക. അതിനു തെളിവുകൾ ഒന്നുമില്ലെങ്കിലും ചരിത്രരേഖകൾ പരിശോധിച്ചാൽ എണ്ണൂറു...
Your Subscription Supports Independent Journalism
View Plansഅധ്യായം -15
ഹോട്ടൽ നടത്തിപ്പുകാരൻ ഏർപ്പാടാക്കിയ ഉമർ എന്ന ഗൈഡുമായി ഞാൻ നഗരം ചുറ്റാനിറങ്ങി. ഹരാറിലെ കോട്ടക്ക് അഞ്ചു കവാടങ്ങളുണ്ട്. ‘ബുധ ബാരി’ എന്ന കവാടത്തിനരികിലാണ് ഞങ്ങളാദ്യം എത്തിയത്.
‘‘നിങ്ങളീ കാണുന്ന കോട്ടമതിൽ പുതുക്കിപ്പണിതതാണ്. പൈതൃകപദവി ലഭിച്ചശേഷം യുനെസ്‌കോ ആണ് അതിന് മുൻകൈയെടുത്തത്. ആളുകൾ കോട്ടക്കകത്തെ വീടുകളെല്ലാം ചായമടിക്കുന്ന തിരക്കിലാണ്. റമദാൻ മാസമല്ലേ വരാൻപോകുന്നത്. മദീനയിൽ ആളുകൾ ഇസ്ലാം സ്വീകരിക്കുന്നതിന് എട്ടു വർഷം മുമ്പുതന്നെ ഹരാറിൽ അത് അംഗീകരിക്കപ്പെട്ടു എന്നാണ് ഇവിടുള്ള പഴമക്കാർ പറയുക. അതിനു തെളിവുകൾ ഒന്നുമില്ലെങ്കിലും ചരിത്രരേഖകൾ പരിശോധിച്ചാൽ എണ്ണൂറു വർഷങ്ങൾക്കുമുമ്പ് ഇസ്ലാം മതത്തിന്റെ പ്രചാരണാർഥം അബാദിർ എന്ന സിദ്ധൻ മറ്റു കുറച്ചു സിദ്ധന്മാരുമായി മക്കയിൽനിന്ന് കടൽ കടന്ന് ഇവിടെ എത്തിച്ചേർന്നതായി കാണാം. അദ്ദേഹത്തിന്റെ ശ്രമഫലമായി ഇവിടെയുണ്ടായിരുന്ന ഗോത്രവർഗക്കാർ തമ്മിലുള്ള വൈരം മറന്ന് ഇസ്ലാമിനു കീഴിൽ ഒന്നിച്ചു. അദ്ദേഹത്തെയാണ് ഞങ്ങൾ ഹരാറിന്റെ ദിവ്യനായി അംഗീകരിക്കുന്നത്’’ -ഉമർ വിശദീകരിച്ചു.
ജുഗോളിൽ അമ്പത് ഏക്കറിൽ 82 പള്ളികളുണ്ട്. 18ാം നൂറ്റാണ്ടിലെ പ്രധാന ഇസ്ലാം മത പഠനകേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഹരാർ. മക്കയിൽനിന്ന് ഹറാറിലേക്ക് വിവിധ മതപണ്ഡിതന്മാർ കുടിയേറിയിരുന്നു. ഇവരുടെ പേരിൽ ഹരാറിൽ 102 ആരാധനാലയങ്ങളുണ്ട്. അതുകൊണ്ട് ‘മദീനത്തുൽ ഔലിയ’ അഥവാ ‘വിശുദ്ധരുടെ നഗര’മായിട്ടാണ് ഹാരാർ അറിയപ്പെടുന്നത്. ആഫ്രിക്കയിൽ ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചതുകൊണ്ടാണ് ‘ആഫ്രിക്കൻ മക്ക’ എന്ന പേര് ലഭിച്ചത്. കിഴക്കൻ ആഫ്രിക്കയിലെ മുസ്ലിംകൾ നാലാമത്തെ പുണ്യസ്ഥാനമായി അംഗീകരിക്കുന്നതും ഹരാറിനെയാണ്.
