ഇൻഡ്യ മുന്നണി നിലനിൽക്കണം

പശ്ചിമ ബംഗാൾകൂടി കൈപ്പിടിയിലായതോടെ രാജ്യത്തിന്റെ തെക്കേ അറ്റത്തും അല്ലറ ചില്ലറ സ്ഥലങ്ങളിലുമൊഴികെ രാജ്യത്താകെ കാവി പടർന്നുകഴിഞ്ഞു. ഹിന്ദുത്വ മുന്നണികൾ തികഞ്ഞ അധികാര അഹന്തയോടെ രാജ്യത്തെ നിയമങ്ങൾ അടക്കം ഒന്നൊന്നായി മാറ്റി അവരുടെ സങ്കൽപ ദേശീയതയിലേക്കുള്ള പ്രയാണം വേഗേമറ്റിയിട്ടുണ്ട്. വരും ദിനങ്ങളിൽ അത് കൂടുതൽ കരുത്താർജിക്കുകയും എല്ലാ ബഹുസ്വരതകളെയും ഇല്ലാതാക്കി സമ്പൂർണ വിജയം നേടുകയും ചെയ്യും.
രാജ്യമാകെ ബി.ജെ.പിക്ക് ബദലായി ഒരു ശക്തി ഇന്ന് യഥാർഥത്തിൽ ഇല്ല. കോൺഗ്രസാണ് പ്രതിപക്ഷെത്ത ഏറ്റവും പ്രബലകക്ഷി. അവരുടെ േനതൃത്വത്തിൽ ഒരു ബദൽ മുന്നണിയാണ് ഏക പ്രതീക്ഷ. അതായിരുന്നു കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുവേളയിലെങ്കിലും ഇൻഡ്യ മുന്നണി. ആ മുന്നണിയുടെ ഐക്യത്തിലാണ് പാർലമെന്റിൽ പറയാനൊരു പ്രതിപക്ഷംപോലും സാധ്യമായത്. അടുത്തിടെ നടന്ന ബംഗാൾ, തമിഴ്നാട് തെരഞ്ഞെടുപ്പിന് ശേഷം ഇൻഡ്യ മുന്നണിയും വലിയ പ്രതിസന്ധി നേരിടുകയാണ്.
രാജ്യം ഫാഷിസത്തിലേക്ക് പോകുന്നുവെന്ന് തിരിച്ചറിഞ്ഞ് 2023 ജൂലൈ 23ന് ബംഗളൂരുവിൽ സമ്മേളിച്ച 28 പ്രതിപക്ഷ പാർട്ടികൾ ചേർന്നാണ് ഇൻഡ്യ മുന്നണി രൂപവത്കരിച്ചത്. തുടക്കം മുതലേ ദുർബലമായിരുന്നു മുന്നണി. മുന്നണി രൂപവത്കരിക്കാൻ മുന്നിൽ നിന്ന് ബിഹാറിലെ ജെ.ഡി.യു നേതാവ് നിതീഷ്‍കുമാറിനെപ്പോലുള്ളവർ ബി.ജെ.പിക്കൊപ്പം അധികാരം പങ്കിട്ടു. ബിഹാറിലെ ആർ.ജെ.ഡിയും യു.പിയിലെ സമാജ്‍വാദി പാർട്ടിയും ബംഗാളിലെ തൃണമൂൽ കോൺഗ്രസും തമിഴ്നാട്ടിലെ ഡി.എം.കെയും ദേശീയ പാർട്ടികളായ എൻ.സി.പിയും ഇടതുപാർട്ടികളുമടക്കം കോൺഗ്രസിനോടൊപ്പം ഇൻഡ്യ മുന്നണിയിൽ ഉറച്ചുനിന്നു.
