ഗ്രീൻലാൻഡ്

ക്രീമെല്ലാം അങ്കിൾ സാമിന് എന്നത് ഒരു ചൊല്ലാണ്. യാങ്കികളുെട യുദ്ധക്കൊതിയെയും മൂന്നാംലോക രാജ്യങ്ങളെ കൊള്ളയടിക്കാനും ചൂഷണംചെയ്യാനുമുള്ള അമിത ത്വരയെ സൂചിപ്പിക്കുന്ന ഒന്ന്. അടുത്തിടെ, എല്ലാ അന്തർദേശീയ നിയമങ്ങളും ലംഘിച്ച് വെനിസ്വേലയിൽ കടന്നുകയറിയതും ആ രീതിയുടെ തുടർച്ചതന്നെ. വെനിസ്വേല പ്രസിഡന്റ് മദൂറോയെ തടവുകാരനാക്കി കടത്തിക്കൊണ്ടുപോയി ആ രാജ്യത്തിന്റെ ഭരണം തത്ത്വത്തിൽ കൈക്കലാക്കിയിരിക്കുകയാണ് അമേരിക്ക. ലക്ഷ്യം എണ്ണ തന്നെ.
അമേരിക്കയുടെയും പ്രസിഡന്റ് ട്രംപിന്റെയും കണ്ണ് ഇപ്പോൾ ഗ്രീൻലാൻഡിലാണ്. ആർട്ടിക് ധ്രുവത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ്. വിലകൊടുത്ത് ആ ദ്വീപ് വാങ്ങുമെന്നായിരുന്നു ട്രംപിന്റെ ആദ്യ വാദം. പിന്നെ എങ്ങനെയും ഗ്രീൻലാൻഡിനെ അമേരിക്കയുടെ കീഴിൽ കൊണ്ടുവരുമെന്നായി അടുത്ത പ്രഖ്യാപനം. കഴിഞ്ഞ ഊഴത്തിൽ ഗ്രീൻലാൻഡ് വാങ്ങുമെന്നും ട്രംപ് പറഞ്ഞിരുന്നു. സൈനികശക്തി ഉപയോഗിച്ചും ഗ്രീൻലാൻഡിനെ സ്വന്തമാക്കാം എന്ന് ട്രംപ് പരസ്യമായി ആഗ്രഹിക്കുന്നു.
ഡെന്മാർക്കാണ് ഗ്രീൻലാൻഡിന്റെ ഉടമ. 60,000ത്തിൽ താഴെ മാത്രം ജനസംഖ്യ. ഗ്രീൻലാൻഡ് വിൽപനക്കു വെച്ചിട്ടില്ല എന്ന് ഡെൻമാർക്ക് പലതവണ മറുപടി പറഞ്ഞു കഴിഞ്ഞു. ഐസ് നിറഞ്ഞ ഗ്രീൻലാൻഡ് ധാതു സമ്പുഷ്ടമാണ്. ഇലക്ട്രോണിക് ഉൽപന്നങ്ങളിൽ സർവവ്യാപിയായ സെമികണ്ടക്ടേഴ്സ് നിർമാണത്തിൽ അത്യാവശ്യമായ അപൂർവ ലോഹങ്ങൾ ഗ്രീൻലാൻഡിലുണ്ട്. അതിനുപുറമെ ആണവോർജവും ആണവായുധങ്ങളും നിർമിക്കാൻ ആവശ്യമായ യൂറേനിയവും ഇഷ്ടംപോലെ. ഗ്രീൻലാൻഡിന്റെ ഭൂമിശാസ്ത്രവും സുപ്രധാനമാണ്. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ വർഷത്തിൽ കൂടുതൽ കാലം നാവികയോഗ്യമായി വരുകയാണെങ്കിൽ അമേരിക്കയിൽനിന്ന് ഏഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള ജലഗതാഗതം കൂടുതൽ എളുപ്പമാവും.
നാറ്റോ അംഗരാജ്യങ്ങളെന്ന നിലയിൽ ഡെന്മാർക്കും അമേരിക്കയും പരസ്പരം സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. ഒരു അംഗരാജ്യത്തിന്റെ മേലുള്ള ആക്രമണം മുഴുവൻ നാറ്റോയുടെ നേരെയുള്ള ആക്രമണമായി കണക്കാക്കും. അമേരിക്കക്ക് നാറ്റോ ഒന്നും വിഷയമല്ല എന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. സൈനികമായി ആക്രമിച്ചാൽ ഡെൻമാർക്കിന് അതിജീവിക്കാൻ കഴിയില്ല. ഡെന്മാർക്കിന്റെ ജനസംഖ്യ അഞ്ചര ദശലക്ഷമാണെങ്കിൽ അമേരിക്കയുടെ ജനസംഖ്യ 330 മില്യനാണ്.
അതേസമയം, റിപ്പബ്ലിക്കൻ-ഡെമോക്രാറ്റ് പാർട്ടികളുടെ സംയുക്ത മുൻകൈയിൽ അമേരിക്കൻ സെനറ്റിൽ അവതരിപ്പിച്ച നാറ്റോ ഐക്യസംരക്ഷണ ബിൽ ഗ്രീൻലാൻഡിന് അനുകൂലമാണ്. ഗ്രീൻലാൻഡ് ഉൾപ്പെട്ട നാറ്റോ ഭൂപ്രദേശം പിടിച്ചടക്കുന്നതിൽനിന്ന് യു.എസ് പ്രസിഡന്റിനെ തടയുന്നതാണ് ബിൽ. പ്രതിരോധ വകുപ്പും സ്റ്റേറ്റ് ഡിപ്പാർട്മെന്റും ഏതെങ്കിലും നാറ്റോ അംഗരാജ്യത്തിന്റെ ഭൂഭാഗത്ത് നിയന്ത്രണം പിടിച്ചടക്കാനോ ഉപരോധമേർപ്പെടുത്താനോ സ്റ്റേറ്റ് ഫണ്ട് വിനിയോഗിച്ചു കൂടാ. ബിൽ വിജയിച്ചാലും യുദ്ധക്കൊതിയനും വലതുപക്ഷ ഭീകരനുമായ ട്രംപ് എന്തുചെയ്യുമെന്ന് വ്യക്തമല്ല. ട്രംപിനെ അമേരിക്കൻ ജനത നിലക്കുനിർത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ ട്രംപ് അമേരിക്കക്കും ലോകത്തിനും വരുത്താൻ പോകുന്ന നാശം ചില്ലറയായിരിക്കില്ല.
