പാറയിൽ കൊത്തിയ വിശ്വാസത്തിന്റെ അത്ഭുതം

ഇത്യോപ്യൻ കാഴ്ചകളും അനുഭവങ്ങളും പറയുന്നതോടൊപ്പം ആ നാടിന്റെ വിശ്വാസ ആചാരങ്ങളിലെയും വിവാഹാഘോഷങ്ങളിലേയും വൈവിധ്യങ്ങളും വിവരിക്കുന്നു. അധ്യായം -3വെള്ളവസ്ത്രവും തലപ്പാവും ധരിച്ച ആളുകൾ രണ്ടു ഗ്രൂപ്പായി വേർതിരിഞ്ഞ് ഹൃദയഭേദകമായ പാട്ടുകൾ പാടുന്നു. പാട്ടിനകമ്പടിയായി ചിലർ വ്യത്യസ്തമായ വാദ്യോപകരണങ്ങൾ വായിക്കുന്നു. മല തുരന്നുണ്ടാക്കിയ ലാലിബെല്ലയിലെ പള്ളിയുടെ മുന്നിലിരുന്നു ഞാൻ പാട്ടിൽ ലയിച്ചു. സമയം നാലര. ചുറ്റും ഇരുട്ടാണ്. തണുപ്പ് കാരണം മരവിച്ച കൈപ്പത്തികൾ ഞാൻ ഷാൾകൊണ്ട് പൊതിഞ്ഞു. സമയത്തെയും ഇരുട്ടിനെയും വകവെക്കാതെ ശുഭ്രവസ്ത്രങ്ങൾ ധരിച്ച ആളുകൾ പള്ളിയിലേക്ക്...
Your Subscription Supports Independent Journalism
View Plansഇത്യോപ്യൻ കാഴ്ചകളും അനുഭവങ്ങളും പറയുന്നതോടൊപ്പം ആ നാടിന്റെ വിശ്വാസ ആചാരങ്ങളിലെയും വിവാഹാഘോഷങ്ങളിലേയും വൈവിധ്യങ്ങളും വിവരിക്കുന്നു.
അധ്യായം -3
വെള്ളവസ്ത്രവും തലപ്പാവും ധരിച്ച ആളുകൾ രണ്ടു ഗ്രൂപ്പായി വേർതിരിഞ്ഞ് ഹൃദയഭേദകമായ പാട്ടുകൾ പാടുന്നു. പാട്ടിനകമ്പടിയായി ചിലർ വ്യത്യസ്തമായ വാദ്യോപകരണങ്ങൾ വായിക്കുന്നു. മല തുരന്നുണ്ടാക്കിയ ലാലിബെല്ലയിലെ പള്ളിയുടെ മുന്നിലിരുന്നു ഞാൻ പാട്ടിൽ ലയിച്ചു. സമയം നാലര. ചുറ്റും ഇരുട്ടാണ്. തണുപ്പ് കാരണം മരവിച്ച കൈപ്പത്തികൾ ഞാൻ ഷാൾകൊണ്ട് പൊതിഞ്ഞു. സമയത്തെയും ഇരുട്ടിനെയും വകവെക്കാതെ ശുഭ്രവസ്ത്രങ്ങൾ ധരിച്ച ആളുകൾ പള്ളിയിലേക്ക് ഒഴുകിവന്നുകൊണ്ടിരുന്നു. പ്രാചീനമായ ഏതോ ലോകത്തെത്തിയോ എന്ന് സംശയം. തേനീച്ചമെഴുക് പുരട്ടിയ കത്തിച്ച തിരികളിൽനിന്നുള്ള അരണ്ട വെളിച്ചം അനുഭവം തീവ്രമാക്കി. പാട്ടുകൾ കേട്ട് ഒരു ട്രാൻസ് സ്റ്റേറ്റിൽ എത്തിയപോലെ ഞാൻ തളർന്നു തറയിൽ ഇരുന്നു.
എന്റെ ഉപബോധമനസ്സിൽ, ആത്മാവിൽ... എന്തൊക്കെയോ കലങ്ങിമറിയുന്നു. സങ്കടം അണപൊട്ടി ഒഴുകാൻ തുടങ്ങുന്നു. ശ്രുതിമധുരമായ ഗീതങ്ങൾ നേർത്ത തലോടൽപോലെ തോന്നി. അബ്ബാ പൗലോസ് പറഞ്ഞത് ഓർത്തു -‘‘പടിക്കെട്ടുകളിറങ്ങി പള്ളിയിലേക്ക് പ്രവേശിക്കുന്നത് മരണമായിട്ടാണ് ഞങ്ങളുടെ സങ്കൽപം. പള്ളി ചടങ്ങുകളിൽ ഭാഗമായി തിരിച്ചുകയറുമ്പോൾ ഞങ്ങൾ ആത്മീയമായി പുനർജനിക്കുന്നു.’’ ശരിയാണ്, മനസ്സിനെ ആഴത്തിൽ സ്വാധീനിക്കാനുള്ള എന്തോ ഒന്ന് ആ പാട്ടുകളിൽ ഒളിപ്പിച്ചിട്ടുണ്ട്.
ലാലിബെല്ലയിൽ പാറ തുരന്നുണ്ടാക്കിയ 11 പള്ളികളുണ്ട്. ഒറ്റക്കല്ലിൽ പണിത പള്ളികൾ എന്ന നിലക്ക് അവ യുനെസ്‌കോ പൈതൃക കെട്ടിടങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. തലേന്ന് ഭക്ഷണത്തിനുശേഷം മാസിന്റെ വീട്ടിൽനിന്ന് നടന്നാണ് ‘മേധാനെ ആലം’ പള്ളിയിലേക്ക് പോയത്. മൂന്നര മീറ്റർ നീളവും 23 മീറ്റർ വീതിയും 10 മീറ്റർ നീളവുമുള്ള ആ പള്ളിയാണ് കൂട്ടത്തിൽ വലുത്. പാറയിൽ പണിത പടികളിൽ കൂടി താഴേക്ക് നടന്നാലാണ് പള്ളിയുടെ മുറ്റത്തെത്തുക. പടി ഇറങ്ങാൻ തുടങ്ങുമ്പോൾ അബ്ബാ പൗലോസ് എതിരെ വന്നു. പള്ളിയിലെ ബിഷപ്പുമാരെ അബുന എന്നും പുരോഹിതരെ അബ്ബാ എന്നുമാണ് വിളിക്കുക. പാന്റും, ഫുൾകൈ ഷർട്ടുമാണ് വേഷം.
വെള്ളത്തുണികൊണ്ട് ശരീരത്തിന്റെ മുകൾഭാഗം മറച്ചിട്ടുണ്ട്. തുണികൊണ്ടുള്ള തലപ്പാവ് പുരോഹിതരെ മറ്റുള്ളവരിൽനിന്ന് വേർതിരിച്ചറിയാൻ സഹായിക്കും. അബ്ബാ ഷാൾ മാറ്റി, പോക്കറ്റിൽനിന്ന് തടിയുടെ വലിയ കുരിശെടുത്ത് എന്റെ നെറ്റിയിൽ തൊട്ടു. എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നറിയാതെ അമ്പരന്നു നിന്ന എന്റെ ചുണ്ടിൽ കുരിശുകൊണ്ട് സ്പർശിച്ചു. ഈ പ്രക്രിയ മൂന്നുതവണ തുടർന്നു. പിന്നീട് ഞാൻ ശ്രദ്ധിച്ചപ്പോൾ വിശ്വാസികൾ അനുഗ്രഹത്തിനായി പുരോഹിതരെ സമീപിക്കുന്നതും കുരിശിൽ ചുംബിക്കുന്നതും കണ്ടു. കർത്താവിന്റെ പ്രതിനിധാനമായിട്ടാണ് കുരിശിനെ കരുതുന്നത്. കുരിശിൽ മുത്തമിടുന്നത് തങ്ങളുടെ അചഞ്ചലമായ വിശ്വാസത്തെ കാണിക്കാനാണ്.
