പോട്ടറി ടൗൺ ബംഗളൂരു മൺമെനയലിന്റെ നൂറു വർഷങ്ങൾ

കർണാടകത്തിലെ മൺപാത്ര നിർമാണ സമുദായക്കാരുടെ തെരുവാണ് ബംഗളൂരു നഗരത്തിനുള്ളിലെ പോട്ടറി ടൗൺ. തലമുറകളായി ഇവിടെ താമസിച്ച് കുലത്തൊഴിൽ ചെയ്യുന്നവർ. അവരുടെ ജീവിതത്തിലൂടെയും പോട്ടറി ടൗണിലൂടെയും സഞ്ചരിക്കുകയാണ് കവിയും എഴുത്തുകാരിയും ഗവേഷകയുമായ ലേഖിക.മാർച്ച് മാസത്തിന്റെ അവസാന ദിനങ്ങളിലെ ചൂടിൽ പോട്ടറി ടൗൺ, ചുട്ടുകഴിഞ്ഞ് തുറന്നുവെച്ച ചൂള...
Your Subscription Supports Independent Journalism
View Plansകർണാടകത്തിലെ മൺപാത്ര നിർമാണ സമുദായക്കാരുടെ തെരുവാണ് ബംഗളൂരു നഗരത്തിനുള്ളിലെ പോട്ടറി ടൗൺ. തലമുറകളായി ഇവിടെ താമസിച്ച് കുലത്തൊഴിൽ ചെയ്യുന്നവർ. അവരുടെ ജീവിതത്തിലൂടെയും പോട്ടറി ടൗണിലൂടെയും സഞ്ചരിക്കുകയാണ് കവിയും എഴുത്തുകാരിയും ഗവേഷകയുമായ ലേഖിക.
മാർച്ച് മാസത്തിന്റെ അവസാന ദിനങ്ങളിലെ ചൂടിൽ പോട്ടറി ടൗൺ, ചുട്ടുകഴിഞ്ഞ് തുറന്നുവെച്ച ചൂള പോലെ ആവിയുയർന്നുകിടന്നു. തൊട്ടുതലേന്ന് ഇവിടേക്കുള്ള യാത്ര മഴകാരണം പകുതിവെച്ച് മുടങ്ങിയതാണ് ! ബംഗളൂരുവിൽ വേനലും വർഷവും ഇങ്ങനെ കൈകോർത്ത് കളിക്കും. മണിക്കൂറുകളുടെ ഇടവേളയിൽ വേനൽച്ചൂടും മഴത്തണുപ്പും മാറിമാറി പുതയ്ക്കും.
തെരുവിന്റെ തുടക്കത്തിൽ ചെരാതുകളും മൺവെള്ളക്കുപ്പികളും കൂജകളും റോഡിലേക്ക് ഇറക്കി നിരത്തിവെച്ച ആദ്യത്തെ വീട് കണ്ടപ്പോൾത്തന്നെ ഓട്ടോക്കാരൻ, സ്ഥലം എത്തിയെന്നുപറഞ്ഞ് നിർത്താൻ പോയത് തടഞ്ഞു. മുന്നോട്ട് -കുറച്ചുകൂടി മുന്നോട്ട് -തെരുവിന്റെ ഉപശാഖകളും വീടുകളും ഇനിയും എത്രയുണ്ടെന്ന് കാണാമല്ലോ. പക്ഷേ, കുരിശുപോലെ നാല് ദിക്കിലും കുറച്ചു നീളത്തിലുള്ള പടർച്ചയേ കുംഭാരപ്പട്ടണത്തിന് കണ്ടുള്ളൂ.
ഏത് നാട്ടിലും എന്നപോലെ ചൂളകളും മൺപണിയുള്ള വീടുകളും ഇവിടെയും ഇത്തിരിവട്ടത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. വണ്ടിതിരിച്ച് കവലയിലെത്തി ഇറങ്ങിയപ്പോൾ മകൾ ചോദിച്ചു-അമ്മയ്ക്ക് ഏതു വീട്ടിലേക്കാ ആദ്യം പോകേണ്ടത് ?
ഞാൻ കൺതുറന്നിരുന്നത് പുറത്തേക്കായിരുന്നില്ല. ഉള്ളിൽ എല്ലാ വിശദാംശങ്ങളോടെയും തെളിഞ്ഞു തുടങ്ങിയ മറ്റൊരു ചൂളപ്പുരയിലേക്കായിരുന്നു. മുന്നിൽക്കണ്ട ഏതു വാതിലിലൂടെ കയറിയാലും അമ്മയെത്തുക അതിനുള്ളിലേക്കാവും എന്ന് ഞാൻ പറഞ്ഞാൽ അതവൾക്ക് മനസ്സിലാവാനിടയില്ലല്ലോ! കേരളത്തിൽ തൃശൂരിൽ കണ്ടശ്ശാംകടവിൽ കാരമുക്ക് ദേശത്തിൽ എളേടത്ത്അയി തെക്കേപ്പറമ്പിൽ പാപ്പു ഓടന്റെയും ലക്ഷ്മി ഓടത്തിയുടെയും ചൂള ! അവിടെ നിന്ന് വെന്തമണ്ണിന്റെ മണംവന്ന് എന്നിലൂടെ ഇത്ര വർഷങ്ങൾക്കുമിപ്പുറം പോട്ടറിടൗൺ എന്ന ദൂരദേശം തൊടുന്നു.
