പൗരത്വത്തെക്കുറിച്ച് തന്നെ

മോദിയും ഹിന്ദുത്വയും ഭരിക്കുന്ന രാജ്യത്തിൽ പൗരത്വംതന്നെയാകും ഏറ്റവും വലിയ പ്രശ്നം എന്ന് വളരെ മുന്നേ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു. ആരാണ് ഈ രാജ്യത്തെ പൗരർ എന്ന് ഹിന്ദുത്വതന്നെ നിശ്ചയിക്കുന്ന കാലമാണ് വന്നുകൊണ്ടിരിക്കുന്നത്. അവരെ എതിർക്കുന്നവരെല്ലാം രാജ്യവിരുദ്ധർ, ‘വിദേശ’പൗരർ. അവരീ രാജ്യത്ത് ജീവിക്കാൻപോലും അർഹരല്ലത്രേ! അനുദിനം അപായ സൂചന കൂടുതൽ വെളിവായിക്കൊണ്ടിരിക്കുകയാണ്.
‘ദ ടെലിഗ്രാഫ്’ മുൻ പത്രാധിപർ ആർ. രാജഗോപാൽ എന്നും മോദിസംഘത്തിന്റെ ശത്രുപട്ടികയിലുള്ളയാളാണ്. അതിനാൽതന്നെ അദ്ദേഹത്തിന്റെ പേര് വോട്ടർപട്ടികയിൽനിന്നു വെട്ടിയിരിക്കുന്നു. പോരാഞ്ഞിട്ട് കുപ്രസിദ്ധമായ പ്രത്യേക തീവ്രപരിശോധനക്കു ശേഷമുള്ള പട്ടികയിൽ പേരില്ലാത്ത കാരണം പറഞ്ഞ് അദ്ദേഹത്തിന്റെ പാസ്പോർട്ട് പുതുക്കാനും അധികൃതർ തടസ്സവാദമുന്നയിച്ചിരിക്കുന്നു.കൊൽക്കത്തയിലെ ബാളിഗഞ്ച് നിയമസഭ മണ്ഡലത്തിൽ പതിവായി വോട്ടുരേഖപ്പെടുത്തിവന്ന വ്യക്തിയാണ് മലയാളികൂടിയായ രാജഗോപാൽ.
പാസ്പോർട്ട് പൗരത്വത്തിനുള്ള രേഖയല്ല എന്നു സുപ്രീംകോടതിയിൽ കേന്ദ്രം വ്യക്തമാക്കിയിരിക്കെയാണ് എസ്.ഐ.ആറിന്റെ മറവിൽ രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കാതെ പിടിച്ചുവെച്ചിരിക്കുന്നത്. പാസ്പോർട്ട് പുതുക്കാൻ എസ്.ഐ.ആറിൽ പേര് വെട്ടിയതിനാൽ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, പിതാവിന്റെ മരണ സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ആധാർ കാർഡ്, താമസിക്കുന്ന വീട്ടിലെ ഗ്യാസ് ബിൽ തുടങ്ങിയ രേഖകൾ ആവശ്യപ്പെട്ടു. നടപടിക്രമത്തിന്റെ ഭാഗമായി ബയോമെട്രിക്സുമെടുത്തു. എല്ലാം കഴിഞ്ഞപ്പോൾ കൊൽക്കത്ത പൊലീസ് സ്പെഷൽ ബ്രാഞ്ച് ഓഫിസിലെത്താനായി നിർദേശം. അവിടെയെത്തിയപ്പോൾ എസ്.ഐ.ആറിൽ പേരില്ലാത്തതിനാൽ വോട്ടർപട്ടികയിൽ പേര് വന്നാലല്ലാതെ പാസ്പോർട്ട് നൽകാനാവില്ലെന്ന് അറിയിച്ചു. അമേരിക്കയിലെ മക്കളെ കാണാനുള്ള യാത്രാരേഖ ഒപ്പിക്കാൻ പൊലീസ് സ്റ്റേഷനിൽ ചെല്ലുന്ന രാജഗോപാലിനെ സെക്യൂരിറ്റി കൺട്രോൾ ഓർഗനൈസേഷനിലേക്കു പറഞ്ഞുവിട്ടു. അവിടെനിന്ന് സ്പെഷൽ ബ്രാഞ്ച് ഓഫിസിലേക്ക്. സംഭവം രാജ്യാന്തരതലത്തിൽ വിവാദമായതോടെ, ആർ. രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കി നൽകാൻ തീരുമാനമായിട്ടുണ്ട്. കൊൽക്കത്ത പൊലീസ് ‘റീ വെരിഫിക്കേഷൻ’ നടപടി തുടങ്ങിയതായും അറിയിച്ചിട്ടുണ്ട്.
ഇത് ലളിതമായ വിഷയമല്ല, കേവലം രാജഗോപാലിന്റെ പ്രശ്നവുമല്ല. രാജ്യത്തെമ്പാടും നിരവധി സാധാരണക്കാരായ രാജഗോപാലൻമാർ നേരിടാൻ പോകുന്ന പ്രശ്നത്തിൽ ഒന്നുമാത്രമാണിത്. രാജഗോപാലിന് നഷ്ടമായത് മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുള്ള അവകാശമാണ്. എന്നാൽ, എസ്.ഐ.ആറിൽ പേരില്ലാത്തതിനാൽ കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റ് ലഭിക്കാത്തവരുണ്ട്. റേഷൻ റദ്ദാക്കപ്പെടുമെന്ന ഭീഷണിയിൽ കഴിയുന്നവരുണ്ട്, തങ്ങളെ ഏത് സമയവും പൊലീസ് പിടിച്ചുകൊണ്ടുപോകുമെന്ന ഭയക്കുന്നവരുണ്ട്. ചിലരാകട്ടെ, അപ്പീൽ സമർപ്പിച്ച് ട്രൈബ്യൂണലിന്റെ ദയക്കു കാത്തിരിക്കുന്നുണ്ട്. പശ്ചിമ ബംഗാളിൽ 27 ലക്ഷം ആളുകളുടെ പേരാണ് എസ്.ഐ.ആറിലൂടെ വെട്ടിമാറ്റിയത്.
എസ്.ഐ.ആർ വോട്ടർപട്ടിക ശുദ്ധീകരണത്തിനാണെന്നാണ് യൂനിയൻ സർക്കാർ വാദിച്ചത്. സുപ്രീംകോടതി അത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ, അതല്ല ലക്ഷ്യമെന്ന് സുവ്യക്തം. എന്താണ് പൗരത്വം തെളിയിക്കാനുള്ള ആധികാരിക രേഖ എന്നതിൽപോലും വ്യക്തതയില്ലാത്ത അവസ്ഥയാണ് രാജ്യത്ത്. ഫലത്തിൽ പൗരത്വം തന്നെ പ്രശ്നഭരിതമായിരിക്കുന്നു. ഇത് കേവലം ക്ലറിക്കൽ പിഴയായോ ചിലരുടെ വീഴ്ചയായോ അല്ല കാണേണ്ടത്. രാജ്യംതന്നെ പ്രശ്നത്തിനുള്ളിലാണ് എന്നതാണ് സത്യം. ഈ രാജ്യത്തെ പൗരർ ഒന്നിച്ച് പൗരത്വവിഷയത്തിൽ ശബ്ദമുയർേത്തണ്ട സമയം എന്നേ കഴിഞ്ഞിരിക്കുന്നു.
