Begin typing your search above and press return to search.
proflie-avatar
Login

വേരുകളിലേക്ക് പടരുന്ന മനുഷ്യർ

വേരുകളിലേക്ക് പടരുന്ന മനുഷ്യർ
cancel

ലോകകപ്പ് ഫുട്ബാളിൽ അർജന്റീനക്ക് എതിരെ മിന്നുന്ന പ്രകടനം കാഴ്ചവച്ച കേപ് വെർദെ ഒരു കൊച്ചു ദ്വീപ് രാജ്യമാണ്. അവി​േടക്ക് മുമ്പ് നടത്തിയ യാത്ര ഓർക്കുകയാണ് ലേഖിക. “ഇത് മുഴുവൻ കേപ് വെർദെക്ക് വേണ്ടിയാണ്. ഞങ്ങളുടെ ജനങ്ങൾക്ക് വേണ്ടിയാണ്.” 2026 ലോകകപ്പിൽ സ്പെയിനിനെതിരെ ഒരൊറ്റ ഗോൾപോലും വഴങ്ങാതെ കളിച്ചശേഷം, 40കാരനായ ഗോൾകീപ്പർ വോസീന്യ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്. ഒറ്റരാത്രികൊണ്ട് അമ്പതിനായിരത്തിൽനിന്ന് 17 ദശലക്ഷമായി ഫോളോവേഴ്സ് കുതിച്ചുയർന്നിട്ടും, ആ മനുഷ്യൻ തന്റെ പ്രശസ്തിയെ സ്വന്തം നാടിന് സമർപ്പിച്ചു. പലരും ഇതിനെ ‘എളിമ’ എന്ന് വിളിച്ചു. ഞാൻ പക്ഷേ അതിനെ മറ്റൊരു പേരിലാണ് അറിഞ്ഞത് –മൊറാബേസ....

Your Subscription Supports Independent Journalism

View Plans
ലോകകപ്പ് ഫുട്ബാളിൽ അർജന്റീനക്ക് എതിരെ മിന്നുന്ന പ്രകടനം കാഴ്ചവച്ച കേപ് വെർദെ ഒരു കൊച്ചു ദ്വീപ് രാജ്യമാണ്. അവി​േടക്ക് മുമ്പ് നടത്തിയ യാത്ര ഓർക്കുകയാണ് ലേഖിക.

“ഇത് മുഴുവൻ കേപ് വെർദെക്ക് വേണ്ടിയാണ്. ഞങ്ങളുടെ ജനങ്ങൾക്ക് വേണ്ടിയാണ്.” 2026 ലോകകപ്പിൽ സ്പെയിനിനെതിരെ ഒരൊറ്റ ഗോൾപോലും വഴങ്ങാതെ കളിച്ചശേഷം, 40കാരനായ ഗോൾകീപ്പർ വോസീന്യ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്. ഒറ്റരാത്രികൊണ്ട് അമ്പതിനായിരത്തിൽനിന്ന് 17 ദശലക്ഷമായി ഫോളോവേഴ്സ് കുതിച്ചുയർന്നിട്ടും, ആ മനുഷ്യൻ തന്റെ പ്രശസ്തിയെ സ്വന്തം നാടിന് സമർപ്പിച്ചു. പലരും ഇതിനെ ‘എളിമ’ എന്ന് വിളിച്ചു. ഞാൻ പക്ഷേ അതിനെ മറ്റൊരു പേരിലാണ് അറിഞ്ഞത് –മൊറാബേസ. എളിമയെക്കാൾ ആഴമുള്ള, ഒരു ദ്വീപ് രാഷ്ട്രത്തിന്റെ മുഴുവൻ ജീവിതദർശനത്തെയും ഉൾക്കൊള്ളുന്ന ഒരു വാക്ക്. ആ വാക്ക് പഠിച്ചത് പുസ്തകത്തിൽ നിന്നല്ല, കേപ് വെർദെയുടെ തലസ്ഥാനമായ പ്രായയിലെ തെരുവുകളിൽ നിന്നാണ്.

ഭാഷയുടെയും ഭൂമിശാസ്ത്രത്തിന്റെയും അതിരുകൾക്കപ്പുറം ചില രാജ്യങ്ങൾ നമ്മുടെ ഹൃദയത്തിൽ ഇടംപിടിക്കാറുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കൻ തീരത്തുനിന്നും എഴുനൂറോളം കിലോമീറ്റർ അകലെ അറ്റ്ലാന്റിക് സമുദ്രത്തിൽ ചിതറിക്കിടക്കുന്ന പത്ത് ചെറുദ്വീപുകളുടെ കൂട്ടമായ ‘കാബോ വെർദെ’ എനിക്ക് അങ്ങനെയൊരു നാടാണ്.

2025 ഡിസംബറിലാണ് ഞാൻ ആദ്യമായി ആ മണ്ണിൽ കാലുകുത്തുന്നത്. എന്നാൽ, യാത്ര സമ്മാനിച്ച അനുഭവങ്ങളുടെ ആഴം കൃത്യമായി ബോധ്യപ്പെടാൻ 2026ലെ ഫിഫ ലോകകപ്പ് ഫുട്ബാൾ വരെ കാത്തിരിക്കേണ്ടിവന്നു. ഈ കൊച്ചു ദ്വീപു രാഷ്ട്രം ലോകകപ്പിന്റെ വലിയ വേദിയിലേക്ക് ആദ്യമായി യോഗ്യത നേടിയപ്പോൾത്തന്നെ ചരിത്രം കുറിച്ചിരുന്നു. എന്നാൽ, യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ചും, അർജന്റീനയോട് പൊരുതിയും അവർ ലോകത്തെ ഞെട്ടിച്ചു.

ഒരു ജനതയുടെ അതിജീവനത്തിന്റെയും സ്നേഹത്തിന്റെയും ആകത്തുകയായ മൊറാബേസയെക്കുറിച്ചും, ആ സംസ്കാരത്തിന് അടിത്തറയിട്ട വിപ്ലവകാരി അമീൽകർ കബ്രാൾ, സംഗീത ഇതിഹാസം സെസാരിയ എവോറ എന്നിവരെക്കുറിച്ചുമുള്ള ഒരു യാത്രാസ്മരണയാണിത്.

ആകുലതകളുടെ തീരത്തുനിന്നും മൊറാബേസയുടെ ഹൃദയത്തിലേക്ക്

2025 ഡിസംബറിൽ പ്രായയിൽ (Praia) തെരുവുകളിലൂടെ ഗൈഡ് റിക്കാർഡോക്കൊപ്പം നടക്കുമ്പോൾ, പൂർണമായും അപരിചിതരായ അനേകം മനുഷ്യർ എന്നെ നോക്കി പുഞ്ചിരിക്കുകയും ‘ഹായ്’ പറയുകയും വിശേഷങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വംശീയമായോ സാംസ്കാരികമായോ യാതൊരു ബന്ധവുമില്ലാത്ത ഒരു ഏഷ്യൻ സഞ്ചാരിയോട് അവർ കാണിക്കുന്ന ഈ താൽപര്യം അത്ഭുതപ്പെടുത്തി.