കർണാടകത്തിലെ മൺപാത്ര നിർമാണ സമുദായക്കാരുടെ തെരുവാണ് ബംഗളൂരു നഗരത്തിനുള്ളിലെ പോട്ടറി ടൗൺ. തലമുറകളായി ഇവിടെ താമസിച്ച് കുലത്തൊഴിൽ ചെയ്യുന്നവർ. വെല്ലുവിളികൾ പലതുണ്ടെങ്കിലും കളിമൺ നിർമിതികളുടെ പുതുസാധ്യതകളെ തിരിച്ചറിഞ്ഞ് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെ മുന്നേറാൻ ശ്രമിക്കുന്ന ഒരു തൊഴിൽ സമൂഹം.
പോട്ടേഴ്സ് ടൗണിനെക്കുറിച്ചുള്ള ഈ എഴുത്ത് തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ദിനങ്ങളിൽ പാപ്പു ഓടനും ലക്ഷ്മി ഓടത്തിയും പേരക്കുട്ടിയുടെ ഉള്ളുലകത്തിൽ കടന്നുവന്ന് ഓടത്തമിഴ് മൊഴിയിൽ ചോദിച്ചുകൊണ്ടിരുന്നു-‘‘ചെറുക്കിയേ ഉനക്ക് ഇന്ത മണ്ണ്, നമ്മ ജാതി എല്ലാം പോട്ട് കവിതയല്ലവാ നല്ലത്? അല്ലാട്ടി ചിന്ന വയസ്സിലേ ചെയ്ത മാതിരി കഥയെഴുതറത്?’’
പക്ഷേ, അത് പറ്റില്ലായിരുന്നു. വാക്കുകൾക്ക് മുകളിൽ ഭാവനയുടെ കിന്നരിക്കുപ്പായം തുന്നി കഷ്ടപ്പെട്ടു കൊത്തിയെടുത്ത കഥാപാത്രങ്ങളെ പുതപ്പിക്കൽ.. ഒരു കടൽ മുഴുവൻ വറ്റിച്ചെടുത്ത് കവിതയുടെ ഉപ്പുപരലുകളാക്കുന്ന കടുപ്പപ്പണി.
ഈയെഴുത്തിൽ അതു പോരായിരുന്നു. അതൊന്നുമല്ലാതെ പശിമയുള്ള കളിമണ്ണ് പോലെ ഇഷ്ടമുള്ള ദിശകളിലേക്ക് വാക്കുകളെ മെനഞ്ഞുമെനഞ്ഞു പോകേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് നേരെ ചൊവ്വേയുള്ള ഗദ്യത്തിന്റെ സമീകൃത ഭാഷയിൽ മൺമെനയലിനെക്കുറിച്ചുള്ള ഈ എഴുത്ത് കൂടുതൽ സ്വസ്ഥപൂർണമായി.
ഓടനും ഒടയാറും
ദക്ഷിണേന്ത്യയിലെ മൺപാത്ര നിർമാണ സമുദായങ്ങളുടെ പേരുകൾ ‘കുംഭകാര’ എന്ന സംസ്കൃതവാക്കിന്റെ പടർച്ചകളും തുടർച്ചകളും ആയാണ് കാണുന്നത്. കുമ്മാര (തെലുങ്ക്), കുംഭാരോ (ഒറിയ), കുംഭാര (തുളു), കുംഭാർ (കന്നട, തെലുഗു), കുംഭാരൻ (മലയാളം).* കുംഭം അഥവാ ഗോളാകൃതി, മൺപാത്രങ്ങളുടെ ഏറ്റവും അടിസ്ഥാന രൂപം ആയതുകൊണ്ടാവാം അതുണ്ടാക്കുന്നവർ എന്ന അർഥത്തിൽ കുംഭകാരൻ എന്ന പേരുവന്നത്. സൃഷ്ടിയുടെ ഉടയവനായ ബ്രഹ്മാവിന്റെ പിന്തുടർച്ചക്കാർ എന്ന നിലയിൽ പ്രജാപതി എന്ന പേരും ഉത്തരേന്ത്യയിൽ പലയിടത്തുണ്ട്.
കുംഭാരൻ എന്നതു കൂടാതെ വൈവിധ്യമാർന്ന പതിനഞ്ചിൽക്കൂടുതൽ മൺപാത്ര നിർമാണ സമുദായങ്ങളുള്ള ഇടമാണ് കേരളം. ഓടൻ, വേളാൻ, കുശവൻ, കുലാലൻ, ആന്തൂർ/ആന്ധ്രനായർ ഇങ്ങനെ വ്യത്യസ്തമായ പേരുകൾ. തമിഴ്നാട്,ആന്ധ്ര,കർണാടകം എന്നീ മൂന്നിടങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന്റെ ധാരകൾ ഈ വിവിധ സമുദായങ്ങളിൽ കാണാം.
പോട്ടറി ടൗണിലെ ചില സമുദായ അംഗങ്ങൾ ഒടയാർ എന്ന പേരും തങ്ങളുടെ ജാതിനാമത്തോട് ചേർത്തുപറഞ്ഞു- ‘ഒടയാർ കുംഭാർ’. മൈസൂർ വോഡയാർ രാജവംശവുമായുള്ള ഒരു കുലബന്ധത്തിന്റെ പുരാവൃത്ത വേരുകൾ..! കുംഭാര സ്ത്രീയുടെ പുത്രനായി ജനിച്ച ശാലിവാഹനന്റെ പുരാണ കഥ, താൻ നിർമിച്ച കളിമൺ പടയാളികൾക്ക് ജീവൻ നൽകി യുദ്ധം ജയിച്ച് മൈസൂർ രാജവംശത്തിന് തുടക്കം കുറിച്ചത്, കളിമൺ നിർമിതിയിൽ അസാമാന്യ വൈഭവം ഉണ്ടായിരുന്ന ശാലിവാഹനന്റെ പിന്തുടർച്ചക്കാരാണ് തങ്ങൾ എന്ന അഭിമാനം.....(പിന്നാക്ക ജാതികളിൽ പലതിലും കാണുന്ന വംശപാരമ്പര്യത്തെക്കുറിച്ചുള്ള ഇത്തരം സവർണ ബന്ധങ്ങൾ. നിത്യജീവിതത്തിൽ അനുഭവിച്ചിരുന്ന സാമൂഹിക അടിച്ചമർത്തലുകളെ, അപകർഷങ്ങളെ മറികടക്കുന്നതിനുള്ള ഒരു ഉപാധി കൂടിയായിരിക്കണം.)