ക്രിസ്തുമതത്തിന്റെ ഈറ്റില്ലങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഇത്യോപ്യയിൽ ഇസ്ലാം മതം പ്രചരിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല. ഹരാറികൾ ചുറ്റുമുണ്ടായിരുന്ന ക്രിസ്ത്യൻ ഒറോമോ ആളുകളിൽനിന്ന് നിരന്തരം ഭീഷണികൾ നേരിട്ടു. പലപ്പോഴും അത് യുദ്ധത്തിൽ കലാശിച്ചു. ഹരാറികളുടെ സംരക്ഷണാർഥമാണ് 13ാം നൂറ്റാണ്ടിൽ പട്ടണത്തിനു ചുറ്റും മൂന്നര കിലോമീറ്റർ ചുറ്റളവിൽ അഞ്ചു മീറ്റർ ഉയരമുള്ള കോട്ടമതിൽ പണിതത്. ഇസ്ലാം മതത്തിന്റെ അഞ്ചു തൂണുകളെ പ്രതിനിധാനം ചെയ്യുന്നവയാണ് അഞ്ചു കവാടങ്ങളും.
മുസ്ലിംകൾക്ക് മാത്രമേ കോട്ടക്കുള്ളിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ. 16ാം നൂറ്റാണ്ടിനും 19ാം നൂറ്റാണ്ടിനും ഇടയിൽ ഹരാർ ഒരു പ്രധാന വാണിജ്യകേന്ദ്രമായി മാറി. ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളിലേക്കും, അറേബ്യയിലേക്കും ഇന്ത്യയിലേക്കും വാണിജ്യബന്ധമുണ്ടായിരുന്നു. ഈ രാജ്യങ്ങളിൽ ഇസ്ലാം മതം പ്രചരിപ്പിക്കാൻ ആ ബന്ധം ഉപകരിച്ചു.
ചരിത്രം വിശദീകരിച്ചശേഷം ഉമർ ഒരു ഓട്ടോ വിളിച്ചു. നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. കഴുതപ്പുലികൾക്ക് ‘അന്നദാനം’ എന്നത് ഹരാറിലെ മുസ്ലിം സിദ്ധന്മാർ തുടങ്ങിവെച്ച പാരമ്പര്യമാണ്. 19ാം നൂറ്റാണ്ടിൽ പ്രദേശത്തുണ്ടായിരുന്ന കഴുതപ്പുലികൾ സ്ഥിരമായി ആടുമാടുകളെ ആക്രമിച്ചപ്പോൾ ഒരു സിദ്ധൻ ഇടപെട്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം എല്ലാ ദിവസവും രാത്രിയിൽ കഴുതപ്പുലികൾക്ക് ആളുകൾ ഇറച്ചി നൽകിത്തുടങ്ങി. ആ ആചാരം ഇന്നും പിന്തുടരുന്നു.

ഹരാറിലെ ഒരു സൂഫി ആരധനാലയം,ഹരാറിലെ വഴിയരികിൽ കണ്ട ഒരു കച്ചവടക്കാരി
അന്നേ ദിവസം എങ്ങാനും കഴുതപ്പുലികൾ വന്നില്ലെങ്കിലോ എന്ന് മനസ്സിൽ അൽപം ആശങ്കയുണ്ടായിരുന്നു. കുറച്ചുദൂരം യാത്രചെയ്തു കാടുപിടിച്ച സ്ഥലത്തെത്തി. ദൂരെയൊരു മുസ്ലിം പള്ളി കാണാം. ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു. അവിടെ ഒരു സ്ത്രീ പൈസ പിരിക്കുന്നുണ്ട്. അവിടെ പോയി 500 രൂപ അടച്ചു. കുറച്ചുമാറി ഒരു ചെറിയ പറമ്പുണ്ട്. വലിയ വെളിച്ചമൊന്നുമില്ല. ആ വിജനമായ പ്രദേശത്ത് ബെഞ്ചിൽ ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു. അയാളുടെ മുന്നിൽ ഒരു കുട്ടയിൽ നിറയെ ഇറച്ചിക്കഷണങ്ങൾ.