ഞാൻ റിക്കാർഡോയോട് ചോദിച്ചു: ‘‘ഇവിടത്തെ മനുഷ്യരിൽ വിരിയുന്ന ഈ പുഞ്ചിരിയുടെ രഹസ്യമെന്താണ്? ഒരു നിമിഷം കൊണ്ട് എന്നെ അവരുടെ സ്വന്തമാക്കിക്കളഞ്ഞല്ലോ’’

റിക്കാർഡോ പറഞ്ഞു: “അതാണ് സുഹൃത്തേ, ‘മൊറാബേസ’. ഞങ്ങളുടെ ക്രിയോൾ ഭാഷയിലെ ഏറ്റവും പവിത്രമായ പദമാണിത്. ഇതിന്റെ അർഥം കേവലം അതിഥിസൽക്കാരം എന്നല്ല. ഒരു അപരിചിതനെപ്പോലും സ്വന്തം സുഹൃത്തായി കാണാനുള്ള തുറന്ന മനസ്സ്, പ്രതിഫലം ആഗ്രഹിക്കാതെ കൈയിലുള്ളത് പങ്കുവെക്കാനുള്ള സന്മനസ്സ്, ജീവിതം എത്ര കഠിനമാണെങ്കിലും മറ്റുള്ളവരിലേക്ക് സ്നേഹവും സമാധാനവും പ്രസരിപ്പിക്കാനുള്ള ആന്തരികമായ ചോദന– ഇവയെല്ലാം ചേർന്നതാണ് മൊറാബേസ. പണ്ട് വരൾച്ചയും ദാരിദ്ര്യവും കോളനിവാഴ്ചയുടെ അവഗണനയും നേരിടാൻ ഈ ദ്വീപുകളിലെ മനുഷ്യർ പരസ്പരം കൈകോർത്തതിൽനിന്നാണ് ഈ സംസ്കാരം പിറന്നത്.”

റിക്കാർഡോ മൊറാബേസയെക്കുറിച്ച് സംസാരിച്ച ആ നിമിഷം, മനസ്സ് തൊട്ടുമുമ്പത്തെ ദിവസമുണ്ടായ സംഭവവികസനകൾ ഓർത്തെടുത്തു. സെനഗാളിന്റെ തലസ്ഥാനം ദാകറിൽനിന്ന് കാബോ വെർദെയിലേക്ക് പോകാനിരിക്കുമ്പോൾ ഞാൻ തീർത്തും അസ്വസ്ഥയായിരുന്നു. യാത്രകളിൽ സാധാരണ പരിഭ്രമിക്കാറില്ല. കാരണം, പ്ലാൻചെയ്യുന്നതൊന്നും അതേപടി നടക്കില്ലെന്നും അതിനനുസരിച്ച് മാറുക എന്നതാണ് യാത്രയുടെ രീതിയെന്നും പഠിച്ചുകഴിഞ്ഞിരുന്നു. പക്ഷേ, അന്ന് കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. സാധാരണ പുതിയൊരു രാജ്യത്തേക്ക് പോകുമ്പോൾ അവിടെ ഒരു പ്രാദേശിക കോൺടാക്റ്റ് ഞാൻ കണ്ടെത്താൻ ശ്രമിക്കാറുണ്ട്. എന്നാൽ, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഒരു അപരിചിത രാജ്യത്തേക്ക് ആരെയും മുൻപരിചയമില്ലാതെ ഇറങ്ങിത്തിരിച്ച ആദ്യത്തെ സന്ദർഭമായിരുന്നു അത്.

പ്രായയിൽ വൈകുന്നേരം അഞ്ചിന് എത്തേണ്ട വിമാനമായിരുന്നു. അവിടത്തെ കറൻസിയായ ‘എസ്കുഡോ’ (Escudo) സെനഗാളിൽ നിന്ന് മാറ്റിയെടുക്കാൻ കഴിയില്ല. വിമാനത്താവളത്തിൽനിന്ന് മാറ്റാമെന്നായിരുന്നു കരുതിയത്. പ്രായയിൽ ഉൗബർപോലുള്ള ടാക്സി സർവിസുകളില്ല. ലോക്കൽ ടാക്സി പിടിച്ച് വേണം നഗരമധ്യത്തിലെ ഹോസ്റ്റലിലെത്താൻ. എന്നാൽ വിമാനം മണിക്കൂറുകളോളം വൈകി. ഞാൻ അവിടെയെത്തുമ്പോൾ അർധരാത്രിയാകും. വിമാനത്താവളത്തിലെ കറൻസി എക്സ്ചേഞ്ച് കൗണ്ടറുകൾ അടച്ചിട്ടുണ്ടാകും.

കൈയിൽ ലോക്കൽ പണമില്ലാതെ, അറിയാത്തൊരു നാട്ടിൽ, രാത്രിയിൽ ഞാൻ എങ്ങനെ ഹോസ്റ്റലിൽ എത്തുമെന്നോർത്ത് വേവലാതിയായി. വിമാനത്തിൽ കയറാൻ നേരമാണ് ഞാൻ ‘അന്ന’യെ പരിചയപ്പെടുന്നത്. യു.എനിൽ ജോലിചെയ്യുന്ന അവർ അമേരിക്കയിലെ ഒരു ട്രെയിനിങ്ങിനുശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ദീർഘദൂര യാത്രയുടെയും ലേ-ഓവറിന്റെയും തളർച്ചയിലായിരുന്നതിനാൽ അന്ന വളരെ കുറച്ചുമാത്രമേ സംസാരിച്ചുള്ളൂ. ഒടുവിൽ വിമാനമിറങ്ങി, ഇമിഗ്രേഷൻ കഴിഞ്ഞ് കൈയിൽ ഒരു പൈസയുമില്ലാതെ എന്തുചെയ്യണമെന്നറിയാതെ ഞാൻ വിമാനത്താവളത്തിന് പുറത്ത് നിൽക്കുകയായിരുന്നു.

പെട്ടെന്നാണ് അന്ന എന്റെ മുന്നിലേക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടത്. എന്റെ അവസ്ഥ മനസ്സിലാക്കിയ നിമിഷം, യാതൊരു മടിയും കൂടാതെ അവൾ പറഞ്ഞു: “സാരമില്ല, ഞാൻ നിങ്ങളെ ഹോസ്റ്റലിൽ വിടാം.” അവരെന്നെ കാറിൽ കയറ്റി ഹോസ്റ്റലിൽ എത്തിക്കുക മാത്രമല്ല ചെയ്തത്, കൂടെ അകത്തേക്ക് വരികയും ഞാൻ സുരക്ഷിതമായി ചെക്ക്-ഇൻ ചെയ്തുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. യാത്രപറഞ്ഞ് ഇറങ്ങാൻ നേരം അവളെന്നെ ചേർത്തുപിടിച്ചു. അപരിചിത മണ്ണിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ച, എന്നെ ആശ്വസിപ്പിച്ച ഒരു മനുഷ്യസ്പർശമായിരുന്നു അത്!

