Begin typing your search above and press return to search.
proflie-avatar
Login

എണ്ണക്കൊള്ളയും വിലക്കയറ്റവും തടയണം

എണ്ണക്കൊള്ളയും  വിലക്കയറ്റവും തടയണം
cancel

അതി ഗുരുതര സാമ്പത്തിക സാഹചര്യത്തിലൂടെയാണ് കേരളവും രാജ്യവും കടന്നുപോകുന്നത്. ഒരുവശത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. മറുവശത്ത് അതിന്റെ പേരിൽ വൻ വിലക്കയറ്റവും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പേരിലാണ് പാചകവാതകത്തിന്റെയും പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനനുസരിച്ച് സമസ്ത മേഖലയിലും വിലക്കയറ്റമുണ്ടായി. പ്രധാനമായും ഹോട്ടൽ ഭക്ഷണ വില കുത്തനെ ഉയർന്നു. സാധാരണ ഒരു ചായക്ക് 10-12 രൂപയായിരുന്നത് 15-20 രൂപയായി മിക്ക ഹോട്ടലുകാരും വർധിപ്പിച്ചിട്ടുണ്ട്. സമാനമായി എല്ലാ ഹോട്ടൽ ഭക്ഷണങ്ങളുടെയും വില കൂടി.

കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതോടെയാണ് ഇന്ധനവില വർധിപ്പിച്ചത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു ഘട്ടങ്ങളിലായി നാലര രൂപ വർധിപ്പിച്ചു, സി.എൻ.ജിക്കും ആദ്യഘട്ടത്തിൽ കിലോക്ക് രണ്ടുരൂപ കൂട്ടി. കേരളത്തിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 110.46 രൂപയും 99.34 രൂപയുമായി. നാലു വർഷത്തിനുശേഷമാണ് ഇത്രയും വലിയ വിലവർധന. അതിനും കുറച്ചുദിവസം മുമ്പ്, വാണിജ്യ സിലിണ്ടറിന്റെ വിലയും കുത്തനെ കൂട്ടിയിരുന്നു.

ജീവിതച്ചെലവ് കുറക്കാൻ ഇന്ധന ഉപഭോഗം കുറച്ചും യാത്ര ഒഴിവാക്കിയുമെല്ലാം ത്യാഗംചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നുവെന്നത് വേറെ കാര്യം. ആഗോളതലത്തിലുള്ള വിലവർധനയുടെ ആഘാതം ജനങ്ങളെ നേരിട്ട് ബാധിക്കാതിരിക്കാൻ എക്സൈസ് ഡ്യൂട്ടി കുറച്ചും മറ്റും പരമാവധി പിടിച്ചുനിന്നുവെന്നും ഗത്യന്തരമില്ലാതെയാണ് വർധനക്ക് നിർബന്ധിതമായതെന്നുമാണ് സർക്കാറിന്റെ ന്യായം.

ഫെബ്രുവരി 28ന് ‘ഓപറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ യു.എസും ഇസ്രായേലും ഇറാനിൽ വ്യോമാക്രമണം തുടങ്ങിയപ്പോൾ ലോകത്ത് എണ്ണ പ്രതിസന്ധി ഉടലെടുത്തിരുന്നു എന്നതിൽ തർക്കമില്ല. ഇറാൻ ഉയർത്തിയ മറുതന്ത്രം തങ്ങളുടെ നിയന്ത്രണത്തിലുള്ള ഹുർമുസ് കടലിടുക്ക് അടച്ചിടുക എന്നതായിരുന്നു. ആഗോള എണ്ണ കപ്പൽ ഗതാഗതത്തിന്റെ അഞ്ചിലൊന്നും ഹുർമുസ് വഴിയാണ്. ഇറാന്റെ പ്രത്യാക്രമണത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങൾ അവരുടെ എണ്ണയുൽപാദനം നിർത്തിവെക്കുകയും ചെയ്തതോടെ പ്രതിസന്ധിക്ക് ആക്കംകൂടി; ക്രൂഡ് ഓയിൽ വില ബാരലിന് 77 ഡോളറുണ്ടായിരുന്നത് 120 ഡോളർ വരെ എത്തി.

പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ ഏതാണ്ട് ശാന്തമായി തുടങ്ങിയിട്ടുണ്ട്. എണ്ണവില 105 ഡോളറിൽ താഴെയാണ്. മേഖലയിൽ ഇറാനും യു.എസും സമാധാന കരാറിലെത്തുന്നതോടെ എണ്ണവില പഴയ നിലയിലേക്കു എത്തും. ഇവിടെ സംഭവിച്ചത് എണ്ണക്കമ്പനികളുടെ താൽപര്യത്തിന് സമ്പൂർണമായി കേന്ദ്രം വഴങ്ങി എന്നതാണ്.

ഭരണകൂടത്തിന്റെ ഒത്താശയിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി രാജ്യത്തെ എണ്ണക്കമ്പനികൾ വലിയ കൊള്ളയാണ് നടത്തുന്നത്. 2011ൽ, രണ്ടാം യു.പി.എ സർക്കാർ ഇന്ധനവില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് തീറെഴുതി. ആഗോളവിപണിയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ വിലയിൽ പ്രതിഫലിക്കുമെന്നായിരുന്നു അന്ന് മൻ

മോഹൻ സർക്കാർ നൽകിയ വിശദീകരണം. ഇന്ധനത്തിന് എക്സൈസ് നികുതിയും മറ്റും കൂട്ടി, വിലകുറയാതെ ‘പിടിച്ചുനിർത്തി’ കോർപറേറ്റുകളെ സഹായിക്കാനാണ് സർക്കാർ ശ്രമിച്ചത്. മോദി സർക്കാറിന്റെ ആദ്യ ആറു വർഷവും ആഗോള വിപണിയിൽ എണ്ണ വില കുറയുകതന്നെയായിരുന്നു; എന്നിട്ടും 10 തവണയാണ് കേന്ദ്രസർക്കാർ എക്സൈസ് തീരുവ വർധിപ്പിച്ചത്. എണ്ണ കമ്പനികളുമായി കേന്ദ്രം നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്. അതിന് രാജ്യത്തെ പ്രതിപക്ഷം ഒന്നടങ്കം ​പ്ര​േക്ഷാഭത്തിന്റെ മാർഗം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

Show More expand_more
News Summary - The Impact of Global Conflicts and Government Policies on Common Man