Begin typing your search above and press return to search.
proflie-avatar
Login

ബി​ൽ​ക്കീ​സ് ബാ​നു​

ബി​ൽ​ക്കീ​സ് ബാ​നു​
cancel

ആര്​ അംഗീകരിച്ചാലുമില്ലെങ്കിലും ബി​ൽ​ക്കീ​സ് ബാ​നു​ രാജ്യത്ത്​ ഒരു ​െഎക്കണായി മാറിയിട്ടുണ്ട്​. ജീവിതസമരത്തിലൂടെ അവർ സ്ത്രീ​ശ​ക്തി​യുടെയും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ​യും ആത്മാഭിമാന പോരാട്ടത്തി​ന്റെയും തിളങ്ങുന്ന മാതൃകയായി ഉയർന്നിരിക്കുന്നു. ഫാഷിസവും പുരുഷാധിപത്യവും അരങ്ങുവാ​ഴു​ന്ന കാ​ല​ത്ത് ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശത്തിനായി അവർ നടത്തിയ സന്ധിയില്ലാ കലഹം സമാനതകളില്ലാത്ത പുതിയ ചരിത്രമാണ്​. ഭയരഹിതയായിരുന്നു ഇൗ ഭീതിദമായ കാലത്തും അവർ.

2002 ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യി​ൽ പി​ഞ്ചു​കു​ഞ്ഞ​ട​ക്കം കു​ടും​ബ​ത്തി​ലെ 14 പേ​രെ കൂ​ട്ട​ക്കൊല ചെയ്യുകയും ഗ​ർ​ഭി​ണിയ​ട​ക്കം മൂ​ന്നു​പേ​രെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്ത ‘ബി​ൽ​ക്കീ​സ് ബാ​നു’ കേ​സി​ലെ 11 കു​റ്റ​വാ​ളി​ക​ളെ വീ​ണ്ടും ജ​യി​ലി​ല​ട​ക്കാ​ൻ ബിൽക്കീസ്​ ബാനു സു​പ്രീം​കോ​ട​തിയിൽനിന്ന്​ ​ ജനുവരി 8ന്​ വിധി നേടിയെടുത്തു. 2022ലെ ​സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​വേ​ള​യി​ൽ 11 കു​റ്റ​വാ​ളി​ക​ളെ മോ​ചി​പ്പി​ച്ച​തി​നെ​തി​രെയാണ്​ ബി​ൽ​ക്കീസ് ബാ​നു​ നിയമയുദ്ധം നടത്തിയത്​.

ഇ​ല്ലാ​ത്ത അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് ശി​ക്ഷാ കാ​ലാ​വ​ധി തീ​രും​മു​മ്പ് പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ ഗു​ജ​റാ​ത്തി​ലെ ബി.​ജെ.​പി സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ജ​സ്റ്റി​സ് ബി.​വി. നാ​ഗ​ര​ത്ന അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ച്​ വിധിച്ചു. പ്ര​തി​ക​ളു​മാ​യി ഒ​ത്തു​ക​ളി​ച്ച് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ത്തി​ലൂ​ടെ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ നി​യ​മ​വാ​ഴ്ച​യെ അ​ട്ടി​മ​റി​ച്ചെ​ന്നും പ്ര​തി​ക​ളി​ലൊ​രാ​ൾ അ​നു​കൂ​ല ഉ​ത്ത​ര​വി​നാ​യി സു​പ്രീം​കോ​ട​തി​യെ ക​ബ​ളി​പ്പി​ച്ചെ​ന്നും ജ​സ്റ്റി​സ് നാ​ഗ​ര​ത്ന എ​ഴു​തി​യ വി​ധി​പ്ര​സ്താ​വം വ്യക്തമാക്കുന്നു.

വം​ശ​ഹ​ത്യ നാ​ളു​ക​ളി​ൽ 21 വ​യ​സ്സു​ മാ​ത്രമുള്ള, അ​ഞ്ചുമാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന ബി​ൽ​ക്കീ​സ് ബാ​നു​വി​ന്റെ ക​ണ്മു​ന്നി​ൽ വെ​ച്ചാ​ണ് വ​ർ​ഗീ​യവാദികൾ മൂ​ന്നുവ​യ​സ്സാ​യ മ​ക​ളെ ത​ല ക​ല്ലി​ലി​ട്ട​ടി​ച്ച് അ​റു​കൊ​ല ചെ​യ്ത​ത്. കു​ടും​ബാം​ഗ​ങ്ങ​ളാ​യ ഏ​ഴുപേ​രു​ം അന്ന്​ കൊല്ലപ്പെട്ടു. രണ്ടുനാൾ കഴിഞ്ഞു ബോധം വീണ്ടെടുത്ത ബിൽക്കീസ്​ ഒരുവിധം ഇഴഞ്ഞു നീങ്ങി അടുത്തുള്ള ആദിവാസി ഗ്രാമത്തി​ലെത്തി. അവിടെനിന്നാണ്​ ബിൽക്കീസ്​ ബാനുവി​ന്റെ പോരാട്ടം തുടങ്ങുന്നത്​.