റിക്കാർഡോ തെരുവിൽ വെച്ച് മൊറാബേസയെക്കുറിച്ച് സംസാരിച്ചപ്പോഴാണ് ബോധ്യപ്പെട്ടത് –തലേദിവസം രാത്രി അന്നയിലൂടെ എന്നെ തേടിയെത്തിയത് കാബോ വെർദെയുടെ അതേ മൊറാബേസ ആയിരുന്നു എന്ന്! ഭാരതീയ സംസ്കാരത്തിലെ ‘അതിഥി ദേവോ ഭവ’ എന്ന സങ്കൽപമാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ആശയമെന്ന് അതുവരെ വിശ്വസിച്ചിരുന്ന എന്റെ ധാരണ തിരുത്തപ്പെട്ടു. മൊറാബേസ അതിനേക്കാൾ എത്രയോ ആഴമുള്ളതാണ്. കാബോ വെർദെയിൽ എത്തുന്ന ഏതൊരു അപരിചിതനും ആ രാജ്യത്തോട് പ്രണയത്തിലാകും.

 

വിപണിയിലെ രണ്ട് മുഖങ്ങളും അമീൽകർ കബ്രാളും

പ്രായയിലെ മാർക്കറ്റിലൂടെ നടക്കുമ്പോൾ, ഓരോ സുവനീർ കടയിലും ഒരു സ്ത്രീയുടെയും ഒരു പുരുഷന്റെയും ചിത്രം ആവർത്തിച്ചു കണ്ടു. ടി ഷർട്ടുകളിലും പോസ്റ്റ് കാർഡുകളിലും ബാഗുകളിലുമെല്ലാം ആ മുഖങ്ങൾ അച്ചടിച്ചിട്ടുണ്ടായിരുന്നു. എന്റെ കൗതുകം കണ്ട് കടയുടമ പറഞ്ഞു, അത് ‘കബ്രാളും’ ‘സെസാരിയ’യുമാണെന്ന്. ഞാൻ ചെറുതായി അമ്പരന്നു.

കബ്രാൾ അവരുടെ വിപ്ലവ നായകനാണ്. സെസാരിയ പ്രശസ്ത ഗായികയും. വർഷങ്ങൾക്കു മുമ്പ് മരിച്ച ഇരുവരുടെയും പടം എന്ത് കൊണ്ട് ഇപ്പോഴും ടി ഷർട്ടുകളിൽ അച്ചടിക്കുന്നു. ഇന്ത്യയിൽ ഭീംസെൻ ജോഷി മുതൽ പണ്ഡിറ്റ് രവിശങ്കർ വരെയുള്ള ലോകോത്തര സംഗീതജ്ഞരും മഹാത്മാഗാന്ധിയെപ്പോലുള്ള മഹാന്മാരായ രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നിട്ടും അവരുടെ ചിത്രങ്ങൾ ഇത്തരത്തിൽ ടൂറിസ്റ്റ് ഷോപ്പുകളിലെ ടി ഷർട്ടുകളിൽ വിൽക്കപ്പെടുന്നതായി കണ്ടിട്ടില്ല. റിക്കാർഡോയോട് ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ അയാൾ പറഞ്ഞ മറുപടി ഇന്നും മറന്നിട്ടില്ല: “അവർ ഞങ്ങളുടെ ഭൂതകാലമല്ല. ഞങ്ങൾ ആരാണെന്ന് നിരന്തരം ഓർമിപ്പിക്കുന്ന ഞങ്ങളുടെ വർത്തമാനകാലമാണ്.”

റിക്കാർഡോ എന്നെ പ്രായയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അമീൽകർ കബ്രാളിന്റെ വെങ്കല പ്രതിമക്ക് മുന്നിലേക്കും, അദ്ദേഹത്തിന്റെ വിപ്ലവസ്മരണകൾ നിലനിർത്തുന്ന കൊച്ചു മ്യൂസിയത്തിലേക്കും കൂട്ടിക്കൊണ്ടുപോയി. അവിടെയെത്തിയപ്പോൾ കറുത്ത മാർബിൾ ഫലകത്തിൽ സ്വർണ ലിപികളാൽ കൊത്തിവെച്ച കബ്രാളിന്റെ ഒപ്പ് ശ്രദ്ധയിൽപ്പെട്ടു. മ്യൂസിയത്തിന്റെ ചുവരുകളിൽ ഒരു പുരുഷായുസ്സിന്റെ പോരാട്ടചരിത്രം കൃത്യമായ സമയരേഖയായി അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഒരു കാർഷിക ശാസ്ത്രജ്ഞനിൽനിന്ന് വിപ്ലവത്തിന്റെ അഗ്നിജ്വാലയായി മാറിയ കബ്രാൾ, കാബോ വെർദെയുടെയും ഗിനി-ബിസാവുവിന്റെയും സ്വാതന്ത്ര്യത്തിനായി പോരാടിയ യുഗപുരുഷനാണ്. കേവലം ഒരു രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം, ഇരുപതാം നൂറ്റാണ്ടിലെ ആഗോള കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾക്ക് പുതിയൊരു ദാർശനിക മുഖം നൽകിയ ചിന്തകനായിരുന്നു അദ്ദേഹം.

1924ൽ ജനിച്ച കബ്രാൾ, തന്റെ ഉപരിപഠനത്തിനായി ലിസ്ബണിലേക്ക് പോവുകയും അവിടെ​െവച്ച് കൃഷിശാസ്ത്രത്തിൽ ബിരുദം നേടുകയും ചെയ്തു. ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പരിശീലനമാണ് പിന്നീട് വിപ്ലവത്തിന്റെ അടിത്തറയായി മാറിയത്. 1952ൽ ഗിനി-ബിസാവുവിൽ തിരിച്ചെത്തിയ കബ്രാൾ, അവിടത്തെ കൊളോണിയൽ സർക്കാറിനായി ഒരു കാർഷിക സെൻസസ് തയാറാക്കാനുള്ള ചുമതല ഏറ്റെടുത്തു. അദ്ദേഹത്തിന് അത് വെറുമൊരു ഔദ്യോഗിക കണക്കെടുപ്പായിരുന്നില്ല; അവിടത്തെ മണ്ണിനെയും മനുഷ്യരെയും അവരുടെ കഷ്ടപ്പാടുകളെയും ഏറ്റവും ആഴത്തിൽ മനസ്സിലാക്കാനുള്ള ഒരു ഗൂഢതന്ത്രമായിരുന്നു. ആഫ്രിക്കൻ കർഷകരുടെ സാമ്പത്തികവും സാമൂഹികവുമായ യാഥാർഥ്യങ്ങൾ ആ പഠനത്തിലൂടെ അദ്ദേഹം തിരിച്ചറിഞ്ഞു.