കേരളത്തിലെ ഓടൻ വിഭാഗത്തിൽ നിന്നുള്ള ആളെന്നുപറഞ്ഞപ്പോൾ ‘ഞങ്ങളും ഒടയാർ തന്നെ’ എന്ന് അവർ പറഞ്ഞത് പേരിലെ ഈ സാമ്യം കൊണ്ടാണ്-തൃശൂർ ജില്ലയിൽ മാത്രമുള്ള ഓടൻ വിഭാഗം മേച്ചിലോടു നിർമാണമെന്ന പ്രത്യേക ആവശ്യത്തെ മുൻനിർത്തി കൊച്ചിരാജാക്കന്മാർ തമിഴ്നാട്ടിൽ നിന്ന് വരുത്തിയവരാണെന്ന വാമൊഴിചരിത്രം പറഞ്ഞ് ഞാനവരെ തിരുത്തിയില്ല! എല്ലാ മനുഷ്യ സമൂഹങ്ങളിലുമുള്ള അടിസ്ഥാന തൊഴിലുകളിൽ വൈവിധ്യങ്ങളോടൊപ്പം ദേശാന്തരപ്പൊരുത്തങ്ങളും ഇടകലർന്നുകിടക്കുന്നു.
അതുകൊണ്ട് പോട്ടറി ടൗണിലെ ഓരോ പണിയിടവും മണ്ണു മെനയുന്ന കൈകളും ചൂളയും വെയിൽ കായുന്ന പാത്രങ്ങളും രൂപങ്ങളും എന്റെ തന്നെ ഓർമകളുടെ സ്വാഭാവിക തുടർച്ചയായി. ഏഴാം ക്ലാസിലെ ഓണക്കാലത്ത് അപ്പാപ്പനും അമ്മാമയും ചേർന്നുവെച്ച അവസാനത്തെ ചൂളയിൽനിന്ന് തൊട്ടു പിറ്റേദിവസം പോലെ തുടരുന്നത്. (പാടത്തെ നല്ല കളിയുള്ള മണ്ണ് കിട്ടാനുള്ള പ്രയാസം, പേശിപ്പേശി വിലകുറച്ചു കൊടുക്കേണ്ടി വരുന്ന, ആവശ്യക്കാർ കുറഞ്ഞ മൺപാത്രങ്ങൾ-ഒരായുസ്സിന്റെ അധ്വാനത്തിന് മക്കളുടെ തണലിൽ വിരാമമിട്ട് അവർ പിന്നെ നാട്ടുവർത്തമാനവും ഇടക്ക് വക്കാണവുമുള്ള ഒഴിവുജീവിതത്തിലേക്ക് കടന്നു)

ഇത്തിരി പരിക്കുമായി മൂലയിൽ പതുങ്ങിയ ഒരു കണ്ണേറു കോലം. കെട്ടിട നിർമാണ സ്ഥലങ്ങളിൽ ഇവ ധാരാളമായി ഉപയോഗിക്കുന്നു
തീവണ്ടി കേറിവന്ന കരവിരുത്
പോട്ടറി ടൗണിന്റെ കഥ തുടങ്ങുന്നത് ബംഗളൂരുവിലേക്കുള്ള ആദ്യത്തെ റെയിൽവേ ലൈനിലൂടെയാണ്. 1834-1851 കാലയളവിൽ മൈസൂർ സംസ്ഥാനത്തിന്റെ കമീഷണർ ആയിരുന്ന സർ മാർക്ക് കബ്ബൺ തുടങ്ങിവെച്ച മദ്രാസ്-ബാംഗ്ലൂർ റെയിൽവേ ലൈൻ പിൻഗാമിയായ ബെൻതാം ബൗറിങ് പ്രഭുവിന്റെ കാലത്ത് 1864ൽ ഗതാഗതം ആരംഭിച്ചു. മിലിറ്ററി പ്രവർത്തനങ്ങളുടെ വികസനവും ഏകോപനവും ആയിരുന്നു ഇതിന്റെ ലക്ഷ്യം. അതിന് സഹായകമാകുന്ന തരത്തിൽ ആന്ധ്ര,തമിഴ്നാട് തുടങ്ങിയ സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ തൊഴിലാളി വിഭാഗങ്ങളുടെ വരവിനും അത് വഴിയൊരുക്കി. നഗര വികസനത്തിനും ബ്രിട്ടീഷ് ഭരണജീവിതാവശ്യങ്ങൾക്കും ഉതകുന്ന പണിയാളുകൾക്ക് കന്റോൺമെന്റ് പ്രദേശത്തും ചുറ്റുമായി താമസത്തിനായുള്ള ഇടങ്ങൾ അനുവദിക്കപ്പെട്ടു.
