തേടാതെ പുലി കാലിൽ ചുറ്റിയപ്പോൾ
camera_altഫാനോ വിമത സൈനികർക്കൊപ്പം ലേഖിക
1974 വരെ ഇത്യോപ്യയിൽ രാജഭരണമായിരുന്നു. അതിനുശേഷം 1974-1991 കാലഘട്ടത്തിൽ ‘ഡെർഗ്’ (Derg) എന്ന കമ്യൂണിസ്റ്റ് മിലിട്ടറി ഭരണമായിരുന്നു -ഇത്യോപ്യൻ ചരിത്രത്തെ കുറിച്ചും ആഭ്യന്തര യുദ്ധത്തെ തുടർന്നുണ്ടായ വംശീയ ഉന്മൂലനവുമെല്ലാം വിവരിക്കുകയാണ് ഇത്തവണ.
‘ജനറൽ ഫക്രു’, മാസ് എന്റെ ചെവിയിൽ മന്ത്രിച്ചു. അദ്ദേഹം ഫെറിയോട് സംസാരിക്കുകയും പരസ്പരം എന്തൊക്കെയോ എഴുത്തുകൾ കൈമാറുകയുംചെയ്തു. അതിനുശേഷമാണ് അദ്ദേഹം എന്നെ ശ്രദ്ധിച്ചത്. ഫെറി എന്നെ പരിചയപ്പെടുത്തി. അദ്ദേഹം എന്റെ അരികിലേക്ക് വന്ന് കെട്ടിപ്പിടിച്ചു. ‘കൊല്ലാനാണോ വളർത്താനാണോ ആഗമനോദ്ദേശ്യം’ എന്നുള്ള ചോദ്യമായിരുന്നു എന്റെ മനസ്സിൽ.
‘‘എനിക്ക് ഇന്ത്യക്കാരെ വലിയ ഇഷ്ടമാണ്. സൽമാനെയും ഷാറൂഖ് ഖാനെയും ഞാൻ ആരാധിക്കുന്നു. നിങ്ങളെ പരിചയപ്പെട്ടതിൽ സന്തോഷം. എന്റെ ഗ്രാമം സന്ദർശിച്ചതിനും, ആളുകളുമായി ഇടപഴകാൻ സന്മനസ്സു കാണിച്ചതിനും ഫാനോയുടെ പേരിൽ ഞാൻ നന്ദി പറയുന്നു.’’ അദ്ദേഹം സ്വീകരണമുറിയിലെ സോഫയിൽ ഇരുന്നു. എന്നോടും ഇരിക്കാൻ പറഞ്ഞു. ഫെറി അദ്ദേഹത്തിന് ഒരു പ്ലേറ്റിൽ ഇഞ്ചിറ കൊണ്ടു കൊടുത്തു. എന്നോടും ഒപ്പമിരുന്നു കഴിക്കാൻ പറഞ്ഞു. എന്റെ ടെൻഷൻ അപ്പോഴും പൂർണമായി മാറിയിട്ടുണ്ടായിരുന്നില്ല.
ഞാൻ കുറച്ചു മുമ്പ് കഴിച്ചതേയുള്ളൂ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. അതുവരെ മാറിക്കിടന്നിരുന്ന ഫെറിയുടെ പൂച്ച അദ്ദേഹത്തിന്റെ കാലിൽ ഉരുമ്മി. പുള്ളിക്കാരൻ അതിനെ മടിയിലെടുത്തു വെച്ച് തലോടി. ഇഞ്ചിറയുടെ കഷണം കൈയിൽ വെച്ചുനീട്ടി. പൂച്ചയത് ആർത്തിയോടെ തിന്നു. ആ രംഗം എന്റെ മനസ്സിലെ പിരിമുറുക്കം അയക്കാൻ സഹായകമായി. മനസ്സിൽ ഇത്യോപ്യയുടെ രാഷ്ട്രീയ പ്രശ്‌നങ്ങളെ പറ്റി പല സ്ഥലങ്ങളിൽനിന്നും കിട്ടിയ അറിവുകൾ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ അദ്ദേഹം കഴിക്കുന്നതും നോക്കിയിരുന്നു.
