Begin typing your search above and press return to search.
proflie-avatar
Login

ഓമോവാലി: കാലം മരവിച്ചുപോയ ഇടം

ഓമോവാലി: കാലം മരവിച്ചുപോയ ഇടം
cancel

അധ്യായം -11 അത്യാവശ്യം വേണ്ട രണ്ടോ മൂന്നോ വസ്ത്രങ്ങൾമാത്രം ഒരു ചെറിയ ബാഗിലാക്കി ഞാൻ എയർപോർട്ടിലേക്ക് തിരിച്ചു. സത്യംപറഞ്ഞാൽ, എന്റെ മനസ്സ് അൽപം പതറുന്നുണ്ടായിരുന്നു. വരാനിരിക്കുന്ന ദിവസങ്ങളിൽ വെള്ളമില്ല, ഇന്റർനെറ്റില്ല, എന്തിന് കൃത്യമായ ഒരു പ്ലാൻ പോലുമില്ല! ആധുനിക മനുഷ്യൻ ‘പരിഷ്കാരം’ എന്ന് വിളിക്കുന്ന വെളുത്ത ചായംപൂശാത്ത, മനുഷ്യകുലത്തിന്റെ വേരുകൾ ഇന്നും പച്ചപ്പോടെ നിലനിൽക്കുന്ന ഇടത്തിലേക്കാണ് യാത്ര. അവിടെ മനുഷ്യർ തങ്ങളുടെ സംസ്‌കാരം നിലനിർത്താനായി ലോകത്തിലെ ഏറ്റവും തീവ്രമായ പോരാട്ടത്തിലാണ്. പ്ലാസ്റ്റിക്കും വൈഫൈയുമില്ലാത്ത ഒരു ലോകം ഇന്ന് നമുക്ക് സങ്കൽപിക്കാൻ പറ്റുമോ? എനിക്ക്...

Your Subscription Supports Independent Journalism

View Plans

 അധ്യായം -11

അത്യാവശ്യം വേണ്ട രണ്ടോ മൂന്നോ വസ്ത്രങ്ങൾമാത്രം ഒരു ചെറിയ ബാഗിലാക്കി ഞാൻ എയർപോർട്ടിലേക്ക് തിരിച്ചു. സത്യംപറഞ്ഞാൽ, എന്റെ മനസ്സ് അൽപം പതറുന്നുണ്ടായിരുന്നു. വരാനിരിക്കുന്ന ദിവസങ്ങളിൽ വെള്ളമില്ല, ഇന്റർനെറ്റില്ല, എന്തിന് കൃത്യമായ ഒരു പ്ലാൻ പോലുമില്ല! ആധുനിക മനുഷ്യൻ ‘പരിഷ്കാരം’ എന്ന് വിളിക്കുന്ന വെളുത്ത ചായംപൂശാത്ത, മനുഷ്യകുലത്തിന്റെ വേരുകൾ ഇന്നും പച്ചപ്പോടെ നിലനിൽക്കുന്ന ഇടത്തിലേക്കാണ് യാത്ര. അവിടെ മനുഷ്യർ തങ്ങളുടെ സംസ്‌കാരം നിലനിർത്താനായി ലോകത്തിലെ ഏറ്റവും തീവ്രമായ പോരാട്ടത്തിലാണ്. പ്ലാസ്റ്റിക്കും വൈഫൈയുമില്ലാത്ത ഒരു ലോകം ഇന്ന് നമുക്ക് സങ്കൽപിക്കാൻ പറ്റുമോ? എനിക്ക് പറ്റിയിരുന്നില്ല. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യയുടെ വിരൽസ്പർശമില്ലാത്ത ആ മനുഷ്യരെ കാണാൻ വലിയ ആഗ്രഹമായിരുന്നു.

യുനെസ്‌കോ പൈതൃകപ്പട്ടികയിലുള്ള ലോവർ ഓമോവാലിയിൽ ഹമർ, ബാന, മുർസി, സൂരി, കാര, ദസ്സനെച്ച്, അർബോർ, ന്യാങ്കതോം എന്നിങ്ങനെ എട്ട് ഗോത്രങ്ങളാണുള്ളത്. വെറും രണ്ടു ലക്ഷത്തിൽ താഴെമാത്രം വരുന്ന ഈ മനുഷ്യർ ഓമോനദിയുടെ വാർഷിക വെള്ളപ്പൊക്കത്തെ ആശ്രയിച്ചാണ് കൃഷിചെയ്യുന്നത്. ആ നദി അവർക്ക് ദൈവമാണ്, അന്നവുമാണ്. മഴയില്ലാത്ത സമയത്ത് കാലിവളർത്തലിനെ ആശ്രയിച്ചാണ് അവർ ജീവിക്കുന്നത്. പക്ഷേ, എത്രകാലം ഈ ഗോത്രങ്ങൾ നിലനിൽക്കുമെന്നത് വലിയ ചോദ്യചിഹ്നമാണ്. അത്തരം ആശങ്കക്ക് കാരണം ചില സർക്കാർ നയങ്ങളാണ്.