തുടർന്ന് 1956ൽ അദ്ദേഹം PAIGC (African Party for the Independence of Guinea and Cape Verde) എന്ന വിപ്ലവ പാർട്ടിക്ക് രൂപം നൽകി. ആദ്യഘട്ടത്തിൽ സമാധാനപരമായ പ്രതിരോധത്തിനാണ് അദ്ദേഹം ശ്രമിച്ചതെങ്കിലും, 1959 ആഗസ്റ്റ് മൂന്നിന് നടന്ന ‘പിഡ്ജിഗ്വിറ്റി കൂട്ടക്കൊല’ (Pidjiguiti Massacre) കാര്യങ്ങൾ മാറ്റിമറിച്ചു. സമാധാനപരമായി സമരം ചെയ്ത കപ്പൽത്തൊഴിലാളികൾക്ക് നേരെ പോർചുഗീസ് സൈന്യം വെടിയുതിർക്കുകയും അമ്പതിലധികം പേർ കൊല്ലപ്പെടുകയും ചെയ്തപ്പോൾ, ഫാഷിസ്റ്റ് കൊളോണിയൽ ഭരണത്തോട് ആയുധമെടുത്ത് പോരാടുകയല്ലാതെ മറ്റ് വഴിയില്ലെന്ന് കബ്രാൾ പ്രഖ്യാപിച്ചു.

1963ൽ ആരംഭിച്ച സായുധ പോരാട്ടത്തിലൂടെ ഗിനി-ബിസാവുവിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പോർചുഗീസുകാരിൽനിന്ന് മോചിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മോചിപ്പിക്കപ്പെട്ട ആ പ്രദേശങ്ങളിൽ സ്കൂളുകളും ആശുപത്രികളും സ്വന്തമായി ഒരു ഭരണസംവിധാനവും സ്ഥാപിച്ച് സ്വാതന്ത്ര്യത്തിന്റെ മാതൃക യുദ്ധത്തിനിടയിലും അദ്ദേഹം കാണിച്ചുകൊടുത്തു. ഇതാണ് അദ്ദേഹത്തെ കാബോ വെർദെയുടെയും ഗിനി-ബിസാവുവിന്റെയും അനിഷേധ്യനായ ദേശീയ നായകനാക്കി മാറ്റിയത്.

ലോകചരിത്രത്തിലെ മറ്റ് പ്രമുഖ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ കബ്രാൾ വേറിട്ടുനിൽക്കുന്നത് ഒരു തത്ത്വചിന്തകൻ-ഗറില എന്ന നിലയിലാണ്. അദ്ദേഹത്തിന്റെ കൊളോണിയലിസത്തെക്കുറിച്ചുള്ള രചനകൾ ഇന്നും സർവകലാശാലകളിൽ പഠിപ്പിക്കുന്നു. ഘാനയുടെ ക്വാമെൻ ക്രുമയെപ്പോലെ പാൻ-ആഫ്രിക്കൻ ഐക്യത്തെക്കുറിച്ചും, അൽജീരിയയുടെ ഫ്രാന്റസ് ഫാനനെപ്പോലെ കൊളോണിയൽ മനഃശാസ്ത്രത്തെക്കുറിച്ചും കബ്രാളിന് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. മഹാത്മാഗാന്ധിയെപ്പോലെ ജനകീയമായ പ്രതിരോധത്തിന്റെ ശക്തി തിരിച്ചറിയാനും, തോമസ് സങ്കരയെപ്പോലെ തികഞ്ഞ ധാർമികമായ വിശുദ്ധി പുലർത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

എന്നാൽ മാർക്സിസ്റ്റ് ചിന്താധാരക്ക് കബ്രാൾ നൽകിയ ഏറ്റവും വലിയ സംഭാവന ‘വർഗപരമായ ആത്മഹത്യ’ (Class Suicide) എന്ന സിദ്ധാന്തമായിരുന്നു. സ്വാതന്ത്ര്യം നേടിക്കഴിഞ്ഞാൽ ഭരണം കൈയാളാൻ പോകുന്നത് വിദ്യാസമ്പന്നരായ തദ്ദേശീയ മധ്യവർഗമായിരിക്കും (Petty Bourgeoisie) എന്ന് കബ്രാൾ മുൻകൂട്ടി കണ്ടു. കൊളോണിയൽ ഭരണാധികാരികൾ ഒഴിഞ്ഞുപോകുമ്പോൾ ആ കസേരകളിൽ വന്നിരിക്കുന്ന ഈ മധ്യവർഗം പുതിയൊരുകൂട്ടം ചൂഷകരായി മാറാതിരിക്കണമെങ്കിൽ, അവർ തങ്ങളുടെ വർഗപരമായ ആനുകൂല്യങ്ങളും സ്വകാര്യ അഹന്തകളും സ്വയം ഉപേക്ഷിക്കണമെന്ന് അദ്ദേഹം വാദിച്ചു. അവർ തങ്ങളുടെ വർഗ സ്വത്വത്തെ വെടിഞ്ഞു കൊണ്ട് സാധാരണക്കാരായ കർഷകരോടും തൊഴിലാളികളോടും പൂർണമായി ലയിച്ചുചേരണം. ഒരു പുതിയ ഭരണാധികാരി വർഗമായി മാറുകയല്ല, മറിച്ച് ജനങ്ങളുടെ അടിമകളായി മാറുകയാണ് വേണ്ടതെന്ന ഈ ചിന്ത വിപ്ലവ ചരിത്രത്തിലെ വിസ്മയമാണ്.

സംസ്കാരം ഒരു ചെറുത്തുനിൽപിലന്റെ ആയുധമാണ് എന്നത് –കോളനിവാഴ്ച ജനതയുടെ സാംസ്കാരിക ജീവിതത്തെ തളർത്തിക്കൊണ്ടാണ് വിജയിക്കുന്നത്, അതിനാൽ വിമോചനം സൈനികമായ പ്രവൃത്തി മാത്രമല്ല, സാംസ്കാരികമായ പുനർജന്മം കൂടിയാണ് എന്ന ചിന്ത അദ്ദേഹം പ്രചരിപ്പിച്ചു. മ്യൂസിയത്തിന്റെ ചുവരുകളിൽ എഴുതിവെച്ചിരുന്ന കബ്രാളിന്റെ വിഖ്യാതമായ വാചകം എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു: ‘‘സംസ്കാരം എന്നത് ഒരേസമയം ഒരു ജനതയുടെ ചരിത്രത്തിന്റെ ഫലവും, ചരിത്രത്തെ നിർണയിക്കുന്ന ഘടകവുമാണ്.” (Culture is simultaneously the fruit of a people's history and a determinant of history).

