Begin typing your search above and press return to search.
proflie-avatar
Login

വിട്ടുകൊടുക്കരുത്; ഭരണകൂടവേട്ടക്ക് സമരയുവത്വത്തെ

വിട്ടുകൊടുക്കരുത്; ഭരണകൂടവേട്ടക്ക്  സമരയുവത്വത്തെ
cancel

രാജ്യത്തെ യുവതലമുറ–ജെൻസി–ചരിത്രമെഴുതി. അധികാര ഹുങ്കിൽ രാജിവെക്കാതെ പിടിച്ചുനിന്ന ഹിന്ദുത്വയുടെ പ്രചാരകൻ കൂടിയായ മന്ത്രിയെ അവർ ചവിട്ടിപ്പുറത്താക്കി. ആ പോരാളികൾക്ക് അഭിവാദ്യങ്ങൾ.

12 വർഷത്തിനിടെ ആദ്യമായാണ് മോദി സർക്കാർ വലിയ പരാജയം നേരിട്ടത്. നിവൃത്തിയില്ലാതെ കീഴടങ്ങേണ്ടിവന്നതാണ് മോദി സർക്കാറിന്. ആർ.എസ്.എസിന്റെ വിശ്വസ്ത സ്വയം സേവകനായ ധർമേന്ദ്ര പ്രധാനെ സംരക്ഷിച്ചുനിർത്താൻ എല്ലാ അടവും നോക്കിയിരുന്നു മോദി-ഷാ സംഘം. മുമ്പ് പൗരത്വ, കർഷക സമരവേളയിൽ പിന്നോട്ട് ചലിക്കേണ്ടിവന്നെങ്കിലും ​വീണ്ടും പലവിധത്തിൽ പഴയ നടപടികളുമായി ധിക്കാരത്തോടെ മുന്നോട്ടുപോവുകയാണ് ചെയ്തത്. ഒരു പരാജയവും ആത്യന്തികമായി ഭരണാധികാരികൾക്ക് സഹിക്കില്ല. അവർ തിരിച്ചടിക്കും. അതാണ് ചരിത്രം. അതിന്റെ പേരിൽ വീണ്ടും അവർ പരാജയം രുചിക്കും.

സമരത്തിന് നേതൃത്വം നൽകിയ കോക്രോച്ച് ജനത പാർട്ടിയുടെ നേതാക്കളുമായി ചർച്ച നടത്തിയ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്രസിങ്ങും സമരക്കാർക്കെതിരെ പ്രതികാര നടപടികളുണ്ടാവില്ലെന്നും കേസുകൾ പിൻവലിക്കുമെന്നും ഉറപ്പു പറഞ്ഞതാണ്. എന്നാൽ, നൽകിയ വാക്ക് കാതുകളിൽനിന്ന് മായുംമുമ്പേ വേട്ടയാടൽ തുടങ്ങി ജന്തർമന്തറിലെ സമരക്കാർക്ക് ആദ്യദിനം മുതൽ ഭക്ഷണവും കുടിവെള്ളവുമെത്തിച്ച യു.പി സ്വദേശി ജുനൈദ് ആയിരുന്നു ആദ്യ ഉന്നം. സമരം ചൂടുപിടിച്ചുനിന്ന ഘട്ടത്തിൽ ജുനൈദിന്റെ പിതാവിനെയും ബന്ധുക്കളെയും ഒന്നിലേറെ തവണ യു.പി പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഡൽഹി പൊലീസ് ജുനൈദിനെ പിടിച്ചുകൊണ്ടുപോയി ചോദ്യംചെയ്തു.