2011ൽ, ലോവർ ഓമോമേഖലയിലെ ഫലഭൂയിഷ്ഠമായ ഭൂമിയുടെ വലിയൊരു ഭാഗം മലേഷ്യൻ, ഇറ്റാലിയൻ, ഇന്ത്യൻ, കൊറിയൻ കമ്പനികൾക്ക് ജൈവ ഇന്ധനങ്ങളും ഓയിൽപാം, ജട്രോഫ, പരുത്തി, ചോളം തുടങ്ങിയ നാണ്യവിളകളും കൃഷിചെയ്യുന്നതിനായി പാട്ടത്തിന് നൽകി. സർക്കാറിന്റെ പഞ്ചസാര പദ്ധതിക്ക് ഒന്നരലക്ഷം ഹെക്ടർ വിസ്തൃതിയുള്ള ഭൂമി ഏറ്റെടുത്തു. അവിടെ താമസിച്ചിരുന്ന ബോഡി, മുർസി ജനങ്ങളെ പുനരധിവാസ മേഖലകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അവിടെ കുറച്ച് പശുക്കളെ മാത്രമേ വളർത്താൻ സാധിക്കുകയുള്ളൂ എന്നവർക്ക് നിർദേശവും നൽകി. സമുദായങ്ങളുടെ ധാന്യശേഖരങ്ങളും തേനീച്ചക്കൂടുകളും അവരുടെ വിലപ്പെട്ട കന്നുകാലി മേച്ചിൽപ്പുറങ്ങളും നശിപ്പിക്കപ്പെട്ടു. ഭൂമി ഏറ്റെടുക്കുന്നത് എതിർക്കുന്നവരെ പതിവായി മർദിക്കുകയും ജയിലിലടക്കുകയും ചെയ്തിട്ടുണ്ട്. നിർമാണ, തോട്ടം തൊഴിലാളികളെ സംരക്ഷിക്കാൻ പ്രദേശത്ത് പട്രോളിങ് നടത്തുന്ന സൈന്യം, ആദിവാസികളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തതായി നിരവധി റിപ്പോർട്ടുകളുണ്ട്.

വാണിജ്യാവശ്യങ്ങൾക്കായി വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാൻ ഇറ്റാലിയൻ കമ്പനിയായ ‘സലിനി കോസ്ട്രുട്ടോറി’ ഓമോനദിയിൽ ‘ഗിബെ-III’ എന്ന കൂറ്റൻ ജലവൈദ്യുതി അണക്കെട്ട് നിർമിച്ചു. അതോടെ ഓമോനദിയിൽ വെള്ളപ്പൊക്കം നിയന്ത്രിതമാകുകയും എക്കൽ മണ്ണിന്റെ ലഭ്യത കുറയുകയുംചെയ്തു. കൃഷി പഴയതുപോലെ നടക്കാത്തതുകൊണ്ട് പല ഗോത്രവർഗക്കാരും പട്ടിണിയിലാണ്. ഗോത്രങ്ങളുടെ ഉപജീവനമാർഗത്തെ നശിപ്പിക്കുമെന്ന പ്രാഥമിക വിലയിരുത്തൽ പഠനങ്ങളുടെ അടിസ്ഥാനത്തിൽ യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്കും ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്കും അണക്കെട്ടിന് ധനസഹായം നൽകില്ലെന്ന് തീരുമാനിച്ചു.

എന്നിരുന്നാലും, ചൈനയിലെ ഏറ്റവും വലിയ ബാങ്കായ ഇൻഡസ്ട്രിയൽ ആൻഡ് കമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, അണക്കെട്ടിന്റെ നിർമാണത്തിന്റെ ധനസഹായം ഏറ്റെടുത്തു. നൂറുകണക്കിന് കിലോമീറ്റർ ജലസേചന കനാലുകളാണ് തോട്ടങ്ങളിലേക്ക് ജീവൻ നൽകുന്ന ജലത്തെ വഴിതിരിച്ചുവിടുന്നത്. സർക്കാർ അത് കാണുന്നത് വികസന ഭാഗമായിട്ടാണ്. വികസനം എങ്ങനെ, ആര്‍ക്കുവേണ്ടി എന്ന ചോദ്യം പ്രസക്തമാണല്ലോ. കാൽക്കോടി ജനങ്ങൾ ഒഴുകുന്ന നഗരങ്ങളിലെ എയർ കണ്ടീഷൻഡ് മുറികളിലിരുന്ന് ‘പുരോഗതി’യെപ്പറ്റി വാചാലരാകുമ്പോൾ, തലമുറകളായി മണ്ണിൽ ചവിട്ടി ജീവിക്കുന്നവരുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുകയാണ്. പ്രകൃതിയുമായുള്ള പൊക്കിൾക്കൊടി ബന്ധം മുറിച്ചുമാറ്റപ്പെടുമ്പോൾ നഷ്ടപ്പെടുന്നത് ഒരു ജനതയുടെ ആത്മാവുകൂടിയാണ്.