1974 വരെ ഇത്യോപ്യയിൽ രാജഭരണമായിരുന്നു. അതിനുശേഷം 1974-1991 കാലഘട്ടത്തിൽ ‘ഡെർഗ്’ (Derg ) എന്ന കമ്യൂണിസ്റ്റ് മിലിട്ടറി ഭരണമായിരുന്നു. ഇത്യോപ്യൻ പീപ്ൾസ് റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് (EPRDF) എന്ന പാർട്ടിയുടെ നേതൃത്വത്തിൽ മിലിട്ടറി ഭരണത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ, അവർ ഭരണം പിടിച്ചെടുത്തു. ഇത്യോപ്യയെ ഗോത്രാടിസ്ഥാനത്തിലാണ് 12 പ്രദേശങ്ങളായി തിരിച്ചിട്ടുള്ളത്. അതിലെ പ്രബലരായ ടിഗ്രെ, ഒറോമോ, അംഹാര, സതേൺ നേഷൻ എന്നിവ ചേർന്നതാണ് EPRDF.
ഫെഡറൽ ആർമിയെ കൂടാതെ ഓരോ പ്രദേശത്തിനും അവരുടേതായ സായുധ സേനയുണ്ട്. ഏഴു ശതമാനം ആളുകളെ ടിഗ്രെ വംശത്തിൽനിന്നുള്ളൂവെങ്കിലും അവരായിരുന്നു ഭരണത്തിന് നേതൃത്വം നൽകിയത്. ബാക്കി ഗോത്രവർഗക്കാർക്ക് അതിൽ അമർഷമുണ്ടായിരുന്നു. ഇത്യോപ്യയിൽ ഏറ്റവും അധികം ഗോത്രവർഗക്കാർ ഒറോമോ വംശജരാണ്. അതുകൊണ്ട് സർക്കാറിനെതിരെ വളർന്നുവരുന്ന അസഹിഷ്ണുതക്കുള്ള പരിഹാരമെന്ന നിലക്ക് ഒറോമോ വംശജനായ എബി അഹമ്മദിനെ 2018ൽ പ്രസിഡന്റായി നിയമിച്ചു. ടിഗ്രെ വംശജരുടെ കീഴിലുള്ള പാവ സർക്കാർ ആയിരുന്നു ഉദ്ദേശ്യം. എന്നാൽ എബിക്ക് ഭരണം കിട്ടിയപ്പോൾ അയാളുടെ നിറം മാറി.
വർഷങ്ങളായി ടിഗ്രെ വംശജരും എറിത്രീയൻ സർക്കാറുമായി യുദ്ധത്തിലായിരുന്നു. എബി അത് ഒത്തുതീർപ്പാക്കി. മാത്രവുമല്ല, രാഷ്ട്രീയ തടവുകാരെ വിട്ടയക്കുകയും മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യം അനുവദിക്കുകയുംചെയ്തു. 2019ൽ നാൽപത്തിമൂന്നാമത്തെ വയസ്സിൽ അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചു. ആഫ്രിക്കയിൽ സൂര്യനുദിച്ചെന്നാണ് വിദേശ മാധ്യമങ്ങൾ വാഴ്ത്തിയത്. എന്നാൽ, ഒരു വർഷത്തിനുള്ളിൽ എല്ലാവർക്കും അഭിപ്രായം മാറ്റേണ്ടിവന്നു. അവാർഡ് കിട്ടി ഒരു വർഷം തികയുന്നതിനു മുമ്പ് ഇത്യോപ്യയുടെ വടക്കൻ പ്രദേശമായ ടിഗ്രെയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ടിഗ്രെ വംശജരുടെ വർഗശത്രുക്കളായ അംഹാരകളെയും എറിത്രീയൻ സർക്കാറിനെയും എബി കൂടെക്കൂട്ടി.
