Begin typing your search above and press return to search.
proflie-avatar
Login

ഹിന്ദുത്വ ‘റിപ്പബ്ലിക്കിലെ’ സംഘ്​ ക്ഷേത്രങ്ങൾ

ഹിന്ദുത്വ ‘റിപ്പബ്ലിക്കിലെ’  സംഘ്​ ക്ഷേത്രങ്ങൾ
cancel

വായനക്കാരുടെ കൈകളിൽ ഇൗ ആഴ്​ചപ്പതിപ്പ്​ എത്തുന്ന ദിവസം, ജനുവരി 22ന്​, അയോധ്യയിൽ ആഘോഷമായിരിക്കും. കാമറകളുടെ മുന്നിൽ പ്രധാനമ​ന്ത്രി മോദി എന്നത്തെയും പോ​െല അഭിനയം കൊഴുപ്പിക്കും. ദേശീയ മാധ്യമങ്ങൾക്കൊപ്പം മലയാള മാധ്യമങ്ങളും തത്സമയ സംപ്രേഷണവുമായി രംഗം തകർക്കും. ​​അങ്ങനെ മൊത്തത്തിൽ രാജ്യത്ത്​ ഒരു പുതിയ ചരിത്രദിനം പിറന്നതായി വാഴ്​ത്തപ്പെടും. അതേ ആഘോഷങ്ങളുടെ തുടർച്ച വരാൻപോകുന്ന പൊതുതെരഞ്ഞെടുപ്പിലും ദൃശ്യമാകും.

അയോധ്യയിലെ രാമക്ഷേത്ര ഉദ്​ഘാടനത്തിൽനിന്ന്​ റിപ്പബ്ലിക്​ ദിനത്തിലേക്ക്​ കുറച്ചുദിവസമേയുള്ളൂ. രൂപകമെന്ന നിലയിൽ ഇൗ ദിനങ്ങൾക്കിടയിലെ നാല്​ ദിനങ്ങൾ ചില മുന്നറിയിപ്പുകളാണ്​. ഒരു അശുഭസൂചനയാണ്​. മതേതര, ജനാധിപത്യ റിപ്പബ്ലിക്കി​ന്റെ ദിനങ്ങൾ ഇനി എന്തായിരിക്കുമെന്നതി​ന്റെ അടയാളപ്പെടുത്തൽ കൂടിയാകും ജനുവരി 22. രാജ്യം ഏത്​ തൂണുകളിലാണോ കെട്ടിപ്പൊക്കിയത്​ അതൊന്നൊന്നായി ബോധപൂർവം തകർത്തിട്ടു കഴിഞ്ഞു. അവശേഷിക്കുന്നത്​ ഉടനെ നിലംപൊത്തും. അതാണ്​ കുറഞ്ഞപക്ഷം നമ്മെ ആകുലപ്പെടുത്തുകയെങ്കിലും ചെയ്യേണ്ടത്​.

ജനുവരി 22 തുടക്കമോ ഒടുക്കമോ അല്ല. അത്​ നീണ്ടകാല അനീതികളുടെ മധ്യത്തിലെ ഒരുദിനം മാ​ത്രമാണ്​. അയോധ്യയിലെ ബാബരി മസ്​ജിദ്​ തകർക്കപ്പെട്ടതിന്റെയും അത്​ പ്രതിനിധാനം ചെയ്​ത ജനവിഭാഗത്തിന്​ നീതി നിഷേധിക്കപ്പെട്ടതി​ന്റെയും നീണ്ട ചര​ിത്രം മറന്നുകൂടാ. എങ്ങനെയൊക്കെയാണ്​ മതേതരത്വവും ജനാധിപത്യവും വഞ്ചിക്കപ്പെട്ടത്​ എന്നതി​ന്റെ വലിയ ആഖ്യായികയാണിത്​. അതിലൂടെയാണ്​ ഹിന്ദുത്വ അധികാരത്തിലേക്ക്​ വന്നത്​. അധികാരം അനുദിനം ശക്തിപ്പെടുത്തിയത്​. അതിലൂടെ ഹിന്ദുത്വതന്നെ ഒരു ‘റിപ്പബ്ലിക്കായി’ മാറിക്കഴിഞ്ഞിരിക്കുന്നു.

ആഴ്​ചപ്പതിപ്പി​ന്റെ ഇൗ ലക്കം ബാബരി മസ്​ജിദ്​^റിപ്പബ്ലിക്​ ദിന ​പ്ര​േത്യക പതിപ്പാണ്​. അയോധ്യയിലെ ക്ഷേത്ര നിർമാണം ഉദ്​ഘാടനത്തി​ന്റെ പശ്ചാത്തലത്തിൽ ഹിന്ദുത്വവാദികൾ ആവർത്തിക്കുന്ന നുണകളെ പരിശോധിക്കലാണ്​ ഒരു വശത്ത്​ നമ്മൾ ചെയ്യുന്നത്​. മറുവശത്ത്​ എന്താണ്​ റിപ്പബ്ലിക്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്​ എന്ന്​ അന്വേഷിക്കുന്നു. അതിനേക്കാൾ, ഇനി എങ്ങോട്ടാണ്​ രാജ്യം സഞ്ചരിക്കുക എന്ന്​ വിശകലനം ചെയ്യുന്നു. രാജ്യത്തെ മർദിതർ എല്ലാം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണി​െതന്ന്​ ഇൗ ലക്കത്തിലെ അഭിമുഖങ്ങളും ലേഖനങ്ങളും ഒാർമപ്പെടുത്തുന്നു.

അനീതിക്കുമേൽ കെട്ടിപ്പടുക്കുന്ന ഒന്നും ശാശ്വതമല്ല. അനീതിയും അത്​ നടത്തിയവരും ചോദ്യംചെയ്യപ്പെടും. ചിലപ്പോൾ അതിന്​ കുറച്ച്​ സമയം എടുത്തേക്കും. പക്ഷേ, ജനം ആത്യന്തികമായി വിജയിക്കും. അതാണ്​ ചരിത്രപാഠം.

Show More expand_more
News Summary - weekly thudakkam