അബ്ബാ ലാലിബെല്ലയുടെ ചരിത്രത്തെപ്പറ്റി പറഞ്ഞു. ലാലിബെല്ല എന്നാൽ ‘തേൻ ഭക്ഷിക്കുന്നവർ’ എന്നാണ്. ലാലിബെല്ല രാജാവ് ജനിച്ചപ്പോൾ തേനീച്ചകൾ അദ്ദേഹത്തിന് ചുറ്റും പൊതിഞ്ഞുനിന്നു. അങ്ങനെയാണ് ആ പേര് ലഭിച്ചത്. ലാലിബെല്ലയുടെ ജ്യേഷ്ഠ സഹോദരനായിരുന്നു രാജ്യം ഭരിച്ചത്. അനിയൻതന്നെ കടത്തിവെട്ടുമോ എന്ന ഭയത്തിൽ, ലാലിബെല്ലക്ക് അദ്ദേഹം വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചു. മൂന്നുദിവസം ലാലിബെല്ല ഉണർന്നില്ല. ഉറക്കത്തിൽ ഒരു മാലാഖ ലാലിബെല്ലയെ സ്വർഗത്തിൽ കൊണ്ടുപോകുകയും, പള്ളികളുടെ മാതൃക കാണിച്ചുകൊടുക്കുകയും ചെയ്തു. ദൈവവുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ജറൂസലമിലേക്കുള്ള തീർഥാടനത്തിന് പകരം സ്വന്തം നാട്ടിൽതന്നെ വിശുദ്ധ നഗരമൊരുക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
അതനുസരിച്ചാണ് ലാലിബെല്ല പള്ളികൾ പണിതത്. മാലാഖമാർ പണിചെയ്യാൻ ഒപ്പം കൂടിയതുകൊണ്ട് 12 ദിവസംകൊണ്ട് പണി തീർത്തെന്നാണ് അബ്ബാ അവകാശപ്പെട്ടത്. എന്നാൽ, 24 വർഷംകൊണ്ടാണ് പള്ളികൾ പൂർത്തിയായതെന്നാണ് പുരാവസ്തുഗവേഷകരുടെ കണ്ടുപിടിത്തം. അഞ്ചു വീതം പള്ളികളുടെ രണ്ടു സമുച്ചയവും പ്രത്യേകമായി മറ്റൊരു പള്ളിയും. മൊത്തം പതിനൊന്നെണ്ണം. ‘‘ഓരോ വർഷവും ജനുവരി മാസത്തിൽ നടക്കുന്ന ജനന-പെരുന്നാൾ സമയത്ത് ആയിരക്കണക്കിന് തീർഥാടകരാണ് പലയിടങ്ങളിൽനിന്ന് ഇവിടെ എത്തുന്നത്. ഇന്ത്യയിൽനിന്ന് ഇവിടത്തെ പള്ളി സന്ദർശിക്കാൻ വന്ന നീ ഭാഗ്യവതിയാണ്. എത്രയോ ആളുകളുടെ ആഗ്രഹമാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെ വരാൻ സാധിക്കണമെന്നത്. നിന്റെ വിശ്വാസം ഏതുതന്നെയായാലും കുഴപ്പമില്ല ഞങ്ങളുടെ പ്രാർഥനയിൽ പങ്കുചേരാൻ മടി വിചാരിക്കരുത്. വെളുപ്പിനെതന്നെ വരണം. അത് ഗുണം ചെയ്യും’’ -പിരിയാൻ നേരം അദ്ദേഹം ഓർമിപ്പിച്ചു.

ഞാനും മാസും ചെരിപ്പുകൾ ഊരി. ചെരിപ്പ് സൂക്ഷിക്കാൻ അവിടെയുള്ള പയ്യനെ ഏൽപിച്ചു. അടുത്തടുത്തുള്ള അഞ്ചു പള്ളികളെ തുരങ്കംകൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ട്. പള്ളികളെല്ലാം കണ്ട് മറ്റൊരിടത്താണ് എത്തിച്ചേരുക. പയ്യൻ ചെരിപ്പ് അവിടെയെത്തിക്കും. വിദേശികളുടെ ചെരിപ്പ് സൂക്ഷിക്കുന്നതാണ് അവന്റെ വരുമാനം. അവിടെയുള്ളവർ വീട്ടിൽനിന്നുതന്നെ നഗ്‌നപാദരായിട്ടാണ് പള്ളിയിൽ എത്തുക. ക്രിസ്തുദേവനുവേണ്ടി അത്രയും കഷ്ടപ്പാടെങ്കിലും സഹിക്കണമെന്നാണ് അവരുടെ കാഴ്ചപ്പാട്. മാസ് ദേവാലയത്തിന്റെ സവിശേഷത പറഞ്ഞുതന്നു. പാറയിൽനിന്ന് മുകളിലേക്ക് അല്ല, താഴേക്ക് കൊത്തിയെടുത്തതാണ്. ആദ്യം പാറയിൽ കിടങ്ങുണ്ടാക്കി വലിയൊരു ഭാഗം വേർതിരിക്കും. എന്നിട്ട് ആ കല്ലിൽ പള്ളി കൊത്തിയുണ്ടാക്കും.
വെറുമൊരു പാറയെ ദേവാലയമായി മാറ്റിയെടുത്തത് വിസ്മയിപ്പിച്ചു. പാറ നാട്ടിലെപ്പോലെ കരിങ്കല്ലല്ല. ചെങ്കൽനിറത്തിലെ ഒരുതരം കല്ലാണ്. പള്ളിയുടെ ഉള്ളിൽ മറ്റു പള്ളികളിൽ കാണുന്ന വിസ്മയിപ്പിക്കുന്ന വൈദ്യുതാലങ്കാരങ്ങളോ, സ്‌റ്റൈൻഡ് ഗ്ലാസ് ജനാലകളോ ഒന്നുമില്ല. കല്ല് തുരന്നുണ്ടാക്കിയ വാതിലും ജനാലകളും തൂണുകളും ഷെൽഫുകളും. കുരിശിന്റെ ആകൃതിയിലാണ് പള്ളിയുടെ ജനാലകൾ കൊത്തിയെടുത്തിരിക്കുന്നത്. ചില ജനാലകളിലുണ്ടായിരുന്ന സ്വസ്തിക അടയാളം എന്നെ അത്ഭുതപ്പെടുത്തി.
