സൊഹ്‌റാൻ മംദാനി
camera_altസൊഹ്‌റാൻ മംദാനി
‘ട്രംപ് രാജാവല്ല’ എന്ന തലക്കെട്ടിൽ മൂന്നാഴ്ച മുമ്പ് എഴുതിയ ‘തുടക്കം’ ഓർക്കുന്നുണ്ടാകും. യു.എസ് ഭരണഘടനയെയും ജനാഭിലാഷങ്ങളെയും ചവിട്ടിമെതിച്ചുള്ള പ്രസിഡന്റ് ട്രംപിന്‍റെ ഏകാധിപത്യ വാഴ്ചക്കെതിരെയുള്ള ഉറച്ച ശബ്ദമായി അമേരിക്കയിലെമ്പാടും ‘നോ കിങ്സ്’ റാലി നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു ആ കുറിപ്പ്. അതിലെ ഒരു നിഗമനം ഇങ്ങനെയായിരുന്നു: ‘‘അമേരിക്കയിലെ ഈ പ്രതിഷേധം ട്രംപിനെ കടപുഴക്കുമെന്ന് കരുതുക വയ്യ. പക്ഷേ, സമഗ്രാധിപത്യത്തിന്റെ, ലോകപൊലീസിന്റെ ഉച്ചിയിൽ ചെറുപ്രഹരമേൽക്കുമ്പോൾ മർദിത രാഷ്ട്രങ്ങളിലെ ജനത്തിന് സന്തോഷിക്കുകയല്ലാതെ മറ്റെന്ത്?’’
അമേരിക്കയിൽനിന്ന് പുതിയൊരു നല്ല വാർത്തകൂടി വന്നു. ന്യൂയോർക് മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി തിളങ്ങുന്ന വിജയം നേടിയതായിരുന്നു അത്. ഇന്ത്യൻ വേരുകളുള്ള ആദ്യത്തെ ദക്ഷിണേഷ്യക്കാരൻ മേയർ, ആദ്യ മുസ്‍ലിം നഗര പിതാവ് എന്നതിലെല്ലാമുണ്ടായിരുന്നു സൊഹ്റാന്റെ വിജയത്തിന്റെ വിശേഷണങ്ങൾ. ഏറ്റവും പ്രായം കുറഞ്ഞ ന്യൂയോർക് മേയറുമായി 34കാരനായ ഡെമോക്രാറ്റിക് പാർട്ടി നേതാവുകൂടിയായ സൊഹ്‌റാൻ. രണ്ടു ദശലക്ഷത്തിൽപരം പേർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പിൽ സൊഹ്റാന് 51 ശതമാനത്തിലധികം വോട്ട് കിട്ടി. സൊഹ്‌റാൻ മംദാനിക്കെതിരായ പ്രചാരണത്തിന്റെ തലപ്പത്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയായിരുന്നു. അതുകൊണ്ടുതന്നെ സൊഹ്റാന്റെ വിജയം ട്രംപിനുള്ള പ്രഹരംകൂടിയായി.
തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിൽ ട്രംപ് ഉയർത്തിയ വിമർശനം സൊഹ്‌റാൻ കുടിയേറ്റക്കാരനാണ് എന്നാണ്. കുടിയേറ്റ വിരുദ്ധനായ റിപ്പബ്ലിക്കൻ പ്രസിഡന്റ് ട്രംപിന് സൊഹ്‌റാൻ ഒരു മുസ്‍ലിംകൂടിയാണെന്നത് ഒട്ടും രസിച്ചില്ല. പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് ന്യൂയോർക്കിനുള്ള ഫണ്ടുകൾ തടയുമെന്നും നാഷനൽ ഗാർഡിനെ ഇറക്കി ക്രമസമാധാനം ഏറ്റെടുക്കുമെന്നും സൊഹ്‌റാൻ മംദാനിയെ നാടുകടത്തുമെന്നുപോലും ട്രംപ് ഭീഷണി മുഴക്കി. സൊഹ്‌റാൻ തനി കിറുക്കനായ നൂറുശതമാനം കമ്യൂണിസ്റ്റാണെന്നും അയാൾ സർക്കാർ ഉടമയിലുള്ള ഭക്ഷ്യക്കടകളാണ് ലക്ഷ്യമിടുന്നതെന്നും സൊഹ്റാന് മംദാനി ജയിച്ചാൽ ന്യൂയോർക്കിന് ഒരു കമ്യൂണിസ്റ്റ് മേയറാണുണ്ടാവുകയെന്നും ആയിരുന്നു ട്രംപിന്റെ ഭയപ്പെടുത്തലുകൾ.
ന്യൂയോർക് ജനത ട്രംപിനെ നിഷ്‍കരുണം തള്ളി. 85 ലക്ഷം ജനസംഖ്യയുള്ള ന്യൂയോർക് നഗരത്തിന് ട്രംപിന്റെ അധികാരഭ്രാന്തും വലതുപക്ഷ വെറിയുമുണ്ടായിരുന്നില്ല എന്നു ചുരുക്കം. ഗസ്സയിലെ വംശഹത്യക്കെതിരെയും ഫലസ്തീനികളുടെ അവകാശങ്ങൾക്കുവേണ്ടിയും സൊഹ്‌റാൻ മംദാനി പ്രചാരണ വേദിയിലടക്കം സംസാരിച്ചു. ന്യൂയോർക് അറിയപ്പെടുന്നത് ജൂതബോധ്യം കൂടുതലുള്ള നഗരമായിട്ടാണ് എന്നും ഓർക്കണം. സൊഹ്‌റാൻ ഉയർത്തിയ പ്രചാരണ മുഖവും മുദ്രാവാക്യങ്ങളും അമേരിക്കൻ വലതുപക്ഷത്തിന്റെ പ്രചണ്ഡമായ എതിർപ്പുകളെ തൂത്തെറിഞ്ഞു എന്നതാണ് പ്രധാനം. വലതുപക്ഷ അടിത്തറയുള്ള അമേരിക്കയിൽ സൊഹ്‌റാൻ മംദാനി വിപ്ലവം സൃഷ്ടിക്കുമെന്നോ വലിയ മാറ്റത്തിന് കാരണമാകുമെന്നോ കരുതുന്നത് ശരിയായിരിക്കില്ല. സൊഹ്‌റാൻ മംദാനിയുടെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലും മറ്റ് പല കാര്യങ്ങളിലുമുള്ള നിലപാടുകളിലും സംശയം പല കോണുകളിൽനിന്ന് ഉയരുന്നുണ്ട്.
മർദിത രാഷ്ട്രങ്ങളിലെ ജനങ്ങളെയും വലത്-ഫാഷിസ്റ്റ് വിരുദ്ധരായ ജനത്തെയും സൊഹ്റാന്റെ വിജയം സന്തോഷിപ്പിക്കുന്നുണ്ട്. ഭാവിയെപ്പറ്റി ചില പ്രതീക്ഷകൾ നൽകുന്നുണ്ട് എന്നതിനാലാണ് അത്. അധികാര കൊത്തളങ്ങളിൽ ചില അപശബ്ദങ്ങൾ ഉണ്ടാവുകതന്നെ വേണം. അതിന്റെ മുഴക്കം ചെറുതല്ല.