ഒരു വിദേശശക്തിക്ക് ഒരു നാടിനെ പൂർണമായി കീഴ്പ്പെടുത്തണമെങ്കിൽ ആദ്യം അവിടത്തെ സംസ്കാരത്തെ നശിപ്പിക്കണം. അതുകൊണ്ട്, സ്വാതന്ത്ര്യം എന്നത് പതാക മാറ്റലല്ല, സ്വന്തം സംസ്കാരത്തിലേക്കും വേരുകളിലേക്കുമുള്ള മടക്കയാത്രയാണെന്ന് കബ്രാൾ നമ്മെ ഓർമിപ്പിക്കുന്നു.

മ്യൂസിയത്തിലെ ഒരു ചുവരിലെ വലിയ ചിത്രത്തിൽ കബ്രാൾ തന്റെ തലയിൽ വിരൽ ചൂണ്ടി നിൽക്കുന്നതായി കാണാം. അതിനടിയിൽ ഇങ്ങനെ കുറിച്ചിട്ടുണ്ടായിരുന്നു: ‘‘Mais pensamento para agir melhor, mais atividade para melhor pensar” (കൂടുതൽ നന്നായി പ്രവർത്തിക്കാൻ കൂടുതൽ ചിന്തിക്കുക, കൂടുതൽ നന്നായി ചിന്തിക്കാൻ കൂടുതൽ പ്രവർത്തിക്കുക). ചിന്തയില്ലാത്ത പ്രവൃത്തിയും പ്രവൃത്തിയില്ലാത്ത ചിന്തയും വിപ്ലവത്തിന് ചേർന്നതല്ലെന്ന കബ്രാളിന്റെ ഈ ആപ്തവാക്യം ഏതൊരു മനുഷ്യനും ജീവിതത്തിൽ പകർത്തേണ്ട ഒന്നാണ്.

1973 ജനുവരി 20ന്, രാജ്യം കാത്തിരുന്ന സ്വാതന്ത്ര്യ പുലരി കാണുന്നതിന് തൊട്ടുമുമ്പ്, ഗിനിയിലെ കോനക്രിയിൽ വെച്ച് അമീൽകർ കബ്രാൾ ക്രൂരമായി കൊലചെയ്യപ്പെട്ടു. പോർചുഗീസ് രഹസ്യപ്പൊലീസിന്റെയും (PIDE) കൊളോണിയൽ ഭരണകൂടത്തിന്റെയും കറുത്ത കരങ്ങളാണ് ആ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത്.

കബ്രാൾ എന്ന ദാർശനികൻ ജീവിച്ചിരുന്നാൽ തങ്ങൾക്ക് ആഫ്രിക്കൻ മണ്ണിൽ ഒരിഞ്ചുപോലും മുന്നേറാൻ കഴിയില്ലെന്ന് ശത്രുക്കൾക്ക് നന്നായി അറിയാമായിരുന്നു. അദ്ദേഹത്തെ ഇല്ലാതാക്കാൻ പാർട്ടിക്കുള്ളിലെ തന്നെ ആഭ്യന്തര ഭിന്നതകളെയായിരുന്നു അതിനായി അവർ തിരഞ്ഞെടുത്തത്. കാബോ വെർദെയിലെ മനുഷ്യരും ഗിനി-ബിസാവുവിലെ മനുഷ്യരും തമ്മിലുള്ള വംശീയവും പ്രാദേശികവുമായ വ്യത്യാസങ്ങളെ കൊളോണിയൽ ശക്തികൾ തന്ത്രപരമായി ചൂഷണം ചെയ്തു.

കാബോ വെർദെക്കാർക്ക് കൂടുതൽ വിദ്യാഭ്യാസം ലഭിച്ചിരുന്നതിനാൽ പാർട്ടിയുടെ ഉയർന്ന തസ്തികകളിൽ അവർ നിയമിതരാകുമെന്ന ചിന്ത ഗിനി-ബിസാവുവിലെ ചില തീവ്രവാദികളിൽ കുത്തിവെക്കാൻ ശത്രുക്കൾക്ക് കഴിഞ്ഞു. പാർട്ടിക്കുള്ളിലെ ആ ചതിയന്മാരെ ഉപയോഗിച്ച് അവർ അദ്ദേഹത്തെ ഇല്ലാതാക്കി. കബ്രാൾ മരിച്ച് മാസങ്ങൾക്കുള്ളിൽ ഗിനി-ബിസാവു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, തൊട്ടടുത്ത വർഷം പോർചുഗലിൽ ഉണ്ടായ വിപ്ലവത്തെത്തുടർന്ന് കാബോ വെർദെയും സ്വതന്ത്രമായി. ഇന്ന് കാബോ വെർദെയിലെ ഓരോ മനുഷ്യനും മുന്നോട്ട് നടക്കുന്നത് കബ്രാൾ പകർന്നു നൽകിയ ദാർശനിക വെളിച്ചത്തിലാണ്.

 

‘ബ്ലൂ ഷാർക്കുകളുടെ’ പോരാട്ടവീര്യം

അടിമക്കച്ചവടത്തിന്റെ കറുത്ത ഓർമകൾ പേറുന്ന ചരിത്രകേന്ദ്രങ്ങളും പ്രായയുടെ തിരക്കേറിയ നഗരമധ്യവുമെല്ലാം ചുറ്റിക്കണ്ടാണ് ഞാൻ അന്ന് പകൽ ചെലവഴിച്ചത്. എന്നാൽ, ആ ചരിത്രസ്മരണകളെയെല്ലാം അപ്രസക്തമാക്കുംവിധം ലോകകപ്പ് യോഗ്യത നേടിയതിന്റെ അടങ്ങാത്ത ആവേശ കാഴ്ചകളായിരുന്നു ചുറ്റും. ഫുട്ബാൾ ടീമിന്റെ പതാകയും ലോഗോയും ബാനറുകളും എല്ലായിടത്തും കാണാം. വെറും ആറുലക്ഷം മാത്രം ജനസംഖ്യയുള്ള, ലോകഭൂപടത്തിലെ ഈ കൊച്ചു ദ്വീപുരാഷ്ട്രം ഫുട്ബാളിന്റെ മഹാമാമാങ്കത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് തന്നെ ഒരു കായിക വിസ്മയമായിരുന്നു. പ്രായയിലെ അവരുടെ പഴയ ദേശീയ സ്റ്റേഡിയമായ ‘എസ്റ്റാഡിയോ ഡാ വാർസെഗ’ കാണാൻ ചെന്നപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി.

ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത ആ സ്റ്റേഡിയം നമ്മുടെ നാട്ടിലെ ഒരു സാധാരണ കോളജ് ഗ്രൗണ്ട് പോലെയാണ് തോന്നിയത്. പരുക്കൻ മണ്ണും ലളിതമായ ചുറ്റുപാടുകളുമുള്ള ഈ മണ്ണിലാണ് ലോകകപ്പിൽ വമ്പന്മാരെ വിറപ്പിച്ച ഈ കളിക്കാർ തങ്ങളുടെ ആദ്യകാലങ്ങളിൽ പന്തുതട്ടി ശീലിച്ചത്! ഫുട്ബാളിനോടുള്ള ജനങ്ങളുടെ പ്രണയം തിരിച്ചറിഞ്ഞ രാജ്യം, പിന്നീട് 2014ൽ പതിനയ്യായിരം കാണികളെ ഉൾക്കൊള്ളാവുന്ന സൗകര്യങ്ങളോടെ ‘എസ്റ്റാഡിയോ നാഷനൽ ഡി കാബോ വെർദെ’ എന്ന പുതിയ സ്റ്റേഡിയം തുറന്നുനൽകിയെങ്കിലും ഇൻഫ്രാസ്ട്രക്ചറിന്റെ കാര്യത്തിൽ അവർ ഇന്നും ഏറെ പിന്നിലായിരുന്നു.

പ്രായയിലെ ഗാരേജുകളിൽ നിർത്തിയിട്ടിരുന്ന അവരുടെ ഔദ്യോഗിക ടീം ബസുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. പ്രൗഢമായ ആ നീല ബസുകൾക്ക് മുകളിൽ വന്യമായ ഭംഗിയോടെ ഒരു നീല സ്രാവിന്റെ (Blue Shark) എംബ്ലം അച്ചടിച്ചിട്ടുണ്ടായിരുന്നു. ലോഗോയുടെ സാംസ്കാരിക അർഥം റിക്കാർഡോ വിശദീകരിച്ചുതന്നു. കാബോ വെർദെ ദേശീയ ടീം അറിയപ്പെടുന്നത് തന്നെ ‘തുബറോസ് അസുയിസ്’ അഥവാ ‘ബ്ലൂ ഷാർക്കുകൾ’ എന്നാണ്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ വന്യതയാൽ ചുറ്റപ്പെട്ട ഈ ദ്വീപുവാസികൾക്ക് സ്രാവ് എന്നത് അതിജീവനത്തിന്റെ പ്രതീകമാണ്. കടലിലെ കടുത്ത വേലിയേറ്റങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച്, അസാധാരണമായ ചടുലതയോടെ കൂട്ടമായി വേട്ടയാടുന്ന സ്രാവുകളെപ്പോലെയാണ് ഈ ടീമും. കോടികൾ വിലമതിക്കുന്ന വമ്പൻ താരങ്ങളോ വലിയ ഇൻഫ്രാസ്ട്രക്ചറോ ഇല്ലെങ്കിലും, കളിക്കളത്തിൽ ഒരൊറ്റ മനസ്സോടെ കൂട്ടമായി ആക്രമിച്ച് മുന്നേറുന്ന ഇവരുടെ ശൈലി ഈ ചിഹ്നത്തെ അന്വർഥമാക്കുന്നു.

അപ്പോഴാണ് റിക്കാർഡോ ഈ ടീമിന്റെ രൂപവത്കരണത്തിന് പിന്നിലെ വിസ്മയകരമായ ആ കുടിയേറ്റ ചരിത്രംകൂടി വ്യക്തമാക്കിയത്. ടീമിൽ കളിക്കുന്ന ഭൂരിഭാഗം പേരും ദ്വീപിലെ കടുത്ത ദാരിദ്ര്യം കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിപ്പാർക്കേണ്ടി വന്ന മനുഷ്യരുടെ മക്കളാണ്. നെതർലൻഡ്‌സിലെ റോട്ടർഡാമിലും പോർചുഗലിലുമെല്ലാം ജനിച്ച് വളർന്നിട്ടും, തങ്ങളുടെ വേരുകൾ മറക്കാതെ മാതൃരാജ്യത്തിന്റെ ജേഴ്സിയണിഞ്ഞ് ലോകവേദിയിൽ പോരാടാൻ ഈ ‘ബ്ലൂ ഷാർക്കുകൾ’ കൈകോർക്കുകയായിരുന്നു. വിഭവങ്ങളുടെ ദൗർലഭ്യം കാരണം ഒരു ടീമിനെപ്പോലും കണ്ടെത്താൻ അവർ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു.

ലോകകപ്പിൽ അവർ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനിനെ 0-0 എന്ന സ്കോറിൽ തളച്ചപ്പോഴും, ഉറുഗ്വായിക്കെതിരെ 2-2ന് സമനില പിടിച്ചപ്പോഴും, ഒടുവിൽ അധിക സമയത്ത് അർജന്റീനയോട് 2-3ന് പൊരുതിത്തോറ്റപ്പോഴും എന്റെ ഉള്ളിൽ റിക്കാർദോ പറഞ്ഞ ഈ അതിജീവനകഥകളായിരുന്നു. അമ്മക്ക് വിസക്കുള്ള പണം സമയത്ത് കണ്ടെത്താനാവാതെ കളി കാണാൻ വരാൻ പറ്റിയില്ലെന്ന് പറഞ്ഞ് വോസീന്യ വിതുമ്പിയപ്പോൾ ആ വാർത്ത ഫുട്ബാൾ ലോകത്തെയാകെ കണ്ണീരിലാഴ്ത്തി. (പിന്നീട് വലിയ ആഗോള ഇടപെടലുകളിലൂടെ അമ്മയെ സ്റ്റേഡിയത്തിൽ എത്തിച്ചത് മറ്റൊരു ചരിത്രം). കളിക്കളത്തിലെ ഓരോ വിജയത്തിന് പിന്നിലും വെറുമൊരു മത്സരത്തിന്റെ ആവേശം മാത്രമായിരുന്നില്ല. ജീവിതം മുഴുവൻ കടുത്ത സാമ്പത്തിക പ്രതിസന്ധികളോടും പ്രതിബന്ധങ്ങളോടും അവർ നടത്തിപ്പോന്ന നിശ്ശബ്ദ വിപ്ലവത്തിന്റെ അതേ നേർക്കാഴ്ചയായിരുന്നു.