എന്നെ അയാൾ അരികിൽ പിടിച്ചിരുത്തിയശേഷം പ്രത്യേകരീതിയിൽ ചൂളമടിച്ചു. ഒന്നും സംഭവിച്ചില്ല. ഉച്ചത്തിൽ എന്തൊക്കെയോ പേരുകൾ വിളിച്ചു. മെല്ലെ കാട്ടിനുള്ളിൽ കഴുതപ്പുലിയുടെ തിളങ്ങുന്ന രണ്ടു കണ്ണുകൾ കണ്ടു. അയാൾ ഒരു കഷണം പച്ച ഇറച്ചി എറിഞ്ഞുകൊടുത്തു. അത് സംശയിച്ച് സംശയിച്ചു പുറത്തേക്കു വന്നു. അയാൾ വീണ്ടും പേരുകൾ വിളിച്ചു. പതുക്കെ ഓരോരുത്തരായി നാലഞ്ചു കഴുതപ്പുലികൾ ഇറച്ചിക്കുവേണ്ടി അയാളുടെ അടുത്തെത്തി. അവർ അയാളുടെ കൈയിൽനിന്ന് ഇറച്ചി വാങ്ങി ഭക്ഷിച്ചു.
എന്നെക്കൊണ്ടും അവറ്റകൾക്ക് ഭക്ഷണം കൊടുപ്പിച്ചു. എന്റെ വായിൽ ഒരു ചെറിയ വടിക്കഷണം പിടിപ്പിച്ചിട്ട് അതിന്റെ അറ്റത്ത് ഇറച്ചി തൂക്കി. കഴുതപ്പുലി എന്റെ മുഖത്തിനരികിൽ വരെ വന്ന് ഇറച്ചി വലിച്ചെടുത്തു. കഴുതപ്പുലിക്ക് ഉന്നം അൽപം മാറിയെങ്കിൽ ‘മൂക്കില്ലാ മിത്ര’യായി ഞാൻ പരിണമിച്ചേനെ!
കഴുതപ്പുലി എന്ന് അവറ്റകളെ അഭിസംബോധന ചെയ്തപ്പോൾ പയ്യൻ എന്നെ തിരുത്തി. ‘‘ഞങ്ങൾ കഴുതപ്പുലി എന്ന് വിളിക്കാറില്ല. ഞങ്ങൾക്ക് ഇവർ യുവ പുരോഹിതന്മാരാണ്. ഇവരുടെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് ഞങ്ങളുടെ നാട്ടിൽ സമാധാനമുള്ളത്. ‘ആശുറ’ ദിനത്തിൽ ഇവർക്കായി ഞങ്ങൾ വലിയൊരു സദ്യ ഒരുക്കാറുണ്ട്. പട്ടണത്തിന്റെ നാലു കോണിലും സദ്യ നിരത്തും. ഇവർ വന്നില്ലെങ്കിൽ ദുശ്ശകുനമായിട്ടാണ് കണക്കാക്കുക.’’ വന്യതയും മനുഷ്യനും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന നിമിഷങ്ങൾ! നമുക്ക് ഭയമുണ്ടാക്കുന്ന മൃഗങ്ങൾ അവർക്ക് പുണ്യപുരുഷന്മാരാണ്. വിശ്വാസം എങ്ങനെയാണ് വന്യമൃഗങ്ങളെപ്പോലും മെരുക്കുന്നത് എന്നതിന് ഇതിലും വലിയ ഉദാഹരണമില്ല.
കൂടുതൽ ആളുകൾ എത്തിത്തുടങ്ങി. എല്ലാം വിദേശികളാണ്. മനുഷ്യനും മൃഗവും തമ്മിലുള്ള ഈ വിചിത്രമായ ആത്മബന്ധത്തിന്റെ സാക്ഷിയായി നിന്നുകൊണ്ട് ഞങ്ങൾ അവിടെനിന്ന് മടങ്ങി. പിറ്റേന്ന് രാവിലെ ഞങ്ങൾ പട്ടണത്തിലെ ഇടുങ്ങിയ തെരുവുകളിലൂടെ നടന്നു. പ്രധാനപ്പെട്ട ഒരു തെരുവിൽ മാത്രമാണ് കാറുകൾക്ക് പോകാൻ സാധിക്കുക. നാനൂറോളം വരുന്ന ബാക്കി തെരുവുകളിലൂടെ ഇരുചക്രവാഹനങ്ങൾ മാത്രമേ കടന്നുപോകൂ. കൂടുതലും തീപ്പെട്ടിക്കൂടുപോലുള്ള ചെറിയ ഒറ്റനില കെട്ടിടങ്ങളാണ്. വീടുകൾക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. ‘ലിവിങ് മ്യൂസിയം’ ആയിട്ടാണ് ഹാരാർ അറിയപ്പെടുന്നത്. പണ്ടത്തെ രീതിയിൽനിന്ന് അധികമൊന്നും വ്യതിചലിച്ചിട്ടില്ല എന്ന് ആ തെരുവുകളിലൂടെ നടക്കുമ്പോൾ ആർക്കും മനസ്സിലാകും.