2002 മാ​​​ർ​​​ച്ച്​ 4ന്​ ബി​​​ൽ​​​ക്കീ​​​സ്​ ബാ​​​നു ലിം​​​ഖേ​​​ദ പൊ​​​ലീ​​​സ്​ സ്​​​​റ്റേ​​​ഷ​​​നി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി. കു​​​റ്റ​​​വാ​​​ളി​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ൾ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, എ​​​ഫ്.​​ഐ.​​​ആ​​​റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല. 2003 ഏ​​​പ്രി​​​ലിൽ ബി​​​ൽ​​​ക്കീ​​​സ്​ ദേ​​​ശീ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മീ​​​ഷ​​​നെ സ​​​മീ​​​പി​​​ച്ചു. ക​​​മീ​​​ഷ​​​ൻ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ഹ​​​രീ​​​ഷ്​ സാ​​​ൽ​​​വെ​​​യോ​​​ട്​ സു​​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ബി​​​ൽ​​​ക്കീ​​​സ്​ ബാ​​​നു​​​വി​​​നു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​കാ​​​ൻ ആ​​​വ​​​ശ്യ​​പ്പെ​​​ട്ടു. ഡി​​​സം​​​ബ​​​ർ 18ന്​ അ​​​ന്വേ​​​ഷ​​​ണം സു​​​പ്രീം​​​കോ​​​ട​​​തി സി.​​​ബി.​​ഐ​​​ക്ക്​ വി​​​ട്ടു. ഇ​ര​ക​ളു​ടെ അ​പേ​ക്ഷ മാ​നി​ച്ച് സം​ഭ​വം ന​ട​ന്ന ഗു​ജ​റാ​ത്തി​ലെ കോ​ട​തി​യി​ൽ​നി​ന്ന് കേ​സ് മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കു മാ​റ്റി. 2008 ജ​​​നു​​​വ​​​രി 1ന്​ 12 പ്ര​​​തി​​​ക​​​ൾ കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്ന്​​ കോ​​​ട​​​തി വിധിച്ചു. ജീ​​​വ​​​പ​​​ര്യ​​​ന്തം വ​​​രെ ശി​​​ക്ഷ. 2019 ഏ​​പ്രി​​ൽ 23ന്​ ബി​​ൽ​​ക്കീ​​സ്​ ബാ​​നു​​വി​​ന്​ ന​​ഷ്​​​ട​​പ​​രി​​ഹാ​​ര​​മാ​​യി 50 ല​​ക്ഷം രൂ​​പ​​യും താ​​മ​​സ​​ത്തി​​ന്​ വീ​​ടും സ​​ർ​​ക്കാ​​ർ ജോ​​ലി​​യും ന​​ൽ​​ക​​ണ​​മെ​​ന്നും സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു.

ശിക്ഷ തീരുംമുമ്പ്​ കൊടും കുറ്റവാളികളെ മോചിപ്പിക്കാൻ ബി.ജെ.പി സർക്കാർ ശ്രമിച്ചതുതന്നെ ഒരു സൂചനയായിരുന്നു. മോചിപ്പിക്കപ്പെട്ടവർക്ക്​ ഹിന്ദുത്വവാദികൾ നൽകിയ സ്വീകരണവും മറ്റൊരു അപായ സൂചനയായിരുന്നു. അത്​ തിരിച്ചറിഞ്ഞാണ്​ ബിൽക്കീസ്​ ബാനു വീണ്ടും കോടതിയിൽ എത്തിയത്​. സി.​പി.​എം നേതാവ് സു​ഭാ​ഷി​ണി അ​ലി, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക രേ​വ​തി ലോ​ൾ, പ്ര​ഫ. രൂ​പ് രേ​ഖ വ​ർ​മ എ​ന്നി​വ​ർ പൊ​തു​ താ​ൽ​പ​ര്യ ഹ​ര​ജി​​യുമായി ഒപ്പം നിന്നു. ഭർത്താവ്​ യാ​ക്കൂബ് റ​സൂ​ൽ ഖാ​നും ഇൗ പോരാട്ടത്തിൽ ബിൽക്കീസ്​ ബാനുവിനൊപ്പം ഉറച്ച തുണയായി.

സു​പ്രീം​കോ​ട​തി​യു​ടെ വിധി ഇ​ത്തി​രിവെ​ട്ടമാണ്​. അത്​ ഇരുട്ടിലും ചില പ്രതീക്ഷകൾ നൽകുന്നു. ആ വെട്ടത്തേക്കാൾ നൂറുമടങ്ങ്​ തിളക്കമുണ്ട്​്​ ബിൽക്കീസ്​ ബാനുവി​ന്റെ നിശ്ചയദാർഢ്യത്തിനും നീതിക്കായുള്ള പോരാട്ടത്തിനും. ബിൽക്കീസ്​ ബാനുവി​ന്റെ ​െഎതിഹാസികമായ ചെറുത്തുനിൽപിൽനിന്ന്​ രാജ്യം ചില പാഠങ്ങൾ പഠിക്കണം –വർഗീയതയുടെയും പുരുഷവെറിയുടെയും കരങ്ങൾ സ്​ത്രീകൾക്കു നേരെ ഇനിയും ഉയരാതിരിക്കാനെങ്കിലും.


Show More expand_more
News Summary - weekly thudakkam