കടൽത്തീരത്ത്, നഗ്നപാദരായി

മൂന്ന് മണിയോടെ ഞങ്ങളുടെ ടൂർ അവസാനിച്ചു. റിക്കാർദോ എന്നെ വിമാനത്താവളത്തിൽ വിട്ടു. ലോക്കൽ സിം ഇല്ലാതിരുന്നതിനാൽ, ഫ്ലൈറ്റ് രാത്രി വൈകിയിട്ടാണെങ്കിലും, നേരത്തേ തന്നെ വിമാനത്താവളത്തിൽ എത്തുന്നതാണ് സുരക്ഷിതം എന്ന് കരുതി.

അഞ്ച് മണിയോടെ, വിമാനത്താവളത്തിലെ ഇടക്കിടെ മുറിയുന്ന വൈഫൈയിലൂടെ അന്നയുടെ സന്ദേശം എത്തി. ജോലി കഴിഞ്ഞ അവർ, ടൂർ കഴിഞ്ഞിട്ടും ഞാൻ ബന്ധപ്പെടാഞ്ഞതിന് എന്നെ ശകാരിച്ചു. അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് മിണ്ടാതിരുന്നത്. പക്ഷേ അന്ന വിട്ടില്ല. അരമണിക്കൂറിനുള്ളിൽ അവർ വിമാനത്താവളത്തിൽ എത്തി എന്നെ തിരികെ നഗരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

കടൽത്തീരത്തെ ഒരു മനോഹരമായ റസ്റ്റാറന്‍റിലേക്കാണ് ഞങ്ങൾ പോയത്. “നിങ്ങൾ ഷൂസ് ഊരി മാറ്റൂ. ആഫ്രിക്കൻ മണ്ണിൽ ചവിട്ടാതെ നിങ്ങളെ പോകാൻ അനുവദിക്കില്ല” എന്ന് പറഞ്ഞു അവർ ഉച്ചത്തിൽ ചിരിച്ചു. ഞങ്ങൾ നഗ്നപാദരായി ആ കടൽത്തീരത്തെ മണലിലൂടെ നടന്നു. കബ്രാളിനെക്കുറിച്ച് മ്യൂസിയത്തിൽനിന്ന് മനസ്സിലാക്കിയ കാര്യങ്ങൾ ഞാൻ അവളോട് പങ്കുവെച്ചു. അപ്പോഴാണ് അന്ന കാബോ വെർദെയുടെ സംഗീത ഇതിഹാസമായ സെസാരിയ എവോറയെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയത്.

അന്ന പറഞ്ഞു: ‘‘കബ്രാൾ ഞങ്ങളുടെ തലച്ചോറാണെങ്കിൽ, സെസാരിയ ഞങ്ങളുടെ ഹൃദയമാണ്. എന്റെ ജീവിതത്തെയും ചിന്തകളെയും ഇത്രമേൽ സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല. സെസാരിയ ഞങ്ങളെ പഠിപ്പിച്ചത് ഒന്നുമാത്രമാണ് –വിജയത്തിന്റെ ഏത് കൊടുമുടിയിൽ എത്തിയാലും നിന്റെ പാദങ്ങൾ എപ്പോഴും സ്വന്തം മണ്ണിലുറച്ചു നിൽക്കണം.”

 

2026 ലോകകപ്പ് ഫുട്ബാളിൽ മത്സരിച്ച കേപ് വെർദെ ഫുട്ബാൾ ടീം

അറ്റ്ലാന്റിക്കിലെ വിഷാദമധുരമായ സംഗീതം

സെസാരിയയുടെ സംഗീതത്തെ മനസ്സിലാക്കാൻ കാബോ വെർദെയുടെ ആത്മാവായ ‘മോർണ’യെയും ‘സൗദാദി’നെയും അറിയണം. പോർചുഗീസ് പദമായ ‘സൗദാദ്’ എന്നാൽ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയ ഒന്നിനോട്, അല്ലെങ്കിൽ അകലെയായിരിക്കുന്ന പ്രിയപ്പെട്ടവരോട് തോന്നുന്ന വിഷാദമധുരമായ വിരഹവേദനയാണ്. പട്ടിണിയും വരൾച്ചയും കാരണം സ്വന്തം മണ്ണും കുടുംബവും ഉപേക്ഷിച്ച് കടൽ കടന്ന് പ്രവാസികളാകേണ്ടി വന്ന കാബോ വെർദെക്കാരുടെ നോവാണ് സൗദാദ്.

ആ വേർപാടിന്റെയും കടലിന്റെയും വന്യതയെ സംഗീതത്തിലേക്ക് ആവാഹിച്ചതാണ് അവരുടെ ദേശീയ സംഗീതശാഖയായ ‘മോർണ’. പോർചുഗീസ് സംഗീതത്തിന്റെയും പടിഞ്ഞാറൻ ആഫ്രിക്കൻ താളങ്ങളുടെയും സമന്വയമാണിത്. അക്കൗസ്റ്റിക് ഗിറ്റാറുകളും വയലിനും ‘കവാക്കിന്യോ’ (ഒരു ചെറിയ തന്ത്രിവാദ്യം)യും ചേർന്നൊരുക്കുന്ന പശ്ചാത്തലത്തിൽ, ആത്മാവിനെ തൊട്ടുണർത്തുന്ന സാവധാനത്തിലുള്ള ഈ ആഫ്രിക്കൻ ബ്ലൂസ് സംഗീതത്തെ ലോകത്തിന് മുന്നിൽ എത്തിച്ചത് സെസാരിയ ആയിരുന്നു. ഈ സാംസ്കാരിക പ്രാധാന്യം കണക്കിലെടുത്താണ് യുനെസ്കോ മോർണയെ ലോകത്തിന്റെ ‘അദൃശ്യ സാംസ്കാരിക പൈതൃകങ്ങളുടെ’ (Intangible Cultural Heritage) പട്ടികയിൽ ഉൾപ്പെടുത്തിയത്.

“Pe na txon”

–മണ്ണിൽ ഉറച്ച കാൽ

സെസാരിയ എവോറ (1941-2011), “ദി ബെയർഫൂട്ടേഡ് ദിവ” എന്നറിയപ്പെട്ട ഗായിക, 47ാം വയസ്സിലാണ് ലോകപ്രശസ്തി നേടിയത് –സംഗീത വ്യവസായം കലാകാരന്മാരെ ഒഴിവാക്കിത്തുടങ്ങുന്ന പ്രായത്തിൽ. മിന്റെലോയിലെ നാവികരുടെ ബാറുകളിൽ പാടി വളർന്ന അവർ, ദാരിദ്ര്യവും വിഷാദവും നിറഞ്ഞ ‘ഇരുണ്ട വർഷങ്ങൾ’ താണ്ടിയാണ് പാരീസിലെയും ന്യൂയോർക്കിലെയും വേദികളിലെത്തിയത്.