ഗ്രാമത്തിലെ ഒരു ക്രിസ്ത്യൻ ദേവാലയത്തിൽ പ്രാർഥനക്കെത്തിയ വിശ്വാസികൾ
ആഭ്യന്തരയുദ്ധത്തെ ചെറുക്കാനെന്ന പേരിൽ അവിടെ ഒരു വംശീയ ഉന്മൂലനം നടത്തി. 2020-2022 വർഷത്തിനിടയിൽ ആറുലക്ഷം സാധാരണക്കാർ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്. അറുപതുലക്ഷം ആളുകൾ സുഡാനിൽ അഭയം പ്രാപിച്ചു. രണ്ടു വർഷക്കാലം ആ ഭാഗങ്ങളിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ലായിരുന്നു. ഇന്റർനെറ്റ് പൂർണമായും വിച്ഛേദിച്ചു.
സ്ത്രീകളെ ബലാത്സംഗം ചെയ്യുക, കാരണമില്ലാതെ പുരുഷന്മാരെ കൊല്ലുക, പ്രദേശത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുക തുടങ്ങിയ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായി പിന്നീട് വാർത്തകൾ പുറത്തുവന്നു. കഴിഞ്ഞ കൊല്ലം എറിത്രീയയുമായി വീണ്ടും സംഘർഷമാരംഭിച്ചു. ഇത്യോപ്യയിൽനിന്നുള്ള എല്ലാ വിമാന സർവിസുകളും എറിത്രീയ നിർത്തിെവച്ചു, കര അതിർത്തികൾ അനിശ്ചിതമായി അടച്ചു. എബി അഹമ്മദിന്റെ നിലപാടിനോടുള്ള എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് ജർമൻ സർക്കാർ അവർ നൽകിയ സമാധാന പുരസ്‌കാരം തിരിച്ചെടുത്തു.
ഇപ്പോൾ രാജ്യത്തിനകത്തും പുറത്തും ധാരാളം ശത്രുക്കളാണ് എബി അഹമ്മദിനുള്ളത്. അവിടെ അവസാനിക്കുന്നില്ല എബിയുടെ കുതന്ത്രങ്ങൾ. ടിഗ്രെ വംശജരെ വരുതിയിൽ വരുത്തിയശേഷം എബി തന്റെ ശ്രദ്ധ അംഹാര പ്രദേശത്തേക്ക് തിരിച്ചു. സർക്കാറിനോട് ചേർന്നുനിന്ന് ടിഗ്രെ വംശജർക്ക് എതിരെ യുദ്ധംചെയ്ത അംഹാരകളോട് അവരുടെ ആയുധങ്ങൾ സർക്കാറിനെ ഏൽപിച്ചശേഷം സർക്കാർ സേനയുടെ ഭാഗമാകാൻ ആവശ്യപ്പെട്ടു.
എന്നാൽ അംഹാരകൾ അപകടം മണത്തു. ഇതിനോടകം തന്നെ ഒറോമോ വംശജർ പല രീതിയിലും അംഹാരകളെ ആക്രമിക്കാൻ തുടങ്ങിയിരുന്നു. നിരായുധരാക്കി മാറ്റിയാൽ അംഹാരകളുടെ വംശോന്മൂലനം എളുപ്പമാകും. അവർ അതിനെ എതിർത്തു. അതോടെ അംഹാരകളും എബിയുടെ ശത്രുക്കളായി. സർക്കാറിനെതിരെ നിലകൊള്ളുന്ന അംഹാര തീവ്രവാദികളാണ് ഫാനോ. ‘ഫാനോ’ എന്ന പേരിന്റെ അർഥം സ്വാതന്ത്ര്യസമര സേനാനി എന്നാണ്. 1930കളിൽ ഇത്യോപ്യയിലെ ഇറ്റാലിയൻ ഫാഷിസ്റ്റ് അധിനിവേശത്തിനെതിരെ ഉണ്ടായ സന്നദ്ധസേനയാണത്. പിന്നീടത് അംഹാര വംശീയ ഗ്രൂപ്പായി പരിണമിച്ചു. സർക്കാറുമായി യുദ്ധത്തിലായതോടെ അവരെ തീവ്രവാദികളായി മുദ്രകുത്തി.
എന്റെ മുന്നിൽ ഇരുന്നത് ആ ഫാനോയുടെ മുതിർന്ന ശ്രേണിയിലുള്ള ഒരു തീവ്രവാദിയും. ഭക്ഷണത്തിനുശേഷം ജനറൽ എന്നോട് സംസാരിക്കാൻ തുടങ്ങി.