അത് ഇന്ത്യക്കാരുടെ സ്വന്തമാണെന്നായിരുന്നു അതുവരെയുള്ള എന്റെ ധാരണ. ആദ്യകാല ക്രിസ്ത്യൻകലയിൽ സൂര്യന്റെ ചലനത്തിന്റെയോ അല്ലെങ്കിൽ സമൃദ്ധിയുടെയോ പ്രതീകമാണ് സ്വസ്തിക ചിഹ്നം എന്ന് മാസ് ബോധവത്കരിച്ചു. തറയിലെ പരുക്കൻ പ്രതലത്തിൽ വിരിച്ചിരുന്ന പഴകിയ പരവതാനിയിൽകൂടി നടക്കുമ്പോൾ, തള്ളിനിന്ന കൂർത്ത കല്ലുകളിൽ തട്ടി കാല് വേദനിച്ചു. ബൾബിന്റെ അരണ്ട വെളിച്ചത്തിൽ അൾത്താര കണ്ടു. അവിടെയുണ്ടായിരുന്ന അബുന എഴുന്നള്ളിപ്പിനുപയോഗിക്കുന്ന, അലങ്കാരപ്പണികൾ ചെയ്ത കുരിശ് അകത്തെ മുറിയിൽനിന്ന് എടുത്തു കൊണ്ടുവന്നു കാണിച്ചു.
ഒരാൾക്ക് കുനിഞ്ഞു കയറിയാൽ കഷ്ടിച്ച് കടക്കാവുന്ന തുരങ്കത്തിലൂടെ കടന്ന് ഞാൻ മറിയം പള്ളിയുടെ മുറ്റത്തെത്തി. അവിടെയൊരു വിശുദ്ധ കുളമുണ്ട്. കുട്ടികളുണ്ടാകാൻ സ്ത്രീകൾ ഈ കുളത്തിൽ മൂന്നുതവണ മുങ്ങിനിവരണം. ജനുവരി മാസം ധാരാളം സ്ത്രീകൾ ചടങ്ങിൽ പങ്കുചേരാൻ എത്തും. തലയിൽ തുണിത്തൊപ്പി ധരിച്ച, മഞ്ഞവസ്ത്രങ്ങളണിഞ്ഞ സ്ത്രീ പുരോഹിതരെയും കണ്ടു. സന്യാസ ജീവിതത്തോടുള്ള കന്യാസ്ത്രീയുടെ പ്രതിബദ്ധതയെ കാണിക്കാനാണ് മഞ്ഞത്തുണി ധരിക്കുന്നത്.
ക്രിസ്തുവിന്റെ പ്രകാശത്തെയാണ് മഞ്ഞകൊണ്ട് സൂചിപ്പിക്കുന്നത്. പള്ളിക്കുള്ളിൽ പതിമൂന്നാം നൂറ്റാണ്ടിൽ വരച്ച ചുവർചിത്രങ്ങളുണ്ട്. ബൈബിളിലെ കഥകളാണ് ചിത്രീകരിച്ചിരുന്നത്. അടുത്തുണ്ടായിരുന്ന ചെറിയ മൂന്നു പള്ളികൾകൂടി സന്ദർശിച്ചു. അവസാനത്തെ ‘ഗോൽഗോത മൈക്കിൾ’ പള്ളിയിൽ സ്ത്രീകൾക്ക് പ്രവേശനമില്ല. ലാലിബെല്ല രാജാവിനെ അടക്കംചെയ്ത പള്ളിയാണ്. പള്ളിക്കകത്ത് ഒരു നീരുറവയുണ്ട്. അവിടത്തെ വെള്ളത്തിന് രോഗശമന ശക്തിയുണ്ടെന്നാണ് ആളുകളുടെ വിശ്വാസം. ഗൈഡ് മാസ് മാത്രം അകത്തുചെന്ന്, ചുമരിൽ കൊത്തിവെച്ചിരുന്ന 12 വിശുദ്ധരുടെ ഫോട്ടോ എടുത്തുകൊണ്ടുവന്ന് എനിക്ക് കാണിച്ചുതന്നു.
അവിടന്ന് രണ്ടാമത്തെ പള്ളി സമുച്ചയങ്ങൾ കാണാൻ പോയി. കുറച്ചു നടന്നപ്പോൾ കല്ലുകൊണ്ട് നിർമിച്ച വൃത്താകൃതിയിലുള്ള രണ്ടുനില വീടുകൾ കണ്ടു. ആ ‘ട്യുകുളി’ലാണ് പുരോഹിതർ താമസിക്കുക. ഒരു വീടിന്റെ മുന്നിൽ ബെഞ്ചിലിരുന്ന പുരോഹിതൻ, ഡെസ്‌കിൽ ആട്ടിൻതോൽ വെച്ച് ക്രിസ്തീയ ചിത്രങ്ങൾ വരക്കുന്നുണ്ട്. അയാളുടെ അടുത്തിരുന്നു രണ്ടു ചെറുപ്പക്കാർ ഉച്ചത്തിൽ ബൈബിൾ വായിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. സൺഡേ സ്‌കൂളിൽ കുട്ടികൾ ബൈബിൾ പഠിക്കാൻ പോകുന്നതറിയാമെങ്കിലും മുതിർന്നവർ ബൈബിൾ ഹൃദിസ്ഥമാക്കാൻ ശ്രമിക്കുന്നത് ഇതിനുമുമ്പ് കണ്ടിട്ടില്ല. ഇടക്ക് പുരോഹിതൻ അവർ വായിക്കുന്നതിലെ തെറ്റുകൾ തിരുത്തുന്നുണ്ട്. വീടിന്റെ വശത്ത് അയാൾ വരച്ചിരുന്ന ചിത്രങ്ങൾ വിൽപനക്കായി തൂക്കിയിട്ടിരുന്നു.
വെള്ളത്തിന്റെ വരണ്ട ചാലു കടന്നാണ് പള്ളികളിൽ എത്തുക. ജോർഡൻ നദിയെയാണ് ആ ചാൽ പ്രതിനിധാനം ചെയ്യുന്നത്. അദ്യം കണ്ട പള്ളികളുടെ അത്ര സങ്കീർണമായിരുന്നില്ല ആ പള്ളികളുടെ വാസ്തുവിദ്യ. അവിടെയുണ്ടായിരുന്ന പള്ളികളിലും തുരങ്കങ്ങൾ വഴി യോജിപ്പിച്ചിരുന്നു. ഒരു തുരങ്കത്തിൽ പ്രവേശിച്ചപ്പോൾ മാസ് ടോർച്ച് അണച്ചു. ഇരുട്ടിൽ വേണമത്രെ അതിൽകൂടി സഞ്ചരിക്കാൻ. ‘നരകപാത’ എന്നാണ് അവർ വിശേഷിപ്പിക്കുന്നത്. ഞാൻ കൈകൊണ്ട് തുരങ്കത്തിന്റെ വശങ്ങളിൽ പിടിച്ചുപിടിച്ചു നടന്നു. പേടിപ്പിക്കുന്ന അനുഭവമായിരുന്നു. അവസാനത്തെ പള്ളി ജോർഡനിലെ പള്ളിപോലെ തോന്നിച്ചു. നടന്നു തളർന്നതിനാൽ പള്ളി പ്രദക്ഷിണം മതിയാക്കി ഹോട്ടലിലേക്ക് മടങ്ങി.
വെളുപ്പിനെ ഒരുമണിക്ക് ബാങ്ക് വിളിക്കുന്നപോലത്തെ ശബ്ദം കേട്ടാണ് ഉണർന്നത്. ജനാലയിൽകൂടി ചെവിയോർത്തു. ബാങ്കല്ല. ഇതുവരെ പരിചിതമല്ലാത്ത എന്തോ മന്ത്രങ്ങളോ പാട്ടുകളോ മറ്റോ ആണ്. മാസ് രാവിലെ നാലരക്ക് ഓട്ടോയുമായി വന്ന് തലേന്ന് സന്ദർശിച്ച മേധാനെ ആലം പള്ളിയിലേക്ക് എന്നെ കൂട്ടി. അവിടെ ചെന്നപ്പോഴാണ് എന്നെ കിടക്കയിൽനിന്നും ഉണർത്തിയത് പള്ളിയിലെ പ്രാർഥനകളാണെന്നു മനസ്സിലായത്.