തുടർന്ന് കോട്ടമതിൽ പണിത നൂർ മുഹമ്മദിന്റെ ആരാധനാലയത്തിലേക്കാണ് ഉമർ എന്നെ കൊണ്ടുപോയത്. അടുത്തെത്തിയപ്പോൾ ഭജന പാടുന്ന പോലെയുള്ള ശബ്ദം കേൾക്കാൻ തുടങ്ങി. ഒരാൾ ഉച്ചത്തിൽ പാടിക്കൊടുക്കുന്നതിനെ മറ്റുള്ളവർ ഏറ്റു പാടുന്നു. ഇടക്കിടെ അല്ലാഹുവിന്റെ നാമം ആലപിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. പരിചിതമല്ലാത്ത സംഗീതോപകരണങ്ങളുടെ ശബ്ദവും അവിടെ മുഴങ്ങുന്നുണ്ടായിരുന്നു.

‘‘ആരാധനാലയത്തിൽ സിക്രി നടക്കുകയാണ്. ഞങ്ങൾ സുന്നി മുസ്ലിംകളാണെങ്കിലും സൂഫി പാരമ്പര്യവും പിന്തുടരുന്നവരാണ്. ശരീഅത്ത് നിയമം അംഗീകരിക്കുന്നതിനൊപ്പം ജപത്തിനും ധ്യാനത്തിനും ഞങ്ങൾ പ്രാധാന്യം നൽകുന്നു’’ -ഉമർ കാര്യങ്ങൾ വിശദീകരിച്ചു.
ഞങ്ങൾ അങ്കണത്തിലേക്ക് പ്രവേശിച്ചു. ചെറിയൊരു മുറിക്കകത്ത് നിറയെ ആളുകൾ ഇരിക്കുന്നു. ശൈഖ് പാടുന്നത് ഏറ്റുപാടാൻ എല്ലാവരുടെയും കൈയിൽ പുസ്തകങ്ങളുണ്ട്. ചിലരുടെ കൈയിൽ കൈപ്പത്തിയുടെ നീളമുള്ള പരന്ന രണ്ട് തടിക്കഷണങ്ങളുണ്ട്. അത് കൊട്ടിക്കൊണ്ട് അവർ പാട്ടിന് താളമിടുന്നു. നിലത്തു വെച്ചിരുന്ന വലിയ ഡ്രം ഒരാൾ കൊട്ടുന്നുണ്ട്. തടിക്കഷണങ്ങളെ കബാൽ എന്നും, ഡ്രമ്മിനെ കറാബു എന്നുമാണ് വിളിക്കുക. ഇടക്ക് ചിലർ എഴുന്നേറ്റുനിന്ന് നൃത്തം ചവിട്ടുന്നതും കണ്ടു. അവരുടെ കൈയിൽ ചില ഇലകളുണ്ടായിരുന്നു.