‘‘ഫാനോയെ പറ്റി നിങ്ങൾക്കെന്തെങ്കിലും അറിയുമോ?’’
‘‘കുറച്ചു കാര്യങ്ങളൊെക്ക അറിയാം. കുറച്ചു കൂടുതൽ കാര്യങ്ങൾ അറിയാൻ ആഗ്രഹമുണ്ട്.’’
‘‘എന്ത് സംശയവും ചോദിച്ചോളൂ. നിങ്ങളെന്റെ അതിഥിയാണ്. നിങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്.’’
‘‘എന്താണ് നിങ്ങൾ ആഭ്യന്തരയുദ്ധംകൊണ്ട് ഉദ്ദേശിക്കുന്നത് ? അംഹാര ഒരു പ്രത്യേക രാജ്യമാക്കണമെന്നാണോ?’’
‘‘ഒരിക്കലുമല്ല. ഞാൻ ഒരു ഇത്യോപ്യക്കാരനാണ്. എനിക്ക് ഇത്യോപ്യക്കാരനായി തന്നെ മരിച്ചാൽ മതി. സർക്കാർ നടത്തുന്ന വംശോന്മൂലനത്തിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം. എല്ലാ ഗോത്രവർഗക്കാർക്കും തുല്യ അവകാശങ്ങൾ ലഭിക്കണം. ഞാൻ 11 വർഷം സർക്കാറിന്റെ കീഴിലുള്ള ഫെഡറൽ ഫോഴ്സിന്റെ ഭാഗമായിരുന്നു. എന്റെ ആളുകൾക്കെതിരെ നിറയൊഴിക്കേണ്ട ഗതികേട് വന്നപ്പോൾ ഞാൻ ജോലി ഉപേക്ഷിച്ചു. എന്റെ കീഴിലുള്ള അയ്യായിരം ആളുകളിൽ ഭൂരിഭാഗം പേരും സാധാരണക്കാരാണ്. നിവൃത്തികേടുകൊണ്ടാണ് അവർക്ക് തോക്കെടുക്കേണ്ടി വന്നത്.’’
‘‘ഈ യുദ്ധം ജയിച്ചാൽ നിങ്ങൾ പ്രധാനമന്ത്രിയാകുമോ?’’
‘‘എനിക്ക് നേതൃസ്ഥാനങ്ങളോടൊന്നും താൽപര്യമില്ല. ജനങ്ങൾക്കിടയിൽ ജീവിക്കണം. അവർക്കുവേണ്ടി മരിക്കണം. അത്രേയുള്ളൂ. ഇപ്പോൾ എനിക്ക് ചുറ്റുമുള്ള ആളുകൾ കഷ്ടപ്പെടുകയാണ്. നേരാംവണ്ണം വെള്ളമോ ഭക്ഷണമോ ഒന്നും ലഭിക്കുന്നില്ല. കുട്ടികൾക്കു സ്‌കൂളിൽ പോകാൻ സാധിക്കുന്നില്ല. എത്രയും പെട്ടെന്ന് എല്ലാം നേരേയാക്കണം. അത് മാത്രമാണ് ഇപ്പോൾ എന്റെ മുന്നിലുള്ള ലക്ഷ്യം.’’
‘‘സർക്കാർ സന്ധിസംഭാഷണത്തിന് തയാറായിട്ടും നിങ്ങൾ സഹകരിക്കുന്നില്ല എന്നാണല്ലോ അറിയാൻ കഴിഞ്ഞത്.’’
‘‘എബി ഒരു കള്ളനാണ്. ഞങ്ങളെയും ടിഗ്രെ വംശജരെയും തമ്മിലടിപ്പിച്ചു. അവിടത്തെ യുദ്ധം അവസാനിക്കുമ്പോൾ ടിഗ്രെ വംശജർ കൈക്കലാക്കിയ ഞങ്ങളുടെ പടിഞ്ഞാറൻ ഭാഗം ഞങ്ങൾക്ക് വിട്ടുതരാമെന്നായിരുന്നു പറഞ്ഞത്. അവിടെ യുദ്ധം ജയിച്ചപ്പോൾ ഞങ്ങളെ സൗകര്യപൂർവം മറന്നു. ഇതിനെതിരെ ശബ്ദമുയർത്തിയ ഞങ്ങളുടെ നേതാക്കളെ തടവിലാക്കി. ഇതിനെക്കുറിച്ചൊന്നും എബി സംസാരിക്കുന്നില്ല. നീതി നടപ്പാക്കാതെ ആയുധം താഴെവെക്കാൻ ഞങ്ങൾ തയാറല്ല.’’