പള്ളിമുറ്റത്തു പാടിക്കൊണ്ടു നിന്നത് ഡെബ്റ്ററയാണ്. അവരുടെ ഒരു കൈയിൽ സിസ്ട്രം എന്ന ലോഹ കിലുക്കും, മറ്റേ കൈയിൽ ഒരു വടിയുമുണ്ട്. കിലുക്ക് പ്രത്യേക രീതിയിൽ ആട്ടും. ക്രിസ്തുദേവൻ ചാട്ടയടി കിട്ടുമ്പോൾ ആടുന്നതായാണ് വ്യാഖ്യാനം. വടി നിശ്ചിത സമയത്ത് എല്ലാവരും ഒന്നിച്ചു തറയിൽ കുത്തി ശബ്ദം ഉണ്ടാക്കും. ഇടക്ക് വട്ടത്തിൽ വടി കുത്തി നടക്കും. പാട്ടും നൃത്തവുമെല്ലാം വിശ്വാസികളെ ആകർഷിക്കാനും അവരെ ബൈബിളിൽ പറയുന്ന പ്രാർഥനകളെയും ആരാധനകളെയും ഓർമപ്പെടുത്താനുമായിട്ടാണ്. അവർ പാടുന്ന പാട്ടുകൾ പഴയ നിയമത്തെ അധികരിച്ചുള്ളതാണ്. പുരാതന ഭാഷയായ ഗയാസിൽ എഴുതിയ പാട്ടുകളെ ‘സെമാ’ എന്നാണ് വിളിക്കുക. അത് എഴുതി, ഈണം പകർന്നത് ഏഴാം നൂറ്റാണ്ടിൽ ജീവിച്ച ‘യാരെദ്’ എന്ന പുരോഹിതനാണ്. ആറു ബുക്കുകൾ നിറയെ ഗീതങ്ങളാണ്. അത് മൊത്തം ഡെബ്റ്ററ കാണാതെ പഠിക്കും. കൂടാതെ ബൈബിളിനെ പറ്റിയും പള്ളി ചടങ്ങുകളെ പറ്റിയും അവർക്ക് നല്ല ധാരണയുണ്ട്.
കുർബാനക്കു മുമ്പ് സെമാ ആലപിച്ചതാണ് രാവിലെ മുതൽ ഞാൻ കേട്ടത്. ഇതുവരെ സംബന്ധിച്ചതിൽ വെച്ച് അതീന്ദ്രിയമായ അനുഭവം നൽകിയ ഒന്ന് എന്ന നിലക്ക് അതിന്റെ അലയൊലികൾ ഇപ്പോഴും കേൾക്കാറുണ്ട്. ഉച്ചവരെ സംഗീതപരിപാടി തുടരുമെന്നു മാസ് പറഞ്ഞു. നിലത്തിരുന്ന എന്നെ എഴുന്നേൽപിച്ചു കുഞ്ഞുങ്ങളുടെ മാമോദീസ കാണിക്കാൻ കൊണ്ടുപോയി. ഒരു ഗുഹക്കകത്തു മെഴുകുതിരികൾ കത്തിച്ചുവെച്ചിട്ടുണ്ട്. നടുക്ക് വെച്ചിട്ടുള്ള അലൂമിനിയം ചരുവം നിറയെ വെള്ളമുണ്ട്.

സ്വർണ ബ്രോക്കേഡ് ഉള്ള ചുവപ്പ് മേലാങ്കി ധരിച്ച പുരോഹിതൻ കുഞ്ഞുങ്ങളെ മാമോദീസ മുക്കുന്നത് കണ്ടു. പഴയ നിയമവും യഹൂദ പാരമ്പര്യങ്ങളിലെ ചിലതും ഇവർ പിന്തുടരാറുണ്ട്. ആൺ കുഞ്ഞുങ്ങളുടെ ലിംഗാഗ്ര ചർമം എട്ടാം ദിവസം മുറിക്കും. ജൂതരെപ്പോലെ ശനിയാഴ്ച ദിവസമാണ് ശാബത്ത് ദിവസം. വർഷത്തിൽ 180 ദിവസം ഉപവാസ ദിനങ്ങളാണ്. എല്ലാ ബുധനും വെള്ളിയും ഇവർ ഉപവസിക്കും. അന്ന് മാംസാഹാരം മാത്രമല്ല പാൽപോലുള്ള മൃഗ ഉൽപന്നങ്ങളും ഇവർ ഭക്ഷിക്കില്ല. ഷണ്ഡന്റെ പുസ്തകം, ജൂബിലിയുടെ പുസ്തകം, ക്ലെമെന്റിന്റെ പുസ്തകം ഉൾപ്പെടെ 81 വിശുദ്ധഗ്രന്ഥങ്ങളെ ഇത്യോപ്യൻ ഓർത്തഡോക്സ് സഭ അംഗീകരിക്കുന്നു.
നേരം വെളുത്തു തുടങ്ങിയപ്പോൾ ഞങ്ങൾ അവിടന്നിറങ്ങി. ഞങ്ങളുടെ അടുത്ത ലക്ഷ്യമായ ബെതെ ഗിയോർഗിസ് എന്ന സെന്റ് ജോർജ് പള്ളിയിലെത്തി. വലിയൊരു പാറ. അതിൽ കിണറുപോലെയൊരു ഗർത്തം. അതിനകത്തു പള്ളി. കുരിശിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന ദേവാലയത്തിന്റെ മുകൾഭാഗം മാത്രമാണ് അവിടെ നിന്നാൽ കാണാനാകുക. പാറകൾക്കിടയിൽനിന്ന് കുരിശു പൊന്തിവന്നതായി തോന്നിക്കും. എങ്ങനെ ആ കാലഘട്ടത്തിൽ യന്ത്രങ്ങളോ ആധുനിക ഉപകരണങ്ങളോ ഇല്ലാതെ ഇത്ര കൃത്യമായി കൊത്തിയെടുത്തുവെന്നത് വിസ്മയിപ്പിച്ചു. ലാലിബെല്ല പള്ളികളിൽ വെച്ചു ഏറ്റവും അധികം ഫോട്ടോ എടുക്കപ്പെട്ടിട്ടുള്ളത് ഈ പള്ളിയുടേതാണ്. ഞാൻ ചുറ്റുമുള്ള കാടുകളിൽകൂടി കണ്ണോടിച്ചു. ഉറുമ്പ് നിരനിരയായി വരുന്നപോലെ, കാട്ടുവഴികളിൽകൂടി വിശ്വാസികൾ പള്ളിയിലേക്ക് എത്തുന്ന മനോഹരമായ കാഴ്ച.