മൈസൂർ രാജകുടുംബത്തിന്റെ പ്രത്യേക താൽപര്യത്തോടെ കുംഭാർ സമുദായക്കാർക്ക് താമസത്തിനും പാത്രനിർമാണത്തിനുമുള്ള സ്ഥലം ഒന്നര രൂപ വാടകക്ക് നൽകപ്പെട്ടു. അന്ന് ബ്രിട്ടീഷ് ബംഗ്ലാവുകളുടെയും ഇന്ത്യൻ രാജകൊട്ടാരങ്ങളുടെയും അഭിമാന അലങ്കാരമായിരുന്നു സവിശേഷമായ കളിമൺപാത്രങ്ങൾ. തമിഴ്നാട്ടിൽ ആർക്കോട്ട് നവാബിന് പ്രത്യേകതരം മൺപാത്രങ്ങൾ ഉണ്ടാക്കി നൽകിയിരുന്ന കാരിഗെരി ഗ്രാമത്തിലെ പിന്തുടർച്ചക്കാരെന്ന് പോട്ടേഴ്സ് ടൗണിലെ ഏതാനും വീട്ടുകാർ അഭിമാനത്തോടെ പറഞ്ഞു. ‘മായാകൃഷ്ണ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സവിശേഷ ‘മാന്ത്രിക’ കൂജയാണ് കാരിഗെരി പോർട്ടറിയുടെ ഏറ്റവും പ്രസിദ്ധ അടയാളം. കമഴ്ത്തി പിടിച്ചാലും വെള്ളം ചോർന്നുപോകില്ല എന്നതാണ് അതിന്റെ പ്രത്യേകത. ഇരുണ്ട പച്ചനിറവും മിനുക്കമാർന്ന തിളക്കവുമാണ് കാരിഗെരി മൺപാത്രങ്ങളുടേത്.
ഇങ്ങനെ തമിഴ്നാട്ടിൽനിന്നും ആന്ധ്രപ്രദേശിൽനിന്നും 1926ൽ തുടങ്ങി കുടിയേറിപ്പാർത്ത പോട്ടേഴ്സ് ടൗണിലെ മൺപാത്ര നിർമാണ സമൂഹത്തിന് ഈ വർഷം ഒരു നൂറ്റാണ്ട് തികയുന്നു!
മറ്റേത് കുലവൃത്തികളും എന്നപോലെ മിക്കവരും മറ്റു തൊഴിൽ മേഖലകളിലേക്ക് ഇവിടെയും ചെന്നെത്തിക്കഴിഞ്ഞു. പക്ഷേ, പോട്ടേഴ്സ് ടൗണിൽ കണ്ട വ്യത്യസ്തമായ ഒരു കാര്യം സാങ്കേതിക വിദ്യകളുമായും മാധ്യമങ്ങളുമായും കൂട്ടുചേർന്നുകൊണ്ട് മൺപാത്ര നിർമാണത്തെ ഒരു സമകാലിക തൊഴിലും കലയുമാക്കി മാറ്റിയ ഒരു പുതുതലമുറയെ കൂടി കാണാൻ സാധിച്ചു എന്നതാണ്.
പ്രധാനവഴിയുടെ തുടക്കത്തിൽത്തന്നെയുള്ള വീട്, താൽപര്യമുള്ളവർക്ക് മൺപാത്ര നിർമാണ പരിശീലനം കൂടി നൽകുന്ന രാജശേഖറിന്റേതാണ്. ധാരാളം പേർ ഇപ്പോൾ മൺപാത്ര നിർമാണത്തിൽ കൗതുകവുമായി എത്തുന്നുണ്ടെന്ന് മുഖം നിറഞ്ഞ ചിരിയോടെ അദ്ദേഹം പറഞ്ഞു.
നിശ്ചിത സമയത്തേക്ക് ഫീസ് ഈടാക്കിയുള്ള പരിശീലനത്തിൽ, കുഴച്ചെടുത്ത് പാകമായ മണ്ണ് ഇലക്ട്രിക് ചക്രത്തിൽ വെച്ച് മെനയാനും ആകൃതികൾ രൂപപ്പെടുത്താനും പഠിപ്പിക്കുന്നു. ഒടുവിൽ സ്വന്തം കൈയാൽ മെനഞ്ഞ കപ്പോ തളികയോ കൂജയോ കൊണ്ട് മടങ്ങുന്നവരുടെ മുഖത്ത് കലയും അധ്വാനവും ഒന്നിച്ച് അനുഭവിച്ചതിന്റെ സംതൃപ്തി!
രാജശേഖരന്റെ മകൾ രമ്യ ഇത്തരം ക്ലാസുകൾ പുറത്തുള്ള പോട്ടറി സ്റ്റുഡിയോകളിലും വർക്ക്ഷോപ്പുകളിലും വിദ്യാഭ്യാസ , തൊഴിൽ സ്ഥാപനങ്ങളിലും എടുത്തുകൊടുക്കുന്നുണ്ട്. കർണാടക ചിത്രകലാപരിഷത്ത് നടത്തുന്ന നാലുവർഷ അപ്ലൈഡ് കോഴ്സിൽ ശിൽപകല ഐച്ഛികമായെടുത്ത് പാസായിട്ടുണ്ട് രമ്യ. ബംഗളൂരുവിലെ 75 ശതമാനം റസ്റ്റാറന്റുകളിലേക്കും ഹോട്ടൽ, റിസോർട്ടുകളിലേക്കും പാത്രങ്ങളും അലങ്കാര നിർമിതികളും എത്തിക്കുന്നത് പരമ്പരാഗത രീതിയിൽ നിർമാണം നടത്തുന്ന ഇടങ്ങളിൽ നിന്നാണെന്ന് രമ്യ പറഞ്ഞു. വിനായക ചതുർഥി, ദീപാവലി എന്നീ സമയങ്ങളിലാണ് ഏറ്റവും കൂടുതൽ പൊതുവിൽപനക്കുള്ള ഓർഡർ ലഭിക്കുന്നത്. ചെരാതുകളും വെള്ളത്തിൽ നിമജ്ജനം ചെയ്യാനുള്ള പ്രതിമകളും അലങ്കാരപ്പാത്രങ്ങളുമാണ് അടുക്കളപ്പാത്രങ്ങളേക്കാൾ പോട്ടേഴ്സ് ടൗണിൽ ഇന്ന് നിർമിക്കപ്പെടുന്നത്. വേനൽക്കാലത്ത് ‘മട്ക്കെ നീരു’ അതായത് കൂജ വെള്ളത്തിനായുള്ള വലിയ വെള്ളപ്പാത്രങ്ങൾക്കും ആവശ്യക്കാരേറും.