‘‘ഈ യുദ്ധത്തിനുള്ള പണം നിങ്ങൾ എങ്ങനെയാണ് കണ്ടെത്തുന്നത്?’’
‘‘ഞങ്ങൾക്ക് പണമല്ല ആവശ്യം. വേണ്ടത് ആയുധങ്ങളാണ്. ഇടക്കിടക്ക് സർക്കാർ മിലിട്ടറി ക്യാമ്പുകളെ ആക്രമിച്ചാണ് ആയുധങ്ങൾ നേടി എടുക്കുന്നത്. ഗ്രാമീണരെല്ലാം ഞങ്ങൾക്ക് പൂർണ പിന്തുണയാണ് നൽകുന്നത്. അവർക്കറിയാം അവർക്കു വേണ്ടിയാണ് ഞങ്ങൾ യുദ്ധത്തിലേർപ്പെട്ടിരിക്കുന്നതെന്ന്. അവരുണ്ടാക്കുന്നതിന്റെ പങ്ക് ഞങ്ങൾക്കും ഭക്ഷിക്കാൻ തരും. അതിരിക്കട്ടെ നിങ്ങൾ ഫാനോയിൽ ചേരുന്നോ?’’
ക്രിസ്ത്യൻ ദേവാലയത്തിൽ പ്രാർഥനക്കെത്തിയ ബാലിക, ഭക്ഷണം പങ്കിട്ട് കഴിക്കുന്ന വികാരിമാർ
ആ ചോദ്യം തീരെ പ്രതീക്ഷിച്ചതല്ല. ഞാൻ നിന്ന് പരുങ്ങി.
‘‘നിങ്ങളുടെ ആശയങ്ങളോട് എനിക്ക് സഹാനുഭൂതിയുണ്ട്. പക്ഷേ ഇപ്പോൾ ചേരാൻ സാധിക്കില്ല. മക്കൾ ചെറുതാണ്.’’
‘‘നിങ്ങളെങ്കിൽ നാട്ടിൽ പോയി അവരെയും ഭർത്താവിനെയും ഒക്കെ കൂട്ടിവരൂ. താമസമൊക്കെ ഞാൻ ഏർപ്പെടുത്താം.’’
തടിയൂരി പോരാനായി ഞാൻ അത് സമ്മതിച്ചു. ഞാൻ പുള്ളിയുടെ വീട്ടുകാരെപ്പറ്റി ചോദിച്ചു. അദ്ദേഹം അമ്മയുമായി നിന്ന ഫോട്ടോ കാണിച്ചുതന്നു. ആർമിയിൽ ചേരുന്നതിനു മുമ്പ് ജിമ്മനായിരുന്നു. ഫാഷൻ ഷോയിൽ പങ്കെടുത്ത ഫോട്ടോയും വിഡിയോയും കാണിച്ചു. പിന്നെയും കുറേ കാര്യങ്ങൾ പറഞ്ഞു. ഒരിക്കൽ കാടിനോട് ചേർന്നുള്ള സ്ഥലത്തു പട്രോളിങ് നടത്തുമ്പോൾ ഒരു സിംഹക്കുട്ടിയെ കിട്ടിയത്രേ. അതിനെ ഒരു കൊല്ലം ക്വാർട്ടേഴ്‌സിൽ വളർത്തി. സർക്കാർ ഇടപെട്ട് അതിനെ കാട്ടിലേക്ക് തിരികെ വിട്ടു. പക്ഷേ കുറച്ചു മാസങ്ങൾക്കുശേഷം അത് ചത്തുപോയി. സൈന്യത്തിൽ ജോലിചെയ്തിരുന്ന സമയത്ത് അമേരിക്കയിൽ ട്രെയിനിങ്ങിനു പോയിരുന്നു. അദ്ദേഹത്തിന്റെ കഴിവ് കണ്ടു അമേരിക്കൻ സേനയിൽ എടുക്കാമെന്ന് പറഞ്ഞെന്നും എന്നാൽ തനിക്ക് മാതൃരാജ്യം വിട്ടുപോകാൻ താൽപര്യമില്ലാത്തതുകൊണ്ട് ആ ഓഫർ നിരസിക്കേണ്ടി വന്നുവെന്നും പറഞ്ഞു. അതെല്ലാം പൂർണമായും വിശ്വസിക്കാമോ എന്നറിയില്ല. എന്തായാലും അദ്ദേഹത്തിന്റെ വർത്തമാനം കേട്ടിരിക്കാൻ രസമായിരുന്നു.