ഹരാറി മുസ്ലിംകളുടെ വ്യത്യസ്തമായ ഉത്സവമായ ‘ഷുവാൽ ഈദി’നെ പറ്റിയുള്ള അറിവും ഉമർ എനിക്ക് പകർന്നുതന്നു. മൂന്നുദിവസത്തെ വാർഷിക ഉത്സവമാണ് ‘ഷുവാൽ ഈദ്’. എന്തെങ്കിലും കാരണത്താൽ റമദാൻ വ്രതം മുടങ്ങിയവർക്ക് റമദാൻ കഴിഞ്ഞ ഉടനെ ആറുദിവസത്തെ വ്രതമെടുക്കാം. അതിന്റെ സമാപ്തിയാണ് ഈ ആഘോഷം. ഔ ഷുലും അഹമ്മദ്, ഔ അകെബാറ എന്നീ ആരാധനാലയങ്ങളിലാണ് ഹരാറി ജനത ‘ഷുവാൽ ഈദ്’ ആഘോഷിക്കുന്നത്. പ്രാർഥനകളും ആത്മീയഗാനങ്ങളും തുടർന്ന് തിരുവെഴുത്തുകളുടെ വായന, സംഗീതം, നൃത്തം എന്നിവയോടെയാണ് ഉത്സവം ആരംഭിക്കുന്നത്. എല്ലാ പ്രായത്തിലെയും സമുദായ അംഗങ്ങളെ ഈ അവസരം ഒന്നിപ്പിക്കുന്നു. എല്ലാ പ്രായത്തിലെയും സാമുദായംഗങ്ങളെ ഈ അവസരം ഒന്നിപ്പിക്കുന്നു. കൂടാതെ, സമൂഹത്തിലെ മുതിർന്നവർ അവരുടെ അറിവും അനുഭവങ്ങളും അടുത്ത തലമുറയുമായി പങ്കുവെക്കുന്നു. ഹരാറികൾ പിന്തുടരുന്ന ഈ സമ്പ്രദായം സാംസ്‌കാരികമൂല്യങ്ങളും പാരമ്പര്യങ്ങളും പുതുതലമുറക്ക് പഠിക്കാനുള്ള വേദികൂടിയായിമാറുന്നു.
തനതു ഹരാറി വീടുകൾ കാണാനാണ് അടുത്തതായി പോയത്. സ്വീകരണമുറിയെ അഞ്ചു തട്ടുകളായി തിരിച്ചിട്ടുണ്ട്. ഓരോ തട്ടിലും മനോഹരമായ പരവതാനികൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഏറ്റവും മുകളിലത്തെ തട്ടിലാണ് മുതിർന്നവർ ഇരിക്കുന്നത്. ഭിത്തി നിറയെ പാത്രങ്ങൾകൊണ്ട് അലങ്കരിച്ചിരുന്നു. വഴിയിൽ നല്ല തിരക്കുള്ള ഇറച്ചിക്കട കണ്ടു. തട്ടമിട്ട സ്ത്രീകളാണ് കടക്കു മുന്നിൽ കൂട്ടംകൂടി നിൽക്കുന്നത്. സീനത്ത് എന്ന സ്ത്രീ നടത്തുന്ന ഇറച്ചിക്കടയാണത്. ഒരു പരമ്പരാഗത മുസ്ലിം ഗ്രാമത്തിൽ ഒരു സ്ത്രീ ഇറച്ചിവെട്ടുന്നത് എനിക്കൊരു അത്ഭുതകരമായ കാഴ്ചയായിരുന്നു.
ഞങ്ങൾ ‘ഗിർ ഗിർ സ്ട്രീറ്റിൽ’കൂടി കടന്നുപോയി. ഇരുവശങ്ങളിലും ആണുങ്ങൾ തയ്യൽ മെഷീൻ റോഡിലിട്ട് തുന്നിക്കൊണ്ടിരിക്കുന്നുണ്ട്. ഒടുവിൽ ഞങ്ങൾ മാർക്കറ്റിലെത്തി. അവിടെ പരുന്തുകൾക്ക് ‘അന്നദാനം’ ചെയ്യാൻ അവസരമുണ്ട്. ഇച്ചിരി ധൈര്യം വേണമെന്ന് മാത്രം. ഇറച്ചിവെട്ടുകാരന് പൈസ കൊടുത്തപ്പോൾ അയാൾ ഇറച്ചി കഷണങ്ങളുമായി ഒപ്പം വന്നു. എന്നോട് കൈ നീട്ടിപ്പിടിക്കാൻ പറഞ്ഞു. കൈയിൽ ഒരു തുണ്ട് ഇറച്ചി വെച്ചിട്ട് അയാൾ മാറി. ഞാൻ പരുന്ത് വരുന്നുണ്ടോ എന്ന് നോക്കിനിന്നപ്പോഴേക്കും പുറകിൽനിന്ന് ഒരു പരുന്ത് പറന്നെത്തി ഇറച്ചിക്കഷണം റാഞ്ചിയെടുത്തു!