ഒരുസ്ഥലത്തു മാത്രം കൂട്ടമായി താമസിച്ചു ചെയ്യാൻ സാധിക്കാത്തതാണ് മൺപാത്ര നിർമാണം. മണ്ണിന്റെ ലഭ്യത, പാത്രങ്ങളുടെ വിതരണം, വിൽപനയുടെ സാധ്യത എന്നിവയെല്ലാം നീതിപൂർവകമായി നടക്കണമെങ്കിൽ വിവിധ ആവാസ ഇടങ്ങളിലേക്ക്, ആവശ്യക്കാരിലേക്ക് ചെന്നെത്തിയേ പറ്റൂ. ഇങ്ങനെ പോട്ടറി ടൗണിൽനിന്ന് പിന്നീട് മറ്റിടങ്ങളിലേക്ക് മാറിത്താമസിച്ച് കുലത്തൊഴിൽ തുടർന്നവരുടെ മറ്റൊരു പ്രധാന ആവാസ സ്ഥലമാണ് ബംഗളൂരു യെലഹങ്ക ഭാഗത്തുള്ള നാരായണപുര . ഏതാണ്ട് ഇരുപതോളം കുടുംബങ്ങളിലാണ് ഇപ്പോൾ ഇവിടെ പണി നടക്കുന്നത്.
ബംഗളൂരുവിലെ വലിയ ഷോപ്പിങ് ഇടങ്ങളിലൊന്നായ കുംഭാർപേട്ടിന് ആ പേരുവന്നതും മൺപാത്ര നിർമാണത്തിൽ നിന്നാണ്. പതിനാറാം നൂറ്റാണ്ടിൽ വിജയനഗര സൈന്യാധിപനായിരുന്ന കെംപെ ഗൗഡ ബംഗളൂരു നഗരം സ്ഥാപിച്ച കാലത്ത് വിവിധ കൈത്തൊഴിലുകാർക്കായി വിഭജിച്ചുകൊടുത്ത സ്ഥലങ്ങളിലൊന്ന്. എന്നാൽ, ഇപ്പോൾ മൺപാത്ര നിർമാണം ഒന്നോ രണ്ടോ വീടുകളിൽ മാത്രമാണുള്ളത്. കളിപ്പാട്ടങ്ങളും മറ്റ് സ്റ്റേഷനറി സാധനങ്ങളുമാണ് ഇപ്പോൾ കുംഭാർപേട്ടിലെ പ്രധാന വിൽപന വസ്തുക്കൾ.

വെയിൽ കാഞ്ഞ് ഉണങ്ങാൻ വെച്ച മൺചട്ടികൾ
നാരായൺപുരയിൽ കുംഭാർ കുലദേവതയായ ചെന്നമ്മ (മുത്താളമ്മ)യുടെ കോവിലിനു ചുറ്റുമായുള്ള വീടുകളുടെ പുറത്തുകൂട്ടിയിട്ട മണ്ണും അടുക്കിവെച്ച പാത്രങ്ങളും കൃത്യമായി കാണിച്ചുതന്നു. അകത്തു കടക്കുമ്പോൾ നിലത്തുനിറയെ പല വലുപ്പത്തിലുള്ള ഗണേശ വിഗ്രഹങ്ങൾ. മറ്റു പ്രതിമകളെപ്പോലെ ഈ വിഗ്രഹങ്ങൾ ചൂളയിൽ ചുട്ടെടുക്കുന്നവയല്ല. അരച്ചെടുത്ത മണ്ണ് അച്ചുകളിൽ മെനഞ്ഞെടുത്ത ശേഷം മിനുക്കുപണികൾ നടത്തി ഉണക്കിയെടുക്കുകയാണ് ചെയ്യുന്നത്. ജലാശയങ്ങളിൽ നിമജ്ജനം ചെയ്യുമ്പോൾ അതുകൊണ്ടുതന്നെ അവശിഷ്ടങ്ങളായി അടിഞ്ഞുകൂടുന്നില്ല. ആചാരങ്ങളെ പറ്റാവുന്ന തരത്തിൽ പരിസ്ഥിതി സൗഹൃദപരം ആക്കുന്നതിന്റെ ഉദാഹരണംകൂടിയാണ്, സർക്കാർ നിർദേശം കൂടി പരിഗണിച്ചുകൊണ്ടുള്ള ഇത്തരം പച്ചമൺ പ്രതിമകൾ.