ഇപ്പോൾ തമിഴ്നാട്ടിൽ ഡി.എം.കെയെ തറപറ്റിച്ച് ഭരണം പിടിച്ചുപറ്റിയ ടി.വി.കെയോടൊപ്പം ചേരാനാണ് ഡി.എം.കെ മുന്നണിയുടെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിന്റെ തീരുമാനം. ഇങ്ങനെ സംഭവിച്ചാൽ തങ്ങൾ ഇൻഡ്യ മുന്നണി വിടുമെന്ന് ഡി.എം.കെ പ്രഖ്യാപിച്ചു. ഫലത്തിൽ ഇൻഡ്യ മുന്നണി ആടിയുലഞ്ഞ അവസ്ഥയിലാണ്. സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് തുടങ്ങി ചുരുക്കം പേർ മാത്രമേ ഇൻഡ്യയോട് ഉറച്ച പ്രതിബദ്ധത പ്രകടിപ്പിക്കുന്നുള്ളൂ. നേരത്തേ തന്നെ ഇൻഡ്യ മുന്നണിയോട് കൂറുകാട്ടാത്ത മമത ബാനർജി ഇപ്പോൾ ചിലപ്പോൾ മുന്നണിയിലേക്ക് കരുത്തോടെ വന്നേക്കുമെന്ന് കരുതുന്നു. ഇൻഡ്യ മുന്നണിയെ പുറത്തുനിന്ന് എങ്കിലും പിൻതാങ്ങിയ സി.പി.എം ഉൾെപ്പടെയുള്ള ഇടതുകക്ഷികൾക്ക് കേരളത്തിൽ അധികാരം നഷ്ടമായതോടെ ശബ്ദം ദുർബലമായിട്ടുണ്ട്. ആദ്യം മുതലേ കേരളത്തിന് പുറത്ത് ഐക്യം മതിയെന്നായിരുന്നു സി.പി.എം നിലപാട്. കെജ്രിവാളും അദ്ദേഹത്തിന്റെ പാർട്ടിയും വലിയ തിരിച്ചടി നേരിട്ടിട്ടുണ്ട്. അതായത്, ജനങ്ങൾക്ക് പ്രതീക്ഷ നൽകാൻ ഒരു മുന്നണിയില്ലാതായിരിക്കുന്നുവെന്ന് ചുരുക്കം.
അധികാരത്തോടുള്ള തികഞ്ഞ ആഗ്രഹം, മതനിരപേക്ഷതയോട് പ്രതിബദ്ധതയില്ലായ്മ, സ്വന്തം സംസ്ഥാനത്തിൽ തങ്ങൾ മാത്രം എന്ന ചിന്ത എന്നിങ്ങനെ പല ഘടകങ്ങളാണ് ഒരു ഐക്യമുന്നണിക്ക് തടസ്സമായി നിലനിൽക്കുന്നത്. ഫാഷിസ്റ്റ് ശക്തികളുടെ നീക്കങ്ങളെ മുൻകൂട്ടി അറിഞ്ഞ് തടയിടുന്നതിൽ മുന്നണിയെന്ന നിലയിലും കൂട്ടായ്മ പിന്നിലാണ്. ഹിന്ദുത്വരോട് പലതുകൊണ്ടും സന്ധിചെയ്യാനാണ് പല കക്ഷികൾക്കും താൽപര്യം.
ഫെഡറലിസം അപകടം നേരിടുന്ന ഈ ഘട്ടത്തിൽ, ബഹുസ്വരതകൾ മുഴുവൻ ഇല്ലാതാക്കാൻ പോകുന്ന ഇൗ വേളയിൽ കൃത്യമായി അപകടം തിരിച്ചറിഞ്ഞ്, കപ്പൽ മുങ്ങിയാൽ എല്ലാവരും ഒരുമിച്ച് മുങ്ങിത്താഴുമെന്ന ബോധ്യത്തോടെ വീണ്ടും പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കുകയാണ് വേണ്ടത്. സ്വാർഥ ചിന്തകൾക്ക് പകരം വിശാലമായ ഐക്യവും രാഷ്ട്രീയബോധ്യവും വിവിധ പ്രതിപക്ഷ കക്ഷികളെ നയിക്കട്ടെ, അവർ ഒന്നിക്കട്ടെ. ഇൻഡ്യ മുന്നണി നിലനിന്നേ മതിയാകൂ. അല്ലെങ്കിൽ രാജ്യത്തിന്റെ ഭാവി ഇരുട്ടിൽതന്നെ തുടരും.