ഓമോവാലിയിലെ ഗ്രാമങ്ങൾ തമ്മിൽ കിലോമീറ്ററുകളുടെ ദൂരമുണ്ട്. പൊതുഗതാഗതമില്ല. ടൂർ ഏജൻസികൾ ആണെങ്കിൽ വാങ്ങുന്നത് കൊള്ളവിലയും -ഒരു ദിവസത്തേക്ക് 150 ഡോളർ! എന്റെ കീശയിൽ അത്രയും പണമില്ലാത്തതുകൊണ്ട് ഞാൻ ഇന്റർനെറ്റിൽ സെർച്ചുചെയ്ത് എബ്രഹാം എന്ന ഒരു ലോക്കൽ ഗൈഡിനെ കണ്ടെത്തി. ഫോണിലൂടെ എബ്രഹാം പറഞ്ഞു: ‘‘ബൈക്കിൽപോകാൻ തയാറാണെങ്കിൽ ദിവസം 50 ഡോളറിന് ഞാൻ എല്ലാം ശരിയാക്കിത്തരാം.’’ ബൈക്കിൽ യാത്രയോ? കുറച്ചു റിസ്ക് ആണെങ്കിലും വേറെ വഴികൾ ഒന്നും മുന്നിലില്ലായിരുന്നതിനാല്‍ ഞാന്‍ വേഗം സമ്മതംമൂളി.

ഒന്നര മണിക്കൂർ വിമാനയാത്രക്കുശേഷം ഞാൻ അർബാമിഞ്ചിൽ എത്തി. വിമാനമിറങ്ങിയപ്പോൾ എന്നെ സ്വീകരിക്കാൻ വന്നത് എബ്രഹാമിന്റെ സുഹൃത്ത് ഗെച്ചയാണ്. ഗെച്ചക്ക് ഇംഗ്ലീഷ് മരുന്നിനുപോലും അറിയില്ല. എനിക്ക് അംഹാരിക്കും അറിയില്ല. അതോടെ, ഞങ്ങളുടെ ആശയവിനിമയം പുരാതനകാലത്തെപ്പോലെ ആംഗ്യഭാഷയിലായി.

ഞാൻ ബാഗ് കാണിച്ചു: (ഇത് എവിടെ വെക്കും?)

ഗെച്ച ബൈക്ക് കാണിച്ചു: (ഇതിൽ വെക്കും!)

ഞാൻ ദൂരെ ചൂണ്ടി: (എത്ര ദൂരമുണ്ട്?)

ഗെച്ച ചിരിച്ചു: (സമാധാനപ്പെട്, നമ്മൾ എത്തും!)

ഗെച്ചയുടെ ബൈക്കിന് പിന്നിൽ കയറി ഞാൻ യാത്രതുടങ്ങി. ലക്ഷ്യസ്ഥാനത്തെത്താൻ നഗരത്തിൽനിന്ന് ഷെയർ ടാക്സിയിലോ ബസിലോ കയറിവേണം പോകാൻ. ബസിലാണെങ്കിൽ ഏഴു മണിക്കൂർ, ടാക്സിയിലാണെങ്കിൽ നാലു മണിക്കൂർ. എപ്പോൾ ബസ് കിട്ടും, എപ്പോൾ ടാക്സി കിട്ടും -ഒരു പിടിയുമില്ല. ഒന്നിനും നിശ്ചിതസമയമില്ല. പ്രകൃതിയുടെ താളത്തിനൊപ്പം ഒഴുകുകയേ വഴിയുള്ളൂ. ആധുനികലോകത്തെ തിരക്കുകൾ എല്ലാം മാഞ്ഞുപോകുന്നതായി തോന്നി. ഒരു പുതിയ ലോകത്തേക്ക്, മനുഷ്യവംശത്തിന്റെ ആദിപിതാക്കള്‍ നടന്ന മണ്ണിലേക്ക് ഞാൻ ഓരോ കിലോമീറ്ററും അടുക്കുകയാണ്.