പാറയിൽ ഒരു ഇടുക്കുണ്ട്. അതിൽകൂടി നടന്നുവേണം പള്ളിയിലെത്താൻ. പോകുന്ന വഴിക്ക് ഗുഹകൾ കയറി ഇറങ്ങണം. ഗുഹകളിലെല്ലാം വിശ്വാസികൾ ഇടംപിടിച്ചിരുന്നു. കുർബാന മൂന്നു മണിക്കൂർ നീളും. ഇരിക്കാൻ പറ്റില്ല. പ്രായംചെന്ന ആളുകളും, വയ്യാത്ത ആളുകളുമെല്ലാം ഗുഹയിലിരുന്നാണ് പ്രാർഥനകളിൽ പങ്കുചേരുന്നത്. പള്ളിക്കകത്തു നിറയെ ആളുകളാണ്. പിഞ്ചു കുഞ്ഞുങ്ങളെയുംകൊണ്ട് പോലും അമ്മമാർ എത്തിയിട്ടുണ്ട്. എല്ലാവരുടെയും കൈയിൽ ചെറിയ ബൈബിളും അത് തൂക്കി കൊണ്ടു നടക്കാനുള്ള തുകൽ സഞ്ചിയുമുണ്ട്. കുർബാന നടക്കുന്ന സമയത്ത് ഞാൻ പുറത്തുനിന്ന് അവരുടെ ആരാധനാക്രമങ്ങൾ വീക്ഷിച്ചു. ആളുകൾ പ്രാർഥനയിൽ മുഴുകിയിരുന്നു. ചിലർ പ്രാർഥനയുടെ ഇടക്ക് കുമ്പിട്ടു നിലത്തു മുത്തുന്നത് കാണാം.
വിയറ്റ്‌നാമിലെ ചാം ഹിന്ദുക്കളെ പറ്റിയാണ് ഞാനപ്പോൾ ഓർത്തത്. നൂറ്റാണ്ടുകൾക്കു മുമ്പ് വിയറ്റ്‌നാമിൽ ഹിന്ദു സാമ്രാജ്യമുണ്ടായിരുന്നു. എപ്പോഴോ ഇന്ത്യയുമായുള്ള ബന്ധം മുറിഞ്ഞപ്പോൾ അവർ ഒറ്റപ്പെട്ടുപോയി. വിചിത്രമായ ഹിന്ദു ആചാരങ്ങളാണ് അവർ അനുഷ്ഠിക്കുന്നത്. ക്രിസ്ത്യാനികൾ ബാധയൊഴിപ്പിക്കുന്ന ചടങ്ങുകളിൽ പങ്കുചേരുന്നത് ഇത്യോപ്യയിൽ മാത്രമാകും! എന്തൊക്കെയാണെങ്കിലും ഇത്യോപ്യൻ ആളുകളുടെ അർപ്പണ മനോഭാവം സമ്മതിക്കാതെ വയ്യ. വീട്ടിൽനിന്ന് കാൽനടയായി കിലോമീറ്ററുകൾ താണ്ടിയാണ് പലരും പ്രാർഥനക്കെത്തുന്നത്. എത്ര വയ്യെങ്കിലും അവർ പള്ളിയിലെത്തും. വെറും ഒരു മതപരമായ സ്ഥാപനമായിട്ടല്ല അവർ പള്ളികളെ കാണുന്നത്. അവരുടെ ജീവിതത്തിന്റെ ഭാഗമായാണ്. കല്ലിൽ കൊത്തിയെങ്കിലും ആ പള്ളികൾ അവരുടെ ആത്മാവിൽ നിർമിച്ചതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.

വിവാഹ ഗായകസംഘത്തിനൊപ്പം പുറപ്പെടാൻ തയാറെടുക്കുന്ന പെൺകുട്ടികൾ
അധ്യായം -4
ഒരു കല്യാണവും അൽപം തീവ്രവാദവും
മേധാനെ അലേം പള്ളിയിലേക്ക് നടക്കുമ്പോൾ കേട്ട പാട്ടുകൾ പരിചിതമായിരുന്നു. രാവിലത്തെ വിഷാദമധുരമായ ഗസലുകളല്ല, മറിച്ചു അടിപൊളി സിനിമാപ്പാട്ടിന്റെ പോലെയുള്ള ‘ഹൈ എനർജി’ പാട്ടുകൾ. മാസ് എന്റെ കൈ പിടിച്ചു പള്ളിയിലേക്ക് ഓടി, ‘‘വേഗം വരൂ... അവർ എത്താറായി.’’ കുർബാന കഴിഞ്ഞു, പുതിയതായി വിവാഹം കഴിച്ചവരെ ഘോഷയാത്രയായി ആനയിക്കും. ഫ്ലൈറ്റിൽ പരിചയപ്പെട്ട മിക്കായേസിന്റെ സഹോദരനെയും പുതുപെണ്ണിനെയും കാണാനാണ് ഞങ്ങളുടെ ഓട്ടം. കല്യാണം പള്ളിക്കകത്തു വെച്ചാണ് നടക്കുന്നത്. മോതിരം മാറുന്ന ചടങ്ങ് മാത്രമേയുള്ളൂ. അത് കാണാൻ നിന്നാൽ പിന്നെ അതിനുശേഷമുള്ള മൂന്നു മണിക്കൂർ നീണ്ട കുർബാനയും കൂടി കഴിഞ്ഞിട്ടേ പുറത്തിറങ്ങാൻ സാധിക്കൂ. അതിനാൽ പള്ളിക്കകത്തേക്ക് പോകണ്ട എന്ന് മുൻകൂട്ടി തീരുമാനിച്ചാണ് സെന്റ് ജോർജ് പള്ളി സന്ദർശിക്കാൻ പോയത്.
ഞങ്ങൾ പള്ളിയോടു ചേർന്നുള്ള പടികൾ കയറി മുകളിൽ നിന്നു. താഴെനിന്ന് കാണാനായിരുന്നു എനിക്ക് താൽപര്യം. പക്ഷേ, മാസ് സമ്മതിച്ചില്ല. ഭയങ്കര തിരക്കാകുമെന്നും ഫോട്ടോ എടുക്കാനൊന്നും പറ്റില്ലെന്നും പറഞ്ഞപ്പോൾ ഞാൻ മാസിന്റെ പിന്നാലെ കൂടി. പള്ളിയുടെ പുറകുവശത്തുനിന്നാണ് ഘോഷയാത്ര ആരംഭിക്കുന്നത്. കല്യാണത്തിന് ബാൻഡും പാട്ടും നിർബന്ധമാണ്. ബാൻഡ് മേളം ആരംഭിച്ചിരുന്നു.
ലാലിബെല്ലയിൽ ചെറുപ്പക്കാരുടെ ഒരു പാട്ടുസംഘമുണ്ട്. അവർ പാട്ടുകൾ പരിശീലിക്കുന്നത് തലേന്ന് ഞാൻ കണ്ടിരുന്നു. ഒരു ഹാളിൽ രണ്ടു നിരയായിട്ടാണ് അവർ നിന്നത്. ഒരു പ്രധാന പാട്ടുകാരൻ/ പാട്ടുകാരി കഴുത്തിൽ വലിയ മദ്ദളം തൂക്കിയിട്ട് പാട്ടുകൾക്ക് നേതൃത്വം നൽകി. ബാക്കിയുള്ളവർ അത് ഏറ്റു പാടി. കൈ രണ്ടും മടക്കി, കുഞ്ഞുങ്ങളെ ആട്ടുന്ന പോലെ, പാട്ടിനൊപ്പം ചലിപ്പിച്ചു. പുതിയതായി വിവാഹിതരായവർക്കുള്ള ആശംസകളാണ് പാട്ടിന്റെ സാരം. ആ കുട്ടികൾ ചെറു സംഘങ്ങളായി എല്ലാ കല്യാണപ്പാർട്ടികൾക്കുമൊപ്പം ചേരുമെന്ന് മാസ് വിശദീകരിച്ചിരുന്നു. അവർക്കതിന് ചെറിയൊരു തുക സമ്മാനമായി കിട്ടും.