അദ്ദേഹത്തിന്റെ വാക്കിടോക്കിയിൽ ഒരു കാൾ വന്നതും അദ്ദേഹം ഇറങ്ങാനൊരുങ്ങി. ഒരു ഫോട്ടോ എടുക്കാൻ അനുവാദം ചോദിച്ചു. ഫോട്ടോ എടുത്തുകഴിഞ്ഞ് അദ്ദേഹം പറഞ്ഞു, ‘‘ഫോട്ടോ എടുക്കുന്നതൊക്കെ കൊള്ളാം. പുറത്തുള്ള ആരെങ്കിലും ഈ ഫോട്ടോകൾ കണ്ടാൽ നിങ്ങളെ അകത്താക്കും.’’ എനിക്ക് ഫോട്ടോ ഡിലീറ്റ് ചെയ്യാൻ മനസ്സ് വന്നില്ല. മാസ് എനിക്ക് ഹിഡൻ ആൽബം എന്ന സംഗതി ഫോണിൽ കാണിച്ചുതന്നു. ഞാൻ ആ ആൽബത്തിലേക്ക് ഫോട്ടോ മാറ്റി. വീണ്ടും ഞങ്ങൾ വർത്തമാനം പറയാൻ ഇരുന്നു. ഞാൻ ഫെറിയോട് ചോദിച്ചു.
‘‘നീ സർക്കാറിനൊപ്പമാണോ? ഫാനോയ്ക്കൊപ്പമാണോ?’’
‘‘എനിക്ക് യുദ്ധം മതിയായി. യുദ്ധകാലത്തു ജീവിതം ദുസ്സഹമാണ്. തമ്മിൽ ഭേദം ഫാനോയാണ്. അവർ ഞങ്ങൾക്ക് സ്വതന്ത്രമായി ജോലി ചെയ്യാൻ അവസരം തരുന്നു. ഫെഡറൽ ആർമിക്കാർ തരംകിട്ടിയാൽ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും, ആൺകുട്ടികളെയും യുവാക്കളെയും വെടിവെച്ചു കൊല്ലുകയുംചെയ്യും. എത്ര പാവങ്ങളാണെന്നോ ഒരു തെറ്റും ചെയ്യാതെ മരണപ്പെട്ടത്.’’
കിടക്കാൻ നേരം എനിക്ക് ഒട്ടും ഉറക്കം വന്നില്ല. ജനറലുമായുള്ള കൂടിക്കാഴ്ച മനസ്സിൽ ഒരു വല്ലാത്ത ഭീതി നിറച്ചു. രാത്രിയിൽ ആരെങ്കിലും വന്നു തട്ടിക്കൊണ്ടുപോകുമോ എന്ന് പേടിച്ചു. ഗ്രാമത്തിൽ രണ്ടു ദിവസം താമസിക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ രാവിലെ നാലുമണിക്ക് എഴുന്നേറ്റപ്പോൾതന്നെ ഞാൻ മാസിനെ ഉണർത്തി തിരികെ പോകണം എന്ന് പറഞ്ഞു. മാസ് കാര്യമൊന്നും ചോദിച്ചില്ല. ഒമ്പതു മണിക്കുള്ള വണ്ടിയിൽ ലാലിബെല്ലയിൽ പോകാമെന്നു പറഞ്ഞു.