അർബാമിഞ്ച എന്ന ചെറിയ പട്ടണത്തിൽ ഞങ്ങള്‍ എത്തിച്ചേർന്നു. ധാരാളം ജീപ്പുകളും കാറുകളുമെല്ലാം നിർത്തിയിട്ടിരുന്ന ഒരു കവലയിൽ ഗെച്ച വണ്ടിനിർത്തി. അവൻ അവിടെ നിന്നവരോട് എന്തോ ചോദിക്കുന്നതും ആരോടോ ഫോണിൽ സംസാരിക്കുന്നതും ഞാൻ കണ്ടു. പെട്ടെന്ന്, ഒരു മുന്നറിയിപ്പുമില്ലാതെ അവൻ ധൃതിപിടിച്ചു വണ്ടിയിൽ കയറി എന്നോട് ഇരിക്കാൻ പറഞ്ഞു. എങ്ങോട്ടാണ് പോകുന്നതെന്നോ എന്താണ് പദ്ധതിയെന്നോ കൃത്യമായി മനസ്സിലാകുന്നില്ല. എബ്രഹാം പറഞ്ഞത് ഗെച്ച എന്നെ അർബാമിഞ്ചിൽനിന്ന് ബസ് കയറ്റി വിടുമെന്നാണ്. പക്ഷേ ഗെച്ച വണ്ടിയിൽ എന്നെയുംകൊണ്ട് പറപറക്കുകയാണ്. വണ്ടി നല്ല സ്പീഡിലായതുകൊണ്ട് മൊബൈൽ ഫോണെടുത്ത് എബ്രഹാമിനെ വിളിക്കാനും പറ്റുന്നില്ല.

പട്ടണത്തിന്റെ തിരക്കുകളിൽനിന്നും ഞങ്ങൾ പെട്ടെന്ന് കാടിന്റെയും മലനിരകളുടെയും ഏകാന്തതയിലേക്ക് വഴിമാറുന്നത് ഞാൻ ആശങ്കയോടെ നിരീക്ഷിച്ചു. മുന്നിലെ വഴി എങ്ങോട്ടാണെന്നോ, ഈ പാച്ചിൽ എവിടെച്ചെന്ന് നിൽക്കുമെന്നോ ഉള്ളതിന് ഒരു എത്തുംപിടിയും കിട്ടുന്നില്ല. ഒരുപക്ഷേ, പ്ലാൻചെയ്ത വഴികളിൽനിന്നും തീർത്തും അപരിചിതമായ ഇടങ്ങളിലേക്ക് ജീവിതം നമ്മെ വലിച്ചെറിയുമ്പോഴായിരിക്കാം യാത്രകൾ അതിന്റെ വന്യമായ ഭാവം പുറത്തെടുക്കുന്നത്. ഹൃദയമിടിപ്പിന്റെ താളം മുറുകുമ്പോഴും, ഗെച്ചയുടെ ബൈക്കിന് പിന്നിലിരുന്ന് ആ അനിശ്ചിതത്വത്തിലേക്ക് എന്നെത്തന്നെ വിട്ടുകൊടുക്കുകയല്ലാതെ അപ്പോൾ എനിക്ക് മുന്നിൽ മറ്റ് വഴികളില്ലായിരുന്നു.

20 മിനിറ്റ് യാത്രചെയ്തശേഷം വഴിയരികിൽ നിർത്തിയ ഒരു ജീപ്പിനരികിൽ ഞങ്ങളെത്തി. വണ്ടിക്കാരനോട് സംസാരിച്ചിട്ട് എന്നോട് ഇറങ്ങാൻ പറഞ്ഞു. ഭാഗ്യത്തിന് വണ്ടിക്കാരന് ഇംഗ്ലീഷ് അറിയാമായിരുന്നു. അയാൾ ജിങ്കയിലേക്ക് പോകുകയാണ്. അയാൾ അർബാമിഞ്ചിൽനിന്നും പുറപ്പെട്ടശേഷമാണ് ഗെച്ചയുടെ ഫോൺവന്നത്. എനിക്കുവേണ്ടി കാത്തുനിൽക്കുകയായിരുന്നു ആ മനുഷ്യൻ. മുൻസീറ്റിൽ ഒരു കൊച്ചുപയ്യനുണ്ട്. കാഴ്ചകൾ കാണാനുള്ള സൗകര്യത്തിനു മുൻ സീറ്റ് തരുമോയെന്ന് അവനോടു ചോദിച്ചപ്പോൾ, ഒരു മടിയും കൂടാതെ ആ ഇത്യോപ്യൻ ബാലൻ എനിക്ക് വഴിമാറിത്തന്നു.

കുറച്ചുദൂരംകൂടി മാത്രമേ ടാർ റോഡ് ഉണ്ടായിരുന്നുള്ളൂ. പിന്നീടങ്ങോട്ട് പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ കലാപമായിരുന്നു. അധികം വണ്ടികളില്ലെങ്കിലും വഴിയാകെ പൊടിമയമായിരുന്നു. വഴിനീളെ കുട്ടികൾ പശുവിനെയും ആടിനെയും മേയ്ച്ചുകൊണ്ടുപോകുന്നു. വണ്ടിക്ക് സൈഡ് നൽകാൻ മനുഷ്യരും കാലികളും ഒരുപോലെ വിസമ്മതിച്ചു. ഡ്രൈവർ നിർത്താതെ ഹോണടിച്ചപ്പോൾ കാലികൾ മാറിയെങ്കിലും കുട്ടികൾ ഡ്രൈവറെ വല്ലാതെ വലച്ചു. കുട്ടികളുടെ അരയിൽ പ്ലാസ്റ്റിക് ബോട്ടിലിൽ വെള്ളനിറത്തിലെ ദ്രാവകം തൂക്കിയിട്ടുണ്ട്. മോരാണെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ, അത് ലോക്കൽ ചാരായമാണെന്നു ഡ്രൈവർ പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. ആ ചെറുപ്രായത്തിലേ അവർ ലഹരിയെ കൂട്ടുപിടിക്കുന്നു!

