Begin typing your search above and press return to search.
proflie-avatar
Login

മത്സ്യത്തൊഴിലാളികളുടെ മരണം

മത്സ്യത്തൊഴിലാളികളുടെ   മരണം
cancel

കേരളത്തിന്റെ തീരപ്രദേശം കാലങ്ങളായി അസന്തുഷ്ടിയിലും അസ്വസ്ഥതയിലുമാണ്. വിഴിഞ്ഞത്ത് അടക്കം നടത്തിയ അശാസ്ത്രീയ നിർമാണങ്ങൾ കടലിന്റെ സ്വഭാവത്തെ മാറ്റിമറിച്ചിട്ടുണ്ട്. ഇത് കടലിൽ പോകുന്നവർക്ക് അപായം തീർക്കുന്നതിന്റെ വാർത്തകൾ നിത്യേന എന്നവണ്ണം വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, മരണങ്ങൾ പെരുകുമ്പോഴും കാര്യമായ ഇടപെടൽ സർക്കാർ തലങ്ങളിൽനിന്ന് ഉണ്ടാകുന്നില്ലെന്നതാണ് ഖേദകരം. സർക്കാർ കടമ നഷ്ടപരിഹാരത്തുക നൽകുന്നതിൽ ഒതുങ്ങുന്നു എന്ന ആക്ഷേപം ശക്തമാണ്.

ആഗസ്റ്റ് 7ന് സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം പത്തു വർഷത്തിനിടെ മരിച്ചത് 469 മത്സ്യത്തൊഴിലാളികളാണ്. കടലിൽ കാണാതായത് 160 മത്സ്യത്തൊഴിലാളികളെയുമാണ്. കടലിൽനിന്ന് 47,773 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 2017-18 വർഷത്തിൽ മാത്രം 79 മരണം നടന്നു. 29 പേരെ കാണാതായി. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ 85 മത്സ്യത്തൊഴിലാളികളാണ് മുതലപ്പൊഴി എന്ന മരണപ്പൊഴിയിൽ മാത്രം അപകടത്തിൽ മരിച്ചത് എന്നും ഓർക്കണം.

10 വർഷത്തിനിടെ നടത്തിയത് 5072 കടൽ രക്ഷാപ്രവർത്തനങ്ങളും 23,000 പട്രോളിങ്ങുകളുമാണ് എന്ന് സർക്കാർ അവകാശപ്പെടുന്നു. സർക്കാർ കണക്കുപ്രകാരം ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളെ (6556 പേർ) രക്ഷപ്പെടുത്തിയത് 2025-26 വർഷത്തിലാണ്. 2020-21ലാണ് ഏറ്റവും കുറവ് –1998 പേർ. 2017-18 വർഷത്തിലാണ് ഏറ്റവും ഉയർന്ന മരണസംഖ്യ–79. വർഷത്തിൽ ശരാശരി 300 മുതൽ 600 വരെയുള്ള സീ റെസ്ക്യൂ ഓപറേഷനുകൾ നടക്കുന്നതായും ഫിഷറീസ് വകുപ്പ് അറിയിച്ചു.

തിരുവനന്തപുരത്തും കൊല്ലത്തും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ല എന്ന ആക്ഷേപം ഉയർന്നതിനിടെയാണ് സർക്കാർ കണക്കുകൾ നിരത്തിയുള്ള വിശദീകരണവുമായി എത്തിയത്. മുതലപ്പൊഴി, വിഴിഞ്ഞം, നീണ്ടകര മേഖലകളിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായി സംസ്ഥാന മത്സ്യവകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, ജില്ല ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ തീവ്രമായ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ തുടരുന്നുണ്ട് എന്ന് സർക്കാർ പറഞ്ഞു. തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ അടക്കം ഉപരോധിച്ചു. കുടുംബങ്ങളും പ്രതിപക്ഷവും വലിയരീതിയിൽ പ്രതിഷേധിച്ചതിന് പിന്നാലെയാണ് സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ഫിഷറീസ് വകുപ്പ് വാർത്താക്കുറിപ്പ് ഇറക്കിയത്.

മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാവുന്നുവെന്നും അത് തുടർന്നുകൊണ്ടിരിക്കുന്ന ഒന്നാണെന്നും സർക്കാർ കണക്കുകൾതന്നെ വ്യക്തമാക്കുന്നു. ഇനി വേണ്ടത് അതിന് പ്രതിവിധിയാണ്. എന്താണ് കടലിൽ സംഭവിച്ചിട്ടുള്ളത്, എന്താണ് പതിവായുള്ള അപകടത്തിന് കാരണം എന്ന് അന്വേഷിക്കണം. എന്താണ് പരിഹാര മാർഗം എന്നത് ക​െണ്ടത്തണം, നടപ്പാക്കണം.

മത്സ്യത്തൊഴിലാളികൾക്ക് അപകടത്തെപ്പറ്റി മുന്നറിയിപ്പ് നൽകുക, രക്ഷാപ്രവർത്തനത്തിന് കാര്യക്ഷമമായ സംവിധാനങ്ങൾ ഏർപ്പെടുത്തുക, സാ​ങ്കേതികവിദ്യയെ എല്ലാതലങ്ങളിലും കൂട്ടിയോജിപ്പിക്കുക, കാര്യക്ഷമമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുക എന്നിങ്ങനെ ശാസ്ത്രീയമായ ഇടപെടലാണ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. മത്സ്യത്തൊ ഴിലാളികളുടെ മരണവും കാണാതാകലും സാധാരണ സംഭവമായി ലഘൂകരിക്കരുത്. ഒരു മത്സ്യത്തൊഴിലാളിയുടെ ജീവൻ നഷ്ടമാവരുത് എന്ന ഉറച്ച ​തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് ആവശ്യം.

Show More expand_more
News Summary - Unscientific Construction Makes Kerala Coast Dangerous For Fishermen