സമരം നടന്നത് ജന്തർമന്തറിലാണെങ്കിലും അതിന്റെ പേരിൽ പൊലീസ് നടപടികൾ ആരംഭിച്ചത് കിലോമീറ്ററുകൾ അകലെയുള്ള ഓഖ്‍ല-ജാമിഅ നഗർ മേഖലയിലായിരുന്നു. അവിടെ നിന്ന് സമരനാളുകളിൽ മെട്രോ കയറിയ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പേരുവിവരങ്ങളും രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. എ.ഐ കാമറ ഘടിപ്പിച്ച വാനുകളും കാമറ ഘടിപ്പിച്ച കണ്ണടകളും ഉപയോഗിച്ച് യുവജനങ്ങളുടെ ചിത്രങ്ങൾ പകർത്തിയ പൊലീസ് അവരുടെ വാതിക്കൽ മുട്ടുന്നത് എന്നാണെന്നേ ഇനി അറിയേണ്ടതുള്ളൂ.

അസം, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിൽ നീറ്റ് ചോർച്ച പ്രതിഷേധത്തിന്റെ പേരിൽ പൊലീസ് അറസ്റ്റു ചെയ്തവരെ പൊലീസ് വിട്ടയച്ചിട്ടില്ല. സംഘ്പരിവാർ പൊലീസിന്റെ പതിവുശൈലിയിൽ മതംനോക്കിയാണ് നടപടികൾ. കോൺഗ്രസ് ഭരിക്കുന്ന കേരളത്തിലും യുവജന പ്രക്ഷോഭർക്കെതിരെ കേസുണ്ട്.

സമരത്തിന് വിദേശബന്ധം ചാർത്തിക്കൊടുക്കാനും വ്യാജ ആഖ്യാനം വഴി വെറുപ്പ് പരത്താനുമുള്ള ശ്രമവും നടക്കുന്നുണ്ട്. സമരം സംബന്ധിച്ച് കൃത്യമായ റിപ്പോർട്ടുകൾ നൽകിയ ബദൽമാധ്യമങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്താനും നീക്കം നടക്കുന്നു.

യുവജന പ്രക്ഷോഭകർക്കുനേരെ നടന്ന അതിക്രമങ്ങൾ സംബന്ധിച്ച് പാർലമെന്റ് ചർച്ച ചെയ്തുകൊണ്ടിരിക്കെയാണ് ഡൽഹി പൊലീസ് സി.പി.എം അഖിലേന്ത്യാ ആസ്ഥാനമായ എ.കെ.ജി ഭവനി​ലേക്ക് ഇരച്ചുകയറിയത്. സി.ജെ.പി സമരത്തിന് ശക്തമായ പിന്തുണയേകിയ എസ്.എഫ്.ഐയുടെ ജോയന്റ് സെക്രട്ടറിയും ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു ലക്ഷ്യം. യൂനിഫോമോ നെയിംബാഡ്ജോ ധരിക്കാതെ, കാരണംപോലും ബോധിപ്പിക്കാതെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സി.പി.എം രാജ്യസഭാംഗം ​ജോൺ ബ്രിട്ടാസ് അടക്കമുള്ള നേതാക്കൾ ചെറുത്തുനിന്നതിനാൽ തൽക്കാലം നടക്കാതെ പോയി. 2021ൽ ഡൽഹിയിലെ ബംഗ്ലാ ഭവന് മുന്നിൽ സമാധാനപരമായി നടത്തിയ ഒരു ധർണക്ക് നേതൃത്വം നൽകിയതിന്റെ പേരിലാണ് അഞ്ചു വർഷത്തിനുശേഷം ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ​െപാലീസ് തിടുക്കം കാട്ടിയത്.

ഇപ്പോഴത്തെ അറസ്റ്റ് നീക്കങ്ങൾ പകപോക്കലാണെന്ന് സംശയലേശമന്യേ ഉറപ്പിച്ചു പറയാനാവും, വൈകാതെ സമരത്തിൽ പ​ങ്കെടുത്ത വിദ്യാർഥി സംഘടനകളുടെ നേതാക്കളെയും പൊലീസ് തേടിവരും. സമരപോരാളികളെ ഭരണകൂടനീതിക്ക് വിട്ടുകൊടുക്കരുത്.

Show More expand_more
News Summary - Police Target Junaid, Aishe Ghosh After Protest