താമസിയാതെ കല്യാണസംഘങ്ങൾ ഞങ്ങളുടെ മുന്നിലൂടെ കടന്നുപോകാൻ തുടങ്ങി. ഏറ്റവും മുന്നിൽ ഉച്ചത്തിൽ പാട്ടും പാടി പാട്ടു സംഘം. അതിനു പിന്നിൽ കല്യാണ ചെക്കനും പെണ്ണും. വെള്ളവസ്ത്രത്തിെന്റ പുറത്ത് മെറൂൺ സാറ്റിൻ തുണികൊണ്ടുള്ള നീളൻ ജാക്കറ്റ് ആണ് വേഷം. അവർക്കു ‘കുട പിടിക്കാൻ’ സുഹൃത്തുക്കൾ. പള്ളിയിലെ പ്രധാനപ്പെട്ട ചടങ്ങുകൾക്കെല്ലാം മുത്തുക്കുടയും പിടിച്ച് ആളുകൾ നടക്കും. പിന്നിൽ ബന്ധുക്കൾ. ചെക്കനും പെണ്ണുമൊഴിച്ച് ബാക്കി എല്ലാവരും പാട്ടും പാടി ഡാൻസും ചെയ്താണ് പോകുന്നത്.
അന്ന് 11 കല്യാണങ്ങൾ നടന്നു. ഒരു മനുഷ്യസാഗരംതന്നെ ഞങ്ങളുടെ മുന്നിലൂടെ കടന്നുപോയി. എല്ലാ ബാൻഡ് സംഘവും ഒരേ പാട്ടാണ് പാടുന്നത്. എന്നാൽ, പല സമയത്തു തുടങ്ങുന്നതുകൊണ്ട് ഒരേ മട്ടിലുള്ള പാട്ടുകളുടെ കൂട്ടപ്പൊരിച്ചിലാണ് അരങ്ങേറിയത്. മത്സരിച്ചുള്ള പാട്ടുകളും ബാൻഡ് വാദ്യവും, തിക്കും തിരക്കും കണ്ട് ശ്വാസംമുട്ടി. താഴെയെങ്ങാനും നിന്നിരുന്നെങ്കിൽ ഇതിനിടയിൽ ചമ്മന്തിയായി പോയേനെ. മിക്കായേസിനെ ഒരു മിന്നായംപോലെയാണ് കണ്ടത്. കല്യാണ പാർട്ടിയുടെ ഒപ്പംനിന്ന് ഒരു ഫോട്ടോ എടുക്കണെമന്ന് കരുതിയിരുന്നു. ആ തിരക്കിൽ അതിനൊന്നുമുള്ള സാവകാശമില്ല. അതിൽ ചെറിയ നിരാശ തോന്നി.
കല്യാണ സംഘങ്ങളെല്ലാം പോയതിനുശേഷം ഞങ്ങൾ മാസിന്റെ ഭാര്യ ബിസ്റത് നടത്തുന്ന ‘ബിസ്റെത് കഫേ’യിലേക്ക് പോയി. പുളി കാരണം ആദ്യം ഇഞ്ചിറയെ ശത്രുവായി പ്രഖ്യാപിച്ചെങ്കിലും, ഗ്രാമങ്ങളിൽ മൂന്നു നേരവും ഇഞ്ചിറ മാത്രമാണ് ഫ്രഷ് ആയിട്ട് കിട്ടുക എന്ന് തിരിച്ചറിഞ്ഞതോടെ, വളരെ ആസ്വദിച്ചു ഇഞ്ചിറ കഴിക്കാൻ ഞാൻ ആരംഭിച്ചു. മനുഷ്യമനസ്സിന്റെ കാര്യമൊക്കെ വിചിത്രമാണ്. ഓപ്ഷനുകൾ ഒന്നുമില്ലെന്ന് മനസ്സിലായാൽ മനസ്സ് സാഹചര്യങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെടും.
ബിസ്റത് പാസ്ത ഉണ്ടാക്കി തരാമെന്നു പറഞ്ഞെങ്കിലും ഞാൻ ഇഞ്ചിറതന്നെയാണ് ഓർഡർ ചെയ്തത്. നാല് മാസമേ ആയുള്ളൂ അവൾ ആ കട ആരംഭിച്ചിട്ട്. അവൾ ജോലിക്ക് വെച്ചിരുന്ന അഞ്ചുപേരും സ്ത്രീകളാണെന്നത് എനിക്കേറെ സന്തോഷം തോന്നി. ഞാൻ അതേപറ്റി അവളോട് ചോദിച്ചു. ‘‘ഞാൻ വളരെ കഷ്ടപ്പാടിലാണ് വളർന്നത്. അമ്മൂമ്മ ഒറ്റക്കായപ്പോൾ, 12 വയസ്സുള്ള എന്നെ എന്റമ്മ അവരുടെയടുത്താക്കി. അമ്മൂമ്മയാണ് എന്നെ പാചകം ചെയ്യാൻ പഠിപ്പിച്ചത്. 15 വയസ്സ് ആയപ്പോൾ ഞാൻ വീടിന്റെ മുന്നിൽ ചെറിയ ചായക്കട നടത്തി എന്റെ പഠനത്തിനാവശ്യമായ പൈസ സ്വയം കണ്ടെത്തി.

വിവാഹ സൽക്കാരത്തിനിടെ പുരോഹിതൻ ലേഖികക്ക് മധുരം നൽകുന്നു
എന്റെ വലിയൊരു ആഗ്രഹമായിരുന്നു ഹോട്ടൽ തുടങ്ങണം എന്നത്. മാസുമായി പ്രണയത്തിലായപ്പോൾ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. ഏഴു വർഷത്തെ പ്രണയത്തിനു ശേഷമാണു ഞങ്ങൾ വിവാഹിതരായത്. കല്യാണത്തിനു ശേഷം അദ്ദേഹം മുൻകൈയെടുത്താണ് ഇതു തുടങ്ങിയത്. എന്നെപ്പോലുള്ള മറ്റ് പെൺകുട്ടികൾക്ക് കൈത്താങ്ങാകണം എന്ന് നിർബന്ധമുള്ളതുകൊണ്ടാണ് ഞാൻ പെണ്ണുങ്ങളെ മാത്രം ജോലിക്ക് നിർത്തിയത്. മാത്രവുമല്ല സ്ത്രീകൾക്കാണ് പണി എടുക്കാൻ കൂടുതൽ മിടുക്ക്.’’ അവൾ സ്ത്രീ ശാക്തീകരണം എന്ന പദമൊക്കെ കേട്ടിട്ടുണ്ടാകുമോ ആവോ. (പലപ്പോഴും ഏതെങ്കിലും ഓണംകേറാമൂലയിൽ ഉള്ള സ്ത്രീകളാണ് യഥാർഥ സ്ത്രീ ശാക്തീകരണത്തിനായി പ്രയത്‌നിക്കുക. ഇതിനെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവർ, അവരുടെ സ്ത്രീ ശാക്തീകരണം വർഷത്തിൽ ഒരു ദിവസം, സ്ത്രീ ദിനത്തിലേക്ക് ചുരുക്കുകയാണ് പതിവ്.)
