Begin typing your search above and press return to search.
proflie-avatar
Login

പകർച്ചവ്യാധിക്കാലം

പകർച്ചവ്യാധിക്കാലം
cancel

മൺസൂൺ ദിനങ്ങൾ കേരളത്തിന് പകർച്ചവ്യാധിക്കാലം കൂടിയാണ്. സാദാ പനി മുതൽ നിപ വരെ സംസ്ഥാനത്തെ ആശുപത്രിക്കിടക്കയിലാക്കും. ദുരിതകാലം സൃഷ്ടിക്കുന്ന ആൾനഷ്ടവും ഓരോ വർഷവും കൂടിക്കൂടിയാണ് വരുന്നത്. രോഗം പകരാൻ നിശ്ചിതമായ കാരണങ്ങളുണ്ട്. ആ കാരണങ്ങൾ തിരിച്ചറിയുകയും രോഗം പകരാതിരിക്കാനും ചെറുക്കാനും വേണ്ട ശാസ്ത്രീയ നടപടികൾ സ്വീകരിക്കുകയുമാണ് പ്രധാനം. ഇതിൽ വന്ന അപര്യാപ്തതയും ജാഗ്രതക്കുറവുമാണ് പ്രശ്നങ്ങൾ സങ്കീർണമാക്കുന്നത്.

ഈ മഴക്കാലത്ത് നിപ, മലമ്പനി എന്നിവക്ക് പുറമെ ഷിഗല്ലയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയനാട്ടിലെ ഷിഗല്ല ബാധ ഒട്ടും നിസ്സാരമല്ല.സുൽത്താൻ ബത്തേരി കോളിയാടി മാർ ബസേലിയസ് സ്കൂളിലെ വിദ്യാർഥികളിൽ ഒരാൾക്കുകൂടി ഷിഗല്ല സ്ഥിരീകരിച്ചതോടെ വയനാട്ടിൽ ആകെ രോഗബാധിതരായ കുട്ടികളുടെ എണ്ണം 17 ആയി ഉയർന്നു. സ്കൂൾ തുറന്നതിനു പിന്നാലെയായിരുന്നു വിദ്യാർഥികളിൽ വയറിളക്കവും മറ്റ് രോഗലക്ഷണങ്ങളും കണ്ടത്. പരിശോധനയിൽ സ്കൂൾ കിണറ്റിലെ വെള്ളത്തിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഈ മാസം 70 പേർക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചതായി മന്ത്രി കെ. മുരളീധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. അതിന് ശേഷമാണ് വയനാട്ടിലെ പുതിയ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വർഷം ആകെ അഞ്ച് ഷിഗല്ല മരണങ്ങളും റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞയാഴ്ച ആദ്യം വരെ ചികിത്സക്കായി വിവിധ ആശുപത്രികളിലെത്തിയവരുടെ എണ്ണം 13,025 ആണ്. ഡെങ്കിപ്പനി, എലിപ്പനി, ഷിഗല്ല, വെസ്റ്റ് നൈൽ ഫീവർ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളിലും വലിയ വർധനയുണ്ടായതായി ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് തന്നെ സമ്മതിക്കുന്നു. ഇതിനിടയിലാണ് കോഴിക്കോട്ട് ഒരാൾക്ക് നിപ സ്ഥിരീകരിച്ചത്. രണ്ടാഴ്ചക്കിടെ, കേരളത്തിൽ 24 പനി മരണങ്ങൾ നടന്നു. ഇതുകൂടാതെ പകർച്ചവ്യാധിമൂലമെന്ന് സംശയിക്കുന്ന 12 മരണങ്ങൾ വേറെയും. മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കി എന്നീ രോഗങ്ങളാൽ ആറുമാസത്തിനിടെ 63 പേർ മരിച്ചിട്ടുണ്ട്.

പകർച്ചവ്യാധി വ്യാപിക്കാൻ പലകാരണങ്ങളുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ താളം തെറ്റിയതാണ് അതിൽ മുഖ്യകാരണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മൂലം മഴക്കാല പൂർവ ശുചീകരണവും തടസ്സപ്പെട്ടു. കുടിവെള്ള സ്രോതസ്സുകൾ ഉൾപ്പെടെ നമ്മുടെ പരിസരങ്ങൾ വ്യാപകമായി മലിനീകരിക്കപ്പെട്ടതാണ് മറ്റൊരു കാരണം. നഗരവത്കരണം, അശാസ്ത്രീയമായ നിർമാണം തുടങ്ങിയാൽ ചെറിയ മഴപോലും വലിയ വെള്ളക്കെട്ടുകൾക്ക് കാരണമാകുന്നു. ഇതെല്ലാം, മറ്റൊരു തരത്തിൽ നമ്മുടെ പരിസരത്തെ മലിനമാക്കുന്നുണ്ട്.

കൊതുകുകൾ വളരുന്ന സാഹചര്യങ്ങൾ ഇപ്പോൾ കൂടുതലാണ്. വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുകയോ, കൊതുകിന്റെ വാസസ്ഥലങ്ങൾ നശിപ്പിക്കുകയോ ചെയ്യുന്നില്ല. ഓടകൾ അടഞ്ഞതും നദികൾ മലിനമായതും സ്ഥിതി കൂടുതൽ വഷളാക്കുന്നു. ആശുപത്രിയിലെത്തുന്നവർക്ക് ആവശ്യത്തിന് മരുന്നും മതിയായ ചികിത്സയും ലഭിക്കുന്നില്ല എന്ന പരാതിയും വ്യാപകമാണ്. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത വ്യക്തമാക്കുന്ന പല ദൃശ്യങ്ങളും വാർത്തകളും പുറത്തുവരുന്നുണ്ട്.

കേരളത്തിന്റെ ​പൊതുജനാരോഗ്യ സംവിധാനം കൂടുതൽ കാര്യക്ഷമമായി ​പ്രവർത്തിക്കേണ്ട ദിനങ്ങളാണ് മുന്നിലുള്ളത്. കേവലം മഴക്കാലം മാത്രം ലക്ഷ്യമാക്കേണ്ടത്. വർഷം മുഴുവൻ രോഗവ്യാപനം തടയുന്ന ശാസ്‍ത്രീയ പദ്ധതികളാണ് വേണ്ടത്. അതിന് പൊതുജനങ്ങളെ ഒന്നടങ്കം പ​ങ്കെടുപ്പിക്കുന്ന വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർതന്നെ നേതൃത്വം കൊടുക്കണം.

Show More expand_more
News Summary - Public Health Challenges Amid Kerala Monsoon Infection Surge