രാവിലെ അഞ്ചു മണിക്ക് ഞങ്ങൾ അടുത്തുള്ള പള്ളിയിൽ പോയി. താഴികക്കുടങ്ങളൊക്കെയുള്ളതിനാൽ ഒറ്റനോട്ടത്തിൽ മുസ്ലിം പള്ളിയാണെന്നാണ് തോന്നുക. അവിടത്തെ വിശുദ്ധന്റെ പെരുന്നാളാണ് അന്ന്. രാവിലത്തെ പ്രാർഥനകളിൽ ഞങ്ങളും പങ്കുചേർന്നു. നേരം വെളുക്കാറായപ്പോൾ ഒരു ഓട്ടോയിൽ കയറി അൽപം അകലെയുള്ള മലമുകളിൽ സൂര്യോദയം കാണാൻ പോയി. ഞാനും മാസും നാട്ടിലെ വിശേഷങ്ങളൊക്കെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ പിറകിൽ ശബ്ദം കേട്ടു. നോക്കുമ്പോൾ അഞ്ചാറു തീവ്രവാദികൾ തോക്കും പിടിച്ചു ഞങ്ങളുടെ ദിശയിലേക്ക് വരുന്നു. ‘ഇതെന്നെ ഉദ്ദേശിച്ചാണ്... എന്നെ മാത്രം ഉദ്ദേശിച്ചാണ്’ എന്ന് ഞാൻ തീർച്ചപ്പെടുത്തി.
ഇവരെന്നെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യമായി ലക്ഷങ്ങൾ ചോദിക്കുമായിരിക്കും. യാത്രകൾക്ക് സ്വരുക്കൂട്ടി വെച്ച പൈസയൊക്കെ ഇതോടെ തീർന്നുകിട്ടും. ഞാൻ ‘കിഡ്‌നാപ്ഡ്’ ആകാൻ മാനസികമായി തയാറെടുത്തു. അവർ അരികിൽ വന്നു. പ്രതീക്ഷിച്ചപോലെയൊന്നും നടന്നില്ല. മാസിനോട് അൽപനേരം സംസാരിച്ചു നിന്നിട്ട് അവർ അവരുടെ പാട്ടിനു പോയി. സംഭവം വീട്ടിൽ പറയുമ്പോൾ സതീഷിന്റെ പ്രതികരണം ഓർത്തു ഞാൻ ചിരിച്ചു. ‘‘അവർക്കുപോലും നിന്നെ വേണ്ട. വേലിയിൽ കിടക്കുന്ന നിന്നെ ആരെങ്കിലും എടുത്തു തോളത്തുവെക്കുമോ?’’
അരമണിക്കൂർ കഴിഞ്ഞു ഞങ്ങളുടെ ഓട്ടോക്കാരൻ തിരിച്ചു വന്ന് ഞങ്ങളെ പള്ളിയിലിറക്കി. മുറ്റം നിറയെ ആളുകളായിരുന്നു. ഒരാൾ വലിയൊരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു. ധാന്യങ്ങളും, തെഫും ഒക്കെ നിരത്തി ഇരിക്കുന്നു. വിൽപനക്കാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് മനസ്സിലായി അയാൾ വിശ്വാസികളിൽനിന്ന് പള്ളിക്കുവേണ്ടിയുള്ള സംഭാവനകൾ സ്വീകരിക്കുകയാണെന്ന്. ആളുകൾ ചെറിയ പൊതികളിൽ ധാന്യങ്ങളും മറ്റുമാണ് സംഭാവനയായിട്ട് നൽകുന്നത്. കുർബാന കഴിഞ്ഞപ്പോൾ ഒരു സ്ത്രീ ഒരുതരം അട കുട്ടയിൽ കൊണ്ടുനടന്നു വിതരണംചെയ്തു. അതും വാങ്ങിക്കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്. മരാഗു അപ്പോഴേക്കും എന്നെ അന്വേഷിച്ചു പള്ളിയിൽ എത്തിയിരുന്നു.