യാത്രക്കിടയിൽ നോക്കെത്താദൂരത്തോളം വാഴത്തോട്ടങ്ങൾ കണ്ടു. കേരളമാണ് വാഴയുടെ നാടെന്നുള്ള എന്റെ തെറ്റിദ്ധാരണ യുഗാണ്ടയിലും കെനിയയിലുമൊക്കെ സഞ്ചരിച്ചപ്പോൾത്തന്നെ മാറിയിരുന്നു. ഇവിടെ ഏക്കർ കണക്കിനാണ് കൃഷി. പ്രാതലിനു അവർ കറിക്കൊപ്പം പച്ചക്കായ പുഴുങ്ങിയതാണ് കഴിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലുടനീളം കായകൊണ്ടുണ്ടാക്കിയ വൈവിധ്യമാർന്ന വിഭവങ്ങൾ ആസ്വദിക്കാൻ എനിക്ക് പറ്റിയിരുന്നു.

ഇടക്ക് കുട്ടികൾ റോഡിൽ ഡാൻസ് ചെയ്യുന്നതും കണ്ടു. ഞങ്ങൾ അടുത്തെത്തിയപ്പോൾ ‘മണി, മണി’ എന്ന് പറഞ്ഞു അവർ കാറിന്റെ ചില്ലിൽ അടിക്കാൻ തുടങ്ങി. ഡ്രൈവർ അവരെ ചീത്തവിളിച്ചതും അവർ ചിന്നിച്ചിതറി.

‘‘സാധാരണക്കാർ ബസിലാണ് പോകുക. ജീപ്പ് കണ്ടാൽ കുട്ടികളുടെ വിചാരം അതിനകത്തു നിറയെ വിദേശികളാണെന്നാണ്. അതാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത്.’’

‘‘നിങ്ങൾ എന്തിനാണ് ജിങ്കയിൽ പോകുന്നത്?’’

‘‘പണക്കാരായ ടൂറിസ്റ്റുകൾ ജിങ്കയിലേക്ക് ഫ്ലൈറ്റിലാണ് എത്തുക. അവിടെ വണ്ടിയൊന്നും ലഭ്യമല്ല. ടൂർ ഏജൻസികൾ അർബാമിഞ്ചിൽനിന്നാണ് ടാക്‌സി ഏർപ്പാടാക്കുക.

കാലിവണ്ടി ഓടിക്കുന്നതിലും നല്ലതല്ലേ കുറച്ചാളുകളെ കയറ്റുന്നത്. മിണ്ടിയും പറഞ്ഞും യാത്രചെയ്യാം. എനിക്ക് കുറച്ചുപൈസയും ലഭിക്കും. ടൂറിസ്റ്റുകൾ സാധാരണ മൂന്നുദിവസത്തേക്കാണ് വരിക. മൂന്നാമത്തെ ദിവസം ഉച്ചക്കുശേഷം ഞാൻ മടങ്ങും. വേണമെങ്കിൽ നിങ്ങളെ തിരിച്ചു അർബാമിഞ്ചിൽ എത്തിക്കാം.’’

‘‘ഇല്ല... ഞാൻ അഞ്ചു ദിവസം കഴിഞ്ഞേ മടങ്ങൂ. ആവശ്യമുണ്ടെങ്കിൽ വിളിക്കാം.’’

‘‘ബുൾ ജമ്പിങ് ചില ഇടങ്ങളിൽ നടക്കുന്നുണ്ട്. നിങ്ങൾ അത് മറക്കാതെ കാണണേ. ഞാൻ പിക്ക്ചെയ്യാൻ പോകുന്നവർ അതുകാണാൻ വേണ്ടിമാത്രം കാനഡയിൽനിന്ന് വരുകയാണ്.’’

ഞാൻ എബ്രഹാമിനോട് പറഞ്ഞിരുന്നു ബുൾ ജമ്പിങ് കാണാൻ കൊണ്ടുപോകണമെന്ന്. അവൻ അപ്പോഴേ പറഞ്ഞു, കാണിക്കാൻ ഒക്കെ കൊണ്ടുപോകാമെന്ന്. പക്ഷേ, ടൂറിസ്റ്റുകൾ ധാരാളം കാണും. തിരക്കില്ലാതെ കാണാൻ സാധിക്കില്ല. വിദേശികൾ അധികം പോകാത്ത ഗ്രാമങ്ങളിൽ മാത്രമേ കൊണ്ടുപോകാവൂ എന്ന് ആദ്യമേ അവനെ ചട്ടംകെട്ടിയിരുന്നു. ചടങ്ങു കാണണം. വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് തിരക്കാണെങ്കിലും കുഴപ്പമില്ല എന്ന് പറയേണ്ടിവന്നു.