മാസിനു മിക്കയെസിന്റെ ഫോൺ വന്നു. അവർ പെണ്ണിന്റെ വീട്ടിലെ എന്തോ ചടങ്ങിന് പോകുന്നു. വണ്ടിയിൽ സീറ്റ് ഒഴിവുണ്ട്. ഞാനും മാസും അവർക്കൊപ്പം ചെല്ലുന്നോ എന്ന് ചോദിച്ചു. ഞങ്ങൾ വരാമെന്നേറ്റതും പത്തു മിനിറ്റുകൊണ്ട് ഒരു വാൻ കഫേയുടെ മുന്നിലെത്തി. അകത്തു ആളുകളെ കുത്തിനിറച്ചിട്ടുണ്ടായിരുന്നെങ്കിലും എനിക്കും മാസിനും വേണ്ടി മുന്നിലത്തെ സീറ്റ് ഒഴിച്ചിട്ടിരുന്നു. താമസിയാതെ അഞ്ച് വാനുകൾ വേറെയും എത്തിച്ചേർന്നു. യാത്ര തുടങ്ങിയതും ഞങ്ങളുടെ വണ്ടിയിൽ പാട്ടും കൈകൊട്ടും ബഹളവുമായി. ആളുകളെ രസിപ്പിക്കാനായി ഒരു പാട്ടുകാരനെ വെച്ചിരുന്നു. അയാൾ തന്റെ ഒറ്റക്കമ്പി വീണയുമായി മനോഹരമായി ഗാനങ്ങൾ ആലപിച്ചു. അൽപം ദൂരം മുന്നോട്ടുപോയപ്പോൾ പൊലീസ് ചെക്കിങ്ങിനായി വണ്ടി നിർത്തി. ലാലിബെല്ല പട്ടണം ഒഴിെകയുള്ള സ്ഥലങ്ങൾ തീവ്രവാദികൾ പിടിച്ചെടുത്തു എന്ന കാര്യം യാത്രയുടെ ഓളത്തിൽ ഞാൻ സൗകര്യപൂർവം വിസ്മരിച്ചുപോയിരുന്നു.
തീർത്തും വിജനമായ ഇടങ്ങളിലൂടെയാണ് ഞങ്ങൾ സഞ്ചരിച്ചത്. ഇടക്ക് ചെറിയ കുടിലുകൾ കാണാം. ഒരു മണിക്കൂർ യാത്ര ചെയ്തു ഒരു ഗ്രാമത്തിൽ എത്തി. ചത്വരംപോലുള്ള സ്ഥലത്തു വണ്ടിയുടെ ഹോൺ നീട്ടി അടിച്ച് ഞങ്ങളുടെ വരവ് ഗ്രാമവാസികളെ അറിയിച്ചു. പല ദിക്കുകളിൽനിന്ന് ആളുകൾ ഓടിക്കൂടി. പുതുപ്പെണ്ണ് അമാരയുടെ വീട്ടുകാർ ഞങ്ങളെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അമാര ഞങ്ങളുടെ കൂട്ടത്തിലില്ല എന്ന് അപ്പോഴാണ് ശ്രദ്ധിച്ചത്. പള്ളിയിലെ കല്യാണം കഴിഞ്ഞു പെണ്ണ് അവളുടെ വീട്ടിലേക്ക് പോകും. ചെക്കനും കുടുംബവും പെണ്ണിന്റെ വീട്ടിൽനിന്ന് അവരെ കൂടെ കൂട്ടണമത്രേ. രസമെന്തെന്നുവെച്ചാൽ അമാര രാവിലെ ധരിച്ചിരുന്ന ചുവന്ന ജാക്കറ്റ് ധരിച്ചാണ് കല്യാണ ചെക്കൻ സാമുവലിന്റെ സുഹൃത്ത് എത്തിയിരിക്കുന്നത്. സുഹൃത്തും സാമുവേലും പരസ്പരം കൈകോർത്തുപിടിച്ചാണ് നടന്നിരുന്നത്. ഒരു ചെറിയ ഇടവഴിയിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് പന്തൽ ഒരുക്കിയിരുന്നത്. നീളമുള്ള തടിക്കഷണങ്ങളിൽ ഇരുന്ന് ആളുകൾ ഇഞ്ചിറയും ഇറച്ചിക്കറിയും കഴിക്കുന്നു. ഒരാൾ ‘ടെല്ല’ എന്ന വാറ്റുചാരായം പ്ലാസ്റ്റിക് ജഗിൽനിന്ന് ഗ്ലാസുകളിലേക്ക് പകർന്നുകൊടുക്കുന്നുണ്ടായിരുന്നു.
ഇവരുടെ ഇടയിൽകൂടി ഞങ്ങളുടെ ‘ചെക്കൻസംഘം’ പെണ്ണിന്റെ വീട്ടിലേക്ക് പോയി. സൂചികുത്താൻ ഇടമില്ലാത്തത്ര തിരക്ക്. എനിക്കാണേൽ അകത്തുനടക്കുന്ന ചടങ്ങുകൾ കാണാൻ കൗതുകവും. വീട്ടിലേക്ക് ഇടിച്ചുകയറാൻ ഒരു ചെറിയ ശ്രമം നടത്തിയെങ്കിലും ആളുകളുടെ തള്ളിൽപ്പെട്ട് ഞാൻ തിരിച്ചു മുറ്റത്ത് ലാൻഡ് ചെയ്തു. അപ്പോഴാണ് അടഞ്ഞുകിടന്ന ജനാല ശ്രദ്ധയിൽപെട്ടത്. അത് തുറക്കാമോ എന്നൊന്നും ആരോടും ചോദിക്കാൻ നിന്നില്ല. വലിച്ചുതുറന്ന് അകത്തെ ചടങ്ങുകൾ കണ്ടു. പെണ്ണിനെ കൊടുക്കില്ലെന്ന് അവളുടെ സഹോദരിമാർ. ചെക്കൻ പെണ്ണിന്റെ കൈ വലിച്ചു തന്റെ അരികിലേക്ക് ചേർത്തു. ചെക്കന്റെ സുഹൃത്തുക്കളും ബന്ധുക്കളും പുരോഹിതന്മാരും അവർക്ക് ചുറ്റും നിന്നു. എല്ലാവരും കൂടി പന്തലിലേക്ക് നടന്നു. പന്തലിന്റെ അറ്റത്ത് ഒരു ചെറിയ വേദി ഒരുക്കിയിരുന്നു. അതിനു മുന്നിൽ തറയിൽ വൈക്കോൽ വിരിച്ചിട്ടുണ്ട്. എല്ലാവരും അവിടെ നിലത്തിരുന്നു. പുരോഹിതൻമാരും ചെക്കനും പെണ്ണും സ്റ്റേജിൽ ഇരുന്നു.
പെൺവീട്ടുകാർ ഭക്ഷണം വിളമ്പാൻ തുടങ്ങി. ‘പന്തിയിൽ പക്ഷഭേദം’ ശ്രദ്ധയിൽപെട്ടു. നാട്ടുകാർക്ക് ഇഞ്ചിറയും ഇറച്ചിക്കറിയും മാത്രമായിരുന്നു വിളമ്പിയത്. എന്നാൽ, ചെക്കൻ കൂട്ടർക്ക് ഇറച്ചിയും കോഴിയും മുട്ടയും ഒക്കെ കൊടുത്താണ് സൽക്കരിച്ചത്. ചെറുക്കനും പെണ്ണും പുരോഹിതരും ഒരു പ്ലേറ്റിൽനിന്നാണ് ഭക്ഷണം കഴിച്ചത്. ബിസ്റതിന്റെ കടയിൽനിന്ന് ഭക്ഷണം കഴിച്ചതുകൊണ്ട് ഞാൻ ഭക്ഷണം വേണ്ടെന്നുപറഞ്ഞു. ‘‘നിങ്ങൾ പ്ലേറ്റിൽ കുറച്ചു വാങ്ങിക്കഴിക്കൂ. ബാക്കിയുള്ളത് ആരെങ്കിലും എടുക്കും. വേസ്റ്റ് ആകില്ല.’’ എന്റെ എച്ചിൽ എന്തിനാണ് ആരെയെങ്കിലും കഴിപ്പിക്കേണ്ടത് ? ഞാൻ വേണ്ടെന്നു ഉറപ്പിച്ചുപറഞ്ഞു. എല്ലാവരുടെയും പ്ലേറ്റിൽ ധാരാളം ഭക്ഷണം. കുറെയൊക്കെ ആളുകൾ കഴിച്ചു. ബാക്കി പ്ലേറ്റുകളിൽ ഉപേക്ഷിച്ചു.