ആദ്യം കടന്നുചെന്ന വീട്ടിൽ ചെറുതും വലുതുമായ ഗണപതി വിഗ്രഹങ്ങളുടെ ഇടയിൽ ഇരുന്നുകൊണ്ട് വീട്ടുകാരി 60 വയസ്സുള്ള ഗോപമ്മ തമിഴിൽ സംസാരിച്ചു. സ്കൂളിൽ പോയിട്ടില്ല. ഭർത്താവ് മുത്തുരാജു അഞ്ചുവരെ പഠിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് താനടക്കം മിക്കവാറും വീടുകളിലെ സ്ത്രീകൾ വിവാഹം കഴിഞ്ഞു വന്നിരിക്കുന്നത്. തമിഴ് കുംഭാർ, കന്നഡ കുംഭാർ എന്ന വ്യത്യാസം കർണാടകത്തിലെ മറ്റിടങ്ങളിൽ കൂടുതലായി കാണാമെങ്കിലും ബംഗളൂരുവിലെ കുംഭാർ സമൂഹങ്ങളിൽ ഈ വ്യത്യാസം സമ്പർക്ക ചാർച്ചകളാൽ അലിഞ്ഞുപോയിരിക്കുന്നു. എങ്കിലും ‘വലതുവശം ചേല പോട്ട്, വലത്തു മൂക്കു കുത്താത്തവരുമായി’ വിവാഹ ബന്ധം അടുത്തകാലം വരെ ഉണ്ടായിരുന്നില്ല എന്ന് ഗോപമ്മ പറഞ്ഞു.
മൺപാത്ര നിർമാണം സമകാലിക സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിന്റെയും പുതിയ തലമുറ അതിനെ അപകർഷങ്ങളില്ലാതെ ഒരു സമാന്തര തൊഴിൽ എന്ന നിലയിൽ സ്വീകരിക്കുന്നതിന്റെയും തെളിച്ചമുള്ള ചിത്രങ്ങൾ പോട്ടേഴ്സ് ടൗണിലും നാരായൺപുരയിലും കണ്ടു. ഗോപമ്മയുടെ ഭർത്താവ് മുത്തുരാജു സമീപത്തുള്ള ഒരു പോട്ടറി സ്റ്റുഡിയോയിൽ പരിശീലകനായി ജോലിയെടുക്കുന്നുണ്ട്. നാരായണൻപുരയിലെ മറ്റൊരു കുടുംബത്തിലെ ബാലസുബ്രഹ്മണ്യൻ ബംഗളൂരുവിലെ ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്നതിനൊപ്പം സീസൺ സമയങ്ങളിൽ വീട്ടിലെ മൺപണിയിൽ പങ്കുചേരുന്നു. ഓൺലൈൻ വിൽപനയുടെ കാര്യങ്ങളും ഏറ്റെടുത്തിരിക്കുന്നു.
പോട്ടറി ടൗണിൽ പ്രധാന തെരുവിന്റെ തുടക്കത്തിൽ തന്നെ ‘കുംഭാര കരകൗശല കൈകാരിക സഹകാര സംഘ ലിമിറ്റഡ്’ (KK KSS )എന്ന ബോർഡുവെച്ച ചെറിയ ഓഫിസ് കാണാം. 1973 ൽ സ്ഥാപിതമായ ഈ സഹകരണ സംഘം ബംഗളൂരുവിലെ കുംഭാര സമൂഹത്തിന് ഒരു അടിസ്ഥാനബലമാണ്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ നിന്ന് ഇലക്ട്രിക് ചക്രം വാങ്ങുന്നതിന് ഉൾപ്പെടെയുള്ള വായ്പകൾ ലഭ്യമാക്കുന്നതിനും അവർ നടത്തുന്ന പ്രദർശനങ്ങളിൽ പങ്കെടുക്കുന്നതിനുമുള്ള സഹായങ്ങൾ സംഘം ചെയ്യുന്നുണ്ട്. മൊത്ത വ്യാപാരികൾക്ക് പാത്രങ്ങൾ ഇടത്തട്ടുകാരില്ലാതെ നേരിട്ട് വിൽപന നടത്തുകയും ചെയ്യുന്നു. വലുപ്പം കൂടിയ അലങ്കാര-ആരാധനാ രൂപങ്ങൾ ദൊഡ്ഡബെല്ലാപൂർ, ഹോസ്കോട്ടെ, രാമനഗര തുടങ്ങി നഗരപരിധിക്ക് പുറത്തുള്ള ഇടങ്ങളിലാണ് ഇന്ന് നിർമിക്കപ്പെടുന്നത്. ആവശ്യാനുസൃതം ഇവയും ഇവിടെയെത്തിച്ച് വിൽപന നടത്തുന്നു.
പല കുടുംബങ്ങൾക്കുമായുള്ള പൊതുചൂള പോട്ടറി ടൗണിന്റെ മറ്റൊരു പ്രത്യേകതയാണ്. ഓരോരുത്തരും ചൂളവെക്കുന്നതിന്റെ തീയതിയും കണക്കുകളും വലിയൊരു ബോർഡിൽ എഴുതിവെച്ചിരിക്കുന്നു. അതനുസരിച്ച് തുടർന്നുള്ള ദിവസക്രമവും തവണകളും തീരുമാനിക്കുന്നു. നിർമിതികളുടെ വലുപ്പ -സ്വഭാവങ്ങൾക്കനുസരിച്ച് ഒന്നുമുതൽ മൂന്നുദിവസം വരെ ചൂള തീയിടേണ്ടിവരും.