വഴിയരികിൽ മുരിങ്ങപോലത്തെ മരങ്ങൾ ധാരാളം കാണാം. സ്ത്രീകൾ ആ മരത്തിന്റെ ഇലകളുടെ കെട്ട് തലയിൽ ചുമന്നുകൊണ്ടുപോകുന്നു. കൗതുകം സഹിക്കാതെ ഞാൻ ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു. മരത്തിന്റെയടുത്തു ചെന്ന് ഇലകൾ പരിശോധിച്ചു. മുരിങ്ങയിലയുടെ മണവും നിറവുമാണ്. പക്ഷേ, വലുപ്പം കൂടുതലാണ്. കറിവേപ്പിലയുടെ ആകൃതിയുമാണ്.

‘‘ഈ ഇലകൊണ്ട് എന്താണ് ചെയ്യുന്നത്.’’

‘‘അത് കറിവെക്കാനും വേവിച്ചുകഴിക്കാനുമൊക്കെ എടുക്കും.’’

‘‘ഇതിന്റെ കായ ഉപയോഗിക്കാറുണ്ടോ?’’

‘‘ഇല്ല... കായയിൽനിന്ന് ചില ഗോത്രങ്ങൾ എണ്ണയെടുക്കാറുണ്ട്. ഇലയും പൂവുമാണ് കൂടുതലും ഉപയോഗിക്കാറ്. ഇറച്ചി വെക്കുമ്പോ, പച്ചക്കറി വെക്കുമ്പോഴുമെല്ലാം ഓമോവാലിയിലെ ആളുകൾ ഒരുപിടി ഇലയുംകൂടി ചേർക്കും. രക്താതിസമ്മർദത്തിന് നല്ലതാണെന്നു കേട്ടിട്ടുണ്ട്.’’

ഗൂഗ്ളിൽ പരതിയപ്പോൾ നമ്മുടെ മുരിങ്ങയുടെ വകയിലെ ഒരു സഹോദരനായി വരും. മുരിങ്ങ ‘മോരിങ്ങാ ഒലീഫറാ’ ആണെങ്കിൽ ഇത്യോപ്യൻ സഹോദരന്റെ പേര് ‘മൊരിങ്ങാ സ്റ്റെനോപെട്ടാലെ’ എന്നാണ്. അധികം വെള്ളംവേണ്ട എന്നതിനാൽ വരൾച്ചബാധിതപ്രദേശങ്ങളിൽ തഴച്ചുവളരും. ഗോത്രവർഗക്കാരുടെ പോഷകാഹാരക്കുറവിനെ ഒരു പരിധിവരെ ലഘൂകരിക്കാൻ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുകൊണ്ട് സാധിക്കുന്നു.

രണ്ടുമണിക്കൂറിനുശേഷം കോൻസോയിലെത്തി. അവിടെ ഭക്ഷണം കഴിക്കാൻ നിർത്തി. കൂടെയുള്ള പയ്യനെയുംകൂട്ടി അടുത്തുള്ള ഹോട്ടലിലേക്കുപോയി. ഒരു ചെറിയ ചായപ്പീടികയെന്നു പറയാം. മൂത്രമൊഴിക്കാൻ ടോയ്‌ലറ്റ് അവൻ കാണിച്ചുതന്നു. അടുക്കളയുടെ വശത്തു കർട്ടൻകൊണ്ട് അടച്ചിരുന്നു. കർട്ടൻ മാറ്റിയതും മൂന്നാലു മഞ്ഞ കന്നാസ് മുകൾഭാഗം മുറിച്ചുകളഞ്ഞു തൂക്കിയിട്ടിരിക്കുന്നത് കണ്ടു. ആണുങ്ങൾക്ക് മൂത്രമൊഴിക്കാനുള്ള സംവിധാനം, താഴെ ഒരു ചെറിയ കുഴി. കാലുവെക്കാൻ പരന്ന രണ്ടു തടിക്കഷണം. ഇനിയങ്ങോട്ട് ഇതൊക്കെത്തന്നെ ആഡംബരമായി കാണേണ്ടിവരുമെന്നോർത്തു. ഗ്രാമങ്ങളിൽ സൗകര്യം തീരെക്കുറവാണെന്നു എബ്രഹാം നേരത്തേ പറഞ്ഞിരുന്നു.