വേദിയിൽ എപ്പോഴും നഗ്നപാദയായി പാടിയത് വെറും ഒരു ശൈലിയായിരുന്നില്ല - ക്രിയോൾ ഭാഷയിൽ “Pe na txon” (മണ്ണിൽ ഉറച്ച കാൽ) എന്നാൽ ചെരുപ്പ് വാങ്ങാൻ കഴിവില്ലാത്ത ഏറ്റവും ദരിദ്രരായ ജനതയെ സൂചിപ്പിക്കുന്ന വാക്കായിരുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും ആഡംബരവേദികളിലേക്ക് നഗ്നപാദയായി കയറിച്ചെല്ലുമ്പോൾ അവർ പറയാതെ പറഞ്ഞത് –“കേപ് വെർദെയിലെ ഏറ്റവും മറക്കപ്പെട്ട സ്ത്രീകളെയും കുട്ടികളെയും ഞാൻ ഈ വേദിയിലേക്ക് കൊണ്ടുവരുന്നു” എന്നായിരുന്നു. അവരുടെ വിജയങ്ങൾ ലോകസംഗീത ചരിത്രത്തിലെ അത്യപൂർവമായ അധ്യായങ്ങളായിരുന്നു.

2003ൽ പുറത്തിറങ്ങിയ ‘വോസ് ഡി അമോർ’ എന്ന ആൽബത്തിലൂടെ അവൾ ലോകത്തിലെ ഏറ്റവും വലിയ സംഗീത ബഹുമതിയായ ഗ്രാമി പുരസ്കാരം സ്വന്തമാക്കി. ഫ്രാൻസിന്റെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ‘ലീജിയൻ ഓഫ് ഓണർ’ നൽകിയാണ് ലോകം അവരെ ആദരിച്ചത്.

എന്നാൽ ഈ പണവും പ്രശസ്തിയും വന്നപ്പോഴും മിന്റെലോയിലെ ചേരിയിലെ വീട് ഉപേക്ഷിക്കാൻ സെസാരിയ തയാറായില്ല. ആഡംബര കൊട്ടാരങ്ങളിലേക്ക് മാറുന്നതിന് പകരം തന്റെ പഴയ വീട് പുതുക്കിപ്പണിയുക മാത്രമാണ് അവൾ ചെയ്തത്. ആ വീടിന്റെ വാതിലുകൾ അവൾ ഒരിക്കലും പൂട്ടിയില്ല. അപരിചിതരായ സഞ്ചാരികളും വിശന്നുവലഞ്ഞ അയൽപക്കത്തെ കുട്ടികളും പ്രാദേശിക സംഗീതജ്ഞരുമെല്ലാം അവരുടെ അടുക്കളയിലേക്ക് എപ്പോഴും കയറിച്ചെന്നു. അവിടെ അവർ ഒരു വലിയ പാത്രത്തിൽ ‘കാച്ചുപ’ എന്ന ദേശീയ ചോളക്കറി സ്വന്തം കൈകൊണ്ട് ​െവച്ച് വിശക്കുന്നവർക്കെല്ലാം വിളമ്പിക്കൊടുത്തിരുന്നു. അതായിരുന്നു യഥാർഥ മൊറാബേസ-സൗദാദിന്റെ കയ്പേറിയ ഗൃഹാതുരത്വം ഹൃദയത്തിൽ പേറുമ്പോഴും, മൊറാബേസയുടെ വറ്റാത്ത ഊഷ്മളത ലോകത്തിന് മുഴുവൻ സ്വന്തം ജീവിതത്തിലൂടെ പകർന്നുനൽകിയ ഒരു അതുല്യ ജന്മം!

സാന്റിയാഗോ ദ്വീപിൽ സ്ഥിതിചെയ്യുന്ന കേപ് വെർദെയുടെ തലസ്ഥാന നഗരമായ പ്രായയുടെ വിദൂര ദൃശ്യം

 

ഹൃദയത്തിൽ അവശേഷിക്കുന്ന കാബോ വെർദെ

അത്താഴത്തിനുശേഷം അന്ന എന്നെ കൃത്യസമയത്ത് വിമാനത്താവളത്തിൽ തിരിച്ചെത്തിച്ചു. വിമാനത്തിന്റെ ജനാലക്കരികിലിരുന്ന് താഴേക്ക് നോക്കുമ്പോൾ എന്റെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു. ഇത്രയും കുറഞ്ഞ ദിവസങ്ങൾ കൊണ്ട് എന്റെ ഉള്ളിൽ ഇത്രമേൽ എന്നേ സ്വാധീനിച്ച മറ്റൊരു രാജ്യമില്ല. ഒരു സഞ്ചാരിയെന്ന നിലയിൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠമാണ് കാബോ വെർദെ സമ്മാനിച്ചത്. ഭൂപ്രദേശം കണ്ടുതീർക്കലല്ല യാത്രകൾ; മനുഷ്യരിലേക്ക് പടരലും അവരുടെ ആത്മാവിനെ തൊട്ടറിയലുമാണ് എന്നൊരു തിരിച്ചറിവ്.

വോസീന്യ ലോകകപ്പ് വേദിയിൽ പ്രകടിപ്പിച്ച ആ എളിമയും അമീൽകർ കബ്രാൾ ഉയർത്തിപ്പിടിച്ച സാംസ്കാരിക പ്രതിരോധവും, സെസാരിയ എവോറ നഗ്നപാദയായി ലോകത്തിന് പകർന്നു നൽകിയ ആത്മാർഥതയുമെല്ലാം ഒടുവിൽ ചെന്നുനിൽക്കുന്നത് ഒരേയൊരു ബിന്ദുവിലാണ് –അതാണ് ‘മൊറാബേസ’. കഠിനമായ അതിജീവനത്തിന്റെ ചരിത്രമുള്ള ഒരു ജനത, സ്വന്തം കഷ്ടപ്പാടുകളെ മറ്റുള്ളവരോടുള്ള നിരുപാധികമായ സ്നേഹമാക്കി മാറ്റിയ അത്ഭുതപ്രതിഭാസം! കൈയിൽ പണമില്ലാതെ അർധരാത്രിയിൽ അന്യദേശത്തുനിന്നെത്തിയ എനിക്ക് അന്ന തന്ന ആ ആലിംഗനത്തിൽ ഒളിഞ്ഞിരുന്നതും മറ്റൊന്നുമല്ല, ഈ മൊറാബേസ തന്നെയായിരുന്നു. ഭൂമിശാസ്ത്രപരമായി കാബോ വെർദെ അറ്റ്ലാന്റിക്കിൽ ഒറ്റപ്പെട്ടു കിടക്കുന്ന ചില ദ്വീപുകളാകാം, എന്നാൽ ഹൃദയത്തിന്റെ ഊഷ്മളതകൊണ്ട് അവർ ലോകത്തെ മുഴുവൻ ചേർത്തുപിടിക്കുന്ന ഒരു വലിയ ഭൂഖണ്ഡമാണ്!

News Summary - A Journey to Cape Verde