തടാകങ്ങളുടെ നാടായ ബംഗളൂരുവിൽ അവയുടെ കരയിൽ നിന്നെടുക്കുന്ന കളിമണ്ണാണ് നിർമാണത്തിനുപയോഗിച്ചിരുന്നത്. എന്നാലിപ്പോൾ ഇത്തരം ജലാശയങ്ങൾ പലതും ഇല്ലാതായതും, ഉള്ളവയിൽനിന്ന് മണ്ണെടുക്കാനുള്ള വിലക്കുകളും പണിയെ പ്രതികൂലമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. മണ്ണ് ലഭ്യമായ ദൂരസ്ഥലങ്ങളിൽനിന്ന് കൂടുതൽ പണം മുടക്കി വണ്ടികളിൽ എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
പോട്ടറി ടൗണിലും നാരായണപുരയിലുമുള്ള കുംഭാര വീടുകളെല്ലാം ഒക്ടോബറിലെ വിനായക ചതുർഥിക്കു വേണ്ടിയുള്ളഗണപതി പ്രതിമകളുടെ നിർമാണത്തിരക്കിലാണിപ്പോൾ. ലഭിച്ച ഓർഡറുകൾ സമയത്തിനുള്ളിൽ ചെയ്തുതീർക്കണം. വിനായക ചതുർഥിയും ദീപാവലിയുമാണ് ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന സമയം.

മൂങ്ങയുടലുമായി അലങ്കാരപ്പൂച്ചട്ടികൾ
ഭർത്താവ് വെങ്കിടേഷ് രാവിലെ മൂശയിൽ മോൾഡ് ചെയ്തെടുത്തുവെച്ച ഗണപതി പ്രതിമ ഇലക്ട്രിക് ചക്രത്തിൽവെച്ച് ഫിനിഷിങ് നടത്തുകയാണ് ഭാര്യ ലക്ഷ്മി. ഗണപതിയുടെ തുമ്പിക്കൈയും മുഖാവയവങ്ങളും ആഭരണ ഡിസൈനും ഈ ഫിനിഷിങ് സമയത്താണ് കൂട്ടിച്ചേർത്ത് പൂർണമാക്കുന്നത്. ചെറിയൊരു തുണിശ്ശീല വെള്ളത്തിൽ മുക്കി അരികുകൾ മൃദുലമായി വടിച്ചു മിനുസപ്പെടുത്തുമ്പോൾ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ മണ്ണിനെത്തൊട്ടുഴിയുന്ന കൈകൾ!
തൊട്ടപ്പുറത്തുള്ള ഒരു ഷെഡ്ഡിൽ കുറെക്കൂടി വിപുലമായ തോതിൽ പണി നടത്തുന്നവരാണ് ആനന്ദും കുടുംബവും. ഒഴിവു ദിനങ്ങളിൽ സ്കൂൾ കുട്ടികളായ മക്കളും കൂടുന്നു.
‘‘ഒടയാർ വീട്ടിലെ
എല്ലാം ഇരിക്ക്’’
‘‘കുംഭാരവീട്ടിൽ എല്ലാ ചരക്കും ഉണ്ടാകും. അതിനാൽ കുംഭാർ രാജാവ് മാതിരി തന്നെ, ഉടയവർ തന്നെ!’’
പോട്ടറി ടൗണിൽ കുടുംബ വേരുകളുള്ള, ഇപ്പോൾ നാരായൺപുരയിൽ ഒരു ചെറിയ ഷെഡ്ഡിൽ മൺപണി നടത്തുന്ന സി. ലക്ഷ്മിനാരായണ ‘ഒടയാർ’ എന്ന കുലപ്പേരിനെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞു: എല്ലാ വിഭാഗം ജനങ്ങൾക്കും മൺപാത്രങ്ങൾ ആവശ്യമായത് കൊണ്ടുതന്നെ ബാർട്ടർ സമ്പ്രദായ രീതിയിൽ അവശ്യവസ്തുക്കളെല്ലാം കുംഭാർ വീട്ടിലെത്തുമല്ലോ. ധാന്യം, തുണി, തടി-ലോഹ ഉപകരണങ്ങൾ, എണ്ണ, കായ്കറികൾ..... ഇങ്ങനെ രാജാവിന് തുല്യമായ സമൃദ്ധി ഉണ്ടാകുന്നതു കൊണ്ടാണത്രേ ഒടയാർ എന്ന വിളിപ്പേര് ഉണ്ടായത്!
ബംഗളൂരു കുംഭാര സമുദായത്തിൽ കണ്ട സവിശേഷ കലാകാരനാണ് ലക്ഷ്മിനാരായണ. 1987ൽ മദ്രാസിൽ നടന്ന ഓൾ ഇന്ത്യ പോട്ടറി എക്സിബിഷനിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. സീസൺ അനുസരിച്ചുള്ള പ്രതിമാ നിർമാണമല്ല ലക്ഷ്മിനാരായണ നടത്തുന്നത്. അലങ്കാര പൂപ്പാത്രങ്ങൾ, തൂക്കുവിളക്കുകൾ, മിനിയേച്ചർ രൂപമാതൃകകൾ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മാസ്റ്റർപീസ്. ബംഗളൂരുവിലെ ഒരു കമ്പനി വാർഷിക സമ്മേളന പ്രതിനിധികൾക്ക് നൽകാനായി ഓർഡർ നൽകിയ മൺവെള്ളക്കുപ്പികൾ ചൂളക്കരികിൽ പണിതീർത്തുവെച്ചിട്ടുണ്ട്. മടങ്ങിപ്പോരുമ്പോൾ ഒരു ചെറുനെല്ലിക്കയുടെ മാത്രം വലുപ്പം വരുന്ന കൊച്ചു മൺപാത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു.