 

കുടിവെള്ളം ചുമന്നു കൊണ്ടുപോകുന്ന സോമാലിയൻ സ്വദേശികൾ,ലേഖിക ആഫ്രിക്കൻ രീതിയിൽ മുടി പിന്നിയപ്പോൾ

തിരിച്ചുചെന്നപ്പോൾ കൂടെയുണ്ടായിരുന്ന പയ്യൻ ബ്രെഡ് മാത്രം കഴിക്കുന്നു. ഞാൻ വാങ്ങിയ മത്സ്യക്കറി അവനുമായി പങ്കുവെച്ചു, ഒരു കോളയും വാങ്ങിക്കൊടുത്തു. അവന്റെ അച്ഛൻ ജിങ്കയിൽ ചെറിയ ഹോട്ടൽ നടത്തുന്നു. അമ്മയാണ് സഹായി. ജിങ്കയിൽ കോളജൊന്നുമില്ല. അങ്ങനെയാണ് അവൻ അർബാമിഞ്ചിൽ പഠിക്കാൻ ചേർന്നത്. എങ്ങനെയെങ്കിലും നഗരത്തിൽ ഒരു ജോലി നേടി അങ്ങോട്ടേക്ക് മാറണം. ഓമോവാലിയിലെ ആളുകളെക്കുറിച്ച് സർക്കാറിന് ഒരു താൽപര്യവുമില്ല. എന്നും പട്ടിണിയും കഷ്ടപ്പാടുമാണ്. നഗരത്തിലേക്ക് ചേക്കേറിയാലേ രക്ഷപ്പെടാൻ പറ്റൂ. അവന്റെ ആവലാതികളും സ്വപ്നങ്ങളും അവൻ പങ്കുവെച്ചു. നമ്മൾ പുറത്തുനിന്നുകാണുന്ന ഈ ‘ഗോത്രസൗന്ദര്യം’ പലപ്പോഴും അവിടത്തെ മനുഷ്യർക്ക് ഒരു തടവറയാണ്. അവർ ആഗ്രഹിക്കുന്നത് നാം മടുത്തുവെന്നൊക്കെ മേനിപറയുന്ന നഗരജീവിതമാണ്.

അവിടന്നിറങ്ങാൻ നേരം കണ്ട കാഴ്ച ഉള്ളുലക്കുന്നതായിരുന്നു. എട്ടും പത്തും വയസ്സ് തോന്നിക്കുന്ന രണ്ട് പെൺകുട്ടികൾ വെള്ളത്തിന്റെ വലിയ കന്നാസുകൾ മുതുകിൽ കെട്ടി നടന്നുപോകുന്നു. പുസ്തക സഞ്ചി ചുമക്കേണ്ട പ്രായത്തിൽ ജീവൻ നിലനിർത്താനുള്ള വെള്ളത്തിനായി കിലോമീറ്ററുകളോളം ഭാരവുംപേറി അവർ നടക്കുകയാണ്. അവരുടെ കണ്ണുകളിലെ തളർച്ചയിൽ നാടിന്റെ പരുക്കൻ യാഥാർഥ്യങ്ങൾ മുഴുവൻ നിഴലിക്കുന്നുണ്ടായിരുന്നു.

ജിങ്കയിൽ എബ്രഹാം ബൈക്കുമായി വന്നു. ഉരുണ്ടു നല്ല ഓമനത്തമുള്ള മുഖം. ഫോട്ടോയിൽ കണ്ടപ്പോൾ നല്ല പ്രായം തോന്നിച്ചിരുന്നു. നേരിൽ ക്കണ്ടപ്പോൾ ഏറിയാൽ മുപ്പത്. പരിചയപ്പെട്ടപ്പോൾത്തന്നെ എബി എന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞു. ഞങ്ങൾ നേരെ ജിങ്കയിലെ മ്യൂസിയം കാണാൻപോയി. ഗോത്രവർഗക്കാരെപ്പറ്റിയും അവരുടെ സംസ്കാരത്തെപ്പറ്റിയും നല്ലൊരു ധാരണയുണ്ടാക്കി എടുക്കാൻ ആ സന്ദർശനം ഉപകരിച്ചു. അവിടന്ന് എബിയുടെ വീട്ടിലേക്കുപോയി. അവിടെയാണ് എന്റെ താമസം. എബി ആരി ഗോത്രവർഗക്കാരനാണ്. ജിങ്കപട്ടണത്തിൽ മൊത്തം ആരികളാണ്. മറ്റു ഗോത്രങ്ങളെ അപേക്ഷിച്ചു മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലാണ് ആരികൾ ജീവിക്കുന്നത്.

