Begin typing your search above and press return to search.
proflie-avatar
Login

സഞ്ചാരത്തിലെ ജീവിതം

thudakkam
cancel

മലയാളിയുടെ യാത്രകള്‍ക്ക് എത്രയാവും പഴക്കം? അറിയില്ല. കൃത്യമായ ചരിത്രവുമില്ല. അനാദികാലം മുതല്‍ക്കേ യാത്ര ചെയ്തവരാണ് മലയാളികള്‍. കപ്പല്‍ സഞ്ചാരത്തിന്റെ ആദികാലങ്ങളില്‍തന്നെ അതില്‍ ഇടംപിടിച്ചിട്ടുണ്ട് മലബാറിലെയും കൊച്ചിയിലെയും മനുഷ്യര്‍. അറിയപ്പെടാത്ത തീരങ്ങളില്‍ അവര്‍ ചെന്നെത്തി. അറിയാത്ത നാടുകളിലെ മനുഷ്യരും ജീവിതവും മലയാളിയെ എന്നും മോഹിപ്പിച്ചു. യാത്രകള്‍ കഴിഞ്ഞ് വിലമതിക്കാനാവാത്ത അറിവും മൂലധനവുമായി അവര്‍ മടങ്ങിയെത്തി. അങ്ങനെ യാത്രകളില്‍ മലയാളി സ്വയം നവീകരിക്കപ്പെട്ടു. യാത്രകള്‍ കേരളത്തെ പുതുക്കിപ്പണിഞ്ഞു. എല്ലാ അർഥത്തിലും. അതിന്റെ ഉപോല്‍പന്നമായാവണം മലയാളത്തില്‍ സഞ്ചാരസാഹിത്യം വളര്‍ന്നു പന്തലിച്ചതും.

ലോകത്തിന്റെ ക്രമങ്ങള്‍ മാറിയതോടെ ഇന്ന് സഞ്ചാരം വര്‍ധിച്ചു. ലോകത്തിന്റെ ഏതൊരു മുക്കിലും മൂലയിലും മലയാളി പെട്ടെന്ന് എത്തും. അത്തരം ചില യാത്രകളാണ് ഈ ലക്കം ആഴ്ചപ്പതിപ്പിലുള്ളത്. എന്നാല്‍, ഇത് കേവലം യാത്രയുടെ വിവരണങ്ങള്‍ മാത്രമല്ല. യാത്രതന്നെ ജീവിതമാക്കിയ ചിലരുടെ കഥയാണ് വി. മുസഫര്‍ എഴുതുന്നത്. യാത്രതന്നെ ജീവിതമാവുക അത്ര നല്ല അനുഭവമല്ല; കുറഞ്ഞപക്ഷം ഫലസ്തീനികള്‍ക്കെങ്കിലും. അധികം എഴുതപ്പെടാത്ത ‘മരിച്ചവരുടെ നഗര’ങ്ങളിലേക്കുള്ള രണ്ട് യാത്രയുമുണ്ട് ഈ ലക്കത്തില്‍. മരണവും ജീവിതവും സമസ്യയായി മാറുന്ന അനുഭവം.

യാത്രകള്‍ പലപ്പോഴും ജീവിതത്തെ പുതുക്കാറുണ്ട്. പുതിയ ധാരണകളിലേക്ക് നമ്മള്‍ ഉണരും. നമ്മുടെ ലോകം ചെറുതാണെന്നും വിശാലമായ കാഴ്ചകള്‍ അപ്പുറത്തുണ്ടെന്നും ബോധ്യം നല്‍കും. അനുകരിക്കേണ്ട ജീവിതവും സംസ്കാരവും പുറത്തുണ്ടെന്ന തോന്നല്‍ പകരും. നമ്മള്‍ എത്ര ഭാഗ്യവാന്‍മാരാണെന്ന ചിന്ത ചില നേരം മനസ്സിലൂടെ പാഞ്ഞുപോകും. കുഞ്ഞുലോകത്തിരുന്നായിരുന്നു നമ്മുടെ വമ്പുപറച്ചിലുകള്‍ എന്ന തിരിച്ചറിവ് ചിലപ്പോഴെങ്കിലും നമ്മളെ നിരാശപ്പെടുത്തും. എന്തായാലും യാത്ര തുടരേണ്ടതുണ്ട്. അതിന് സഹായമാകട്ടെ ഈ പതിപ്പ്.

ടി.എന്‍. പ്രകാശ്,ബി.സി. ജോജോ

മലയാളത്തിന് നഷ്ടങ്ങളുടെ ആഴ്ചകൂടിയാണ് കടന്നുപോകുന്നത്. ശ്രദ്ധേയ കഥകള്‍ എഴുതിയ, ആഴ്ചപ്പതിപ്പിന്റെ അടുത്ത സുഹൃത്തുകൂടിയായ ടി.എന്‍. പ്രകാശ് വിടവാങ്ങിയിരിക്കുന്നു. കൂടാതെ, അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിയ ബി.സി. ജോജോയും മറഞ്ഞു. ഈ നഷ്ടങ്ങളില്‍ ആഴ്ചപ്പതിപ്പ് അതിയായി വേദനിക്കുന്നു.

Show More expand_more
News Summary - weekly thudakkam