ഇതിനിടയിൽ എനിക്ക് ചുറ്റും നാട്ടുകാർ ഒത്തുകൂടി. എനിക്ക് ചമ്മലായെങ്കിലും ഇറച്ചിക്കാരൻ കൈയിൽ ഇറച്ചി വെച്ചുകൊണ്ടേയിരുന്നു. ഇതിനിടയിൽ ഓർക്കാപ്പുറത്ത് തലക്ക് നല്ല ഒരു മാന്തോ കൊത്തോ എന്തോ ഒന്ന് കിട്ടി! എനിക്കൽപം പേടിയായി. ഞാൻ കളി മതിയാക്കി അടുത്തുള്ള കടയിൽ അഭയംപ്രാപിച്ചു. കൂടിനിന്നവർ പൊട്ടിച്ചിരിക്കുന്നുണ്ട്. ഉമർ ഇതെല്ലാം വിഡിയോ എടുക്കുന്നുണ്ടായിരുന്നു. പിന്നീട് എന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. കൈയിൽ മാത്രമല്ല, ഞാൻ അറിയാതെ എന്റെ തലയിലും അയാൾ ഇറച്ചിക്കഷണം വെച്ചിരുന്നു! അതാണ് തലക്ക് കിട്ടിയ ആ ‘കൊട്ട്’!

ലേഖിക കഴുതപ്പുലിക്ക് ഭക്ഷണം നൽകുന്നു
അവിടെയുണ്ടായിരുന്ന ചെറിയ ഒരു കടയിൽനിന്ന് ‘ഹനീഡ്’ കഴിച്ചു. പന്ത്രണ്ട് മണിക്കൂറോളം ചെറുതീയിൽ ചുട്ടെടുക്കുന്ന ആട്ടിറച്ചിയാണിത്. ആട്ടിറച്ചി ഇത്രയും രുചികരമായി ഞാൻ ഇതിനുമുമ്പ് കഴിച്ചിട്ടില്ല. ഇപ്പോഴും അതോർക്കുമ്പോൾ നാവിൽ വെള്ളമൂറും. ചിതൽപ്പുറ്റിൽ നിന്നെടുത്ത മണ്ണുകൊണ്ട് ഒരു വലിയ പെട്ടിയുടെ രൂപത്തിലാണ് അടുപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ഇറച്ചി മസാല പുരട്ടി ഫോയിലിൽ പൊതിഞ്ഞ് കനലിനൊപ്പം ഇതിനുള്ളിൽവെച്ചാണ് വേവിക്കുന്നത്. അടുപ്പിന്റെ പുറത്ത് കയറിയിരുന്ന് കൈയിട്ടാണ് കടക്കാരൻ വെന്ത ഇറച്ചി പുറത്തെടുക്കുന്നത്.
ഒമർ ഭക്ഷണത്തിനുശേഷം ഖാട്ട് മാർക്കറ്റിൽ പോകുന്നു എന്നു പറഞ്ഞു. ഞാനും കൂടെ പോയി. ഓമോ വാലിയിൽ ആളുകൾ ചവക്കുന്ന അതേ ഇല വിൽക്കുന്ന മാർക്കറ്റ്. അവിടെ ഒമറിന്റെ രണ്ടു ഇളയ സഹോദരങ്ങൾ കാത്തുനിൽപുണ്ടായിരുന്നു. അവർ മൂന്നാളുംകൂടി കടകൾ കയറിയിറങ്ങി ഏറ്റവും നല്ല ഇല കണ്ടെത്തി. വലിയ ഒരു കെട്ട് വാങ്ങി. മൂന്നാളുംകൂടി വീട്ടിൽ ചെന്നിരുന്ന് രണ്ടുമണിക്കൂർ ഇതും ചവച്ചിരിക്കുമത്രേ. ഞാൻ ഹോട്ടലിൽ പോയി വിശ്രമിച്ചു. പിറ്റേന്നാണ് എല്ലാവരും വിലക്കുന്ന സോമാലിലാൻഡ്, സോമാലിയ തുടങ്ങിയ പ്രദേശങ്ങളിലേക്ക് യാത്രതുടങ്ങുന്നത്. മനസ്സിൽ ചെറുതല്ലാത്ത ഒരങ്കലാപ്പുണ്ട്. ആഫ്രിക്കയുടെ വന്യതയിലേക്കും അനിശ്ചിതത്വത്തിലേക്കും വീണ്ടും ഒരു ചുവടുവെപ്പ്.