അതിനുശേഷം എബിക്കൊപ്പം ഞാന്‍ മറ്റൊരു ഗ്രാമത്തിലെത്തി. കേരളീയഗ്രാമം പോലെയിരുന്നു അത്. ചേമ്പും മുരിങ്ങയും മാവുമൊക്കെ വീടുകളിൽ കാണാം. അഞ്ചു സെന്റിനകത്തു രണ്ടു ചെറിയ ഇരുമുറിവീടുകൾ. ഒരു വീട്ടിൽ എബിയുടെ മാതാപിതാക്കളും രണ്ടു സഹോദരിമാരും. മറ്റേ വീട്ടിൽ എബിയും സഹോദരനും. ഷീറ്റു വെച്ചുണ്ടാക്കിയ അടുക്കള പ്രത്യേകമാണ്. എബിയുടെ മുറി എനിക്ക് വിട്ടുതന്നു. എന്റെ മുറി പുറത്തേക്കാണ് തുറക്കുന്നത്. ഞാൻ വസ്ത്രംമാറിവന്നപ്പോൾ എബിയുടെ സഹോദരി ബേട്ടി എന്നോട് കൂട്ടുകൂടാൻ വന്നു. 20 വയസ്സുള്ള അവൾ അടുത്തുള്ള സ്‌കൂളിലെ ടീച്ചറാണ്. ഇംഗ്ലീഷ് വളരെക്കുറച്ചേ സംസാരിക്കാൻ കഴിയൂ. എങ്കിലും ഞങ്ങൾക്ക് ആശയവിനിമയം ചെയ്യാൻ അത് തടസ്സമായില്ല. പറമ്പിന്റെ ഒരു മൂലക്കാണ് കക്കൂസ്. കുറച്ചു വടികൾ ചേർത്തുവെച്ചുണ്ടാക്കിയ ഒരു മറ. വാതിലൊന്നുമില്ല. അകത്ത് കാലുവെക്കാൻ രണ്ടു മരക്കഷണം. പിന്നെയൊരു കുഴിയും.

ബേട്ടി എന്നോട് ആഫ്രിക്കൻ ബ്രെയ്ഡ് ചെയ്യുന്നോയെന്നു ചോദിച്ചു. എനിക്ക് താൽപര്യമായിരുന്നു. അവൾ എബിയെ വിട്ടു വെപ്പുമുടി വാങ്ങിപ്പിച്ചു. അതിൽനിന്ന് കുറച്ചെടുത്ത് എന്റെ കുറച്ചു മുടിയുമെടുത്തു നേർത്ത പിന്നൽപിന്നി. രണ്ടുമണിക്കൂറെടുത്തു, മുഴുവൻ മുടിയും പിന്നിത്തീരാൻ. വെള്ളത്തിന്റെ ദൗർലഭ്യമുള്ളതിനാൽ മാസത്തിൽ ഒരിക്കലേ അവർ തല കുളിക്കാറുള്ളൂ. ചെറിയ പിന്നലായി മുടികെട്ടിവെച്ചാൽ വിയർപ്പുതങ്ങില്ല.

ബ്രെയ്ഡുകൾക്ക് പിന്നിൽ ഒരു രസകരമായ കഥയുണ്ട്. പണ്ട് അടിമകൾ രക്ഷപ്പെടാൻ പദ്ധതിയിടുമ്പോൾ റൂട്ട്മാപ്പിന്റെ മാതൃകയിൽ അവർ മുടി മെടഞ്ഞിടുമായിരുന്നത്രെ. പലപ്പോഴും സ്ത്രീകൾ ഒന്നിച്ചുചേർന്നിരുന്നു അങ്ങോട്ടും ഇങ്ങോട്ടും മുടിമെടയും. സ്ത്രീകൾക്ക് ഒത്തുചേരാനുള്ള ഒരു സന്ദർഭമാണത്. ചില ഗോത്രവർഗങ്ങളിൽ വിവാഹശേഷമേ ഗോത്രരീതിയിൽ മുടിമെടയാൻ അനുവദിക്കൂ.

സന്ധ്യയോടെ മുറിയിൽ തിരിച്ചെത്തിയപ്പോഴാണ് വൈദ്യുതിയില്ലെന്നത് ശ്രദ്ധിച്ചത്. കൈവശമുള്ള ബാറ്ററി ബാങ്ക് റീചാർജ് ചെയ്യാൻപോലും മാർഗമില്ല. പിറ്റേന്നത്തെ ലക്ഷ്യം ദുർഘടമായ വഴികൾതാണ്ടി മുർസി ഗോത്രവർഗക്കാരെ സന്ദർശിക്കുക എന്നതാണ്; കൈയിലുള്ള ഫോണാണെങ്കിൽ അവസാനശ്വാസത്തിലെന്നപോലെ ചാർജ് തീരാറായ നിലയിലും. നിശ്ശബ്ദതയും ഇരുട്ടും നിറഞ്ഞ ആ മുറിയിൽ, വരാനിരിക്കുന്ന യാത്രയുടെ അനിശ്ചിതത്വങ്ങളെയും അത്ഭുതങ്ങളെയും കുറിച്ച് ആകുലപ്പെട്ടും ആലോചിച്ചും ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വഴുതിവീണു.

(തുടരും)

News Summary - Ethiopia and Somalia travel