അവൻ എന്നെയും കൂട്ടി പുരോഹിതർക്കുള്ള അടുക്കളയിൽ കൊണ്ടുപോയി. അവിടെ അവർ ചെറുസംഘങ്ങളായി തിരിഞ്ഞ് ഒരു പ്ലേറ്റിൽനിന്ന് ഇഞ്ചിറ കഴിക്കുന്നു. മരാഗോ ഒരു പ്ലേറ്റിൽ ഇഞ്ചിറ എടുത്തുകൊണ്ടുവന്നു. ഞങ്ങൾ രണ്ടാളുംകൂടി അതിൽനിന്ന് ഭക്ഷണം കഴിച്ചു. എനിക്ക് മരാഗോയുടെ കാര്യം ഓർത്തപ്പോൾ കുറച്ചു സങ്കടം വന്നു. ഇനി അവനെ കാണാൻ പറ്റുമോ എന്നൊന്നും അറിയില്ല. ഒറ്റ ദിവസമാണെങ്കിലും മൂന്നുനേരം ഒരു പ്ലേറ്റിൽനിന്ന് ഭക്ഷണം കഴിച്ചതുകൊണ്ടാകണം അവനോടൊരു ആത്മബന്ധം ഉടലെടുത്തിരുന്നു.
അവനും ഫെറിയും എന്നെ യാത്രയാക്കാൻ ബസിനരികിൽ വന്നു. ഞാൻ കുറച്ചു പൈസ അവന്റെ കൈയിൽ പിടിപ്പിച്ചു. ആദ്യം അവൻ നിരസിച്ചെങ്കിലും നിർബന്ധിച്ചപ്പോൾ വാങ്ങി. പതിവുപോലെ അവൻ പുഞ്ചിരിച്ചു. ഇത്തവണ ഞങ്ങളുടെ രണ്ടാളുടെയും കണ്ണുകളിൽ നനവ് പടർന്നു. അവൻ സുരക്ഷിതമായിരിക്കണേ എന്ന് പ്രാർഥിച്ചുകൊണ്ടാണ് അവിടന്ന് യാത്ര തിരിച്ചത്. തിരിച്ചു ലാലിബെല്ലയിൽ എത്തിയപ്പോൾ മാനസികമായി വല്ലാതെ തളർന്നിരുന്നു. അവിടെ വെച്ച് സംഭവിക്കാമായിരുന്ന അനിഷ്ട സംഭവങ്ങളെക്കുറിച്ചോർക്കുമ്പോൾ നടുക്കമായിരുന്നു. അന്ന് ഹോട്ടലിൽ വിശ്രമിച്ചു.
രാവിലെ ബിസ്രെത്തിന്റെ കഫേയിലേക്ക് പോയി. ബുധനാഴ്ചയാണ്. നോമ്പുള്ള ദിവസം. ഹോട്ടലിൽ ‘യെറ്റ്‌സം ബെയായെറ്റു’ വിളമ്പുന്ന ദിവസം. നമ്മുടെ താലി മീൽസിന് സമാനമായ സാധനം. ഇഞ്ചിറയുടെ പുറത്തു മൂന്നുനാലു തരം പരിപ്പ് കറി, ചീരക്കറി, ഉരുളക്കിഴങ്ങും ബീറ്റ്റൂട്ടും മെഴുക്കുപുരട്ടി, സാലഡ്, വെജിറ്റബ്ൾ സ്റ്റൂ തുടങ്ങിയവ വെച്ച്, അത്തപ്പൂക്കളംപോലെ പ്ലേറ്റിൽ വെച്ചുതരും. രാവിലെ പോയതുകൊണ്ട് അവൾക്കൊപ്പംനിന്ന് കുറച്ചു പാചകം പഠിക്കാൻ പറ്റി. ഉച്ചക്ക് ലാലിബെല്ലയിൽനിന്ന് ഫ്ലൈറ്റിൽ ആഡിസിൽ പോയിറങ്ങി. അവിടന്ന് അടുത്ത ഫ്ലൈറ്റ് പിടിച്ചു സെമേറയിലേക്ക് പോയി. ആഭ്യന്തര യുദ്ധം കാരണം 2020-2022 കാലഘട്ടത്തിൽ പൂർണമായും ഒറ്റപ്പെട്ടുപോയ സ്ഥലം. അപകടങ്ങൾ പതിയിരിക്കുന്ന മേഖലയാണത്. പക്ഷേ ഷേബാ രാജ്ഞി എന്നെ അങ്ങോട്ടേക്ക് മാടിവിളിച്ചു.