കുലത്തൊഴിലെന്ന നിലയിൽ നിന്നുമാറി കലാപരിശീലനത്തിന്റെയും പ്രദർശന വിൽപനയുടെയും ഇടങ്ങളാകുന്ന ഒട്ടേറെ പോട്ടറി സ്റ്റുഡിയോകൾ ബംഗളൂരുവിലും പരിസര പ്രദേശങ്ങളിലും ഇന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ, ആകർഷകമായ ഡിസൈനുകൾ, വർക്ക്ഷോപ്പുകൾ എന്നിങ്ങനെ മൺപാത്ര നിർമാണത്തെ ഒരു പുതുതലമുറ ഹോബിയാക്കി മാറ്റാൻ ഇത്തരം ഇടങ്ങൾ വഴിതെളിച്ചിട്ടുണ്ട്. മിഥുനങ്ങൾക്ക് പരമ്പരാഗത ‘ഒത്തിണക്കം’ (Dating) രീതികൾക്കുപകരം ഇന്ന് വ്യാപകമായി സ്വീകരിക്കപ്പെടുന്ന ഒന്നാണ് ക്ലേ ഡേറ്റിങ്. നിർമാണത്തിന്റെ സൗഹൃദ സന്ദർഭങ്ങളിലൂടെ ബന്ധങ്ങളുടെ ഭാവികൂടി മെനഞ്ഞെടുക്കപ്പെടുന്നു, ഉറപ്പിക്കപ്പെടുന്നു!
വിവാഹ വാർഷികത്തിനും ‘മൺ ഒത്തിണക്കം’ ഒരു പുതുരീതിയാണ്. പിറന്നാളിനും മറ്റ് ആഘോഷങ്ങൾക്കുമുള്ള കളിമൺ നിർമാണ വർക്ക്ഷോപ്പിനും ഇന്ന് ധാരാളം ആവശ്യക്കാരുണ്ട്. സ്വയം മെനഞ്ഞെടുക്കുന്ന കപ്പുകളിലും കിണ്ണങ്ങളിലും പേരുകളും രൂപങ്ങളും വരച്ചുചേർക്കുകയും ചെയ്യാം.
ഒരു കുലവൃത്തി ജാതീയവും സാമൂഹികവുമായ പരിമിതവൃത്തത്തിൽനിന്നുവിട്ട് കലയുടെയും തൊഴിലിന്റെയും സാമൂഹികതയിലേക്ക് വികസിക്കുന്നതിന്റെ ഉദാഹരണമാണ് ഇത്തരം പോട്ടറി സ്റ്റുഡിയോ രീതികൾ. പോട്ടറി ടൗണും നാരായൺപുരയും ഉൾപ്പെടെയുള്ള ബംഗളൂരുവിലെ പരമ്പരാഗത കുംഭാർസമുദായങ്ങൾ ഇതിന്റെ ഇടക്കണ്ണികളായി നിൽക്കുന്നുമുണ്ട്.
തൊഴിലുകളുടെ വൈദഗ്ധ്യത്തുടർച്ച തലമുറകളിലൂടെ ജാതീയമായി മാത്രം തുടരുക എന്ന കാഴ്ചപ്പാടല്ല ഇവിടെയുള്ളത്. കുട്ടികൾ ആധുനിക വിദ്യാഭ്യാസം നേടുകയും താൽപര്യമുള്ളവർ മറ്റു തൊഴിലുകളോടൊപ്പമോ അല്ലാതെയോ പാരമ്പര്യവൃത്തിയിൽ ഏർപ്പെടുകയും ചെയ്യുന്നു. അതേസമയം പൊതുസമൂഹത്തിലേക്ക് തങ്ങളുടെ തൊഴിൽ കലാവിരുത് പ്രചരിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങളായി കുലത്തൊഴിൽ ആവാസ ഇടങ്ങൾ തുടരുകയും ചെയ്യുന്നു.
മടങ്ങുമ്പോൾ, നിരത്തിവെച്ച ഓരോ പാത്രവും രൂപവും അവയുടെ പൊതുവായ ജന്മകഥ കാട്ടിത്തരുന്ന പോലെ.....!

മണ്ണിൽ ഒരു സിഗരറ്റ് ചാരപ്പാത്രം
കറങ്ങുന്ന ചക്രത്തിനു നടുവിൽ ഉരുട്ടിവെച്ച മണ്ണിൽ വിരൽ താഴ്ത്തി, മറുകൈകൊണ്ട് പുറവശം തലോടി മുകളിലേക്ക് മെഴുകിയുയർത്തി, ആകൃതി പൂർണമായ പാത്രത്തെ താഴെയുള്ള മൺകൂനയിൽനിന്ന് അടിചെത്തിയെടുക്കുന്ന കൈകൾ...
ഉണക്കം വന്ന പാത്രത്തെ ഉള്ളിലൂടെ ഉരുണ്ട കല്ലോ കായയോ വെച്ച് താങ്ങി പുറത്ത് ക്രിക്കറ്റ് ബാറ്റുപോലുള്ള മരത്തിന്റെ പലക കൊണ്ട് മൃദുവായി അടിച്ചുപരത്തി അടിഭാഗം യോജിപ്പിച്ചുമിനുക്കി നിശ്ചിത ആകൃതി വരുത്തുന്ന കൈകൾ...
വൈക്കോലും ചളിയും ചേർത്ത് മെഴുകിയടച്ച ചൂളയിൽ, അടിയിൽ നിന്നുള്ള തീയിൽവെന്ത് വർണം തികയുന്ന മൺരൂപങ്ങൾ....
നീറിയടങ്ങിയ ചൂളയിലെ ചാരത്തിൽനിന്ന് അവയെ പതുക്കെയിളക്കി പൊക്കിയെടുക്കുന്ന കൈകൾ...
–മണ്ണിൽനിന്ന് കിഴങ്ങുകൾ വേരിളക്കി മണ്ണുകുടഞ്ഞ് വലിച്ചെടുക്കുംപോലെ!
--------------
* ‘Castes and Tribes of Southern india’
-Edgar Thurston, K Rangachari (1909)
Volume-4.