ഇതിനിടയിൽ മാസ് എന്നോട് കാമറയൊക്കെ റെഡിയാക്കി വെക്കാൻ പറഞ്ഞു. ഏറ്റവും അടിപൊളി ഭക്ഷണം ഇപ്പോൾ കൊണ്ടുവരുമെന്ന് പറഞ്ഞു. ഞാൻ വലിയൊരു കേക്ക് ആണ് പ്രതീക്ഷിച്ചത്. എന്നാൽ, പ്ലേറ്റിൽ ത്രികോണാകൃതിയിലുള്ള ഒരു കഷണം ഇറച്ചിയാണ് കൊണ്ടുവന്നത്. കാളയുടെ വാല് ശരീരത്തു ചേരുന്ന ഭാഗത്തെ ഇറച്ചിയാണ്. പുരോഹിതൻ അതിൽനിന്ന് ഒരു കഷണം മുറിച്ചെടുത്തു വരനും വധുവിനും വായിൽ വെച്ചുകൊടുത്തു. ബാക്കി ഇറച്ചി ചെറിയ കഷണങ്ങളാക്കി എല്ലാവർക്കും വിതരണംചെയ്തു. കൈ കഴുകാനുള്ള വെള്ളം ഇരുന്നിടത്തു കൊണ്ടുവന്നു തന്നു. അപ്പോഴാണ് ഞാൻ ആ സങ്കടകരമായ കാഴ്ച കണ്ടത്. മിച്ചം വന്ന ഭക്ഷണം ഒരു വലിയ ബേസിനിലേക്ക് തട്ടിയിട്ടിട്ടുണ്ട്. രണ്ടു കുട്ടികൾ അതിൽനിന്ന് ഭക്ഷണം എടുത്തു കഴിക്കുന്നു. അവരുടെ അമ്മയാകണം തൊട്ടരികിലിരുന്നു പാത്രങ്ങൾ തേച്ചുകഴുകുന്നു.

ഭക്ഷണം കഴിഞ്ഞപ്പോൾ പ്രാർഥന ആരംഭിച്ചു. ചെറുപ്പക്കാർ രണ്ടു വരികളായി അണിനിരന്നു. അവരുടെ കൈയിൽ പ്രയർ സ്റ്റിക്കും കിലുക്കും മദ്ദളവുമെല്ലാമുണ്ട്. അരമണിക്കൂറോളം പ്രാർഥനകൾ തുടർന്നു. പിന്നെയവർ വട്ടത്തിൽ നടന്നു പാട്ടുപാടാൻ ആരംഭിച്ചു. പാട്ടവസാനിപ്പിച്ചപ്പോൾ പുരോഹിതർ പ്രസംഗം നടത്തി. അതിലെ ഒരു പുരോഹിതന്റെ പ്രസംഗത്തിന് വൻ കൈയടിയാണ് ലഭിച്ചത്. ഇടക്ക് കാണികളിൽ ചിലർ എഴുന്നേറ്റ് പുരോഹിതന്റെ പോക്കറ്റിൽ പൈസ വെച്ച് കൊടുത്തു. നാലു മണിയായി ചടങ്ങുകൾ കഴിഞ്ഞപ്പോൾ. തിരികെപ്പോകാൻ ആളുകൾ തയാറെടുത്തപ്പോൾ എനിക്ക് ചുറ്റുവട്ടമൊെക്ക ഒന്നുകാണാൻ തോന്നി. ഞാൻ പതുക്കെ പുറത്തിറങ്ങി. അവിടെ നാലഞ്ചു ആളുകൾ തോക്കും പിടിച്ചു എന്നെ സസൂക്ഷ്മം വീക്ഷിക്കുന്നു. രാവിലെ കണ്ട പൊലീസുകാരുടെ വേഷമല്ല. എനിക്ക് ആളുകളെ പിടികിട്ടി -ഫാനോ തീവ്രവാദികൾ. ഇവരാണ് ഈ പ്രദേശം കീഴ്‌പ്പെടുത്തിയിരിക്കുന്നത്.
എന്റെ മുഖത്തെ രക്തയോട്ടം നിലച്ചു. ഒരു ചുവടു മുന്നോട്ടോ പിന്നോട്ടോ വെക്കാൻ സാധിക്കുന്നില്ല. എന്റെ ഭീതി കണ്ടിട്ടാകണം അതിലൊരാൾ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് ചിരിച്ചു. ഞാൻ പിന്നോട്ട് നടന്ന് പന്തലിലുണ്ടായിരുന്ന ആളുകൾക്കിടയിൽ ഒളിച്ചു. പെട്ടെന്ന് പുറത്തൊരു വെടിയൊച്ച. സംഭരിച്ചുവെച്ച ധൈര്യമൊക്കെ ചോർന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു. മാസ് ഓടിവന്നു. ‘‘നിങ്ങൾ പേടിച്ചോ? ധൈര്യമായിരിക്കൂ... അവരൊന്നും ചെയ്യില്ല. വീട്ടുകാർ ക്ഷണിച്ചിട്ട് വന്ന തീവ്രവാദികളാണ്. അവർ ചെക്കനെയും പെണ്ണിനെയും ആദരിക്കാനായിട്ടാണ് വെടി മുഴക്കിയത്. തീവ്രവാദികൾ നമ്മളെ ഒന്നും ചെയ്യില്ല. സർക്കാറുമായിട്ടാണ് അവരുടെ പോരാട്ടം.’’
മാസ് എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് ഏതു വിധേനയും തിരിച്ചു പട്ടണത്തിൽ എത്തിയാൽ മതിയെന്നായിരുന്നു. ചെക്കൻ സംഘത്തിന്റെ നടുക്ക്, ആരുടെയും ശ്രദ്ധയിൽപെടാതെ ഒളിച്ചു മുന്നോട്ടുപോകാനായിരുന്നു എന്റെ പദ്ധതി. അന്നേരമാകട്ടെ തീവ്രവാദികളും ചെക്കൻസംഘത്തിനൊപ്പം ചേർന്നു നടക്കുന്നു. എല്ലാവരും ഡാൻസ് ചെയ്തു പുറത്തേക്കു നീങ്ങി. വണ്ടി കിടക്കുന്ന സ്ഥലം വരെ അവർ ഞങ്ങളെ അനുഗമിച്ചു. വണ്ടി വിടാറായപ്പോൾ വീണ്ടും അവർ വെടി ഉതിർത്തു. വെടിയൊച്ചകൾ ഞടുക്കിയെങ്കിലും യാത്രതിരിച്ചപ്പോൾ ചെറിയൊരു ആശ്വാസം ലഭിച്ചു. മടക്കയാത്രയിൽ അടുത്ത ദിവസം മാസിനൊപ്പം അൽപം ദൂരെയുള്ള ബുഗ്‌ന ഗ്രാമം സന്ദർശിക്കാൻ ധാരണയായി.
